രചന : ശ്രീനിധി
“സാരില്ല മോനെ……..തത്കാലം മൂത്തവര് പറയുന്നത് നമുക്ക് അങ്ങ് അനുസരിക്കാം, ഇങ്ങനെയെങ്കിലും നീ ഒന്ന് മര്യാദക്ക് ജീവിക്കുന്നത് ഞങ്ങൾക്ക് കാണാല്ലോ ” മഹി പറഞ്ഞു.” അതിന് വച്ച വെള്ളം മക്കള് അങ്ങ് വാങ്ങിവെച്ചേക്ക്,എന്നെ അവൾക്ക് ശരിക്ക് അറിയില്ല,അവള് എന്ത് വിശ്വാസത്തിലാണ്, എന്നെ കെട്ടാൻ സമ്മതിച്ചത്, എത്ര ആലോചിച്ചിട്ടും അത് അങ്ങ് മനസ്സിലാവുന്നില്ല ” അദ്രി പറഞ്ഞു. നിന്റെ ഹീറോയിസം കണ്ട് അവൾക്ക് നിന്നോട് പ്രേമം തോന്നതായിരിക്കും ” ജോയൽ പറഞ്ഞു.
” ദേ ജോ…..മിണ്ടാതെ ഇരുന്നോണം…….
അവൾക്ക് വേറെ എന്തോ ഉദ്ദേശമുണ്ട് അത് എന്താണെന്ന് മനസ്സിലാകുന്നില്ല ” അദ്രി പറഞ്ഞു.
പെട്ടെന്ന് ജോയൽ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി.മുന്നിൽ മുണ്ട് മടക്കി കുത്തി നിൽക്കുന്ന ആദിയെ കണ്ടപ്പോ ജോയൽ അദ്രിയുടെ മുഖത്തേക്ക് നോക്കി. നീ എന്താ മനുഷ്യനെ കൊല്ലാനുള്ള പ്ലാനാണോ ” അദ്രി ചോദിച്ചു. എന്നെ ചീത്ത പറയാതെ മുന്നിലേക്ക് നോക്ക് “ജോയൽ പറഞ്ഞു.
അദ്രിയും മഹിയും മുന്നിലേക്ക് നോക്കിയതും, മുണ്ട് മടക്കി കുത്തി നിൽക്കുന്ന ആദിയെ കണ്ടു. ഇവന് കിട്ടിയതൊന്നും മതിയായിട്ടില്ലെന്ന് തോന്നുന്നു” അദ്രി ഡോർ തുറന്നതും മഹി അവനെ തടഞ്ഞു.നീ ഇവിടെ ഇരിക്ക്, ഞാൻ സംസാരിച്ചോളാം ” മഹി പറഞ്ഞു.
അവനോട് ഇനി സംസാരിച്ചിട്ട് കാര്യമൊന്നുമില്ല, അവൻ രണ്ടും കല്പിച്ചല്ലേ, നീ ഇവിടെ ഇരിക്ക് ഞാൻ ഇത് കൈകാര്യം ചെയ്താലേ ശരിയാകു ” അദ്രി പറഞ്ഞു. വേണ്ട അദ്രി……മഹി ചെല്ലട്ടെ, നമ്മളായിട്ട് പ്രേശ്നങ്ങളൊന്നും ഉണ്ടാക്കണ്ട, എന്തൊക്കെ പറഞ്ഞാലും അത് നേത്രയുടെ ഏട്ടൻ അല്ലേ” ജോയൽ അദ്രിയുടെ കൈയിൽ പിടിച്ചു.
മഹി പുറത്തേക്ക് ഇറങ്ങി.എന്താ ആദിയുടെ പ്രശ്നം….? ഇങ്ങനെ നടുറോട്ടിൽ പിടിച്ച് നിർത്തുന്നത് മോശമാണ്, എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അതിനുള്ള സമയവും സ്ഥലവും ഇതല്ല ” മഹി പറഞ്ഞു. എനിക്ക് സംസാരിക്കാനുള്ളത്അവനോടാണ്അദ്രിയോട്.അതിന്റെ ഇടയിൽ എനിക്ക് ഒരു മീഡിയേറ്ററിന്റെ ആവിശ്യം ഇല്ല ” ആദി മഹിയെ സൈഡിലേക്ക് മാറ്റി മുന്പോട്ട് നടന്നു.
