17/04/2026

ഹിമകണമായി : ഭാഗം 26

രചന : ശ്രീനിധി

” ഇപ്പോ ഞാൻ പറഞ്ഞത് വിശ്വാസമായോ……?
മരിക്കുന്നതിന് തൊട്ട് മുൻപ് അവള് അയാളെ കാണാൻ ചെന്നിരുന്നു, അവരുടെ സംസാരം ഞാൻ നേരിട്ട് കേട്ടതാണ്,അപ്പോഴേ എനിക്ക് തോന്നിയിരുന്നു അവള് ഇങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന്, പക്ഷെ ഞാൻ ഓടി അവൾക്ക് അരികിൽ എത്തുന്നതിന് മുൻപ് തന്നെ അവള്……. ” ശിവ മഹിയുടെ നെഞ്ചിലേക്ക് ചാരി നിന്ന് കരഞ്ഞു.മഹി ആകെ ആശയകുഴപ്പത്തിലായി.”ഇതിൽ ഏതാണ് സത്യം……….എന്താണ് ശരിക്കും നടന്നിട്ടുണ്ടാവുക,അദ്രി ഒരിക്കലും ഇങ്ങനെയൊരു തെറ്റ് ചെയ്യില്ല, പക്ഷെ ധനു എഴുതിയ ഈ കത്ത് ” മഹിയുടെ മനസ്സിൽ ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ വടംവലി നടന്നുകൊണ്ടിരുന്നു.

” ശിവ……… ” മഹി അവളുടെ മുഖം അവന് നേരെ ഉയർത്തി പിടിച്ചു. ഇത് ധനു എഴുതിയത് തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ” മഹി ചോദിച്ചു.
മഹിയുടെ ചോദ്യം കേട്ടതും ശിവ ഞെട്ടി അവനെ നോക്കി.പെട്ടെന്ന് തന്നെ ശിവ അവന്റെ ശരീരത്തിൽനിന്നും അടർന്ന് മാറി നിന്നു.ശിവയുടെ ആ പ്രവർത്തി മഹിയിൽ അമ്പരപ്പ് ഉണ്ടാക്കി. മഹിയേട്ടൻ എന്താ ഉദ്ദേശിച്ചേ…… ” ശിവ കത്തുന്നകണ്ണുകളോടെ അവനോട് ചോദിച്ചു.ആര് എന്ത് പറഞ്ഞാലും, അദ്രി ധനുവിനോട് ഇങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്,പക്ഷെ ഈ കത്ത്…..അതാണ് എന്റെ സംശയം ” മഹി പറഞ്ഞു.

“മഹിയേട്ടൻ വിശ്വസിക്കണ്ട.സത്യം പോലീസ് കണ്ടുപിടിച്ചോളും, മഹിയേട്ടൻ നോക്കിക്കോ എന്റെ ധനുവിന്റെ മരണത്തിന് ഞാൻ പകരം ചോദിക്കും, അയാൾക്ക് വാങ്ങി കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ ഞാൻ അയാൾക്ക് വാങ്ങി കൊടുക്കും” ശിവ പറഞ്ഞു.” ശിവ നീ ഇങ്ങനെ എടുത്തു ചാടി തീരുമാനം എടുക്കാൻ വരട്ടെ, സത്യം എന്താണെന്ന് നമുക്ക് കണ്ട് പിടിക്കാം.ധനുവിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായതായിക്കൂടെ, അല്ലെങ്കിൽ അവളെ ആരെങ്കിലും മനഃപൂർവം തെറ്റിദ്ധരിപ്പിച്ചതായിക്കൂടെ.അദ്രിക്ക് എന്താ പറയാനുള്ളതെന്നും നമുക്ക് അറിയേണ്ടേ ” മഹി ചോദിച്ചു.

” മഹിയേട്ടൻ എന്താ പറഞ്ഞുവരുന്നേ, ഒരു പെണ്ണ് അവൾക്ക് മാനം നഷ്ടപെട്ടെന്ന് പറയുന്നത് കള്ളമാണെന്നോ, അതോ ഒരു പെണ്ണായ അവൾക്ക് അത് തിരിച്ചറിയാൻ കഴിയില്ലെന്നോ” ശിവ പരിസരം മറന്ന് പൊട്ടി തെറിച്ചു.” അങ്ങനെയല്ല ശിവ………അവളെയും അദ്രിയെയും തമ്മിൽ തെറ്റിക്കാൻ അവളെ അങ്ങനെ തെറ്റുധരിപ്പിച്ചതായിക്കൂടെ ” മഹി ചോദിച്ചു.” അപ്പഴും തെറ്റ്പറ്റിയത്ധനുവിനാണെന്ന്സ്ഥാപിച്ചെടുക്കാനാണല്ലേ മഹിയേട്ടൻ ശ്രമിക്കുന്നത്, കൂട്ടുകാരനെ രക്ഷിക്കാൻ ഉള്ള ആവേശം കൊള്ളാം” ശിവ പറഞ്ഞു.

