രചന – അഹം
“” ഞാൻ അന്നും ഇന്നും എന്നും നിന്റേതാണ് അമ്മു… നിന്റേത് മാത്രം…. ഇതെന്റെ വാക്കാണ്…. “‘
അവളുടെ കൈയിൽ കൈ ചേർത്ത് വെച്ചു ഹരി…
“‘ വാക്കല്ല എനിക്ക് വേണ്ടത് “‘
“”പിന്നെ??”‘ ഹരിയിൽ ആകാംഷ നിറഞ്ഞു…
“” marry me legally “”‘
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഒന്നര മാസത്തിനു ശേഷം കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹ രജിസ്റ്ററിൽ ഒപ്പ് വെക്കുമ്പോൾ സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത വിധം മായാലോകത്തായിരുന്നു…. പരസ്പരം ഹാരം അണിയിച്ച് നെറ്റിയിൽ നനുത്ത മുത്തം നൽകി കൈയിൽ കൈ ചേർത്ത് പിടിച്ച് നെഞ്ചോട് ചേർത്തു ഹരിയേട്ടൻ….
അന്ന് വിവാഹം കഴിക്കാൻ പറഞ്ഞപ്പോൾ ആൾ ശെരിക്കും ഞെട്ടിപോയിരുന്നു… വീട്ടുകാരെ അറിയിക്കാതെ എടുത്ത് ചാടി ചെയുന്നത് തെറ്റാണ്ണെന്നും …. ഞാൻ എന്നും നിന്റേത് മാത്രമാണ്…. പിജി കഴിഞ്ഞാൽ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ച് എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം ചെയ്യാം എന്നൊക്കെ ഒരുപാട് ന്യായങ്ങളും വാദങ്ങളും നിരത്തിയെങ്കിലും ഇനി ഞാൻ ആളെ തിരിച്ചു സ്നേഹിക്കണമെങ്കിൽ എന്നും കൂടെ ഉണ്ടാവണമെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്തേ മതിയാകൂ എന്നുറച്ചു പറഞ്ഞു…. അന്നൊന്നും മിണ്ടാതെ മറുപടിയൊന്നും പറയാതെ തിരിച്ച് താമസസ്ഥലത്തു ഇറക്കി ആൾ ഒറ്റപ്പൊക്കായിരുന്നു….
പിന്നീട് ആൾടെ ഒരു വിവരവുമില്ലായിരുന്നു…. തേടി വരുമെന്ന് പ്രതീക്ഷിച്ച ദിനങ്ങളിലൊന്നും തന്നെ ആൾ വന്നില്ല …. പൊള്ളയായ വാചകങ്ങളിലൂടെ തന്നെ മണ്ടിയാക്കാൻ നോക്കിയവനെ അകറ്റി നിർത്താനുള്ള തീരുമാനത്തിലേക്ക് ചിന്തകൾ വഴിമാറി സഞ്ചരിച്ചു …..രണ്ടാഴ്ചയ്ക്കു ശേഷം തന്റെ ആധാർ വാങ്ങാൻ വന്ന അനുജിത്തേട്ടനും ആളെ കുറിച്ച് ഒന്നും പറഞ്ഞില്ല …. ഇതെന്തിനാ എന്ന് ചോദിച്ചപ്പോൾ എന്തൊക്കെയോ മുട്ടപോക്ക് കാരണങ്ങൾ മാത്രം പറഞ്ഞു….. പിന്നെയും ദിവസങ്ങൾ കടന്ന് പോയി… പതിവ് ചര്യകളുമായ് ഞാനും….
ഇന്ന് എന്നെ കോളേജിന് മുൻപിൽ വെച്ച ഹരിയേട്ടൻ പൊക്കികൊണ്ടുവന്ന് രജിസ്റ്റർ ചെയ്തപ്പോൾ ഇതുവരെ സ്വരുകൂട്ടി വെച്ച ധൈര്യമെല്ലാം ചോർന്നു പോയിരുന്നു…. സാക്ഷിയായി അനുജിത്തേട്ടനും ഹരിയേട്ടന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു…..
