23/04/2026

ഹിമകണമായി : ഭാഗം 12

രചന : ശ്രീനിധി

റീസെപ്ഷനിലെ സോഫയിൽ ഫോണും നോക്കി ഇരിക്കുമ്പോഴാണ് എതിരെ ഉള്ള ലിഫ്റ്റ് തുറന്ന് അദ്രിയും ജോയലും അവളുടെ അടുത്തേക്ക് വരുന്നതുകണ്ടത്.കരിമ്പച്ച കുർത്തയും അതേ കരയുള്ള മുണ്ട് ഉടുത്ത് തനിക്ക് അരികിലേക്ക് നടന്ന് വരുന്ന അദ്രിയെ കണ്ടതും ഭൈമിയുടെ കണ്ണുകൾ വിടർന്നു.അലസമായി ചീകി വച്ചിരിക്കുന്ന മുടി അനുസരണയില്ലാതെ ഇടക്ക് മുഖത്തേക്ക് വിഴുന്നുണ്ട്.ജോയലിനോട് സംസാരിച്ചു നടന്ന് വരുന്ന അദ്രിയിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ ഭൈമി അവനെ നോക്കി സ്വയം മറന്ന് നിന്നു.

” പോവാം ” ഭൈമിയുടെ അടുത്തെത്തിയതും ജോയൽ പറഞ്ഞു.അദ്രിയെ നോക്കിക്കൊണ്ട്നിന്ന ഭൈമി ജോയൽ ചോദിച്ചതൊന്നും കേട്ടില്ല.അവള് മറ്റേതോ മായികലോകത്തായിരുന്നു.ജോയൽ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു.” എന്തുവാടേ……….എനിക്ക് നൊന്തു ” ഭൈമി തല തിരുമ്മിക്കൊണ്ടുപറഞ്ഞു. നീ ഇങ്ങനെ സ്വപ്നലോകത്ത് ജീവിക്കാതെ, ഭൂമിയിലോട്ട് വാ, അദ്രി പോയിട്ട് കുറെ നേരമായി, ഇനിയും അവനെ സ്വപ്നം കണ്ടോണ്ട് നിന്നാൽ നമ്മളെ കൂട്ടാതെ അവൻ കല്യാണത്തിന് പോകും” ജോയൽ പറഞ്ഞു.

” അയ്യോ….. അവനായതുകൊണ്ട് അങ്ങനെ ചെയ്യാൻ ഒട്ടും മടിക്കില്ല” ഭൈമി പറഞ്ഞു.ജോയലും ഭൈമിയും കാറിന്റെ അടുത്ത് എത്തുമ്പോൾ, അദ്രി കാറിൽ ചാരി നിന്ന് ഫോൺ ചെയ്യുകയായിരുന്നു. എടാ…… ഈ തെണ്ടിക്ക് ഒടുക്കത്തെ ഗ്ലാമർ ആണല്ലോ, ഇവൻ എന്നെ വഴിതെറ്റിക്കും ” ഭൈമി പറഞ്ഞു. ആര് വഴിതെറ്റി ചെന്നാലും അവിടെ ഒരു കുലുക്കവുമുണ്ടാവില്ല മോളെ, നീയതുകൊണ്ടുമാത്രാ അവൻ പ്രതികരിക്കാതിരിക്കുന്നത്, വേറെ ആരെങ്കിലുമായിരുന്നേൽ പണ്ടേ ഭിത്തിയിൽ നിന്ന് വടിച്ചെടുക്കേണ്ടി വന്നേനെ ” ജോയൽ പറഞ്ഞു.

” അഹ് അത് എനിക്ക് അറിയാം, ഞാൻ ആദ്യം തന്നെ അവന്റെ നല്ല ഫ്രണ്ട്ആയിപോയതുകൊണ്ടാണ് അവന് ഒന്നും ചെയ്യാൻപറ്റാത്തെ,അല്ല നിങ്ങൾക്ക് എനിക്ക് വേണ്ടി ഒന്ന് റെക്കമെന്റ് ചെയ്താൽ എന്താടാ ദുഷ്ടന്മാരെ ” ഭൈമി ചോദിച്ചു.” ബെസ്റ്റ്…….ആര് പറഞ്ഞാലും അവൻ കേൾക്കില്ല മോളെ,അതിന്റെ കാരണം ഞാൻ നിനക്ക് പറഞ്ഞതരേണ്ടല്ലോ അല്ലേ….” ജോയൽ ചോദിച്ചു.
“അറിയാം………..അവൻ അതൊക്കെ എന്നെങ്കിലും മറക്കുവായിരിക്കും, അതുവരെ വെയിറ്റ് ചെയ്യാം, എന്തയാലും അദ്രി ഭൈമിക്ക്‌ ഉള്ളതാണ് ” ഭൈമി പറഞ്ഞു.”അങ്ങനെ നടന്നാൽ കൊള്ളാം ” ജോയൽ വണ്ടിക്ക് അടുത്തേക്ക് നടന്നു.

