25/04/2026

ഹിമകണമായി : 6

രചന : ശ്രീനിധി

അഭിപോയതും ശിവ ബാത്‌റൂമിലേക്ക് കയറി മുഖം കഴുകി, തിരികെ ഇറങ്ങിയതും അവളുടെ ഫോൺ റിങ് ചെയുന്നത് കേട്ടു.ടേബിളിലിരുന്ന് ഫോൺ എടുത്തതും ഡിസ്പ്ലേയിൽ തെളിഞ്ഞ ഋഷി എന്ന പേര് കണ്ടതും അവളുടെ ദേഷ്യം ഒന്ന് തണുത്തു.”ഹലോ……. ശിവ മാഡം തിരക്കിലാണോ ” ഫോൺ എടുത്ത ഉടൻ ഋഷി ചോദിച്ചു. തിരക്ക് ഒന്നുമില്ല, രാവിലെ ഒന്ന് അമ്പലത്തിൽ പോയിട്ട് വന്നതേ ഉള്ളൂ ” ശിവ മറുപടി പറഞ്ഞു. തനിക്ക് എന്ത്പറ്റി, തന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നത് ” ഋഷി ചോദിച്ചു.

” ഹേയ് ഒന്നില്ല ഋഷി……. ” ശിവ പറഞ്ഞു.
അങ്ങനെ ഒന്നുമില്ലാതെ അല്ല എന്തോ ഉണ്ട്, താൻ കാര്യം പറ, ഒന്നിലെങ്ങിലും തന്നെ ഞാൻ കാണാൻ തുടങ്ങിട്ട് രണ്ട് കൊല്ലമായില്ലേ ” ഋഷി പറഞ്ഞു.
അത്…….”ശിവ രാവിലെ നടന്ന കാര്യങ്ങൾ മുഴുവൻ ഋഷിയോട് പറഞ്ഞു.” എടൊ……
പുള്ളി വന്നിട്ട് പോട്ടെ,ഇനി ഇപ്പോ പുള്ളി വന്നാലും ഇല്ലെങ്കിലും നമ്മുടെ വിവാഹം നടക്കും, ചുമ്മാ ആവിശ്യമില്ലാത്തവരെ ഓർത്ത് നമ്മുടെ നല്ല നിമിഷങ്ങൾ കളയരുത് ” ഋഷി പറഞ്ഞു.” മ്മ്…..”
ശിവ മൂളി.” എന്താ ഒരു മൂളൽ,താൻ എത്രയൊക്കെ വെറുക്കുണ്ടെന്ന് പറഞ്ഞാലും തനിക്ക് തന്റെ ഏട്ടനോട് ഉള്ളിന്റെ ഉള്ളിൽ സ്നേഹമുണ്ടെന്ന് എനിക്ക് അറിയാം, ആ ഏട്ടനെ ഓർത്ത് താൻ ഒരുപാട് വേദനിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാവും ” ഋഷി പറഞ്ഞു.

” ഇല്ല……… ആ മനുഷ്യനോട് എനിക്ക് ഒരു തരി പോലും സ്നേഹം അവശേഷിക്കുന്നില്ല, ശിവക്ക് ജീവനായിരുന്നു, ശിവയുടെ പ്രാണനായിരുന്നു, പക്ഷെ ആ മനുഷ്യൻ തന്നെ ആ ശിവയെ കൊന്ന് ജീവനോടെ കുഴിച്ചുമൂടി, ഈ ശിവക്ക് ആ മനുഷ്യനെ വെറുക്കാൻ മാത്രേ കഴിയു ” ശിവ പറഞ്ഞു”എനിക്ക് എല്ലാം താൻ പറഞ്ഞു കേട്ടിട്ടുള്ള അറിവ് മാത്രേയുള്ളു, താൻ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ആർക്കും അങ്ങനെ ക്ഷമിക്കാൻ കഴിയുന്ന തെറ്റ് അല്ല തന്റെ ഏട്ടൻ ചെയ്തിരിക്കുന്നത്, അതുകൊണ്ടുതന്നെ അങ്ങനെ ഒരാളോട് പൊറുക്കാൻ ആ വീട്ടിലെ ആർക്കും കഴിയില്ലെന്ന് അറിയാം, എങ്കിലും തന്റെ അച്ഛൻ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നുന്നു, ഒരുപക്ഷെ അങ്ങനെ ഒരു തെറ്റ് ആള് ചെയ്തിട്ടില്ലെങ്കിൽ താൻ അടക്കം എല്ലാവരും ഏട്ടനോട് ചെയ്യുന്നത് മഹാപാപമല്ലേ ” ഋഷി പറഞ്ഞു.