“ആദി വേണ്ട……. വെറുതെ ഒരു സീൻ ക്രീറ്റ് ചെയ്യരുത്. സംസാരിക്കാനുള്ളതൊക്കെ സംസാരിച്ച് കഴിഞ്ഞതാണ്, ഇനി ആദിക്ക് അതിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ വീട്ടിൽ ഉള്ളവരോട് സംസാരിക്കാൻ നോക്ക് ” മഹി വീണ്ടും അവന്റെ മുന്നിലേക്ക് കയറി നിന്നു.നിന്നോട് മാറാൻ അല്ലേ പറഞ്ഞത്…. ” ആദി മഹിയെ പിടിച്ച് തള്ളിയതും മഹി കാറിന്റെ ബൊണറ്റിന്റെ മുകളിലേക്ക് വീണു.
ആദി മഹിയെ പിടിച്ച് തള്ളുന്നത് കണ്ടപ്പോൾ അദ്രി ഡോർ തുറന്ന് പാഞ്ഞ് ചെന്ന് ആദിയുടെ ഷർട്ടിന് കുത്തി പിടിച്ചു.
അപ്പോഴേക്കും ജോയല് വന്ന് മഹിയെ പിടിച്ച് ഏല്പിച്ചു. ഇവൻ അദ്രിയുടെ കൈയിൽ നിന്ന് വാങ്ങിട്ടെ പോകൂ ” ജോയല് പറഞ്ഞു. എന്നെ നോക്കി നില്കാതെ അവനെ പോയി പിടിച്ച് മാറ്റാൻ നോക്കടാ ജോ ” മഹി പറഞ്ഞു.എന്താ നിന്റെ കൂട്ടുകാരനെ തൊട്ടപ്പോ,നിനക്ക് നൊന്തോ” ആദി ചോദിച്ചു.അവനെ വെറുതെ ഇതിന്റെ ഇടയിലേക്ക് വലിച്ചിടണ്ട,ഞാനുമായിട്ടല്ലേ നിന്റെ പ്രശ്നം അത് എന്നോട് തീർത്താൽ മതി ”
അദ്രി പറഞ്ഞു.
” അത് മര്യാദ……..ആണുങ്ങളാക്കുമ്പോ ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നേർക്ക് നേരെ നിന്ന് കാര്യങ്ങൾ സംസാരിക്കണം, ” ആദി അദ്രിയുടെ അടുത്തേക്ക് നീങ്ങി നിന്നു. എടാ അദ്രി വേണ്ടടാ…….വെറുതെ ഒരു പ്രശ്നം വേണ്ട, ഇനി ഇതിന്റെ പേരിലായിരിക്കും നിന്നേ എല്ലാവരും കുറ്റപ്പെടുത്താൻ പോകുന്നത്” ജോയല് അവന്റെ അടുത്തേക്ക് ചെന്ന് അവനെ പിടിച്ച് മാറ്റാൻ നോക്കി.നീ മാറ് ജോ……..ഇവന് പറയാനുള്ളത് പറയട്ടെ, നമുക്ക് കേൾക്കാം, അതല്ലേ അതിന്റെ മര്യാദ ” അദ്രി അവനെ സൈഡിലേക്ക് മാറ്റി.
” ആദി……ഇവിടെ ആരും ആരെകൊണ്ടും നിർബന്ധിച്ച് ഒന്നും ചെയ്ച്ചിട്ടില്ല, നേത്ര സ്വയം സമ്മതം പറഞ്ഞതല്ലേ, അതുകൊണ്ട് ഇതിൽ ഇങ്ങനെ പ്രേശ്നമുണ്ടക്കാനുള്ള കാര്യങ്ങളൊന്നുമില്ല, താൻ പോകാൻ നോക്ക് ” മഹി ആദിയോട് പറഞ്ഞു.ആദി മഹിയെ ഗൂഢമായി ഒന്ന് നോക്കി.
ശേഷം അദ്രിയിലേക്ക് തിരിഞ്ഞു. നിനക്ക് എന്റെ പെങ്ങളെ കെട്ടണം അല്ലേ” ആദി അദ്രിയുടെ ഇരു തോളുകളിലും പിടിച്ചു.അദ്രി അവന്റെ തോളിലിരിക്കുന്ന ആദിയുടെ ഇരു കൈകളിലേക്കും മാറി മാറി നോക്കി.
