23/04/2026

ദിൽന : ഭാഗം 12

രചന – നന്ദിത ദാസ്

ഡോക്ടർ മുറി വിട്ട് പോയതിനു ശേഷവും എബി എന്റെ മുന്നിൽ വരാൻ മടിച്ചു നിന്നു….

“എബി…. താൻ വിഷമിക്കണ്ട… ഞാനായിട്ട് ഒരു കാര്യവും തന്നോട് ചോദിക്കാൻ വരില്ല… എന്റെ മുന്നിൽ താൻ ഇങ്ങനെ തല താഴ്ത്തി നിൽക്കുന്നത് കാണാൻ എനിക്ക് ഇഷ്ടം ഇല്ല…. പഴയ എബിയാകണം എനിക്ക് അത്രേ പറയാനുള്ളു…. ”

“എടോ അത്…ഞാൻ ഒരിക്കലും ഓർക്കാൻ കൂടി ഇഷ്ടപെടാത്ത ഒരു കാര്യമാ … പക്ഷേ എന്തും എന്നോട് തുറന്നു പറയുന്ന തന്റെ മുന്നിൽ ഇനിയും ഞാൻ എന്റെ മനസ്സ് തുറക്കാതെ ഇരിക്കുന്നത് ശരിയല്ല… എല്ലാം ഞാൻ പറയാം…. ”

ഒരു ചെറു നിശ്വാസം ഉള്ളിലേക്കെടുത്തു എബി പറയാൻ തുടങ്ങി…

“എന്റെ പെങ്ങൾ ചിന്നൂട്ടിയുടെ ഫോണിൽ നിന്നും വന്ന ഒരു കാൾ… ആ കാൾ ആണ് എന്റെ ജീവിതം ആകെ മാറ്റി മറിച്ചത്….

“ഹലോ… എന്താ ചിന്നൂട്ടി ഈ സമയത്തു ഒരു വിളി.. നീ ക്ലാസ്സിൽ കയറിയില്ലേ ഇതുവരെ…. ”

“ഞാൻ ചിന്നു അല്ല…. അവൾ ഇവിടെ മരിയ ഹോസ്പിറ്റലിൽ ഉണ്ട്.. ഒന്ന് എത്രയും പെട്ടെന്ന് വരണം.. ”

മറുതലക്കൽ ഒരു പെൺശബ്ദം… മറുത്തെന്തെങ്കിലും ചോദിക്കും മുൻപേ കാൾ കട്ട്‌ ആയിരുന്നു…

ഓടിപിടിച്ചു ഹോസ്പിറ്റലിൽ എത്തുമ്പോൾ എന്റെ ചിന്നൂട്ടിക്ക് ഒന്നും പറ്റരുതേ എന്നായിരുന്നു പ്രാർത്ഥന..

അവിടെ വെച്ചാണ് ഞാൻ ആദ്യമായി അവളെ കാണുന്നത്… രമ്യ… അതായിരുന്നു അവളുടെ പേര്…. എന്റെ ചിന്നൂട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ച അവളോട്‌ മനസ്സ് നിറയെ നന്ദിയാരുന്നു എനിക്ക്…

കോളജിലേക്കുള്ള ബസ് യാത്രയിൽ ചിന്നൂട്ടിക്ക്‌ ആസ്തമ കലശലായി .. അവളാണെങ്കിൽ ഇൻഹെയ്ലർ എടുത്തിട്ടും ഉണ്ടായിരുന്നില്ല… കണ്ട് നിന്നവരൊക്കെ ശ്വാസം കിട്ടാതെ പിടയുന്ന എന്റെ കുട്ടിയെ കണ്ടിട്ട് പേടിച്ചു… ആരൊക്കെയോ ചേർന്ന് ഇവിടെ ഹോസ്പിറ്റലിൽ ആക്കി… കൂടെ അവളും ഉണ്ടായിരുന്നു… ചിന്നൂട്ടി അവസാനം വിളിച്ച നമ്പറിലേക്ക്‌ വിളിച്ചു വിവരം അറിയിച്ചതും അവളായിരുന്നു…. ടെൻഷൻ അടിച്ചു നിൽക്കുന്ന എന്നെ പല സമാധാന വാക്കുകളും പറഞ്ഞു അവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