സന്തോഷത്തിൽ നെഞ്ചിൻ താളം ഉയർന്നു നിന്നു….. എന്റെ ജീവൻ…. എന്റെ നിധി….. അത് തനിക്കിന്ന് സ്വന്തമാണ്…. …. വല്ലാത്തൊരനുഭൂതിയിൽ ആറാടി ഉള്ളം…. ആളുടെ കൈയിൽ കൈചേർത്ത് നെഞ്ചിൽ പതുങ്ങി നിന്നു… ഒരു താങ്ങ് കിട്ടിയപോൽ…..
ആൾ എന്നെയും കൊണ്ട് ഒരു ഫ്ലാറ്റിലേക്കാണ് പോയത്…. ഹരിയേട്ടൻ റെന്റിനെടുത്തതാണെന്ന് പറഞ്ഞു… അവിടെ ഏട്ടന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു….. ഒരു കുഞ്ഞു സദ്യ ഒരുക്കിയിരുന്നു അവിടെ….. ആളുടെ കൂടെ സദ്യയൊക്കെ കഴിച്ച് രഹസ്യ കല്യാണം ആഘോഷമാക്കി…
എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഹരി അമ്മുവിനെയും ചേർത്ത് പിടിച്ച് സോഫയിലിരുന്നു…… ആ കൈയിൽ കൈ ചേർത്ത് നെഞ്ചിൽ ചാരി അമ്മു …. ഹൃദ്യമിപ്പോൾ ഇടിച്ചു പൊട്ടുമെന്ന് തോന്നിപോയി രണ്ടുപേർക്കും …. രണ്ടുപേരും അവരവരുടെ ലോകത്തായിരുന്നു…. പ്രണയിതാക്കൾ ആകുന്നതിനുമുൻപ് ഭാര്യ ഭർത്താവ് ആയി………. കാമുകി കാമുകൻമാരാകാനും…..പ്രണയിക്കാനും…. ഇണങ്ങാനും പിണങ്ങാനും ആഗ്രഹിച്ചു പോകുന്നു…..ഹരിയുടെ കൈകൾ അമ്മുവിൽ മുറുകികൊണ്ടിരുന്നു…..
മൗനകളാൽ സംവദിച്ച നിമിഷങ്ങൾ…..
ആഗ്രഹിച്ച ജീവിതം കൈവന്ന സന്തോഷം…… മനസ്സും ശരീരവും ഒരുപോലെ പുഞ്ചിരിക്കുന്നു….. മൗനങ്ങൾക്ക് അവസാനം വിരാമമിട്ടതും ഹരി തന്നെ
“” എന്റെ അമ്മിക്കുട്ടിക്ക് ഇനി എന്നെ പ്രേമിക്കാൻ സമ്മതമല്ലേ??? ഹ്മ്മ്….. നമ്മുക്ക് കുറെ നാൾ ഇങ്ങനെ പ്രേമിച്ച് നടക്കാം…. നഷ്ടപ്പെട്ടുപോയ ദിനങ്ങൾ നേടിയെടുക്കണം അതിനൊക്കെ ശേഷം എല്ലാവരുടെയും അനുഗ്രഹത്തോടെ മതി ഈ ഭർത്താവ് പോസ്റ്റ്…. ഇനി എന്നായാലും നമ്മൾ ഒരുമിച്ച് ആണലോ…. നിന്റെ എഡ്യൂക്കേഷനോക്കെ കഴിഞ്ഞ് ഞാനും ഒന്ന് സെറ്റിൽ ആയ ശേഷം ഞാൻ വീട്ടുകാരെയും കൂട്ടി പെണ്ണ് ചോദിച്ച് വന്ന് എല്ലാവരുടെയും സമ്മതത്തോടെ ഈ കഴുത്തിൽ താലി ചാർത്തും വരെ നമുക്ക് കാമുകി കാമുകൻ ആകാം….. അതുകൊണ്ട് ഇന്നത്തെ രജിസ്റ്റർ മാര്യേജ് നമ്മൾ കുറച്ച് പേരല്ലാതെ വേറെ ആരും അറിയരുത് ട്ടോ വേറെ വേറെ പാർട്ടി ആയോണ്ട് നിന്റെ അച്ഛൻ സമ്മതിക്കുമോ അമ്മിക്കുട്ടി….. ഇനി സമ്മതിച്ചില്ലേൽ കാലുപിടിച്ചെങ്കിലും ഞാൻ സമ്മതിപ്പിക്കും… അത്രയ്ക്ക് ജീവനാ പെണ്ണെ നീ എനിക്ക്…..
