മോഹം പോലെ : ഭാഗം 10

രചന – അഹം

രാത്രി ജനലൊരം ആകാശത്തെ നക്ഷത്രങ്ങളെ നോക്കി നിക്കുവാണ് അമ്മു…..കണ്ണുകൾ അവിടെ ആണെങ്കിലും മനസ്സ് പല ചിന്തകളിലൂടെ പാറിപറക്കുവാണ്….എത്ര വേഗമാണ് ജീവിതം മാറി മറഞ്ഞത്…. മറ്റെന്നാൾ തന്റെയും ഹരിയേട്ടന്റെയും കല്യാണമാണ്…. അമ്പല നടയിൽ വെച്ച് ദൈവത്തെയും വീട്ടുകാരെയും നാട്ടുകാരെയും സാക്ഷി നിർത്തി താലി അണിയിക്കും….. വീണ്ടുമൊരു കൂടി ചേരൽ കൂടി……. കാലത്തിന്റെ കുസൃതികൾ…….കൗമാര കാലം തൊട്ട് സ്വപ്നം കണ്ടു തുടങ്ങിയവൻ മറ്റൊരുവളുടേതാണെന്ന് അറിഞ്ഞ് ഒഴിഞ്ഞു മാറിയിട്ടും തനിക്കായി വീണ്ടും കൊണ്ടുതന്നു…. തന്റേതെന്ന് ഊട്ടി ഉറപ്പിച്ച് ജീവിച്ചു തുടങ്ങിയപ്പോൾ തന്നിൽ നിന്നും അകന്ന് പോയി….. എല്ലാം മറന്ന് മുൻപോട്ടേക്ക് പോകുമ്പോൾ വീണ്ടും അപ്രതീക്ഷിതമായി തിരിച്ചു കിട്ടി….. ഇതിൽ തളർന്നതും വേദനിച്ചതും താൻ മാത്രം….. ആരോടും ഒന്നും തുറന്ന് പറയാനാവാതെ നീറി ജീവിച്ച വർഷങ്ങൾ തനിക്ക് മാത്രം സ്വന്തം….. കുറ്റബോധത്താൽ തല ഉയർത്താനാവാതെ…. സത്യങ്ങളുടെ ഭാണ്ഡം പേറി….. പ്രണയം തീർത്ത ഇരുട്ടറയിൽ ജീവിച്ചു തീർത്ത എത്ര എത്ര പകലുകൾ……. ഒരു ചുമരിനുള്ളിൽ ശബ്ദമില്ലാതെ അലമുറയിട്ട് തലയിണയോട് ദുഃഖങ്ങൾ പങ്കുവെച്ച് നേരം പുലർത്തിയ എത്ര എത്ര രാവുകൾ…… ഈ ദിവസങ്ങളെല്ലാം തനിക്ക് നൽകിയത് ഹരിയേട്ടനാണ്….. എന്നിട്ടും താൻ എന്തുകൊണ്ട് അയാളോട് ക്ഷമിച്ചു…. എന്തുകൊണ്ട് വെറുക്കപെട്ടവനാകുന്നില്ലാ…… കാരണം ഹരിയേട്ടനെന്റെ ആത്മാവാണ് ….. എന്നിലെ ഓരോ അണുവിലും നിറഞ്ഞു നില്കുന്നത് ഹരിയേട്ടനോടുള്ള പ്രണയം മാത്രമാണ്…… അതിൽനിന്നൊരു മോചനമുണ്ടാവില്ലെനിക്ക്

ഹരിയേട്ടനെ മറന്ന് പുതിയൊരു അമൃതയെ സൃഷ്ടിക്കാൻ കോഴിക്കോട്ടേക്ക് വണ്ടി കയറിയ അമൃത തിരിച്ചു വന്നത് പോലും അമൃത ഹരികൃഷ്ണൻ ആയിട്ടാണ് ….. മുളപൊട്ടിയ പ്രണയം പൂത്തുതളിർത്തത് ആ കാലഘട്ടത്തിലാണ്…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എന്റെ മാറ്റങ്ങളുടെ….. പ്രണയത്തിന്റെ…. പിണക്കത്തിന്റെ……ദാമ്പത്യത്തിന്റെ….. വിരഹങ്ങളുടെ….. കഥകൾക്ക് സാക്ഷ്യം വഹിച്ചത് കോഴിക്കോടാണ്‌…… ഹരിയേട്ടനെയും എന്നെയും ഒന്നാക്കിയ പിജി പഠനകാലം…… ഞങ്ങൾക്കുള്ളിലെ പ്രണയത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച കാലം …. ഇരുവഴിയിൽ നിന്ന് ഒരുവഴിയായി ഒന്നായൊഴുകിയ കാലം….. ഞങ്ങളുടെ അതിമനോഹരമായ പ്രണയകാലം……..

