23/04/2026

സ്നേഹബന്ധനം : ഭാഗം 11

രചന – രോഹിണി ആമി

തുമ്പി മാത്രമാണ് ദേവന്റെ ഏക ആശ്രയം….. ഇടയ്ക്കു മായ വരും മുറിയിലേക്ക് ……കുറച്ചു നേരം സംസാരിച്ചിരിക്കും…….. പഴയതെല്ലാം മറന്ന് ദേവനും…….. വേദന നന്നായിട്ടു മാറി വരുന്നുണ്ട്…… തുമ്പിയാണ് ഇപ്പോഴും മരുന്ന് തരുന്നത്…… മീന തരുമ്പോൾ വാങ്ങാറില്ല…… ആദ്യം നിന്റെ മൗനത്തിനു കാരണം പറ…… എന്നിട്ട് വാങ്ങാം….. എങ്കിലും ഒന്ന് നിർബന്ധിച്ചു കഴിപ്പിച്ചു കൂടെ ഇവൾക്ക്….. അതുമില്ല…….. തുമ്പിയുടെ കുഞ്ഞുവായിൽ നിന്നും അവളുടെ അമ്മയുടെ കാര്യങ്ങൾ കേൾക്കാൻ രസമാണ്….. മായയെ അമ്മ എന്നു വിളിക്കില്ല അവൾ…… മായമ്മയാണ് മായ…….. അമ്മ അവളു കണ്ടു വളർന്ന മീന തന്നെയാണ്….. സ്നേഹവും കൂടുതൽ അവളോട്‌ തന്നെ……. കുറച്ചു നേരം പോലും കാണാതിരിക്കാൻ പറ്റില്ല…. തേടിച്ചെല്ലും…… അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് അമ്മ ഇന്നലെ കരഞ്ഞെന്നു പറഞ്ഞത്……

എന്തിനാ നിന്റെ അമ്മ കരഞ്ഞത്….. ആ……അരിയൂല ….. അവൾ കൈ മലർത്തി കാണിച്ചു….. ഇനി അമ്മ കരഞ്ഞാൽ തുമ്പി കെട്ടിപ്പിടിച്ചു പറയണം… കരയണ്ട…. അമ്മക്ക് ഞാനില്ലേന്ന്…. പറയുവോ….. മ്മ്…. തലയാട്ടി….. അപ്പോ അച്ഛ ഇല്ലേ…… അച്ഛയും ഉണ്ട്……. എന്നാലും തുമ്പിയോടല്ലേ അമ്മക്ക് ഏറെയിഷ്ടം…… മ്മ്….. അതിനും തലയാട്ടി….. എത്ര ഉമ്മ കൊടുത്താലും മതിയാവില്ല കള്ളിപ്പാറുവിന്….. ഒരു രാത്രി മായയുടെ കൂടെ കിടക്കാൻ ചെന്ന മീനയെ മായ തടഞ്ഞു….. നിനക്കു എങ്ങനെ കഴിയുന്നു മീനു…. എന്നെ വിശ്വസിച്ചു കൂടെ കിടക്കാൻ…..വിശ്വസിച്ചു ഒന്ന് കണ്ണടയ്ക്കുവാൻ……

നിന്റെ സ്നേഹം കാണുമ്പോൾ വിഷമം കൂടി വരികയാണ്….. ചിലപ്പോൾ തോന്നാറുണ്ട് തുമ്പിയിലൂടെ നിന്നോട് ചെയ്തതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം ന്ന്……. നീ ഭാഗ്യം ചെയ്തവളാണ് മീനു …. ഇതുപോലെ നിന്നെ സ്നേഹിക്കുന്ന ഒരാളെ നിനക്ക് വേറെ കിട്ടില്ല മോളെ…… അത്രയും കാലം കൂടെ കഴിഞ്ഞിട്ടും ഒന്നു തൊട്ടിട്ടു കൂടിയില്ല എന്നെ…… ഇത്രയൊക്കെ ചെയ്തിട്ടും എന്റെ തുമ്പിയെ സ്വന്തം പോലെയല്ലേ നോക്കുന്നത്……… ഇനിയും ഞാൻ നിങ്ങളെ രണ്ടാളെയും പിരിക്കുന്നില്ല …. പോയി ദേവേട്ടന്റെ കൂടെ കിടന്നോളൂ…. എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല….. പൊക്കോളു…… മായ നിർബന്ധിച്ചു മീനുവിനെ പറഞ്ഞ് വിട്ടു….. മീനു വെളിയിലേക്ക് നടന്നു….. തൂണിൽ ചാരിയിരുന്നു…… പിരിയണ്ടന്നോ…… എപ്പോഴേ പിരിഞ്ഞു കഴിഞ്ഞു……… ശരിക്കും വിഡ്ഢിവേഷം കെട്ടിയത് ഞാനല്ലേ……എല്ലാവരും അവരവരുടെ സ്വാർത്ഥത ക്കുവേണ്ടി തന്നെ ഒരു വിഡ്ഢി ആക്കുവായിരുന്നു….. അച്ഛന് പറയാമായിരുന്നു……