” ഇതുവരെ അങ്ങനെയൊരു ആഗ്രഹം എനിക്ക് ഇല്ലായിരുന്നു, ഇനി ഇപ്പോ ആര് എതിർത്താലും നേത്ര എന്റെ കൂടെ ജീവിക്കും, എന്താ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ….” അദ്രി അവന്റെ കൈ രണ്ടും തോളിൽനിന്ന് എടുത്ത് മാറ്റി. അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ ” ആദി ചോദിച്ചു.
പോരാ…….ഇത് ഞങ്ങളുടെ രണ്ടുപേരുടെയും തീരുമാനമാണ്, എന്റെയും നേത്രയുടെയും, അതിന് ഇരു വീട്ടുകാരും സമ്മതം പറഞ്ഞിട്ടുണ്ട്,തത്കാലം അത് മതി ” അദ്രി പറഞ്ഞു. നിന്നേ കുറിച്ച് എല്ലാം അറിയാവുന്ന ഞാൻ നിനക്ക് എന്റെ പെങ്ങളെ തരണം അല്ലേ, നടക്കില്ല അദ്രി, അവള് നിന്റെ ഒപ്പം ജീവിക്കില്ല” ആദി പറഞ്ഞു.
” നിനക്ക് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് വച്ചാൽ നീ അങ്ങ് ചെയ്ത കാണിക്ക്, എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാനും ചെയ്യാം, മറ്റാരേക്കാളും നന്നായി അദ്രിയെ നിനക്ക് അറിയാല്ലോ ” അദ്രി പറഞ്ഞു. അതേടാ…….. നിന്നേ എനിക്ക് നന്നായി അറിയാം, അതുകൊണ്ട് തന്നെയാണ് ഞാൻ ഇതിന് സമ്മതിക്കാത്തത്,നിന്റെ ജീവിതത്തിൽ നീ ഉപയോഗിച്ച് വലിച്ചെറിഞ്ഞ പെണ്ണുകുട്ടികളുടെ ലിസ്റ്റിലേക്ക് എന്റെ പെങ്ങളുടെ പേര് കൂടി ചേർക്കാൻ ഞാൻ സമ്മതിക്കില്ല” ആദി പറഞ്ഞു.
” ആദി……പണ്ടത്തെ വൈരാഗ്യം മനസ്സിൽ വച്ച് വായിതോന്നുന്നത് വിളിച്ചു പറയരുത്” മഹി അവനെ താകിത് ചെയ്തു. ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് ഉള്ളത്, കോളേജിൽ പഠിക്കുന്ന സമയം മുതൽ ഇവൻ എങ്ങനെയാണെന്ന് എനിക്ക് നന്നായിട്ട് അറിയാം, ഇവന്റെ എല്ലാ തെണ്ടിത്തരത്തിനും കൂട്ടു നിൽക്കുന്നതാണല്ലോ അന്ന് മുതൽ നിന്റെ പണി, നിന്റെ സ്വഭാവം എന്റെ നേത്രയുടെ അടുത്ത് എടുക്കാമെന്ന് നീ കരുതണ്ട, അതിന് ഞാൻ സമ്മതിക്കില്ല ” ആദി പറഞ്ഞു.എന്നാ നീ കേട്ടോ, നിന്റെ പെങ്ങളെ ഞാൻ തന്നെ കെട്ടും, അവള് ഈ പെൺപിടിയന്റെ കൂടെ തന്നെ ജീവിക്കും, ഇതിനി എന്റെ വാശിയാണ് ” അദ്രി പറഞ്ഞു.