” അപ്പോ ഞാൻ കണ്ടതും കേട്ടതുമൊക്കെ നുണയായിരുന്നോ,എന്റെ ചോദ്യങ്ങൾക്ക് അയാൾ എന്തിനാ മൗനം പാലിച്ചത്, കോടതിയിൽ പോലും ഒരു അക്ഷരം മിണ്ടാതെ ശിക്ഷ ഏറ്റുവാങ്ങിയത്, കുട്ടൂബോധംകൊണ്ട് തന്നെയാണ്,ഋഷിക്ക് ഒന്നും അറിയില്ല, അതുകൊണ്ടാണ് ഋഷി ഇങ്ങനൊക്കെ പറയുന്നത്, അയാള് നിരപരാധിയാണെന്ന് അച്ഛന് ഒഴികെ ഇവിടെ ആർക്കും തോന്നുന്നില്ല, അച്ഛന് മകനോടുള്ള സ്നേഹംകൊണ്ടാണ് ആ സത്യങ്ങൾ അംഗീകരിക്കാൻ പറ്റാത്തത്” ശിവ പറഞ്ഞു. ഓക്കേ……തന്റെ വിശ്വാസങ്ങളെ ഞാൻ തെറ്റ് പറയുന്നില്ല, തന്റെ മനസ്സ് എനിക്ക് മനസ്സിലാവുന്നുണ്ട് ഋഷി പറഞ്ഞു.

മ്മ് എന്തായി അവിടെ ഒരുക്കങ്ങളൊക്കെ” ശിവ ചോദിച്ചു.അതൊക്കെ ഭംഗിയായി, രാവിലെ മുതൽ ആളുകളൊക്കെ വന്ന് തുടങ്ങി, ഞാനും ചേച്ചിയുംകൂടി ഇപ്പോ അമ്പലത്തിൽപോയിട്ട് ഇങ്ങ് എത്തിയതേ ഉള്ളൂ” ഋഷി പറഞ്ഞു. ചേച്ചി ഇപ്പോ എങ്ങനെയുണ്ട്” ശിവ ചോദിച്ചു.നമ്മുടെ കല്യാണം ഉറപ്പിച്ചതുമുതൽ ചേച്ചിക്ക് നല്ല മാറ്റമുണ്ട്, റൂമിൽ തന്നെ ഇരുന്നുള്ള കാര്യങ്ങളൊക്കെ അവസാനിപ്പിച്ചു. ഇപ്പോ എന്റെ കാര്യങ്ങൾ ചെയ്യാൻ ഓടി നടക്കുവാണ്, ഞാനെന്ന് വച്ചാൽ ചേച്ചിക്ക് അത്രക്ക് ജീവനല്ലേ, ഇനി എങ്കിലും ചേച്ചിക്ക് നല്ലൊരു ജീവിതമുണ്ടായി കണ്ടാൽ മതി, അത്രക്ക് കരഞ്ഞിട്ടുണ്ട് എന്റെ ചേച്ചി ” ഋഷി പറഞ്ഞു.

