20/04/2026

വേഴാമ്പൽ : ഭാഗം 26

രചന – അനീഷ ആകാശ്

അനക്കമറ്റ്‌ കിടക്കുന്ന ഭദ്രയെ ഐ-സി-യു-വിന്റെ വിൻഡോയിൽ കൂടി കണ്ടപ്പോൾ ദേവന്റെ നെഞ്ച് പിടഞ്ഞു…. “എന്താടാ സംഭവിച്ചത്…? നിന്റൊപ്പം ബൈക്കിൽ വരാമെന്ന് പറഞ്ഞിട്ട് പോയതാണല്ലോ? പിന്നെന്തിനാ അവൾ ബസ്റ്റോപ്പിലേക്ക് പോയത്? ” ധ്യാനിന്റെ തോളിൽ പിടിച്ചുകൊണ്ട് ദേവൻ ചോദിച്ചു.. “അറിയില്ല ഏട്ടാ… വീട്ടിലേക്ക് വരാൻ വേണ്ടി ഏട്ടത്തിയും ഞാനും ഇറങ്ങിയതാ… അപ്പോഴാ ഫോമിൽ സൈൻ വാങ്ങുന്നത് ഓർത്തത്… ഞാൻ അത് വാങ്ങാൻ പോയപ്പോൾ ഏട്ടത്തി എന്റെ ബൈക്കിന്റെ അടുത്ത് നിൽക്കുവാരുന്നു… സൈൻ വാങ്ങി വന്നപ്പോഴേക്കും ഏട്ടത്തിയെ കണ്ടതും ഇല്ല… ഏട്ടത്തിയെ തിരക്കി നടക്കുമ്പോഴാണ് കുറേ കുട്ടികൾ വന്ന് വിവരം പറയുന്നത്… ” ധ്യാൻ വിഷമത്തോടെ പറഞ്ഞു.. “നീ സൈൻ വാങ്ങി വരാൻ ഒരുപാട് ടൈം എടുത്തോ? നീ എന്തിനാ അവളെ ഒറ്റക്ക് നിർത്തിയിട്ട് പോയത്?” …. “ഏട്ടാ… ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ അറിഞ്ഞില്ല…

ഞാൻ വരാൻ വൈകി എന്നുള്ളത് നേരാ.. അതുമല്ല ഏട്ടത്തിക്ക് ബസ് സ്റ്റോപ്പിൽ പോകേണ്ട കാര്യവും ഇല്ലല്ലോ.. ” ധ്യാൻ പറയുന്നതൊന്നും കേൾക്കാതെ ദേവൻ കസേരയിലേക്ക് ഇരുന്നു.. ഡോക്ടർ ഐസിയുവിലേക്ക് കയറുന്നത് കണ്ടപ്പോൾ ആകാംഷയോടെ ദേവൻ ഓടി ചെന്നു… വാതിൽ തുറക്കുന്നതും നോക്കി പുറത്ത് നിന്നപ്പോഴാണ് രാഘവമേനോനും സാവിത്രിയും മഹിയുടെ ഒപ്പം അവിടേക്ക് വന്നത്… സാവിത്രി ദേവകിയെ കണ്ടതും കെട്ടിപിടിച്ച് കരഞ്ഞു… രാഘവമേനോനും ഒന്നും മിണ്ടാതെ ഐസിയുവിന്റെ ഡോറിൽ പിടിച്ച് അകത്തേക്ക് നോക്കി നിന്നു… ദേവന്റെ കൈകൾ ആ തോളിൽ പതിഞ്ഞപ്പോൾ അദ്ദേഹം പതിയെ തിരിഞ്ഞു നോക്കി.. “എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞതല്ലേ…. എന്നിട്ട് ദൈവത്തിന് കൊടുക്കാൻ പോകുവാണോ? ” അതും പറഞ്ഞുകൊണ്ട് ദേവന്റെ തോളിലേക്ക് തലവെച്ച് കരഞ്ഞു… എന്ത് മറുപടി പറയണമെന്ന് അറിയാതെ ദേവൻ അദ്ദേഹത്തെ താങ്ങി പിടിച്ചു…