ആ വാക്കുകൾ അമ്മുവിന്റെ ഉള്ളിൽ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു….
“” എന്നാലും നിനക്കൊരു നല്ല ഡ്രെസ്സെങ്കിലും ഇടാമായിരുന്നു പെണ്ണെ…..”‘
പറയുമ്പോൾ കുറുമ്പ് നിറഞ്ഞിരുന്നു ഹരിയുടെ ചുണ്ടിൽ
ഒരു കുഞ്ഞു കടി വെച്ചു കൊടുത്തു ഹരിയേട്ടന്റെ നെഞ്ചിൽ…. പറയാതെ കെട്ടിയിട്ട് ഇപ്പോൾ കളിയാക്കുന്നോ…. ശെരിയാണ് ഒരുമാതിരി പട്ടിണികോലം പോലുണ്ട് കാണാൻ…. കുറെ ദിവസമായി ശരീരത്തെയും വസ്ത്രത്തെയും കുറിച്ച് യാതൊരു ശ്രദ്ധയുമില്ലായിരുന്നു….
ശേ…. എന്നാലും എനിക്കൊരു നല്ല ഡ്രെസ്സെങ്കിലും ഇടാമായിരുന്നു…. ഇന്നത്തെ ഫോട്ടോയിലെ എന്റെ കോലം കണ്ടാൽ പെറ്റ തള്ള പോലും തിരിച്ചറിയൂല….കണ്ണുകൾ ചമ്മലാൽ ഇറുക്കിയടച്ചു…..
ഇന്നത്തെ ദിവസം ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു…. ആഗ്രഹിച്ചു നേടിയ സ്നേഹം…..ഗീതുവിനെ അത്രയ്ക്കങ്ങു വിശ്വാസം ഇല്ലാത്തതുകൊണ്ട് വാശി പിടിച്ച് ഈ വിവാഹം നടത്തിയെങ്കിലും ഹരിയേട്ടൻ പറഞ്ഞത് തന്നെ ആയിരുന്നു തന്റെ മനസ്സിലും….. വീട്ടുകാരുടെ അനുഗ്രഹത്തോടെ താലികെട്ടി ജീവിതം തുടങ്ങാം….. അവരൊന്നും ഈ എടുത്തു ചാട്ടം അറിയരുത്…. അത് വരെ ഈ സ്നേഹക്കൂട്ടിൽ ഇങ്ങനെ മതിവരുവോളം സ്നേഹിച്ചുകൊണ്ടിരിക്കാം…..ഒന്നുകൂടി ആ നെഞ്ചിലേക്ക് പതുങ്ങി ഇരുന്നു…….
ഈ മനുഷ്യൻ ഇനി തനിക്ക് സ്വന്തമെന്ന ചിന്തപോലും ആനന്ദം നിറയ്ക്കുന്നു…. കൈകൾ ചേർത്തു പിടിച്ചു….. ശ്വാസനിശ്വാസങ്ങൾ ആ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു….. നെഞ്ചിൽ ചുണ്ടുകൾ ചുണ്ടുകളമർത്തി ….
ഹരിയേട്ടാനൊന്ന് വിറച്ച പോലെ തോന്നി
“”കൺട്രോൾ കളയാതെടി പെണ്ണെ….. എന്നെ നീ ഒരു ബാലൻ കെ നായരാക്കരുത്…. കുറച്ച് നാൾ കൂടി കുഞ്ചാക്കോ ബോബൻ ആകുന്നതാ എനിക്ക് ഇഷ്ടം “‘
ആ വാക്കുകളിലെ ധ്വനി മനസ്സിലായപ്പോൾ ആളെ വിട്ട് മാറി ഇരുന്നു…. വെറുതെ എന്തിനാ ഉറങ്ങികിടക്കുന്ന സിംഹത്തെ വിളിച്ചുണർത്തുന്നത്….
