19/04/2026

അന്ന് സുമിത്രയുടെ മുപ്പത്തിയെട്ടാം ജൻമദിനമായിരുന്നു. ഭർത്താവും കുട്ടികളുമായി ഒരു പുതിയ ഹോട്ടലിൽ നിന്നാണവർ രാത്രി ഭക്ഷണം കഴിക്കുന്നത്.

രചന – മാലിക രാഗ

അന്ന് സുമിത്രയുടെ മുപ്പത്തിയെട്ടാം ജൻമദിനമായിരുന്നു. ഭർത്താവും കുട്ടികളുമായി ഒരു പുതിയ ഹോട്ടലിൽ നിന്നാണവർ രാത്രി ഭക്ഷണം കഴിക്കുന്നത്.

പതിവുപോലെ സുമിത്ര മെനു കാർഡ് വകഞ്ഞു ചികഞ്ഞു നോക്കി അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു ഐറ്റം ഓർഡർ ചെയ്തു- “മാരിനേറ്റഡ് പോച്ഡ് പ്രോൺസ്”.

എന്നാൽ പതിവുപോലെ അവൾക്കത് ഇഷ്ടമായില്ല. 400 രൂപ വിലയുള്ള സാധനം അവൾ കഴിക്കാതെ വേസ്റ്റ് ആക്കുന്നത് കണ്ട ഭർത്താവിന് ദേഷ്യം വന്നു.

“പൈസ അധ്വാനിച്ച് ഉണ്ടാക്കുന്നവർക്കേ അതിൻ്റെ വില അറിയൂ. അതെങ്ങനെയാണ് കല്യാണം കഴിഞ്ഞ നാൾ മുതൽ പറയുന്നതാ
പിഎസ്സി പരീക്ഷ എഴുതി ഒരു ജോലി നേടാൻ. ഏജ് ഓവർ ആകുന്ന വരെ നിനക്കത് സാധിച്ചോ? ഇനി വല്ല തൊഴിലുറപ്പ് പണിയും കിട്ടുമോന്ന് നോക്ക്.”

സർക്കാർ ഉദ്യോഗം കിട്ടിയാലേ ജോലിക്ക് പോകൂ എന്ന ഒരു നിർബന്ധവും സുമിത്രയ്ക്ക് ഇല്ല. പക്ഷേ ഒന്നുകിൽ സർക്കാർ ജോലി അല്ലെങ്കിൽ വീട്ടിലെ അടിമപ്പണി- ഇതാണ് ഭർത്താവിൻ്റെ ഒരു ലൈൻ.

“ഏത് ജോലിക്കും അതിൻ്റെതായ അന്തസ്സുണ്ട് ഉണ്ട്, തൊഴിലുറപ്പിന് പോകാൻ എനിക്ക് ഒരു മടിയുമില്ല, നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കുമല്ലേ സർക്കാർ ജോലിക്ക് മാത്രമാണ് അന്തസ്സ് എന്ന തോന്നൽ “- അവൾ മനസ്സിൽ പറഞ്ഞു.

നീറുന്ന കുറെ ചിന്തകൾ സുമിത്രയുടെ മനസിലൂടെ പാഞ്ഞു…

സുമിത്രയ്ക്ക് ഇനി പി എസ് സി പരീക്ഷ എഴുതാനാവില്ല, വയസ്സ് കൂടി, അതോടെ ഭർത്താവിൽ നിന്നുള്ള പരിഹാസവും കൂടി.

അവസാനം എഴുതിയ പി എസ് സി എൽഡി ക്ലാർക്ക് പരീക്ഷയിൽ മെയിൻ ലിസ്റ്റിൽ കയറി കൂടിയതാണ്. ആ ലിസ്റ്റ് രണ്ടു മാസത്തിൽ അവസാനിക്കും.

ജില്ലയിൽ അടുത്ത രണ്ട് മാസങ്ങളിൽ വരാവുന്ന ഒഴിവുകൾ മുൻകൂറായി കണക്കാക്കി പി എസ് ഇ അഡ്വൈസ് മെമ്മോ അയച്ചു തുടങ്ങിയിരിക്കുന്നു. അത് തന്നെ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ജീവൻമരണ പോരാട്ടത്തിന് ശേഷമാണ് ലിസ്റ്റ് ജീവൻ വച്ചത്.