” എടാ വണ്ടി ഞാൻ എടുക്കാം” ജോയൽ പറഞ്ഞു.
കൈയിൽ ഇരുന്ന കീ അദ്രി ജോയലിന് എറിഞ്ഞു കൊടുത്തു. ജോയൽ അത് കറക്റ്റായിട്ട് ക്യാച്ച് ചെയ്തു.ജോയൽ ഡ്രൈവിംഗ് സീറ്റിലും, അദ്രി കോ ഡ്രൈവിംഗ് സീറ്റിലും, ഭൈമി പുറകിലും കയറി.
അവരുടെ വണ്ടി അദ്രിയുടെ നാട്ടിലേക്ക് തിരിച്ചു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

” ഗോപികേ……. നേത്ര എവിടെ,നമുക്ക് ഇറങ്ങറായി, അച്ഛൻ അവിടെ ദൃതി കൂട്ടുന്നുണ്ട്, ദക്ഷിണ കൊടുക്കാൻ സമയമായി…..
ഈ കുട്ടി ഇത് എവിടെയാണ് ” ഒരുങ്ങി വന്നിട്ട് നേത്രയേ കാണാതെ ശ്രീജ തിരക്കി.” അവള് ഡ്രസ്സ്മാറാൻ പോയിട്ട് കുറെ നേരമായി ഇതുവരെ വന്നില്ലേ, അവള് പോയി കഴിഞ്ഞാണല്ലോ ഞാൻ പോയത് ” ഗോപിക പറഞ്ഞു. നീ പോയി നേത്രയേ ഒന്ന് വിളിച്ചിട്ട് വാ മോളെ, അമ്മ ആങ്ങോട് ചെല്ലട്ടെ, ദക്ഷിണ കൊടുക്കാനുള്ളതൊക്കെ എടുത്ത് വെയേക്കാം അപ്പോഴേക്കും ” ശ്രീജ താഴേക്ക് പോയി.

ഗോപിക നേത്രയേ വിളിക്കാനായി നേത്രയുടെ മുറിയിലേക്ക് നടന്നതും ജലജയും അങ്ങോട്ട് വന്നു.
നീ ഇത് എങ്ങോട്ടാ ഗോപികേ….. അവിടെ ഇറങ്ങാൻ നേരമായല്ലോ ” ജലജ ചോദിച്ചു.
” ഓ ഒന്നും പറയണ്ട വല്യമ്മേ, നേത്ര തമ്പുരാട്ടി ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ല, അമ്മ അവളെ വിളിക്കാൻ എന്നെ പറഞ്ഞുവിട്ടതാണ് ” ഗോപിക പറഞ്ഞു. അവൾക്ക് എന്താ ഇത്ര ഒരുങ്ങാൻ ഉള്ളത്‌, നീ വന്നേ നമുക്ക് നോക്കാം ” ജലജ ഗോപികയെ കൂട്ടി നേത്രയുടെ മുറിയിലേക്ക് നടന്നു.
ഡോറിൽ മുട്ടിയതും നേത്ര വന്ന് ഡോർ തുറന്നു.

വാതില് തുറന്ന് മുന്നിൽ നിൽക്കുന്ന നേത്രയേ കണ്ടതും, ജലജയുടെയും ഗോപികയുടെയും കണ്ണ് മിഴിഞ്ഞു പോയി.ഋഷിയും ശിവയും ചേർന്ന് അവൾക്ക് സമ്മാനിച്ച സാരി ആയിരുന്നു നേത്ര ഉടുത്തത്.നിതംബം വരെ നീളമുള്ള ഇടതൂർന്ന മുടി ഭംഗിയായി ചീകി പിന്നി ഇട്ടിരിക്കുന്നു.
നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത പൊട്ടും അതിന് മുകളിലായി ചന്ദനകുറിയും.കാതിൽ അധികം വലിപ്പമില്ലാത്ത ജിമ്മി കമ്മലും,കഴുത്തിൽ നൂലുപോലുള്ള സാധാരണ അവൾ ഇടാറുള്ള ചെയനും.വേറെ ഒരുത്തരത്തിലുള്ള ഒരുക്കങ്ങളും ഇല്ലെങ്കിലും അവളെ കാണാൻ ദേവതയെ പോലെ തോന്നും.അത്രക്ക് ഐശ്വര്യമായിരുന്നു നേത്രയേ കാണാൻ.

