രചന – അനീഷ ആകാശ്
“മഹിയെട്ടാ പറയാനുള്ളത് എന്താണെന്ന് വെച്ചാൽ വേഗം പറയുമോ? ”
കുറേദൂരം നടന്നിട്ടും മഹി ഒന്നും മിണ്ടാതിരുന്നപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…
“നീ പിടക്കാതെ ഞാൻ പറയാം… ”
“കൂറേ ദൂരമായല്ലോ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്… ഇനി എപ്പോൾ പറയാനാ? ”
“നമുക്ക് പുഴക്കരയിൽ പോയിരുന്നിട്ട് പറയാം… നീ അതുവരെ പറ പറ പറഞ്ഞോണ്ടിരിക്കരുത്…”
“ഒഹ് ആയിക്കോട്ടെ… ”
മഹിയെ പേടി ഉള്ളത് കൊണ്ട് അവൾ പിന്നൊന്നും ചോദിച്ചില്ല
പുഴക്കരയിലെ മരത്തണലിൽ മഹി ഇരുന്നു… തൊട്ടടുത്തു തന്നെ ഭദ്രയും ഇരുന്നു…
“നിനക്ക് ദേവനെ പറ്റി എന്താ അഭിപ്രായം? ”
ഭദ്രയെ നോക്കികൊണ്ട് മഹി ചോദിച്ചു..
“എനിക്ക് അങ്ങനെ പ്രത്യേകിച്ച് അഭിപ്രായം ഇല്ല ”
അല്പം നീരസത്തോടെ അവൾ പറഞ്ഞു
“നല്ല കാര്യം… അവനെ പറ്റി ഒരഭിപ്രായവും ഇല്ലാത്ത സ്ഥിതിക്ക് എനിക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല… ”
“എനിക്ക് ആരേം പറ്റി മനസിലാക്കി തരേണ്ട.. ”
ഭദ്ര നീരസത്തോടെ പറഞ്ഞു..
“ആരേം പറ്റിയല്ല നിനക്ക് മൂക്ക് കയറിടാൻ വരുന്ന ആളെകുറിച്ചാണ് പറയുന്നത്.. മര്യാദക്ക് അടങ്ങി ഇരുന്ന് കേട്ടോണം.. ”
മഹി ശ്വാസനാ രൂപേണ പറഞ്ഞു…
മഹിയുടെ ദേഷ്യം അറിയാവുന്നത് കൊണ്ട് അവൾ അടങ്ങി ഇരുന്നു
“നിനക്ക് ദോഷം വരുന്ന ഒരു കാര്യത്തിനും ഞാൻ കൂട്ടുനിൽക്കില്ല.. ദേവൻ നല്ലവനാ.. നിന്നെ ചതിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടല്ലേ എല്ലാം തുറന്നു പറഞ്ഞത്.. ”
”
എന്താ പറഞ്ഞത് ? എന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറയുന്നതാണോ വല്യ കാര്യം? ”
ഭദ്ര സങ്കടത്തോടെ ചോദിച്ചു..