അന്ന് വൈകുന്നേരം വരെ ഫ്ലാറ്റിൽ ഹരിയേട്ടനൊപ്പം ചിലവഴിച്ചു…. ആ നിമിഷങ്ങൾ തിരിച്ചറിവിന്റെ കൂടെ ആയിരുന്നു…. നഷ്ടപ്പെടുത്തിയ വര്ഷങ്ങളുടെ… നല്ല മുഹൂർത്തങ്ങളുടെ യൊക്കെ ..
രാത്രി സ്വന്തം റൂമിൽ വന്ന് കിടന്നപ്പോഴും ഹരിയേട്ടന്റെ ഓർമകളായിരുന്നു…. ആ നെഞ്ചിൽ പതുങ്ങിയിരുന്നത്…. ആ നിശ്വാസങ്ങൾ പുളകം കൊള്ളിച്ചത്….. ആ വാക്കുകളുടെ അർദ്രത…. നെറ്റിയിൽ തുടരെ തുടരെ കിട്ടിയ നേർത്ത ചുംബനങ്ങൾ…. അവസാനം ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ ചുണ്ടിലേക്ക് ചേർന്ന ഹരിയേട്ടന്റെ ചുണ്ടുകൾ…… നഷ്ടപെട്ട നിധി തിരിച്ചുകിട്ടിയ ആനന്ദമായിരുന്നു ആ നിമിഷങ്ങളിൽ…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിന്നീടുള്ള നാളുകൾ അവരുടെ പ്രണയത്തിന്റെതായിരുന്നു…. തീവ്ര പ്രണയത്തിലേക്ക് മനസ്സുകൾ ചുവടുറപ്പിച്ചിരുന്നു…. കൂടുതൽ ഗാഡമായി പ്രണയിക്കാൻ….. ഹൃദയം പകുത്ത് നൽകാൻ… പരസ്പരം തണലാവാൻ ഇരുവരും മത്സരിച്ചു…. ഫോൺ കാളുകളിലൂടെയും മെസ്സേജസുകളിലൂടെയും അവരുടെ പ്രണയത്തിന്റെ പുതു മുകുളങ്ങൾ വിരിയിച്ചു…
കണ്ടു മുട്ടലുകളുടെ എണ്ണം കൂടി….എല്ലാ വീക്കെൻഡ്സും അമ്മുവിനെ കാണാൻ ഹരി എത്തി തുടങ്ങി…. രണ്ടുപേരുമൊരുമിച്ചൊരു പകൽ ചിലവഴിച്ചിരുന്നു… അമ്മുവിനെയും കൊണ്ട് അവർക്കിഷ്ടമുള്ള സ്ഥലങ്ങളിൽ കറങ്ങിയും ഫുഡടിച്ചും അവർ ആസ്വദിച്ചു…….. കവിളിനകളിൽ പതിയുന്ന
നനുത്ത ചുംബനകളിലൂടെയും നേർത്ത തലോടലുകളിലൂടെയും അവർ പ്രണയം കൈമാറികൊണ്ടിരുന്നു….. ഗൗരവക്കാരനായ ഹരിയുടെ ഉള്ളിലെ കുറുമ്പുകളും കുസൃതികളും പുറത്തേക്ക് വന്ന ദിവസങ്ങൾ ആയിരുന്നു അത് …..
കുറച്ച് മാസങ്ങൾക്ക് ശേഷമുള്ളൊരു വീക്കെൻഡ് ഹരിക്ക് പകരം വന്നത് അവന്റെ വീഡിയോ കാൾ ആണ് …
കൈ പ്ലാസ്റ്റർ ചെയ്ത് നെറ്റിയിൽ ബാൻഡേഡുമായി തന്നെ നോക്കി ചിരിക്കുന്ന ഹരിയേട്ടൻ ….. കൈയിലെയും നെറ്റിയിലെയും മുറിവുകൾ കണ്ട് സങ്കടത്തിലാഴ്ന്ന അമ്മുവിന്റെ ഭാവം ദേഷ്യമായി മാറാൻ നിമിഷങ്ങൾ മതിയായിരുന്നു…..
