19/04/2026

വേഴാമ്പൽ : ഭാഗം 04

രചന – അനീഷ ആകാശ്

“ഇന്നാരെയാണോ ദൈവമേ കണികണ്ടത്…?
രാവിലെ മുതൽ പണി കിട്ടികൊണ്ടിരിക്കുവാ…. ”

എഴുന്നേറ്റപ്പോൾ തന്നെ താമസിച്ചു… എക്‌സാമിന് പഠിക്കാനും പറ്റിയില്ല.. സമയത്തിന് ബസ്സും കിട്ടിയില്ല, പോരാത്തതിന് വണ്ടിക്ക് വട്ടം ചാടി ആ കുരുടന്റെ വായിലിരിക്കുന്നതും കേട്ടു… ”

ഭദ്ര ആത്മഗതം പറഞ്ഞുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു….

“അപ്പോൾ നിന്റെ ഭാഗത്താണ് തെറ്റെന്ന് നല്ല ബോധ്യം ഉണ്ടല്ലേ?
പക്ഷെ പെർഫോമൻസ് വെച്ച് അങ്ങേര് നിന്നെ വണ്ടിക്കടിയിലോട്ട് തള്ളി ഇട്ടതാണെന്നേ തോന്നു…. ”

“അങ്ങനെ തോന്നുന്നെങ്കിൽ തോന്നട്ടെ…
എന്റെ ശാലു ഞാൻ ഇന്നാകെ ടെൻഷനിലാ … എക്‌സാമിന്‌ ഞാൻ ഒന്നും പഠിച്ചിട്ടില്ല… അതിന്റെ ടെൻഷനിലാരുന്നു .. എന്താണേലും പറഞ്ഞത് പറഞ്ഞു…
ഇനി എപ്പോഴെങ്കിലും കാണുമ്പോൾ ഒരു സോറി പറഞ്ഞേക്കാം… ”

“നിന്റെ സോറിക്ക് വേണ്ടി അയാൾ ഇനിയും വരാൻ പോകുവല്ലേ… ”

“ഞാൻ പറഞ്ഞത് കൂടി പോയോടി?,… ”

“ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല…
എക്‌സാമിന് താമസിച്ചു കേറിയെന്ന് പറഞ്ഞു ആ ഉണ്ടക്കണ്ണി നമ്മളെ ക്ലാസ്സിൽ നിന്ന് പുറത്താക്കും.. വേഗം വാ… ”

ശാലു അവളുടെ കൈയും പിടിച്ച് ക്ലാസ്സിലേക്ക് ഓടി…

ക്ലാസ്സിൽ ഇരുന്നിട്ട് അവൾക്ക് ഒന്നിലും കോൺസെൻട്രേറ്റ് ചെയ്യാൻ കഴിഞ്ഞില്ല…
എക്സാം ഒരുവിധം എഴുതി പുറത്തേക്ക് ഇറങ്ങി…

” എന്താടി നിനക്ക് പറ്റിയത്? ഇന്ന് മൊത്തത്തിൽ പിരി പോയിരിക്കുവാണോ?.. ”

” ഓ ഒന്നും പറയണ്ട മകളെ…. നിന്നോട് ടൈം കിട്ടുന്നപോലെ എല്ലാം പതുക്കെ പറഞ്ഞു തരാം…. ഇപ്പോൾ നമുക്ക് ക്യാന്റീനിൽ പോയി ഒരു ഛായ കുടിക്കാം.. ഒന്നു ഫ്രഷാകട്ടെ… ”

ശാലുവിന്റൊപ്പം ഭദ്ര ക്യാന്റീനിലേക്ക് നടന്നു…

ക്യാന്റീനിൽ തിരക്ക് കുറവായിരുന്നു…

ഒഴിഞ്ഞൊരു ടേബിളിൽ അവർ ഇരുന്നു…

” എടി അങ്ങോട്ട് നോക്കിക്കേ…
ഇന്ന് നീ അടി ഉണ്ടാക്കിയത് ദാ ആ പയ്യനുമായിട്ടല്ലേ?… ”

