16/04/2026

വേഴാമ്പൽ : ഭാഗം 12

രചന – അനീഷ ആകാശ്

 

മഹി ദേവനെ വിളിക്കുന്നതും നോക്കി ഭദ്ര അവന്റെ അടുത്ത് നിന്നു…

ആദ്യത്തെ റിങ്ങിൽ തന്നെ ദേവൻ ഫോണെടുത്തു..

“എന്താടാ ഈ നേരത്ത്..? ”

സ്വരം അല്പം ഗൗരവത്തിൽ ആയിരുന്നു

“നിന്നെ വിളിക്കാൻ എനിക്ക് നേരവും കാലവും നോക്കണോ അളിയാ.. ”

“വേണ്ടാ … എന്നാലും നീ കോൾ വിളിക്കാൻ പിശുക്കനാണല്ലോ… ഇപ്പോൾ ഇങ്ങോട്ട് വിളിച്ചതിൽ എന്തോ കാര്യം ഉണ്ട്… ”

“ശ്ശോ… നിന്റെ ഒരു കാര്യം… ”

ദേവൻ തന്റെ കള്ളത്തരം പിടിച്ചെന്നറിഞ്ഞപ്പോൾ മഹിക്ക് ചമ്മൽ വന്നു..

മഹിയുടെ നിൽപ്പ് കണ്ടപ്പോൾ ഭദ്രക്ക് ചിരി വന്നു… സ്‌പീക്കറിൽ ഇട്ടിരിക്കുന്നത് കൊണ്ട് അവൾക്കും എല്ലാം ക്ലീയറായി കേൾക്കാമായിരുന്നു

“നീ പറഞ്ഞത് നേരാ… ഇന്നത്തെ സംഭവങ്ങൾ അറിഞ്ഞപ്പോൾ നിന്നെ ഒന്ന് വിളിക്കണമെന്ന് തോന്നി.. ”

“എന്ത് സംഭവം..? ”

ദേവൻ കാര്യമറിയാത്തപോലെ ചോദിച്ചു..

“ഭദ്ര ഇന്നത്തെ കാര്യങ്ങൾ എല്ലാം വള്ളിപുള്ളി തെറ്റാതെ എന്നോട് പറഞ്ഞു. നിന്നോടൊരു താങ്ക്സ് പറയാൻ പറ്റാത്ത വിഷമത്തിലായിരുന്നു അവൾ ‘

“അവളുടെ താങ്ക്സ് എനിക്ക് ആവിശ്യമില്ല.. ഇനിയെങ്കിലും വല്ലവന്മാരും നോക്കുമ്പോൾ അവിടെ നിന്നുകൊടുക്കരുതെന്ന് നിന്റെ പെങ്ങളെ പറഞ്ഞു മനസിലാക്കാൻ നോക്ക്.. പൊട്ടിക്കളിച്ചു നിന്നോളും… ”

ദേവൻ പറയുന്നത് കേട്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…

മഹിക്ക് പക്ഷെ ചിരിയാണ് വന്നത്…

“ഞാൻ പറയാടാ… നീ കൂടെ ഉള്ളപ്പോൾ അവൾക്കൊരു കുഴപ്പവും വരില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.. ”

മഹിക്ക് മറുപടി കൊടുക്കാതെ ദേവൻ മൗനം പാലിച്ചു..

“ശെരിയെടാ ഞാൻ വെച്ചേക്കുവാ… ”

മഹി കോൾ കട്ട്‌ ചെയ്യാൻ വെപ്രാളപ്പെട്ടു..

“ശെരി നീ വെച്ചോ ഞാൻ പിന്നെ വിളിച്ചോളാം… ”

ദേവൻ കോൾ കട്ട്‌ ചെയ്തു..

“പൊട്ടി അയാളുടെ കെട്ടിയോൾ… ഹും….. ”

ഭദ്ര ദേഷ്യത്തോടെ പറഞ്ഞു..