“സ്നേഹിക്കാൻ കഴിയില്ല എന്ന് അവൻ പറഞ്ഞോ നിന്നോട്?.. ”
“ഇല്ല… ”
“പിന്നെ?… ”
“വിദ്യ അല്ലാതെ മറ്റൊരു പെണ്ണും ഇല്ലെന്ന് പറഞ്ഞു… ”
“ആ പറഞ്ഞതിൽ ഇനി അവൻ ആരേം സ്നേഹിക്കില്ല എന്നാണോ? ”
“ആ എനിക്കറിയില്ല… ”
“നിനക്കറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം… അവൻ സ്നേഹമുള്ളവനാ.. നീ അവനെ സ്നേഹിച്ചാൽ അവൻ നിന്നെയും സ്നേഹിക്കും.. നീ അവനെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം.. അപ്പോൾ അതങ്ങ് കൊടുത്തിട്ട് തിരിച്ച് കിട്ടാനുള്ളത് നേടിയെടുക്കാൻ എന്റെ കാന്താരിയെ ആരേലും പഠിപ്പിക്കണോ? ”
“മഹിയേട്ടൻ എന്താ പറയുന്നത് ? ”
“ഞാൻ പറയുന്നത് നീ ഈ ബന്ധത്തിന് സമ്മതിക്കണമെന്നാ.. അവൻ എല്ലാം നിന്നോട് തുറന്നു പറഞ്ഞില്ലേ.. ”
“അതിന് ദേവേട്ടന് ഈ ബന്ധത്തിന് സമ്മതമാണെന്ന് അർത്ഥം ഉണ്ടോ?… ”
“സമ്മതം പറഞ്ഞില്ലെങ്കിലും നിനക്ക് എന്തും തീരുമാനിക്കാമെന്ന് പറഞ്ഞില്ലേ.. അതിനർത്ഥം നിന്നെ ഭാര്യയായി കാണാൻ അവന് കുഴപ്പമില്ലെന്നല്ലേ? അതിന് കുറച്ച് സാവകാശം ഉണ്ടാകുമെന്ന് മാത്രമല്ലേ പറഞ്ഞൊള്ളു.. ”
“എന്നാലും മറ്റൊരു പെണ്ണിനെ ഭാര്യയായി സങ്കല്പിച്ച ഒരാളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത് മണ്ടത്തരമല്ലേ?… ”
“ടി പോത്തേ ഇപ്പോഴത്തെ ആൺപിള്ളേരെല്ലാം നല്ല പ്രായത്തിൽ ഒരു അഞ്ച് പെൺപിള്ളേരെയെങ്കിൽ വളച്ചിട്ടുണ്ടാകും.അതിന്റെ ഇടയിൽ ഇവന്റെ കേസൊക്കെ ചെറുതല്ലേ.. ”
“അപ്പോൾ ഈ പറയുന്ന ആളും വളച്ചിട്ടുണ്ടാകുമല്ലോ? ”
“വളച്ചതും ഒടിച്ചതുമൊക്കെ നിനക്ക് നന്നായി അറിയുന്ന കാര്യമല്ലേ.. മിക്കതും കലക്കി തന്നത് ഭവതി ആണല്ലോ…എന്നിട്ടും നിന്റെ പ്രണയത്തിന് കട്ട സപ്പോർട്ട് തരുന്ന ആങ്ങളയല്ലെടി ഞാൻ.. ”
മഹിയുടെ വാക്കുകൾ കേട്ട് ഭദ്ര ചിരിച്ചു..
“അപ്പോൾ നീ എന്ത് തീരുമാനിച്ചു?… ”
“എനിക്കറിയില്ല മഹിയെട്ടാ.. കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും മേലാത്ത അവസ്ഥയാ.. ദേവേട്ടൻ എല്ലാം തുറന്നുപറഞ്ഞു എന്നുള്ളത് സത്യം തന്നെയാ.. പക്ഷേ എന്നെ ദേവേട്ടൻ ഒരിക്കലും സ്നേഹിച്ചില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും.. ജീവിതകാലം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വരില്ലേ? ”
ഭദ്ര ദയനീയമായി ചോദിച്ചു..
“നിനക്കൊരിക്കലും അങ്ങനെ കരഞ്ഞു ജീവിതം തീർക്കേണ്ടി വരില്ല. അത് മഹി തരുന്ന ഉറപ്പാണ്.. ദേവനെ എനിക്കറിയാവുന്നത്രയും മറ്റാർക്കും അറിയില്ല. അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.. ശിക്ഷിക്കാൻ അറിയില്ല.. ”
“ഞാൻ ഒന്ന് ആലോചിക്കട്ടെ മഹിയെട്ടാ.. ”
“നീ നന്നായിട്ട് ആലോജിക്ക്.. കോളേജിൽ പുറകെ നടന്ന തരുണീമണികളെ മൈൻഡ് ചെയ്യാതിരുന്ന അവന് നിന്നെപ്പോലെ തലതെറിച്ച ഒരെണ്ണത്തിനെ കിട്ടണമെന്നാ എന്റെ ആഗ്രഹം . ”
“മഹിയെട്ടാ…….. വേണ്ടാ….. ”
മഹിയുടെ വാക്കുകൾ കേട്ട് ഭദ്ര പുറകെ അടിക്കാൻ ഓടിച്ചു..