” ശിവ അങ്ങനെ അല്ല……….. ” മഹി പറഞ്ഞു. വേണ്ട മഹിയേട്ടാ……മഹിയേട്ടൻ ഇപ്പഴും കൂട്ടുകാരന്റെ ഭാഗത്ത്‌ നിന്ന്മാത്രമാണ് ചിന്തിക്കുന്നത്, അതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ മഹിയേട്ടന്റെ സൗഹൃദ സ്നേഹം മഹിയേട്ടനെ അനുവദിക്കുന്നില്ല, അതല്ലേ സത്യം.ഇതേ സൗഹൃദ സ്നേഹം തന്നെയാണ് എനിക്ക് ധനുവിനോടുള്ളത്, സുഹൃത്തിനേക്കാൾ മുകളിൽ എന്തൊക്കെയാണ് അവള് എനിക്ക്.
ആ അവളെ ഇല്ലാതാക്കിയതോ എന്റെ സ്വന്തം കൂടപ്പിറപ്പ്.ഞാനാണ് അവര് തമ്മിൽ അടുക്കാൻ കാരണം,എന്റെ ഏട്ടനായതുകൊണ്ടാണ് അവള് അയാളെ അത്രയും വിശ്വസിച്ചത്.അവളോടുള്ള അയാളുടെ സ്നേഹം സത്യമാണെന്ന് ഞാൻ വിശ്വസിച്ചുപോയി.

അതുകൊണ്ടാണ് ഞാൻ എല്ലാത്തിനും കൂട്ട് നിന്നത്.
പക്ഷെ അത് ഇങ്ങനെ ചതിക്കാനായിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ല.ധനുവിന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും പെണ്ണായിരുന്നുവെങ്കിൽപോലും ഞാൻ അയാളോട് ക്ഷമിച്ചേനെ, അയാൾക്ക് വേണ്ടി ഈ ലോകത്തോട് തന്നെ വാദിച്ചേനെ ” ശിവ കരഞ്ഞുപോയിരുന്നു. അത് തന്നെയാ ശിവ ഞാനും പറയുന്നേ, കുറച്ച് കാലം മുൻപായിരുന്നുവെങ്കിൽ ഞാനും ഇത് വിശ്വസിച്ചേനെ,പക്ഷെ ഇപ്പോ അവൻ അങ്ങനെയൊന്നുമല്ല, ധനു അവന്റെ ജീവിതത്തിലേക്ക് വന്ന ശേഷം അവൻ അവളെ മാത്രേ സ്നേഹിച്ചിട്ടോളൂ, അവളോട് അവനൊരിക്കലും ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ കഴിയില്ല ശിവ, നീ ഒന്ന് വിശ്വസിക്ക്. എന്നിട്ട് ആ കംപ്ലയിന്റ് പിൻവലിക്ക് ” മഹി പറഞ്ഞു.

” ഓഹോ.,,….. അപ്പോ മഹിയേട്ടനെ അയാള് പറഞ്ഞുവിട്ടതായിരിക്കുമല്ലേ.എങ്കിൽ മഹിയേട്ടൻ കേട്ടോ, എനിക്ക് ജീവൻ ഉണ്ടെങ്കിൽ ഞാൻ ഈ കേസിന്റെ ഒപ്പം തന്നെ ഉണ്ടാവും, അയാൾക്ക് എതിരെ ഞാൻ കോടതിൽ മൊഴി കൊടുക്കും, എന്റെ ധനുവിന് ഞാൻ നീതി വാങ്ങി കൊടുക്കും.
അവള് എനിക്ക് മാത്രമായിട്ട് എഴുതിയ ഈ കത്ത് ഞാൻ ഇന്ന് തന്നെ പോലീസിന് കൈമാറും.
ഇനി മഹിയേട്ടനെന്നല്ല ആര് പറഞ്ഞാലും ഞാൻ ഇതിൽ നിന്ന് പിന്മാറില്ല ” ശിവ ഉറച്ച സ്വരത്തിൽ പറഞ്ഞു.