“കുറുമ്പൽപ്പം കൂടുതലാ… എന്നാലും പാവമാ എന്റെ മാളു… ” രാഘവമേനോന്റെ വാക്കുകൾ കേട്ടപ്പോൾ ദേവനും സങ്കടം വന്നു… ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നപ്പോൾ ദേവൻ ഓടി ചെന്നു… “ഡോക്ടർ ഭദ്രക്ക് എങ്ങനെ ഉണ്ട്… എനിക്കൊന്ന് കാണാൻ പറ്റുമോ? ” “ഇപ്പോൾ ഞങ്ങൾക്ക് ഒന്നും തന്നെ തീർത്ത് പറയാൻ പറ്റില്ല… ഇടിയുടെ ഷോക്കിൽ റോഡിലേക്ക് തെറിച്ചു വീണെന്നല്ലേ പറഞ്ഞത്… തലക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്.. ഇപ്പോൾ കൊടുക്കുന്ന മരുന്നുകളോട് ഭദ്രയുടെ ബോഡി യാതൊരു പ്രതികരണവും കാണിക്കുന്നില്ല… അതൊരിക്കലും നല്ല സൂചന അല്ല… പിന്നെ മുകളിൽ ഇരിക്കുന്ന ദൈവം തമ്പുരാനാണ് ബാക്കിയൊക്കെ തീരുമാനിക്കുന്നത്… വെറും പത്ത് ശതമാനം മാത്രമാണ് നമുക്ക് ഹോപ്പ്… അത് നൂറാക്കാൻ അദ്ദേഹത്തിനെ കഴിയൂ… ” ഡോക്ടർ പറയുന്നത് കേട്ടപ്പോൾ സാവിത്രി വാവിട്ട് കരഞ്ഞു… ഒന്നും മിണ്ടാതെ ദേവൻ ഭിത്തിയിൽ ചാരി നിന്നു… “ഭദ്രയുടെ ഓർണമെന്റ്സ് ആണ് ഇത്‌… ” ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നുകൊണ്ട് നേഴ്സ് പറഞ്ഞു…

പൊതി കയ്യിൽ വാങ്ങിക്കൊണ്ട് ദേവൻ അത് തുറന്ന് നോക്കി .. തന്റെ പേരെഴുതിയ മോതിരം ഒപ്പം താൻ കെട്ടിയ താലിയും… തന്റെ അവസാനം വരെയും അവളുടെ കഴുത്തിൽ നിന്ന് ഇത്‌ മാറ്റേണ്ടി വരരുതെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചാണ് താൻ ഇത്‌ കെട്ടിയത്… പക്ഷേ… ഒരാഴ്ച്ച കഴിയും മുൻപ് അതേ താലി ചോരയിൽ കുതിർന്ന് ഈ കൈകളിൽ തന്നെ തിരികെ വാങ്ങേണ്ടി വന്നിരിക്കുന്നു.. ഓർത്തപ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞു… “ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം ” ഡോർ തുറന്ന് തല പുറത്തേക്ക് നീട്ടികൊണ്ട് നേഴ്സ് പറഞ്ഞു… എല്ലാവരെയും നോക്കികൊണ്ട് ദേവൻ അകത്തേക്ക് കയറി… ഒരുപാട് മെഷീനുകൾക്ക് നടുവിൽ ചലനമില്ലാതെ കിടക്കുന്ന ഭദ്രയെ കണ്ടപ്പോൾ ദേവന്റെ ഉള്ള് പിടഞ്ഞു… ഭദ്രയുടെ അടുത്തേക്ക് ഇരുന്ന് കൊണ്ട് അവളുടെ കൈകളിൽ തൊട്ടു… ആദ്യ സ്പർശം… “ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല നിന്നെ ഞാൻ തൊടേണ്ടിയിരുന്നത്…

