രചന – അനീഷ ആകാശ്
ചെവിയിൽ ഉറുമ്പ് കയറി കടിക്കാൻ തുടങ്ങിയപ്പോൾ ഭദ്ര വായപൊത്തി കരഞ്ഞു…
താഴെ ദേവനും മഹിയും വർത്തമാനം പറഞ്ഞുകൊണ്ടു അകത്തേക്ക് കയറാൻ നിൽക്കുന്നു .
മായ കൈ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട് … വേദന കാരണം അവൾക്കൊന്നും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല..
“അയ്യോ…… അമ്മേ…….. ”
ഭദ്ര വേദന കൊണ്ട് പുളഞ്ഞു…
അലർച്ച കേട്ടിട്ട് ദേവനും മഹിയും പുറത്തേക്ക് ഇറങ്ങി വന്നു.. ശബ്‌ദം കേട്ട് ചാമ്പ മരത്തിലേക്ക് നോക്കി…
ചെവിയും പൊത്തിപിടിച്ചു നിൽക്കുന്ന ഭദ്രയെ കണ്ടപ്പോൾ മഹിക്ക് ചിരി വന്നു…
ദേവൻ കാര്യം മനസിലാകാതെ അവളെ നോക്കി നിന്നു…
“അയ്യോ.. എന്റെ ചെവിയേ…. ”
സഹികെട്ടപ്പോൾ കാറുകയല്ലാതെ മറ്റൊന്നും ചെയ്യാൻ അവൾക്ക് തോന്നിയില്ല..
അവളുടെ കാറിച്ച കേട്ടപ്പോൾ മായയ്ക്ക് കാര്യം പിടി കിട്ടി…
“അവളുടെ ചെവിയിൽ ഉറുമ്പ് കയറി കാണും..ഉറുമ്പുണ്ട് സൂക്ഷിക്കണമെന്ന് ഞാൻ പറഞ്ഞതാ മഹിയേട്ടാ അവളെ ഒന്ന് പിടിച്ചിറക്കുമോ.. അല്ലെങ്കിൽ ഇപ്പോൾ നിലത്തു വീഴും… ”
മഹിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായതും അവൻ ഓടിച്ചെന്ന് ചാമ്പയിൽ കയറി.. മഹി ചാമ്പയുടെ മുകളിൽ നിന്ന് ഒരു കൈകൊണ്ട് അവളെ താഴെ ഇറക്കി
ചെവിയിലെ വേദന കാരണം അവൾ ഇറങ്ങുമ്പോഴേക്കും വീഴാൻ ആഞ്ഞഅപ്പോൾ ബലിഷ്ഠമായ രണ്ട് കൈകൾ അവളെ താങ്ങി പിടിച്ചു ..
വേദന കൊണ്ട് അലറിയപ്പോൾ ആ കൈകൾ തന്നെ ചേർത്തുപിടിക്കുന്നത് അവൾ അറിഞ്ഞു… ഒരു കൈകൊണ്ട് നെഞ്ചിലേക്ക് ചേർത്ത് മറുകൈകൊണ്ട് ചെവിയിൽ പിടിച്ചു നോക്കുന്നുണ്ട്…
വേദനയിൽ ആരാണെന്നോ എന്താണെന്നോ അവൾ നോക്കിയില്ല..
“മഹി കുറച്ചു വെള്ളം കൊണ്ടു വാ… ”
ആ സൗണ്ട് കേട്ടപ്പോൾ ഭദ്രക്ക് മനസ്സിലായി താൻ ഇപ്പോൾ ദേവേട്ടന്റെ നെഞ്ചിലാണ് കിടക്കുന്നതെന്ന്
എന്റെ ഈശ്വരാ ദേവേട്ടൻ തന്നെ ചേർത്ത് പിടിച്ചിട്ടും തനിക്ക് ആ നിമിഷമൊന്ന് ആനന്ദിക്കാൻ പറ്റുന്നില്ലല്ലോ ഈ നാശം പിടിച്ച ഉറുമ്പ് കാരണം…
വേദനകൾക്കിടയിലും അവൾ മനസ്സിൽ ഓർത്തു..