” നീ കാണിക്കുന്നത് അബദ്ധമാണ് ശിവ,
ധനുവിന്റെ മരണം നിന്നേ എത്ര മാത്രം ബാധിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാവും.
അതുപോലെ തന്നെ അദ്രിയുടെ ഭാഗത്ത്‌ നിന്ന് നീ ഒന്ന് ആലോചിച്ച് നോക്ക്, അവൻ പ്രാണനെപോലെ സ്നേഹിച്ച പെണ്ണ് ഒരു സുപ്രഭാതത്തിൽ ഒന്നും പറയാതെ ആൽമഹത്യ ചെയ്യുന്നു, അതിന്റെ പഴി അവന്റെ തലയിൽ വരുന്നു, അവൻ എത്ര വേദനിക്കുന്നുണ്ടാവും, അവന്റെ മനസ്സിന്റെ ദുഃഖം നീ എന്താ കാണാത്തേ ” മഹി ചോദിച്ചു. അയാൾക്ക് മനസ്സിന് ദുഃഖമോ…..?മഹിയേട്ടന് തോന്നുന്നതല്ലേ അതൊക്കെ. അവള് തലയിൽ നിന്ന് ഒഴിഞ്ഞ് പോയതിന് അയാള് മനസ്സുകൊണ്ട് സന്തോഷിക്കുന്നുണ്ടാവും.

ഒരു പെണ്ണിന്റെ പുറകേ നടന്ന് അവളുടെ ഇഷ്ടം പിടിച്ചു വാങ്ങിച്ച്, അവളെ വിശ്വസിപ്പിച്ച്, അയാൾക്ക് വേണ്ടതൊക്കെ നേടി എടുത്ത്, ആ കഥ ഒരു സഹസികത പോലെ സ്വയം ഹീറോ ചമഞ്ഞ് കൂട്ടുകാർക്ക് വിവരിച്ച് കൊടുക്കുന്ന ഒരു കാമഭ്രാന്തനായാൾ” അത്രയും പറഞ്ഞപ്പോഴേക്കും ശിവക്ക് ശ്വാസമുട്ടിപോയിരുന്നു.ശിവ…………… അത് ഒരു അലറിച്ചയായിരുന്നു. മഹിയേട്ടൻ ഇനി എത്ര ശബ്ദത്തിൽ അലറിയാലും ഞാൻ എനിക്ക് പറയാനുള്ളത് പറയും.ഞാൻ പറഞ്ഞതൊന്നും കള്ളമല്ല, പച്ചയായ സത്യമാണ്, എന്റെ ചെവികൊണ്ട് ഞാൻ കേട്ട സത്യം.

അയാളുടെ നാവിൽനിന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ അവള് മനസ്സുകൊണ്ട് എത്രമാത്രം വേദനിച്ചിട്ടുണ്ടാവും, അവളുടെ മനസ്സ് എത്ര പിടഞ്ഞിട്ടുണ്ടാവും” ശിവ കരയുകയായിരുന്നു. എന്റെ കണ്മുന്നിൽ നിന്നാണ് അവള് താഴേക്ക് ചാടിയത്, ഞാൻ ഒരു നിമിഷം മുൻപ് എത്തിയിരുന്നെങ്കിൽ, എനിക്ക് അവളെ തടയാൻ കഴിഞ്ഞേനെ, അവിടെ ഞാനും തോറ്റുപോയി. അവസാനമായി അവള് എന്നെ നോക്കിയ നോട്ടം, എന്റെ ചങ്ക് പറിഞ്ഞുപോവാണ്.എന്റെ ധനു………….എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, ഒരുപാട് സ്വപ്നങ്ങളുമായി ഈ നാട്ടിലേക്ക് വന്നവളാണ്, എല്ലാ സ്വപ്നങ്ങളും അവസാനിപ്പിച്ച് സ്വയം ഇല്ലാതായത്.

ധനുവിന്റേത് വെറും ആൽമഹത്യ അല്ല കൊലപാതകമാണ്.എന്റെ ചെവിയിൽ ഇപ്പോഴും അവളുടെ ശിവ എന്നുള്ള വിളി തങ്ങി നിൽക്കുവാണ്, കണ്ണടച്ചാൽ ചിരിച്ചുകൊണ്ട് ഓടി വരുന്ന അവളാണ് മുന്നിൽ തെളിയുന്നത്” ശിവ നിലത്തേക്ക് വീണ് പൊട്ടിക്കരഞ്ഞു.മഹിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. താഴെ വീണ് പൊട്ടികരയുന്ന ശിവയെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു.അവൻ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങിയതും, വാതിൽക്കൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ഭാമയെ കണ്ടു.അവരെ ഒന്ന് നോക്കിയ ശേഷം മഹി അവരെ മറികടന്ന് മുൻപിലേക്ക് നടന്നതും ഭാമ അവനെ വിളിച്ചു.