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ M Com പഠനകാലം…. പുതിയ നാട്…. പുതിയ ആൾക്കാർ…. പുതിയ സംസ്കാരം…. എല്ലാം പുതുമയെറിയ ചിത്രങ്ങൾ ….

ഹോസ്റ്റലിൽ നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ കോളേജിനടുത്തുള്ള ഒരു വീട്ടിനുമുകളിൽ പേയിങ് ഗസ്റ്റ് ആയി താമസം തുടങ്ങി… കൂടെ ആ കോളേജിൽ തന്നെ ഉള്ള വേറെ ഡിപ്പാർട്മെന്റിലെ രണ്ട് കുട്ടികളും….

പതിനഞ്ച് കുട്ടികളായിരുന്നു ക്ലാസ്സിൽ…. അതിൽ നാല് ബോയ്സും ബാക്കി ഗേൾസും…… നല്ല ഫ്രണ്ട്‌ലി ആയ ക്ലാസ്സ്‌മേറ്റ്സ്…… വീക്കെൻഡ്സ് ബീച്ചും… മാളും…. ടൂറിസ്റ്റ് സ്പോട്സുമൊക്കെ കറങ്ങി നാട്ടിലേക്ക് അധികം പോകാതെ നിന്നു…… ഫ്രണ്ട്സിന്റെ കൂടെ ഉള്ള ആ ദിവസങ്ങളിൽ പതിയെ പതിയെ എന്റെ നെഞ്ചിലെ കുഞ്ഞു നോവ് കൂടി മാഞ്ഞു പോയി……..ഹരിയേട്ടനെയും ഗീതുവിനെയും ചേർത്ത് നിർത്തുന്ന മനസ്സെന്നിൽ രൂപപ്പെട്ടു….

രണ്ടു മാസങ്ങൾ കടന്ന് പോയി…. പഠനം നല്ല രീതിയിൽ മുൻപോട്ട് പോയി…. ഓർക്കാൻ ഇഷ്ടപെടാത്ത ഓർമകളെ പൂട്ടിവെക്കാൻ ഈ കാലയളവിൽ പഠിച്ചു അല്ല പഠിച്ചെന്ന് തെറ്റി ധരിച്ചു….. ധാരണകൾ തെറ്റാണെന്നു മനസ്സിലാക്കാൻ ഒരു നിമിഷം മതിയായിരുന്നു …..ഹരിയേട്ടൻ തനിക്ക് മുൻപിൽ വന്ന ആ ഒരു നിമിഷം…..

ഉച്ചയ്ക്ക് ശേഷം ലാസ്റ്റ് ഹൗർ ഫ്രീ ആയതുകൊണ്ട് ബാഗുമെടുത്ത് ക്ലാസ്സിൽ നിന്ന് ഇറങ്ങി….. കോളേജ് ഗ്രൗണ്ടിലൂടെ ഗേറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ ആരോ അടുത്തേക്ക് ഓടി വരുന്നത് പോലെ തോന്നിയത്…. തിരിഞ്ഞു നോക്കിയപ്പോൾ ഒന്നമ്പരന്ന് പോയി….

“” ഹരിയേട്ടൻ…. “‘ ചുണ്ടുകൾ മന്ത്രിച്ചു

കണ്ണുകൾ വിടർന്നു…. ശ്വാസം വിലങ്ങി…. ഹൃദയമിടിപ്പ് വർധിച്ചു…. കവിളുകൾ തുടുത്തു…… പതിയെ ഒരു പുഞ്ചിരി വിടർന്നു ചുണ്ടിൽ…..