അവൾ കൈ കാണിച്ചിടത്തേക്ക് നോക്കികൊണ്ട് ഭദ്ര പറഞ്ഞു

“അല്ലടി അവൻ അല്ല… അയാൾ കുറച്ചുകൂടി സ്മാർട്ടാണ്.. ”

” ആഹാ അതിന്റിടക്ക് എന്റെ മകൾ അതും നോക്കിയോ?.. ”

അവൾ കളിയാക്കി ചോദിച്ചു…

” പോടീ… അങ്ങനൊന്നുമല്ല ഞാൻ പറഞ്ഞത്… ”

“എന്നാലേ ആ ചുള്ളന്റൊപ്പം നിന്നിരുന്നത് ഈ പയ്യനാ…ഞാൻ കണ്ടതാണ്… . പോയി അയാളോടൊരു സോറി പറഞ്ഞേക്ക്… ”

” ഇയാളോടെന്തിനാ ഞാൻ സോറി പറയുന്നത്..? ഇയാളോടല്ലല്ലോ ഞാൻ വഴക്കുണ്ടാക്കിയത്… ”

“ഇവനോടല്ലെങ്കിലും ഇവന്റൊപ്പമുള്ള ആളോടല്ലേ…?
അപ്പോൾ ഇവനോട് ചോദിച്ചാൽ പോരെ അയാൾ എവിടാണെന്ന് പറയില്ലേ? ”

“ഓ അങ്ങനെ… എങ്കിൽ ഞാൻ ചോദിച്ചിട്ട് വരാം..
നീ ഇവിടിരിക്ക് ”

ഭദ്ര ശാലു കാണിച്ചു കൊടുത്ത ടേബിളിന്റെ അരികിലേക്ക് നടന്നു…

” എസ്ക്യൂസ്മീ …
ഇന്ന് ഞാൻ രാവിലെ താങ്കളുടെ ഫ്രണ്ടിനോട് അല്പം മോശമായി പെരുമാറി… തെറ്റ് എന്റെ ഭാഗത്തായിരുന്നു… അയാളോട് ഒരു സോറി പറയാനായിരുന്നു.. ഇപ്പോൾ എവിടെ കാണും? ”

ഭദ്ര പറയുന്നതും കേട്ട് ധ്യാൻ മിഴിച്ചിരുന്നു…

“ഇങ്ങനെയൊക്കെ സംസാരിക്കാൻ തനിക്ക് അറിയുമോ?… ”

“അത് പിന്നെ അപ്പോഴത്തെ ടെൻഷനിൽ പറഞ്ഞതാ… ”

ചമ്മിയ ചിരിയോടെ ഭദ്ര പറഞ്ഞു…

“എന്തായേലും കൊള്ളാമായിരുന്നു… പിന്നെ അതെന്റെ ഫ്രണ്ട് അല്ല… എന്റെ ഏട്ടനാ… ”

അതുംകൂടി കേട്ടപ്പോൾ ഭദ്രക്ക് ഉണ്ടായിരുന്ന സമാധാനംകൂടി പോയി…

” ഏട്ടന്റെ ക്യാരക്റ്റർ വെച്ച് തല്ലുകൊടുക്കുന്ന വർത്തമാനമാ താൻ പറഞ്ഞത്.. പിന്നെ താനൊരു പെൺകുട്ടി ആയത് കൊണ്ടാണ് ചേട്ടൻ കൂടുതൽ പറയാഞ്ഞത്… ”

എല്ലാം തികഞ്ഞു….
അടി കൂടി കിട്ടിയിരുന്നെങ്കിൽ തൃപ്തി ആയേനെ കൃഷ്ണ…

മനസ്സിൽ വിചാരിച്ചുകൊണ്ട് അവൾ ധ്യാനിനെ നോക്കി ചിരിച്ചു…

“ഞാൻ സോറി പറഞ്ഞതായി പറയണം… ”