“സോറി സോറി… ഞാൻ ഒരു സത്യം പറഞ്ഞതാ.. ഇനി കളിച്ചോണ്ട് നിന്നാലേ ഇരുട്ടും.. മോള് വീട്ടിലേക്ക് വിട്ടോ.. ഞാൻ നാളെ അങ്ങോട്ട് വരാം.. അപ്പോഴേക്കും നന്നായിട്ട് ആലോജിച്ച് ദേവനെ എനിക്ക് അളിയാ എന്ന് വിളിക്കാനുള്ള ചാൻസ് ഉണ്ടാക്കി താ.. ”
“അയ്യടാ… ഒരു അളിയൻ.. ഞാൻ പോകുവാ.. എനിക്ക് നാളെ എക്സാം ഉണ്ട് .. പഠിക്കണം.. ”
മഹിയോട് യാത്ര പറഞ്ഞിട്ട് അവൾ നടന്നു
*****************************
രാത്രി ഏറെ വൈകിയിട്ടും ഭദ്ര ഉറങ്ങാതെ കിടന്നു..
മഹി പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ആലോജിച്ച് കിടന്നെപ്പോഴോ ഉറങ്ങി…
ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു
അവളുടെ അരികിൽ ഒരാൾ ഇരിക്കുന്നു.. ചുറ്റും ഒരുപാട് പേരുണ്ട്.. നാദസ്വരം വായിക്കുന്ന സൗണ്ടും വ്യക്തമാണ്.. പക്ഷേ അരികിൽ ഇരിക്കുന്ന ആളുടെ മുഖം മാത്രം വ്യക്തമല്ല.. അയാളുടെ കൈകളിൽ ഒരു താലി ചരടും ഉണ്ട്.. അത് തന്റെ നേർക്ക് നീണ്ടുവരുന്നത് അവൾ കണ്ടു.. ആ മുഖം തന്റെ മുഖത്തിന് നേർക്ക് വരുന്നുണ്ട്… ഇപ്പോൾ അയാളുടെ മുഖം കുറച്ചുകൂടി വ്യക്തമാണ്……..
അപ്പോഴേക്കും ഫോണിൽ അലാറം അടിച്ച സൗണ്ട് കേട്ടിട്ട് ഭദ്ര ചാടി എണീറ്റു…
സമയം നാലുമണി…
എന്റെ കൃഷ്ണാ ഞാൻ ആ മുഖം കാണുന്നത് വരെയെങ്കിലും നിനക്ക് ഈ സമയത്തെ പിടിച്ച് നിർത്തിക്കൂടായിരുന്നോ?
എക്‌സാമിന് പഠിക്കാൻ വേണ്ടിയാ അലാറം വെച്ചത്.. ഇനി ഇപ്പോൾ പഠിക്കാനും തോന്നുന്നില്ല .. ഉറങ്ങാനും പറ്റണില്ല… സ്വപ്നം മുഴുവനും കണ്ടോ അതുമില്ല..
നീരസത്തോടെ ഭദ്ര കട്ടിലിൽ നിന്ന് എഴുന്നേറ്റ് പഠിക്കാൻ ഇരുന്നു
എന്നാലും ആരുടെ മുഖമായിരിക്കും ആ കണ്ടത്.. ദേവേട്ടന്റെ മുഖംപോലുണ്ട്.. ഇനി ദേവേട്ടൻ തന്നായിരിക്കുമോ?
ഓരോന്നും ആലോചിച്ചിരുന്നു ഭദ്ര കസേരയിൽ ഇരുന്നുറങ്ങി..