” അല്ല ഇത് എന്താ നേത്രേ……….ഈ സാരീ അല്ലല്ലോ നമ്മൾ അന്ന് എടുത്തത്, ഇത് നീ അന്ന് നോക്കിട്ട് വാങ്ങാതെ പോന്നതല്ലേ ” ഗോപിക ചോദിച്ചു. അതേ ഏട്ടത്തി,……ഇത് ഇന്നലെ ഋഷി കൊണ്ടുതന്നതാണ് അവന് നിർബന്ധം ഞാൻ ഇന്ന് ഇത് തന്നെ ഇട്ടാൽ മതിയെന്ന് ” നേത്ര പറഞ്ഞു.
അവൻ നിർബന്ധം പിടിച്ചാൽ ഉടൻ നീ അത് കേൾക്കാൻ ഇരിക്കുവാണോ….?ഒന്നിലെങ്കിലും ഭർത്താവ് മരിച്ച പെണ്ണല്ലേ നീ,അവന് ആ വിചാരമില്ലെങ്കിലും നിനക്ക് ആ വിചാരം വേണ്ടേ”” വല്യമ്മേ…..ഞാൻ ഇത് വേണ്ടെന്ന് പറഞ്ഞതാ, ഋഷി കേൾക്കേണ്ട…….” നേത്ര പറഞ്ഞു.

” നിനക്ക് അറിയുവോ പണ്ട് കാലത്ത് ഇങ്ങനെ ഭർത്താക്കന്മാര് മരിച്ച പെണ്ണുങ്ങളെ ഒരു ചടങ്ങിനും കൊണ്ടുപോകില്ല, അവര് ഏതേലും ഒരു മുറിയിലാകും ഒതുങ്ങി കൂടുന്നത്, ഇവിടെ ഇപ്പോ നിനക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ, എന്നിട്ടും നീ ഇങ്ങനെ ഉടുത്തൊരുങ്ങി നടന്നാൽ ആളുകൾ എന്ത് പറയും ” ജലജ ചോദിച്ചു.” ആളുകൾ ഒന്നും പറയില്ല, ഇനി പറഞ്ഞാലും അത് കേൾക്കണ്ട കാര്യം അവൾക്കില്ല, അവള് മറ്റുള്ളവരുടെ ചിലവിലല്ല കഴിയുന്നത് “പുറത്ത് നിന്നും ആദി അകത്തേക്ക് വന്നു.ആദിയെ കണ്ടതും ജലജയും ഗോപികയും ഞെട്ടി പരസ്പരം നോക്കി.

” എന്താ ഇവിടെ ഇപ്പോ പ്രശ്നം, ഇവള് ഈ സാരി ഉടുത്തതാണോ….?ഇത് ഋഷി അവന്റെ കല്യാണത്തിന് ഉടുക്കാൻ അവന്റെ ക്യാഷ് മുടക്കി വാങ്ങി കൊടുത്തതാണ്, ഇത് ഉടുത്തതിന്റെ പേരിൽ ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉണ്ടാവട്ടെ,
നേത്രേ…… നീ ഇങ്ങ് വന്നേ, ഇത് നിനക്ക് തരാൻ കൊണ്ടുവന്നതാ ” കൈയിൽ ഇരുന്ന മുല്ലപ്പൂ അവൾക്ക് നേരെ നീട്ടി ആദി പറഞ്ഞു.എനിക്ക് മുല്ലപ്പൂ ഒന്നും വേണ്ട ഏട്ടാ, അത് കുട്ടികൾക്ക് കൊടുത്തേക്ക് ” നേത്ര പറഞ്ഞു.”കുട്ടികൾക്കൊക്കെ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്, ഇത് നിനക്ക് ഉള്ളതാണ്, വേഗം വച്ചിട്ട് താഴേക്ക് വരാൻ നോക്ക്, അവിടെ ദക്ഷിണ കൊടുക്കാൻ തുടങ്ങുവാ,
വല്യമ്മ താഴോട്ട് വാ, ഇനി അവിടെ എന്തൊക്കെ കുറവുകൾ ഉണ്ടെന്ന് നോക്കേണ്ടേ ” ആദി പരിഹാസം രൂപത്തിൽ പറഞ്ഞു.

ഞാൻ എന്നാ താഴോട്ട് ചെല്ലട്ടെ…… ” ജലജ ആദിയിൽ നിന്ന് രക്ഷപെടാൻ വേഗം താഴേക്ക് ഇറങ്ങി.പുറകെ ഇറങ്ങാൻ തുടങ്ങിയ ഗോപികയെ ആദി പുറകിൽ നിന്ന് വിളിച്ചു.” ഗോപു ഒന്ന് അവിടെ നിന്നേ ” ഗോപിക സഡൻ ബ്രേക്ക്‌ ഇട്ടതുപോലെ നിന്നു.ആദി അവളുടെ അടുത്തേക്ക് ചെന്നു.നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്, വല്യമ്മയുടെ കൂടെ കൂടി നേത്രയേ വേദനിപ്പിക്കാൻ ശ്രമിക്കരുതെന്ന് ” ആദി ഗൗരവത്തിലായി. ഏട്ടാ ഞാൻ ഒന്നും ചെയ്തില്ല ” ഗോപിക പറഞ്ഞു.” അത് ഞാൻ ഇപ്പോ കണ്ടല്ലോ, ഇന്നത്തെ ദിവസത്തെ പ്രത്യേകത വച്ച് ഞാൻ ഒന്നും പറയുന്നില്ല, പക്ഷെ എനിക്ക് ഒന്നും മനസ്സിലാവുന്നില്ലെന്ന് കരുതരുത്, താഴേക്ക് ചെല്ല് ” ആദി ഗോപികയോട് പറഞ്ഞിട്ട് താഴേക്ക് ഇറങ്ങി.ഗോപികയും, നേത്രയും അവന്റെ പുറകേ താഴേക്ക് ഇറങ്ങി.