ആരോ വെള്ളം കൊടുത്തെന്നു തോന്നുന്നു ചെവിയിലേക്ക് വെള്ളം ഇറങ്ങുന്നത് ഫീൽ ചെയ്യുന്നുണ്ട്
വെള്ളം ഇറങ്ങിയതും ദേവൻ അവളുടെ തല തന്റെ നെഞ്ചിലേക്ക് ചെരിച്ചു വെച്ചു…
“അനങ്ങരുത് വെള്ളം ചെല്ലുമ്പോൾ അതിന്റെ അനക്കം നിന്നോളും ”
വെള്ളം ചെന്നപ്പോൾ ഉറുമ്പിന്റെ മരണ വെപ്രാളത്തിന് അത് ചെവിയിൽ കിടന്ന് ഓടാൻ തുടങ്ങി… അപ്പോഴേക്കും ഭദ്രക്ക് അസഹ്യമായ വേദന തോന്നി.. തല ഇട്ട് ഇളക്കാൻ നോക്കിയപ്പോൾ അനങ്ങുന്നില്ല… ദേവൻ അത്രത്തോളം അവളെ ചേർത്ത് പിടിച്ചിരുന്നു..
പെട്ടന്ന് വേദന നിന്നു…
ഇല്ല ഇപ്പോൾ ചെവിയിൽ ഒന്നും അനങ്ങുന്നില്ല…
ദേവൻ അവളെ പിടിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു
“ഇപ്പോൾ ഉറുമ്പിന്റെ അനക്കം ഉണ്ടോ? ”
” ഇല്ലാ… ”
ദേവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു..
“ഇനി പോയി ചെവി ക്ലീൻ ചെയ്തു നോക്ക്… പിന്നെ ഒരുറുമ്പ് ചെവിയിൽ പോയെന്ന് കരുതി ആരും ചാകാൻ പോകുന്നില്ല.. പെൺപിള്ളാരൊക്കെ കുറച്ചൊക്കെ വേദന സഹിക്കാൻ പ്രാപ്തരായിരിക്കണം… അല്ലാതെ ഒരുറുമ്പ് പോയതിന് നാട് മുഴുവൻ കിടുക്കുവല്ല വേണ്ടത്… ”
ഭദ്രക്ക് ദേവനോട് നല്ല മറുപടി പറയാൻ തോന്നിയെങ്കിലും സാഹചര്യം മോശമായത് കൊണ്ടു ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി
അവളുടെ പോക്ക് കണ്ടപ്പോൾ മഹിക്ക് ചിരി വന്നു..
അളിയാ അവൾ മിണ്ടാതെ പോയത് നീ കണക്കാക്കണ്ട… മറ്റൊരു അവസരത്തിൽ ഇതിനുള്ള മറുപടി കൂടി തരും അവൾ.. ”
അത് കേട്ടപ്പോൾ ദേവനും ചിരി വന്നു
“ടി നീ പോയി അവളുടെ ചെവിയിൽ നിന്ന് ആ ഭീകര ജീവിയെ എടുത്തു കളയാൻ നോക്ക് ”
മഹി മായയോട് പറഞ്ഞു..
മായ അകത്തേക്ക് കയറി പോയി..
“വാടാ നമ്മുക്ക് റൂമിലേക്ക് ഇരിക്കാം ”
ദേവനെയും കൂട്ടി മഹി അകത്തേക്ക് കയറി
അകത്തു മുറിയിൽ പോയി ഭദ്ര ചുരിദാറിന്റെ ഷാൾ ചെറുതായി ചുരുട്ടി ചെവിയിലേക്ക് ഇട്ടു..
ഉടൻ മായയും അവിടെ എത്തി..
“നീ എന്തെടുക്കുവാടി പെണ്ണേ? ”
“ആ കാലനെ എടുക്കാൻ നോക്കുവാ… ”
“ആരെ ഉറുമ്പിനെയോ? ”
“അവനെ തന്നെ…. എന്നെ ദേവേട്ടന്റെ മുമ്പിൽ നാണം കെടുത്തിയത് അവൻ ഒറ്റ ഒരുത്തനല്ലേ… ”
“നാണം കെടുത്തിയത് പോട്ടെ… നിനക്കൊരു ഗോൾഡൻ ചാൻസും ആ പാവം തന്നില്ലേ? നിന്റെ ചേട്ടന്റെ നെഞ്ചിൽ കിടക്കാൻ പറ്റിയില്ലേ… ”
മായ അവളെ മുഖം നേരെ പിടിച്ചുകൊണ്ട് പറഞ്ഞു..