ഗീതുവിന്റെ കൂടെ മോർണിംഗ് വോക്കിനു പോയപ്പോൾ നിയന്ത്രണം തെറ്റി വന്ന ടിപ്പറിൽ നിന്ന് രക്ഷപെടാൻ എടുത്ത് ചാടിയത് പൊന്തക്കാട്ടിൽ…. കുറ്റി കയറി പറ്റിയ മുറിവാ നെറ്റിയിൽ ….. ചാടിയപ്പോൾ കൈ എന്തിലോ ചെന്നിടിച്ചു…. പക്ഷെ ഗീതു സേഫ് ആയി ലാൻഡ് ചെയ്തു….ഗീതുവിന് ഒന്നും പറ്റാതിരുന്നതിലുള്ള സന്തോഷം ഇതൊക്കെ വിശദീകരിക്കുന്നവന്റെ വാക്കുകളിൽ മനസ്സിലായപ്പോൾ സങ്കടം ദേഷ്യത്തിലേക്ക് വഴി മാറി …..
ഹരിക്ക് വരാൻ സാധിക്കാത്തതുകൊണ്ട് തന്നെ നെക്സ്റ്റ് വീക്ക് അമ്മുനാട്ടിലേക്ക് പോയി…. അവളുടെ ഹരിയേട്ടനെ കാണാനുള്ള ആകാംഷയായിരുന്നു മനസ്സ് നിറയെ….. വൈകുന്നേരം വീട്ടിലെത്തിയ അമ്മു ഹരിയുടെ വീട്ടിലേക്ക് പോകാനാവാതെ വീർപ്പുമുട്ടി നിന്നു…. ഉറക്കമില്ലാത്ത രാത്രി ആയിരുന്നു അന്ന് …. തിരിഞ്ഞു മറഞ്ഞു കിടന്ന് നേരം വെളുപ്പിച്ചു… ആ മുറിവുകളിൽ തലോടാൻ… സാന്ത്വനിപ്പിക്കാൻ….. നെറ്റിയിൽ ചുണ്ടുകൾ ചേർക്കാൻ…. ചേർത്ത് നിർത്താൻ ഹൃദയം കൊതിച്ചു…..
രാവിലെ അമ്മയോട് പറഞ്ഞ് ഹരിയുടെ വീട്ടിലേക്ക് പോയ അമ്മുവിനെ എതിരെറ്റത് ഹരിയ്ക്ക് ഫുഡ് വായിൽ വെച്ചു കൊടുക്കുന്ന ഗീതുവാണ്…….
ഭക്ഷണം വാരികൊടുക്കുന്ന ഗീതുവും അത് ആസ്വദിച്ചു കഴിക്കുന്ന ഹരിയേട്ടനും ഇതെല്ലാം കണ്ട് പുഞ്ചിരിക്കുന്ന ദേവകിയമ്മയും….
അമ്മുവിനെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി വീണ്ടും ഹരിയുടെ കാര്യങ്ങളിലേക്ക് ശ്രദ്ധകൊടുക്കുന്ന ഗീതുവിനെ ആസ്വസ്ഥതയോടെ നോക്കി അമ്മു…. ദേവകിയമ്മയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോഴും കണ്ണുകൾ അവരിൽ ആയിരുന്നു….
ഹരിയേട്ടന്റെ കണ്ണുകൾ എന്റെ നേർക്കാണ്… പ്രതീക്ഷിക്കാതെ എന്നെ കണ്ടതിലുള്ള ആനന്ദം ആ കണ്ണുകളിൽ ഒളിഞ്ഞിരിപ്പുണ്ട്…
കുറുമ്പ് വിരിയുന്നുണ്ട് ആ മുഖത്ത്….. ചെറുപുഞ്ചിരിയോടെ എന്നെ ഉറ്റുനോക്കുന്നവന്റെ ഭാവങ്ങൾ പക്ഷെ തനിക്ക് ആസ്വദിക്കാനാവുന്നില്ല….. ഗീതുവിനെ കാണുമ്പോഴൊക്കെ പേരറിയാത്തൊരു ഭയം വന്ന് മൂടുന്നുണ്ട് എനിക്ക്…..