നെഞ്ചോട് ചേർത്ത് പിടിക്കണമെന്ന് കരുതിയതാ… നിനക്ക് ശ്വാസം കിട്ടാത്ത രീതിയിൽ വാരി പുണരാൻ കൊതിച്ചിരുന്നു… ഇപ്പോൾ ഈ വിരലുകളിൽ പിടിക്കാൻ പോലും ഞാൻ ഭയക്കുന്നു… നിനക്ക് അത് വേദന ഉണ്ടാകുമെന്ന് ഓർക്കുബോൾ…. ” ഭദ്രയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ദേവൻ പറഞ്ഞു… അവളുടെ നെറ്റിയിലെ സിന്ദൂരം മായാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവന്റെ മനം നിറഞ്ഞു.. “നിന്റെ നെറ്റിയിലെ സിന്ദൂരം എനിക്കെന്നും ഇനി കണി കാണണം ഭദ്രേ… നീ തിരിച്ചു വരും ദേവന്റെ പെണ്ണായിട്ട് ഒരായുഷ്കാലം മുഴുവൻ സ്നേഹിച്ച് ജീവിക്കാൻ… ഞാൻ കാത്തിരിക്കും…. ” അവളുടെ സിന്ദൂരത്തിൽ ദേവന്റെ ചുണ്ടുകൾ അമർന്നു… തന്റെ ദേവേട്ടന്റെ ആദ്യ ചുംബനത്തിന്റെ ചൂടറിയാതെ കണ്ണുകൾ അടച്ച് ഭദ്ര കിടന്നു…

പുറത്തിറങ്ങിയതും ധ്യാനിനെയും വിളിച്ചുകൊണ്ട് ദേവൻ പുറത്തേക്കിറങ്ങി… മഹിയും ഒപ്പം ചെന്നു… “നീ പോയി കഴിഞ്ഞ് ഭദ്രക്ക് എന്താ സംഭവിച്ചതെന്ന് എനിക്കറിയണം… വഴിയറിയാത്ത അവൾ ഒരിക്കലും ബസ്സിൽ വരാൻ ശ്രമിക്കില്ല…കണ്ട് നിന്നവരും പറയുന്നത് ഭദ്ര വണ്ടിയൊന്നും നോക്കാതെ റോഡിൽകൂടി ഓടിയതാണെന്ന്… അങ്ങനെ ഓടി ബസ്സിൽ കയറാൻ നോക്കണമെങ്കിൽ എന്തെങ്കിലും അവിടെ സംഭവിച്ചിരിക്കണം… ” ദേവന്റെ അതേ നിഗമനം തന്നെ ആയിരുന്നു ധ്യാനിനും… “പക്ഷേ എങ്ങനെ കണ്ട് പിടിക്കും ഏട്ടാ… ആകെ കുറച്ച് സ്റ്റുഡന്റസ് മാത്രമേ കോളേജിൽ ഉണ്ടായിരുന്നൊള്ളു… ഞാൻ ഒന്ന് ശ്രെമിക്കട്ടെ… കോളേജിൽ കണ്ടവരോടൊക്കെ ഞാൻ ഒന്ന് തിരക്കാം.. ” പറഞ്ഞിട്ട് ധ്യാൻ ബൈക്കിൽ കയറി പുറത്തേക്ക് പോയി… “എന്താടാ നിന്റെ പെങ്ങൾ ഇങ്ങനെ ആകുന്നത്… സ്നേഹിച്ച് സ്വന്തമാക്കാൻ ചെന്നപ്പോൾ പറന്ന് പോകാൻ പോകുന്നു…. ഒന്നുമില്ലെങ്കിലും എനിക്കൊപ്പം തല്ല് കൂടിയാണെങ്കിലും ജീവിച്ച് കൂടാരുന്നോ? ” മഹിയോട് അത് പറയുമ്പോൾ ദേവൻ കരഞ്ഞു പോയി… എന്ത് പറയണമെന്ന് അറിയാതെ മഹി ദേവനെ ചേർത്ത് പിടിച്ചു…