അതു നേരാ… ഈ ഉറുമ്പ് കാരണമാണല്ലോ എല്ലാം നടന്നത്.. പക്ഷേ അത് മായയോട് സമ്മതിച്ചു കൊടുത്താൽ പിന്നെ അതും പറഞ്ഞു കളിയാക്കും..
“പിന്നെ ആർക്കുവേണം അങ്ങനൊരു അവസരം… എനിക്കൊന്നും വേണ്ടാ.. നെഞ്ചിൽ കിടക്കാൻ എനിക്ക് യാതൊരു ആഗ്രഹവും ഇല്ലാ.. പോരാത്തതിന് ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോൾ നെഞ്ചിൽ കിടന്നപ്പോൾ ഒരു കടികൂടി കൊടുക്കേണ്ടതാരുനെന്ന് തോന്നി ”
“അതിനൊക്കെ ഇനിയും അവസരം ഉണ്ടല്ലോ മോളെ… ”
മായയുടെ മറുപടി കേട്ടപ്പോൾ അവൾക്ക് നാണം വന്നു
ദേവൻ ഉള്ളതുകൊണ്ട് അവൾ മഹിയുടെ റൂമിലേക്ക് കയറാതെ മായയെയും കൂട്ടി
വല്യച്ഛന്റെ റൂമിൽ പോയി കഥയും വായിച്ചിരുന്നു… വല്യച്ഛൻ ഒരു പുസ്തക പ്രേമിയാണ്… ഒരുപാട് ബുക്സ് അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ട്…
ബുക്ക് വായിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഓരോ ചിന്തകൾ കയറി വരുന്നുണ്ട്
ദേവേട്ടൻ വന്നത് എന്തിനാണെന്ന് അറിയാതെ വീട്ടിൽ പോകാനും തോന്നുന്നില്ല.. നാളെ എക്സാം ഉള്ളതുമാ.. വിവരം അറിയാതെ പോയാൽ പഠിക്കുമ്പോഴെല്ലാം അതും ചിന്തിച്ച് ഇരിക്കും…
അല്ലേലും ഈ മനുഷ്യൻ കാരണം എന്റെ എക്സാം എല്ലാം കുളമാകുവാണല്ലോ ഈശ്വരാ…
ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് മഹി വന്ന് അവളുടെ തോളിൽ തട്ടിയത്..
“എന്താ ഭവതി അടുത്തത് ഏതു മരത്തിൽ കയറണമെന്ന് ചിന്തിക്കുവാണോ? ”
“അതേ എന്തെ? ”
“അല്ല അങ്ങനെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ പറയണം ഞങ്ങൾക്ക് ഒരു ഏണിയും കയറും റെഡിയാക്കാനാ… ”
“ഓഹോ… എങ്കിൽ ഇപ്പോഴേ റെഡിയാക്കി വെച്ചോ..ഞാൻ കയറുമ്പോൾ വിളിക്കാം… ”
“വിളിച്ചില്ലെങ്കിലും വരും നീ പേടിക്കണ്ട… ”
ഒട്ടും വിട്ടു കൊടുക്കാതെ മഹിയും പറഞ്ഞു..
ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞിരുന്നു…
“ടി മരം കയറി മറിയേ നിനക്കുള്ള തോട്ടിയും കയറുമാ അപ്പുറത്തിരിക്കുന്നത്… വേണേൽ പോയി മിണ്ടി നോക്ക് ”
ഭദ്രയെ കളിയാക്കികൊണ്ട് മഹി പറഞ്ഞു
ദേവേട്ടനെയാണ് ആ പറഞ്ഞതെന്ന് അവൾക്ക് മനസിലായി
“എനിക്കാരോടും മിണ്ടണ്ട… ”
മുഖം വീർപ്പിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു
“എങ്കിൽ വേണ്ടാ…അവൻ പോകാൻ പോകുവാ… ഇനി ഞാനായിട്ടൊരു ചാൻസ് തന്നിലെന്ന് പറയരുത്… ”
“എനിക്കതൊന്നും വേണ്ടാ… ദേവേട്ടൻ എന്തിനാ വന്നതെന്ന് ഈ ഉള്ളവൻ അരുളിയാൽ മതി… ”
“ഓഹ്… അതോ…. അത് ഞാൻ പറയാൻ മറന്നു… ദേവന് മരം കയറി നടക്കുന്ന പെൺപിള്ളേരെ ഇഷ്ടമല്ല… അതുകൊണ്ട് വാനര ജന്മം അല്ലാത്തോരെണ്ണത്തിനെ തപ്പി എടുക്കാൻ വന്നതാ… ”
മഹി ഭദ്രയുടെ ഭാവ വിത്യാസങ്ങൾ ശ്രെദ്ധിച്ചുകൊണ്ട് പറഞ്ഞു..