അമ്മുവിന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾ വല്ലാതെ ആസ്വസ്ഥയാണെന്ന് ഹരിക്ക് മനസ്സിലായിരുന്നു…. ഗീതുവായിരിക്കും കാരണം… ആദ്യമേ അവൾക്ക് ഇഷ്ടപെടാത്ത ഒരാൾ ഗീതുവാണ്…. ഗീതുവിനെ എങ്ങനെ ഞാൻ ഒഴിവാക്കും…. കാമുകിക്ക് വേണ്ടി ആത്മമിത്രത്തെ തള്ളികളയാൻ ആകുമോ…. പറഞ്ഞു മനസ്സിലാക്കാൻ അല്ലെ പറ്റൂ…… ആളുകൾ അടുത്തുള്ളതുകൊണ്ട് ചേർത്ത് നിർത്താനോ പരിഭവം അലിയിച്ചു കളയാനോ ആകാതെ അവൻ വിഷമിച്ചു….
അമ്മുവിന്റെ കണ്ണുകൾ അവിടെ നിന്ന് ഇറങ്ങും വരെ ഗീതുവിൽ തന്നെ ആയിരുന്നു…. ഒരു പ്രണയിനിയുടെ ചേഷ്ടകളെല്ലാം തന്നെ ഗീതുവിൽ കാണുന്നുണ്ടായിരുന്നു…. ഹരിയേട്ടനു ഇത് മനസ്സിലാകാത്തതാണോ അതോ മനസ്സിലാകുന്നില്ലെന്നു അഭിനയിക്കുന്നതാണോ….. അവിടെ അധികം നിൽക്കാൻ താല്പര്യപ്പെടാതെ അമ്മു വീട്ടിലേക്ക് മടങ്ങി….
മനസ്സ് വല്ലാതെ ആസ്വസ്ഥമായിരുന്നു…. ഗീതുവിന്റെ പെരുമാറ്റം… അത് ഒരു സുഹൃത്തിന്റേതല്ല…. തന്റെ സ്വന്തം എന്ന ഭാവമാണ് അവളുടെ ഓരോ പ്രവർത്തിയിലും……
ഫോൺ റിങ് ആണ് ചിന്തയിൽ നിന്നുണർത്തിയത്….
ഹരിയേട്ടനാണ്
“”അമൂസേ…… എന്നെ കാണാൻ വന്നിട്ട് എന്നോടൊരു വാക്കുപോലും സംസാരിക്കാതെ എന്റെ അമ്മിക്കുട്ടി എന്താ വേഗം പോയെ…. നിന്നെ കണ്ട് മതിയായില്ല പെണ്ണെ….. ഒന്നിങ്ങു വാടാ…..””
ഹരിയുടെ കൊഞ്ചിയുള്ള സംസാരം അവളിൽ പക്ഷെ ദേഷ്യം കൂട്ടുകയാണ് ചെയ്തത് ….
“” എന്തെ ഗീതുവിനെ കണ്ട് മതിയായോ…. അവളടുത്തുള്ളപ്പോൾ എന്നെയൊന്നും കണ്ണിനുപിടിക്കുന്നുണ്ടായിരുന്നില്ലല്ലോ…. ഇനിയും കാണണമെങ്കിൽ അവളെ തന്നെ വിളിക്ക്. ഞാൻ എന്റെ അച്ഛനേം അമ്മേനേം കാണാൻ വന്നതാ…. എനിക്ക് ഇഷ്ടമില്ലാത്ത കാഴ്ചകൾ കാണാൻ വീണ്ടും വരില്ല…. ഫോൺ വെച്ചിട് പോകാൻ നോക്ക് “”
“” എന്താടാ ഇത്…. ഗീതു എന്റെ ഫ്രണ്ട് അല്ലെ… എത്ര തവണ ഞാൻ പറഞ്ഞു തന്നു ഇത്…. നീ എന്താ ഇങ്ങനെ അമ്മു… നിനക്ക് എന്നെ സംശയമാണോ…. ഇപ്പോഴും എന്റെ സ്നേഹത്തിൽ വിശ്വാസമില്ലേ….. “‘
ദയനീയമായിരുന്നാ വാക്കുകൾ
“” ഹരിയേട്ടൻ ശെരിക്കും പൊട്ടനാണോ… അതോ പൊട്ടനായി അഭിനയിക്കുവാണോ എന്ന് എനിക്ക് അറിയില്ല….. ഞാൻ അവളിലൊരു പ്രണയിനിയെ കാണുന്നുണ്ട്…. എന്റെ നിധിയെ തട്ടിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന ഭൂതമാണവൾ……അതുകൊണ്ട് തന്നെ നമ്മുടെ ലൈഫ് ൽ അവളെ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല… ഞങ്ങളിൽ ആര് വേണമെന്ന് ഹരിയേട്ടന് തീരുമാനിക്കാം…. “‘
അമ്മുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു….
