രചന – അളകനന്ദു
രാവിലെ ഇറങ്ങിയതാണ്….. ചിത്രാബംരിയിലേക്ക്… വീട്ടിലേക്ക് പോകും വഴിയാണ്. അച്ഛനും അമ്മയ്ക്കും മിത്തുവിനും ഡ്രസ്സ് എടുക്കാൻ അഞ്ചു നിലകെട്ടിടത്തിന്റെ മുന്നിൽ വണ്ടി നിർത്തി… ഇറങ്ങാൻ കണ്ണ് കൊണ്ട് കാണിച്ചു ആരവേട്ടനിറങ്ങി. വണ്ടിയുടെ കീ സെക്യൂരിറ്റിയുടെ കയ്യിലേൽപ്പിച്ച് പാർക്കിങ്ങിൽ ഇടാൻ പറഞ്ഞു ആള് അകത്തേക്ക് നടന്നു. പുറകെ ഞാനും. രണ്ടു മൂന്നു തവണ ഇവിടെ വന്നിട്ടുണ്ട്. അതും കല്യാണം ഉറപ്പിച്ച ശേഷം. ബാങ്കിൽ കൂടെ വർക്ക് ചെയ്യുന്ന ചേച്ചിക്ക് സാരീ എടുക്കാനും മറ്റും. വരില്ലന്നു ഒരുപാട് പറഞ്ഞു നോക്കിയിരുന്നു. ആരവേട്ടനെയെങ്ങാൻ കണ്ടാലോന്ന് വച്ചായിരുന്നു ,, . . ഇവിടെ അന്ന് വന്നിട്ടും കാണാൻ പറ്റിയിരുന്നില്ല. എൻഗേജ്മെന്റിനന്നായിരുന്നു ആദ്യമായി കാണാൻ വിധി. നല്ല തിരക്കുണ്ട്. കല്യാണ സീസൺ ആയതുകൊണ്ടാണ്. സെയിൽസ് ഗേൾസും ബോയ്സും തന്നെയുണ്ട് കൊറേയെണ്ണം… കേറി ചെന്നപ്പോ എന്റെ കണ്ണിൽ പെട്ടത് അവിടുത്തെ ബൊമ്മയെ ഉടുപ്പിച്ചു നിർത്തിയിരിക്കുന്ന സാരിയാണ്.
പീക്കോക്ക് ബ്ലു കളറിലെ റാസൽ നെറ്റിൽ ഡയമണ്ട് വർക്ക് ചെയ്ത അടിപൊളി സാരീ. അതും നോക്കി നിന്നപ്പോളാണ് ആരവേട്ടന്റെ കാര്യം ഓർത്തത്. മുന്നോട്ടു നോക്കിയപ്പോൾ ആൾടെ പൊടി പോലും ഇല്ല. ഒരു നിമിഷം ഞെട്ടി… ഇത്രയും ആളുകൾക്കിടയിൽ എവിടെയാണ് ആദ്യം നോക്കണ്ടത്. ഞാൻ നിൽക്കുന്നിടത്തു നിന്ന് കൊറച്ചു മുന്നേക്ക് പോയാൽ ലിഫ്റ്റ് ആണ്. അതിനടുത്ത് തന്നെ സ്റ്റെപ്പും ഉണ്ട്. കൂടി നിക്കുന്ന ആൾക്കാർക്കിടയിലൂടെ നടന്നു. ഫ്ലാറ്റ് ചെരുപ്പ് ആണേലും ടൈൽ നല്ല മിനുസമായത് കൊണ്ട് തെന്നിയാലോന്ന് കരുതി ഓരോ ചുവടും അമർത്തി വച്ചാണ് നടന്നത്. സ്പീഡിൽ അല്ലെങ്കിലും അല്പം ആയത്തിൽ കാൽ വച്ചു നീങ്ങുമ്പോ ആണ് ആരോമായി കൂട്ടി ഇടിച്ചു നടുവും കുത്തി നിലത്ത് വീണത്. മുന്നോട്ടു മാത്രം നോക്കി നടന്ന കൊണ്ട് സൈഡിൽ നിന്നു വരുന്നതൊന്നും കണ്ടിരുന്നില്ല.