“എന്നിട്ട് കിട്ടിയോ… ”
ഒട്ടും വിട്ടുകൊടുക്കാതെ അവളും ചോദിച്ചു…
“കിട്ടി…. എന്തെ….? ”
“കിട്ടിയെങ്കിൽ പോയി കെട്ടാൻ പറ… ”
“ഞാൻ പറഞ്ഞിട്ടുണ്ട്… ”
മറുപടിയൊന്നും പറയാതെ അവൾ പുറത്തേക്ക് നടന്നു…
“ടി മരംകയറി…… ”
പുറകിൽ നിന്ന് മഹി കളിയാക്കി വിളിച്ചു…
ഭദ്രക്ക് ദേഷ്യം വന്നിട്ട് അവൾ തിരിഞ്ഞ് അവന്റെ അടുത്തേക്ക് നടന്നു…
“ഒന്നും കൂടി വിളിച്ചേ… ”
ഭദ്ര ദേഷ്യത്തോടെ പറഞ്ഞു
“ഒന്നല്ല നൂറു വെട്ടം വിളിക്കും…. മരംകയറി……. ”
മഹി അത് വിളിച്ചതും ഭദ്ര അവനെ അടിക്കാൻ ഓങ്ങി..
മഹി അവളുടെ അടികൊള്ളാതിരിക്കാൻ അകത്തേക്ക് ഓടി… ഭദ്ര വിടാതെ അവന്റെ പുറകെ ഓടി…
അവരുടെ വഴക്ക് കണ്ടപ്പോൾ മായയ്ക്ക് ചിരി വന്നു…
“ഞാൻ ഇനിയും വിളിക്കുമെടി..”
ഓടുമ്പോഴും മഹി പറഞ്ഞുകൊണ്ടിരുന്നു…
ഓടുന്നതിനിടയിൽ ഭദ്ര മേശയുടെ മുകളിൽ വെച്ചിരുന്ന ജഗ്ഗ് കൈയ്യിൽ എടുത്തു..
“മര്യാദക്ക് നിന്ന് അടി കൊണ്ടോ ഇല്ലെങ്കിൽ ഞാൻ ഈ വെള്ളത്തിൽ കുളിപ്പിക്കും… ”
“നീ കുളിപ്പിക്കാൻ ഇങ്ങ് വാടി.. ഞാൻ നിന്നു തരാം…. ”
ഓടുന്നതിനിടയിൽ അണച്ചുകൊണ്ട് മഹി പറഞ്ഞു…
മഹി ഓടി റൂമിലേക്ക് കയറാൻ പോയതും അവൾ കൈയിലിരുന്ന ജെഗ്ഗിലെ വെള്ളം നീട്ടി ഒഴിച്ചു….
പക്ഷേ പ്രതീക്ഷിച്ച പോലെ മഹിയുടെ ദേഹത്തായിരുന്നില്ല വെള്ളം വീണത്.. .
ആരെയോ ഫോൺ ചെയ്‌തു പുറത്തേക്ക് വന്ന ദേവന്റെ ദേഹത്തേക്കാണ് വെള്ളം വീണത്
കണ്ണ് തുറന്നപ്പോൾ നനഞ്ഞു നിൽക്കുന്ന ദേവനെ കണ്ടപ്പോൾ ഭദ്രക്ക് അബദ്ധം മനസിലായി..
സംഭവിച്ചത് എന്താണെന്ന് മനസിലാകാതെ മഹി രണ്ടുപേരെയും മാറി മാറി നോക്കി
ദേവന്റെ നിൽപ്പ് കണ്ടപ്പോൾ ഭദ്രക്ക് പേടി ആയി അവൾ വേഗം തന്നെ തിരിച്ചോടി… മായയോട് യാത്ര പറഞ്ഞു അവൾ വീട്ടിലേക്ക് ഓടി…
ഈശ്വരാ…. ദേവേട്ടൻ മിക്കവാറും ഇങ്ങോട്ട് വരും… കയ്യിലിരിപ്പിന് ഒരെണ്ണം തന്നെന്നും വരും… അച്ഛനോടെങ്ങാനും പറഞ്ഞാൽ തല്ലാത്ത അച്ഛനും ഒരു തല്ല് തന്നെന്നിരിക്കും
ഒരു കണക്കിന് എന്നെ അത്രയും പറഞ്ഞതല്ലേ അപ്പോൾ വെള്ളത്തിൽ കുളിപ്പിച്ചതിന് ഒരു കുഴപ്പവുമില്ല
സ്വയം ആശ്വസിക്കാൻ അവൾ മനസ്സിൽ പറഞ്ഞു
******************************
മുറ്റത്തു തുളസിക്കതിർ പറിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ദേവകി..
ബുള്ളറ്റിൽ വന്നിറങ്ങിയ ദേവന്റെ വേഷം കണ്ട് അവർ ഓടി അവന്റെ അരികത്തു ചെന്നു…
“എന്താ മോനേ പറ്റിയത്? നീയെങ്ങനെ നനഞ്ഞു? ”
“എന്റമ്മേ പരിഭ്രമിക്കണ്ട… ഒന്നും സംഭവിച്ചിട്ടില്ല… ഞാൻ സ്ഥലം നോക്കാൻ പോയിടത്തെ കുളക്കടവിൽ ഒന്ന് വീണതാ… ”
ബുള്ളറ്റിൽ നിന്ന് ഇറങ്ങികൊണ്ട് അവൻ അമ്മയെ സമാധാനിപ്പിക്കാൻ പറഞ്ഞു..
“അയ്യോ…. വീണോ… ഈശ്വരാ വല്ലതും പറ്റിയോ മോനേ..? ”
അവർ ദേവന്റെ ശരീരം മുഴുവൻ തടവി നോക്കി..
“എന്റമ്മേ ഒന്നും പറ്റിയില്ല… വീണപ്പോൾ കുറച്ചു ചെളി പറ്റി.അതു കഴുകി കളഞ്ഞപ്പോൾ ഷർട്ട് നനഞ്ഞു.. അത്രേയുള്ളൂ… ”
“എവിടെ പോയാലും എന്ത് ചെയ്‌താലും സൂക്ഷിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ലേ മോനേ? നീ എന്താ അത് അനുസരിക്കാഞ്ഞത്…? ”
വിഷമത്തോടെ ദേവകി ചോദിച്ചു
“എന്റമ്മേ സൂക്ഷികാഞ്ഞിട്ടല്ല.. കാലൊന്ന് സ്ലിപ്പായി… കൂടുതലൊന്നും സംഭവിച്ചുമില്ല… അമ്മ അത് വിട്ടുകള… ”
അമ്മയുടെ മുന്നിൽ കൂടുതൽ നേരം നിന്നാൽ താൻ സത്യം പറഞ്ഞു പോകുമെന്ന് അറിയാവുന്നത് കൊണ്ടു അവൻ അകത്തേക്ക് കയറി
“മോനേ ഇനിയെങ്കിലും എല്ലാം സൂക്ഷിച്ച് ചെയ്യണേ… ”
ദേവകി പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…
“ഇനി എന്തായാലും സൂക്ഷിക്കാം അമ്മേ… ”
ഇനി സൂക്ഷിച്ചില്ലേൽ ശെരിയാവില്ല അവൻ മനസ്സിൽ പറഞ്ഞു
മുറിയിൽ ചെന്നു നനഞ്ഞ ഷർട്ട് ഊരി മാറ്റാൻ നോക്കിയപ്പോഴാണ് നെഞ്ചിന്റെ ഭാഗത്ത് ചുവന്ന കളറിൽ എന്തോ ഒന്ന് ഇരിക്കുന്നത് കണ്ടത്.. കൈയ്യിൽ എടുത്തു നോക്കിയപ്പോൾ അതൊരു പൊട്ടാണെന്ന് മനസിലായി..