” ജോ, വണ്ടി എടുക്ക്…….. ” അദ്രി ജോയലിനോട് പറഞ്ഞു.ആദിയും അദ്രിയും തമ്മിലുള്ള സംസാരം കേട്ട് കിളി പോയ അവസ്ഥയിലായിരുന്നു ജോയൽ.നിന്നേ കൊന്നിട്ടായാലും ഞാൻ ഇത് തടയും അദ്രി ” ആദി പറഞ്ഞു. ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്, you are always welcome ” അദ്രി പറഞ്ഞു.അദ്രി മതി വാ……വണ്ടിയിൽ കയറ്, ഇനി ഇവിടെ നിന്ന് ഇത് കൂടുതൽ വഷളാക്കണ്ട ” മഹി അവനെ വിളിച്ച് വണ്ടി കയറ്റി.വണ്ടി കണ്മുന്നിൽ നിന്ന് ചീറി പാഞ്ഞ് പോകുന്നതും നോക്കിയ ആദി അങ്ങനെ നിന്നു.
അദ്രി സീറ്റിലേക്ക് ചാരി കണ്ണുകളടച്ചിരുന്നു, മഹി വേറെ എന്തൊക്കെയോ ചിന്തകളിലായിരുന്നു.
ജോ രണ്ടുപേരെയും മാറി മാറി നോക്കി, രണ്ടുപേരുടെ ഭാഗത്തുനിന്നും അനക്കം ഒന്നും ഇല്ല. അവൻ വഴിയുടെ സൈഡിലേക്ക് ചേർന്ന് വണ്ടി ഒതുക്കി നിർത്തി.വണ്ടി നിന്നതും മഹിയും അദ്രിയും ജോയലിനെ നോക്കി. എന്താ ഇതൊക്കെ…….. ഇവിടെ എന്താ നടക്കുന്നതെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ,ആദിയെ നിങ്ങൾക്ക് നേരത്തേ അറിയാമോ ” ജോയൽ ചോദിച്ചു.അദ്രി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി കാറിന്റെ ബോണറ്റിലേക്ക് ചാരി നിന്ന് പോക്കറ്റിൽനിന്ന് ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു.ഓരോ പഫ് എടുക്കുമ്പോഴും അദ്രിയുടെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.
“നീ വാ…… ഞാൻ പറയാം ” മഹി ജോയലിനോട് പറഞ്ഞു.അവരും ഡോർ തുറന്ന് കാറിന്റെ പുറത്തേക്ക് ഇറങ്ങി.ജോയൽ അവര് പറയുന്നത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു.
ഞാനും ഇവനും ആദിയും ബാച്ച്മേറ്റ്സായിരുന്നു. ഒരു കോളേജിൽ പഠിച്ചവർ.അന്ന് മുതൽ ഇവര് തമ്മിൽ അത്ര സുഖത്തിലല്ല, നമ്മുടെ കോളേജിലായിരുന്നു ഞങ്ങള് പഠിച്ചിരുന്നത്, അതുകൊണ്ട് തന്നെ ഇവനും എനിക്കുംഅവിടെസർവ്വസ്വാതന്ത്ര്യവുമുണ്ടായിരുന്നു.പ്രായത്തിന്റെ എടുത്തുചാട്ടവും,സ്വന്തം കോളേജ് ആണെന്നുള്ള അഹങ്കാരവും അന്ന് ഞങ്ങൾക്ക് ഉണ്ടായിരുന്നു.ചോദ്യം ചെയ്യാനോ, പരാതി പറയാനോ ആരും വരില്ലെന്നുള്ള ഉറപ്പ് അന്ന് ഞങ്ങൾക്ക് എന്ത് ചെയ്യാനുള്ള ലൈസൻസായിരുന്നു.ആദിയാണെങ്കിൽ കോളേജിലെ മിസ്റ്റർ പെർഫെക്റ്റും, കോളേജ് ക്യാമ്പസ് ചെയർമാൻ, ഏറ്റവും നല്ല സ്റ്റുഡന്റ്.
അതുകൊണ്ട് തന്നെ അവനും ഞങ്ങളും തമ്മിൽ ചേരില്ലായിരുന്നു.
ഞങ്ങൾ ഉണ്ടാക്കുന്ന എല്ലാ പ്രേശ്നങ്ങളും ആദി വല്യമ്മാമ്മയുടെ ചെവിയിൽ എത്തിക്കും.