” ചെറിയ മാറ്റങ്ങളൊക്കെ വന്നില്ലേ, അപ്പോ പിന്നെ ഇനി നമുക്ക് ബാക്കി മാറ്റി എടുക്കാം, എന്തായാലും നമ്മുടെ കല്യാണം കഴിയട്ടെ” ശിവ പറഞ്ഞു.തന്നെ ചേച്ചിക്ക് വലിയ ഇഷ്ട്ടാണ്, എപ്പഴും തന്റെ കാര്യം ചോദിക്കും. എനിക്ക് തന്നോടുള്ള ഇഷ്ടം തന്നോട് പോലും പറയുന്നതിന് മുൻപ് ഞാൻ പറഞ്ഞത് ചേച്ചിയോടാണ് ” ഋഷി പറഞ്ഞു.എനിക്ക് അറിയാം, ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്, ഞങ്ങള് തമ്മിൽ സംസാരിക്കുമ്പോഴൊക്കെ ചേച്ചിക്ക് ഋഷിയെക്കുറിച്ച് പറയാനേ ഉള്ളൂ” ശിവ പറഞ്ഞു.ഋഷി…………” പുറത്ത് നിന്നും ഡോറിൽ തട്ടുന്ന ശബ്ദം.

” ശിവ ഞാൻ പിന്നെ വിളിക്കാം, ചേച്ചി വിളിക്കുന്നുണ്ട് ” ഋഷി പറഞ്ഞു ശരി ഋഷി ” ശിവ ഫോൺ വെച്ചു.ഋഷി ഫോൺ ടേബിളിലേക്ക് വച്ചു, ഡ്രസിങ് സ്റ്റാൻഡിൽ കിടന്ന ടി ഷർട്ട്‌ എടുത്ത് ഇട്ട്, കണ്ണാടിയിൽ ഒന്ന് പാളി നോക്കി.നീണ്ട മുടി ഭംഗിയായി വെട്ടി ഒതുക്കി വച്ചിരിക്കുന്നു, കട്ടിയുള്ള പുരികങ്ങളും, കട്ടിയുള്ള മീശയും.ചിരിക്കുമ്പോൾ തെളിയുന്ന വലത്തേ അറ്റത്തെ ക്രോന്തപല്ലാണ് ഋഷിയുടെ ഭംഗി.ടേബിളിൽ ഇരുന്ന കണ്ണട എടുത്ത് വച്ച് ഋഷി ചെന്ന് റൂമിന്റെ ഡോർ തുറന്നു.കൈയിൽ ചായയുമായി പുഞ്ചിരിച്ചു നിൽക്കുകയായിരുന്നു നേത്ര.

പുളിയിരക്കര സെറ്റ് മുണ്ടും ഉടുത്തു, നൈറ്റിയിൽ കറുത്ത കുഞ്ഞ് വട്ടപ്പൊട്ടും കുത്തി, അതിന്റെ മുകളിലായി ചന്ദനകുറിയും. മുഖത്ത് വേറെ ചമയങ്ങൾ ഒന്നുതന്നെ ഇല്ല.ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തിന്റെ ഭംഗി കൂട്ടുന്നത് അവളുടെ വിടർന്ന കണ്ണുകളാണ്.തിങ്ങി നിറഞ്ഞു നിൽക്കുന്ന കൺപീലികൾ കണ്ണിന്റെ ഭംഗിയെ എടുത്ത് കാണിക്കുന്നു.മൂക്കിന്റെ തുമ്പത്തെ വജ്രകല്ല് മൂക്കുത്തി ഹിമകണമെന്ന് തോന്നിപോകും.
വിടർന്ന റോസാപൂവുപോലെ നൈർമല്യമാർന്ന ഇളം റോസ് നിറത്തിലുള്ള അധരങ്ങൾ, നിതംബം മറഞ്ഞു കിടക്കുന്ന നീണ്ട മുടി അഴിച്ചിട്ടിരിക്കുന്നു, കുളിപ്പിന്നൽ ഇട്ടമുടിക്ക്‌ ഗന്ധമേകനായി തുളസി കതിരും.ആരെയും ഒറ്റ നോട്ടത്തിൽ ആകർഷിക്കുന്ന ഐശ്വര്യം നിറഞ്ഞ സൗന്ദര്യമാണ് നേത്രക്ക്.