” മഹി…….. “മഹി തിരിഞ്ഞ് ഭാമയെ നോക്കി.
” നീ ഇനി അവനുവേണ്ടി അപേക്ഷമായി ഈ വീട്ടിൽ ആരുടെയും മുന്നിൽ വരരുത് ” ഭാമ പറഞ്ഞു.
അമ്മായി…… ” മഹി അമ്പരപ്പോടെ ഭാമയെ വിളിച്ചു.” അതേ……. അമ്മായിതന്നെയാ
അവൻ ഇത്രയും വലിയ ഒരു ചതി ചെയ്യുമെന്ന് ഇവിടെ ആരും കരുതിയില്ല,ആ കുട്ടി ഒരു പാവമായിരുന്നില്ലേ,അവന്റെ കുഞ്ഞ് പെങ്ങളുടെ പ്രായമല്ലേ ആ കുട്ടിക്ക് ഉണ്ടായിരുന്നുള്ളു, എങ്ങനെ തോന്നി അവന്, ഇത്രയും വലിയ ഒരു പാതകം ചെയ്യാൻ ” ഭാമ ചോദിച്ചു.സത്യം എന്താണെന്ന് അറിയാതെ അമ്മായി വെറുതെ അവനെ കുറ്റക്കാരനാക്കരുത് ” മഹി പറഞ്ഞു.

” ശിവ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ, സ്വന്തം ജീവൻ കളയാൻ ആ കുട്ടി തീരുമാനിച്ചെങ്കിൽ, ആ കുട്ടീടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും.മരിക്കാൻ പോകുമ്പോൾ പോലും അവനെ കുറ്റപ്പെടുത്തി ഒരു വാക്ക് പോലും ആ കത്തിൽ ആ കുട്ടി എഴുതിട്ടില്ല, അത്രയും അവനെ സ്നേഹിച്ച ഒരു കുട്ടിയോടാ അവൻ ഈ വിശ്വാസ വഞ്ചന കാണിച്ചത്” ഭാമ പറഞ്ഞു.മതി അമ്മായി നിങ്ങൾക്ക് അവൻ തെറ്റുകാരനായിരിക്കും, പക്ഷെ അവൻ സ്വയം അത് സമ്മതിച്ചാൽ പോലും ഞാൻ അത് വിശ്വസിക്കില്ല, അദ്രി എന്താണെന്ന് ഈ മഹിക്ക് ആരും പറഞ്ഞു തരണ്ട, പിന്നെ എല്ലാരുംകൂടി അവനെ പ്രതികൂട്ടിലാക്കി വിധി പറയുമുൻപ് അവന് എന്താ പറയാനുള്ളതെന്ന് ഒന്ന് ചോദിക്കുന്നത് നല്ലതാ, നാളെ ചിലപ്പോ ദുഖിക്കേണ്ടി വരില്ല അപ്പൊ ” മഹി പുറത്തേക്ക് നടന്നു.

അവൻ തിരിച്ച് ഉമ്മറത്ത് എത്തുമ്പോഴും പ്രഭ ആ കസേരയിൽ തന്നെ കിടപ്പുണ്ടായിരുന്നു.
ആരെയും ശ്രദ്ധിക്കാതെ മഹി കാറിന്റെ അടുത്തേക്ക് നടന്നതും ശ്രീധരൻ അവന്റെ അടുത്തേക്ക് ചെന്നു.
നീ എത്ര ഓടിയാലും അവനെ രക്ഷിക്കാൻ കഴിയില്ല മഹി, ഈ കുടുംബത്തിൽ പിറന്നതിന്റെ ഒരു ആനുകൂല്യവും അവന് ഒരിടത്തുനിന്നും കിട്ടാൻ പോണില്ല,ഒരാളും അവന് വേണ്ടി ഈ പടി കടന്ന് വരില്ല.എന്റെ മക്കളെക്കാളേറെ അവനെ ഞാൻ സ്നേഹിച്ചു, ബസ്സിനസിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചു.അവനെക്കാൾ മുതിർന്ന രണ്ട് ആൺകുട്ടികൾ ഈ തറവാട്ടിൽ ഉണ്ടായിട്ടുപോലും അവനായിരുന്നു ഇവിടെ എല്ലാവരുടെയും പ്രിയപെട്ടവൻ,അവനായിരുന്നു എല്ലാ കാര്യത്തിലും ഇവിടെ സ്ഥാനം.ഈ തറവാടിന്റെ ഭാവി അവൻ ഇല്ലാതാക്കി.ആ കുട്ടി അവനോട് എന്ത് തെറ്റാ ചെയ്തേ, കൊന്നു കളഞ്ഞില്ലേ അവൻ ” ശ്രീധരന്റെ ശബ്ദം ഇടറി.