“മാളു.. മാളു…എഴുനേൽക്കാൻ… ഇതെന്താ ഇരുന്നുറങ്ങുന്നത്? ”
സാവിത്രിയുടെ സൗണ്ട് കേട്ടപ്പോൾ അവൾ ചാടി എഴുന്നേറ്റു
“അയ്യോ… സമയം ഒരുപാടായോ? ”
വെപ്രാളത്തോടെ അവൾ അമ്മയോട് ചോദിച്ചു
“ഏഴുമണി കഴിഞ്ഞു… ”
“ഈശ്വരാ സമയം പോയല്ലോ… ”
കസേരയിൽ നിന്ന് എണീറ്റുകൊണ്ട് അവൾ പറഞ്ഞു
“അമ്മയെന്താ എന്നെ വിളിക്കാഞ്ഞത്.. ”
“ഇനി താമസിച്ചതിന് എന്നെ പറഞ്ഞോ.. എന്നും ഞാൻ വിളിച്ചിട്ട് എഴുന്നേറ്റോണ്ടിരിക്കുവല്ലേ…”
“എന്നാലും അമ്മക്കെന്നെ വിളിക്കാമായിരുന്നില്ലേ… ”
സങ്കടത്തോടെ ഭദ്ര പറഞ്ഞു
“നിന്ന് ചിണുങ്ങാതെ പോയി കുളിക്കാൻ നോക്ക് … ”
സാവിത്രി അതുപറഞ്ഞപോഴാണ് അവൾ താമസിച്ചു എന്നോർത്തത്…
“ഞാൻ കുളിച്ചിട്ട് വരാം.. അമ്മ ഛായ റെഡിയാക്കി വെക്ക്.. ”
സാവിത്രിയോട് പറഞ്ഞിട്ട് അവൾ കുളിമുറിയിലേക്ക് പോയി..
കുളിക്കുമ്പോഴും അവൾ സ്വപ്നത്തിൽ കണ്ട മുഖം ഓർത്തെടുക്കാൻ ശ്രെമിച്ചു… എത്ര ഓർത്തിട്ടും മുഖം വെക്തമായി ഓർക്കാൻ കഴിഞ്ഞില്ല..
അത് ദേവേട്ടന്റെ മുഖം തന്നെയാണെന്ന് തോന്നുന്നു… ഇന്നത്തെ ദിവസത്തിന്റെ തുടക്കം വെച്ച് ആ മുഖം തന്നെ ആയിരിക്കും.. ഒരു ഡേ ആ മുഖം കണ്ടപ്പോഴും ഇതുപോലൊരു ദിവസമായിരുന്നു.. അപ്പോൾ ഉറപ്പായിട്ടും കണ്ടത് ദേവേട്ടനെ തന്നെ… ഇന്നലെ ദേവേട്ടനെ ഓർത്ത് കിടന്നതുകൊണ്ടാകും സ്വപ്നത്തിൽ കണ്ടത്…
കൂടുതൽ ആലോജിച്ച് സമയം കളയാൻ ഇല്ലാത്തത് കൊണ്ട് അവൾ വേഗം കുളിച്ചിറങ്ങി
“മോളെ അച്ഛൻ നിന്നെ തിരക്കിയാരുന്നു…? ”
കഴിക്കാൻ ഇരുന്നപ്പോൾ സാവിത്രി പറഞ്ഞു
“എന്താ അമ്മേ?.. ”
“അത് നീ അച്ഛനോട് തന്നെ ചോദിക്ക്… ”
“അച്ഛൻ എന്തിയെ? ”
“പുറത്തുണ്ട്.. നീ കഴിക്ക്.. ഞാൻ വിളിക്കാം.. ”
സാവിത്രി രാഘവമേനോനെ വിളിക്കാൻ പുറത്തേക്ക് പോയി..
കഴിച്ചു കൈ കഴുകിയപ്പോഴേക്കും രാഘവമേനോൻ കയറി വന്നു..
“മോള് കഴിച്ചു കഴിഞ്ഞോ? ”
“കഴിഞ്ഞു.. അച്ഛനെന്താ പറയാനുണ്ടെന്ന് പറഞ്ഞത്? ”
“ഒന്നുമില്ലടാ… നമുക്ക് ദേവന്റെ വീട്ടുകാരോട് ഒരു മറുപടി പറയേണ്ടേ …ഇനിയും വൈകിക്കുന്നത് ശെരിയല്ലല്ലോ… ”
അച്ഛന്റെ ചോദ്യം അവൾ പ്രതീക്ഷിച്ചതാണെങ്കിലും പെട്ടെന്നൊരു മറുപടി പറയാൻ അവൾക്ക് കഴിയുമായിരുന്നില്ല..
