18/04/2026

വേഴാമ്പൽ : ഭാഗം 05

രചന – അനീഷ ആകാശ്

കോളേജിൽ നിന്ന് വന്ന ഉടൻ ധ്യാൻ ഏട്ടനെ തിരക്കി…. മുറിയിലെങ്ങും കാണാഞ്ഞപ്പോൾ അവൻ അടുക്കളയിലേക്ക് ചെന്നു…

“അമ്മേ ഏട്ടൻ വന്നില്ലേ? ”

“വന്നതാണല്ലോ… ഇപ്പോൾ പുറത്തോട്ടിറങ്ങുന്നത് കണ്ടു… ”

ജോലി തിരക്കിനിടയിൽ ദേവകി പറഞ്ഞു…

“ഞാനൊന്ന് ഏട്ടനെ കണ്ടിട്ട് വരാം …
അപ്പോഴേക്കും അമ്മ ഛായ എടുത്തുവെക്കണേ… ”

“അല്ല എന്താ പതിവില്ലാതെ ഏട്ടനെ കാണാൻ ഓടുന്നത്? ”

സംശയത്തോടെ ദേവകി ചോദിച്ചു…

“ഒന്നുമില്ലമ്മേ…. വെറുതെ കാണാനാ…. അമ്മ വേഗം ഛായ റെഡിയാക്ക്… ”

അമ്മക്ക് മറുപടി കൊടുത്തിട്ട് അവൻ പുറത്തേക്കിറങ്ങി…

ഒരുപാടു നേരം തിരക്കി നടന്നതിന് ശേഷം കുളക്കടവിൽ ദേവൻ ഇരിക്കുന്നത് കണ്ടു…

ആഹാ ഏട്ടൻ ഇവിടുണ്ടാരുന്നോ? എന്താ പതിവില്ലാതെ ഇവിടെ ഇരിക്കുന്നത്.? ”

കള്ള ചിരിയോടെ ധ്യാൻ ചോദിച്ചു…

“വെറുതെ ഇരുന്നതാടാ… ”

“വെറുതെ ഇരിക്കുന്ന പരുപാടി ഏട്ടന് ഇല്ലാത്തതാണല്ലോ…? എന്തെങ്കിലും ആലോചിച്ച് ഇരുന്നതാണോ?… ”

“എന്താലോചിക്കാനാ? ”

“അല്ലാ.. ഏട്ടൻ രാവിലത്തെ കാര്യം ഓർത്ത് ഇരിക്കുവാണോ? ”

“രാവിലത്തെ എന്ത് കാര്യം…? ” ദേവൻ സംശയത്തോടേ ചോദിച്ചു…

“രാവിലെ ഒരു പെണ്ണ് ചേട്ടനോട് ദേഷ്യപെട്ടില്ലേ?… അതാണോ ഓർക്കുന്നത്? ”

ചിരിച്ചുകൊണ്ട് ധ്യാൻ ചോദിച്ചു…

“പിന്നെ ആ പെണ്ണ് പറഞ്ഞതും ഓർത്തിരിക്കാൻ അവളെന്റെ കെട്ടിയോളല്ലേ…? ഏതോ പെണ്ണ് വിവരമില്ലാതെ എന്തോ പറഞ്ഞെന്ന് വെച്ച് അതും ഓർത്ത് സമയം കളയാൻ ഞാൻ അത്ര വിഡ്ഢിയല്ല…. ”

“അപ്പോൾ ഏട്ടൻ ഒരു പെണ്ണിനെ ഓർത്ത് ജീവിതം കളയുന്നതോ? ..
അത് വിഡ്ഢിത്തമല്ലേ? ”

ധ്യാൻ പറഞ്ഞത് കേട്ട് ദേവന് ദേഷ്യം വന്നു…

“അത് വെറും പെണ്ണല്ലാരുന്നു… ഈ ദേവന്റെ എല്ലാമായിരുന്നു..
അതൊന്നും നിനക്ക് മനസിലാകില്ല… ”

ദേഷ്യത്തോടെയാണ് ദേവൻ പറഞ്ഞതെങ്കിലും സങ്കടമായിരുന്നു പുറത്ത് വന്നത്…

കൽപ്പടവുകൾ കയറുന്നതിനിടയിൽ തിരിഞ്ഞ് നിന്ന് ധ്യാനിനോട് പറഞ്ഞു..

