18/04/2026

ലയനം : ഭാഗം 30

രചന – നിള നന്ദ

 

ഐ സി യൂ വിന് മുന്നിൽ ഇരിക്കുമ്പോൾ ആകെ തളർന്ന് പോവുന്നത് പോലെ തോന്നി സാരംഗിന്.. ഷർട്ടിൽ ഉണങ്ങി പിടിച്ച രക്തത്തിലേക്ക് നോക്കിയതും അവന്റെ കണ്ണ് നിറഞ്ഞു.. മനസ്സിൽ അവളൊന്നിച്ചുള്ള ഓരോ നിമിഷവും കടന്ന് വന്നു.. വേദനയോടെ ചെയറിലേക്ക് ചാരി ഇരുന്ന് അവൻ കണ്ണുകൾ അടച്ചു..
അരികിൽ തന്നെ ലന ഇരിക്കുന്നുണ്ടായിരുന്നു.. അവളുടെ ഉള്ളും വേദനയോടെ വിങ്ങുകയായിരുന്നു.. സനയ്ക്ക് ഒന്നും സംഭവിക്കരുതെന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു..

ഒരു മണികൂറോളം കഴിഞ്ഞിട്ടാണ് ഡോക്ടർ പുറത്തേക്ക് വന്നത്.. ഡോക്ടറെ കണ്ടതും സാരംഗും ലനയും എഴുനേറ്റ് ഡോക്ടറെ നോക്കി..

” ഡോക്ടർ.. സന..? ”

സാരംഗ് ടെൻഷനോടെ ചോദിച്ചു..

” പേടിക്കണ്ട.. അപകടനില തരണം ചെയ്തു.. ഇപ്പൊ മയക്കത്തിൽ ആണ്.. ഒരു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ.. അത് കഴിഞ്ഞ് റൂമിലേക്ക് മാറ്റാം.. ”

ഡോക്ടർ പറഞ്ഞതും സാരംഗ് ആശ്വാസത്തോടെ നിശ്വസിച്ചു.. ലന നെഞ്ചിൽ കൈ വെച്ച് കണ്ണുകൾ അടച്ചു..

” ഡോക്ടർ.. എനിക്ക്.. എനിക്കൊന്ന് സനയെ കാണാൻ പറ്റുമോ പ്ലീസ്.. ”

സാരംഗ് ഡോക്ടറെ പ്രതീക്ഷയോടെ നോക്കി..

” അതിപ്പോ.. ”

” ഡോക്ടർ പ്ലീസ്.. എനിക്കൊന്ന് കണ്ടാൽ മതി.. ഞാൻ അധികം സമയം എടുക്കില്ല.. ”

” ഓക്കേ.. കയറി കണ്ടോളൂ.. അധികം നേരം നിൽക്കരുത്.. ”

സാരംഗിന്റെ തോളിൽ ഒന്ന് തട്ടി ഡോക്ടർ അവരെ കടന്ന് പോയി..

ലനയെ മുഖം തിരിച്ചൊന്ന് നോക്കി സാരംഗ് ഉള്ളിലേക്ക് കയറി..
മയങ്ങി കിടക്കുന്ന സനയെ കണ്ടപ്പോൾ സാരംഗിന്റെ ഉള്ളൊന്ന് പിടഞ്ഞു.. തലയിടിച്ച് വീണപ്പോൾ മുറിഞ്ഞത് കൊണ്ട് അവിടെ ഒരു കെട്ട് ഉണ്ട്.. കുത്ത് കിട്ടിയിടത്തും കെട്ടി വെച്ചിട്ടുണ്ട്..
സാരംഗിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണ്നീർ ഒഴുകി ഇറങ്ങി..
അവളുടെ നെറുകയിൽ ഒന്ന് തലോടി മുഖം കുനിച്ച് നെറ്റിയിൽ അവനൊരു ചുംബനം നൽകി..

” എനിക്ക് ഇഷ്ട്ടമാണ് സന നിന്നെ.. ഒരുപാട് ഒരുപാട് ഇഷ്ട്ടം.. ”

അവളുടെ കാതിൽ പതിയെ പറഞ്ഞുകൊണ്ട് അവൻ പെട്ടന്ന് പുറത്ത് ഇറങ്ങി..
പുറത്തിറങ്ങി സാരംഗ് കണ്ണ് തുടയ്ക്കുന്നത് നോക്കി നിന്നു ലന.. അവന്റെ മനസ്സിൽ ഇപ്പൊ എന്തായിരിക്കും എന്ന് ചിന്തിക്കികയായിരുന്നു അവൾ..

” സനയ്ക്ക് എങ്ങനെ ഉണ്ട്.. ഡോക്ടർ എന്താ പറഞ്ഞത്..? ”

മാനവ് അവരുടെ അടുത്തേക്ക് വന്ന് ചോദിച്ചു..