“മോളെന്താ മിണ്ടാത്തത്?
അവരോട് താല്പര്യം ഇല്ലെന്ന് പറയട്ടെ.. ”
ഭദ്രയുടെ മുഖഭാവം കണ്ടപ്പോൾ അയാൾ ചോദിച്ചു
“അച്ഛാ ദേവേട്ടൻ കാരണം കുറേ ദിവസമായി എനിക്ക് ഉറക്കം പോലും കിട്ടുന്നില്ല.. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങൾ ദേവേട്ടന്റെ ഉറക്കം കളയാൻ ഞാൻ തീരുമാനിച്ചു… ”
ഭദ്ര എന്താ പറഞ്ഞതെന്ന് രാഘവമേനോന് പിടികിട്ടിയില്ല
“അച്ഛാ അച്ഛന് സമ്മതമാണെങ്കിൽ മാളൂനും ഈ ബന്ധത്തിന് സമ്മതമാണെന്ന്….”
മകളുടെ മറുപടി കേട്ടപ്പോൾ വിശ്വാസം വരാതെ അയാൾ ഭദ്രയെ ഒന്നുകൂടി നോക്കി…
“അച്ഛാ… . എത്ര പെണ്ണുങ്ങളെ. സ്നേഹിച്ചാലും കെട്ടി കഴിഞ്ഞ് അച്ഛനെപ്പോലെ എല്ലാം മറന്നു ഭാര്യയെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഭർത്താവിനെ കിട്ടുന്നത് ഭാഗ്യമല്ലേ? ദേവേട്ടൻ അച്ഛനെ പോലെ നല്ലൊരു ഭർത്താവായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.. അതുകൊണ്ട് ആ ഭാഗ്യം ഞാൻ കൈവിട്ടു കളയാൻ ഒരുക്കമല്ല… ”
ഭദ്രയുടെ വാക്കുകൾ കേട്ടപ്പോൾ രാഘവമേനോന് സന്തോഷമായി..
“ഞാൻ അവരോട് വിളിച്ച് പറഞ്ഞോട്ടെ?… ”
ഒരുറപ്പിന് അയാൾ മകളോട് ഒന്നുകൂടി ചോദിച്ചു..
“അച്ഛൻ ധൈര്യമായി പറഞ്ഞോ… ”
അച്ഛന് മറുപടി കൊടുത്തിട്ട് അവൾ ബാഗുമായി ഇറങ്ങി
******************************
രാവിലെ ഉറക്കം എണീറ്റപ്പോൾ ദേവന് രാത്രിയിൽ എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ടത് ഓർമ വന്നു…
ഭദ്രയുടെ മുഖമാണ് എല്ലാ സ്വപ്നത്തിലും കണ്ടത്…
എന്താണ് കണ്ടതെന്ന് മാത്രം ഓർക്കുന്നില്ല… ഒരുപാട് തവണ ഓർക്കാൻ ശ്രെമിച്ചിട്ടും ഒന്നും ഓർമയിൽ വരുന്നില്ല…
ക്ലോക്കിലേക്ക് നോക്കിയപ്പോൾ ഒമ്പത് മണി കഴിഞ്ഞ് പത്തുമിനിട്ടായിരിക്കുന്നു…
ഫ്രഷായിട്ട് താഴേക്ക് ചെന്നപ്പോൾ ദേവകി അടുക്കളയിൽ ദോശ ചുടുന്നത് കണ്ടു…
“എന്താ ഇന്ന് ലേറ്റായത്? ഏഴുമണിക്ക് എഴുന്നേൽക്കുന്ന ആളാണല്ലോ? ”
ദേവനെ കണ്ടുകൊണ്ട് അവർ ചോദിച്ചു
“ഇന്നലെ ഉറക്കം ശെരിയായില്ല… ഉറങ്ങിയപ്പോൾ ഒരുപാട് വൈകി.. ”
ദേവൻ ക്ഷീണത്തോടെ പറഞ്ഞു
