21/04/2026

വേഴാമ്പൽ : ഭാഗം 02

രചന – അനീഷ ആകാശ്

നാട്ടിലെ തന്നെ തറവാട്ടിൽ ബഹളങ്ങൾ തുടങ്ങി, നാമജപവുമായി മുത്തശ്ശി പൂജാമുറിയിൽ തന്നെയാണ്.

“സാവിത്രി നീ അവിടെ എന്തെടുക്കുവാ?….”

രാഘവമേനോന്റെ വിളിയിൽ സാവിത്രി ഓടി വന്നു.

” ഞാൻ ഒരു നൂറുകൂട്ടം പണി ചെയുമ്പോഴാണോ ഇടക്കിടക്ക് ഇങ്ങനെ വിളിക്കുന്നത്..?.

ഇങ്ങനെ വിളിച്ചാൽ മതിയെങ്കിൽ പൊന്നുമോളെ വിളിച്ചൂടെ, പോത്ത്‌പോലെ കിടന്നുറങ്ങുവാ മുറിയിൽ….
ഞാൻ ഒരാളുണ്ടല്ലോ ഓടി നടന്ന് ജോലി ചെയ്യാൻ… ”

” നീ എന്തിനാ ഇങ്ങനെ കിടന്ന് പരിഭവം പറയുന്നത്. അവൾ നേരത്തെ എണീറ്റാൽ പറയും ക്ഷീണമല്ലെ കിടന്നോളാൻ, അടുക്കളയിൽ കയറിയാൽ പറയും നിനക്ക് ഇരട്ടി പണിയാണെന്ന് … ഇപ്പോൾ പറയുവാ നേരത്തെ എണീറ്റ് വരില്ല… അടുക്കളയിൽ സഹായിക്കാറില്ല…
ഇപ്പോൾ ഇതൊക്കെയാണോ തന്റെ പ്രശ്നം.. ”

രാഘവമേനോൻ ചെറു ചിരിയോടെ ഭാര്യയെ നോക്കി

” എനിക്കെന്താ കുഴപ്പം നിങ്ങളുടെ മകൾ അല്ലെ ചെന്നു കേറുന്നിടത്ത് അറിഞ്ഞോളും… ”

സാവിത്രി മുഖവും വീർപ്പിച്ച് അടുക്കളയിലേക് പോയി

” എന്താടാ അവളുമായി രാവിലെ വഴക്ക്… ”

“വഴക്കൊന്നുമല്ലമ്മേ.. മാളൂനെ ഒരു പയ്യൻ കാണാൻ വരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ…. അതിന്റെ വെപ്രാളമാണ് .. കാര്യമാക്കേണ്ട ”

” എന്നാലും എന്റെ കുട്ടിക്ക് കല്യാണപ്രായമായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..
ഇപ്പോഴും അവൾ നമുക്ക് കുഞ്ഞല്ലേ ”

” അത് എല്ലാവരും അങ്ങനെ തന്നെ അല്ലെ.. അമ്മക്ക് ഇപ്പോഴും ഞാൻ കൊച്ചുകുട്ടി അല്ലെ…
അതുകൊണ്ടല്ലേ വഴക്ക് പറയുന്നത്… ”

പറഞ്ഞിട്ട് രാഘവമേനോൻ മുത്തശ്ശിയെ നോക്കി ചിരിച്ചു

നീ ഒരുപാട് ചിരിക്കണ്ട..
തെറ്റ് ആര് ചെയ്‌താലും ഞാൻ വഴക്കുപറയും..