” അപകടനില തരണം ചെയ്തു.. ഒരു ദിവസം ഒബ്സെർവഷനിൽ കിടന്നിട്ട് റൂമിലേക്ക് മാറ്റമെന്ന ഡോക്ടർ പറഞ്ഞത്.. ”

ലനയാണ് മറുപടി പറഞ്ഞത്..

” എന്തായി അവിടത്തെ കാര്യങ്ങൾ..? ”

സാരംഗ് മാനവിനോട് ചോദിച്ചു..

” സ്പോട്ടിൽ തന്നെ മരിച്ചിരുന്നു.. ബാക്കി ഉള്ളവരെ ഒക്കെ അറസ്റ്റ് ചെയ്തു.. എന്തൊക്കെയോ ഫോർമാലിറ്റീസ് ഉണ്ട്.. ”

ലനയെ ഇടക്കണ്ണിട്ട് നോക്കിയാണ് മാനവ് പറഞ്ഞത്.. കേൾക്കാൻ താല്പര്യം ഇല്ലാത്തത് പോലെ അവൾ മുഖം തിരിച്ചു.. സാരംഗും താല്പര്യം ഇല്ലാത്തത് പോലെ മൂളുക മാത്രം ചെയ്തു..

ലനയ്ക്ക് അരികിൽ ഉള്ള ചെയറിൽ മാനവ് വന്നിരുന്നപ്പോൾ മുഖം തിരിച്ച് അവൾ അവനെ ഒന്ന് നോക്കി.. തിരികെ അവനൊന്ന് കണ്ണ് ചിമ്മി..

” എനിക്ക്… എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി അല്ലേ.. ”

മാനവിന്റെ കോലം കണ്ട് ലനയ്ക്ക് ഉള്ളിൽ വേദന തോന്നി..

” പിന്നെ.. ഒരുപാട് ബുദ്ധിമുട്ടി.. ”

അവളുടെ കണ്ണിലേക്ക് നോക്കിയാണ് അവൻ മറുപടി പറഞ്ഞത്.. ഒന്ന് മിണ്ടാതെ അവന്റെ ഇടത്തെ കയ്യിലെ കെട്ടിലേക്ക് ലന പതിയെ തലോടി.. രണ്ട് തുള്ളി കണ്ണുനീർ അവന്റെ കൈത്തണ്ടയിൽ വീണു..

” ഏയ്യ് ലയ.. എന്തിനാടോ കരയുന്നേ.. എനിക്ക് കുഴപ്പം ഒന്നുല്ല.. ഞാൻ ഓക്കേ ആണ്.. ”

കൈ നീട്ടി അവൻ അവളുടെ കണ്ണ് തുടച്ചു.. ലയ അവന്റെ മുഖത്തേക്ക് നോക്കി.. അവളെ നോക്കി അവൻ കണ്ണ് ചിമ്മി..
കുറച്ച് മാറി സാരംഗ് ചെറുപുഞ്ചിരിയോടെ അവരെ നോക്കി നിൽപ്പുണ്ടായിരുന്നു..

**********************

പിറ്റേന്ന് സനയെ റൂമിലേക്ക് മാറ്റി..
വിവരം അറിഞ്ഞു അവളുടെ പപ്പ എത്തിയിരുന്നു.. സാരംഗും ലനയും ആയിരുന്നു പിന്നെ അവിടെ

ഉണ്ടായിരുന്നത്.. മാനവ് വീട്ടിലേക്ക് പോയിരുന്നു..

” മോളെ.. ”

പപ്പ അവളുടെ അടുത്തിരുന്ന് വേദനയോടെ വിളിച്ചു..

” എനിക്ക് ഒന്നും ഇല്ല പപ്പ.. ഞാൻ ഓക്കേ ആണ്.. നിങ്ങളെ ഒന്നും അങ്ങനെ വിട്ടിട്ട് പോവാൻ എനിക്ക് പറ്റില്ല.. ”

നല്ല വേദനയ്ക്കിടയിലും അവളൊന്ന് ചിരിക്കാൻ ശ്രെമിച്ചു..

” നീ എന്തിനാ അപ്പോ എന്നെ തള്ളി മാറ്റിയത്.. അതല്ലേ ഇങ്ങനെ കിടക്കേണ്ടി വന്നേ.. ”

ലന അവളെ നോക്കി ചോദിച്ചു..

” അതോ.. നിന്നെ എനിക്ക് ഒട്ടും ഇഷ്ട്ടം അല്ല.. അതാ.. ”

കുറുമ്പോടെ സന മറുപടി പറഞ്ഞു..
മുഖം താഴ്ത്തി ലന അവളുടെ കവിളിൽ ഉമ്മകൊടുത്തു..

