18/04/2026

മാനസതീർത്ഥ : ഭാഗം 13

രചന – കണ്ണന്റെ മാത്രം

അവൾക്ക് ഒരു കൂടപ്പിറപ്പ് വേണം…

അതേ അവൾക്ക് ഒരു സിബ്ലിങ് ഉണ്ടാവണം. അങ്ങനെ ഒരു കുഞ്ഞ് ഉണ്ടാവുകയാണെങ്കിൽ ആ കുഞ്ഞ് ജനിക്കുന്ന സമയം പൊക്കിൾ കൊടിയിൽ നിന്നും നമുക്ക് സ്റ്റം സെൽസ് കളക്ട് ചെയ്യാൻ പറ്റും. സിദ്ധു പറഞ്ഞു നിർത്തി..

അറിയാം.. മാനുമോളെ ആദ്യം കാട്ടിയ ഡോക്ടർ പറഞ്ഞിരുന്നു ഇതാണ് ലാസ്റ്റ് ഓപ്ഷൻ എന്ന്. ആമി പറഞ്ഞു..

ഈ സമയം മാനുമോള് സിദ്ധുവിന്റെ മടിയിൽ ഇരുന്ന് ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. അവൻ ഒന്ന് കൂടി കസേരയിൽ  നേരെ ഇരുന്ന് മോളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു..

ആമി ഇതെല്ലാം കണ്ടെങ്കിലും ഒന്നും ചോദിക്കാനോ പറയാനോ പോയില്ല..

ഇനി ഇപ്പൊ….. സിദ്ധു എന്താ പറയേണ്ടത് എന്നറിയാതെ ഒന്ന് വിക്കി.

അടുത്ത ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കണം. ഞാൻ തയ്യാർ ആണ് അതിനു ആമി പറഞ്ഞു..

സിദ്ധു ഒരു ഞെട്ടലോടെ ആണ് ആമി പറഞ്ഞത് കേട്ടത്….

ശിവ…. സിദ്ധു പറഞ്ഞു തുടങ്ങുമ്പോഴേക്കും ആമി പറഞ്ഞു.

എന്റെ കുഞ്ഞിനും വലുതല്ല എനിക്കൊന്നും തന്നെ. അതുകൊണ്ട് അവൾക്ക് വേണ്ടി ഒരിക്കൽ കൂടി അമ്മയാവാൻ ഞാൻ തയ്യാറാണ്. പക്ഷേ…

എന്താ.. കാര്യം. എന്താണെങ്കിലും പറഞ്ഞോളൂ..

പക്ഷേ ഒരു നോർമൽ പ്രെഗ്നൻസി അതെനിക്ക് പറ്റില്ല. ആർട്ടിഫിഷ്യൽ ആയിട്ട് കൺസിവ് ആവാൻ ഞാൻ തയ്യാർ ആണ്. Ivf ഫെസിലിറ്റീസ് ഉണ്ടല്ലോ. അതു വഴി ചിന്തിക്കാമല്ലോ…

അവൻ ഊഹിച്ചിരുന്നു അവൾ ഇതിനെക്കുറിച്ചു എല്ലാം മനസിലാക്കിയിട്ടാവും ഇരിക്കുന്നതെന്നു. അതുകൊണ്ട് തന്നെ ivf ന്റെ കേസ് പറഞ്ഞപ്പോഴും അവന് ഞെട്ടലൊന്നും ഉണ്ടായില്ല…

 

ശരി.. അതിനു കുറച്ച് ചെക്കപ്പ് ഒക്കെ ചെയ്യാനുണ്ട്. ശിവക്കും എനിക്കും..നാളെ തന്നെ അതു ചെയ്തുകൂടെ…

ചെയ്യാം.. അതിനു നാളെ ഞാൻ വരാം.. ആമി പറഞ്ഞു.

മ്മ്.. നാളെ നമുക്ക് മാളുവിനെ കൺസൾട്ട് ചെയ്യാം. അവൾ ഇൻഫെർട്ടിലിറ്റിയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ളതാണ്..സിദ്ധു അതു പറയുന്ന സമയത്താണ് അജുവും മാളുവും കൂടി കയറി വരുന്നത്.

എന്തായി സിദ്ധു കാര്യങ്ങൾ.. സിദ്ധുവിന്റെ മടിയിൽ ഇരുന്നുറങ്ങുന്ന മാനുമോളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് അജു ചോദിച്ചു.