” ഇന്നാ ചായ നീ രാവിലെ ചായ കുടിക്കാതെയല്ലേ അമ്പലത്തിലേക്ക് പോന്നത്, ഇത് കുടിക്ക് എന്നിട്ട് വേഗം താഴേക്ക് വാ, ഭക്ഷണം കഴിക്കാം ” നേത്ര ഋഷിക്ക് നേരെ ഗ്ലാസ്‌ നീട്ടികൊണ്ടുകൊണ്ട് പറഞ്ഞു.
ഞാൻ അങ്ങോട്ട് വരില്ലായിരുന്നോ, ചേച്ചി വെറുതെ എന്തിനാ ഇതുമായി ഇങ്ങോട്ട് വന്നത് ” ഋഷി ആ ഗ്ലാസ്‌ കൈയിലേക്ക് വാങ്ങിക്കൊണ്ട് ചോദിച്ചു.
എന്താടാ ഏട്ടനെ പോലെ നീയും എനിക്ക് എന്റെ അതിർത്തിവരുമ്പുകൾഓർമ്മപ്പെടുത്തുവാണോ……?നാളെ കല്യാണമായതുകൊണ്ട് ഇനി ചേച്ചി ഈ മുറിയിലേക്ക് വരേണ്ടെന്നാണോ ” മുറിക്ക് ഉള്ളിലേക്ക് കയറിക്കൊണ്ട് നേത്ര ചോദിച്ചു.

” ശേ……ചേച്ചി എന്താ ഈ പറയുന്നേ, എനിക്ക് അങ്ങനെ പറയാൻ പറ്റുവോ, ഞാൻ ചേച്ചിയോട് അങ്ങനെ പറയുമെന്ന് ചേച്ചി കരുതുന്നുണ്ടോ….? ഞാൻ ഡ്രസ്സ്‌ മാറി താഴേക്ക് വരാൻ തുടങ്ങു്വായിരുന്നു അതുകൊണ്ട് പറഞ്ഞതാ, ഇനി ആരൊക്കെ വന്നാലും എന്റെ ചേച്ചി കഴിഞ്ഞേ എനിക്ക് ആരും ഉള്ളൂ ” ഋഷി അവളുടെ തോളിൽ പിടിച്ച് അവന് അഭിമുഖമായി നിർത്തികൊണ്ട് പറഞ്ഞു. അയ്യേ….. ഈ ചെക്കൻ…….
നീ അത് കാര്യമായിട്ട് എടുത്തോ….?
ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതല്ലേ, എനിക്ക് അറിയാം നിന്നെ, ആരൊക്കെ ഇല്ലെങ്കിലും നീ എന്റെ കൂടെ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാ.
പിന്നെ ശിവ…..അവളും പാവമാണ്, നല്ല കുട്ടിയാണ്.

നിന്നെ വിശ്വസിച്ച് ഈ വീട്ടിലേക്ക് വരുന്ന കുട്ടിയാണ് അവള്, അതുകൊണ്ട് അവളുടെ മനസ്സ് മനസ്സിലാക്കി പെരുമാറണം, ഇനി അവള് കഴിഞ്ഞേ നിന്റെ മനസ്സിൽ ആർക്കും സ്ഥാനമുണ്ടാവാൻ പാടൊള്ളു, ഈ ചേച്ചിക്കും അതൊക്കെ കഴിഞ്ഞുള്ള സ്ഥാനം മതി ” നേത്ര അവന്റെ കവിളിൽ തട്ടി.എനിക്ക് എന്റെ ചേച്ചി തന്നെയാണ് വലുത്, അതിൽപ്പോ ശിവക്ക് ഒരു പരാതിയുമില്ല, അതുകൊണ്ട് അതോർത്ത് എന്റെ ചേച്ചി പേടിക്കണ്ട ” ഋഷി അവളുടെ നെറ്റിയിൽ തല മുട്ടിച്ചു.എനിക്ക് ഒരു പേടിയുമില്ല ഋഷി, ശിവ ഒരിക്കലുംഏട്ടത്തിയെപ്പോലെ ആവില്ലെന്ന് എനിക്ക് അറിയാം ” നേത്ര പറഞ്ഞു.