പപ്പയോടുമനസിലാവാതെ സംസാരിക്കുന്നതിന് ഇടയിൽ സനയുടെ കണ്ണുകൾ ഒരു സൈഡിൽ ഒതുങ്ങി മാറി നിൽക്കുന്ന സാരംഗിന്റെ നേർക്ക് നീണ്ടു.. അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു സാരംഗ്.. അത് കണ്ടതും സന പെട്ടന്ന് നോട്ടം പിൻവലിച്ചു.. ഇടയ്ക്ക് പിന്നെയും അവളെ പാളി നോക്കി.. അപ്പോഴും അവൻ അതെ നിൽപ് തന്നെ ആയിരുന്നു.. അവരുടെ കണ്ണുകൊണ്ടുള്ള കളി ലന കൃത്യമായി കാണുന്നുണ്ടായിരുന്നു..

” അങ്കിൾ.. എനിക്കൊന്ന് കാന്റീൻ പോണമായിരുന്നു.. സനയ്ക്ക് ലൈറ്റ് ആയി എന്തെങ്കിലും കൊടുത്തോളാൻ ഡോക്ടർ പറഞ്ഞിരുന്നു.. അങ്കിളിന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ കൂടെ ഒന്ന് വരാമോ..? ”

സാരംഗിനെയും സനയെയും ഇടംകണ്ണിട്ട് നോക്കിയാണ് ലന ചോദിച്ചത്..

” പിന്നെന്താ വരാലോ.. ”

സനയോടും സാരംഗിനോടും പറഞ്ഞ് രണ്ടാളും പുറത്തേക്ക് പോയി..
അവർ പോയതും സാരംഗ് ബെഡിന് അടുത്തുള്ള ചെയറിൽ ഇരുന്ന് താടിയിൽ കൈ കുത്തി സനയെ നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം മനസിലാവാതെ

അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു സന.. പെട്ടന്ന് അവൻ കൈ അവളുടെ കവിളിൽ ചേർത്ത് വെച്ചു..

” നല്ല വേദന ഉണ്ടോ..? ”

അവന്റെ ശബ്‌ദം ആർദ്രമായി..
ആദ്യം അവൾ ഉണ്ടെന്നും പിന്നെ ഇല്ലെന്നും തലയാട്ടി..

” എന്നോട്.. എന്നോട് ഇപ്പോഴും വെറുപ്പ് ആണോ..? ”

സനയുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു..

” എനിക്ക് നിന്നോട് സ്നേഹം മാത്രമേ ഉള്ളൂ.. കൂട്ടുകൂടി നടന്ന സമയങ്ങളിൽ എപ്പോഴോ ഉള്ളിൽ കയറിയതാണ് നീ.. പഠിപ്പൊക്കെ കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് നിന്റെ പാപ്പയോട് സംസാരിക്കണം എന്ന് കരുതിയത് ആണ്.. പക്ഷേ നീ ലനയോട് അങ്ങനെ ഒക്കെ ചെയ്‌തെന്ന് അറിഞ്ഞപ്പോൾ.. എന്നെ ഒട്ടും മനസിലാക്കിയില്ലെന്ന് തോന്നിയപ്പോൾ.. അങ്ങനെയൊക്കെ പെരുമാറാനെ എനിക്ക് തോന്നിയുള്ളു.. നീ എന്നോട് ക്ഷമിക്ക്.. ”

അവളുടെ കൈ തന്റെ കൈക്കുള്ളിൽ

ആക്കി അവൻ..

” ക്ഷമ ചോദിക്കണ്ടത് ഞാൻ അല്ലേ സാരംഗ്.. ഞാൻ ലനയെ ഉപദ്രവിച്ചത് കൊണ്ടല്ലേ.. അന്ന് അങ്ങനെ ചെയ്യാൻ ആയിരുന്നു തോന്നിയത്.. എല്ലാം എന്റെ തെറ്റ് ആണ്.. ഞാൻ.. ”

” ഇനി അതേപറ്റി ഒന്നും പറയണ്ട.. എല്ലാം കഴിഞ്ഞില്ലേ.. ”

സാരംഗ് അവളുടെ കൈകളിൽ മൃദുവായ് തലോടി..

ആ നേരത്താണ് മുക്തയും വീട്ടുകാരും വന്നത്.. അവരെ കണ്ടതും സാരംഗ് എഴുനേറ്റ് മാറി നിന്നു..
മുക്തയും രോഹനും രോഹിണിയും എല്ലാം അവളോട് സംസാരിച്ചു..

ക്യാന്റീനിൽ നിന്ന് ലനയും പപ്പയും വരുമ്പോൾ കാണുന്നത് റൂമിൽ എല്ലാവരും ഉള്ളതാണ്..
ഒരുനിമിഷം സ്തംഭിച്ച് അവൾ അവിടെ തന്നെ നിന്നു..
കുറ്റബോധം കൊണ്ട് അവളുടെ തല താഴ്ന്നു പോയി..

” മോളെ.. മോൾ ഞങ്ങളോട് ക്ഷമിക്കണം..

ഒന്നും അറിയാതെ ഞങ്ങൾ.. മാനവ് ഇന്നലെ പറയുമ്പോൾ ആണ് എല്ലാം അറിയുന്നത്.. മോൾ അയാളുടെ കയ്യിൽ നിന്ന് രക്ഷപെട്ടല്ലോ.. ”

മീര അടുത്തേക്ക് വന്ന് കണ്ണീരോടെ ലനയുടെ കവിളിൽ തലോടി..

” എനിക്ക് വിഷമം ഒന്നുല്ല ആന്റി.. സാഹചര്യം കൊണ്ട് ആരോടും ഒന്നും പറയാൻ പറ്റിയില്ല.. ആദ്യമേ പറയാതിരുന്നത് എന്റെ തെറ്റ്.. ”

ലന മീരയെ നോക്കി പറഞ്ഞു..

” ഇനി കഴിഞ്ഞതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം നന്നായി അവസാനിച്ചല്ലോ.. ”

സുമ അവർക്കരികിൽ വന്ന് പറഞ്ഞു..

” ചേച്ചി.. ”

രോഹിണി കരഞ്ഞുകൊണ്ട് ലനയെ കെട്ടിപിടിച്ചു..

” ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ.. കരയണ്ട.. ”

രോഹിണിയെ അടർത്തി മാറ്റി ലന അവളുടെ കണ്ണ് തുടച്ചു..

” നിന്നോടും കൂടിയാ പറഞ്ഞേ.. ”

അടുത്ത് നിന്ന രോഹന്റെ വയറിൽ ചെറുതായി ഇടിച്ചുകൊണ്ട് അവൾ പറഞ്ഞു..
കണ്ണ് തുടച്ച് രോഹൻ ചിരിച്ചു..

ലനയുടെ കണ്ണുകൾ എല്ലാം നോക്കി മാറി നിൽക്കുന്ന മാനവിന്റെ നേർക്ക് നീണ്ടു.. അവന്റെ ചുണ്ടിലെ ചിരി കണ്ടതും അവളും ചിരിച്ചു..

*************************

ഒരാഴ്ച കഴിഞ്ഞാണ് സനയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.. സനയുടെ പപ്പയും ലനയും കൂടിയാണ് ഹോസ്പിറ്റലിൽ നിന്നത്.. സാരംഗ് ഇടയ്ക്കിടയ്ക്ക് പോയി വരും.. അവന്റെ അച്ഛൻ ഇതിനിടയിൽ ഡിസ്ചാർജ് ആയി വീട്ടിൽ പോയിരുന്നു.. വീട്ടിൽ ആൾ ആവശ്യമായത് കൊണ്ട് സാരംഗിന് സനയുടെ കൂടെ അധികം നിൽക്കാൻ പറ്റില്ലായിരുന്നു.. ലന അവിടെ ഉള്ളത് സാരംഗിന് നല്ല ആശ്വാസം ആയിരുന്നു..

ഡിസ്ചാർജ് ആയി സന നേരെ പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു.. കൊണ്ട് വിടാൻ സാരംഗും ലനയും പോയിരുന്നു.. ലനയോട് അവിടെ നിൽക്കാൻ സന കുറേ നിർബന്ധിച്ചെങ്കിലും ലന സ്നേഹത്തോടെ അത് നിരസിച്ചു.. തിരികെയുള്ള യാത്രയിൽ ലന നിശബ്ദമായിരിക്കുന്നത് കണ്ട് സാരംഗ് അവളെ നോക്കി..

” സനയെ പിരിയാൻ നിനക്ക് ഇത്രയ്ക്ക് വിഷമം ഉണ്ടെങ്കിൽ കുറച്ച് ദിവസം അവിടെ നിൽക്കായിരുന്നില്ലേ..? ”

സാരംഗിന്റെ ചോദ്യം കേട്ട് ലന മുഖം തിരിച്ച് അവനെ നോക്കി..

” എത്ര ദിവസം ഞാൻ അവിടെ നിൽക്കും സാരംഗ്.. കുറേ അടുത്താൽ അകലാൻ വിഷമം ആവും.. ”

നേർത്ത ശബ്തത്തിൽ പറഞ്ഞ് ലന മുഖം തിരിച്ച് പുറത്തേക്ക് നോക്കി.. അവൾ പറഞ്ഞതിന്റെ അർത്ഥം തിരയുകയായിരുന്നു സാരംഗ്..

( കാത്തിരിക്കുമല്ലോ.. )