17/04/2026

ഡയാന : ഭാഗം 04

രചന – ജ്വാലാമുഖി

ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു ഞാൻ…

“അമ്മു… നീ… ”

ഈശോയെ… എത്ര കോലം കെട്ടിയാലും പെറ്റമ്മക്ക് അതിന്റെ ചോരയെ മനസിലാക്കാൻ ഒരു നിമിഷം മതി എന്നെനിക്കു തോന്നി..

“ഞാൻ…. ”

വാക്കുകൾ എന്റെ തൊണ്ടയിൽ തന്നെ കുരുങ്ങി…

“ഞങ്ങൾ ചത്തോ എന്നറിയാൻ വന്നതാണോ നീ… അകത്തു ജീവച്ഛവം കണക്കെ ഒരെണ്ണം കിടപ്പുണ്ട്… നിന്റെ അച്ഛൻ… അല്ല അല്ലെങ്കിലും ഞങ്ങൾക്ക് അങ്ങനെ ഒരു മകൾ ഇല്ല… ”

“അമ്മേ… പ്ലീസ്… ”

മറുപടി ക്കു നിൽക്കാതെ ആ വാതിലുകൾ എനിക്ക് മുന്നിൽ കൊട്ടിയടഞ്ഞു…

വാതിലിനു പിന്നിൽ നിന്നും എന്റെ അമ്മയുടെ തേങ്ങൽ അവ്യക്തമായി ഞാൻ കേട്ടു…

തിരിച്ചു നടക്കുമ്പോൾ വരണ്ടായിരുന്നു എന്നെന്റെ മനസ്സ് പറഞ്ഞു…

പടിപ്പുര കടന്നു… പാടത്തു കൂടെ വീണ്ടും നടന്നു ഞാൻ… എങ്ങോട്ട് പോകണം എന്നെനിക്കു ഒരു പിടിയും ഇല്ലായിരുന്നു…

കൂളിംഗ് ക്ലാസിനിടയിലൂടെ ഒലിച്ചിറങ്ങിയ എന്റെ കണ്ണുനീർ ഞാൻ ആരും കാണാതെ തുടച്ചു…

അപ്പോളാണ് തലയെടുപ്പോടെ നിൽക്കുന്ന ആ വലിയ വീട്ടിലേക്കു എന്റെ കണ്ണുകൾ പാഞ്ഞത്…

ഉമ്മറത്തെ ചാരു പടിയിൽ കൊച്ചിനെ കളിപ്പിച്ചിരിക്കുന്ന ആ രൂപം എന്റെ മനസിനെ ചുട്ടു പൊള്ളിച്ചു . ..

“മഹിയേട്ടൻ….. !!!!!!”

പെട്ടന്ന് ആ കണ്ണുകൾ എനിക്ക് നേരെ പാഞ്ഞു വന്നു എങ്കിലും അയാൾക്ക്‌ എന്നെ മനസിലായില്ല… അല്ലെങ്കിലും അയാൾ എന്നെ മനസിലാക്കിയിട്ടില്ലല്ലോ….

ഇല്ലത്തെ കുളപ്പടവിൽ എനിക്ക് വേണ്ടി കാത്തു നിൽക്കാറുള്ള ആ ചെക്കനല്ലാ ഇന്നത്തെ മഹി…

അന്ന് തീണ്ടാരി പെണ്ണുങ്ങൾക്ക് താമസിക്കാൻ പുറത്തൊരു ചായ്പ്പുണ്ട്… മാസത്തിൽ നാലു ദിവസം എന്റെയും വാസം അവിടെ ആയിരിക്കും… അന്നൊക്കെ ആ ചായ്പ്പിന്റെ കൊച്ചു ജനലിലൂടെ നോക്കിയാൽ മഹിയെട്ടന്റെ വീഴാറായ വീട് കാണാം..

പല രാത്രികളിലും ആ ജനലുകൾക്കപ്പുറം ഒരു കാവൽ എന്നോണം മഹിയെട്ടനും ഉണ്ടായിരുന്നു.. തീണ്ടാരിപ്പെണ്ണിന് കാവലായി…. ആരും കാണാതെ അന്ന് തന്നെ കാണാൻ വരുമ്പോൾ കയ്യിൽ ഒരു ചേമ്പില കുമ്പിളിൽ നിറയെ ഞാവൽ പഴങ്ങൾ ഉണ്ടായിരുന്നു…

പാടം കടന്നു അമ്പലത്തിലേക്കുള്ള വഴിയിലെ കലുങ്കിൽ ഇരുന്നു ഞാൻ….

“മാഡം… എപ്പോ എത്തി… ”

ശബ്‌ദം കേട്ടു തല ഉയർത്തിയപ്പോൾ കണ്ട ആളെ ഞെട്ടലോടെ ഞാൻ നോക്കി…

അയാൻ… !!!