“വൈകും വൈകും… സ്വപ്നം കണ്ട് കിടന്നാൽ ഉറങ്ങാൻ വൈകും… ”
ദയ അവന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു
പറഞ്ഞതിന്റെ പൊരുൾ മനസിലാകാതെ അവൻ ദയയെ രൂക്ഷമായി നോക്കി
“അതേ പെണ്ണ് കണ്ടപ്പോൾ തന്നെ ഏട്ടന്റെ ഉറക്കം കുറഞ്ഞു… ഇനി എൻഗേജ്മെന്റ് കൂടി കഴിഞ്ഞാൽ എന്തായിരിക്കും അമ്മേ വല്യേട്ടന്റെ അവസ്ഥ… ”
അവൾ ദേവകിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്തുവാ അമ്മേ ഇവൾ പറയുന്നത്…? ”
“അയ്യോ പാവം ഒന്നും അറിയില്ലല്ലേ…. കൊച്ചുകുട്ടിയാണല്ലോ… ”
ദേവന്റെ താടിയിൽ പിടിച്ചുകൊണ്ട് ദയ പറഞ്ഞു
“പോടീ… നീ എന്റെ കൈയ്യിൽ നിന്ന് വാങ്ങരുത്… ”
അവളുടെ കൈ തട്ടി മാറ്റി കൊണ്ട് ദേവൻ പറഞ്ഞു
“മതി രണ്ടുപേരും കൂടി അടി കൂടിയത്.. നിനക്ക് കോളേജിൽ പോകണ്ടേ പെണ്ണേ.. പോയി റെഡിയാക്…”
“ഓഹ് ഞാൻ പോകുവാ.. അമ്മയുടെ മകനെ പറഞ്ഞത് അമ്മക്ക് പിടിച്ചില്ല.. ഹും…. ”
ദയ മുഖം വീർപ്പിച്ച് മുറിയിലേക്ക് പോയി..
“എന്താ അമ്മേ അവൾ പറഞ്ഞത്? ”
“ഒന്നുമില്ലടാ… രാവിലെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് വിളിച്ചായിരുന്നു… ”
“എന്തിന്? ”
‘അവർക്ക് ഈ കല്യാണത്തിന് സമ്മതമാണെന്ന് പറഞ്ഞു…”
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ദേവന് വിശ്വസിക്കാൻ കഴിഞ്ഞില്ല
“അവർ അങ്ങനെ പറഞ്ഞോ.. ആ പെൺകുട്ടിക്ക് സമ്മതമാണോ? ”
“നിനക്കെന്താ ഒരു സംശയം?.. ”
“അല്ല പേരെന്റ്സിന്റെ സമ്മതം മാത്രമാണോ അവർ നോക്കിയത് ? ”
“അങ്ങനൊന്നും അവർ പറഞ്ഞില്ല… പെൺകൊച്ചിനും സമ്മതം തന്നെയാ… ആ കൊച്ചിന്റെ സെമസ്റ്റർ എക്സാം തുടങ്ങുന്നതിന് മുൻപ് മോതിരം മാറണമെന്ന അവർ ആവശ്യപ്പെട്ടിരിക്കുന്നത്… ”
“ഇത്ര പെട്ടെന്ന് എന്തിനാ മോതിരമൊക്കെ മാറുന്നത്? ”
അമ്മയുടെ ഉത്സാഹത്തെ കെട്ടടക്കി കൊണ്ട് ദേവൻ ചോദിച്ചു
“അതേ എക്‌സാമിന് മുൻപ് മോതിരമാറ്റം നടത്തിയാൽ കല്യാണം എക്‌സാമിന് ശേഷം നടത്താമല്ലോ… ഇനിയും നീട്ടികൊണ്ടുപോകുന്നത് ശെരിയല്ല… ”
“ദേവകി………. ‘
മേനോന്റെ വിളി കേട്ടപ്പോൾ ദേവൻ അമ്മയോട് പറയാൻ വന്നത് നിർത്തി…