” നിങ്ങളുടെ ഒക്കെ കണ്ണിന്റെ കാഴ്ച ഇപ്പോ മറഞ്ഞിരിക്കുവാ, അതുകൊണ്ട് ഇനി ഞാൻ എത്ര പറഞ്ഞാലും അദ്രി കുറ്റക്കാരനാല്ലെന്ന് നിങ്ങള് വിശ്വസിക്കില്ല, ഇനി അത് നിങ്ങളെ ബോധ്യപെടുത്താനും എനിക്ക് മനസ്സില്ല, ആര് ഇല്ലെങ്കിലും അവന് വേണ്ടി ഞാൻ ഉണ്ടാകും, എന്നെകൊണ്ട് പറ്റുന്ന എന്തും ഞാൻ അവനുവേണ്ടി ചെയ്യും ” മഹി ഡോർ തുറന്ന് കാറിലേക്ക് കയറി, കാർ തറവാട്ട് മുറ്റത്ത് നിന്നും പൊടി പറത്തി അമിതാവേഗതിൽ പാഞ്ഞ് പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മഹി തിരിച്ച് പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ മുരളിയും സന്ദീപും അവിടെ തന്നെ ഉണ്ടായിരുന്നു.
” എന്തായി മോനെ…….ശിവ വരില്ലേ……
അവളുടെ ഏട്ടനെ ഇവിടെ നിന്ന് ഇറക്കാൻ ശിവ വരില്ലേ ” മുരളി പ്രതീക്ഷയോടെ ചോദിച്ചു.” ഇല്ല……. അവന് വേണ്ടി അവിടെന്ന് ആരും വരില്ല ” മഹി പറഞ്ഞു. ശിവ വരും മോനെ……അദ്രി ഇങ്ങനെ ഇവിടെ കിടക്കുമ്പോൾ അവൾക്ക് അവിടെ അധികനേരം വാശി പിടിച്ചു നിൽക്കാൻ പറ്റില്ല ” മുരളി പറഞ്ഞു. ഇല്ല അമ്മാമ്മേ…….ശിവയുടെ മനസ്സിൽ ധനുവിന്റെ മരണത്തിന്റെ ഉത്തരവാദി അദ്രിയാണ്, അവള് ഇനി അദ്രിക്ക് വേണ്ടി ഒന്നും ചെയ്യില്ല” മഹി പറഞ്ഞു.

” മഹിയേട്ടാ……… മഹിയേട്ടൻ തന്ന നമ്പറിൽ ഞാൻ കോൺടാക്ട് ചെയ്തു,അഡ്വക്കേറ്റ് ശങ്കർ ദാസ് ഇപ്പോ നാട്ടിൽ ഇല്ല, അദേഹത്തിന്റെ ജൂനിയർനെ വിടാമെന്ന് പറഞ്ഞിട്ടുണ്ട്, അദ്ദേഹം വന്നാൽ ഉടൻ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട് ” സന്ദീപ് പറഞ്ഞു. മ്മ്…….ശങ്കർ ദാസ് സർ ഈ കേസ് ഏറ്റെടുത്താൽ അദ്രിയെ പുറത്തിറക്കാൻ പറ്റും, എനിക്ക് ഉറപ്പുണ്ട്” മഹി പറഞ്ഞു. അതേ തന്നെ സർ വിളിക്കുന്നുണ്ട് ” ഒരു കോൺസ്റ്റബിൾ മഹിയുടെ അടുത്തേക്ക് വന്നു. സന്ദീപേ, വക്കിൽ ഇപ്പോ വരുമെന്നല്ലേ പറഞ്ഞത്, നിങ്ങള് ഇവിടെ വെയിറ്റ് ചെയ്യ്, ഞാൻ ഒന്ന് അകത്തേക്ക് ചെല്ലട്ടെ ” മഹി ഉള്ളിലേക്ക് ചെന്നു.