” ഞാൻ പറഞ്ഞേക്കാം… ഇനിയേലും തന്റെ ടെൻഷൻ മറ്റുള്ളവരുടെ പുറത്തോട്ട് തീർക്കരുത്… ”

ഇല്ലാ എന്ന ഭാവത്തിൽ ഭദ്ര തലയാട്ടികൊണ്ട് തിരിഞ്ഞു നടന്നു…

“അതെ തന്റെ പേരെന്താ? ”

“ഭദ്ര.. ”

ധ്യാനിന്റെ ചോദ്യത്തിന് അവൾ തിരിഞ്ഞു നിന്ന് മറുപടി പറഞ്ഞു

“ഉം ശെരി പൊക്കോ… ”

പറയേണ്ട താമസം ഭദ്ര തിരിഞ്ഞു നടന്നു…

തിരിച്ചെത്തി ഭദ്ര നടന്നതെല്ലാം ശാലുവിനോട് പറഞ്ഞു…

******************************

ദേവൻ ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോൾ ദേവകി കട്ടിലിൽ കിടക്കുകയായിരുന്നു…

“എന്താ അമ്മേ കിടക്കുന്നത്? ”

“ഒന്നുമില്ലടാ… ഒരു തലവേദന… നീ കൈകഴുകി വാ..
ഞാൻ ചോറ് വിളമ്പി വെക്കാം… ”

“വേണ്ട അമ്മ കിടന്നോ, ഞാൻ വിളബി കഴിച്ചോളാം… ”

“ഉം അതാ നല്ലത്… ”
അകത്തോട്ട് കയറി വന്നുകൊണ്ട് മേനോൻ പറഞ്ഞു…

“ഒരു പെണ്ണ് കെട്ടിക്കൊണ്ട് വന്നിരുന്നെങ്കിൽ ഇപ്പോൾ വിളമ്പി തരില്ലായിരുന്നോ ?.. ”

” ചോറ് വിളമ്പാനായിട്ട് ഒരു പെണ്ണിനെ കെട്ടണമെന്നില്ല.. ജോലിക്ക് ഒരാളെ നിർത്തിയാൽ മതി… ”

അച്ഛനെ നോക്കാതെ ദേവൻ പറഞ്ഞു

“ഉം അവസാനം വരെ നോക്കാൻ എന്റെ മകൻ ഒരു ജോലിക്കാരിയെ നോക്കി വെച്ചോ ഇങ്ങനെ ആണെങ്കിൽ…. ”

മേനോനും വിട്ട് കൊടുത്തില്ല…

അച്ഛനോട് കൂടുതൽ തർക്കിക്കാൻ നിൽക്കാതെ ദേവൻ പുറത്തേക്ക് നടന്നു….

രാവിലെ ആ കാന്താരിയോട് ഉടക്കി തുടങ്ങിയതാ…. നല്ല തുടക്കമായിരുന്നു…. കടയിലെ ജീവനക്കാരോടും ചൂടായി… ദാ ഇപ്പോൾ അച്ഛനോടും…ഒരു ദിവസം കണ്ടപ്പോൾ ഇങ്ങനെ…. എന്നും കാണുവാണെങ്കിലോ ….. ഈശ്വരാ….

ദേവൻ മനസ്സിൽ വിചാരിച്ചു…

കഴിക്കാൻ ചെന്നിരുന്നപ്പോൾ ദേവകി എല്ലാം മേശയിൽ വിളമ്പി വെച്ചിട്ടുണ്ടായിരുന്നു…

മകന് വിളമ്പിക്കൊടുത്തുകൊണ്ട് അവർ അടുത്തിരുന്നു..