“എന്താ അമ്മയും മകനും ഒരു കൊഞ്ചൽ, അതോ അമ്മയുടെ കുറ്റം പറയുവാണോ? ആണെങ്കിൽ പറ ഞാനും കൂടാം… ”

അച്ഛനെ കണ്ണിറുക്കി കാണിച്ചിട്ട് ഭദ്ര അവർക്കിടയിൽ കയറി ഇരുന്നു…

“മാളു നിനക്കല്പം കൂടുന്നുണ്ട്..
വേഗം പോയി കുളിച്ച് കൃഷ്ണന്റെ നടയിൽ പോയി പ്രാർത്ഥിച്ചിട്ട് വാ.. ”

സാവിത്രി മാളുവിനോടായിട്ട് പറഞ്ഞു

” ഇന്നെന്താ വിശേഷം അമ്പലത്തിൽ പോകാൻ…? നാളെ പോകാം..
ഇന്നെനിക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് ”

മടി പറഞ്ഞിട്ട് മാളു മുത്തശ്ശിയുടെ മടിയിൽ കിടന്നു

” മാളു… കൊഞ്ചാതെ വേഗം റെഡിയായി പോകാൻ നോക്ക്,..വരുന്ന പയ്യന് നിന്നെ ഇഷ്ടമാകണമെന്ന് പ്രാർത്ഥിക്ക് ”

പയ്യനോ? ഏത് പയ്യൻ ?

മാളു പെട്ടെന്ന് ചാടി എഴുന്നേറ്റു

” അപ്പോൾ അച്ഛനൊന്നും ഇതുവരെ പറഞ്ഞില്ലേ? … ”

” നീ തന്നെ പറഞ്ഞോ സാവിത്രി “…

” എന്നാൽ എന്റെ പൊന്നുമകളെ കാണാൻ ഇന്നൊരാൾ വരുന്നുണ്ട്.. അപ്പോൾ വേഗം അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വരണം.. ”

ചിരിയോടെ സാവിത്രി പറഞ്ഞു

ഇടിവെട്ടേറ്റപോലെ നിന്ന മാളുവിനെ രാഘവമേനോൻ കളിയാക്കി

” ഇതുവരെ നിർത്താതെ വാജകമടിച്ചയാളുടെ നാക്ക് എവിടെ പോയി…?.. ”

സ്ഥലകാലബോധം വന്നിട്ടെന്നവണ്ണം അവൾ ഞെട്ടി തിരിഞ്ഞു നോക്കി..

“അതെ ഇതൊക്കെ നേരത്തെ പറയണ്ടേ എന്നാലല്ലേ എനിക്ക് മേക്കപ്പ് ഇട്ട് റെഡിയാകാൻ പറ്റു.. ”

” എന്റെ കുട്ടി സുന്ദരി ആണല്ലോ? പിന്നെ എന്തിനാ മുഖത്തൊക്കെ കണ്ടതൊക്കെ പുരട്ടുന്നത് ”

മുത്തശ്ശി പറഞ്ഞത് കേട്ട് അവൾ തലയാട്ടി..

” സുന്ദരിയൊക്കെ തന്നെയാ… എന്തെങ്കിലുമൊക്കെ തേച്ച് വൃത്തികേടാക്കിയാലല്ലേ വരുന്ന കോന്തനെ പറഞ്ഞുവിടാനൊക്കു…
സൊ ഇതൊരു ചതിയായി പോയി… .
സാരമില്ല ഇനി എന്റെ കൃഷ്ണനോട് പറഞ്ഞുനോകാം… ”

തോറ്റുകൊടുക്കാൻ മനസ്സിലാത്തത് കൊണ്ട് ഒരു വിധം പറഞ്ഞൊപ്പിച്ചിട്ട് ഓടി മുറിയിൽ കയറി

കൂട്ട ചിരി പുറത്ത് കേൾക്കാം. അതിനേക്കാളും ഉച്ചത്തിൽ തന്റെ ഹൃദയം ഇടിക്കുന്നത് കേൾക്കാമല്ലോ കൃഷ്ണ…

വമ്പൊക്കെ പറഞ്ഞാലും പെൺകുട്ടികൾ ഈ കാര്യത്തിൽ നാണംകുണിങ്ങികൾ തന്നെ… കൃഷ്ണ നീ എനിക്ക് ശക്തി തരണേ…
ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല….

മാളു നീ റെഡിയായില്ലേ..

“ദാ വരുന്നു…. ഈ അമ്മ ഒന്ന് ഒരുങ്ങാനും സമ്മതിക്കില്ല…. ”

“ഇത്രയൊക്കെ ഒരുങ്ങിയാൽ മതി.. അമ്പലത്തിൽ നട അടക്കും.വേഗം പോയി വരുന്നുണ്ടോ… ”

ദാ പോകുവാ…
മുത്തശ്ശി ഞാൻ പോയിട്ട് വരാമേ.