” എന്താ സർ വിളിച്ചത്…… ” മഹി ഓഫീസറോട് ചോദിച്ചു. തന്നെ ഒന്ന് കാണാണെന്ന് തന്റെ ഫ്രണ്ട് പറഞ്ഞു, അയാൾക്ക് എന്തോ പറയാൻ ഉണ്ടെന്ന്, താൻ ചെല്ല്, അവന് എന്താ പറയാനുള്ളതെന്ന് കേൾക്ക് ” ഓഫീസർ പറഞ്ഞു.മഹി നടന്ന് അദ്രി കിടക്കുന്ന സെല്ലിന്റെ അടുത്തേക്ക് ചെന്നു.അദ്രി……. ” അദ്രി സെല്ലിന്റെ അടുത്തേക്ക് വന്നു. നീ വിഷമിക്കണ്ട അദ്രി, നിന്നേ ഞാൻ ഇവിടുന്ന് ഇറക്കും, അതിന് വേണ്ടി എന്തും ഞാൻ ചെയ്യും” മഹി അവന്റെ കൈയിൽ പിടിച്ചു.

” അദ്രിക്ക് ഇനി എന്താടാ ബാക്കിയുള്ളത്, ഞാൻ ഇനി ഒന്നും ആഗ്രഹിക്കുന്നില്ല, നിന്നേ ഞാൻ വിളിപ്പിച്ചത് വേറെ ഒരു കാര്യം പറയാനാ.നീ ധനുവിന്റെ വീട്ടിൽ പോണം, അവിടെ അവൾക്ക് വേറെ ആരും ഇല്ല അവിടെ വേണ്ടതൊക്കെ നീ ചെയ്ത കൊടുക്കണം, ഒന്നിന്നും ഒരു കുറവും വരരുത് ” അദ്രി അത് പറയുമ്പോൾ അവന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു . ഞാൻ നോക്കിക്കോളാം എല്ലാം…….. ” മഹി പറഞ്ഞു.പിന്നെ അദ്രി ഒന്നും മിണ്ടിയില്ല………അദ്രി…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ” മഹി ചോദിച്ചു.അദ്രി അവന്റെ മുഖത്തേക്ക് നോക്കി.

” മരിക്കുന്നതിന് മുൻപ് ധനു നിന്നേ കാണാൻ വന്നിരുന്നോ ” മഹി ചോദിച്ചു.അവള് ഓഫീസിലേക്ക് വന്നിരുന്നു, പക്ഷെ ഞങ്ങള് തമ്മിൽ കണ്ടിട്ടില്ല,ഞാൻ അവളെ കണ്ട് പുറകെ ചെന്നപ്പോഴേക്കും അവള് ഓട്ടോയിൽ കയറി പോയിരുന്നു.ഞാനും പുറകേ വണ്ടി എടുത്ത് ഹോസ്റ്റലിലേക്ക് ചെന്നു.
അവിടെ ചെന്നപ്പോഴും ധനു……….. ” അദ്രിക്ക് വാക്കുകൾ തൊണ്ടകുഴിയിൽ തങ്ങി നിൽക്കുന്നതുപോലെ തോന്നി.അവന്റെ അവസ്ഥ മനസ്സിലാക്കി മഹി അവന്റെ കൈകൾ ചേർത്ത് പിടിച്ചു.”അവള് ആരെങ്കിലും ഭയപ്പെട്ടിരുന്നതായിട്ട് നിനക്ക് തോന്നിട്ടുണ്ടോ ” മഹി ചോദിച്ചു.

” ഇല്ലടാ……..അവള് എല്ലാം എന്നോട് പറയുമായിരുന്നു” അദ്രി പറഞ്ഞു.ഈ അടുത്ത ദിവസങ്ങളിലൊന്നും നിനക്ക് അവളുമായിട്ട് കോൺടാക്ട് ഒന്നും ഇല്ലായിരുന്നോ ” മഹി ചോദിച്ചു.ഇല്ലടാ…… നമ്മള് ഇപ്പോ കുറച്ചായിട്ട് ആ പ്രോജെക്ടിന്റെ പുറകേ അല്ലേ, അതുകൊണ്ട് വേറെ ഒന്നിനും സമയം കിട്ടീട്ടില്ല, ഞാൻ അത് അവളോട് പറഞ്ഞിരുന്നതാണ്, പിന്നെ ഇടക്ക് എപ്പോഴോ ഒന്ന് രണ്ട് വട്ടം അവള് വിളിച്ചിരുന്നു അപ്പോഴൊക്കെ നമ്മള് മീറ്റിംഗിൽ ആയിരുന്നു, പിന്നെ തിരിച്ച് വിളിക്കാൻ പറ്റിയുമില്ല.എന്താടാ……. നീ എന്താ ഇപ്പോ ഇതൊക്കെ ചോദിക്കുന്നത് ” അദ്രി ചോദിച്ചു.