“നിങ്ങൾ… ”

“തനിക്ക് വിരോധം ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇരുന്നോട്ടെ … ”

ഞാൻ ഒന്നും പറഞ്ഞില്ല… അപ്പോളേക്കും അയാൾ അവിടെ ഇരുന്നിരുന്നു…

“താൻ മഹിയെ കണ്ടു അല്ലെ… ”

“മഹിയെ നിങ്ങൾ അറിയോ… ”

“അറിയും… ”

“എങ്ങനെ..? ”

“അതൊന്നും പറയാൻ സമയം ആയിട്ടില്ല… പിന്നെ ഒരു കാര്യം ഞാൻ പറയാം… ”

ഞാൻ ആകാംക്ഷയോടെ ആ മുഖത്തേക്ക് നോക്കി…

“മഹി നിങ്ങളെ ചതിച്ചിട്ടില്ല… ”

“ഇല്ല… പാതിരാത്രി തന്റെ കയ്യും പിടിച്ചു ഇറങ്ങി വന്ന പെൺകുട്ടിയെ പാതി വഴിയിൽ അതും ട്രെയിനിൽ ഉപേക്ഷിച്ചു മുങ്ങിയാൽ അത് ചതി അല്ലാലോ അല്ലെ… ”

“പക്ഷെ ഇന്ന് നിങ്ങൾ ഒരുപാട് സൗകര്യങ്ങളിൽ കഴിയുന്നത് അയാൾ അന്ന് അങ്ങനെ ചെയ്തത് കൊണ്ടല്ലേ… ”

“ഇപ്പോ ഉള്ള സൗകര്യങ്ങളിൽ ഞാൻ ഹാപ്പി ആണെന്ന് അയാനു തോന്നുന്നുണ്ടോ… ”

“എന്തുകൊണ്ട് ഇല്ല… ”

“സ്വന്തം അച്ഛനെയും അമ്മയെയും മറന്നു മറ്റൊരു നാട്ടിൽ ഒരു മരപ്പാവയെ പോലെ ജീവിച്ചു നോക്കു അപ്പോൾ നിങ്ങൾക്ക് അതിന്റെ വിഷമം മനസിലാകും… ”

“ശരിയാണ് പക്ഷെ… തന്റെ ഇല്ലത്തേക്കാൾ തനിക്ക് കിട്ടിയിരിക്കുന്നത് മണിമാളികകൾ ആണ്… ”

“നിങ്ങളെ നിങ്ങളുടെ വീട്ടിൽ നിന്നും ഫാമിലിയിൽ നിന്നും ഞാൻ പറിച്ചു മറ്റൊരു വീട്ടിൽ കൊണ്ടു പോയി ഒരുപാട് സൗകര്യങ്ങൾ തന്നാൽ നിങ്ങൾ ഹാപ്പി ആകുമോ… ”

“താൻ എന്തൊക്കെ പറഞ്ഞാലും വെറുതെ വാദിക്കാം എന്നെ ഉള്ളു… ഇന്ന് താൻ ഒരു വലിയ കമ്പനിയുടെ എം ഡി എന്ന സ്ഥാനത്തു ഇരിക്കുമ്പോൾ ഒരിക്കൽ പോലും നിങ്ങൾ അതിൽ അഹങ്കരിച്ചിട്ടില്ലേ… ”

“ഇല്ല …. ”

“അത് എന്തും ആയിക്കോട്ടെ… മഹി അന്നു അങ്ങനെ ചെയ്തതിൽ അവന്റെ ഭാഗത്തു ഒരു ന്യായം ഉണ്ടായിരുന്നു… ”

“എന്തു ന്യായം… ”

“ഒരു സഹോദരിയെ… അല്ലെങ്കിൽ ഒരേ രക്തത്തെ വിവാഹം കഴിക്കാൻ പാടുണ്ടോ.. ”

ഒന്നും മനസിലാകാതെ ഞാൻ അയാളെ മിഴിച്ചു നോക്കി…

“ഞാൻ പറഞ്ഞത് സത്യം ആണ്… തന്റെ വീട്ടിലെ അടിച്ചു തളിക്കാരി എന്ന് പറഞ്ഞു പിന്നാമ്പുറത്തു പായ വിരിച്ചു കൊടുത്ത തന്റെ അച്ഛൻ തിരുമേനിക്ക് ഉണ്ടായ കുട്ടി തന്നെ ആണ് മഹിയും.
അന്ന് തന്റെ അച്ഛൻ വിവാഹം കഴിച്ചിട്ടില്ല… ചോരത്തിളപ്പിൽ പറ്റിപോയ അബദ്ധം… ”