ആരവേട്ടനെ കണ്ടു പിടിക്കണ്ടകൊണ്ടും ഇത്രയും ആളുകൾ ചുറ്റും ഒള്ളകൊണ്ടും ചാടി പിടഞ്ഞെണീറ്റു. അതികമാരും കണ്ടില്ല. അവിടെ നിന്നതിൽ ഒരു മാൻപേടകണ്ണുള്ള സെയിൽസ് ഗേൾ ഓടി എന്റെ അടുക്കൽ വന്നു. “ആർ യു ഒക്കെ മാഡം? ” ആ കുട്ടിയുടെ ചോദ്യത്തിനു തല കുലുക്കി. എന്നെ വന്നു ഇടിച്ച ആളെ നോക്കി…. നിലത്ത് ഒരു പയ്യൻ കൈ മുട്ട് കുത്തി പാതി ചാഞ്ഞു കിടപ്പുണ്ട്. സെയിൽസ് ബോയ് ആണ്. അവൻ എന്നെ തന്നെയാണ് നോക്കുന്നത്.അവന് ചുറ്റും കൊറേ ചുരിദാർ മെറ്റീരിയൽസ് ചിന്നി ചിതറി കിടക്കുന്നു . എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോ മാൻപേട കണ്ണുള്ള ആ പെണ്ണ് താഴെ വീണു കിടക്കുന്നവനെ എണീപ്പിക്കാതെ ചുറ്റും കിടക്കുന്ന ആ തുണികൾ പെറുക്കി കൂട്ടുന്നു. ഇത്രയും ആത്മാർത്ഥയോ…? എന്റെ ശ്രദ്ധക്കുറവും ഈ ഇടിയിൽ ഒള്ളത് കൊണ്ട് വീണു കിടക്കുന്ന പയ്യന് നേർക്ക് കൈ നീട്ടിയപ്പോഴാണ് ആ ഗർജനം കേട്ടത്.
“അമൽ…” സൈഡിൽ നോക്കിയപ്പോൾ ആരവേട്ടൻ. ആ പൂച്ചകണ്ണുകളിൽ ചുവപ്പ് പടർന്നിരിക്കുന്നു.ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്. ആ വീണു കിടക്കുന്ന പയ്യനെ ആണ് വിളിച്ചതെന്ന് മനസിലായി താഴേക്കു നോക്കിയപ്പോൾ അവനവവിടെ ഇല്ല. ദേ തൊട്ടപ്പുറത്ത് വടി വിഴുങ്ങിയ പോലെ സ്റ്റെടിക്ക് നിൽക്കുന്നു. ചുമ്മാതല്ല മാൻപേട കണ്ണുകാരി ആൽമാർത്ഥത കാണിച്ചത്. അവനെ നോക്കി നിന്ന നേരം എന്റെ കൈയിലൊരു പിടി വീണിരുന്നു. ആരവേട്ടൻ ആണ്. കൈ തണ്ട ഇരുമ്പു വലയത്തിൽ അകപ്പെട്ട പോലെ തോന്നി. അത്രക്കും മുറുക്കിയാണ് പിടിച്ചിരിക്കുന്നത്. രണ്ട് മൂന്നു തുണി താഴെ ഇട്ടതിനാണോ ഇത്രയും കലിപ്പ്.? എന്നെയും വലിച്ചു വേഗത്തിൽ ലിഫ്റ്റിനു നേർക്ക് നടന്നു,,,, അതിൽ കയറി തേർഡ് ഫ്ലോറിലേക്കുള്ള ബട്ടൺ അമർത്തി എന്നെ നോക്കി.