റിസൾട്ട്‌ നെഗറ്റീവ് ആണ് അജു… സിദ്ധു പറഞ്ഞു

മ്മ്.. നെഗറ്റീവ് ആവാൻ ചാൻസ് കൂടുതൽ ആയിരുന്നല്ലോ. ഇനി ഇപ്പൊ.. അജു പറഞ്ഞു

ഞങ്ങൾ ivf ട്രൈ ചെയ്യാൻ തീരുമാനിച്ചു. സിദ്ധു അതു പറഞ്ഞതും അജു ഒന്ന് ഞെട്ടി. പിന്നെ ആമിയുടെ മാനസികാവസ്ഥ അറിയുന്നത് കൊണ്ട് ഒന്നും പറഞ്ഞില്ല..

മാളു അതിനു വേണ്ട ചെക്കപ്പും കാര്യങ്ങളും ഒക്കെ നാളെ തന്നെ ചെയ്തൂടെ… സിദ്ധു ചോദിച്ചു..

ചെയ്യാം.. ഞാൻ വർക്ക്‌ ചെയ്യുന്ന ഹോസ്പ്പിറ്റലിലേക്ക് വന്ന മതി.. കുറച്ച് ബ്ലഡ്‌ ടെസ്റ്റ്സ് ഉണ്ട്. പിന്നെ സ്കാനിംങും മറ്റും.. നാളെ 8 ഒക്കെ ആവുമ്പോൾ എത്തിക്കോ. ആമിയേച്ചി ഫുഡ്‌ കഴിക്കണ്ട. ബ്ലഡ്‌ എടുത്തിട്ട് ഫുഡ്‌ എന്തേലും കഴിക്കാം. ഞാൻ വരാം ചേച്ചിയെ പിക്ക് ചെയ്യാൻ. മാളു പറഞ്ഞു.

മ്മ്.. ശരി.. അപ്പൊ ഞാൻ പോകട്ടെ.. അവൾ സിദ്ധുവിനെ ഒന്ന് നോക്കി. അവൻ എഴുന്നേറ്റ് മോളുടെ നെറ്റിയിൽ ഒന്ന് മുത്തികൊണ്ട് അവളെ ആമിയുടെ കയ്യിലേക്ക് കൊടുത്തു.

വാ.. ആമിയേച്ചി ഞാൻ ഇറക്കി തരാം. ഇന്നെന്തായാലും ഞാൻ ലീവ് ആണ്. അതും പറഞ്ഞു മാളുവും ആമിയും മോളും കൂടി പുറത്തേക്ക് പോയി.

അവർ പോയതും മേശയിൽ കൈകുത്തി അതിൽ തല താങ്ങി സിദ്ധു ഇരുന്നു..

സിദ്ധു… അജു വിളിച്ചു..

സിദ്ധു ഒരു നിർജീവമായ ചിരിയോടെ അജുവിനെ നോക്കി. എന്നിട്ട് പറഞ്ഞു..
ഇതെല്ലാം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ് അജു. അതുകൊണ്ട് എനിക്ക് ശിവ അതു പറഞ്ഞപ്പോഴും വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. എല്ലാ രീതിയിലും ഒരു പരാജയം ആണല്ലേ ഞാൻ അജു. നല്ല ഒരു മകനല്ല സഹോദരനല്ല ഭർത്താവല്ല അച്ഛനല്ല.. ഒരു നല്ല മനുഷ്യനെ അല്ല… ഈ അവഗണനയും ഒറ്റപ്പെടലും ഞാൻ അർഹിക്കുന്നതാണ്…അതു പറയുമ്പോഴും ഒരു നിർജീവമായ ഭാവം ആയിരുന്നു സിദ്ധുവിന്റെ മുഖത്ത്..

അജുവിനു എന്താ പറയേണ്ടത് എന്നറിയാതെ വെറുതെ സിദ്ധുവിനെ നോക്കിയിരുന്നു..

………………

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. അവരുടെ രണ്ടുപേരുടെയും ചെക്കപ്പും മറ്റും കഴിഞ്ഞു. രണ്ടുപേർക്കും ഫിസിക്കലി ഒരു പ്രോബ്ലവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ivf പ്രോസസ്സ് പെട്ടന്ന് തന്നെ ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ അതിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്ത് തുടങ്ങി.