ഏട്ടത്തിക്ക് വളം വച്ചുകൊടുക്കുന്നത് ചേച്ചി തന്നെയല്ലേ, പറയാനുള്ളത് മുഖത്ത് നോക്കി പറയണം, അല്ലാതെ ആരെങ്കിലും പറയുന്നത്കേട്ട് കണ്ണുനിറച്ചു നിന്നിട്ട് കാര്യമുണ്ടോ” ഋഷി അവളുടെ താടിക്ക് പിടിച്ച് മുഖം അവന് നേരെ പിടിച്ചു ചേച്ചിയോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്, ഇന്നും നാളെയുമൊക്കെയായിട്ട് ഒരുപാട് പേര് വരും, അതിൽ പാലസ്വാഭാവക്കാരുണ്ടാവും പലതും പറഞ്ഞെന്ന് വരും, അതൊക്കെ കേട്ട് കരഞ്ഞോണ്ടിരിക്കാതെ എല്ലാവർക്കും തക്ക മറുപടി കൊടുത്തോണം, അതിന്റെ പേരിൽ ഇനി എന്തൊക്കെ വന്നാലും ഞാൻ ഏറ്റു.
എന്റെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകൾക്കും എന്റെ ചേച്ചി ഒപ്പം തന്നെ ഉണ്ടാവണം, മാറി നിന്നേക്കരുത്, ചേച്ചിയെ പങ്കെടുപ്പിക്കാൻ പറ്റാത്ത ഒരു സന്തോഷവും ഋഷിക്ക് വേണ്ട” ഋഷി പറഞ്ഞു.

അത് വേണ്ട ഋഷി, എന്നെ പോലെയുള്ളവർ ഇങ്ങനത്തെ ചടങ്ങുകളിലൊന്നും പങ്കെടുക്കാൻ പാടില്ല, നീയും ശിവയും സന്തോഷത്തോടെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം അതിന് ഞാൻ കാരണം ഒരു മാറ്റം ഉണ്ടാവാൻ പാടില്ല,നിങ്ങടെ താലികെട്ട് കണ്ടാൽ മാത്രം മതി ഈ ചേച്ചിക്ക് ” നേത്ര പറഞ്ഞു. ചേച്ചിയെ പങ്കെടുപ്പിച്ചെന്ന്കരുതി ഞങ്ങൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല, ചേച്ചിയുടെ ആഗ്രഹം അല്ലായിരുന്നോ ഞാൻ താലി കേട്ടുമ്പോൾ പെങ്ങളുടെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്യണമെന്നുള്ളത്, അത് ചേച്ചി തന്നെ ചെയ്യും, അതിൽ മാറ്റമില്ല ” ഋഷി പറഞ്ഞു.