വേഗം വരണം കുട്ടി, അവർ ഉടൻ വരും….

ഞാൻ വേഗം വരാം മുത്തശ്ശി

******************************
എന്റെ കൃഷ്ണ.. ഇന്നൊരു കോന്തൻ ഈ ഉള്ളവളെ കാണാൻ വരുന്നുണ്ട്…
ഒന്ന് മുടക്കി തന്നേക്കണേ..
തന്നാൽ കമ്മീഷനൊക്കെ ഞാൻ തന്നേക്കാം… ”

തന്റെ മുഖത്തെ ഭാവാഭിനയം കണ്ടിട്ടാണെന്ന് തോന്നുന്നു പൂജാരി അന്ധംവിട്ട് നില്പുണ്ട്

“എന്താ ഇന്നൊരു നീണ്ട പ്രാർത്ഥന? ”

ഒരു ചിരി മാത്രം പാസ്സാക്കി ഞാൻ അവിടുന്ന് ഓടി.

ദാ അമ്പലത്തിൽ തന്നെ ഉണ്ടല്ലോ നമ്മുടെ സ്ഥിരം വായിനോക്കി… അവന്റെ നില്പുകണ്ടാൽ ഒരെണ്ണം കൊടുക്കാൻ തോന്നും

“താൻ തൊഴാൻ വന്നതാണോ?.. ”

ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചു

” അല്ല സിനിമ കാണാൻ വന്നതാ… ”

ഇങ്ങനെ ഒരുത്തരമാ ഞാനും പ്രതീക്ഷിച്ചത്
തന്റെ ഈ കുറുമ്പാണ് എന്നെ എന്നും ഇവിടെ എത്തിക്കുന്നത്…

“തന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. ഇന്നെനിക്ക് തീരെ ടൈം ഇല്ല.. ”

നടന്നുകൊണ്ടവൾ പറഞ്ഞു

തന്നെ നോക്കി നിൽക്കുന്ന നിഖിലിന്റെ മുഖത്തുപോലും നോക്കാതെ അവൾ നടന്നു…

കുറച്ചായി ഈ നില്പുതുടങ്ങിയിട്ട്.. പക്ഷെ താൻ ഒരിക്കലും നല്ലൊരു വാക്കുപോലും പറഞ്ഞിട്ടില്ല. എന്നാലും ഇങ്ങോട്ട് വരും എന്തെങ്കിലും പറഞ്ഞുകൊണ്ട്…
കാണാനൊക്കെ നല്ലതൊക്കെ തന്നെയാണ്, പെരുമാറ്റവും കുഴപ്പമില്ല പക്ഷെ തനിക്ക് അങ്ങനൊരു താല്പര്യം ഇതുവരെ തോന്നീട്ടില്ല…

എന്റെ കൃഷ്ണ ഇന്നിനി വരുന്ന കോന്തൻ എങ്ങനെ ആയിരിക്കുമോ?

ആലോചനകൾക്കൊടുവിൽ വീടെത്തിയത് അറിഞ്ഞില്ല…

മാളു വേഗം റെഡിയായി വരണം. അവർ ഇപ്പോൾ വരും
ജോലി തിരക്കിനിടയിൽ സാവിത്രി ഓർമിപ്പിച്ചു..

സമയം കടന്നുപോകും തോറും വല്ലാത്തൊരു ടെൻഷൻ….

എന്റെ കൃഷ്ണ….

ടെൻഷൻ കൂടിയിട്ട് താനിപ്പോൾ നിലത്തുപോകുമെന്നുപോലും അവൾ പേടിച്ചു

അപ്പോഴാണ് ഒരു വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ടത്…

മാളു ദാ അവർ എത്തി….

അമ്മയുടെ സൗണ്ട് കേട്ടപ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി……
ഒരുതരത്തിൽ റെഡിയായി അമ്മയോടൊപ്പം ഹാളിലേക്ക് നടന്നു…

തുടരും…… .