“ഞാൻ അവളെയോർത്ത് ജീവിതം കളയുന്നില്ല… അവൾക്ക് പകരം ഒരു പെണ്ണും ഈ ദേവന്റെ ജീവിതത്തിൽ ഉണ്ടകില്ലന്നെ പറഞ്ഞൊള്ളു… ”

ദേവന്റെ വാക്കുകൾ ധ്യാനിനെ വിഷമിപ്പിച്ചെങ്കിലും അവന്റെ ഏട്ടന്റെ അവസ്ഥയാരുന്നു മനസ്സിൽ നീറ്റലുണ്ടക്കിയത്…

“ഏട്ടാ… ”

ധ്യാനിന്റെ വിളി കേട്ടിട്ട് ദേവൻ തിരിഞ്ഞു നോക്കി.

“ഏട്ടനോട് സോറി പറയാൻ പറഞ്ഞു… ”

“ആര്? ”

സംശയത്തോടെ ദേവൻ ചോദിച്ചു..

“ഭദ്ര…. ഏട്ടനോട് ഇന്ന് വഴക്കുണ്ടാക്കിയ കുട്ടി .. ”

“ഞാനും ഒരു സോറി പറഞ്ഞെന്ന് പറഞ്ഞേക്ക് ആ കുട്ടിയോട്.. ”

ചിരിയോടെ ദേവൻ പറഞ്ഞു

“ഏട്ടൻ എന്തിനാ സോറി പറയുന്നത്? ആ കുട്ടിയല്ലേ തെറ്റ് ചെയ്‌തത്‌… ”

“അതല്ലടാ ഞാനും എന്തൊക്കെയോ വായിൽ തോന്നിയത് ആ കുട്ടിയോട് പറഞ്ഞില്ലേ… അതിന്… ”

മറുപടി പറഞ്ഞിട്ട് ദേവൻ നടന്നു…

“അല്ല എന്താ ഇത്‌… ആദ്യം രണ്ടും അടി ഉണ്ടാക്കുക പിന്നെ സോറി പറയുക… മൊത്തത്തിൽ ഒരു ലൗവ്സ്റ്റോറിക്കുള്ള സ്കോപ്പ് ഉണ്ട്…

ആലോചിച്ചപ്പോൾ ധ്യാന് ചിരിവന്നു…

ധ്യാൻ ദയ വന്ന ഉടൻ കഥകളെല്ലാം പറഞ്ഞു..

“ഏട്ടാ വേണ്ട …. ഞാൻ വല്യേട്ടന് വേണ്ടി ഒരാളെ ഉറപ്പിച്ചിട്ടുണ്ട്… കഴിഞ്ഞ ദിവസം കണ്ട കുട്ടയില്ലേ.?..,സുന്ദരിയാ… മാളു… വല്യേട്ടന് നന്നായി ചേരും…. കൊച്ചേട്ടന്റെ ഭദ്രകാളിനെ എന്റെ ഏട്ടന് വേണ്ട… ”

കഥ കേട്ടിട്ട് ദയ പറഞ്ഞു….

“നീ പോടീ…നിന്റെ ഒരു മാളുവും മോളുവും ..
കണ്ടോ ഭദ്ര ഏട്ടന്റെ പെണ്ണായിട്ട് ഈ വീട്ടിൽ വരും.. അതിനുള്ള കരുക്കൾ ഞാൻ നീക്കാൻ പോകുവാ… ”

“ലാസ്റ്റ് ഏട്ടന് കുരുക്കാകാതിരുന്നാൽ മതി…”

ധ്യാനിനെ കളിയാക്കി അവൾ പറഞ്ഞു..