എന്തിനു…. അദ്ദേഹത്തിന് പറയാമായിരുന്നു….. ഒന്നും പറയാതെ കൊണ്ടു നടന്നിട്ട് അവസാനം എന്നെക്കൊണ്ട് ഒരു കൊടുംപാതകവും ചെയ്യിച്ചു….. ഇന്നും ഓർക്കുമ്പോൾ ശരീരം വിറക്കും…… കയ്യിൽ ചോര ഉണ്ടെന്നു തോന്നും….. ഉറങ്ങിയിട്ടില്ല സമാധാനത്തോടെ…… അതിനു ശേഷം…. ദേവേട്ടൻ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിക്കുന്നില്ലെങ്കിലും കുറച്ചെങ്കിലും മറുത്തൊന്നു ചിന്തിക്കാൻ പറ്റിയേ നെ…….. അന്ന് പറഞ്ഞത് എത്ര ശരിയാണ്… വെറുപ്പ് അവസാനിക്കുമ്പോൾ മനസ്സിൽ കുറച്ചെങ്കിലും ജയദേവ് ഉണ്ടാകുമെന്ന്……. ശരിയാണ്……. കുറച്ചല്ല…… ഇപ്പോൾ മുഴുവനും ജയദേവ് ആണ്……… ആ മനസ്സിൽ പക്ഷെ എന്നോട് ദേഷ്യം ആവും ഉണ്ടാവുക …….. ഞാൻ കണ്ടതാണല്ലോ….. ഒന്ന് തൊടാൻ കൂടി സമ്മതിച്ചിട്ടില്ല…….

അല്ലെങ്കിൽ തന്റെ അനക്കം പോലും മനസ്സിലാക്കി മുതലെടുക്കുന്നയാളാണ്…….ഒളിഞ്ഞും തെളിഞ്ഞും തന്നെ ചേർത്തു പിടിക്കാനുള്ള അവസരങ്ങൾ ഒന്നും കളയാത്ത ആളാണ്‌………… ഇനി അതൊന്നുമുണ്ടാവില്ല…….. താലിയുടെ ബലത്തിലാണ് അങ്ങനെയൊക്കെ ദേവേട്ടൻ ചെയ്തതെന്നറിയാം….. അറിയാതെ കഴുത്തിലേക്ക് കൈകൾ കഴുത്തിലേക്ക് നീണ്ടു…….. ഒരിക്കൽ അതൊരു ബന്ധനം ആയിട്ടു തോന്നിയതാണ്…… ഇന്ന് അതിനു വേണ്ടി കൊതിക്കുകയാണ്…… തന്നോട് നല്ല ദേഷ്യമുണ്ട്…… അത് കൂട്ടണ്ടാന്നു വെച്ചാണ് മിണ്ടാതിരിക്കുന്നത്……. അടുത്തേക്ക് ചെല്ലാത്തത്…… ക്ഷമിക്കാൻ ആവില്ല എന്നോട് ഒരിക്കലും……. മുറിയിലേക്ക് നടന്നു….. ഷെൽഫിൽ നിന്നും ഒരു കവറിൽ സൂക്ഷിച്ചുവച്ചിരുന്ന ആ സാരി എടുത്തു…..

