19/04/2026

പ്രണയവർണ്ണം : ഭാഗം 05

രചന – അമ്മൂസ്

പരീക്ഷ കഴിഞ്ഞതും സ്കൂളിൽ നിന്ന് അന്ന തിടുക്കപ്പെട്ട് ഇറങ്ങി…….

രാവിലെ ചേച്ചി ഉണ്ടാക്കി വച്ച രണ്ട് ദോശ കഴിച്ചതാണ് ……
ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് ഇറങ്ങാമെന്ന് കരുതിയപ്പോൾ അടുത്ത് നടത്താൻ പോകുന്ന പരീക്ഷയുടെ ഒരു എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞു . ക്ലാസ്സിൽ കയറാതെ തരമില്ലല്ലോ .
അതുകൊണ്ട് ഉച്ചക്ക് ഒന്നും കഴിക്കാനും പറ്റിയില്ല .
അരമണിക്കൂർ ക്ലാസ്സ്‌ എന്ന് പറഞ്ഞിട്ട് എത്ര മണിക്കൂർ ആണ് ആ കരുണയില്ലാത്ത കണക്ക് സാർ അവിടെ പിടിച്ച് ഇരുത്തിയത് .

വീട്ടിലേക്ക് നടക്കാൻ തന്നെ അര മണിക്കൂറോളം ഉണ്ട് .
അവൾ അമർഷത്തോടെ ഓർത്തു .

സ്കൂളിന്റെ വളവ് കഴിഞ്ഞ് തിരിഞ്ഞതും
പ്രൈവറ്റ് ബസ്സ് വരുന്നത് കണ്ടു .
അവൾ പെട്ടന്ന് കൈ കാണിച്ചു .

തിരിച്ച് കവലയിൽ ഇറങ്ങി വീട്ടിലേക്ക് മെല്ലേ നടക്കാൻ തുടങ്ങി അവൾ ………..

ഉച്ചകഴിഞ്ഞ് മൂന്നുമണിയോട് അടുക്കുന്നുണ്ട് …..
വെയില് താഴുന്ന സമയമായിട്ടും നല്ല ചൂട്
അറിയാൻ കഴിയുന്നുണ്ട് …….

ക്ഷീണം കൊണ്ട് അന്ന വല്ലാതെ തളർന്നു …..

ഒരു ജീവത്തില്ലാത്തപോലെ റോഡിന്റെ കയറ്റം കയറുമ്പോഴായിരുന്നു
ഒരു ജീപ്പ് വന്ന് മുന്നിൽ ബ്രേക്കിട്ടത്……

പെട്ടന്നായതിനാൽ അവൾ പേടിച്ച് പോയിരുന്നു .

ആ ജീപ്പും അതിൽ നിന്ന് ഇറങ്ങുന്ന ആളെയും കണ്ടപ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ പാഞ്ഞു ……

ആഹാ ഇതാര് അന്ന മോളോ ???…..

ഒരു വഷളൻ ചിരിയോടെ അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി ……..
ഞാനൊന്നു കാണാൻ ഇരിക്കുവായിരുന്നു അന്നയെ ……..

അവൻ അവൾക്ക് അടുത്തേക്ക് വന്നു …….
അന്ന വല്ലാതെ വിറക്കാൻ തുടങ്ങി ……..
അവൾ തിരിഞ്ഞ് ചുറ്റും ഒന്ന് നോക്കി..

താൻ ഒറ്റയ്ക്ക് പരിസരത്തൊന്നും ആരുമില്ല.

അന്നമോള് എന്തിനാ ഇങ്ങനെ പേടിക്കണേ
മോളുടെ ചേട്ടനല്ലേ ഞാൻ …..

അവൻ അന്നയ്ക്ക് അടുത്തേക്ക് നീങ്ങി നിന്ന് അവന്റെ തോളിൽ കൈ വയ്ക്കാൻ ആഞ്ഞതും അവൾ പിന്നിലേക്ക് നീങ്ങി ……
ഭയം അവളുടെ കണ്ണുകളെ നിറച്ച് തുടങ്ങിയിരുന്നു ……..