പിന്നീട് ധ്യാനിന്റെ ചിന്ത മുഴുവനും മാളുവിന്റെ ആലോചന എങ്ങനെ മുടക്കുമെന്നായിരുന്നു…

ആലോചനക്കിടയിലാണ് ദേവകി അങ്ങോട്ടേക്ക് വന്നത്..

“മോനെ നാളെ നീ ഏട്ടന്റെ ഒപ്പം പെണ്ണിനെ കാണാൻ പോകാമോ?
അവൻ ഒറ്റക്ക് പോകുമെന്ന് തോന്നുന്നില്ല… നീ ഒപ്പം ഉണ്ടെങ്കിൽ അമ്മക്കൊരു സമാധാനം ഉണ്ട്… ”

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവന്റെ മനസ്സിൽ ഒരാശയം തെളിഞ്ഞു…

ഏട്ടന്റെ കൂടെ പോയി ആ കുട്ടിയെ കാണാം… പിന്നെ മുടക്കുന്ന കാര്യം എളുപ്പമല്ലേ…

പെട്ടന്ന് ആലോചിച്ചിട്ട് അവൻ അമ്മയോട് പറഞ്ഞു..

“പോകാല്ലോ അമ്മേ.. ഏട്ടനെ ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം… അമ്മ അതോർത്ത് ടെൻഷൻ അടിക്കണ്ട… ”

ധ്യാനിന്റെ മറുപടി കേട്ടപ്പോൾ അമ്മക്ക് സന്തോഷമായി…

“അതെ അമ്മ ഏട്ടനോട് പെണ്ണ് കാണാനാ പോകുന്നതെന്ന് പറയണ്ട… ”

“അതെന്താ പറഞ്ഞാൽ?… ”
ദേവകി സംശയത്തോടേ മകനെ നോക്കി

“എന്റെ അമ്മേ… പെണ്ണുകാണാൻ പോകാമെന്ന് പറഞ്ഞാൽ ഏട്ടൻ വരുമോ? ”

“പിന്നെ എന്ത് പറഞ്ഞു നീ കൊണ്ടുപോകും? ”

“അതൊക്കെ എന്തേലും പറഞ്ഞു കൊണ്ട് കൊണ്ടുപോയിക്കൊള്ളാം… ആരും ഒന്നും പറയാതിരുന്നാൽ മതി… ”

“എന്ത് പറഞ്ഞിട്ടാണെങ്കിലും നീ അവനെ കൊണ്ടുപോയാൽ മതി… അത്രെ ഞങ്ങൾക്കുള്ളു…”

ദേവകി പറഞ്ഞിട്ട് മുറിയിൽ നിന്ന് പോയി….

നാളെ എങ്ങനെ ഏട്ടനെ കൊണ്ടുപോകുമെന്ന് ആലോചിച്ച് ധ്യാൻ കട്ടിലിൽ കിടന്നു…

മുറിയിൽ ജനാലകൾ തുറന്നിട്ട് കാറ്റു കൊള്ളുകയായിരുന്നു ദേവൻ …. ഇന്നെന്തോ മനസിന് ഒരു കുളിർമ തോന്നുന്നു…. ഒരുപാട് നാളുകൾക്ക് ശേഷമാണ് അങ്ങനെ ഒരു ഫീലിംഗ്…

ഇന്നലെ വരേയും വിദ്യയേനെ കുറിച്ച് ഓർക്കുമ്പോൾ ഒരു നീറ്റലായിരുന്നു… പക്ഷെ ഇന്ന് താൻ അതൊന്നും ചിന്തിച്ചില്ലെന്നുള്ളതാണ് സത്യം…
മനസ്സിന് ഒരു സുഖം… എന്താണെന്ന് മനസിലാകുന്നില്ല…