മേനോൻ ആരോടോ ഫോണിൽ സംസാരിച്ച ശേഷം അങ്ങോട്ട് വന്നു

“ദേവകി സുകുമാരനാണ് വിളിച്ചത്… അയാൾ ഇപ്പോൾ എത്തും. ദേവന്റെ ഒരു ഫോട്ടോ എടുത്ത് വെച്ചേക്കണം… പെൺകുട്ടിയുടെ വീട്ടിൽ കാണിക്കാനാ… ”

“എന്റെ കൈയ്യിൽ ഒരെണ്ണം ഇരിപ്പുണ്ട്… ഞാനത് തരാം…. ”

ദേവകി കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു…

“പെൺകുട്ടിയുടെ ഫോട്ടോ ഞാൻ ചോദിച്ചില്ല…
കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ പോയി കാണാം… ഞങ്ങൾ കണ്ടതല്ലേ… ഇനി കാണേണ്ടവർ പോയി കാണട്ടെ….. അല്ലെ ദേവകി… ”

മേനോൻ ദേവൻ കേൾക്കെ പറഞ്ഞു….

ദേവകി മുറിയിൽ നിന്ന് മകന്റെ ഫോട്ടോയുമായി വന്നു…

ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നുള്ള ഭാവത്തിൽ ദേവൻ ഇരുന്നു….

ഉച്ചയ്ക്ക് ശേഷം സുകുമാരൻ വന്നു….

“ഞാൻ പറഞ്ഞത് എടുത്ത് വെച്ചിട്ടുണ്ടോ? .. ”
വന്നപാടെ അയാൾ ചോദിച്ചു…

“താൻ കയറിയിരിക്കു…. ഞാൻ ഇപ്പോൾ എടുത്ത് തരാം…. ”

“ദേവകി….. സുകുമാരൻ വന്നിരിക്കുന്നു.. താൻ ഫോട്ടോ എടുത്ത് കൊണ്ടുവാ…. ”

മേനോൻ അകത്തേക്ക് നോക്കി പറഞ്ഞു…

അല്പസമയം കഴിഞ്ഞപ്പോൾ ദേവകി ഫോട്ടോയുമായി വന്നു…

“നിങ്ങൾക്ക് പെൺകുട്ടിയുടെ ഫോട്ടോ ആവശ്യമുണ്ടോ? ”

ഫോട്ടോ വാങ്ങി ബാഗിൽ വെച്ചുകൊണ്ട് അയാൾ ചോദിച്ചു…

“താൻ ഒരെണ്ണം വാങ്ങിക്കൊണ്ടു പോര്… അവർക്ക് തരാൻ സമ്മതം ഉണ്ടെങ്കിൽ മാത്രം മതി… ”
മേനോൻ പറഞ്ഞു…

“ശെരി ഞാൻ ഇറങ്ങുന്നു… ഇന്ന് തന്നെ ഞാൻ ഫോട്ടോ അവിടെ എത്തിക്കാം.. “.
സുകുമാരൻ യാത്ര പറഞ്ഞു പോയി…
*************************
കോളേജ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഭദ്ര ആകെ ക്ഷീണിച്ചു…. ചെന്നപാടേ കുളിച്ചിട്ട് കട്ടിലിൽ കയറി കിടന്നു…

കഴിക്കാൻ എടുത്ത് വെച്ചിട്ട് അമ്മ വിളിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു വീണ്ടു കിടന്നു….

കണ്ണടച്ചപ്പോഴെല്ലാം രാവിലെ നടന്നതാണ് തെളിയുന്നത്….

“എന്റെ കൃഷ്ണാ ഞാൻ ആ മനുഷ്യനെ എന്തൊക്ക വിളിച്ചു…

അതുപിന്നെ എന്നേം വിളിച്ചല്ലോ…. വായിനോക്കി നടന്നിട്ടാണെന്ന് പറഞ്ഞിട്ടല്ലേ……
അപ്പോൾ കുഴപ്പമില്ല…

എന്നാലും തെറ്റ് എന്റെ ഭാഗത്തല്ലേ?