ആഹാ അന്നമോള് കരയുവാണോ …….
ദേ …….ഇങ്ങോട്ട് നോക്കിയേ ……
അന്നമോൾക്കും കൂടി വേണ്ടിയാ ചേട്ടൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് …..
അത് അറിയോ ……

നമ്മൾ രണ്ടും ഒരേ ചോരയാ…….

നമ്മുടെ അപ്പനെ കൊന്നവളാണ് സാറ
അവളല്ലേ നമ്മുടെ ആരുമല്ലാത്തത് …..

അവന്റെ കണ്ണുകൾ കുറുകി …….

മോള് വാ വന്ന് വണ്ടിയിൽ കേറ്…..
ചേട്ടന് മോളോട് കുറച്ച് സംസാരിക്കാനുണ്ട് ….
അവൻ അവളുടെ കൈതണ്ടയിൽ പിടുത്തമിട്ടു …..

അവൾ ഒന്ന് വിറച്ചു പോയി

വിട് ……തൊടരുത് എന്നെ …….
ഒരു ചേട്ടൻ വന്നിരിക്കുന്നു……

അവൾ ഭയം ഉള്ളിലേക്ക് ഒളിപ്പിച്ച് പൊട്ടിത്തെറിച്ചു .

ഞാനും നിങ്ങളുമായി ഒരു ബന്ധവുമില്ല .
എനിക്ക് സ്വന്തമെന്ന് പറയാൻ ഒരാളെ ഉള്ളൂ
അതെന്റെ ചേച്ചിയാ ……

എന്നെയും എന്റെ ചേച്ചിയെയും ഉപദ്രവിക്കാൻ മാത്രം പഠിച്ച നിങ്ങൾ ഇന്നുമുതലാ എന്റെ ചേട്ടനായത് ………
പെട്ടന്ന് അവളുടെ ഭാവമാറ്റം കണ്ടതും

അവന്റെ കണ്ണുകൾ ചുരുങ്ങി ….

ചീ…..നിർത്തെടി …….

കൂടുതൽ അങ്ങോട്ട് നെഗളിക്കല്ലേ ……
എനിക്കറിയാം എനിക്ക് ആവശ്യമുള്ളയിടത്ത് നിന്നെ കൊണ്ട് പോകാൻ …..

അവൻ അവളുടെ കൈ തണ്ടയിൽ പിടിമുറുക്കി …ജീപ്പിനടുത്തേക്ക് അവളെ ആയത്തിൽ വലിച്ച് അടുപ്പിച്ചു …..

വിടെന്നെ ………
വിടാനാ പറഞ്ഞേ ………
അവളുടെ അലർച്ച ആ വഴിയിൽ ഉച്ചത്തിൽ കേട്ടു ……

വാടി ഇങ്ങോട്ട് ……..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …….

പെട്ടന്നാണ് ഒരു ജീപ്പ് അവരുടെ മുന്നിലേക്ക്‌ ഒരു ഇരപ്പോടെ നിർത്തിയത് …..

പെട്ടന്ന് ഇരുവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു ……

വണ്ടിയിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടതും ഡേവിഡിന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു ………..

അവളിൽ മുറുകിയിരുന്ന കൈ മെല്ലെ ഒന്ന് അയഞ്ഞു ……

നടുവഴിയിൽ വണ്ടി കൊണ്ട് ഇട്ടിരിക്കുന്നവന് രണ്ട് കൊടുക്കാൻ ഇറങ്ങിയതാണ് അവൻ

പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആ കാഴ്ച മുഴുവനായി കാണുന്നത് ……..

മുന്നിൽ നിൽക്കുന്ന ഇരു മുഖങ്ങളും അവന് പരിജയമുള്ളതുപോലെ തോന്നി …….
പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ മുന്നിൽ നിൽക്കുന്നവനെ അവനൊന്നു സൂക്ഷിച്ചു നോക്കി ………

ഇവൻ …….ഇവനല്ലേ അന്ന് സാറയെ …….

ചേട്ടാ …..എന്നെ ഒന്ന് രക്ഷിക്കോ ….പ്ലീസ് ….
അന്ന നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി കേണു ……
ആ നിമിഷം ഡേവിടിന്റെ അയഞ്ഞ കൈകൾ വീണ്ടും അവളിൽ മുറുകി ……

അവനിൽ ക്രൂരമായ ഒരു ചിരി വിടർന്നു …….
ഓഹ് അപ്പോ ഞാൻ ഉദ്ദേശിച്ചതെല്ലാം ശെരിയാണ് ……..

അവൻ സേവ്യറേയും അന്നയേയും നോക്കി പറഞ്ഞു .

എന്റെ കൈക്ക് പണി ഉണ്ടാക്കാതെ ആ പെങ്കൊച്ചിനെ അങ്ങ് വിട്ടേക്കെടാ മോനേ …..

അത് പറയാൻ നീ ആരാടാ …..$%&&
കേട്ടാൽ അറക്കുന്ന ചീത്ത വാക്ക്

അന്നയുടെ മുഖം തിരിപ്പിച്ചു .

സേവ്യർ ഷർട്ട്‌ന്റെ കൈ ഒന്നുതെറുത്തു വച്ച് കൈയിലെ സിൽവർ വള കൈതണ്ടയുടെ മുകളിലേക്ക് കയറ്റി മുന്നിലേക്ക് വന്നു ……

അവൻ മുന്നിലേക്ക് വരുന്നത് കണ്ടതും ഡേവിഡ് അന്നയുടെ കൈയിലെ പിടി വിട്ടു .

ഇപ്പോ ഇവളുമ്മാരെ കൊണ്ട് നടക്കുന്നത് നീയല്ലേ …….
നിന്നെ ഞാൻ വിശദമായി ഒന്ന് കാണാനിരിക്കുകയായിരുന്നു ……

അന്ന് നീ എനിക്ക് തന്ന ചിലതൊക്കെ തിരിച്ചു തരണ്ടേ ……….

അവൻ മുന്നിലേക്ക് വന്ന് സേവിക്ക് നേരെ കൈ ഓങ്ങാൻ തുടങ്ങിയതും സേവി ആ കൈ തടുത്തു പിടിച്ചു ………

പൊന്ന് മോനേ …….ഇടിക്കുന്നേൽ നിന്റെ അടിനാഭി കലക്കുന്ന ഇടിയെ ഞാൻ ഇടിക്കു
വെറുതെ ചോര തുപ്പാൻ നിൽക്കണ്ട …..

എന്തായാലും ഇവിടുന്ന് പോകുന്നതിനു മുന്നേ നിന്നെ നല്ല രീതിക്കൊന്നു കണ്ടിട്ടേ പോകൂ …..

പക്ഷേ ഇന്ന് വേണ്ടാ …..
അവൻ അന്നയെ നോക്കിയാണ് അത് പറഞ്ഞത് …..
പക്ഷെ ഡേവിഡ് അത് കേട്ട ഭാവം നടിച്ചില്ല .
സേവിയുടെ നെഞ്ചിലേക്ക് അവൻ ആഞ്ഞു ചവിട്ടി ……

പെട്ടന്നുള്ള ആക്രമണത്തിൽ സേവി ഒന്ന് പിന്നിലേക്ക് ആഞ്ഞു പോയി ജീപ്പിന്റെ മുൻഭാഗത്തായി അവൻ വന്നിടിച്ചു നിന്നു.

അന്ന നിന്ന് വിറക്കുന്നുണ്ട് …….

സേവി അവനെ ഒന്ന് നോക്കി ……
വീണ്ടും മുന്നിലേക്ക്‌ അയാൻ വരുന്നവനെ കണ്ടതും അവന്റെ മുഖം നോക്കി സേവി ഇടിച്ചു …….
മൂക്കിൽ അമർത്തി പിടിച്ച് അവൻ പിന്നിലേക്ക് ആഞ്ഞുപോയി ……
മൂക്കിൽ നിന്നും കൈയിലേക്ക് രക്തം ചാടിയിറങ്ങി …….

ഒന്നും ചെയ്യാൻ കഴിയാത്തതുപോലെ ഡേവിഡ് നിന്നു.

ഡാ …….ഡേവിഡ് അലറി വിളിച്ചു ……

ഒന്ന് പോടാ ….
നിന്നോട് തുടങ്ങിയപ്പോഴേ പറഞ്ഞതാ ഞാൻ

മോളെ അന്നാ ……ഇങ്ങു വാ ……
അവൻ വിളിച്ചതും ഡേവിഡിനെ പേടിയോടെ നോക്കി അവൾ അവന്റെ അടുത്തേക്ക് നടന്നു .

അവൻ അവളെ ജീപ്പിന്റെ അടുത്തേക്ക് കൊണ്ട് വന്ന് മുൻ സീറ്റിൽ കയറ്റി ഇരുത്തി .

സുരക്ഷിതമായി ചേച്ചിയുടെ കൈയിൽ എത്തിച്ചേക്കാം ഞാൻ …..
ഒരു ചെറു ചിരിയോടെ അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞു …….

അവൾക്ക് അപ്പോഴും സമാധാനം വീണിരുന്നില്ല .

തിരിഞ്ഞ് ഡേവിഡിനെ നോക്കുമ്പോൾ അവൻ ഇപ്പോഴും മൂക്കിൽ നിന്നും പുറത്തേക്കു ചാടുന്ന രക്തത്തെ തടയുകയാണ് …..

അവനെ ഒന്ന് പുച്ഛ ഭാവത്തോടെ നോക്കി
സേവി ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നിരുന്നു …..

ജീപ്പ് അവൻ പിന്നിലേക്ക് എടുത്ത് വളച്ചു …

നേരെ പോയത് ബെന്നിച്ചന്റെ കടയിലേക്കാണ് ……

പോകുന്ന വഴിയിലൊന്നും അന്നയോട് അവൻ ഒന്നും ചോദിക്കാൻ നിന്നില്ല .
അവളായി ഒന്നും പറഞ്ഞുമില്ല .

ബെന്നിയുടെ കട എത്തിയപ്പോഴും അവൾ മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുകയായിരുന്നു .

അന്നാ ……

അവൻ വിളിച്ചതും അവൾ ഞെട്ടിയുണർന്നു ….

ഇറങ്ങ് …… അവൾ ഇറങ്ങിയതും
സേവി അവളെ ബെന്നിയുടെ കടയിലേക്ക് കൂട്ടി ……..
ബെന്നിച്ചാ ……..രണ്ട് ചായ …..

അവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു …..
സേവിയുടെ ശബ്ദം പുറത്തുനിന്നു കേട്ടതും
ബെന്നി പുറത്തേക്കു വന്നു നോക്കി ……

സേവിയുടെ കൂടെ സ്കൂൾ യൂണിഫോം ഇട്ട
ഒരു പെൺകുട്ടിയെ കണ്ടതും ബെന്നി മുന്നിലേക്ക്‌ വന്നു .

അന്ന തോളിൽ കിടന്ന ബാഗ് ഊരി മുന്നിലായി വച്ച് രണ്ട് കൈ കൊണ്ട് ബാഗിനെ പുണർന്നു പിടിച്ചു .

അന്നയുടെ മുഖം കണ്ടതും ബെന്നി അവനെ സംശയത്തോടെ നോക്കി …..

ബെന്നിച്ച എനിക്കും അന്നക്കൊച്ചിനും ഓരോ ചായ വീതം പറയുവോ …….

ബെന്നി അകത്തേക്ക് ഒന്ന് എത്തി നോക്കി രണ്ട് ചായ പറഞ്ഞതിന് ശേഷം സേവിക്ക് അരികിൽ വന്നിരുന്നു .

സേവി ……എന്നാടാ പറ്റിയെ ……ഈ കൊച്ച് സാറയുടെ അനിയത്തി അല്ലേ ….
ഇത് എന്താ ഇങ്ങനെ പേടിച്ച് ഇരിക്കണേ ….

അവൻ ഇച്ചായന്റെ മുഖത്തേക്ക് നോക്കി
കുറച്ച് മുന്നേ ഉണ്ടായകാര്യങ്ങൾ എല്ലാം പറഞ്ഞു .

ബെന്നി അന്നയെ നോക്കി …..
അന്നമോളെ ……. അവന്റെ അരുമയായ വിളിയിൽ അവൾ തലയുയർത്തി നോക്കി …..

മോള് പേടിക്കണ്ട കേട്ടോ …….

ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങൾക്ക് …..
അവളുടെ കണ്ണുകൾ നിറഞ്ഞു …..

പേടിയാ ബന്നിച്ചാ …….
എത്ര കഷ്ടപ്പെട്ടാ ഞാനും എന്റെ ചേച്ചിയും ജീവിക്കുന്നത് ……
ആരോടും ഒരു പരാതിയും പറയാതെ ആർക്കും ഒരു ദ്രോഹവും ഉണ്ടാക്കാതെ …..

എന്നിട്ടും …….എന്നിട്ടും …..
അവൾ വിങ്ങിപ്പൊട്ടി ……..
ഒന്ന് കരുതലോടെ അവളെ ചേർത്തുപിടിക്കാൻ കഴിയാതെ ഇരുവരും മുഖത്തോട് മുഖം നോക്കി …..

അയാൾക്ക് ഇനി ഞങ്ങളുടെ വീടും സ്ഥലവും
അമ്മയുടെ പേരിലുള്ളതും കൂടി വേണം…. അതിന് വേണ്ടിയാ ഇപ്പോ ഞങ്ങൾക്ക്
പിന്നാലെ ഇങ്ങനെ ……..

എല്ലാം കൊടുത്താൽ ഞങ്ങൾ എവിടെ പോകും ?????
തെരുവിലേക്ക് ഇറങ്ങണ്ടേ……

അവൾ ദൂരേക്ക്‌ മിഴി പായിച്ചു …….

ഈ ചേട്ടൻ വന്നില്ലായിരുന്നു എങ്കിൽ അയാളിന്ന് എന്നോട് എങ്ങനെ പെരുമാറുമെന്ന് പറയാൻ തന്നെ കഴിയില്ല എനിക്ക് …..

സേവിയെ അവൾ നന്ദിയോടെ നോക്കി …….

അവനെ കർത്താവാ മോളെ അവിടെ എത്തിച്ചത് ….. ബെന്നി അവളോട് പറഞ്ഞു .

എന്നെപ്പോലെ തന്നെ സേവിച്ചായാന്ന് വിളിച്ചോ കേട്ടോ മോള് ഇവനെ …..
അവൾ ഒന്ന് തലയാട്ടി ……….

സേവി മെല്ലെ പുഞ്ചിരിച്ചു.

വളരെ കുറച്ച് നേരം കൊണ്ട് തന്നെ അവളുടെ കണ്ണുനീർ തുടപ്പിച്ച് അപ്പുറവും ഇപ്പുറവുമിരുന്ന് അവളുടെ സങ്കടം മാറ്റിയെടുത്തു അവർ ….

വൈകുന്നേരം സാറ വന്ന് ബസ്സ് ഇറങ്ങുമ്പോൾ കടയുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഇരുവരും .

അവൾ അലക്ഷ്യമായി ഒന്ന് കടയിലേക്ക് നോക്കി മുന്നോട്ട് ചുവട്യ്ക്കാൻ ആഞ്ഞതും
അന്നയെ കണ്ട് അവളൊന്ന് നിന്നു.
സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന അവളെ കണ്ടതും അവൾ ആധിയോടെ മുന്നിലേക്ക്‌ നടന്നു ……

തുടരും …💜