ഗീതുവിനെ ഭൂതമെന്ന് വിളിച്ചത് ഹരിയെയും ചൊടിപ്പിച്ചു……
“” കാമുകിക്ക് വേണ്ടി ആത്മമിത്രത്തെ കളയാൻ മാത്രം പെൺകോന്തനായിട്ടില്ല ഈ ഹരികൃഷ്ണൻ….. അമൃതയ്ക്കു തീരുമാനിക്കാം കാര്യങ്ങൾ….. സുഹൃത്തിനെ കളഞ്ഞ് അമൃതയെ സ്വീകരിക്കാൻ ഞാൻ തയ്യാറല്ല…. നിന്നെപ്പോലെ ഗീതുവും എന്റെ ജീവിതത്തിന്റെ ഭാഗമാണ്…. അവൾ മാത്രമല്ല എന്റെ എല്ലാ സുഹൃത്തുക്കളും…..”‘
അവന്റെ വാക്കുകൾ ശെരിക്കും നടുക്കമാണ് അമ്മുവിൽ സൃഷ്ടിച്ചത്…. ഗീതുവിന് വേണ്ടി തന്നെ വേണ്ട എന്ന് വെക്കാൻ മാത്രം ഇത്രയേ ഉണ്ടായിരുന്നുള്ളോ ആ നെഞ്ചിൽ എന്നോടുള്ള സ്നേഹം…….. ഗീതുവിനെ ചേർത്ത് നിർത്തികൊണ്ടോരു സ്നേഹം എനിക്കും വേണ്ട……
“” lets breakup “”
കാൾ കട്ട് ചെയ്ത് ഭിത്തിയിൽ ചാരി നിലത്തേക്ക് ഊർന്നിരുന്നു അമ്മു…. കണ്ണുകൾ തോരാതെ…. നെഞ്ചിൻ പിടപ്പ് നിയനന്ത്രിക്കാനാവാതെ തരിച്ചിരുന്നു….
ചിന്തകൾ അധികരിച്ചപ്പോൾ ഫോൺ സൈലന്റ് മോഡിലിട്ട് വീട്ടിൽ തന്നെ വെച്ച് അച്ഛന്റെ കടയിലേക്ക് പോയി….
അച്ഛനും അപ്പുവുമായി സമയം ചിലവഴിച്ചപ്പോൾ അത്ര സമയമുണ്ടായിരുന്ന വീർപ്പുമുട്ടൽ ഒഴിഞ്ഞു മാറിയപോലെ തോന്നി…. എന്തായാലും ഗീതു ഞങ്ങൾക്കിടയിൽ ഇനി ഉണ്ടാകാൻ പാടില്ല… അതിനല്പം വാശി പിടിച്ചാലും പിണങ്ങിയിരുന്നാലും സാരില്ല…. അവളെ ഒഴിവാക്കാൻ ആയാൽ മതി…..
സന്ധ്യ കഴിഞ്ഞിരുന്നു അവൾ തിരിച്ച് വരുമ്പോൾ…. ഭക്ഷണമൊക്കെ കഴിഞ്ഞ്
രാത്രി ഉറങ്ങാൻ റൂമിലേക്ക് വരുമ്പോൾ മാത്രമാ പിനീട് ഫോൺ എടുത്ത് നോക്കുന്നത്….
ഹരിയേട്ടന്റെ 100 അധികം മിസ്സ് കാൾസും അമ്പത്തിലധികം മെസ്സേജസ്സും….
പ്രതീക്ഷിച്ചിരുന്നു…..
പുഞ്ചിരി വിരിഞ്ഞാ ചുണ്ടുകളിൽ….. വിജയത്തിന്റെ പുഞ്ചിരി…..
തുടരും

by