കുറേ നേരം കാറ്റുകൊണ്ട് അവൻ ജനലരികിൽ നിന്നു…

******************************
മാളുവിന് ഒരു സമാധാനവും ഇല്ലാതെ കുറേ നേരം മുറിയിലൂടെ നടന്നു…

ആരോടാ ഒന്ന് പറയുക…
അമ്മയോട് പറഞ്ഞാൽ പറയും എന്റെ എടുത്ത് ചാട്ടമാണ് കാരണമെന്ന്…
അച്ഛനോട് പറയാമെന്ന് വെച്ചാൽ അച്ഛനാകെ സന്തോഷത്തിലാ.. ഈ ബന്ധം അച്ഛന് ഒരുപാട് ഇഷ്ടമായതാ…

ഞാനായിട്ട് അതില്ലാതാകുന്നത് ഓർക്കുമ്പോൾ …..

എന്റെ കൃഷ്ണാ നീ എന്റെ പ്രാർത്ഥന ഇത്രപെട്ടെന്ന് കേൾക്കണമെന്ന് ഞാൻ പറഞ്ഞില്ലാലോ….
ഒരു സോറി പറയാൻ ഒരിക്കൽ കൂടി കാണിച്ചു തരാൻ പറഞ്ഞപ്പോൾ ഇത്രപെട്ടെന്ന് കാണിച്ചു തരുമെന്ന് ഞാൻ കരുതിയില്ല… അതും ഇങ്ങനെ…

ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ലാല്ലോ…

“മാളു….. ”
അമ്മയുടെ സൗണ്ട് കേട്ടിട്ട് അവൾ പോയി ഡോർ തുറന്നു…

“എന്താ കതക് കുറ്റിയിട്ടിരിക്കുന്നത്…? ”

“ഞാൻ കിടക്കുകയായിരുന്നു… എന്താ അമ്മേ? ”

“നാളെ നിനക്ക് കോളേജിൽ പോയിട്ട് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ? ”

“ഇല്ല, എന്താ അമ്മേ കാര്യം? ”

“നാളെ ആ ചെറുക്കൻ നിന്നെ കാണാൻ വരുന്നുണ്ട്.. മോളപ്പോൾ നാളെ കോളേജിൽ പോകണ്ട… ഇപ്പോഴാ അവർ വിളിച്ചു പറഞ്ഞത്…. ”

ഇടിത്തീവീണപോലെ അവൾ സ്തംഭിച്ചു നിന്നു…

നാളെ അയാൾ എന്നെ കണ്ടാൽ……. എല്ലാം തീരും… ആ അനിയൻ ചെറുക്കൻ പറഞ്ഞപോലെ അന്ന് തരാതിരുന്ന അടി എല്ലാരുടെയും മുന്നിൽ വെച്ച് കൊള്ളാനാണോ വിധി….

ടെൻഷൻ കാരണം മാളുവിന് ഉറങ്ങാനേ പറ്റിയില്ല……
എങ്ങനെയൊക്കെയോ നേരം വെളുക്കും വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു…

******************************
“ഏട്ടാ എനിക്ക് ഒരു ഹെൽപ് ചെയ്യുമോ? ”

ദേവൻ ഛായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ധ്യാൻ വന്നു ചോദിച്ചു…

“എന്താടാ?.. ”

“ഏട്ടാ എന്റെ ഫ്രണ്ടിന്റെ വീടുവരെ പോകാന… ഏട്ടൻ എന്നെ അവിടെ ട്രോപ് ചെയ്യാമോ?.., ”

“നിന്റെ ബൈക്ക് എന്തിയെ? ”

“അത് വീണ്ടും കംപ്ലയിന്റ് ആയി…. വർക്ഷോപ്പിൽ കൊടുക്കണം…. ”

“ഇന്നലെ നന്നാക്കിയ വണ്ടി വീണ്ടും കേടായോ? ”
സംശയത്തോടെ ദേവൻ അവനെ നോക്കി….