” ധനു ശിവക്ക് ഒരു കത്ത് എഴുതി വച്ചിരുന്നു, മരിക്കുന്നതിന് മുൻപ് ” മഹി പറഞ്ഞുഅദ്രി മഹിയുടെ മുഖത്തേക്ക് നോക്കി. നീ അവളെ ചതിച്ചെന്നാണ് അവള് അതിൽ എഴുതിരിക്കുന്നത് അവളെ ആരോ തെറ്റിദ്ധരിപ്പിച്ചതാവനെ വഴിയുള്ളൂ ” മഹി വാക്കുകൾ പെറുക്കി എടുത്ത് പറഞ്ഞു ഒപ്പിച്ചു.
അദ്രി ഒരു പിടപ്പോടെ മഹിയെ നോക്കി.എന്താ നീ പറഞ്ഞേ….. ” അദ്രി വിശ്വാസംവരാതെ മഹിയോട് ചോദിച്ചു.എടാ നീ വിഷമിക്കണ്ട, അവൾക്ക് എന്തൊക്കെയോ തെറ്റിദ്ധാരങ്ങൾ ഉണ്ടായിട്ടുണ്ട്,അവള് നിന്നോട് ഒന്ന് തുറന്ന് സംസാരിച്ചാൽ മതിയായിരുന്നു. പക്ഷെ ” മഹി പകുതിവച്ച് നിർത്തി.

” ധനുവിനും എന്നെ വിശ്വാസമില്ലായിരുന്നു അല്ലേടാ……. ” ചങ്ക് പറഞ്ഞുപോകുന്ന വേദനയോടെ അദ്രി മഹിയോട് ചോദിച്ചു.എടാ അങ്ങനെയല്ല……….. ” മഹി അത് വിശദീകരിക്കാൻ ശ്രമിച്ചു. നീ പോയിക്കോ മഹി,………” അദ്രി പറഞ്ഞു അദ്രി………. ” മഹിക്ക് അവന്റെ കാര്യം ഓർത്ത് സങ്കടം വന്നു.
” മഹി……..എനിക്ക് വേണ്ടി നീ ഇനി ഒന്നും ചെയ്യണ്ട,ഇതിന്റെ പേരിൽ എന്ത് ശിക്ഷ തന്നാലും ഞാൻ അനുഭവിച്ചോളാം.നീ ഇനി ഇതിന്റെ പുറകേ നടക്കണ്ട.എനിക്ക് എന്റെ ധനുവിനെ നഷ്ടപ്പെട്ടു, എന്റെ ശിവയുടെ വിശ്വാസവും നഷ്ടപ്പെട്ടു ഇതിലും വലുതൊന്നും ഇനി അദ്രിക്ക് വരാനില്ല.എന്നെ കാണാൻ ഇനി നീ വരരുത്, അത് ചിലപ്പോ നിന്റെയും ശിവയുടെയും ബന്ധത്തെ ബാധിക്കും, ആ ഒരു നഷ്ടത്തിന്റെ കണക്ക് കൂടി ഇനി എനിക്ക് താങ്ങാൻ കഴിയില്ല.നീ പോയിക്കോ ” അദ്രി സെല്ലിന്റെ ഉള്ളിലേക്ക് പോയി.