“ഋഷി…… ഞാൻ ഒന്ന് പറയട്ടെ ” നേത്ര പറഞ്ഞു. വേണ്ട ഒന്നും പറയണ്ട, വേഗം താഴേക്ക് ചെല്ല്, എനിക്ക് ഒന്ന് രണ്ട് പേരെ വിളിക്കാനുണ്ട് എന്നിട്ട് താഴേക്ക് വന്നേക്കാം ” ഋഷി അവളെ താഴേക്ക് പറഞ്ഞുവിട്ടു.നേത്ര അവനെ തിരിഞ്ഞു നോക്കി താഴേക്ക് നടന്നു. പാവം ചേച്ചി………. ” ഋഷി മനസ്സിൽ പറഞ്ഞു.ഋഷി എന്ന ഋഷികേശ്……ശിവയുടെ പ്രതിശ്രുതവരൻ.
കുന്നത്ത് തറവാട്ടിലെ വേണുഗോപാലിന്റെയും ശ്രീജയുടെയും ഇളയ മകൻ. ഋഷിയുടേത് ഒരു സാധാ കുടുംബമാണ്.വേണുഗോപാലും ശ്രീജയും അദ്ധ്യാപകരാണ്. ഋഷി ആയുർവേദ ഡോക്ടറാണ്. മിഥിലാപുരി ആയുർവേദ ഹോസ്പിറ്റലിൽ ജോലിക്ക് കയറിട്ട് രണ്ട് വർഷം കഴിഞ്ഞു. അവിടെ വച്ചാണ് ശിവയെ പരിചയപെടുന്നത്, തുടർന്ന് ശിവയുമായി സൗഹൃദത്തിലാവുകയും ആ സൗഹൃദം പ്രണയമായിമാറുകയായിരുന്നു. ഋഷിയുടെ പ്രണയാഭ്യർത്ഥന ശിവ പലവട്ടം നിരസിച്ചു,ഒടുവിൽ 1.5 വർഷങ്ങൾക്ക് ശേഷമാണ് ശിവ ആ പ്രണയം സ്വീകരിച്ചത്.പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു, ഇരുവീട്ടുകാരും കാര്യങ്ങൾ സംസാരിച്ച് അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
ഋഷിക്ക് രണ്ട് സഹോദരങ്ങളാണ് മൂത്ത ഏട്ടൻ അവിനാശ് സർക്കാർ ജോലിക്കാരനാണ്, അവിനാഷിന്റെ ഭാര്യ ഗോപിക ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയുന്നു.രണ്ട് മക്കൾ അനുപ്രിയയും അനുലക്ഷമിയും.രണ്ടാമത്തേത് നേത്രയാണ്, ത്രിനേത്ര വിവാഹം കഴിഞ്ഞ് രണ്ടാംദിവസം ഭർത്താവ് ഒരു ആക്‌സിഡന്റിൽ മരിച്ചു. അതുകൊണ്ട് നേത്ര വീട്ടിൽ തന്നെയാണ്.

“മോളെ നേത്രേ……… ഋഷി എവിടെ….. വേണുവേട്ടൻ അവനെ അന്വേഷിക്കുന്നുണ്ട് “അടുക്കളയിലേക്ക് ചെന്ന നേത്രയോട് ശ്രീജ തിരക്കി.അവൻ മുറിയിലുണ്ട് അമ്മേ, ഇപ്പോ വരും ” നേത്ര പറഞ്ഞു.” മ്മ്…..നിങ്ങള് ഭക്ഷണം കഴിച്ചോ,ഇനി നിങ്ങള് രണ്ടാളുംകൂടിയേ ഭക്ഷണം കഴിക്കാൻ ഉള്ളൂ ” ശ്രീജ പറഞ്ഞു. അവനും കൂടി വന്നിട്ട് ഞങ്ങള് ഒരുമിച്ച് കഴിച്ചോളാം അമ്മേ ” നേത്ര പറഞ്ഞു.അല്ല ശ്രീജേ, ഉമ്മറത്ത് ആളുകൾ ഒന്നും വന്നത് നീ അറിഞ്ഞില്ലേ, നിന്നെ കാണാൻ ഞങ്ങളൊക്കെ ഇങ്ങോട്ട് വരേണ്ടി വന്നല്ലോ ” അടുക്കളയിലേക്ക് വന്ന ജലജ പറഞ്ഞു.