“ഏട്ടന് എന്നെ വിശ്വാസമില്ലേ? ”

“വിശ്വാസമില്ലാഞ്ഞിട്ടല്ല.. ഇന്നലെ നിന്റൊപ്പം വന്നപ്പോൾ തന്നെ എനിക്ക് മതിയായി… ”

ഏട്ടന്റെ വാക്കുകൾ കേട്ട് ധ്യാനിന് ചിരി വന്നു…

“ഓ അതാണോ?… ഇന്ന് അങ്ങനെ ഒന്നും ഉണ്ടാകില്ല പോരേ? എന്റൊപ്പം ഒന്ന് വാ ഏട്ടാ…. ”

“വരാം പക്ഷെ എനിക്ക് ഇപ്പോൾ അത്യാവിഷമായി കടയിൽ ചെല്ലണം… അതിന് ശേഷം പോകാം..”

“ശെരി ഏട്ടാ… ഞാൻ റെഡിയായിട്ടിരിക്കാം ഏട്ടൻ പോയിട്ട് വാ..”

ധ്യാൻ റെഡിയാകാൻ പോയി…

അല്പസമയം കഴിഞ്ഞപ്പോൾ ദേവൻ കടയിൽ നിന്ന് വന്നു…
രണ്ടുപേരും റെഡിയായി ഇറങ്ങി….

കുറച്ചുദൂരം ചെന്നപ്പോൾ ധ്യാൻ ഏട്ടനോട് വണ്ടി നിർത്താൻ പറഞ്ഞു

“എന്താടാ? ”

“എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്?”

“എന്താ? ”

“ഏട്ടാ നമ്മളിപ്പോൾ എന്റെ ഫ്രണ്ടിന്റെ വീട്ടിലല്ല പോകുന്നത്.. ഏട്ടന് പെണ്ണ് കാണാനാ… ”

“പെണ്ണുകാണാനോ? ”

“അതെ ഏട്ടാ…. കഴിഞ്ഞ ദിവസം അമ്മയൊക്കെ പോയി കണ്ട പെണ്ണിനെ കാണാൻ…. ഏട്ടൻ അത് പറഞ്ഞാൽ വരില്ലെന്ന് അറിയാവുന്ന കൊണ്ടാണ് കളളം പറഞ്ഞത്… ”

ദേവന് കേട്ടപ്പോൾ ദേഷ്യം വന്നു….. വണ്ടിയിൽ കയറി പോകാൻ തുടങ്ങി…

“ഏട്ടാ ഞാനൊന്ന് പറയുന്നത് കേൾക്കാമോ…. ഏട്ടൻ എന്റൊപ്പം അവിടെ വരെ ഒന്നുവന്നാൽ മതി….. അമ്മയ്ക്കും അച്ഛനും ഒരു സമാധാനമാകുമല്ലോ…..ഏട്ടനും എനിക്കും പെൺകുട്ടിയെ ഇഷ്ടമായില്ലാന്ന് പറഞ്ഞു ഇതു മുടക്കുന്ന കാര്യം ഞാൻ ഏറ്റു….
കാണാതെ പോയാൽ അച്ഛനും അമ്മയും വിഷമിക്കും….
അച്ഛൻ അവരോട് പറഞ്ഞ വാക്കിന് വിലയില്ലാതായി പോകും…. അതിലും നല്ലതല്ലേ ഞാൻ പറഞ്ഞത്…. ഏട്ടൻ ആലോചിക്…. ”

ധ്യാനിന്റെ വാക്കുകൾ കേട്ട് ദേവൻ കുറച്ച് നേരം മിണ്ടാതെ നിന്നു…

“നീ മുടക്കുമെന്ന് ഉറപ്പാണോ? ”

ഏട്ടന് എന്നെ വിശ്വാസമില്ലേ?