അവരെ താഴെ എത്തുമ്പോൾ ദക്ഷിണ കൊടുക്കാൻ തുടങ്ങിയിരുന്നു.മുതിർന്നവരൊക്കെ ദക്ഷിണ വാങ്ങി കഴിഞ്ഞതും, ആദിയും ഗോപികയും ദക്ഷിണ വാങ്ങി.എല്ലാവരും കഴിഞ്ഞില്ലേ, ഇനി ആരും ഇല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും കൊടുത്ത് ചടങ്ങ് അവസാനിപ്പിക്കാം ” തല മൂത്ത കാരണവർ പറഞ്ഞു.” ഇല്ല കഴിഞ്ഞില്ല,ചേച്ചി ഉണ്ട്……. ” ഋഷി പറഞ്ഞു. ആര് നേത്രയോ……..ആ കുട്ടിക്ക് ദക്ഷിണ കൊടുക്കാൻ പാടില്ല, വിധവയല്ലേ ” കൂട്ടത്തിൽ ആരോ ഒരാൾ പറഞ്ഞു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, ഞാൻ ഈ പടി ഇറങ്ങുന്നുണ്ടെങ്കിൽ അത് ചേച്ചിക്ക് ദക്ഷിണ കൊടുത്തിട്ടായിരിക്കും ” ഋഷി ഉറപ്പിച്ച് പറഞ്ഞു.

“അത് വേണ്ട ഋഷി, അത് ശരിയാവില്ല ” വല്യമ്മ പറഞ്ഞു. എന്നേക്കാൾ നാല് വയസ്സ് മൂത്തതാണ് ചേച്ചി.എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ചടങ്ങാണ് ഇന്ന് നടക്കാൻ പോകുന്നത്, അതിന് എനിക്ക് ചേച്ചിയുടെ അനുഗ്രഹം വേണം ” ഋഷി നേത്രയുടെ അടുത്തേക്ക് ചെന്ന് അവൾക്ക് നേരെ വെറ്റിലയും പാക്കും നീട്ടി.നേത്ര വേണ്ടെന്ന് പലതവണ പറഞ്ഞെങ്കിലും അവൻ പിന്മാറിയില്ല,നേത്ര നിസ്സഹായ വേണുവിനെ നോക്കി, വേണു കണ്ണടച്ച് സമ്മതം കൊടുത്തതും, നേത്ര കൈ നീട്ടി ഋഷി അവളുടെ കൈയിലേക്ക് അത് വെച്ച് കാലിൽ തൊട്ട് തൊഴുതു.നേത്ര രണ്ട് കൈയും അവന്റെ തലയിൽ വെച്ച് അവനെ കണ്ണിരോടെ അനുഗ്രഹിച്ചു.
അവസാനമായി വേണുവിനും ശ്രീജക്കും ദക്ഷിണ നൽകി അവർ കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് തിരിച്ചു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജോയൽ കാർ അമ്പലത്തിന്റെ കോമ്പൗണ്ടിലേക്ക് കയറ്റി ഒതുക്കി പാർക്ക്‌ ചെയ്തു.അദ്രി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഈ അമ്പലമുറ്റത്ത്, തന്റെ ജീവിതത്തിലെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും തന്നോട് ചേർന്ന് നിന്നിരുന്ന ഒരു ഭാഗമായിരുന്നു ഈ ക്ഷേത്രം. ഇവിടുത്തേ ഉത്സവവും , കളമെഴുത്തിനും പാട്ടിനും ഒക്കെ ജീവിതത്തിൽ അത്രമേൽ പ്രാധാന്യമുണ്ട്.ഒടുവിൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും ഓടി വന്നത് ഈ മുറ്റത്തേക്കായിരുന്നു” അദ്രി അമ്പലത്തിന്റെ മുന്നിലെ ആൽത്തറയിലേക്ക് നോക്കി.നാല് വർഷങ്ങൾക്ക് മുൻപ്, തറവാട്ടിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു രാത്രി മുഴുവൻ ഇരുട്ടി വെളുപ്പിച്ചത് ഈ ആൽത്തറയിലായിരുന്നു,ഈ മണ്ണിലേക്ക് എത്തുമ്പോൾ ഉള്ളിൽ എരിയുന്ന അഗ്നിക്ക്‌ ഒരു ശമനം വന്നതുപോലെ തോന്നും”
അദ്രിയുടെ ചിന്തകൾ അങ്ങനെ പുറകിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു.