.ദേവന്റെ രക്തം തുടച്ച സാരി…..എടുത്തു മുഖത്തേക്ക് ചേർത്ത് വച്ചു കരഞ്ഞു…… നെഞ്ചിൽ ചേർത്തുവച്ചു നിലത്തു കിടന്നു…… അറിയാതെ മയങ്ങി……. തുമ്പി ദേവേട്ടന്റെ കൂടെയാണ്…. ഉറക്കത്തിൽ കാലെടുത്തു ദേഹത്തിടും…… മുറിവിൽ തട്ടിയാലോ……… മീന എണീറ്റു ദേവന്റെ മുറിയിലേക്ക് നടന്നു……. ദേവന്റെ കയ്യിൽ തല വെച്ചു സുഖമായി ഉറങ്ങുവാണ് അവൾ…… കുറച്ചു നേരം നോക്കി നിന്നു മീന….. അന്നത്തെ പോലെ കൈ നീട്ടി തന്നെയും കൂടിയൊന്നു സ്വീകരിച്ചിരുന്നുവെങ്കിൽ….. തുമ്പിയെ അദ്ദേഹത്തിൽ നിന്നും അകറ്റാൻ താനും നോക്കിയതാണ്….. തനിച്ചാക്കിയതിൽ ഒരു കാരണക്കാരി ഞാൻ കൂടിയാണ്….. ആ വേദന എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്…. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ട അവസ്ഥ…… നമ്മൾ ചെയ്യുന്നതിന്റെ ഫലം നമുക്കും ഒരിക്കൽ അനുഭവിക്കേണ്ടി വരും…..

സമ്മതിച്ചാൽ ഒരിക്കലെങ്കിലും കാലിൽ വീണു മാപ്പു ചോദിക്കണം….. കൂടെ ജീവിക്കാൻ അനുവദിക്കുമെങ്കിൽ…. ആ താലി ബന്ധനവും ബാധ്യതയുമല്ലാതെ നെഞ്ചോടു ചേർത്തിടണം……….. ഒരു പുണ്യം പോലെ….. നെറ്റിയിലെ സിന്ദൂരക്കറ മായാതെ ഒന്നുകൂടി ചുവപ്പിക്കണം….. തുമ്പിയെ എടുക്കാൻ വന്നതാണെങ്കിൽ വേണ്ട…….. അവളിന്ന് എന്റെ കൂടെ കിടന്നോളും……… ശബ്ദം കേട്ടു ചിന്തയിൽ നിന്നും മാറി മീന ദേവനെ നോക്കി …… ദേവൻ ബെഡിൽ എഴുന്നേറ്റിരുന്നു….. മീന അയാളുടെ കാൽക്കീഴിൽ വന്നിരുന്നു……. ബെഡിലേക്ക് മുഖം അമർത്തി പറഞ്ഞു…… എന്നോട് ഒരിക്കലും ക്ഷമിക്കാൻ പറ്റില്ലെന്നറിയാം…… ഇപ്പോൾ വെറുപ്പാണെന്നും അറിയാം….. എങ്കിലും ആ നിമിഷം അറിയാതെ ചെയ്തു പോയതാണ്….. അന്ന്… അങ്ങനെ ഒരവസ്ഥയിൽ ഹരിയേട്ടനെ കാണാൻ പറ്റാഞ്ഞിട്ടാ ഞാൻ……. ഓഹ്…. അന്നും കാമുകനെ രക്ഷിക്കാനായിരുന്നു ധൃതി…… മീന ഒന്നോർത്തില്ല……

അപ്പോഴും ഞാൻ നിന്റെ ഭർത്താവായിരുന്നു…….എന്നെ ഏതൊരാവസ്ഥയിലും നിനക്കു കാണാൻ പറ്റും അല്ലേ…..എനിക്കറിയാം അന്നും ഇന്നും നിന്റെ മനസ്സിൽ ഹരിയാണ്….. എന്തിനു ഇപ്പോഴും മനസ്സിൽ അവൻ തന്നെയല്ലേ…… മീന ദേഷ്യത്തിൽ ദേവനെ നോക്കി…… അന്നും ഇന്നും ഞാൻ വേറൊരു പെണ്ണിന്റെ ഭർത്താവിനെ ആഗ്രഹിച്ചിട്ടില്ല…. അത് നിങ്ങളെക്കാൾ നന്നായി വേറെയാർക്കും അറിയുകയുമില്ല…. മാത്രമല്ല ഞാൻ അന്നൊന്നും നിങ്ങളെ ഭർത്താവായി കണ്ടിട്ടില്ല….. മീന മുഖം വെട്ടിച്ചു പറഞ്ഞു… എല്ലാം പറഞ്ഞിട്ടുകൂടി നീയെന്നെ അങ്ങനെ കാണാൻ തയ്യാറല്ല……… അന്ന് മാത്രമല്ല…. ഇന്നും…. എന്നും…..അതുകൊണ്ടല്ലേ താലി വേണമെന്നു പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ തിരിച്ചു തന്നത്…… ഒരു പെണ്ണും ചെയ്യാത്ത…… മടിക്കുന്ന കാര്യം…..ചോദിക്കാൻ കാത്തിരിക്കും പോലെ…,ദേവൻ ദേഷ്യത്തിൽ മുഖം തിരിച്ചു…… മീന വിഷമത്തോടെ ദേവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു……. ഒരിക്കലുമില്ല…… ആ താലിയെക്കാൾ നിങ്ങളുടെ കണ്ണുനീരിനു വില കൊടുത്തതുകൊണ്ടു മാത്രമാണ് അന്നത് തന്നത്….. അല്ലാതെ….. മീന അന്നു മാത്രമേ ഞാൻ കരയുന്നത് കണ്ടുള്ളൂ…..