അതിന്റെ പേരിൽ തറവാട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾക്ക് പൂരം ചീത്ത കേൾക്കും, പക്ഷെ അപ്പഴും ഞങ്ങള് രക്ഷിക്കുന്നത് ശിവയായിരുന്നു. പിന്നെ അച്ഛമ്മക്ക് ഇവനെന്ന് പറഞ്ഞാൽ ജീവനായിരുന്നു, അതുകൊണ്ട് അച്ഛമ്മ തന്നെ ഇടപ്പെട്ട് പ്രേശ്ങ്ങളെല്ലാം സോൾവ് ചെയ്ത് തരും.ആദി പറയുന്ന പരാതികൾക്ക്, പ്രത്യക്ഷത്തിൽ നടപടികൾ ഒന്നും സ്വീകരിക്കാത്തതുകൊണ്ട് ആദിക്ക് ഞങ്ങളോട് നല്ല ദേഷ്യമുണ്ടായിരുന്നു.അതുപോലെ ഞങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നതുകൊണ്ട് അവനോട്ഞങ്ങൾക്കുംനല്ലവിരോധമായിരുന്നു.ക്യാമ്പസ്സിൽ ഞങ്ങളും ആദിയും തമ്മിൽ എപ്പഴും ഒരു ശീത സമരം നടന്നിരുന്നു.അവനിട്ട് പണി കൊടുക്കാൻ പറ്റുന്ന അവസരങ്ങളിലൊക്കെ ഞങ്ങള് അവനിട്ട് പണിയും, തിരിച്ച് അവന് പറ്റാവുന്നതൊക്കെ ചെയ്യുമായിരുന്നു.
ഇവനായിരുന്നു അന്നത്തെ കോളേജ് ഹീറോ, സർവ്വ പെൺപിള്ളേരും ഇവന്റെ പുറകെയായിരുന്നു, ഇവൻ ആണെങ്കിൽ ഇങ്ങോട്ട് വരുന്ന ആരാധികമാരെയൊന്നും നിരാശപ്പെടുത്താറുമില്ല, എല്ലാവർക്കും സ്നേഹം വാരി കോരി കൊടുക്കും.
ഏത് നേരവും ഇവന്റെ ചുറ്റും ഒരു കൂട്ടം പെൺപിള്ളാര് കാണും,ഞാൻ പിന്നെ അതിന് മുൻപേ കമ്മിറ്റെഡ് ആയിരുന്നതുകൊണ്ട് നമുക്ക് വലിയ ഡിമാൻഡ് ഒന്നും ഇല്ലായിരുന്നു.
അന്ന് കോളേജ് മൊത്തം ഇവന്റെ പേരിനു ഒപ്പം പല കുട്ടികളുടെയും പേര് ചേർത്ത് പല കഥകളും പരന്നിട്ടുണ്ട്.അതിൽ കുറെയൊക്കെ സത്യവും ഉണ്ടായിരുന്നു.അതൊക്കെ ആദിക്ക് നന്നായി അറിയാം.അതുകൊണ്ടായിരിക്കും ആദി നേത്രയുടെ കാര്യത്തിൽ ഇത്ര നിർബന്ധം പിടിക്കുന്നത്,
ആദിയെ കുറ്റം പറയാനും പറ്റില്ല, ഇവനെക്കുറിച്ച് കേട്ടിട്ടുള്ള ആരും ഇവന് പെണ്ണകൊടുക്കില്ല, അത്രക്ക് അലമ്പായിരുന്നു ഇവൻ അന്നൊക്കെ” മഹി പറഞ്ഞു നിർത്തി.
” എടാ ഭീകര……..ഞാൻ ഇത്രയും നേരവും ആ ആദിയെ മനസ്സിൽ തെറി പറയുവായിരുന്നു, ഇതിപ്പോ മഹി പറയുന്നത്കേട്ടാൽ, ആദിയാണ് ശരിയെന്ന് തോന്നും. ആദിയുടെ സ്ഥാനത്ത് ഞാനായിരുനെങ്കിലും ഇങ്ങനെ തന്നായിരിക്കും പെരുമാറുന്നത് ” ജോയൽ പറഞ്ഞു.അതിന് മറുപടിയായി അദ്രി ഒന്ന് ചിരിച്ചു.ഇവൻ പറഞ്ഞത് നേരാ……ഞാൻ എന്റെ ചെറുപ്രായത്തിൽ കാണിക്കാത്ത കൊള്ളരുതായ്മകൾ ഇല്ല, അന്ന് അതൊക്കെ പ്രായത്തിന്റെ ചോരത്തിളപ്പായിരുന്നു
കാശും സ്വാധീനവും ഉണ്ടെങ്കിൽ എല്ലാം നേടാം എന്ന അഹങ്കാരമായിരുന്നു, ധാർഷ്ട്യമായിരുന്നു.