ഓരോന്ന് ആലോചിച്ച് സമാധാനം കളയാൻ….

എന്തായാലും സന്ധ്യക്ക്‌ കൃഷ്ണന്റെ അടുത്ത് ചെന്ന് പറയാം… എന്റെ എല്ലാ ടെൻഷനും മാറ്റി തരാൻ കഴിവുള്ളത് എന്റെ കള്ളകൃഷ്ണനല്ലേ…. ”

വേഗം തന്നെ റെഡിയായി അമ്പലത്തിലേക്ക് നടന്നു…

കുറേ നേരം പ്രാർത്ഥിച്ചു…
തെറ്റേറ്റു പറയാൻ അയാളെ ഒരിക്കൽ കൂടി തനിക്ക് കാണിച്ചു തരണമെന്ന് പ്രാർത്ഥിച്ചു…

തിരികെ വീട്ടിൽ എത്തിയപ്പോൾ അച്ഛൻ ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു…

“എന്താ മാളു അമ്പലത്തിൽ പെട്ടന്ന് പോകാൻ കാരണം… ഇന്നത്തെ പ്രശ്നം എന്താ? ”

അച്ഛൻ ചോദിച്ചത് കേട്ടപ്പോൾ അവൾക്ക് ചിരി വന്നു…
അച്ഛനേക്കാൾ നന്നായി തന്റെ മനസ്സറിയുന്ന ഒരാൾ വേറെ ഇല്ലാ…

നടന്നത് മുഴുവനും അവൾ അച്ഛനോട് പറഞ്ഞു….

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി….

“എന്റെ മകളോട് പിടിച്ച് നിൽക്കാൻ കഴിവുള്ള അവൻ ഒരാൺകുട്ടി തന്നെയാ….
അച്ഛനും അയാളെ കാണാൻ ഒരാഗ്രഹം… ”

“കൊള്ളാം എന്നെ കളിയാകാനാണോ കഥ ചോദിച്ചത്… ഇനി എന്നോട് എന്തെങ്കിലും ചോദിച്ഛ് വാ ഞാൻ പറഞ്ഞു തരാം…. ”

ചാടി തുള്ളി മാളു അകത്തേക്ക് കയറി പോയി…

“എന്താ കുട്ടി വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ…. വന്നു എന്തെങ്കിലും കഴിക്കാൻ നോക്ക്… ”

അമ്മ പറയുന്നതും കേട്ട് അവൾ കഴിക്കാൻ ഇരുന്നു…
അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ മനസിന് ഒരു ആശ്വാസം ഉണ്ട്….

സമാധാനത്തോടെ കഴിച്ചുകൊണ്ടിരുപോൾ ദാ അമ്മ ഒരു ഫോട്ടോയുമായി വരുന്നു…

“ഇന്ന് ബ്രോക്കർ കൊണ്ടുവന്ന് തന്ന ഫോട്ടോയാ … നിന്നെ കാണിക്കാൻ അച്ഛൻ പറഞ്ഞു… ”
ഫോട്ടോ അവൾക്ക് നീട്ടികൊണ്ട് അവർ പറഞ്ഞു

കൈ കഴുകി തുടച്ചു അവൾ ആ ഫോട്ടോ വാങ്ങി…
ആ മുഖം കണ്ടപ്പോൾ എവിടേയോ കണ്ടപോലെ അവൾക്ക് തോന്നി….
എന്റെ കൃഷ്ണാ നീ എന്നെ കൂടുതൽ കുഴപ്പത്തിലാക്കുവാണോ?…
ഫോട്ടോയിൽ നോക്കി അവൾ ശ്വാസം പിടിച്ചു നിന്നു…

” നിന്റെ ഒരു ഫോട്ടോയും വേണമെന്ന് പറഞ്ഞിട്ടുണ്ട് ”
അമ്മയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി….

തുടരും….