“ചേട്ടായി വിഷമിക്കണ്ട… അവൾക്കു ഒന്നും പറ്റില്ല… ഇങ്ങനെ ടെൻഷൻ അടിക്കണ്ടാട്ടോ”

അവളുടെ സംസാരത്തിലെ നിഷ്കളങ്കത, മുഖത്തെ ദയനീയ ഭാവം അതൊക്കെ കണ്ടപ്പോൾ എന്നെക്കാൾ ടെൻഷൻ അവൾക്കാണെന്നു തോന്നിപ്പോയി…. ഉള്ളിലെ പരിഭവം മറച്ചുവെച്ചു ഞാൻ അവളോട്‌ സംസാരിച്ചു… ചിന്നൂട്ടിയുടെ കോളജിൽ സീനിയർ ആയി പഠിക്കുന്നു…

“കുട്ടി എങ്കിൽ പൊയ്ക്കോളൂ… ക്ലാസ്സ്‌ മിസ്സാക്കണ്ട…. ഇവിടെ ഞാൻ ഉണ്ടല്ലോ… ”

ഒരുപാട് നിർബന്ധിച്ചാണ് അന്ന് അവളെ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞു വിട്ടത്… പോകാൻ നേരം അവൾ എന്റെ ഫോൺ നമ്പറും വാങ്ങി… ഇടക്കൊക്കെ വിളിച്ചു ഹോസ്പിറ്റൽ കാര്യങ്ങളൊക്കെ അന്വേഷിച്ചു കൊണ്ടിരുന്നു….
ചിന്നൂട്ടി കുഴപ്പം ഒന്നുല്ലാതെ തിരികെ വീട്ടിൽ എത്തി…. വീണ്ടും എല്ലാം പഴയത് പോലെ ആയി…

ഒരുദിവസം എന്നെ കാണണം എന്ന് പറഞ്ഞു അവൾ വീണ്ടും വിളിച്ചു… എന്റെ സഹോദരിയുടെ ജീവൻ രക്ഷിച്ച കുട്ടിയല്ലേ… വിളിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല…

“എന്തിനാ കുട്ടി എന്നെ കാണണം എന്ന് പറഞ്ഞത്… എന്തങ്കിലും ഹെൽപ് വേണോ? ”

“തീർച്ചയായും ഹെൽപ് വേണ്ടി വരും… ”

“എന്താ… എന്താ ഞാൻ ചെയ്യേണ്ടേ… ”

“എന്താണെങ്കിലും ചെയ്യുവോ…? ”

“അത് പറഞ്ഞാൽ അല്ലേ പറ്റുള്ളൂ… കുട്ടി പറയൂ… ”

“വളച്ചു കെട്ടുന്നില്ല.. എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ചേട്ടന് എന്നെ കെട്ടിക്കൂടെ??? ”

ശരിക്കും ഞെട്ടിപ്പോയി… ആദ്യമായാണ് ഒരു പെൺകുട്ടി ഇങ്ങോട്ട് വന്നു പ്രൊപോസ് ചെയ്യുന്നത്… പെൺകുട്ടികളോടൊന്നും അധികം മിണ്ടാത്ത ഒരു നാണം കുണുങ്ങി ആയിരുന്നു അന്നൊക്കെ ഞാൻ….