“ടി കോൾ കട്ടാക്കിയിട്ടില്ല… ”

“അയ്യോ…. കാണിച്ചേ…. ”

ഭദ്ര പേടിച്ച് മഹിയുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി…

“മനുഷ്യനെ പേടിപ്പിക്കല്ലേ…. ”

“അപ്പോൾ നിനക്കവനെ പേടിയാണല്ലേ? ”

മഹി കളിയാക്കി ചോദിച്ചു.

“എനിക്ക് പേടിയൊന്നും ഇല്ല… ”

“അവൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല… നീ പറഞ്ഞു പൊട്ടി അവന്റെ കെട്ടിയവൾ ആണെന്ന്… അവനും അത് തന്നെയല്ലേ പറഞ്ഞത്… ”

“ആഹ്… എനിക്കറിയില്ല… ”

നാണത്തോടെ ഭദ്ര പറഞ്ഞു

“അറിയണ്ട വാ വീട്ടിൽ പോകാം. ”

മഹി ഭദ്രയെ വിളിച്ചുകൊണ്ട് നടന്നു..

“മഹിയെട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…? ”

‘എന്താടി? ”

“മഹിയേട്ടൻ കണ്ടിട്ടുണ്ടോ ദേവേട്ടന്റെ വിദ്യയെ? ”

“കണ്ടിട്ടുണ്ട്… എന്തെ? ”

“ആള് കാണാൻ സുന്ദരിയാണോ? ”

ആകാംഷയോടെ ഭദ്ര ചോദിച്ചു…

“ഉം… സുന്ദരിയാണെന്ന് പറയാം… ”

“ആരെ പോലെ ഇരിക്കും? ”

അവന്റെ മറുപടിയിൽ തൃപ്തി വരാതെ അവൾ വീണ്ടും ചോദിച്ചു..

“അവരെപ്പോലെ തന്നെ ഇരിക്കും… ”

“മഹിയെട്ടാ തമാശ പറയാതെ കാര്യം പറ.. ”

ഭദ്രക്ക് ദേഷ്യം വന്നു

“എന്റേടി… നീ എന്തുവാ ചോദിച്ചത്.. ആ പെണ്ണ് അതിനെ പോലെ അല്ലാതെ നിന്നെപ്പോലെ ഇരിക്കാൻ പറ്റുമോ? ”

“എന്റെ മനുഷ്യ നമ്മൾ പറയില്ലേ ആ കുട്ടിയെ കണ്ടാൽ ഫിലിം സ്റ്റാർ മഞ്ജുവിനെപോലെ ഇരിക്കും അല്ലെങ്കിൽ പാർവതിയെ പോലെ ഇരിക്കുമെന്നൊക്കെ.. അതുപോലെ ആ കുട്ടിക്ക് ആരുടെയെങ്കിലും ഫേസ് കട്ട്‌ ഉണ്ടോ എന്നാ ചോദിച്ചത്… ”

“ഓഹ് അങ്ങനെ…. എനിക്കങ്ങനെ ആരുടേം തോന്നിയില്ല… ”

“അങ്ങനെ പറയാതെ മഹിയെട്ടാ.. ഒന്നുകൂടി ആലോജിച്ച് നോക്കിക്കേ… ”

“പിന്നെ ഞാൻ ആ പെണ്ണിനെ ഓർത്ത് ഇരികുവല്ലേ… ഒന്നാമത് ഫ്രണ്ടിന്റെ പെണ്ണ്.. അതിനെ പിന്നെ ആരേലും വായിനോക്കുമോടി? ജസ്റ്റ്‌ കണ്ടു ഒന്ന് ചിരിച്ചു കാണിച്ചു.. കൂടുതൽ ആരും നോക്കില്ല.. ”

“അങ്ങനെ പറഞ്ഞ് ഒഴിയണ്ട… എന്റെ ആങ്ങള ആസ്ഥാന വായിനോക്കി അല്ലേ
.അപ്പോൾ ശെരിക്കും നോക്കിയിട്ടുണ്ടെന്ന് എനിക്കറിയാം.. ”