” മോനെ……. അദ്രി…… ” മുരളി അദ്രിക്ക് അടുത്തേക്ക് എത്തി.” അച്ഛാ…….” അദ്രി മുരളിയെ കെട്ടിപിടിച്ചു.എന്റെ കുട്ടി വന്നൂല്ലോ, അച്ഛന് സന്തോഷമായി, മഹി വന്നില്ലേ ” മുരളി ചോദിച്ചു.
” ഇല്ല അച്ഛാ………. ഞാൻ അവനോട് ചോദിച്ചില്ല, അവൻ വന്നതുമില്ല” അദ്രി പറഞ്ഞു.
അത് ഒരുകണക്കിന് നന്നായി, നേരിൽ കണ്ടാൽ ഒരുപക്ഷെ അത് ശരിയാവില്ല ” മുരളി പറഞ്ഞു.
എന്തിനായിരുന്നു പാവം അവനോട് ശിവ ഇത് ചെയ്തത്, എന്നോട് ഉള്ള ദേഷ്യം എന്നോട് തീർത്താൽ പോരായിരുന്നോ ” അദ്രി ചോദിച്ചു.

” അവളുടെ തീരുമാനങ്ങളും , വാശിയും മറ്റാരേക്കാളും നിനക്ക് നന്നായി അറിയാല്ലോ, അനിയത്തിയുടെ എല്ലാ വാശിക്കും കൂട്ട് നിന്നിട്ടുള്ളത് നീ തന്നെ അല്ലേ ” മുരളി ചോദിച്ചു.” മ്മ്മ്……..,
എല്ലാവരും എത്തിയോ…… “അദ്രി തിരക്കി.
എത്തി……… ശിവ അവിടെഓഡിറ്റോറിയത്തിന്റെ റൂമിൽ ഉണ്ട്, പയ്യൻ ഇവിടെ അമ്പലത്തിലേക്ക് തൊഴാൻ പോയിട്ടുണ്ട്, നീ വാ ഞാൻ പയ്യനെ കാട്ടി തരാം ” മുരളി അവനെ വിളിച്ചുകൊണ്ട് അമ്പലത്തിന്റെ മുന്നിലേക്ക് ചെന്നതും ഋഷി അമ്പലത്തിൽനിന്നും തൊഴുത് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

” മോനെ……. ഋഷി…….. ” മുരളി ഋഷിയെ വിളിച്ചു.എന്താ അച്ഛാ……….. ” ഋഷി മുരളിയുടെ അടുത്തേക്ക് വന്നു. മോനെ ഒരാളെ പരിചയപെടുത്താൻ വിളിച്ചതാണ്,
ഇത് അദ്രി……. ശിവയുടെ ഏട്ടൻ, എന്റെ രണ്ടാമത്തെ മകൻ “മുരളി അദ്രിയെ ഋഷിക്ക് പരിചയപ്പെടുത്തി.ഋഷി ചിരിയോടെ അദ്രിക്ക് മുന്നിലേക്ക് ഷേക്ക്‌ഹാൻഡിനായി കൈ നീട്ടി.
ഋഷിയിൽനിന്ന് അദ്രി അങ്ങനെ ഒരു പ്രവർത്തി പ്രതീക്ഷിച്ചില്ല, അതുകൊണ്ട് തന്നെ അമ്പരന്ന് പോയിരുന്നു, അദ്രി അവന്റെ കൈ ഋഷിയുടെ കൈയിലേക്ക് ചേർത്ത് വെച്ച് ഷേക്ക്‌ഹാൻഡ് കൊടുത്തു.

” ശിവ പറഞ്ഞ് എനിക്ക് ഏട്ടനെ അറിയാം” ഋഷി പറഞ്ഞു.ശിവ പറഞ്ഞുള്ള അറിവാണെങ്കിൽ നല്ലതൊന്നും കേൾക്കാൻ വഴിയില്ല ” അദ്രി പറഞ്ഞു.
ശിവ അവളുടെ പണ്ടത്തെ ഏട്ടനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്, ശിവയുടെ അദ്രിഏട്ടനെ എനിക്ക് നന്നായി അറിയാം, കല്യാണത്തിന് ഉണ്ടാവുമെന്ന് കരുതിയില്ല, കണ്ടതിൽ സന്തോഷം, ഞാൻ അങ്ങോട്ട് ചെല്ലട്ടെ, അവിടെ എന്നെ അന്വേഷിക്കുന്നുണ്ടാവും ” ഋഷി അദ്രിയോട് പറഞ്ഞിട്ട് അവരെ മറികടന്ന് മുന്നോട്ട് നടന്നു.അദ്രി, ഋഷി പോകുന്നതും നോക്കി നിന്നു.