അദ്രി മാനസികമായി എത്രമാത്രം വേദന അനുഭവിക്കുണ്ടെന്ന് മഹിക്ക് അവന്റെ പ്രവർത്തിയിൽ നിന്ന് മനസ്സിലായിരുന്നു.അവനെ അല്പ നേരം നോക്കി നിന്ന ശേഷം മഹി പുറത്തേക്ക് ഇറങ്ങി.”ധനു…….നിനക്കും എന്നെ വിശ്വാസമില്ലായിരുന്നോ, ഇന്ന് വരെ നിന്നേ ഞാൻ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടോ…..?
ഞാൻ എത്ര മാത്രം നിന്നേ സ്നേഹിച്ചിട്ടുണ്ടെന്ന് നിനക്ക് അറിയില്ലേ,നിനക്ക് എന്താ പറ്റിയെ, എന്നോട് പറയാൻ പറ്റാത്ത എന്ത് പ്രശ്നമാണ് നിനക്ക് ഉള്ളത്‌, എന്നോട് എല്ലാം തുറന്ന് പറയാറുണ്ടായിരുന്നു നീ, എന്തിനാ ഇതൊക്കെ മറച്ച് വച്ചത്, എനിക്ക് നിന്നേ ചതിക്കാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ ധനു ” ഭിത്തിയിലേക്ക് ചാരി നിന്ന് അവൻ സ്വയം ചോദ്യങ്ങൾ ചോദിച്ചു. അവന്റെ കണ്ണുകൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു.

മഹി പുറത്തേക്ക് വരുമ്പോൾ ശങ്കർദാസിന്റെ ജൂനിയർ ശാലിനി എത്തീട്ടുണ്ടായിരുന്നു.
മഹി അവരുമായി ഓഫീസറെ കാണാൻ അയാളുടെ റൂമിലേക്ക് ചെന്നു. സർ ഞങ്ങൾ ഹിമാദ്രിയുടെ കേസിനെ കുറിച്ച് സംസാരിക്കാൻ വന്നതാണ് ” ശാലിനി പറഞ്ഞു. ഇരിക്കു……. ” ഓഫീസർ അയാൾക്ക് മുന്നിൽ ഉള്ള ചെയറിലേക്ക് കൈ കാണിച്ചു.മഹിയും ശാലിനിയും കസേരകളിൽ ഇരുന്നു. സർ ഹിമാദ്രിയുടെ പേരിലുള്ള കേസിന്റെ സെക്ഷൻസ് ഒക്കെ ഒന്ന് അറിഞ്ഞാൽ ഞങ്ങൾക്ക് ബൈൽ പെട്ടീഷൻ മൂവ് ചെയ്യാമായിരുന്നു” ശാലിനി പറഞ്ഞു.

” എഫ് ഐ ആറിന്റെ കോപ്പി ഞാൻ തരാം.
പക്ഷെ വക്കിലെ അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല, അവന് എതിരെയുള്ള തെളിവുകൾ സ്ട്രോങ്ങാണ്.ആ കുട്ടിയുടെ ആത്മഹത്യക്ക്‌ ഇവൻ തന്നെയാണ് കാരണമെന്ന് ഏകദേശം ധാരണ കിട്ടിട്ടുണ്ട്.ഇവര് തമ്മിൽ ഇഷ്ടത്തിലാണെന്ന് ഉള്ളതിന് ഒരുപാട് സാക്ഷികൾ ഉണ്ട്, പിന്നെ ഇവന്റെ സിസ്റ്റർ തന്നെ ഇവന് എതിരെ മൊഴി തന്നിട്ടുണ്ട്.
ഇവന്റെ ഒരു ഹിസ്റ്ററി ചെക്ക് ചെയ്തപ്പോൾ ഇത് ഇവന്റെ സ്ഥിരം പരുപാടിയാണെന്നും മനസ്സിലായിട്ടുണ്ട്. ബാക്കി ഒക്കെ കസ്റ്റഡിയിൽ കിട്ടിയ ശേഷം ഈസിയായിട്ട് തെളിക്കാൻ ഉള്ളതെ ഉള്ളൂ.പിന്നെ ഒരു ഇൻഫർമേഷനും കൂടി തരാം, ഇപ്പോ കിട്ടിയതേ ഉള്ളൂ.ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു. അതുകൊണ്ട് കേസ് ഒന്നുടെ സ്ട്രോങ്ങ്‌ ആവും ” ഓഫീസർ പറഞ്ഞുകേട്ടത് വിശ്വസിക്കാൻ പറ്റാതെ മഹി തറഞ്ഞിരുന്നുപോയി.
ധനു…….. ” മഹിക്ക് എല്ലാം കീഴ്മീൽ മറിയുന്നതുപോലെ തോന്നി.

തുടരും
എന്തൊക്കെ പറഞ്ഞാലും ഇവിടെ അദ്രി ഫാൻസിന് കുറവൊന്നുമില്ല അല്ലേ, ആരൊക്കെ പറഞ്ഞാലും അദ്രിയെ എല്ലാവർക്കും വലിയ വിശ്വാസമാണല്ലോ