ഡോക്ടറുടെ മുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോഴാണ് ദേവന്റെ ഫോണിലോട്ട് ധ്യാനിന്റെ കോൾ വന്നത്… ധ്യാൻ പറയുന്നതെല്ലാം ദേവൻ കേട്ടു… “നീ അവിടെ നിന്നോ ഞാൻ ദാ വരുന്നു.. ” കോൾ കട്ട് ചെയ്തിട്ട് ദേവൻ മഹിയുടെ അടുത്തേക്ക് ചെന്നു… ധ്യാൻ വിളിച്ചു പറഞ്ഞതെല്ലാം മഹിയോട് പറഞ്ഞു… “നീ ഒറ്റക്ക് പോകണ്ട…. ഞാനും വരാം… വണ്ടി എടുക്ക്… ” മഹി പറഞ്ഞത് കേട്ട് ദേവൻ പുറത്തേക്ക് നടന്നു രണ്ടുപേരും പോകുന്നത് നോക്കി കാര്യം അറിയാതെ മേനോനും മറ്റുള്ളവരും നിന്നു.. കോളേജിൽ എത്തിയപ്പോൾ തന്നെ ധ്യാൻ ഓടി വന്നു… “ഏട്ടാ ദാ അവന്മാര് കണ്ടതാ ഏട്ടത്തി അവരുടെ പ്രൊഫസറിന്റെ കൂടെ ഡിപ്പാർട്മെന്റിലെ ലാബിലേക്ക് കയറുന്നത്… ” ധ്യാൻ കൂടി നിൽക്കുന്ന കുട്ടികളെ ചൂണ്ടി പറഞ്ഞു… ദേവൻ അവരുടെ അടുത്തേക്ക് ചെന്നു… “നിങ്ങൾ കണ്ടതാണോ ഇവൻ പറഞ്ഞത്… “….. “അതേ ചേട്ടാ…. ഞങ്ങൾ കണ്ടതാ… റാങ്ക് വാങ്ങിയ ചേച്ചിയാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ പോയി പരിചയപ്പെടുകയും ചെയ്തു… ” കൂട്ടത്തിൽ ഒരു പയ്യൻ പറഞ്ഞു…

“ചേച്ചി ഞങ്ങളോട് സംസാരിച്ച് നിന്നപ്പോഴാണ് ബാബു സാർ വന്ന് ചേച്ചിയെ വിളിച്ചത്… സാറിന്റൊപ്പം ചേച്ചി അവരുടെ ലാബിലേക്ക് പോകുന്നതും കണ്ടു… ” അവർ പറയുന്നത് കേട്ട് ദേവൻ ധ്യാനിന്റെ അടുത്തേക്ക് ചെന്നു… “ഏട്ടാ ബാബു സാറിനെ പറ്റി ഞാൻ തിരക്കി… പുള്ളി പെൺകുട്ടികളോട് അത്ര നീറ്റ് അല്ല…ഏട്ടത്തി അയാളുടെ പേരിൽ മറ്റൊരു കുട്ടിക്ക് വേണ്ടി കംപ്ലയിന്റ് കൊടുത്തിട്ടുള്ളതാ… പിന്നെ ഏട്ടാ…. ” ധ്യാൻ പറയാൻ വന്നിട്ട് നിർത്തി… “എന്താടാ? ” “ഏട്ടാ ഇനി പറയുന്നത് കേട്ടിട്ട് ഏട്ടൻ എടുത്ത് ചാടി ഒന്നും ചെയ്യരുത്… ” “എന്താന്ന് വെച്ചാൽ പറയടാ… ” ദേവന്റെ ദേഷ്യം കണ്ടപ്പോൾ ധ്യാനും പേടിച്ചു “ലാബിൽ ഏടത്തിയുടെ ചെരുപ്പും ബാഗും കണ്ടു ഞാൻ… ചെരുപ്പൊക്കെ ചിതറി കിടക്കുന്നത് കണ്ടിട്ട്… ” ധ്യാൻ മടിച്ചുകൊണ്ട് പറഞ്ഞു “വേണ്ടാ… ഇനി പറയണ്ട…. എവിടാടാ പുള്ളി ഇപ്പോൾ ഉള്ളത്? ” ദേവൻ പല്ല് ഞെരിച്ചുകൊണ്ട് ചോദിച്ചു…