ജില്ലയിലെ വേക്കൻസി വിവരം പിഎസ്സി ഓഫീസിൽ പോയി തിരക്കണം. തനിക്ക് ജോലി കിട്ടാൻ സാധ്യതയില്ലാത്തതിനാൽ വിവരം തിരക്കാൻ ഭർത്താവിനോട് പറയാൻ സുമിത്രയ്ക്ക് എന്തോ ഭയമായിരുന്നു. സ്വന്തം അനിയൻ സുമേഷിനെ കൊണ്ടാണ് ജില്ലാ പിഎസ്സി ഓഫീസിൽ അന്വേഷിപ്പിച്ചത്. അവൻ്റെ സുഹൃത്ത് ദീപക്ക് അവിടെ ജോലി ചെയ്യുന്നതിനാൽ കാര്യങ്ങൾ വിശദമായി തന്നെ തിരക്കി പറയും.

ജില്ലയിൽ അടുത്ത രണ്ട് മാസത്തിൽ വരുന്ന ഒൻപത് റിട്ടയർമെൻ്റ്/ പ്രമോഷൻ ഒഴിവുകളാണ് മുൻകൂറായി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പതിനൊന്ന് ഒഴിവുകൾ ഉണ്ടായാൽ മാത്രമേ സുമിത്രയുടെ റാങ്ക് വെച്ച് അഡ്വൈസ് കിട്ടു. കപ്പിനും ചുണ്ടിനുമിടയിൽ ജോലി നഷ്ടമായി എന്നു പോലും പറയാൻ സാധിക്കാത്ത ദൂരം.

ഹോട്ടലിൽ നിന്ന് തിരികെ വീട്ടിലെത്തുന്നത് വരെ ഭർത്താവിൻ്റെ ശകാരം നീണ്ടു. കൂലിപ്പണിക്കാരനായിരുന്നു തൻ്റെ അച്ഛനെന്നും, വിശപ്പ് എന്താണെന്ന് കുട്ടിക്കാലത്ത് ശരിക്ക് അറിഞ്ഞതാണ് എന്നുമൊക്കെ അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.

രണ്ട് ദിവസം മുൻപാണ് ചേട്ടന്റെ മൂവായിരം രൂപയുടെ ഷർട്ട് സുമിത്ര തേച്ചു കൊണ്ടിരുന്നപ്പോൾ ഉരുകിയത്. തനിക്ക് ഇനി ഒരിക്കലും ഒരു സർക്കാർ ഉദ്യോഗം കിട്ടുകയില്ല എന്ന ചിന്തയിൽ പാവത്തിൻ്റെ മനസ്സ് തേപ്പിനിടയിൽ എങ്ങോട്ടോ പോയതാണ്.

ഏതായാലും ഷർട്ട് ഉരുകിയ കാര്യം ഭർത്താവിനോട് പറഞ്ഞില്ലായിരുന്നു. പതുക്കെ അലമാരിയുടെ ഒരു കോണിൽ ഷർട്ട് ഒളിപ്പിച്ചുവെച്ചു. മൂവായിരം രൂപയുടെ കണക്ക് പറഞ്ഞു ചീത്ത കേൾക്കുന്നതിൽ നിന്നും തൽക്കാലത്തേക്ക് ഒരു ഒളിച്ചോട്ടം. ‘ഇന്ന് മീറ്റിംഗ് ഉണ്ട് ആ പുതിയ ഷർട്ട് എടുത്തു വെക്കു’ എന്ന് ഭർത്താവ് പറയുന്ന ദിവസം വരെ…

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് വിജയേട്ടൻ്റെ അഭാവത്തിൽ ഒരു സ്വയംസംരംഭകയായി മാറാമെങ്കിൽ പിന്നെ എന്തുകൊണ്ട് തനിക്ക് ആയിക്കൂടാ എന്നൊക്കെ ചിന്തിച്ചു സുമിത്ര ദിവസങ്ങൾ തള്ളിനീക്കി.

അങ്ങനെയിരിക്കെ ഒരു ദിവസം അടുക്കളയിലെ യുദ്ധം കഴിഞ്ഞു ബെഡ്റൂമിൽ ചെന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ അനുജൻ്റെ അഞ്ച് മിസ്ഡ് കോൾ. സുമിത്രക്ക് ആധിയായി. തിരിച്ചു വിളിച്ചിട്ട് അവൻ ഫോൺ എടുക്കുന്നുമില്ല…

ദേ സുമേഷ് വിളിക്കുന്നു, സുമിത്ര ചാടി ഫോൺ എടുത്തു…

ദേഷ്യവും സങ്കടവും കൊണ്ട് “എന്താടാ ഫോൺ എടുക്കാത്തത് ” എന്ന് ശബ്ദം ഉയർത്തി ചോദിച്ചു കൊണ്ടാണ് സുമിത്ര സംസാരിച്ചു തുടങ്ങിയത്.

എന്നാൽ വളരെ കൂളായി സുമേഷ് തിരിച്ചു ചോദിച്ചു-

“നീയല്ലേ ഞാൻ അഞ്ച് തവണ വിളിച്ചിട്ട് എടുക്കാതിരുന്നത്, ഇപ്പോൾ ഞാൻ രണ്ടു തവണ എടുക്കാതിരുന്നതായോ കുറ്റം”

നീ എന്താണ് വിളിച്ചതെന്ന് എന്ന് പറ മോനെ- സുചിത്ര പറഞ്ഞു.

” പി എസ് സി ഓഫീസിലെ കൂട്ടുകാരൻ ദീപക് വിളിച്ചിരുന്നു. എടി ചേച്ചി നിനക്ക് ജോലിക്കുള്ള അഡ്വൈസ് ഉടനെ കിട്ടുമെന്നാണ് ദീപക് പറയുന്നത്”

സുമിത്ര ഒരു നിമിഷം സ്തബ്ധയായി. മനോനില വീണ്ടെടുത്ത് അവൾ ഒരു പുതിയ ആവേശത്തോടെയും അവിശ്വാസത്തോടെയും ചോദിച്ചു-

“അത് പിന്നെ നീയെന്ന് പറഞ്ഞത് ഏതെങ്കിലും സർക്കാർ ഓഫീസിൽ ബോംബിട്ട് രണ്ട് എൽഡി ക്ലാർക്ക്മാരുടെ വേക്കാൻസി ഉണ്ടാക്കിയാൽ മാത്രമേ ഇനി ജോലി കിട്ടു എന്നല്ലേ”

“അത് അന്ന്, ഇപ്പോൾ സീൻ മാറി. കെഎഎസ് മെയിൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. നമ്മുടെ ജില്ലയിൽ നിന്നും രണ്ട് എൽഡി ക്ലാർക്കുമാർ യോഗ്യത നേടി. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ഇവർക്ക് നിയമന ഉത്തരവ് നൽകാനാണ് സർക്കാർ നിർദ്ദേശം. അപ്പോൾ ഇവിടെ രണ്ട് എൽഡി ക്ലാർക്ക് വേക്കൻസി വരില്ലേ- ചേച്ചി നീയും കയറിക്കൂടും… ദീപക് ഉറപ്പിച്ചു പറഞ്ഞന്നേ…”

കെഎഎസ് മെയിൻ കിട്ടിയ ആ രണ്ട് എൽഡി ക്ലാർക്ക്മാരെക്കാൾ സുമിത്രയുടെ മനസ്സ് തുള്ളിച്ചാടി.

– കുറച്ച് നാൾക്ക് ശേഷം-

അന്ന് സുമിത്രയ്ക്ക് ആദ്യ ശമ്പളം കിട്ടി. പന്ത്രണ്ടാം തീയതി ജോയിൻ ചെയ്തത് കൊണ്ട് 18 ദിവസത്തെ ശമ്പളമാണ് കിട്ടിയിരിക്കുന്നത്. അമ്മയ്ക്ക് സെറ്റ് സാരി, അച്ഛനും മുണ്ട്, പിന്നെ എത്രയോ പേർക്ക് ചിലവ് ചെയ്യാൻ കിടക്കുന്നു. 18 ദിവസത്തെ ശമ്പളം മാത്രമേ കിട്ടിയുള്ളൂ എന്ന് പറഞ്ഞു മാറ്റിവെക്കുന്നത് നാണക്കേടാണ്- അവൾ മനസ്സിൽ ചിന്തിച്ചു.