“ദേവകി രാമൻ കണിയാൻ നല്ലൊരു ദിവസം കുറിച്ച് തന്നിട്ടുണ്ട്… ”
“മാഷ് അദ്ദേഹത്തെ പോയി കണ്ടോ? ”
“അവിടെ പോയില്ല… പിള്ളേരുടെ ജാതകം കണിയാന്റെ കൈയ്യിൽ കൊടുത്തിട്ടുണ്ടായിരുന്നല്ലോ… ഇപ്പോൾ നല്ലൊരു മുഹൂർത്തം കുറിക്കാൻ വിളിച്ചു പറഞ്ഞു…”
“എന്നത്തേക്കാ മാഷേ പറഞ്ഞിരിക്കുന്നത്… ഈ മാസം തന്നെ നോക്കാൻ പറഞ്ഞൂടായിരുന്നോ? ”
“ഈ മാസം തന്നെയാടോ ഡേറ്റ്… അടുത്ത സൺഡേ… പത്തിനും പത്തരക്കും ഇടയിലുള്ള ശുഭ മുഹൂർത്തം…. ”
ഡേറ്റ് എല്ലാം ക്ലിയർ ആയി മേനോൻ പറഞ്ഞപ്പോൾ ദേവൻ ഒന്നും മിണ്ടാതെ നിന്നു
“അടുത്ത സൺഡേ എന്നു പറഞ്ഞാൽ മകരം ഒന്നല്ലേ…. ”
ദേവകി സംശയത്തോടേ ചോദിച്ചു…
“അതു തന്നെ… രാഘവമേനോനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…. കുട്ടിയോട് ആലോജിച്ചിട്ട് പറയാമെന്ന് പറഞ്ഞു ”
“നിനക്കെന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ പറയണം… ”
ദേവനോട് മേനോൻ പറഞ്ഞു
മറുപടിയൊന്നും പറയാതെ അവൻ പുറത്തേക്കിറങ്ങി…
“അവനൊന്നും പറഞ്ഞില്ലല്ലോ മാഷേ? ”
ഉത്കണ്ഠയോടെ ദേവകി ചോദിച്ചു..
“എതിരഭിപ്രായം പറഞ്ഞില്ലല്ലോ.. അപ്പോൾ സമ്മതമാണെന്ന് കരുതാം… ”
“ഇനി ആകെ ഏഴ് ദിവസമല്ലേ ഉള്ളു.. ഒന്നിനും ടൈം ഇല്ലല്ലോ ഈശ്വരാ… ”
“താൻ ഇങ്ങനെ വെപ്രാളപ്പെടാതെ… അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചാൽ മതി… ഇതൊരു ചെറിയ ചടങ്ങല്ലേ… കല്യാണം നമുക്ക് ആർഭാടമായി നടത്താം.. ”
ദേവകിയെ ആശ്വസിപ്പിച്ചുകൊണ്ട് മേനോൻ പറഞ്ഞു
“ആർഭാടമൊന്നുമില്ലെങ്കിലും മോതിരം വാങ്ങാനും ഡ്രെസ്സെടുക്കാനുമൊക്കെ സമയം കുറച്ചല്ലേ ഉള്ളു.. ”
ദേവകിയുടെ ടെൻഷൻ കണ്ടപ്പോൾ മേനോന് ചിരി വന്നു
“നീ ഒന്ന് സമാധാനിക്ക്… ഇനി ഒരാഴ്ച ഇല്ലേ? ആദ്യം പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മറുപടി വരട്ടെ.. എന്നിട്ട് ആലോചിക്കാം എല്ലാം…
ഞാനൊന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് വരാം…..”
മേനോൻ പോയി കഴിഞ്ഞപ്പോൾ ദേവകി ദേവന്റെ അടുത്ത് ചെന്നു
“മോനേ….. നീ എന്താ അഭിപ്രായം പറയാഞ്ഞത്?”