” ഋഷി, നല്ല പയ്യനാ അദ്രി,അവന്റെ കൈയിൽ ശിവ സുരക്ഷിതയായിരിക്കും ” മുരളി പറഞ്ഞു.
എനിക്ക് അറിയാം അച്ഛാ……..അച്ഛൻ ഈ വിവാഹകാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ ഋഷിയെക്കുറിച്ച് അന്വേഷിച്ചിരുന്നു, അവനെപ്പറ്റയും അവന്റെ കുടുംബത്തെപ്പറ്റിയും നല്ല അഭിപ്രായമാണ് എല്ലാവർക്കും,ശിവക്ക് എന്നോട് വെറുപ്പാണെങ്കിലും എനിക്ക് അവളുടെ കാര്യം നോക്കാതിരിക്കാൻ പറ്റില്ലല്ലോ ” അദ്രി പറഞ്ഞു. മ്മ്മ്……
നീ തോഴുതില്ലല്ലോ , പോയി തൊഴുതിട്ട് വാ, ഞാൻ അങ്ങോട്ട് ഒന്ന് ചെല്ലട്ടെ, അവിടെ കാര്യങ്ങൾ എന്തായെന്ന് നോക്കിട്ട് വരാം ” മുരളി പറഞ്ഞു.

അദ്രി അമ്പലത്തിലേക്ക് കയറാൻ തുടങ്ങിയതും ഭൈമി അവന്റെ അടുത്തേക്ക് വന്നു,നമുക്ക് ഒരുമിച്ച് തൊഴാം “ഭൈമി പറഞ്ഞു” അവൻ എവിടെ ” അദ്രി തിരക്കി.അവൻ അവിടെ പെൺപിള്ളേരെ വായി നോക്കി നിൽപ്പുണ്ട്, അവൻ അതിനല്ലേ കെട്ടി ഒരുങ്ങി വന്നത്, അവന്റെ കലാപരിപാടി നടക്കട്ടെ, പാവത്തെ ഡിസ്ട്രബ് ചെയ്യണ്ട ” ഭൈമി പറഞ്ഞു.
ഭൈമി പറഞ്ഞത് കേട്ടതും അദ്രിക്ക് ചിരി വന്നു.
അദ്രി ഭൈമിയോടൊപ്പം അമ്പലത്തിലേക്ക് കയറി.
പത്ത് മണി കഴിഞ്ഞതുകൊണ്ട് തന്നെ നടക്കട്ടെ അടിച്ചിരുന്നു.

അദ്രി അടച്ചിട്ടിരുന്ന ശ്രീക്കോവിലിന്റെ മുന്നിൽ ചെന്ന് കണ്ണുകളടച്ചു പ്രാത്ഥിച്ചു നിന്നു. ഭൈമിയും അവന്റെ തൊട്ട് അടുത്തയായി നിന്നു.ദേവി…….. എനിക്ക് ഇവനെ ഒരുപാട് ഇഷ്ടമാണ്, ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ, അങ്ങനെ എന്റെ ഇഷ്ടം ഇവൻ അംഗീകരിച്ചാൽ ഇവന് ഏറ്റവും പ്രിയപ്പെട്ട ഈ തിരുനടയിൽ വെച്ച് തന്നെ ഞങ്ങള് വിവാഹത്തിരയിക്കോളാം ” ഭൈമി അവളുടെ മനസ്സിലുള്ള ആഗ്രഹം പറഞ്ഞു.എന്റെ ശിവ ഒരു പാവമാണ്, വാശിയും ദേഷ്യവും ഉണ്ടെന്നേ ഉള്ളൂ, ഇപ്പോ അവൾ എടുത്തിരിക്കുന്നു ഈ തീരുമാനം ഒരിക്കലും തെറ്റായിപോയെന്ന് തോന്നാൻ ഇടവരുത്തരുത്, അത് അവൾക്ക് താങ്ങാൻ പറ്റില്ല ” അദ്രി കണ്ണുകളടിച്ചു മനസ്സിൽ പ്രാത്ഥിച്ചു.