ഓഫീസിൽ പുതുതായി കിട്ടിയ കൂട്ടുകാരി ശ്രീജയുമായി സുമിത്ര വൈകുന്നേരം ഓഫീസിൽ നിന്നുമിറങ്ങി.

നേരെ പോയി ഒരു മുന്തിയ റസ്റ്റോറൻ്റിൽ കയറി. പതിവു പോലെ ഇത് വരെ കഴിച്ചിട്ടില്ലാത്ത ന്യൂജനറേഷൻ ഐറ്റങളിലേക്ക് സുമിത്രയുടെ നോട്ടം പതിച്ചു- പ്രത്യേകിച്ച് “ചിക്കൻ ഓടിച്ചിട്ടത്” എന്ന പ്രിപ്പറേഷൻ എന്താണെന്ന് അറിയാൻ വല്ലാത്ത കൗതുകം തോന്നി. വില കണ്ടപ്പോൾ സുമിത്ര ഞെട്ടി, 400 രൂപ…

വെയിറ്റർ വന്നപ്പോൾ എന്തുകൊണ്ടോ പൊറോട്ടയും അൽഫഹാം ചിക്കനുമാണ് സുമിത്ര ഓർഡർ ചെയ്തത്. എന്നാൽ കൂട്ടുകാരി ശ്രീജയുടെ ഓർഡർ കണ്ടു സുമിത്ര ഒരു നിമിഷം ഞെട്ടി-

“4 കുബൂസും ഒരു ചിക്കൻ ഓടിച്ചിട്ട ഫ്രൈയും”

അതിൽ രണ്ടു കുബ്ബൂസും പകുതി ചിക്കൻ ഓടിച്ചിട്ട ഫ്രൈയും ശ്രീജ കഴിക്കാതെ നൈസായി വേസ്റ്റ് ആക്കി. ഇത് കണ്ടപ്പോൾ സുമിത്രയ്ക്ക് ഉള്ളിൽ ദേഷ്യവും സങ്കടവും തോന്നി. ഭക്ഷണത്തിൻ്റെ വില എന്താണെന്ന് അവൾക്കന്ന് കൂടുതൽ മനസ്സിലായി.

അവിടെ നിന്നിറങ്ങി ഭർത്താവിന് ലൂയി ഫിലിപ്പിൻ്റെ 3500 രൂപയുടെ ഒരു ഷർട്ട് വാങ്ങി. സ്വന്തം പൈസക്ക് അത് വാങ്ങാൻ സാധിച്ചതിൽ അവൾക്ക് ഒരുപാട് അഭിമാനം തോന്നി. ഇനി ഇത് കൊണ്ട് കൊടുത്തിട്ട് ധൈര്യമായി തേച്ചപ്പോൾ ഷർട്ട് ഉരുകിയത് പറയാമല്ലോ. തനിക്ക് ഇപ്പോൾ വീട്ടിൽ ഒരു വില കൈവന്നിരിക്കുന്നു.

വീട്ടിൽ ചെന്ന് ചേട്ടന് ഷർട്ട് കൊടുത്തിട്ട് അവൾ ‘തേപ്പുപെട്ടി ചരിത്രം’ പറയാനായി കാൽവിരൽ കൊണ്ട് നഖചിത്രമെഴുതി പരുങ്ങി നിന്നു. അപ്പോൾ ഷർട്ട് തിരികെ സുമിത്രയുടെ കൈയ്യിലേക്ക് നൽകിക്കൊണ്ട് ചേട്ടൻ പറഞ്ഞു-

“നീ ഇത് കൊണ്ടുപോയി അലമാരിയിൽ വെയ്ക്ക്. എന്നിട്ട് മൂലയിൽ വെച്ചിരിക്കുന്ന കരിഞ്ഞ ആ ഷർട്ട് എടുത്തു മാറ്റിയേക്ക്.”

സുമിത്ര ഒരു നിമിഷം സ്തംഭിച്ചു നിന്നു. ചേട്ടൻ തുടർന്നു-

“പിറ്റേദിവസം തന്നെ ഞാൻ അത് കണ്ടിരുന്നു. നിന്നെ സങ്കടപ്പെടുത്തണ്ടല്ലോ എന്ന് വിചാരിച്ച് ചോദിച്ചില്ല എന്നേയുള്ളൂ…”