ഇന്നാണ് ബ്ലഡ്‌ ടെസ്റ്റ്‌ പറഞ്ഞിട്ടുള്ളത്. പ്രെഗ്നൻസി കൺഫേം ചെയ്യാൻ ഉള്ളത്. കഴിഞ്ഞ രണ്ടുമാസം ആയിട്ടു ചെയ്ത കാര്യങ്ങളുടെ റിസൾട്ട്‌  ഇന്നറിയാം. ഈ രണ്ടുമാസം കൊണ്ട് സിദ്ധുവും മാനുമോളും വല്ലാതെ അടുത്തിരുന്നു. ആമി നിസ്സഹായതയോടെ അതു നോക്കി കണ്ടു. അവൾക്ക് അറിയാമായിരുന്നു ഒരു പരിധിയിൽ കൂടുതൽ അവരെ തമ്മിൽ അകറ്റാൻ അവൾക്ക് ആവില്ല എന്ന്. ഇങ്ങോട്ട് പോരുമ്പോൾ തന്നെ അതറിയാമായിരുന്നു. പക്ഷേ എന്തോ മനസ്സുകൊണ്ട് ഇപ്പോഴും ഒന്നും അംഗീകരിക്കാൻ പറ്റുന്നില്ല.
സിദ്ധുവിനെ അവൾ പൂർണമായി അവഗണിച്ചു. ട്രീത്മെന്റിന്റെ കാര്യങ്ങൾ വല്ലതും സംസാരിക്കും എന്നല്ലാതെ അവർ തമ്മിൽ സംസാരങ്ങൾ ഉണ്ടായിരുന്നില്ല.

സിദ്ധുവിന് ആമിയുടെ സുഖവിവരങ്ങൾ അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവൻ അവളോട്‌ നേരിട്ട് ഒന്നും ചോദിക്കാറില്ല. അവൾക്ക് അവനോട് സംസാരിക്കാൻ താല്പര്യം  ഇല്ല എന്ന് അവനറിയാം. അതുകൊണ്ട് തന്നെ മാളുവിനോട് ആണ് അവൻ കാര്യങ്ങൾ ചോദിച്ചറിയുന്നത്. മാളുവും അവനോട് ക്ഷമിക്കാൻ തയ്യാറായിട്ടില്ല. ഒരു രോഗിയോട് അല്ലെങ്കിൽ രോഗിയുടെ ബന്ധുവിനോട്  സംസാരിക്കുന്നത് പോലെ ആണ് അവൾ അവനോട് സംസാരിക്കുന്നത്. അല്ലാതെ ഒരു സഹോദരനോട് സംസാരിക്കുന്നത് പോലെ അല്ല. സിദ്ധുവും എല്ലാരിൽ നിന്നും ഒഴിഞ്ഞു നടക്കാൻ തുടങ്ങി. അവന്റെ ലോകത്ത് ഇപ്പൊ അവനും മാനുമോളും മാത്രേ ഉള്ളൂ. അവളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അവൻ ആഗ്രഹിച്ചാലും അവന് കഴിയുന്നുണ്ടായില്ല. അതുകൊണ്ട് തന്നെ അവർ കൂടുതൽ അടുക്കുകയാണ് ചെയ്യ്തത്.

അവർ മാളുവിന്റെ കാബിനിൽ റിസൾട്ടിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ്. സിദ്ധുവും മാനുമോളും കൂടി നല്ല കളിയിൽ ആണ്. ആകെ മാനുമോളുടെ ചിരി കാണുമ്പോൾ മാത്രം ആണ് ആമിയും സിദ്ധുവും ഇത്തിരിയെങ്കിലും സന്തോഹിക്കുന്നത്. അല്ലാതെ രണ്ടുപേരുടെയും ജീവിതത്തിൽ സന്തോഷിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.

പെട്ടന്നാണ് കാബിൻ ഡോറിൽ ആരോ തട്ടിയത്.

ലാബിൽ നിന്നും റിസൾട്ട്‌ കൊണ്ടുവന്നതായിരുന്നു.  മാളു വേഗം റിസൾട്ട്‌ വാങ്ങി നോക്കി. അതിലൂടെ കണ്ണ് ഓടിച്ചതും അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അതു കണ്ടപ്പോ തന്നെ സിദ്ധുവിനും ആമിക്കും സന്തോഷമായി. കാരണം ആ ചിരി പറയുന്നുണ്ടായിരുന്നു അവർക്ക് റിസൾട്ട്‌ എന്താവും എന്ന്.

ആമിയേച്ചി റിസൾട്ട്‌ പോസിറ്റീവ് ആണ്. ഇനി നന്നായി ശ്രദ്ധിക്കണം. ആദ്യത്തെ പ്രെഗ്നൻസി അത്രേം കോംപ്ലിക്കേറ്റഡ് ആയിരുന്നതുകൊണ്ട് പ്രത്യേകിച്ചും. ആവശ്യത്തിന് വെള്ളം കുടിക്കണം ഭക്ഷണം കഴിക്കണം. ഭാരമുള്ളത് ഒന്നും എടുത്തു പൊക്കരുത്.എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പൊ എന്നെ വിളിക്കണം.