പെൺകുട്ടികൾ എല്ലാം എനിക്ക് വെറും നേരമ്പോക്കുകളായിരുന്നു.
പക്ഷെ ആ അദ്രിയെ സ്നേഹംകൊണ്ട് കീഴ്പ്പെടുത്തിയ ഒരാളെ ഉള്ളൂ…..എന്റെ ധനു…….എന്റെ ഉള്ളിലെ അഹങ്കാരത്തെ വേരോടെ പിഴുത്തുമാറ്റി, അവിടെ സ്നേഹം നിറച്ചത് അവളായിരുന്നു,ആരുടെയും ഫീലിങ്‌സിന് ഒരു വിലയും കൊടുക്കാതെ നടന്ന എന്നെ, സ്നേഹം എന്താണെന്ന് പഠിപ്പിച്ചത് അവളായിരുന്നു.
എനിക്ക് വേറൊരു ലോകം കാട്ടി തന്നത് എന്റെ ധനുവായിരുന്നു, അവളുടെ സ്നേഹവും വിശ്വാസമായിരുന്നു എന്നെ ഞാനാക്കി മാറ്റിയത്.
പക്ഷെ,……..ഒടുവിൽ അവളും…….. ” അദ്രിക്ക് അവന്റെ വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.അവന്റെ ആ ഭാവമാറ്റം മഹിയുടെ ഉള്ളിൽ പേടിനിറച്ചു.
” അത് വിട്……. ജോ നീ വണ്ടി എടുക്ക്, നമുക്ക് പോകാം, അവിടെ ഭൈമി ഒറ്റക്കല്ലേ ഉള്ളൂ” മഹി വേഗം തന്നെ അദ്രിയെ വണ്ടിയിലേക്ക് കയറ്റി.
ജോയെ കണ്ണുകൊണ്ട് വണ്ടിയെടുക്കാൻ ആംഗ്യം കാണിച്ചു.മഹിയുടെ പെരുമാറ്റത്തിന്റെ അർത്ഥം മനസ്സിലായതുപോലെ ജോ വേഗം വണ്ടി എടുത്തു.
അദ്രി സീറ്റിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചു,അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു. കൈകൾ വിറക്കാൻ തുടങ്ങി.വിറക്കുന്ന കൈകൾ അവൻ കൂട്ടിപിടിച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ ജലകണകൾ താഴേക്ക് ഒഴുകി ഇറങ്ങി, ആരോ വെള്ളം കോരി ഒഴിച്ചതുപോലെ വിയർപ്പുത്തുള്ളികൾ അവന്റെ മുഖമാകെ നിറഞ്ഞു.
തൊണ്ടയിൽ ഉമ്മിനീര് തങ്ങി നിൽക്കുന്നു.
നിലയില്ലാത്ത ഗർത്ഥത്തിലേക്ക് താൻ വീണുകൊണ്ടിരിക്കുകയാണെന്ന് അദ്രിക്ക് തോന്നി അവിടെ തന്റെ മുന്നിൽ ഒരു മുഖം മാത്രം………
” അദ്രി……….എടാ……. അദ്രി……… നീ ഒക്കെ അല്ലേ ” മഹി അവനെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.മഹി വിളിക്കുന്നത് അദ്രി അറിയുന്നുണ്ടെങ്കിലും അവന് മറുപടി പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന അദ്രിയെ കണ്ടതും മഹിയുടെ ഉള്ളിലെ ഭയം കൂടി.”ജോ വണ്ടി ഹോസ്പിറ്റലിലേക്ക് എടുക്ക്”
മഹി പറഞ്ഞു.ജോ പെട്ടെന്ന് തന്നെ വണ്ടി എടുത്തു.
ഒരു ആശ്രയിക്കുന്നോണം അദ്രി മഹിയുടെ കൈയിൽ ശക്തിയിൽഅമർത്തിപിടിച്ചുഅദ്രിയേട്ടാ…………” ആ വിളി അവന്റെ കാതുകളിൽ മുഴുങ്ങി കേട്ടുകൊണ്ടിരുന്നു.