ഈ വീട്ടിൽ വന്നു കയറിയപ്പോൾ മുതൽ കരയുന്നതാണ് ഞാൻ….. പിന്നീട് മീനയെ ഓർത്തായി…. അല്ലെങ്കിൽ പറ എനിക്കു സന്തോഷിക്കാൻ എന്തെങ്കിലും നിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ……. അന്ന് എന്റെയരികിൽ ഓടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു…. ഞാൻ ആഗ്രഹിച്ചത് ആ സമയത്തു നീയെന്നെ ചേർത്തു പിടിക്കണമെന്നായിരുന്നു…… പക്ഷേ നിന്റെ മടിയിൽ ഹരിയുടെ ശരീരമായിരുന്നു…. കൈകളിൽ അവന്റെ മുഖമായിരുന്നു…… മുറിവിനെക്കാൾ വേദന ആയിരുന്നു ആ കാഴ്ച്ചക്ക്…..എനിക്കു സ്വന്തം എന്നു വിശ്വസിക്കുന്ന രണ്ടു പേരും ഞാൻ വെറുക്കുന്നവന് സ്വന്തം….. എന്റെ മനസ്സിൽ അന്നു തുടങ്ങിയ വെറുപ്പാണ് നിന്നോട്…. അതിന്നും ഓർക്കുമ്പോൾ കൂടി വരുന്നു….. കുറച്ചു നേരം ദേവൻ മിണ്ടാതെ ഇരുന്നു……… ഒരുപക്ഷേ എന്നെയൊന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ഞാൻ നിന്നോട് ക്ഷമിച്ചേനെ….. പിന്നീട് ഉണ്ടായിരുന്നത് സഹതാപത്തിന്റെ പേരിലുള്ള ശുശ്രുഷ ആയിരുന്നു…..

അന്ന് ഞാൻ കരഞ്ഞത് അവസാനമായാണ്….ഇനി നിന്നെയോർത്തു കരയാൻ എനിക്കു മനസ്സില്ല മീന ….. ഉപേക്ഷിച്ച ബന്ധങ്ങൾ ഒക്കെയും അങ്ങനെ തന്നെ ഇരിക്കട്ടെ….. ജീവിതത്തിൽ ഏറ്റവും ആവശ്യം പണമോ പദവിയോ അല്ല…. സമാധാനമാണ്….. അതെനിക്ക് വേണം…… ഇനിയെങ്കിലും…… ദേവൻ മനസ്സിലുണ്ടായിരുന്ന ദേഷ്യമെല്ലാം മീനയോട് പറഞ്ഞു തീർത്തു….. ഞാനായിട്ട് ആരുടേയും സമാധാനം കളയില്ല…. ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാനും പറയില്ല…. അറിയാം എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന്….. എന്നോട് ക്ഷമിക്കണമെന്നു പറയാൻ മാത്രമാണ് വന്നത്…. ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല……. ഒന്നും…… അറിഞ്ഞിരുന്നെങ്കിൽ……. മീനയുടെ വാക്കുകൾ മുറിഞ്ഞു….. അറിഞ്ഞിരുന്നെങ്കിൽ……. അറിഞ്ഞിരുന്നെങ്കിലെന്താ…… ഒന്നുകൂടി ആഴത്തിൽ കുത്തിയിറക്കിയേനെ അല്ലേ….. ദേവൻ ഒച്ചയുയർത്തി ചോദിച്ചു….. മീന ദയനീയമായി ഒന്നു നോക്കി…. എഴുന്നേറ്റു…. ഒന്നും പറയാതെ പോയി….