ശരി മാളു… ഞാൻ ശ്രദ്ധിച്ചോളാം.. അപ്പൊ ഞങ്ങൾ പോകട്ടെ…

ആ പൊക്കൊളു 2 വീക്സ് കഴിഞ്ഞു ആദ്യ സ്കാനിങ് ചെയ്യാം.

അങ്ങനെ അവർ പുറത്തിറങ്ങി. ആമിയും മോളും അവരുടെ വീട്ടിലേക്കും സിദ്ധു അവന്റെ ഹോസ്പിറ്റലിലേക്കും തിരിച്ചു പോയി..

………….

നാളെ ആണ് സ്കാനിങ് പറഞ്ഞിട്ടുള്ളത്.. എന്തോ ഇന്ന് എഴുന്നേറ്റത് മുതൽ ആമിക്ക് ആകെ കൂടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇത്രേം നാളും ഛർദിയും കാര്യങ്ങളും ഉണ്ടായിരുന്നെങ്കിലും വേറെ കാര്യമായി പ്രേശ്നങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവൾ സമാധാനിച്ചിരിക്കുകയായിരുന്നു. പക്ഷേ ഇന്ന് രാവിലെ എഴുന്നേറ്റത് മുതൽ ആകെ വയ്യ.. ഇടക്കിടക്ക് വയറും വേദനിക്കുന്നുണ്ട്. അവൾ വേഗം തന്നെ മാളുവിനെ വിളിച്ചു കാര്യം പറഞ്ഞു. മാളുവിന്‌ ഇന്നൊരു ഡെലിവറി കേസ് ഉള്ളത് കൊണ്ട് അവൾക്ക് ആമിയുടെ വീട്ടിൽ പോയി അവരെ കൊണ്ടുവരാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെ അവൾ ആമിയോട് ഒരു ടാക്സി വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞത്.. അതും പറഞ്ഞു മാളു ഫോൺ വെച്ച നേരത്താണ് സിദ്ധു മാളുവിനെ നാളത്തെ സ്കാനിംഗിന്റെ കാര്യം ചോദിച്ച് വിളിക്കുന്നത്. അപ്പോൾ മാളു ആമിക്ക് വയ്യാത്തത് അവനോടും പറഞ്ഞു. അവനും വേഗം മാളുവിന്റെ ഹോസ്പിറ്റലിൽ എത്താം എന്നും പറഞ്ഞു ഫോൺ വച്ചു.

കുറച്ച് കഴിഞ്ഞതും ആമിയും മാനുമോളും ജാനകിയമ്മയും കൂടെ വന്നു. ആമിയുടെ മുഖം ആകെ വിളറിവെളുത്ത് ഇരിക്കുന്നുണ്ടായിരുന്നു.

എന്താ ആമിയേച്ചി.. എന്തുപറ്റി പെട്ടന്ന്… മാളു ചോദിച്ചു..

അറിയില്ല മാളു എന്തോ തീരെ സുഖം തോന്നിയിരുന്നില്ല ഇന്ന്. ഇപ്പൊ ഇറങ്ങുന്ന നേരത്ത് ബാത്‌റൂമിൽ പോയപ്പോൾ ചെറുതായി ബ്ലീഡിങ് കാണുന്നുണ്ട്.

ആ സമയത്താണ് സിദ്ധു വരുന്നത്. സിദ്ധുവിനെ കണ്ടതും മാനുമോള് അവന്റെ മേലേക്ക് ചാടി കയറി.

ഏയ്യ് മോളെ പതുക്കെ… വാവക്ക് ഉവ്വാവ് വരും. അവൻ അവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു..

ആ സമയം മാളു പറഞ്ഞു നമുക്ക് എന്തായാലും സ്കാനിങ് ഇന്ന് തന്നെ ചെയ്യാം. അപ്പോൾ അറിയാം എന്താ പ്രോബ്ലം എന്ന്…ഇതും പറഞ്ഞു മാളു സ്കാനിംഗിന് എഴുതി..