” എന്നെ അല്ലാതെ ഒരു പെണ്ണിനെ, അദ്രിയേട്ടൻ ഒന്ന് നോക്കിയാൽ പോലും ഈ ധനുവിനെ സഹിക്കാൻ പറ്റില്ല, പിന്നെ സത്യമായിട്ടും ഞാൻ ജീവിച്ചിരിക്കില്ല” കുപ്പിവള ചിതറി തെറിക്കും പോലെയുള്ള അവളുടെ സ്വരം അവനെ ഭ്രാന്ത് പിടിപ്പിച്ചുകൊണ്ടിരുന്നു.പെട്ടെന്ന് എവിടെന്നോ കിട്ടിയ ശക്തിയിൽ അദ്രി ആഞ്ഞു ശ്വാസമെടുത്തു.
മഹി അവന്റെ നെഞ്ചിൽ അമർത്തി ഞെക്കിക്കൊണ്ടിരുന്നു.അല്പം സമയം കഴിഞ്ഞതും അദ്രിയുടെ ഹൃദയമിടിപ്പ് പഴയ അവസ്ഥയിലേക്ക് തിരികെ എത്തി.
മഹി ഒരു കുപ്പി വെള്ളം എടുത്ത് അവന് കൊടുത്തു.
അദ്രി ആർത്തിയോടെ ആ വെള്ളം വായിലേക്ക് കമഴ്ത്തി. ഇപ്പോ എങ്ങനെയുണ്ട് അദ്രി ” മഹി ചോദിച്ചു. കുഴപ്പമില്ല മഹി……..എനിക്ക് ഒന്ന് കിടക്കണം……. ” അദ്രി പറഞ്ഞ” നമുക്ക് ഹോസ്പിറ്റലിൽ ഒന്ന് കയറിട്ട് പോവാം ” മഹി പറഞ്ഞു. വേണ്ട………..മെഡിസിൻ കൈയിൽ ഉണ്ടല്ലോ, ഞാൻ അത് കഴിച്ചോളാം ” അദ്രി പറഞ്ഞു.എന്നാലും ഒന്ന് കാണിച്ചിട്ട് പോവാം ” ജോയലും പറഞ്ഞു. വേണ്ടടാ……. എനിക്ക് ഇപ്പോ കുഴപ്പമൊന്നുമില്ല, നമുക്ക് റൂമിലേക്ക് പോവാം ” അദ്രി പറഞ്ഞു.
ജോയൽ മഹിയുടെ മുഖത്തേക്ക് നോക്കി.റൂമിലേക്ക് പോവാം ” മഹി പറഞ്ഞു.റൂമിൽ എത്തി വാതിൽ തുറന്ന് അദ്രി നേരെ ബെഡിലേക്ക് വീണു.നീ ഒന്ന് കിടക്ക് ” മഹി അദ്രിയോട് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി.അപ്പോഴേക്കും ജോയൽ അങ്ങോട്ട് എത്തി.
എടാ ദാ റൂമിന്റെ കീ…….. അവൻ തത്കാലം അവിടെ കിടന്നോട്ടെ, നമുക്ക് ഈ റൂമിലേക്ക് ഇരിക്കാം ” ജോയൽ പറഞ്ഞു. നീ അങ്ങ് ചെല്ല്, ഞാൻ ഇപ്പോ വരാം ഒരു കോൾ ചെയ്യാൻ ഉണ്ട് ” മഹി ഹോട്ടിലിന്റെ ഗാർഡൻ ഏരിയയിലേക്ക് നടന്നു.
അവിടെ ഇട്ടിരുന്ന സ്റ്റോൺ ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് മഹി ഫോൺ ചെവിയിലേക്ക് വച്ചു.എനിക്ക് ഒന്ന് കാണണം, കുറച്ച് സംസാരിക്കാനുണ്ട് ” മഹി പറഞ്ഞു.