ഞാൻ അവളോട്‌ ക്ഷമിച്ചാൽ മാത്രം മതിയെന്ന്…… കൂടെ ജീവിക്കാൻ ഇഷ്ടമില്ലെന്നല്ലേ അതിനു അർത്ഥം…. ഞാൻ വീണ്ടും വിഡ്ഢി ആകുവാണോ….. കേട്ടറിവുള്ള നരകത്തിനേക്കാൾ ഭയാനകമാണ് പെണ്ണിന്റെ ചതി….. ഏതവസ്ഥയിലേക്കാണ് അത് കൊണ്ടുപോകുന്നതെന്ന് നമുക്കു പോലും അറിയാൻ പറ്റില്ല……. മായയ്ക്ക് ഇങ്ങനെ ഒരപകടം നടന്നില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഞാൻ ക്ഷമിക്കില്ലായിരുന്നു….. മീന അറിയാതെ ചെയ്തതാണെങ്കിലും …. എല്ലാം അറിഞ്ഞിട്ടും കൂടി അവളുടെ രീതികൾ എന്നെ ഭയപ്പെടുത്തുന്നു…. ഇനി ഒരു പരീക്ഷണം വയ്യ…. മീന മുറിയിൽ കണ്ണടച്ചു കിടന്നു…… ദേവൻ പറഞ്ഞതെല്ലാം ഓർത്തു….. ആരുടെയും മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു ശീലമില്ല…. അതുകൊണ്ടാണ് പെട്ടെന്നു ഇങ്ങ് പോന്നത്….. എല്ലാം പറഞ്ഞു തീർക്കാമെന്നു കരുതി പോയതാണ്….. ക്ഷമിക്കുമെന്ന് കരുതി പക്ഷേ…… ഒരിക്കലും ദേവന് താൻ ഒരു ശല്യമാകരുതെന്ന് മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു മീന ആ രാത്രിയിൽ …….

പിറ്റേന്ന് ദേവന് മീനയെ ഒന്നു കാണാൻ കൂടി കിട്ടിയില്ല…… തുമ്പി ഇടയ്ക്കിടെ വന്നുപോകും….. അവളോട്‌ പറഞ്ഞുവിട്ടു അമ്മയെ ഒന്നു വിളിക്കാൻ…. ഞാൻ വിചാരിച്ചു ഉടനെ വരുമെന്ന്….. ആ കുഞ്ഞിപ്പാറു കളിച്ചു ചിരിച്ചു നടന്നിട്ട് അവൾക്ക് തോന്നിയപ്പോഴാ പോയി പറഞ്ഞത്….. ആഹാ…. ചാകാൻ കിടക്കുമ്പോൾ അവളോടു വെള്ളം ചോദിക്കരുതെന്ന് അവൾ പറയാതെ പറഞ്ഞു….. ദേവൻ ചിരിച്ചു നോക്കിയത് മീനയുടെ മുഖത്തേക്കാണ്….. ചിരി മാഞ്ഞു….. അവൾ മേശയിൽ ചാരി നിലത്തേക്ക് നോക്കി നിന്നു …. ഞാൻ നാളെ പോകും…… എവിടെ എന്നുള്ള രീതിയിൽ മീന ദേവന്റെ മുഖത്തേക്ക് നോക്കി… ഇനിയിവിടെ ഏത് ബന്ധത്തിന്റെ പേരിൽ നിൽക്കുവാ ഞാൻ….. അച്ഛനോട് പോയിട്ടു വരുമെന്നേ പറയു……അദ്ദേഹത്തിനെ വിഷമിപ്പിക്കാൻ വയ്യ……. കൂടെ നിന്നത് അദ്ദേഹം മാത്രമാണ്..,.. സ്നേഹത്തിനുമപ്പുറം നന്ദിയാണ് അദ്ദേഹത്തോട്…….മീന പറഞ്ഞതുപോലെ ഈ ബന്ധത്തിന് ആയുസ്സ് തീരെ കുറവായിരുന്നു………. അതിനു ജനിക്കാത്ത ബന്ധത്തിന് എങ്ങനാ ആയുസ്സ് ഉണ്ടാവുക ല്ലേ …മീന നിന്നു ബുദ്ധിമുട്ടണമെന്നില്ല … പൊയ്ക്കോളൂ …… അവളുടെ നിൽപ്പു കണ്ടപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്….. ഒന്നും മിണ്ടാതെ അവളും പോയി……