കുറച്ച് കഴിഞ്ഞ് സിദ്ധുവും ആമിയും മാളുവിന്‌ മുന്നിൽ ഇരിക്കുകയാണ്. മാളു സ്കാനിങ് റിപ്പോർട്ട്‌ പരിശോധിച്ചുകൊണ്ട് ഒരു നിശ്വാസം വിട്ടു. ഇപ്പൊ പ്രശ്നം ഒന്നും ഇല്ല ബേബി സേഫ് ആണ്. പക്ഷേ ചെറിയ കോംപ്ലിക്കേഷൻസ് കാണുന്നുണ്ട്. ആമിയേച്ചി മുൻപത്തെ പ്രെഗ്നൻസി ഇത്രേം പ്രശ്നം ആയിരുന്നത് കൊണ്ട് ചെറിയ കോംപ്ലിക്കേഷൻ ആണെങ്കിലും നമ്മൾ നന്നായി ശ്രദ്ധിക്കണം. ബെഡ് റസ്റ്റ്‌ തന്നെ വേണ്ടി വരും. വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല. നന്നായി റസ്റ്റ്‌ എടുക്ക്. മൈൻഡ് ഫുൾ റിലാക്സ് ആക്കി വെക്കാൻ നോക്ക്..

ആ സമയത്ത് ആണ് അജുവും കയറി വന്നത് അങ്ങോട്ട്. സിദ്ധു പറഞ്ഞ് അവനും അറിഞ്ഞിരുന്നു ആമിക്ക് വയ്യാതെ ആയത്…

അവൻ മാളുവിനോട് എല്ലാം ചോദിച്ചറിഞ്ഞു…

അല്ല ആമി ഇപ്പോൾ ജോലിക്ക് പോകുന്നുണ്ടോ.. അജു ചോദിച്ചു.

ഇല്ല 1 വീക്ക്‌ ആയിട്ട് ലീവ് ആയിരുന്നു. ആമി പറഞ്ഞു.

എന്നാൽ കുറച്ച് കൂടി ലീവ് എക്സ്റ്റന്റ് ചെയ്തോ ആമിയേച്ചി. മിക്കവാറും ഒരു നാലുമാസം ഒക്കെ കഴിയുമ്പോ പിന്നെ ബെഡ് റസ്റ്റ്‌ വേണ്ടിവരില്ല…മാളു പറഞ്ഞു.

അല്ല മാളു അപ്പോഴും ആമി മോൾടെ കാര്യങ്ങൾ ജാനകിയമ്മയെ കൊണ്ട് ഒറ്റക്ക് പറ്റുമോ… അജു ചോദിച്ചു.

അതുകുഴപ്പം ഇല്ല അജുവേട്ട ഞങ്ങൾ മാനേജ് ചെയ്തോളാം. ആമി പറഞ്ഞു.

ഞാൻ ഒരു കാര്യം ചോദിക്കട്ടെ. നിങ്ങൾക്ക് എന്റെ കൂടെ താമസിച്ചൂടെ. എനിക്ക് ഒരു അവകാശവും വേണ്ട. പക്ഷേ മോളുടെ കാര്യങ്ങൾ അപ്പോൾ എനിക്ക് എപ്പോഴും ശ്രദ്ധിക്കാം. അവൾക്കും ശ്രദ്ധ വേണ്ട സമയം അല്ലെ…സിദ്ധു ആമിയെ നോക്കി കൊണ്ട് ചോദിച്ചു.

ഏയ്യ് അതിന്റെ ആവശ്യം ഇല്ല. ഇതു ഞങ്ങൾക്ക് മാനേജ് ചെയ്യാവുന്നതേ ഉള്ളൂ.. ആമി  സിദ്ധുവിന്റെ മുഖത്ത് രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു.

സിദ്ധു പറഞ്ഞത് ഒരു നല്ല കാര്യം ആണ് ആമി. നമ്മുടെ ചെറിയ ഒരു അശ്രദ്ധ കൊണ്ട് ഒന്നും വരരുത്. അതു ആമിയുടെ കാര്യത്തിൽ ആയാലും മോളുടെ കാര്യത്തിൽ ആയാലും… അജുവും പറഞ്ഞു.

പ്ലീസ് ശിവ.. എനിക്ക് യാതൊരുവിധ  അവകാശങ്ങളും വേണ്ട. എന്നെ ഭർത്താവായി കാണുകയും വേണ്ട. ഹൗസ്മേറ്റ്സ് പോലെ താമസിക്കാം നമുക്ക്. ഞാൻ മോളുടെ കാര്യങ്ങൾ നോക്കിക്കോളാം.. പ്ലീസ് ശിവ.. സിദ്ധു യാചനയോടെ പറഞ്ഞു.

ആമി കുറച്ചു നേരം ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. പിന്നെ പറഞ്ഞു.

സമ്മതിക്കാം. പക്ഷേ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട്. അതു സമ്മതം ആണെങ്കിൽ മാത്രം ഞാൻ സമ്മതിക്കാം…