“നിനക്കിപ്പോൾ അവൾ എങ്ങനെ ഉണ്ടെന്ന് അറിഞ്ഞാൽ പോരെ? ഞാൻ ദേവനെ വിളിച്ചു പറയാം അവളുടെ ഒരു പിക് സെൻട് ചെയ്യാൻ… ”

“അയ്യോ… വേണ്ട…. നിങ്ങളോട് ഞാൻ ഒന്നും ചോദിച്ചിട്ടില്ല പോരെ? ”

മഹിയോട് പിണങ്ങി കൊണ്ട് അവൾ വേഗം നടന്നു

വീട്ടിൽ എത്തിയപ്പോൾ രാഘവമേനോൻ സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..

“രണ്ടിന്റെയും വരവ് കണ്ടിട്ട് അത്ര പന്തിയല്ലല്ലോ … ”

മാളുവിന്റെ മുഖത്ത് നോക്കി അയാൾ പറഞ്ഞു..

“അതല്ലേലും അങ്ങനെ അല്ലേ കൊച്ചച്ഛ.. കാന്താരിക്ക് ഉടക്കാൻ കാര്യം വല്ലതും വേണോ… ”

ഭദ്രയെ നോക്കി ചിരിച്ചു കൊണ്ട് മഹി പറഞ്ഞു..

“അവനോട് ഉടക്കാനാണോ നീ വിളിച്ചു വരുത്തിയത്… ”

“ഞാൻ ആരോടും ഉടക്കുന്നില്ല… ഹും…. ”

മുഖം വീർപ്പിച്ചുകൊണ്ട് മഹിയെ നോക്കി പറഞ്ഞിട്ട് അവൾ അകത്തേക്ക് കയറി പോയി…

മാളുവിന്റെ പോക്ക് കണ്ടിട്ട് സാവിത്രി സിറ്റൗട്ടിലേക്ക് ഇറങ്ങി വന്നു..

“സ്ഥിരം കലാപരുപാടി ഇന്നും ഉണ്ടായിരുന്നല്ലേ..? ”

“അതെന്നും ഉള്ളതല്ലേ ചിറ്റേ…. ”

“രണ്ടിന്റെയും വഴക്കിനി എപ്പോഴാണോ തീരുന്നത്… ”

“അതൊക്കെ പോട്ടെ… ഇന്നത്തെ വിവരങ്ങൾ അവൾ പറഞ്ഞു കാണുമല്ലോ… നീയും കൂടി സപ്പോർട്ട് പറഞ്ഞത് കൊണ്ടാണ് ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചത്.. എന്നാലും മനസ്സിനൊരു ആധിയാ മഹി… ”

സാവിത്രിയുടെ ടെൻഷൻ കണ്ടപ്പോൾ മാഹിക്ക് സങ്കടം വന്നു..

“ഭദ്ര അവളെന്റെ പെങ്ങൾ അല്ലേ ചിറ്റേ… അവൾക്ക് ഒരു തരത്തിലും ദോഷം വരില്ല ഈ ബന്ധം കൊണ്ട്… എനിക്ക് ആ ഉറപ്പുള്ളത് കൊണ്ടാണ് ഇതു പ്രൊസീഡ് ചെയ്യാൻ പറഞ്ഞത്.. ”

“അതറിയാടാ… ദേവൻ നല്ലവനാ അതെനിക്കും മനസിലായതാ… ”

“ഇനി ഇതിനെ പറ്റി ആലോചിക്കാതെ മുന്നോട്ടുള്ള കാര്യങ്ങൾ ആലോചിക്കാൻ നോക്ക് രണ്ടുപേരും… ”

രണ്ടുപേരെയും ആശ്വസിപ്പിച്ചു കൊണ്ട് മഹി പറഞ്ഞു..

“ഞാൻ ഇറങ്ങുവാ … മുത്തശ്ശി എവിടെ… കാണാതെ പോയാൽ അടുത്ത തവണ വരുമ്പോൾ അതിന്റെ കൂടി കേൾക്കേണ്ടി വരും… ”

മഹി ചിരിച്ചുകൊണ്ട് പറഞ്ഞു..