പ്രാർത്ഥിച്ച് അവര് പുറത്തേക്ക് ഇറങ്ങിയത് ഭാമയുടെയും ജയപ്രഭയുടെയും മുന്നിലേക്കായിരുന്നു.
അദ്രിയെ കണ്ടതും രണ്ടുപേരുടെയും ഉള്ള് ഒന്ന് പിടഞ്ഞു.ഭാമയുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു, ഭാമ അവനെ തന്നെ നോക്കി നിന്നു.
നീണ്ട നാല് വർഷങ്ങൾക്ക് ശേഷം മകനെ കണ്ട സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിച്ചു. അമ്മേ…….. ” അദ്രി മുന്നിലേക്ക് ചെന്ന് ഭാമയെ വിളിച്ചു.പെട്ടെന്ന് എന്തോ ഓർത്തപോലെ ഭാമയുടെ മുഖത്തെ സന്തോഷം മാറി അവിടെ ദേഷ്യം നിറഞ്ഞു.ദേഷ്യത്തിൽ അവനെ നോക്കിയ ശേഷം ഭാമ വേഗത്തിൽ അവിടെ നിന്നും പോയി.
അമ്മ നടന്ന് അകന്നതും അദ്രിയുടെ മുഖം ഒന്ന് മങ്ങി.പിന്നീട് അവന്റെ ശ്രദ്ധ തൊട്ടുമുന്നിൽ നിൽക്കുന്ന ജയപ്രഭയിലേക്ക് നീണ്ടു.

” അച്ഛമ്മേ……. ” അദ്രി കുനിഞ്ഞു അവരുടെ കാലിൽ തൊട്ടു.അദ്രി അങ്ങനെ ചെയ്തതും അവരുടെ കണ്ണുകൾ നിറഞ്ഞു, കൈ അറിയാതെ അവന്റെ തലയിലേക്ക് നീണ്ടതും, ശാസനയോടെ പ്രഭ ആ കൈ തിരികെ എടുത്ത് നെഞ്ചിലേക്ക് ചേർത്ത് വച്ചു എന്റെ കുട്ടിയെ കാത്തോണേ ദേവി” പ്രഭ മനസ്സിൽ പ്രാത്ഥിച്ചു.നിറഞ്ഞ കണ്ണുകൾ അദ്രി കാണാതിരിക്കാൻ പ്രഭ പെട്ടെന്ന് തന്നെ അവിടെന്ന് മാറിയിരുന്നു.പ്രഭ പോയതും അദ്രിയുടെ ചുണ്ടിൽ ഒരു ചിരി വിരഞ്ഞു, തോറ്റുപോയവന്റെ ചിരി, എല്ലാം നഷ്ടപ്പെട്ടവന്റെ ചിരി.

” അദ്രി…….. ” ഭൈമി അവന്റെ അടുത്തേക്ക് വന്നു.നമ്മള് ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയല്ലേ ഇങ്ങോട്ട് വന്നത്, നീ അത് വിട് ” ഭൈമി പറഞ്ഞു.
എനിക്ക് അറിയാം, പക്ഷെ നേരിട്ട് ഇവര് ഇങ്ങനെ പെരുമാറുമ്പോൾ ഉള്ളിൽ വല്ലാത്ത വേദന ” അദ്രി നിറഞ്ഞ കണ്ണുകൾ തുടച്ചു.”നിനക്ക് ശിവയെ കാണേണ്ടേ, വാ……”മുരളി അവന്റെ അടുത്തേക്ക് വന്നു.വേണ്ട അച്ഛാ, അവള് മണ്ഡപത്തിലേക്ക് വരുമ്പോൾ ഞാൻ കണ്ടോളാം, ഞാൻ ഇപ്പോ അവളുടെ മുന്നിൽ പോയാൽ അവൾക്ക് അത് ഇഷ്ടമാവില്ല, വെറുതെ അവളുടെ ഒരു നല്ല ദിവസം കളയണ്ട”അദ്രി പറഞ്ഞു.

” എന്നാലും സാരില്ല, നീ വാ, അവള് എന്തെങ്കിലും പറഞ്ഞാലും അത് നിന്റെ കുഞ്ഞ് അനിയത്തി ആണെന്ന് കരുതി ക്ഷമിക്ക്. എല്ലാം ക്ഷമിക്കുന്നവനല്ലേ നീ” മുരളി അവനെയും കൂട്ടി ശിവയുടെ മുറിയിലേക്ക് നടന്നു.മുരളി ഡോറിൽ തട്ടിയതും ഡോർ തുറന്നത് അർച്ചനയാണ് ( അഭിഷേക്കിന്റെ ഭാര്യ )” എന്താ ചെറിയച്ച……. ” അർച്ചന തിരക്കി” ശിവ എവിടെ മോളെ…….
അദ്രി വന്നിട്ടുണ്ട് അവന് ഒന്ന് കാണാനാണ് ” മുരളി പറഞ്ഞു.” എനിക്ക് ആരെയും കാണേണ്ടെന്ന് പറഞ്ഞേക്ക് ഏട്ടത്തിക്ക്, കല്യാണത്തിന് അങ്ങനെ പലരും വരും അവരെയെല്ലാം ഇങ്ങോട്ട് കൊണ്ടുവരാൻ നിൽക്കണ്ടെന്ന് അച്ഛനോട് പറഞ്ഞേക്ക് ” ശിവ അകത്ത് നിന്നും വിളിച്ചു പറഞ്ഞു.