“എന്താ..എന്തിനാ കരയുന്നെ……. . വീണപ്പോൾ വല്ലതും പറ്റിയോ…? ” . കയ്യിലെ പിടി അയച്ചു കൊണ്ടാണ് ചോദിച്ചത്. നടുംതല്ലി വീണപ്പോൾ പോലും ഇത്രയും വേദനിച്ചില്ല. ആരവേട്ടൻ മുറുകെ പിടിച്ച കയ്യുയർത്തി കാണിച്ചു. വിരൽ പാട് എടുത്തു കാണാൻ ഒന്നും പറ്റുന്നില്ലായിരുന്നു. പിടിച്ച അത്രയും ഭാഗം ചുവന്ന് കിടക്കുവാണ്. ആൾടെ മുഖത്തെ അമ്പരപ്പിൽ അറിയാതെ ചെയ്തതാണെന്ന് മനസിലായി. “സ്….. സോറി ഞാൻ…….. അന്നേരം അറിയാതെ… ” എരിവ് വലിക്കുന്ന കണ്ടാൽ ആരവേട്ടനാണു വേദനിക്കുന്നതെന്ന് തോന്നും.കുറ്റം ചെയ്തപോലെ അപരാദം ഏറ്റു പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ,, പറയുന്നതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല. ആ മുഖത്ത് കരുതലിന്റെ ലാഞ്ചനയേലും വന്നുവോ എന്ന സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു ഞാൻ… ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ ആൾ ഇറങ്ങി.
കൂടെ ഞാനും… അവിടെ നിന്നിരുന്ന ഒരു കുട്ടിയെ വിളിച്ചു എന്തോ പറഞ്ഞു. മെറൂൺ ബ്ലൗസും ഗോൾഡൻ സാരിയുമാണ് ഇവരുടെ യൂണിഫോം. ആ പെൺകുട്ടി തിരികെ വന്നു ഓയിൽമെന്റ് കൊടുത്തു. ആരവേട്ടൻ തന്നെയാണ് എന്റെ കയ്യിൽ പുരട്ടി തന്നത്. അറിയാതെയാണെങ്കിലും ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമായിരിക്കും. അച്ഛന് ഷർട്ടും മുണ്ടും അമ്മക്കൊരു സാരീയും എടുത്തു. മിത്തുവിനു സാരീ മതിയോന്ന് ആരവേട്ടൻ ചോദിച്ചപ്പോ അതു വേണ്ടന്ന് ഞാൻ പറഞ്ഞു. സാരീ പോയിട്ട് ചുരിദാർ പോലും ഇടുന്നത് വളരെ വിരളമാണ്. അവൾക്ക് ഒരു പലാസോയും ടോപ്പും എടുത്തു. വീണ്ടും താഴെക്കു ചെന്നു പാക്ക് ചെയ്ത കവർ വാങ്ങി ഇറങ്ങി. മാൻപേടകണ്ണുള്ള പെണ്ണ് അവിടെ ഉണ്ടായിരുന്നു. ആ പയ്യനെ കണ്ടില്ല. അഞ്ചാറു കവറുകൾ ഉണ്ടായിരുന്നു.