“സ്റ്റാഫ്‌ റൂമിൽ ഉണ്ട് ഏട്ടാ… വാ ഞാൻ കാണിച്ചു തരാം… ” ധ്യാനിന്റൊപ്പം ദേവനും മഹിയും ചെന്നു.. . സ്റ്റാഫ്‌ റൂമിലോട്ട് പോകുന്ന വഴിയിൽ കണ്ടു ബാബു സാർ ബാഗുമായിട്ട് വരുന്നത് … ധ്യാൻ പതുക്കെ സാറിന്റെ മുന്നിലേക്ക് ചെന്നു… “സാർ എനിക്ക് ഒരു ഡൗട്ട് ഉണ്ട്…? ” സാറിനോടായിട്ട് ധ്യാൻ പറഞ്ഞു… “താൻ അതിന് എന്റെ ഡിപ്പാർട്മെന്റ് അല്ലല്ലോ…? ” സാർ സംശയത്തോടെ ചോദിച്ചു “എനിക്ക് സെമിനാർ ടോപ്പിക്ക് സാർ പഠിപ്പിക്കുന്ന സബ്ജക്റ്റാണ്… അതിൽ ഒരു ഡൗട് ഉണ്ട്… ഒന്ന് ക്ലിയർ ചെയ്യാനാ… ” “എനിക്കിപ്പോൾ ടൈം ഇല്ലെടോ… താൻ നാളെ വാ… ” അതും പറഞ്ഞു കൊണ്ട് അയാൾ പോകാൻ ഭാവിച്ചപ്പോൾ ദേവൻ അയാളുടെ കൈ പിടിച്ചു പുറകിലേക്ക് വലിച്ചു പിടിച്ചു… “അങ്ങനെ അങ്ങ് പോയാലോ മാഷേ? നമ്മുക്ക് ആ ഡൗട്ട് ക്ലിയർ ചെയ്തിട്ട് പോകാം… ” അതും പറഞ്ഞു കൊണ്ട് ദേവൻ അയാളെ ലാബിലേക്ക് തള്ളി ഇട്ടു..

മഹിയും ഒപ്പം കയറി കതക് കുറ്റിയിട്ടു.. ധ്യാൻ റൂമിന്റെ പുറത്ത് നിന്നു മഹിയും ദേവനും കൂടി അയാളെ അടിച്ചൊരു പരുവമാക്കി… കുറേ അടിച്ചപ്പോൾ അയാൾ നടന്നത് മുഴുവൻ പറഞ്ഞു… സർട്ടിഫിക്കറ്റ് എല്ലാം വാങ്ങി പോകാൻ നിന്ന ഭദ്രയോട് റാങ്ക് കിട്ടിയതിനു സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അത് ലാബിൽ ആണെന്നും പറഞ്ഞപ്പോൾ ഒപ്പം വന്നു.. ആരുമില്ലെന്ന് ഉറപ്പിച്ചിട്ട് ഭദ്ര ഉള്ളിൽ കയറി കഴിഞ്ഞ് ഡോർ ലോക്ക് ചെയ്തു അപകടം മനസിലാക്കി ഭദ്ര ഇറങ്ങി ഓടാൻ ശ്രെമിച്ചപ്പോൾ താൻ കടന്ന് പിടിച്ചെന്നും അവൾ തന്നെ തള്ളിയിട്ടു ഡോർ തുറന്ന് പുറത്തേക്ക് ഓടിയെന്നും അയാൾ ദേവനോട് പറഞ്ഞു… പറഞ്ഞു തീർന്നതും ദേവൻ അവിടെ ഇരുന്ന ഇരുമ്പ് കമ്പികൊണ്ട് വലതുകൈക്കിട്ട് അടിച്ചു… “എന്റെ പെണ്ണിന്റെ നേർക്ക് ഉയർന്ന കൈ ഇനി നീ ചലിപ്പിക്കരുത് .. ” ദേവനോടൊപ്പം മഹിയും കൊടുത്തു അയാൾക്കിട്ട് കണക്കിന് ധ്യാൻ പുറത്ത് നിന്ന് വാതിൽ മുട്ടിയപ്പോൾ ദേവൻ അടി നിർത്തി… “ഇനി നിന്റെ കണ്ണ് മറ്റൊരു അർത്ഥത്തിൽ ഒരു കുട്ടിയുടെ നേർക്കും നീളരുത് …. ഗുരു ശിഷ്യ ബന്ധം അറിയാത്ത നീയൊക്കെ ആണ് ഈ നാടിന്റെ ശാപം…. ” അതും പറഞ്ഞു കൊണ്ട് ദേവൻ അയാളുടെ പുറം നോക്കി ചവിട്ടി… മഹിയോടൊപ്പം ദേവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി… “ഏട്ടാ… ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു… വേഗം ചെല്ലണമെന്ന് പറഞ്ഞു…. ” ധ്യാൻ പറഞ്ഞപ്പോൾ ദേവൻ വേഗം ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു