16/04/2026

വേഴാമ്പൽ : ഭാഗം 13

രചന – അനീഷ ആകാശ്

 

ഭദ്ര എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…ദേവേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലാ…

എണീറ്റ ഉടൻ അവൾ മഹിയെ വിളിച്ചു നോക്കി.. ഫുൾ റിംഗ് അടിച്ചിട്ടും എടുക്കുന്നില്ല…
അപ്പോഴാണ് അവൾ സമയം നോക്കിയത്… ആറുമണി കഴിഞ്ഞതേ ഉള്ളൂ
ഒരിക്കൽ പോലും സൂര്യൻ ഉദികുന്നത് കണ്ടിട്ടില്ലാത്ത മനുഷ്യനെയാ താൻ പത്തുവെളുപ്പിനെ ഫോൺ വിളിക്കുന്നത്…

ഇനി കിടന്നാൽ ഉറക്കം വരില്ല… പതിയെ എഴുന്നേറ്റ് ഫ്രഷായി അടുക്കളയിലേക്ക് പോയി…

രാവിലെ തന്നെ സാവിത്രി അടുക്കളയിൽ കയറി പണികൾ തുടങ്ങിയിരുന്നു…

അതിരാവിലെ മകളെ അടുക്കളയിൽ കണ്ടപ്പോൾ സാവിത്രിക്ക് അത്ഭുതമായി…

“എന്റീശ്വരാ ….. ഞാൻ ഉറക്കത്തിൽ കാണുന്നത് അല്ലല്ലോ അല്ലേ? ”

ഉറപ്പു വരുത്താൻ അവർ കൈത്തണ്ടയിൽ പിച്ചി നോക്കി…

“പിച്ചി നോക്കണ്ട അമ്മ ഉറക്കത്തിൽ അല്ല.. ”

അമ്മ തന്നെ കളിയാക്കാൻ പറയുന്നതാണെന്ന് അറിഞ്ഞിട്ട് അവൾ പറഞ്ഞു…

“അല്ല ഇന്നുവരെ കാണാത്തത് ആണല്ലോ.. ”

“എനിക്ക് ഉറക്കം വന്നില്ല… പിന്നെ കിടക്കേണ്ട എന്നുകരുതി എണീറ്റതാ… ”

“എങ്കിൽ പോയി കിടന്നോ… ”

“വേണ്ടാ… ഞാൻ മഹിയെട്ടനെ ഒന്ന് കണ്ടിട്ട് വരാം… ”

“ഈ നേരത്തോ? ”

“ഇപ്പോഴല്ല കുറച്ചുകൂടി കഴിഞ്ഞിട്ട്… ”

“എങ്കിൽ അതുവരെ എന്റെ പൊന്നുമോൾ അമ്മയെ ഒന്ന് സഹായിക്കാൻ നോക്ക്… ദേ അടുപ്പത്തു വെച്ചിരിക്കുന്ന പാല് തിളച്ചു പോകാതെ നോക്കണം.. ഞാൻ പറമ്പിൽ നിന്ന് വാഴച്ചുണ്ട് ഓടിച്ചുകൊണ്ട് വരാം… നീ പോകുമ്പോൾ വല്യമ്മേടെ കൈയ്യിൽ കൊടുത്തേക്കണം.. മഹിക്ക് വാഴച്ചുണ്ട് തോരൻ ഇഷ്ടമാ… ”

“ഓഹ് ശെരി… ”

“മഹിയെട്ടന്റെ ഇഷ്ടമാണ് ഇവിടെല്ലാവർക്കും അറിയുന്നത്.. എന്റെ ദേവേട്ടന്റെ ഇഷ്ടം ആർക്കെങ്കിലും അറിയുമോ? ”

ആത്മഗതം പോലെ ഭദ്ര പറഞ്ഞു..

“എന്തുവാടി പിറുപിറുക്കുന്നെ… ”

“ഒന്നുമില്ല.. അമ്മ പോയി വാഴച്ചുണ്ട് പറിക്കാൻ നോക്ക്… ”

“ഉം… സ്വപ്നം കണ്ടുനിൽകാതെ പാൽ തിളച്ചുപോകാതെ നോക്കിക്കോണം.. ”

ഭദ്ര അമ്മയെ അടുക്കളയിലൊക്കെ സഹായിച്ചു കുറെ സമയം കളഞ്ഞു… ഇടക്കിടക്ക് വന്ന് ഫോണിൽ മഹിയെ വിളിച്ചു നോക്കുന്നുണ്ട്.. പക്ഷേ ഫുൾ റിംഗ് ചെയുന്നതല്ലാതെ ആരും കോൾ എടുക്കുന്നില്ല..

സമയം എട്ടായപ്പോൾ അവൾ റെഡിയായി അച്ഛനോട് സമ്മതവും വാങ്ങി മഹിയുടെ വീട്ടിലേക്ക് ഓടി…

ചെന്നപ്പോഴേ വല്യമ്മ മുറ്റമടിച്ചുകൊണ്ട് വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു…

ഭദ്രയെ കണ്ടതും അവർ മുറ്റമടിക്കുന്നത് നിർത്തി അവളുടെ അടുത്തേക്ക് വന്നു…

“മോളെന്താ രാവിലെ? ”

“വെറുതെ വന്നതാ…
മഹിയെട്ടൻ എന്തിയെ വല്യമ്മേ…? ”

“അപ്പോൾ അവനെ കാണാൻ വന്നതാണോ? ഞങ്ങളെയൊന്നും കാണണ്ടാ അല്ലേ?

“അയ്യോ.. .അങ്ങനെ അല്ല… മഹിയെട്ടനോട് എനിക്കൊരു സംശയം ചോദിക്കാൻ ആയിരുന്നു… ”

“അവൻ ഉറങ്ങുവാ…. മോള് ചെന്ന് ഡോറിൽ കൊട്ടി നോക്ക്.. ചിലപ്പോൾ എണീക്കും.. ”

“ഞാനെങ്കിൽ എണീപ്പിച്ചിട്ട് വരാമേ… ”

അതും പറഞ്ഞു അവൾ അകത്തേക്ക് നടക്കാൻ തുടങ്ങി…

“സംശയം ദേവനെ പറ്റിയാണോ? ”

വല്യമ്മയുടെ ചോദ്യം കേട്ടപ്പോൾ അവൾ ആകെ ചമ്മി പോയി..

“ചമ്മണ്ട… അവൻ പറഞ്ഞു കാര്യങ്ങൾ… ഒരു തവണ ഇവിടെ വന്നിട്ടുള്ളതാ ആ പയ്യൻ.. ”

ദേവേട്ടൻ ഇവിടെ വന്നിട്ടുണ്ടന്നോ… ഈശ്വരാ എപ്പോൾ…

കൂടുതൽ വിവരങ്ങൾ ചോദിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും വല്യമ്മ എന്ത് കരുതുമെന്ന് ഓർത്തപ്പോൾ എല്ലാം അങ്ങ് വിഴുങ്ങി..

ചിരിച്ച് മാത്രം കാണിച്ചിട്ട് അവൾ അകത്തേക്ക് കയറി..

മഹിയുടെ മുറിയുടെ മുന്നിൽ ചെന്ന് അവൾ വാതിലിൽ മുട്ടാൻ തുടങ്ങി..

“മഹിയെട്ടാ…. മഹിയെട്ടാ… വാതിൽ തുറക്ക്… ”

കുറെ നേരം കൊട്ടിയപ്പോൾ മഹി വാതിൽ തുറന്നു…

ഉറക്കച്ചടവോടെ മുന്നിൽ നിൽക്കുന്ന മഹിയെ കണ്ടപ്പോൾ ഭദ്രക്ക് ദേഷ്യം വന്നു…

“ദുഷ്ടാ… എന്റെ ഉറക്കം കളഞ്ഞിട്ട് പോത്തുപോലെ കിടന്നുറങ്ങുന്നോ… ”

“നിനകെന്തുവാടി പെണ്ണേ… രാവിലെ തന്നെ ബാധ കേറിയോ.. ”

“കേറിയില്ല ഇപ്പോൾ കേറും…. നിങ്ങളെ എത്ര തവണ വിളിച്ചു മനുഷ്യ… വിളിച്ചിട്ട് എടുക്കാഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്.. ”

“ഫോണോ… ഞാനത് സൈലന്റ് ആകിയിട്ടാ കിടന്നത് ”

മഹി എന്തോ ഓർത്തിട്ടെന്നവണ്ണം പറഞ്ഞു..

“കാലാ… ദേവേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാൻ ഞാൻ എത്ര തവണ വിളിച്ചു എന്നറിയുമോ? ”

“നീ വിളിക്കുന്നത് കൊണ്ടാണ് സൈലന്റ് ആക്കിയത്… ”

മഹി അവളെ ചൊടിപ്പിക്കാൻ പറഞ്ഞു…

“ഇതിനൊക്കെ ഞാൻ വെച്ചിട്ടുണ്ട്… അത് പോട്ടെ ദേവേട്ടൻ എന്തിനാ വിളിച്ചത്… ”

ആകാംഷയോടെ മഹിയോട് അവൾ ചോദിച്ചു..

“ആര് വിളിച്ചു അതിന്… നിന്നെ പറ്റിക്കാൻ ഞാൻ വെറുതെ പറഞ്ഞതാ…”

“മഹിയെട്ടാ വേണ്ടാ .. കളിക്കാതെ കാര്യം പറ.. ”

“സത്യമാടി പോത്തേ… ”

മഹി അവളെ വിശ്വസിപ്പിക്കാൻ പറഞ്ഞു

‘ഞാൻ നിങ്ങളെ കാണിച്ചു തരാം.. എന്റെ ഉറക്കം കളഞ്ഞിട്ട് ഉറങ്ങുന്നല്ലേ… ”

അവൾ അവന്റെ കൈക്കിട്ടും പുറത്തിനിട്ടും അടിക്കാൻ തുടങ്ങി…

“എന്റേടി ഉപദ്രവിക്കാതെ… സത്യമായും അവൻ വിളിച്ചു.. ”

അത് കേട്ടതും അവൾ പെട്ടെന്ന് അടി നിർത്തി…

“എന്തിനാ? ”

അണച്ചുകൊണ്ട് അവൾ ചോദിച്ചു..

“ഇന്നലെ വിളിച്ചപ്പോൾ നീ കൂടെ ഉണ്ടായിരുന്നോ എന്നറിയാൻ.. ”

മഹി ഞരങ്ങികൊണ്ട് പറഞ്ഞു..

“മുഴുവൻ പറ … ”

ഭദ്ര ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു..

“പോടീ കാലത്തി… ഇടിച്ചു പരുവമാക്കീട്ട് മുഴുവൻ പറയാൻ… ”

സങ്കടത്തോടെ മഹി പറഞ്ഞിട്ട് നിവർന്നു കട്ടിലിൽ ഇരുന്നു

“സോറി മഹിയെട്ടാ… ഞാൻ ഇത്രയും ചോദിച്ചിട്ട് മഹിയേട്ടൻ പറയാഞ്ഞിട്ടല്ലേ..
നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇതു വല്ലതും ചെയ്യുമോ.. ”

ഭദ്ര അവന്റെ പുറം തടവി കൊടുത്ത് കൊണ്ട് പറഞ്ഞു..

“നീ ചെയ്യുമെടി… ഇതും ഇതിൽ കൂടുതലും ചെയ്യും… ഈശ്വരാ ദേവനോട് നല്ലൊരു ആയുർവേദ ഹോസ്പിറ്റൽ കണ്ടു വെക്കാൻ പറയണം.. എപ്പോഴാ ആവിശ്യം വരുന്നതെന്ന് പറയാൻ പറ്റില്ല.. ”

“അതൊക്കെ ഞാൻ തിരക്കി വെച്ചോളാം… ഇപ്പോൾ ഇന്നലെ വിളിച്ച കാര്യം പറ… ”

“ഇന്നലെ വിളിച്ചത് ഇവിടെ അടുത്തൊരു കൃഷി സ്ഥലം ഉണ്ട് അവിടം വരെ പോകാൻ എനിക്ക് സൗകര്യം ഉണ്ടാകുമോന്ന് അറിയാന… അല്ലാതെ നിന്നെപ്പറ്റി തിരക്കാൻ അല്ല… ഇനി നിന്നെ പറ്റി തിരക്കിയാൽ തന്നെ ഞാൻ പറയത്തുമില്ല… ”

വാശിയോടെ മഹി പറഞ്ഞു..

“പറയത്തിലെങ്കിൽ ദാ ഇതും കൂടി പിടിച്ചോ.. ‘

പറഞ്ഞിട്ട് അവൾ പുറം നോക്കി ഒരിടി കൊടുത്തു..

“അയ്യോ…. ”
മഹി ഉറക്കെ കരഞ്ഞു…

തിരിഞ്ഞു നോക്കിയപ്പോഴേക്കും ഭദ്ര സ്ഥലം വിട്ടിരുന്നു…

ഫ്രഷായിട്ട് താഴേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും ഭദ്ര പോയെന്ന് അമ്മ പറഞ്ഞു…

“അമ്മേ… ഇന്നെന്റെ ഒരു ഫ്രണ്ട് വരും.. വൈകുന്നേരം ഒരു സ്ഥലം കാണാൻ പോകണം… ”

“എവിടുത്തെ സ്ഥലമാടാ? ആർക്ക് വേണ്ടിയാ? ”

“അത് നമ്മുടെ പണിക്കരുടെ കൃഷി സ്ഥലമില്ലേ അമ്മേ..അതുവാങ്ങാനാ.. ”

“ആർക്ക് വേണ്ടിയാ? ”

“അതെന്റെ ഫ്രണ്ടിന് വേണ്ടിയാ… വിശദമായി നോകീട്ടു വന്നിട്ട് പറയാം…
മായ എന്തിയെ അമ്മേ? ”

“അവൾ ഭദ്രയുടെ കൂടെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. പിന്നെ എങ്ങോട്ട് പോയെന്ന് അറിയില്ല.. മുറിയിൽ നോക്കിക്കേ…”

മഹിയോട് പറഞ്ഞിട്ട് അവർ അടുക്കളയിൽ പണികൾ ചെയ്യാൻ തുടങ്ങി…

മഹി മായയുടെ മുറിയിൽ ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു..

“നീ ഇന്ന് എവിടെയെങ്കിലും പോകുന്നുണ്ടോ? ”

“ഇല്ലാ എന്താ ഏട്ടാ…? ”

“എങ്കിൽ എനിക്കൊരു ഉപകാരം ചെയ്യണം… ”

“എന്താ? ”

“അതൊക്കെ പറയാം നീ ഇത് ആരോടും പറയരുത്… ‘

അവൾ ഇല്ലെന്ന് പറഞ്ഞപ്പോൾ മഹി സ്വരം താഴ്ത്തി അവളോട് കാര്യം പറഞ്ഞു

“ഇത്‌ കുഴപ്പം ആകില്ലല്ലോ? ”

മായ പേടിയോടെ മഹിയോട് ചോദിച്ചു..

“ഒരു കുഴപ്പവും ഇല്ല… നീ ഞാൻ പറഞ്ഞപോലെ ചെയ്താൽ മതി… ”

“ഓക്കേ ചേട്ടാ… ‘

മായയുടെ ഉറപ്പ് കിട്ടിയപ്പോൾ മഹിക്ക് സന്തോഷമായി

******************************
“മോളെ മഹിയെ കണ്ടോ? ”

ഭദ്ര വന്നപ്പോൾ രാഘവമേനോൻ ചോദിച്ചു…

“കണ്ടു അച്‌ഛാ… ഉറക്കമായിരുന്നു… ഞാൻ ഉണർത്തി… ”

“ഉം… അവനോട് ഇവിടം വരെ വരാൻ ഞാനൊന്ന് പറയാൻ ഇരിക്കുവായിരുന്നു ”

“എന്താ അച്‌ഛാ,? ”

ആകാംഷയോടെ അവൾ അച്ഛനോട് ചോദിച്ചു..

“സൺ‌ഡേ ഇങ്ങ് അടുത്തില്ലേ?വിളി തുടങ്ങണം.. ഫുഡിന്റെ കാര്യം നോക്കണം… പന്തൽ ഇടണം… കുറെ പണികൾ ഉണ്ട്…എല്ലാം ഞാൻ ഒറ്റക്ക് കൂട്ടിയാൽ കൂടില്ല.. അവനും കൂടി വേണം എല്ലാത്തിനും… ”

“മഹിയെട്ടനോട് ഞാൻ പറയാം അച്‌ഛാ… ”

“ആഹാ വന്നോ… പത്തുവെളുപ്പിന് എണീറ്റു മഹിയെ കാണാൻ റെഡിയായ ആളാ… എന്നിട്ട് അവനെ കണ്ടോ? വാഴച്ചുണ്ട് കൊടുത്തോ? ”

“കൊടുത്തു കൊടുത്തു… കൂടെ രണ്ടുമൂന്നു ഇടിച്ചക്കയും കൊടുത്തു… ”

“ഇടിച്ചക്കയോ? എവിടുന്ന് കിട്ടി? ”

കാര്യം മനസിലാകാതെ സാവിത്രി ചോദിച്ചു

“അതെന്റെ കൈയ്യിൽ ഉണ്ടായിരുന്നു…”

ചവിട്ടി തുള്ളി അവൾ അകത്തേക്ക് കയറി പോയി

“ഈ പെണ്ണിന് എന്തു പറ്റി? ”

സാവിത്രി അവളുടെ പോക്ക് നോക്കികൊണ്ട് പറഞ്ഞു

“അവനുമായി ഉടക്കി കാണും.. അതാണല്ലോ പതിവ്.. ”

രാഘവമേനോൻ ചിരിച്ചു കൊണ്ട് പറഞ്ഞു

“പോത്തുപോലെ വളർന്നിട്ടും രണ്ടിന്റെയും കുട്ടിക്കളി മാറിയിട്ടില്ല.. ”

“എന്താണെങ്കിലും അവൻ ഉള്ളതാ എന്റെ ആശ്വാസം… ”

ഒരു ആശ്വാസത്തോടെ പറഞ്ഞിട്ട് അയാൾ കസേരയിലേക്ക് ചാരി കിടന്നു…

******************************

“ചിറ്റേ…. മാളു എന്തിയെ? ”

മായ അകത്തേക്ക് കയറി വന്നുകൊണ്ട് സാവിത്രിയോട് ചോദിച്ചു…

“അവൾ ഊണ് കഴിച്ചിട്ട് മുറിയിൽ കയറിയിട്ടുണ്ട്… പഠിക്കുവാണെന്ന് തോന്നുന്നു…എന്താ മോളെ? ”

“ഒന്നുമില്ല ചിറ്റേ… എനിക്ക് ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യാൻ കൊടുക്കാൻ പോകാനാ..അവൾ കൂടെ ഉണ്ടെങ്കിൽ മോഡലുകളൊക്കെ പറഞ്ഞു കൊടുക്കും.. ”

“എങ്കിൽ അവളെ പോയി വിളിച്ചു നോക്ക്… ”

“ഞാൻ വിളിക്കട്ടെ..”

സാവിത്രിയോട് പറഞ്ഞിട്ട് അവൾ മാളുവിന്റെ അടുത്തേക്ക് പോയി

റൂമിൽ ചെന്നപ്പോൾ മാളു ബുക്കിന്റെ മുകളിൽ തല വെച്ചു കിടക്കുകയായിരുന്നു..

“ആഹാ ഉറങ്ങുവാണോ മകളെ… ”

മായയുടെ സൗണ്ട് കേട്ട് അവൾ തല ഉയർത്തി നോക്കി..

“അല്ലടി….പഠിക്കാൻ ഇരുന്നതാ…. ”

“ഇങ്ങനെ പഠിച്ചാൽ ഫുൾ മാർക്കും കിട്ടും… ഇങ്ങനെ പഠിക്കാതെ എന്റൊപ്പം ഒന്ന് വന്നേ… ”

“എവിടേക്കാടി..? ”

“എനിക്കൊരു ചുരിദാർ സ്റ്റിച്ച് ചെയ്യാൻ കൊടുക്കണം.. നീയുംകൂടി വാ… ഒറ്റക്ക് പോകാൻ മടി… ”

“ഞാനൊന്ന് ഫ്രഷാകട്ടെ.. ഒരുപാട് താമസിക്കില്ലല്ലോ… എനിക്ക് പഠിക്കാൻ ഉള്ളതാ. ”

“ഇല്ലടി… പെട്ടന്ന് പോയി വരാം. ‘

മായയുടെ ഉറപ്പിന്മേൽ അവൾ വേഗം റെഡിയായി ഇറങ്ങി..

സ്റ്റിച്ചിങ്ങിന് കൊടുത്തിട്ട് രണ്ടുപേരും തിരിച്ചിറങ്ങി…

“ഇനി ഞാൻ പൊക്കോട്ടെ ..
ഭദ്ര തിരക്ക് കൂട്ടി.. ”

“നീ എന്തിനാ തിരക്ക് കൂട്ടുന്നത് .. വീട്ടിൽ കയറിയിട്ട് പോകാം… ”

“പഠിക്കാൻ ഉണ്ട് …. നാളെ എക്സാം ആടി… ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല..ഇത്ര അടുത്ത് വന്നിട്ട് കയറാതെ പോയാൽ ഞാൻ ഇനി മിണ്ടില്ല… ”

“നിന്റെ ചേട്ടൻ അവിടുണ്ടോ.. ഉണ്ടെങ്കിൽ ഞാൻ വരില്ല.. ”

“ഏട്ടൻ അവിടില്ല.. നീ വാ… ഉടനെ വിടാം..നിനക്കിഷ്ടപെട്ട ചാമ്പങ്ങ പഴുത്തു കിടപ്പുണ്ട്…”

അത് കേട്ടതും ഭദ്ര പോകാൻ തിരക്ക് കൂട്ടി..

“എങ്കിൽ വേഗം വാ… ”

വീട്ടിൽ ചെന്നതും അവൾ ചാമ്പയുടെ മുകളിൽ കയറി…

“ടി വീഴല്ലേ… നീറുണ്ട്.. സൂക്ഷിക്കണം… ”

മായ ഭദ്രയോട് പറഞ്ഞു…

“ഞാൻ എത്ര തവണ കേറിയിട്ടുള്ളതാ… നീ പേടിപ്പിക്കാതെ… ”

ഭദ്ര ചാമ്പങ്ങയും പറിച്ചുകൊണ്ടിരുന്നപ്പോളാണ് ഒരു ബുള്ളറ്റ് മുറ്റത്തേക്ക് വന്നു നിന്നത്…

ഭദ്ര താഴേക്ക് നോക്കിയതും ഞെട്ടി പോയി…

മഹിയും ഒപ്പം ദേവനും…

ഈശ്വരാ ദേവേട്ടൻ മരത്തിലേക്ക് നോക്കിയാൽ തീർന്നു…

ദേവനെയും നോക്കി കൊണ്ടിരുന്നപ്പോഴാണ് അവളുടെ ചെവിയിൽ ഒരു ഉറുമ്പ് കയറിയത്… തട്ടിക്കളയാൻ നോക്കിയപ്പോൾ അത് ചെവിക്കുള്ളിലേക്ക് കയറി പോയി…

തുടരും..