“അല്പം കുറവാ…. എന്നാലും ഞാൻ ഈ കാര്യത്തിൽ നിന്നെ വിശ്വസിക്കുകയാ…. അല്ലാതെ വേറെ വഴിയില്ല…. ”

“എങ്കിൽ ഏട്ടൻ വണ്ടി എടുക്ക്…. വഴിയൊക്കെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്….
നമ്മുക്ക് ആരോടേലും കൂടി ചോദിച്ചിട്ട് മുന്നോട്ട് പോകാം…. ”

“ഇപ്പോൾ നീ കയറി ഇരിക്ക്… നമ്മുക്ക് കുറച്ച് കൂടി മുന്നോട്ട് പോയിട്ട് ചോദിക്കാം….. ”

ദേവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്‌തു
******************************

“മാളു വേഗം റെഡിയാക്… അവരിപ്പോൾ എത്തും…. ”

“ഈ കുട്ടിക്ക് ഇതെന്തു പറ്റി…. രാവിലെ മുതൽ നനഞ്ഞ കോഴിയെപോലെ നടക്കുന്നുണ്ടല്ലോ…. ”

“ഒന്നുമില്ലമ്മേ… അമ്മ പോയി എല്ലാം റെഡിയാക്കി വെക്ക് ഞാൻ വന്നോളാം… ”

അമ്മയെ പറഞ്ഞു വിട്ടിട്ട് അവൾ റെഡിയാകാൻ തുടങ്ങി….

ഈ ഒരുക്കങ്ങളൊക്കെ വെറുതെയാണല്ലോ കൃഷ്ണാ… അമ്മയുടേം അച്ഛന്റെയും ഉത്സാഹം കാണുമ്പോൾ …. ഞാനാകെ തളരുന്നു കൃഷ്ണാ….

മാളു തളർന്നു കട്ടിലിൽ ഇരുന്നു…..ബുള്ളറ്റിന്റെ സൗണ്ട് കേട്ടപ്പോൾ അവൾക്കാകെ തളരുന്ന പോലെ തോന്നി…. സൗണ്ട് അടുത്ത് വരും തോറും അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു….

“ടാ നിന്നെ വിശ്വസിച്ചാ ഞാൻ ഇവിടം വരെ വന്നത്…. ”

വണ്ടി നിർത്തികൊണ്ട് ദേവൻ ധ്യാനിനോട് പറഞ്ഞു..

“ഏട്ടൻ ഒന്ന് നിന്ന് തന്നാൽ മതി..മുടക്കുന്ന കാര്യം ഞാൻ ഏറ്റു…. ”

രണ്ടുപേരും വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് ചെന്നു…..

“വാ മക്കളെ… സുകുമാരൻ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്… ”

രാഘവമേനോൻ അവരെ അകത്തേക്ക് വിളിച്ചു….

ആ സാധു മനുഷ്യന്റെ സംസാരം ദേവന് ഇഷ്ടപ്പെട്ടു….

“സാവിത്രി മാളൂനെ വിളിക്ക്…. ”

അകത്തേക്ക് നോക്കി അയാൾ പറഞ്ഞു…..

ദേവൻ ഒട്ടും താല്പര്യമില്ലാത്തപോലെ പുറത്തേക്ക് നോക്കി ഇരുന്നു….

മാളു വാതിൽക്കൽ വന്ന് മടിച്ചു നിന്നു…..

“ആ ഛായ അവർക്ക് കൊടുക്ക് മോളേ… ”

അമ്മയുടെ സൗണ്ട് കേട്ടപ്പോൾ ധ്യാൻ വാതിലിന്റെ മറവിൽ നിൽക്കുന്ന മുഖത്തേക്ക് നോക്കി…..

ആ മുഖം കണ്ടപ്പോൾ ധ്യാൻ ഞെട്ടി പോയി…

ധ്യാനിന്റെ മുഖഭാവം കണ്ടിട്ട് ദേവനും മുഖമുയർത്തി നോക്കി…..

തുടരും….. .
******************************