“അകത്തുണ്ട്.. കിടക്കുവാ… നീ കണ്ടിട്ട് വരുമ്പോഴേക്കും ഞാൻ ചായ എടുക്കാം.. ”

മഹിയോട് പറഞ്ഞിട്ട് സാവിത്രി അകത്തേക്ക് പോയി..

******************************
“അമ്മേ കൊച്ചേട്ടൻ ഇതുവരെ വന്നില്ലേ? ”

ദയ വിളക്ക് കത്തിക്കുമ്പോൾ ദേവകിയോട് തിരക്കി..

“ഇല്ല… ”

“എവിടെ പോയി? ”

“ദയെ നിനക്കെപ്പോഴും ഉള്ളതാ വിളക്ക് കത്തിക്കുമ്പോൾ കൊച്ചു വർത്തമാനം.. മര്യാദക്ക് പ്രാർത്ഥിച്ചുകൊണ്ട് വിളക്ക് കത്തിക്കാൻ നോക്ക്.. ”

അല്പം ദേഷ്യത്തിൽ ദേവകി ദയയോട് പറഞ്ഞു

“ഓഹ്….ആയിക്കോട്ടെ ”

വിളക്ക് കത്തിച്ചതിന് ശേഷം വീണ്ടും അവൾ ധ്യാനിനെ തിരക്കി

“നീ എന്തിനാ അവനെ തിരക്കി നടക്കുന്നത്… വഴക്കുണ്ടാക്കാൻ ആണോ? ”

ദേവകി ശ്വാസനാ പോലെ പറഞ്ഞു..

“എന്റമ്മേ… വഴക്കിനൊന്നുമല്ല . എനിക്ക് ഒരു കാര്യം ക്ലിയർ ചെയ്യാനാ.. ”

“എന്തിനാണെങ്കിലും അവൻ എവിടെ പോയെന്ന് എനിക്ക് അറിയില്ല.. നിന്റെ ഏട്ടന്മാര് എന്നോട് പറഞ്ഞിട്ടല്ലല്ലോ ഓരോ കാര്യത്തിനും പോകുന്നത്…”

“എന്ത് പറഞ്ഞാലും എന്നോട് എന്തിനാ ദേഷ്യപെടുന്നത്… കണ്ടോ എന്നെ കെട്ടിച്ച് വിട്ട് കഴിയുമ്പോഴേ എന്റെ വില അറിയൂ…. ”

പരിഭവത്തോടെ ദയ പറഞ്ഞു..

“നിന്നെ അതിന് ആരാ കെട്ടിച്ച് വിടാൻ പോകുന്നത്?
ചെന്നുകേറുന്ന വീട്ടുകാരുടെ ചീത്ത എനിക്ക് കേൾക്കാൻ മേല… ”

ദയയെ നോക്കികൊണ്ട്‌ ദേവകി പറഞ്ഞു..

“ആഹാ… അങ്ങനെ ആണല്ലേ…. എങ്കിൽ ദേവേട്ടൻ കെട്ടിക്കൊണ്ട് വരുമ്പോൾ ഞാൻ നാത്തൂൻ പോരെടുക്കും … അപ്പോൾ നിങ്ങളൊക്കെ കെട്ടിച്ച് വിടുമല്ലോ.. ”

ദേവകിയെ ചൂടാക്കാൻ പറഞ്ഞിട്ട് അവൾ അമ്മയെ നോക്കി…

“അപ്പോൾ നിന്റെ വല്യേട്ടന്റെ ശെരിക്കുള്ള സ്വഭാവം നീ അറിയും.. ”

ഒട്ടും വിട്ടുകൊടുക്കാതെ ദേവകി മറുപടി കൊടുത്തു..

“അപ്പോൾ എന്നെ കെട്ടിച്ച് വിടാൻ ഉദ്ദേശമില്ല… ആയിക്കോട്ടെ… ”

“എന്താടി കെട്ടിച്ച് വിടുന്ന കാര്യം പറഞ്ഞത്..?”

ധ്യാനിന്റെ സൗണ്ട് കേട്ടപ്പോൾ ദയ ഓടി അവന്റെ അടുത്തേക്ക് ചെന്നു..

” അതൊക്കെ അവിടെ നിൽക്കട്ടെ…
ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ആദ്യം ആൻസർ പറ… കൊച്ചേട്ടൻ എന്നോടെന്തെങ്കിലും മറച്ചു വെച്ചിട്ടുണ്ടോ? ”

“ഉണ്ടല്ലോ… ഒരുപാട് കാര്യങ്ങൾ മറച്ചു വെച്ചിട്ടുണ്ട്.. എന്തെ? ”

“ഒരുപാട് കാര്യങ്ങൾ എനിക്കറിയണ്ട… ഒരുകാര്യം മാത്രം അറിഞ്ഞാൽ മതി… ഈ മാളു തന്നെയാ ഭദ്രയെന്ന് കൊച്ചേട്ടന് അറിയില്ലായിരുന്നോ.. എന്നിട്ടെന്താ എന്നോട് പറയാതിരുന്നത്? ”

” പറയാൻ തോന്നിയില്ല എന്തെ? ”

ദയയെ ചൊടിപ്പിക്കാൻ ധ്യാൻ പറഞ്ഞു..

“ഓഹോ…. ചുമ്മാതല്ല ഈ ആലോജനക്ക് കൊച്ചേട്ടൻ ഇത്ര സപ്പോർട്ട് ചെയ്തത്… ”

“അതിന് നിനക്ക് മുടക്കുവല്ലതും ഉണ്ടോ? ”

“എനിക്ക് ഗുണം മാത്രമേ ഉണ്ടായൊള്ളൂ അതുകൊണ്ട് ഞാൻ ക്ഷെമിക്കുന്നു… ഇനി വല്യേട്ടനെ ഒന്ന് കാണട്ടെ…
എന്നിട്ട് ബാക്കി പറയാം ”

ധ്യാനിനോട് കൂടുതൽ വഴക്കിന് പോകാതെ ദയ പറഞ്ഞു നിർത്തി

ദേവന്റെ മുറിയിൽ ചെന്നപ്പോൾ ദേവൻ ആർക്കോ ഫോൺ ചെയ്യുവായിരുന്നു…

ദയയെ കണ്ടപ്പോൾ കോൾ കട്ട്‌ ചെയ്തു…

“എന്താടി? ”

“ഒന്നുമില്ല എനിക്ക് ഒരു കാര്യം പറയാനാ… ”

“എന്ത് കാര്യം ”

ദേവൻ ഗൗരവത്തോടെ ചോദിച്ചു

“ആരോടെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് നേരിട്ട് പറയണം… ”

” മനസിലായില്ല ”

“ഭദ്രേച്ചിയോട് പറയാനുള്ളത് ചേച്ചിയോട് തന്നെ പറയണം… എന്നോടിന്ന് പറഞ്ഞതെല്ലാം ചേച്ചിയോട് പറയാനുള്ളതാണെന്ന് എനിക്ക് മനസിലാകാഞ്ഞിട്ടല്ല… തുടക്കം അല്ലേ … പോട്ടെന്ന് കരുതി ”

“അങ്ങനെ ഒരുപാട് നീ കരുതണ്ട… അവളോട് മാത്രമല്ല നിന്നോടുംകൂടിയാ പറഞ്ഞത് ”

“അവളോ… അപ്പോൾ അധികാരമൊക്കെ എടുത്തു തുടങ്ങി .. ഗുഡ് ”

“നീ എന്റെ കയ്യിൽ നിന്ന് വാങ്ങീട്ടെ പോകു അല്ലേ? ”

“ഞാൻ പോകുവാ… ഇനിയും ഇടനില നിൽക്കാൻ ഞാൻ വരില്ല… നേരിട്ട് പറഞ്ഞു ശീലിച്ചൊ ”

ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ദയ താഴേക്ക് പോയി

******************************

കിടക്കാൻ നേരമായപ്പോൾ രാഘവമേനോൻ മാളുവിന്റെ അടുത്തേക്ക് വന്നു..