ഒരു യാത്ര കഴിഞ്ഞു വന്ന് വീട് തുറന്നതും നിലത്തു കിടക്കുന്ന ഒരു ലെറ്റർ ആണ് കണ്ണിൽ പെട്ടത്…… തിരിച്ചു നോക്കി….. അച്ഛനാണ്……. ഒരു വർഷം ആകുന്നു അവിടെ നിന്നും പോന്നിട്ട്……. വല്ലാത്തൊരു ആഗ്രഹത്തോടെ അതു പൊട്ടിച്ചു……… ദേവന്… സുഖമാണോ നിനക്കു…… ഇവിടെ നിന്നും പോകുമ്പോൾ തിരിച്ചു വരും എന്നാണ് നീ പറഞ്ഞത്…… കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനസ്സിലായി അതു വെറുതെ ആണെന്ന്…… അല്ലെങ്കിൽ നീ നിന്റെ മൊബൈൽ നമ്പർ മാറ്റില്ലായിരുന്നല്ലോ….. പക്ഷേ നീ വെറുതെ പറഞ്ഞതാണെങ്കിലും അതു വിശ്വസിച്ചു ഒരാൾ ഇവിടെ ഇരുപ്പുണ്ട് വഴിയിലേക്ക് നോക്കി….. മീനു……. ഇനിയും പറഞ്ഞില്ലെങ്കിൽ അവളുണ്ടാവില്ലന്നു തോന്നി…. അവളുടെ ജീവനും ജീവിതവും തുമ്പിയിലേക്കു മാത്രം ഒതുങ്ങിയിരിക്കുന്നു…..എനിക്കു പേടിയുണ്ട് മോനേ …. തുമ്പി തിരിച്ചറിവിലേക്ക് വരുമ്പോൾ മീനു തനിച്ചാവില്ലേ….. മുഴുഭ്രാന്തിയായി മാറും…..

ഇന്നലെയാണ് ഞാൻ അറിഞ്ഞത് അവൾക്കുള്ളതെല്ലാം മായയുടെയും ഹരിയുടെയും പേരിൽ ആക്കിയെന്ന്….. അവൾ പറഞ്ഞില്ല എന്നോട് ഇതുവരെ…… അഭിപ്രായം പോലും ചോദിച്ചില്ല എന്നോട്….സ്വയം ശിക്ഷിക്കും പോലെയാണ് അവളുടെ ഓരോ പ്രവർത്തിയും……അവളെ സ്വീകരിക്കാൻ പറയില്ല അച്ഛൻ……. നിനക്കു ക്ഷമിക്കാൻ ആവില്ലായിരിക്കും…… എങ്കിലും അവളോട്‌ ഒന്നു സംസാരിക്കണം നീ…..ആ മനസ്സൊന്നു തണുപ്പിക്കാൻ നിന്നെക്കൊണ്ടേ കഴിയു…..ഞാൻ ഇല്ലാതായാൽ ആരുമുണ്ടാവില്ല അവൾക്ക്….. ശരീരത്തിന് ക്ഷീണമില്ലെങ്കിലും പലതും കാണുമ്പോൾ മനസ്സ് തളരുന്നു….. അങ്ങോട്ട്‌ നിന്നെ കാണാൻ വന്നാൽ ആ ദിവസങ്ങളിൽ മീനു തനിച്ചാവും…… അച്ഛന് പേടിയുണ്ട് ……… നീ വരുമെന്ന് അച്ഛൻ വിശ്വസിക്കുവാ ദേവാ ……. നിർത്തുന്നു….. ദേവൻ ആ പേപ്പർ പിടിച്ചു ഒരേ നില്പു നിന്നു…. മീനമ്മാ……. നീയെന്നെ വീണ്ടും വീണ്ടും തോൽപ്പിക്കുവാണോ…. ദേവൻ മനസ്സിൽ ചോദിച്ചു……… തുടരും……