രണ്ടുമൂന്നെണ്ണം ഡിക്കിയിൽ കൊണ്ട് വച്ച് ബാക്കി ബാക്ക് സീറ്റിലും ഇട്ടു. വീട്ടിലേക്കുള്ള വളവ് തിരിഞ്ഞപ്പോ കണ്ടു ഇടവഴിയിൽ നിന്ന് അകത്തേക്ക് ഓടുന്ന മിത്തുവിനെ ഗേറ്റ് മലർക്കെ തുറന്നു തന്നത് അവളാണ്. വായിൽ ബ്രഷ് ഇരുപ്പുണ്ട്. സമയം പതിനൊന്നേ മുക്കാൽ ആയി. എണീറ്റു വന്നു പല്ല് തേക്കുന്നതേയുള്ളൂ. അച്ഛൻ ഉമ്മറത്തു തന്നെ നിൽപ്പുണ്ട്,, മിത്തുവിനോട് കണ്ണ് കൊണ്ട് എന്തോ കാണിക്കുന്നു. കയറി പോവാൻ ആയിരിക്കും. പെൺകുട്ടികൾ ആയാൽ അഞ്ചു വെളുപ്പിന് എഴുന്നേൽക്കണം എന്ന ചിട്ടയൊന്നും അനുസരിപ്പിക്കുകയോ,, അല്ലെങ്കിൽ അതിനെ അനുകൂലിക്കുന്ന ആളോ അല്ല അച്ഛൻ. മിത്തുവിനെ പോലെ ആയിരുന്നോ ഞാനും എന്ന് ആരവേട്ടൻ കരുതുമെന്ന് വിചാരിച്ചിട്ടാകും. അകത്തേക്ക് നോക്കി അമ്മയോട് വിളിച്ചു പറയുന്ന കേട്ടു, ഞങ്ങൾ വന്നെന്ന്.
ആരവേട്ടൻ തന്നെയാണ് വാങ്ങിയതെല്ലാം എടുത്തത്. ഓടി ചെന്നു അച്ഛന്റെ നെഞ്ചിൽ ചാരി… എല്ലാ പെൺകുട്ടികളുടെയും ഏറ്റവും സുരക്ഷിതമായിടം…. ആ കൈകളുടെ ഉറച്ച സുരക്ഷിതത്വം വേറെവിടെ നിന്നും കിട്ടില്ല. “എന്താടാ കുഞ്ഞാ…….. നിനക്ക് സുഖല്ലേ…? ” ഒരു പുഞ്ചിരി സമ്മാനിച്ചു. ആരവേട്ടനെയും വിളിച്ചു എന്നെയും ചേർത്ത് പിടിച്ചു അച്ഛൻ അകത്തേക്ക് നടന്നു. അമ്മ അടുക്കളയിൽ നിന്നും എന്തോ തിരക്കിട്ട പണിക്കിടയിൽ ഓടി വന്നു. മിത്തുവും കലാപരുപാടികൾ കഴിഞ്ഞു വന്നിരുന്നു. “അളിയോ… ” മിത്തുവിന്റെ വിളി കേട്ട് ആരവേട്ടൻ പകച്ചുപോയി . അച്ഛന് വലിയ ഭാവവ്യത്യാസമൊന്നുമില്ല. അമ്മ മിത്തുവിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്. “ഞാൻ ഇവിടുത്തെ ആൺകുട്ടി ആണെന്നല്ലേ അമ്മയൊക്കെ തന്നെ പറയുന്നത്.
അപ്പൊ എന്റെ പെങ്ങളെ കെട്ടിയോൻ എന്റെ അളിയനല്ലേ.. അല്ലെ അളിയാ…. ” അമ്മയുടെ കണ്ണുരുട്ടലിനു ആരവേട്ടനെ നോക്കിയവൾ ചോദിച്ചു. പന്തം കണ്ട പെരുച്ചാഴിയെ പോലിരുന്ന ആരവേട്ടൻ അമ്മയെയും മിത്തുവിനെയും മാറി മാറി നോക്കി പതിയെ തലയാട്ടി. ചിരി കടിച്ചു പിടിച്ചു ചൂണ്ടുവിരൽ കൊണ്ട് വായ്ക്ക് മറ തീർത്തു ഞാനിരുന്നു. കുറച്ചു കഴിഞ്ഞു അച്ഛനും ആരവേട്ടനും കൂടി കാര്യമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന കണ്ടു. ഞാൻ അമ്മയുടെ കൂടെ പോയി വേണ്ടുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുത്തു. മീൻ വറുത്തതും,,,,, പൊരിച്ചതും,,,, ചിക്കനും എല്ലാം മരുമോനു വേണ്ടി ഉണ്ടാക്കിയിട്ടുണ്ട്. ഓരോന്ന് ചെയ്യുന്നതിനിടയിൽ നാട്ടിലെ വിശേഷങ്ങള് പറയുന്നുമുണ്ട് അമ്മ. ശാരദേച്ചിയുടെ മകൾ പ്രസവത്തിനു വന്നതും., വടക്കേലെ ശരത് വണ്ടി എടുത്തതും., കണാരേട്ടന്റെ പശുനെ വിറ്റ കഥ വരെ പറഞ്ഞു.