എന്റെ ചെവികൾ കൊട്ടി അടഞ്ഞ പോലെ തോന്നി എനിക്ക്…

ഈശോയെ… എനിക്ക് ശക്തി തരണേ
..ഏത് പ്രതിസന്ധിയിലും എന്നെ തളരാതെ കാത്ത വിശുദ്ധ യൂദാശ്ലീഹായെ… ഈ കേൾക്കുന്നതൊന്നും സത്യം ആകല്ലേ…

“താൻ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല… ഇനിയെങ്കിലും താൻ എല്ലാം അറിയണം… ”

“എങ്കിൽ അത്രേടം വരെ എത്തിച്ചു… മുന്നേ എല്ലാം അവസാനിപ്പിക്കാമായിരുന്നില്ലേ… ഒരുവാക്ക് എന്നോട് പറയാമായിരുന്നില്ലേ… ”

“മഹിക്കും അതൊന്നും അറിയില്ലായിരുന്നു അന്ന്…. തന്നെയും കൊണ്ടു പോകും വഴിയിൽ ഷോർണൂർ സ്റ്റേഷൻ എത്തിയപ്പോൾ മഹി ഫോൺ വിളിക്കാൻ ഇറങ്ങിയത് താൻ ഓർക്കുന്നുണ്ടോ… ”

“ഉവ്വ്… കഴിക്കാൻ എന്തെങ്കിലും കൂടെ വാങ്ങാം എന്ന് പറഞ്ഞാണ് അന്നു ഇറങ്ങിയത്… ”

“അന്ന് അവൻ മഹിടെ കൂട്ടുകാരൻ ഗോപനെ വിളിച്ചു ഫോൺ അമ്മക്ക് കൊടുക്കാൻ പറഞ്ഞു… സംസാരിച്ചു കൊണ്ടിരിക്കെ ആണ്… അമ്മ എല്ലാം അവനോട് പറയുന്നത്…. അവർ അറിഞ്ഞിരുന്നില്ലല്ലോ നിങ്ങളുടെ പ്രണയം… അച്ഛൻ തിരുമേനി അറിഞ്ഞു എങ്കിലും അദ്ദേഹം അത് ഉള്ളിൽ തന്നെ വച്ചു… പക്ഷെ തനിക്ക് ഒരുപാട് പ്രഹരമേറ്റു എങ്കിലും അച്ഛൻ തിരുമേനി കൂടുതൽ വിഷമിച്ചത് നിങ്ങൾ സഹോദരങ്ങൾ ആണല്ലോ എന്നോർത്തിട്ടാണ്… ”

“എന്റെ കർത്താവെ ….. കൂടപ്പിറപ്പിനെ…. ”

മഹിയെ പുണർന്ന നിമിഷങ്ങളും ആ കൈകൾക്കുള്ളിൽ ഒതുങ്ങി കൂടുമ്പോൾ ഉള്ളിൽ തോന്നിയ സന്തോഷം…. അതൊക്കെ ആണ് ഇന്നും മറ്റൊരു ജീവിതം പോലും സ്വപ്നം കാണാതെ ജീവിക്കാൻ കാരണം…

അധരങ്ങൾ കൊണ്ടു മായാജാലം തീർത്ത ആ നാളുകൾ കാഞ്ഞിരക്കുരു പോലെ എന്നിൽ തികട്ടി വന്നു….

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി…

“അന്ന് തിരിച്ചു തന്റെ അടുത്ത് വന്നിരുന്നു എങ്കിലും അവൻ ഒരുപാട് അസ്വസ്ഥൻ ആയിരുന്നു… നാടുവിട്ട പെണ്ണിനെ തിരിച്ചു ഇല്ലത്തു കയറ്റില്ല… ഇതൊന്നും ആരോടും പറയാനും പറ്റില്ല.. അതിലേറെ വല്ല്യ തിരുമേനി സ്വന്തം അച്ഛൻ ആണെന്ന സത്യം എല്ലാം കൂടെ അയാൾ ആത്മഹത്യയുടെ വക്കിൽ ആയിരുന്നു… ”

ഒരുതരം നിസ്സംഗതയോടെ ഞാൻ അയാനെ നോക്കി…

അയാൾ പിന്നെയും തുടർന്നു…

“അന്നു മഹി ട്രെയിനിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ചു… ആ സമയത്തു അവനെ താങ്ങി പിടിച്ച രണ്ടു കൈകൾ അതായിരുന്നു ഫെർണാണ്ടസ്… തന്റെ പപ്പാ…. ”

പകച്ചു നിന്ന എന്റെ തോളിൽ അയാൻ തട്ടി വിളിച്ചു…

“ഡയാന…ആർ യൂ ഓക്കേ..”

എനിക്ക് തലചുറ്റുന്ന പോലെ തോന്നി…

എന്റെ വാടി തളർന്ന ശരീരം അയാന്റെ തോളിലേക്ക് ചാഞ്ഞു വീണു…..

തുടരും….