“മോളെ… അച്ഛൻ മോളോട് ഒരു കാര്യം ചോദിക്കട്ടെ…? ”

“എന്താ അച്ഛാ? ”

“ഇന്ന് ദേവൻ മോളോട് എന്തെങ്കിലും പറഞ്ഞോ..? ”

“ഇല്ല … എന്തുപറ്റി അച്ഛാ…? ”

“ദേവന്റെ ഇന്നത്തെ സമീപനം കണ്ടപ്പോൾ അച്ഛനൊരു സംശയം… നമ്മൾ എടുത്ത തീരുമാനം തെറ്റിയോ എന്ന്? ”

“അച്ഛനും ഞാനും എടുത്ത തീരുമാനം നൂറു ശതമാനം ശെരിയാണെന്ന് എനിക്കിന്ന് ബോധ്യമായി… ”

പറയുന്നത് മനസിലാകാതെ അയാൾ ഭദ്രയെ നോക്കി…

അന്നത്തെ സംഭവങ്ങൾ മുഴുവനും അവൾ അച്ഛനോട് വിവരിച്ചു..

“ഒരു അച്ഛന്റെ സ്നേഹവും ഒരു ആങ്ങളയുടെ കരുതലും ദേവേട്ടനിൽ ഞാൻ കണ്ടു… ഇനി അച്ഛൻ ദേവേട്ടനെ ഓർത്ത് വിഷമിക്കണ്ട… അച്ഛന്റെ മോൾക്ക് കിട്ടിയ സൗഭാഗ്യം തന്നെയാ ദേവേട്ടൻ… ”

“മോൾക്ക് സന്തോഷമാണെങ്കിൽ അച്ഛനും ഈ ബന്ധത്തിന് സമ്മതം തന്നെയാ… ഇനി മോള് പോയി കിടന്നോ… പിന്നെ ചടങ്ങിന് നിന്റെ ഫ്രണ്ട്സിനെ വിളിക്കാൻ മറക്കണ്ട… ”

“ഞാൻ നാളെ തന്നെ വിളിക്കാം അച്ഛാ…. ”

ഭദ്രയുടെ നെറുകയിൽ ഒരുമ്മയും കൊടുത്തിട്ട് രാഘവമേനോൻ മുറിയിൽ നിന്ന് പോയി…

കിടക്കാൻ തുടങ്ങിയപ്പോഴാണ് ഫോണിൽ എന്തോ മെസ്സേജ് വന്ന് കിടക്കുന്നത് അവൾ കണ്ടത്. പഠിച്ചുകൊണ്ടിരുന്നത് കൊണ്ട് ശ്രെദ്ധിച്ചില്ലായിരുന്നു

മാഹിയെട്ടന്റെയാണ്..

“ടി… ദേവൻ എന്നെ വിളിച്ചിരുന്നു… ഒരു കാര്യം ഉണ്ട്.. ”

മെസ്സേജിന്റെ ടൈം നോക്കിയപ്പോൾ ഒൻപതു മണി.. ക്ലോക്കിൽ ടൈം നോക്കിയപ്പോൾ പതിനൊന്നു കഴിഞ്ഞിരികുന്നു
ഇനി ഇപ്പോൾ മഹിയെട്ടനെ വിളിക്കുന്നത് എങ്ങനെയാ… കിടന്ന് ഉറക്കം പിടിച്ചു കാണും..

ഈ പിശുക്കന് ഒരു കോൾ ചെയ്താലെന്താ… ക്യാഷ് ലാഭിക്കാൻ മെസ്സേജ് അയച്ചിരിക്കുന്നു… ദുഷ്ടൻ ബാക്കിയൊള്ളവന്റെ ഉറക്കം കളയാൻ…

ദേവൻ വിളിച്ചത് എന്തിനാണെന്ന് അറിയാഞ്ഞിട്ട് ഭദ്രക്ക് ഉറക്കം വന്നില്ല…

തുടരും