ഇടയ്ക്കു അതുവഴി വന്ന മിത്തു ചെവിയും പൊത്തി തിരിഞ്ഞു ഓടുന്ന കണ്ടു. എനിക്കും അങ്ങനെ ഓടാൻ തോന്നി. അമ്മയെ വിഷമിപ്പിക്കണ്ടല്ലോയെന്നു കരുതി എല്ലാം കേട്ട് ശരി വച്ചു നിന്ന്. മിത്തു ആരവേട്ടന്റെയും അച്ഛന്റെയും കൂടെ കൂടി. വളരെ പെട്ടന്ന് തന്നെ ആരവേട്ടനുമായിട്ടവൾ കമ്പനി ആയി. കുശുമ്പ് ഒന്നും തോന്നിയില്ല… എന്തിന് …. ചെറിയ ഒരു നോവ്…… അത് അവളോട് സംസാരിക്കുന്നത് കൊണ്ടല്ല. എന്നോട് അതുപോലെ സംസാരിക്കാത്തതു കൊണ്ടാണ്. 🥀 മിത്തുവും ഞാനും കിടന്നിരുന്ന റൂമിലാണ് ഞങ്ങൾ കിടന്നത്. അവൾ വേറൊരു റൂമിലേക്ക് മാറി. രാവിലെ ആരവേട്ടൻ കുളിക്കാൻ കയറിയപ്പോ ഞാൻ കണ്ണാടിക്ക് മുന്നിൽ പോയി എന്റെ പ്രതിബിംബത്തെ നോക്കി കുറച്ചു നേരം നിന്നു. ചാര നിറത്തിലെ കവിളിൽ കിടക്കുന്ന മറുകിൽ വിരൽ കൊണ്ട് അമർത്തി.
ട്വിൻസ് ആണേലും മിത്തു എന്നെ പോലെയല്ല….. നല്ല വെളുത്തിട്ടാണ്… ചോക്ലേറ്റ് ബ്രൗൺ കളർ ചെയ്ത തോളോപ്പം വെട്ടിയ മിനുസമായ മുടിയിഴകളും,,, ഒരു കുഞ്ഞു പാട് പോലുമില്ലാത്ത തുടുത്ത കവിൾ തടങ്ങളും… കുഞ്ഞി കണ്ണുകളുമായി നല്ല സുന്ദരിയാണ്…. എന്നെ പോലെ എന്തിനുമേതിനും പേടിച്ചു വിറച്ചു പ്രശ്നങ്ങളെ നേരിടാനാവാതെ ഒളിച്ചോടുന്ന ഭീരു അല്ലവൾ…. ഉറച്ച തീരുമാനങ്ങളും അഭിപ്രായങ്ങളും ഉണ്ട്. അതു ആരുടെ മുന്നിലും പറയാനുള്ള തന്റേടവും ഉണ്ട്. ആരവേട്ടനു എന്നേക്കാൾ നന്നായി ചേരുന്നതു അവൾ തന്നെയാണ്. നേരെത്തെ കുളിച്ച കൊണ്ട് മുടി ഉണങ്ങിയിരുന്നു. അഴിഞ്ഞു കിടന്ന മുടി ഞാൻ ഉച്ചിയിൽ കൊണ്ട് വാരി കെട്ടി വച്ചു.