” ഞാൻ ഇപ്പോ എത്താം, ഹോട്ടിലിന്റെ ഓപ്പോസിറ്റ ഉള്ള കോഫി ഷോപ്പിൽ വച്ചു കാണാം ” അയാൾ ഫോൺ കട്ട് ചെയ്തു.ശീതികരിച്ച കോഫി ഷോപ്പിനുള്ളിലും മഹിയെ നന്നായി വിയർക്കുന്നുണ്ടായിരുന്നു.ഓരോ സെക്കൻഡും ഏഴഞ്ഞു നീങ്ങുന്നതുപോലെ തോന്നി അവന്.ഇടക്ക് ഇടക്ക് കൈയിലെ വാച്ചിലേക്ക് നോക്കി, അവൻ ആ അസ്വസ്ഥത പ്രകടിപ്പിച്ചികൊണ്ടിരുന്നു.പെട്ടെന്ന് നിശബ്ദതതയെ കീറി മുറിച്ചുകൊണ്ട് അവന്റെ ഫോൺ ശബ്ദിച്ചു.ഹലോ……. എത്തിയോ……..ഞാൻ ഇവിടെ ലാസ്റ്റ് ടേബിളിലുണ്ട് ” മഹി പറഞ്ഞു.
അല്പസമയത്തിനകം,ബ്ലാക്ക് ഷർട്ടും അതേ കരയുള്ള മുണ്ട് ഉടുത്ത് ഡോർ തുറന്ന് അകത്തേക്ക് വന്ന ആദിയെ കണ്ടയുടൻ മഹി എഴുന്നേറ്റ് അയാൾക്ക് നേരെ കൈനീട്ടി.ഒരു ചിരിയോടെ ആദി അവന് തിരികെ കൈ കൊടുത്തു. അപ്പോ എങ്ങനാ നമ്മുടെ പ്ലാനിങ് പെർഫെക്ട് അല്ലേ” ആദി ഒരു ചിരിയോടെ ചോദിച്ചു. അതേ……. ഇതുവരെ കാര്യങ്ങൾ വിചാരിച്ചപോലെതന്നെ നടന്നു. ഇനിയും അങ്ങോട്ട് അങ്ങനെതന്നെ ആയിരിക്കണം ” മഹി പറഞ്ഞു.
മനസ്സിലായി………അദ്രിക്ക് സംശയമൊന്നുമില്ലല്ലോ അല്ലേ ” ആദി ചോദിച്ചു.
” ഹേയ്….. ഇതുവരെ ഇല്ല ഉണ്ടെങ്കിൽ അവൻ നിന്നേ ഇന്ന് വെല്ലുവിളിക്കാൻ നില്ക്കിലായിരുന്നു” മഹി പറഞ്ഞു. ശിവ…… അവളെ ഒന്ന് സൂക്ഷിക്കണം, അവള് ഈ ചടങ്ങ് മുടക്കാൻ അവളെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യും ” ആദി പറഞ്ഞു. എനിക്ക് അറിയാം…….എന്റെ ഒരു കണ്ണ് എപ്പഴും അവളുടെ പിന്നിലുണ്ട്…..ഋഷിക്ക് ഈ കാര്യത്തിൽ എതിർപ്പില്ലാത്തതുകൊണ്ട് ശിവക്ക് എന്തെങ്കിലും ചെയ്യാൻ ഇത്തിരി പാടായിരിക്കും ” മഹി പറഞ്ഞു.നോക്കാം…… കാര്യങ്ങൾ ഇത്രയും എത്തിച്ചില്ലേ, ബാക്കിയും നമ്മള് ചെയ്യും ” ആദി പറഞ്ഞു.
” എനിക്ക് ആകെ ഉണ്ടായിരുന്ന ടെൻഷൻ നേത്രയുടെ തീരുമാനം എന്തായിരിക്കുമെന്ന് ഓർത്തിട്ടായിരുന്നു, അവള് സമ്മതം പറഞ്ഞപ്പോ തന്നെ പാതി സമാധാനമായി, എന്നാലും പെട്ടെന്ന് അവൾക്ക് എന്ത് സംഭവിച്ചു ” മഹി ചോദിച്ചു.
“അതിന് നന്ദി പറയേണ്ടത് എന്റെ ഭാര്യയോടും അവളുടെ അമ്മയോടുമാണ് ” ആദി പറഞ്ഞു.
മഹി മനസ്സിലാവാത്തപോലെ ആദിയെ നോക്കി.
ആദി ഒരു ചിരിയോടെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി
തുടരും

by