താൻ ഭദ്രയെ അനങ്ങാതിരിക്കാൻ നെഞ്ചിലേക്ക് അമർത്തി കിടത്തിയപ്പോൾ പറ്റിയതാവും
അവൻ പോട്ടെടുത്ത് അലമാരയുടെ ചില്ലിൽ ഒട്ടിച്ചു…
***************************
രാത്രിയിൽ കഴിക്കാൻ എല്ലാവരും കൂടി ഇരുന്നപ്പോൾ മേനോൻ ദേവനോട് സ്ഥലം നോക്കാൻ പോയതിനെ പറ്റി തിരക്കി
“കുഴപ്പമില്ല നല്ല സ്ഥലമാണ് ”
“ഓണറിനോട് സംസാരിച്ചോ ”
“ഞാൻ ഒന്ന് സംസാരിച്ചു.. റെയിറ്റും കാര്യങ്ങളും അച്ഛൻ സംസാരിക്കണം… ഞാനത് സംസാരിച്ചാൽ ശെരിയാവില്ല ”
“നാളെ ഞാൻ ഒന്ന് വിളിക്കാം… നീ നമ്പർ തന്നാൽ മതി ”
“ഞാൻ സെന്റ് ചെയ്യാം കഴിച്ചിട്ട്?”
“ഉം.. അതുമതി… പിന്നെ
നാളെ അമ്മാവന്റെ വീട്ടിൽ പോയി ചടങ്ങിന് വിളിക്കണം.. ഞാനും അമ്മയും വരാം… എപ്പോഴാ നിനക്ക് സമയം എന്നു വെച്ചാൽ പറഞ്ഞാൽ മതി.. ”
“ഞാൻ വരണോ.. നിങ്ങൾ രണ്ടുപേരും പോയാൽ പോരെ? ”
ദേവൻ അച്ഛനോട് ചോദിച്ചു .
“നിനക്ക് അവരെ ഫേസ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ”
“ഇല്ല….. ‘
“എങ്കിൽ നാളെ നമ്മൾ മൂന്നുപേരും കൂടി പോകുന്നു..ജൂവല്ലറിയിൽ കയറി മോതിരവും വാങ്ങാം… ”
“നോക്കട്ടെ അച്ഛാ… നാളെ രാവിലെ ഫ്രീ ആയിരിക്കും.. അപ്പോൾ പോകാം. ”
ദേവൻ അച്ഛന്റെ തീരുമാനത്തിന് സമ്മതം മൂളി.. .
കഴിച്ചു കഴിഞ്ഞ് അവൻ റൂമിലേക്ക് പോയി..
ഇന്ന് ചുറ്റി കറങ്ങി നടന്നതുകൊണ്ട് കടയിലെ കണക്കൊന്നും എഴുതിയില്ല…
അതും ആലോജിച്ച് അവൻ കണക്കെഴുതാൻ അലമാരയിൽ നിന്ന് ബുക്ക് എടുത്തു… അലമാരയുടെ ഡോർ അടക്കാൻ നേരമാണ് അവൻ ആ ചുവന്ന പൊട്ടിനെ ശ്രദ്ധിച്ചത്…
പതിയെ പൊട്ട് അടർത്തി കൈയ്യിൽ എടുത്തു..
അന്നത്തെ കാര്യങ്ങൾ ഓർത്തപ്പോൾ ദേവന്റെ മുഖത്ത് ഒരു ചിരി പടർന്നു
അവൾ വീഴാൻ പോയപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവളെ പോയി പിടിച്ചതും കരച്ചിൽ കണ്ടപ്പോൾ നെഞ്ചിലേക്ക് ചേർത്ത് കിടത്തിയതും ഓർത്തപ്പോൾ ദേവന്റെ മനസ്സിൽ ഒരു സംശയം ഉടലെടുത്തു….
താൻ പോലും അറിയാതെ മനസ്സിൽ ഭദ്ര തന്റേതായിരിക്കുന്നു…..
ഭദ്രയുടെ നിഷ്കളങ്കമായ മുഖം ഓർത്തപ്പോൾ മനസ്സിൽ ഉണ്ടായൊരു കുളിർമ ദേവനെ അത്ഭുതപ്പെടുത്തി
തുടരും

by