ആലോചിട്ടു പറയാമെന്നു പറഞ്ഞു അവിടെ നിന്നും തടി തപ്പി… പക്ഷേ പിന്നീട് അങ്ങോട്ട്‌ ഉള്ള ഫോൺ വിളികളിൽ ഞാൻ അവളുമായി കൂടുതൽ അടുത്തു… എന്റെ അമ്മയെയും ചിന്നൂട്ടിയെയും എല്ലാം അവൾ കൈയിൽ എടുത്തു… എല്ലാർക്കും അവളെ ഭയങ്കര ഇഷ്ടം ആയിരുന്നു…

“നിനക്കെന്താ എന്നോട് ഇഷ്ടം തോന്നാൻ കാരണം… ”

“ചേട്ടൻ സൂപ്പർ അല്ലേ… കുഞ്ചാക്കോ ബോബനെ പോലെ ഉണ്ട് കാണാൻ . ”

“അപ്പോൾ നീ ഗ്ലാമർ നോക്കി ഇഷ്ടപ്പെട്ടതാണോ? ”

“അയ്യോ അങ്ങനെ അല്ല… ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടം തോന്നി… ഈ കാരക്ടറും ഇഷ്ടായി… അത് ഇപ്പോൾ എങ്ങനെ പറഞ്ഞറിയിക്കാൻ പറ്റും… എനിക്ക് അറിയില്ല… ”

“ഞാൻ ഇഷ്ടം അല്ലെന്ന് പറഞ്ഞാലോ? ”

“എങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ”

“ഞാൻ വിശ്വസിച്ചോട്ടെ തന്നെ… ജാതിയും മതവും എല്ലാം വേറെ ആണ് വീട്ടുകാർ പ്രോബ്ലം ഉണ്ടാക്കും അതെല്ലാം ഓർമ വേണം… ”

“എനിക്ക് എബി ചേട്ടനെ മാത്രം മതി വേറെ ഒന്നും ഞാൻ നോക്കുന്നില്ല… ”

അവളുടെ വാക്കുകൾ എനിക്ക് വിശ്വാസം ആയിരുന്നു… എന്റെ പ്രണയം അവിടെ പൂക്കുകയായിരുന്നു…. വിദേശത്തു പോകാൻ ഒരുപാട് നല്ല അവസരങ്ങൾ വന്നിട്ടും അവളെ വിട്ടു പോകാൻ അവൾ സമ്മതിച്ചില്ല…

“ഒരുപാട് പണം ഒന്നും നമുക്ക് വേണ്ട ചേട്ടായി… നാട്ടിൽ ചെറിയ ജോലി ആയാലും മതി… എനിക്ക് കാണണം.. എന്റെ കൂടെ ഉണ്ടാകണം… വാക്കു താ… ”

അവൾക്കു കൊടുത്ത വാക്കിന്റെ പേരിൽ പല നല്ല അവസരങ്ങളും ഞാൻ നഷ്ടപ്പെടുത്തി… അവളുടെ സന്തോഷം ആയിരുന്നു എനിക്ക് വലുത്… ചിന്നൂട്ടിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു അവളെ…

എനിക്ക് തൃശൂർ ജോലി കിട്ടിയ സമയത്തു സന്തോഷത്തോടെ ആണ് അവൾ എന്നെ യാത്രയാക്കിയത്… ആഴ്ചയിൽ ഓരോ ദിവസവും അവളെ കാണാൻ വെമ്പുന്ന മനസ്സുമായി ഞാൻ ഓടി എത്താറുണ്ടായിരുന്നു….

അവളെ പല ബോയിസിന്റെയും കൂടെ കാണാറുണ്ടെന്നു എന്റെ സുഹൃത്തുക്കൾ പല തവണ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല… ഒടുവിൽ അവർ ഫോട്ടോ വരെ എടുത്തു നൽകി എന്നെ വിശ്വസിപ്പിക്കാൻ… പക്ഷേ ഞാൻ അത് ചോദിച്ചപ്പോൾ തക്ക മറുപടി പറഞ്ഞു അവൾ എന്നെ കൺവീൻസ് ചെയ്തു… പിന്നീട് ഒരിക്കലും ഞാൻ അവളെ തെറ്റിദ്ധരിച്ചിട്ടില്ല….