അവളുടെ മറുപടി കേട്ടതും അർച്ചന സങ്കടത്തോടെ മുരളിയെ നോക്കി.മുരളി അദ്രിയുടെ മുഖത്തേക്ക് നോക്കിയപ്പോ അവിടെ ഭാവമാറ്റം ഒന്നുമില്ല.അച്ഛനോട് ഞാൻ പറഞ്ഞതല്ലേ വേണ്ടെന്ന്, എനിക്ക് അറിയാം അവള് ഇങ്ങനെയേ പ്രതികരിക്കു.അവള് ഈ അദ്രിയുടെ കൂടപ്പിറപ്പല്ലേ ” അദ്രി പറഞ്ഞു. മോനെ എന്നാലും ” മുരളിക്ക്‌ വല്ലാത്ത സങ്കടമായി.” അച്ഛൻ വിഷമിക്കണ്ട, ആര് എങ്ങനെ പെരുമറിയാലും അത് ഉൾകൊള്ളാൻ എനിക്ക് പറ്റും, അച്ഛൻ ചെല്ല് അവിടെ അച്ഛന്റെ ആവിശ്യം ഉണ്ടാകും, ഞാൻ ഇവിടെ തന്നെ കാണും, കല്യാണം കണ്ട് സദ്യയും ഉണ്ടിട്ടേ പോകൂ ” അദ്രി മുരളിയെ പറഞ്ഞയച്ചു.

അദ്രി വെളിയിലേക്ക് വന്നതും ജോയലും ഭൈമിയും അവനെ കാത്ത് പുറത്തുണ്ടായിരുന്നു.അദ്രി……. നീ ഇത് വിട് എന്നിട്ട് എന്നെ ഇവിടെയൊക്കെ ഒന്ന് കാണിക്ക്, ഞാൻ ആദ്യമായിട്ടല്ലേ ഇങ്ങോട്ട്, എന്ത് ഭംഗിയാണ് ഈ അമ്പലവും പരിസരവും ഒക്കെ കാണാൻ, നിനക്ക് അറിയാല്ലോ ജനിച്ചു വളർന്നത് മുഴുവൻ ബാംഗ്ലൂരായതുകൊണ്ട് ഇതൊക്കെ എനിക്ക് പുതുമയുള്ള കാഴ്ചകളാണ്, നീ വാ ” ഭൈമി പറഞ്ഞു.നിങ്ങള് ചെല്ല്, ഞാൻ ഇവിടെ ഇരുന്നോളാം, എനിക്ക് ഇപ്പോ അതിനുള്ള ഒരു മൈൻഡ് സെറ്റ് അല്ല,ഈ ചടങ്ങ് കഴിഞ്ഞ് എങ്ങനെങ്കിലും ഇവിടുന്ന് പോണം, അത്രേ ഉള്ളൂ” അദ്രി പറഞ്ഞു.

” എടി അവനെ വിട്ടേക്ക്……..
ഞാൻ വരാം നിന്റെ കൂടെ, എടാ ഞങ്ങള് ഒന്ന് കറങ്ങിട്ട് വരാം” ജോയൽ ഭൈമിയുമായി നടന്നു.
അദ്രി ആൽമരച്ചുവട്ടിലേക്ക് നടന്നു. എതിരെ നടന്നുവരുന്നവരൊക്കെ ഒരു നികൃഷ്ട ജീവിയെ പോലെ തന്നെ നോക്കുന്നത് അദ്രിക്ക് മനസിലായെങ്കിലും അദ്രി അത് കാര്യമാക്കിയില്ല.
തന്നെ കാണുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന വെറുപ്പ് അവന് നന്നേ പരിചിതമായിരുന്നു.
എല്ലാവരുടെയും നോട്ടങ്ങളും മുറുമുറുപ്പുകളും അവഗണിച്ചു അദ്രി ആൽമരചുവട്ടിലേക്ക് ഇരുന്നു.
ഫോണിൽ നോക്കി ഇരിക്കുമ്പഴാണ്, അവന്റെ അടുത്ത് ഒരു വണ്ടി വന്ന് നിന്നത്.
അതിൽ നിന്ന് മൂന്നാല് മൂന്നാലുപേര് ഇറങ്ങി.
അദ്രിക്ക് അവരെ കണ്ടതും എന്തോ ഒരു പന്തികേട് തോന്നി.തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുകയും, ഫോൺ ചെയ്യുന്നുമൊക്കെയുണ്ട്.
ആകെ മൊത്തത്തിൽ അദ്രിക്ക് അവരുടെ പ്രെസെൻസ് ഒരു നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കി.
അധികമാരും ശ്രദ്ധിക്കാതെ കല്യാണം നടക്കുന്ന മണ്ഡപത്തിലേക്ക് നടക്കുന്ന,അവരുടെ കണ്ണിൽ പെടാതെ അദ്രി അവരെ ഫോളോ ചെയ്യാൻ തുടങ്ങി.

തുടരും