ജലജ വേണുഗോപാലിന്റെ ചേട്ടന്റെ ഭാര്യയാണ്.ഞാൻ അറിഞ്ഞില്ലഏട്ടത്തി,ഇവിടെലേശംപണികളിലായിരുന്നു. ഏട്ടത്തി വാ ഇരിക്ക് ചായ എടുക്കട്ടേ ” ശ്രീജ ചോദിച്ചു മ്മ് ചായ ഞാൻ എടുത്ത് കുടിച്ചോളാം, സുരേഷേട്ടൻ പുറത്തുണ്ട്, ചായ എവിടാ ഇരിക്കുന്നേ ഞാൻ ഏട്ടന് കൊണ്ടുപോയി കൊടുത്തിട്ട് വരാം” ജലജ പറഞ്ഞുദാ വല്യമ്മേ ചായ എടുത്തോളൂ, വല്യച്ഛനുള്ളത് ഞാൻ കൊണ്ടുപോയി കൊടുത്തോളം ” നേത്ര അവർക്ക് ചായ കൊടുത്തു, ശേഷം പുറത്തേക്ക് പോയി.ഗോപികയും കുട്ടിയോളും എവിടെ,ഇവിടെ കണ്ടില്ലല്ലോ ” ജലജ തിരക്കി. തയ്യിച്ച തുണി എന്തോ വാങ്ങാൻ പോയതാ അവള്, ഇപ്പോ വരും, ശിവയുടെ കല്യാണസാരീയുടെ ബ്ലൗസും മറ്റും ആ കൂട്ടത്തിലുണ്ട് ” ശ്രീജ പറഞ്ഞു.

” ശരിക്കും ഈ കുടുംബത്തിന്റെ ഭാഗ്യാട്ടോ ശ്രീജേ മിഥിലാപുരിയിൽനിന്നും ഇങ്ങനെ ഒരു ബന്ധം. നമുക്ക് സ്വപ്നം കാണാൻ പറ്റുവോ, എന്തയാലും അത് നിന്റെ മകന്റെ മിടുക്ക് തന്നെയാ, അത് പറയാതിരിക്കാൻ പറ്റില്ല ” ജലജ പറഞ്ഞു
” അവന് ശിവയെ ഇഷ്ട്ടായി, ആ കുട്ടിക്ക് തിരിച്ചും അവിടെന്ന് തന്നെയാ പറഞ്ഞത് അവർക്ക് ഇതിൽ വിരോധമില്ലെന്ന്, ഇപ്പോ എല്ലാവരും കുട്ടികളുടെ ഇഷ്ടമല്ലേ നോക്കാറ്, ഇവിടെയും അങ്ങനെ തന്നെ ചെയ്തു, അല്ലാതെ ശിവ വല്യവീട്ടിലെ കുട്ടിയാണെന്നൊന്നും ഇവിടെ ആരും കരുതാറില്ല ” ശ്രീജ പറഞ്ഞു.

” അതൊക്കെ ഇനി പറയാല്ലോ, എന്തായാലും മിഥിലാപുരിയിലെ സ്വത്തുകൾക്ക് ഇനി ഋഷിക്കും അവകാശമുണ്ടല്ലോ, എത്രയാ അവർക്ക് ബസ്സിനെസ്സുകൾ. നിങ്ങളുടെ കഷ്ടപ്പാടൊക്കെ ഇതോടെ തീരും ” ജലജ പറഞ്ഞു. അതിന് ഇവിടെ കഷ്ടപ്പാടാണെന്ന് ആരാ വല്യമ്മയോട് പറഞ്ഞത്, അവിനാശയായിരുന്നു അത്.അല്ല ആദി ഞാൻ…… ” ജലജക്ക് മറുപടി കിട്ടുന്നില്ലായിരുന്നു.
ഇവിടെ ഞങ്ങള് നല്ല രീതിക്ക് തന്നെയാണ് ജീവിക്കുന്നത്, പിന്നെ അഹങ്കാരം കാണിക്കാനും അർഭാടം കാണിക്കാനും നിൽക്കാറില്ല അത്ര തന്നെ” ആദി പറഞ്ഞു.