വീട്ടിൽ കല്യാണ ആലോചന തകൃതി ആയി നടന്നപ്പോൾ അവളുടെ വീട്ടിൽ പോയി സംസാരിക്കാമെന്നു പറഞ്ഞ എന്നെ അവൾ തടഞ്ഞു… ഒരു നല്ല ജോലി പോലും ഇല്ലാത്ത എനിക്ക് അവളുടെ വീട്ടുകാർ പെണ്ണ് തരില്ലെന്ന് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു… പേരിനെങ്കിലും ഗൾഫിൽ ജോലി ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ വിവാഹം നടത്തി തരുമായിരുന്നു എന്നും കൂടി പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദേഷ്യം ആയി… വായിൽ തോന്നിയതൊക്കെ അവളെ പറഞ്ഞിട്ട് ഇഷ്ടം ഉണ്ടേൽ ഈ നിമിഷം നീ എന്റെ കൂടെ ഇറങ്ങി വരണമെന്ന് പറഞ്ഞു…

“ചേട്ടൻ ചൂടാകാതെ… വീട്ടിൽ ആലോചന നടക്കുന്നതേ ഉള്ളു… ഒന്നും ഉറപ്പിച്ചിട്ടൊന്നും ഇല്ലല്ലോ… എന്തെങ്കിലും ഉണ്ടായാൽ ഞാൻ വിളിക്കാം.. അപ്പോൾ ഓടി ഇങ്ങു വന്നാൽ മതി ”

കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ വിളിച്ചു.. പ്രോബ്ലം ആണ് പെട്ടെന്ന് വരണം.. രജിസ്റ്റർ മാര്യേജിനു അവൾക്കു സമ്മതം ആണെന്ന്… നാട്ടിലെ ഫ്രണ്ട്സിനോടും പറഞ്ഞു അതിനുള്ള ഏർപ്പാടും ചെയ്തു… വീട്ടിൽ ചാച്ചനും അമ്മച്ചിയും ചിന്നൂട്ടിയും ഒപ്പം ഉണ്ടാകുമെന്നു വാക്കും തന്നു… ആ സമയം പോലും അവളുടെ വീട്ടിൽ പോയി പെണ്ണാലോചിക്കാൻ അവൾ സമ്മതിച്ചില്ല…

രജിസ്റ്റർ മാര്യേജ് തീരുമാനിച്ചതിന്റെ തലേന്ന് ഞാൻ ഇവിടെ എല്ലാരോടും എന്റെ വിവാഹം ആണെന്നും ഇനി മടങ്ങി വരുന്നത് ഭാര്യയും കൂട്ടി ആയിരിക്കുമെന്ന് പറഞ്ഞാണ് നാട്ടിലേക്കു പുറപ്പെടുന്നത്… ആ യാത്രയിൽ ഫുള്ളും ഞാനും അവളും ഫോണിൽ സംസാരിച്ചതുമാണ്… പിറ്റേന്ന് അവളെ നോക്കി രജിസ്റ്റർ ഓഫിസിന്റെ പടിവാതിൽക്കൽ കാത്തു നിന്ന ഞങ്ങൾ അറിഞ്ഞത് ഇവിടെ ഞങ്ങൾ തീരുമാനിച്ച മുഹൂർത്തത്തിൽ അവിടെ അവളുടെ വിവാഹം കഴിഞ്ഞെന്നുള്ള വാർത്ത ആണ്…

ഫ്രണ്ട്‌സ് എല്ലാരും എന്നോട് പറഞ്ഞു പോയി അവളുടെ കരണം തീർത്തൊന്നു കൊടുത്തിട്ട് വരാൻ… പക്ഷേ ഞാൻ പോയില്ല… വെറുത്തു പോയിരുന്നു … ആ മുഖം പോലും കാണാൻ ഞാൻ അറച്ചു… സങ്കടം തോന്നി ഒരുപാട്… എല്ലാരുടെയും മുന്നിൽ ഞാൻ നാണം കെട്ടു… തിരിച്ചു ഓഫിസിലേക്കു മടങ്ങാനും മടിയായിരുന്നു… അവരോടൊക്കെ എന്ത്‌ മറുപടി പറയുമെന്ന് ആശങ്കയിൽ ആയിരുന്നു…