“ഞാൻ എന്ത് പറയാനാ… ”
നീരസത്തോടെ അമ്മയോട് ചോദിച്ചു
“എന്താ അമ്മേ കാര്യം?… ”
ദയ മുറിയിൽ നിന്ന് ഓടിവന്നു ചോദിച്ചു…
“ഒന്നുമില്ല… ആരുടെയെങ്കിലും വാ തുറക്കുന്നതും നോക്കി ഇരിക്കുവാ ചാടി വീഴാൻ., ”
ദേവകിക്ക് ദേഷ്യം വന്നു
“ഓഹ് ഞാൻ ഇപ്പോൾ ചോദിച്ചതാണോ കുറ്റം… ”
”
നീ ഒന്നും ഇപ്പോൾ ചോദിക്കണ്ട … വേഗം റെഡിയായി പോകാൻ നോക്ക് .. ”
“ഞാൻ പൊക്കോളാം.. ഇനി അതും പറഞ്ഞു അമ്മക്ക് ബാധ കയറേണ്ട… ”
ദയ പോയപ്പോൾ അവർ ദേവന്റെ അടുത്തിരുന്നു…മുടിയിൽ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു
“മോന്റെ പെണ്ണ് ഈ കുട്ടിയാണെന്ന് അമ്മയുടെ മനസ്സ് പറയുന്നു… ഈ ബന്ധം അത് നടക്കേണ്ടത് തന്നെയാ… മോൻ എതിരൊന്നും പറയരുത്… ”
ദേവൻ മറുപടിയൊന്നും പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു
*****************************
കോളേജിൽ നിന്ന് വന്ന ഉടൻ ഭദ്ര അടുക്കളയിലേക്ക് ഓടി..
“എന്താ നേരെ ഇങ്ങോട്ട് വന്നത്…,?സാധാരണ വന്നാലുടൻ പുറത്തേക്കാണല്ലോ ഓടുന്നത്…”
“എനിക്കെന്തോ നന്നായിട്ട് വിശക്കുന്നു… അമ്മ കഴിക്കാൻ എടുക്ക്… ”
ഭദ്ര വെപ്രാളത്തോടെ പാത്രങ്ങൾ തുറന്നു നോക്കികൊണ്ട് പറഞ്ഞു
“പോയി കുളിച്ചിട്ട് വാ… കഴിക്കാൻ എടുക്കാം… ”
“കുളിക്കാൻ പോകാം അമ്മേ… ഇപ്പോൾ എന്തെങ്കിലും കഴിക്കാൻ എടുക്ക്..ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല… ”
പരിഭവത്തോടെ അവൾ പറഞ്ഞു
“കൊണ്ടുപോയ ചോറെന്താ കഴിക്കാഞ്ഞത്? ”
“സെമിനാർ ഉണ്ടായിരുന്നമ്മേ… സാവകാശം കഴിക്കാനുള്ള ടൈം ഇല്ലായിരുന്നു… ”
അവളുടെ കൊഞ്ചൽ കേട്ടപ്പോൾ സാവിത്രി കഴിക്കാൻ എടുത്തു
“വേറൊരു വീട്ടിൽ ചെന്നുകേറേണ്ട പെണ്ണാ… കുളിക്കാതെ കഴിക്കുന്നത് കണ്ടോ… ഇനി എന്നാ ഇതൊക്കെ പഠിക്കുന്നത് ”
കുറ്റപ്പെടുത്തി കൊണ്ട് സാവിത്രി ചോദിച്ചു
“എന്റമ്മേ അതിനൊക്കെ ഇനിയും ടൈം ഉണ്ടല്ലോ ”
“ഇനി എപ്പോഴാ? അടുത്താഴ്ച മോതിരം മാറിയാൽ ഒരു മാസത്തിനുള്ളിൽ കല്യാണം കാണും അപ്പോഴാ ഇതൊക്കെ പഠിക്കാൻ പോകുന്നത് ”
“മോതിരം മാറലോ? ആരുടെ? ”
കാര്യം മനസിലാകാതെ ഭദ്ര ചോദിച്ചു
“നിന്റെ……ഇന്നവർ ഡേറ്റ് വിളിച്ചു പറഞ്ഞു.. വരുന്ന സൺഡേ മോതിരം മാറാൻ തീരുമാനിച്ചു.. ”
അമ്മയുടെ വാക്കുകൾ കേട്ട് ഭദ്ര മിഴിച്ചു നിന്നു
തുടരും

by