” അത് പിന്നെ അറിയാല്ലോ,അല്ല എങ്കിലും നിങ്ങൾക്ക് വന്ന മഹാഭാഗ്യത്തേപറ്റിയാണ് എല്ലാരും പറയുന്നത് ” ജലജ പറഞ്ഞു.എന്ത് മഹാഭാഗ്യം, ശിവയെ ഇങ്ങോട്ട് കൊണ്ടുവരുന്നതോ, ശിവ ഇവിടെ ഋഷിക്കൊപ്പം ജീവിക്കാൻ വരുന്നതാ, അവർക്ക് പരസപരം ഇഷ്ടമായതുകൊണ്ട് രണ്ടുവീട്ടുകാരും അത് മനസ്സിലാക്കി അവരുടെ വിവാഹം നടത്തുന്നു, സാധാരണ ഒരു വിവാഹംപോലെയെ ഇതും ഉള്ളൂ, അതിന് നാട്ടുകാർക്ക് എന്താ ” ആദി ചോദിച്ചു. അയ്യോ വല്യമ്മ അങ്ങനെ പറഞ്ഞതല്ല ” ജലജ പറഞ്ഞു.

മ്മ് ശരി ശരി…… അമ്മേ ഞാൻ ഗോപുനെ പോയി വിളിച്ചിട്ട് വരാം, അച്ഛൻ അന്വേഷിച്ചാൽ ഒന്ന് പറഞ്ഞേക്ക് ” ആദി പുറത്തേക്ക് പോയി
ആദി പോയതും ജലജ ശ്രീജയുടെ അടുത്തേക്ക് നീങ്ങി നിന്നും, പരിസരത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി.ശ്രീജേ….. നേത്രയുടെ കാര്യം എന്തെങ്കിലും അവര് സൂചിപ്പിച്ചോ ” ജലജ ചോദിച്ചു.
എന്ത് കാര്യം……. ആര് സൂചിപ്പിച്ചോന്ന് ” ശ്രീജ കാര്യം മനസിലാവാതെ ചോദിച്ചു.

” അല്ല ചെറുക്കന്റെ പെങ്ങള് ഇങ്ങനെ വീട്ടിൽ നിൽക്കുന്നതിനെപ്പറ്റി അവര് എന്തെങ്കിലും ചോദിച്ചോ,അവർക്ക് ആ കാര്യത്തിൽ ആശങ്ക ഉണ്ടായിരിക്കുമല്ലോ” ജലജ പറഞ്ഞു.അവര് ഒന്നും ചോദിച്ചില്ല, അവളുടെ കാര്യങ്ങളൊക്കെ വേണുവേട്ടൻ അവരോട് പറഞ്ഞതാ, പിന്നെ നേത്ര നിൽക്കുന്നത് അവളുടെ സ്വന്തം വീട്ടിൽ അല്ലേ, പിന്നെ അവര് എന്ത് പറയാനാ ” ശ്രീജക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ അങ്ങനെ നിൽക്കുന്നത് ശരി അല്ല,നിങ്ങള് നേത്രക്ക് എത്രയും പെട്ടെന്ന് മറ്റൊരു വിവാഹം നോക്കണം, വീട്ടിൽ ഒരു പെണ്ണകൂടി വന്നാൽ നേത്ര ഇവിടെ നിൽക്കുന്നത് അവൾക്ക് ഒരു ബുദ്ധിമുട്ടായിരിക്കും.പിന്നെ ഒരു വിവാഹം കഴിഞ്ഞസ്ഥിതിക്കും, ജാതകദോഷം ഉള്ളതുകൊണ്ടും അവളെ ഇനി ആര് വിവാഹം ചെയ്യാനാ ” ജലജ ചോദിച്ചു.ശ്രീജക്ക് ദേഷ്യവും സങ്കടവും വന്നു.ഇതേ സമയം ബാംഗ്ലൂർ എയർപോർട്ടിൽനിന്നും നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റിലായിരുന്നു അദ്രി.തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതെന്താണ് അറിയാതെ കൂടപ്പിറപ്പിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മേഘ പാളികൾക്ക് ഇടയിലൂടെ അവൻ വന്നുകൊണ്ടിരിക്കുകയായിരുന്നു.

തുടരും