തന്നെ ഞാൻ ഇവിടേക്ക് കൊണ്ടുവന്ന ദിവസം എനിക്ക് അവളുടെ ഒരു ഫോൺ കാൾ ഉണ്ടായിരുന്നു… അവളെ ശപിക്കരുതെന്നും ഒരു നല്ല ജോലി പോലും ഇല്ലാത്ത എന്റെ കൂടെ ജീവിക്കാൻ അവൾക്കു ഒരിക്കലും കഴിയില്ല എന്നും പറഞ്ഞു… തിരിച്ചെന്തെങ്കിലും മറുപടി കൊടുക്കും മുൻപേ താൻ വന്നു… എന്നെ ശ്രദ്ധിക്കുന്നതായി തോന്നി… ഉടൻ തന്നെ ഫോൺ കട്ട്‌ ചെയ്തു ഞാൻ തന്റെ അടുത്തേക്ക് വന്നു… അത് താൻ ഓർക്കുന്നുണ്ടോ ദിൽന? ”

“ഉവ്വ്… ഞാൻ ഫ്രഷ് ആയിട്ട് വരാൻ നേരം എബി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു… എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഫോൺ വെച്ച് അടുത്തേക്ക് വന്നു… ”

“യെസ്… അന്ന് ഞാൻ അവളോട്‌ ആയിരുന്നു സംസാരിച്ചത്… ഇനി താൻ പറ ക്ഷമിക്കണോ ഞാൻ അവളോട്‌… വെറുതെ ഇരുന്നവനെ വിളിച്ചു ഇല ഇട്ടിട്ട് പിന്നെ ഭക്ഷണം ഇല്ല എന്ന് പറയുന്ന അവസ്ഥ…. ”

“അവൾക്കു എബിയെ കിട്ടാൻ യോഗം ഇല്ലാതെ പോയി… അവളു പോയി ജീവിക്കട്ടെ എബി… തനിക്കു നല്ല പെൺകുട്ടിയെ കർത്താവു കൊണ്ടുത്തരും നോക്കിക്കോ… ”

“വേണ്ട… ഒരെണ്ണം കൊണ്ട് തന്നെ മടുത്തു എനിക്ക്… ഇനി പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട… ”

“അങ്ങനെ തോറ്റു കൊടുത്തു കൂടാ എബി… എന്നോട് എന്തൊക്കെ എബി പറഞ്ഞിട്ടുണ്ട്… ചുരുക്കി പറഞ്ഞാൽ നല്ല ഒന്നാന്തരം തേപ്പ് കിട്ടിയവരാണ് നമ്മൾ… നമുക്കും ജീവിച്ചു കാണിച്ചു കൊടുക്കണം… എന്റെ കൈയിൽ നല്ല ഒരു കുട്ടി ഉണ്ട്… എബിക്ക് നന്നായി ചേരും… ”

“അങ്ങനെ ഒരാൾ ഇപ്പോൾ ആരാ? പറ കേൾക്കട്ടെ… ”

“ഡെല്ല… ഓഫിസിലെ എന്റെ ഫ്രണ്ട്‌… നല്ല കുട്ടിയാ… ”

എബിയോട് അതു പറഞ്ഞപ്പോളാണ് ഞാൻ ഡെല്ലയെ കുറിച്ച് വീണ്ടും ഓർക്കുന്നത്… ഉടനെ തന്നെ ഫോൺ എടുത്തു അവളെ വിളിച്ചു… റിങ് ചെയ്യുന്നുണ്ട് പക്ഷേ…….

(തുടരും )