കരി പുരളാത്ത കൺപോളകളിൽ നോക്കി നിന്നു. കരിമഷി മാത്രേ ഞാൻ എഴുതാറുള്ളൂ… അതവിടെയെങ്ങും കണ്ടില്ല. ഐ-ലൈനർ മാറി ഇരുപ്പുണ്ട്. അതെഴുതി വശമില്ലെങ്കിലും കയ്യിലെടുത്തു തുറന്നു….. കണ്ണിനു മുകളിലൂടെ എഴുതിതുടങ്ങിയപ്പോ തന്നെ കുറച്ചു കണ്ണിലേക്കു പോയി.. നീറുന്ന പോലെ തോന്നി കണ്ണ് തുടക്കാൻ പോയപ്പോൾ കയ്യിലിരുന്ന ഐ ലൈനർ കുപ്പി വഴുതി താഴെ പോയി… അത് ചെന്നു വീണത് നിലത്തു കിടന്ന മാറ്റിൽ ആയിരുന്നു. കുപ്പിയിൽ അവിടെയിരുന്ന വെള്ളമെടുത്ത് കണ്ണു കഴുകി തുടച്ചു. ഐ ലൈനർ കുപ്പിയെടുത്ത് അടച്ചു,,, അത് കമിഴ്ന്നു വീണ മാറ്റ് എടുത്തു വെളിയിൽ ബക്കറ്റിൽ വെള്ളത്തിൽ കൊണ്ട് മുക്കിയിട്ടു. വേറൊരണ്ണം എടുക്കാൻ വന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി അമ്മയെ കാണാൻ വന്നു. എന്നെ കണ്ടപ്പോൾ വിശേഷങ്ങളൊക്കെ തിരക്കി. എല്ലാത്തിനും മുക്കിയും മൂളിയും മറുപടി പറഞ്ഞു റൂമിലേക്ക് പോന്നു. കയറി ചെന്നപ്പോ തന്നെ കുളി കഴിഞ്ഞിങ്ങി വരുന്ന ആരവേട്ടനെ കണ്ടു.
മുടിയിൽ നിന്നെല്ലാം വെള്ളം ഇറ്റിറ്റ് വീഴുന്നു. ഡോർ ലോക്ക് ചെയ്തു തിരിഞ്ഞ് മുന്നോട്ട് കാലെടുത്തു വച്ച ആരവേട്ടൻ തെന്നി വീഴാൻ പോണത് കണ്ടു ഓടി പിടിക്കാൻ ചെന്നതാണ്. രണ്ടു പേരൂടെ തെന്നി നേരേ ചെന്ന് കട്ടിലിൽ വീണു. ആ ചേച്ചിയെ കണ്ടു വർത്താനം പറഞ്ഞിട്ട് പോന്നപ്പോൾ മാറ്റ് എടുക്കാൻ മറന്നു. “അയ്യോ… ഞാനൊന്നും കണ്ടില്ലേ…. ” എന്റെ മേലേ നിന്നും ആരവേട്ടൻ കൈ കുത്തി എണീക്കാൻ പോയപ്പോഴാണ് മിത്തുവിന്റെ ശബ്ദം കേട്ടത്… തീർന്നു…. ഇവളിനി ഇതും പറഞ്ഞാവും കളിയാക്കല്… കിടന്ന കിടപ്പിൽ തല ചെരിച്ചു നോക്കിയപ്പോൾ കണ്ണും പൊത്തി തിരിഞ്ഞു നിൽക്കുവാണ്… ആരവേട്ടനെന്താ എണീക്കാത്തതെന്ന് ഓർത്ത് തിരിഞ്ഞപ്പോളാണ് താലിമാലയിൽ ആൾടെ ചെയിൻ കുരുങ്ങിക്കിടക്കുന്നതു കണ്ടത്. വേഗം അത് വേർപെടുത്തി. അപ്പൊ തന്നെ ആള് എഴുന്നേറ്റു മാറി. കണ്ണുകൾ തമ്മിലിടഞ്ഞപ്പോ അതിലെ ഭാവം അനിർവ്വചനീയമായിരുന്നു. മിത്തു അന്നേരത്തേക്കും സ്ഥലം കാലിയാക്കി.

by