എന്നിലെ മാറ്റം എനിക്ക് തന്നെ അവിശ്വസനീയമായിരുന്നു…. എല്ലാം മറന്നെന്ന പോലെ അഭിനയിച്ച മനസ്സിനെ ഒരു മാത്ര വെറുത്തു പോയി… അപ്പോൾ ഇതുവരെ ഞാൻ അണിഞ്ഞത് പോയ്‌ മുഖമായിരുന്നോ??…. ഹരിയേട്ടൻ…. എന്റെ ആത്മാവ്….. അത് എന്നിൽ തന്നെ ഉണ്ടായിരുന്നു…..

“”അമ്മു…. ഡി….. നീ ഇത് ഏത് ലോകത്താ….””
മുന്നിൽ വന്ന് നിന്ന് വിരൽ ഞൊട്ടി വിളിച്ചു ഹരിയേട്ടൻ….

“” അത്… അത് പിന്നെ…… ഹരിയേട്ടൻ എന്താ ഇവിടെ?? ആ മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു….

“”ഞാൻ അനുജിത്തിനെ കാണാൻ വന്നതാ… ഇവിടെ പിജി ലാസ്റ്റ് ഇയർ ആണ്. ഫ്രണ്ടിന്റെ അനിയനാ…. പാർട്ടി യുമായി ബന്ധപ്പെട്ട് ചില്ലറ പ്രവർത്തനങ്ങൾ….. ഹാ… അത് വിട്… നിനക്ക് സുഖമാണോ ഇവിടെ??

തന്റെ വിശേഷങ്ങൾ അറിയാനുള്ള ഒരു ആകാംഷ ആ മുഖത്തുള്ളത് പോലെ…… ഇനി അത് ആഗ്രഹിക്കുന്ന ഒരു മനസ്സുള്ളതുകൊണ്ടുള്ള എന്റെ തോന്നൽ ആണോ…

“” സുഖമാണ് ഹരിയേട്ടാ…. നല്ല കോളേജ്… നല്ല ഫ്രണ്ട്‌സ്…. ഗുഡ് ടീച്ചേർസ്…. നല്ല അന്തരീക്ഷം…. എല്ലാം കൊണ്ടും ഇവിടെ ഹാപ്പി ആണ്…. “”

“‘എന്നാലും നിനക്ക് നാട്ടിൽ നമ്മുടെ കോളേജിൽ തന്നെ പഠിച്ചാൽ മതിയായിരുന്നു…. ഇവിടെ വന്നേൽ പിന്നെ നീ നാട്ടിലേക്കും അങ്ങനെ വരാറില്ലല്ലോ….”” ഇത്തിരി പരിഭവം ഉണ്ടായിരുന്നാമുഖത്ത്…

ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി….

ഹരിയേട്ടന്റെ കണ്ണുകളും എന്റെ നേർക്കാണ്… തന്റെ മുഖമാകെ ഓടിനടന്ന് ഓരോന്നും ആ ഹൃദയത്തിലേക്ക് പകർത്തിവെക്കുന്ന പോലെ………

ആ നോട്ടത്തിൽ ശരീരമാകെ പുതു വികാരങ്ങൾ നിറയുന്നു……. മനസ്സ് ഒരു ചിത്രശലഭം പോലെ ഹരിയേട്ടന് ചുറ്റും പാറിപറന്നു…. ആ തേൻ ചുണ്ടുകളിൽ നിന്ന് മധുനുകരാനത് ശ്രമിച്ചുകൊണ്ടിരുന്നു….

ശേ…. ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നേ..
തലയൊന്ന് കുടഞ്ഞു…..

“”ഗീതുവിന് സുഖമല്ലേ ഹരിയേട്ടാ…”‘

ആളൊന്ന് ഞെട്ടിയോ… ഇനി എന്നെ പോലെ ഹരിയേട്ടനും വേറെ ലോകത്തായിരുന്നോ…

എ… എന്താ… ചോദിച്ചേ??

“”ഒന്നുമില്ല….. ഇന്ന് തിരിച്ചു പോകുന്നുണ്ടോ??? “”
അവളെക്കുറിച്ചു അറിയേണ്ടെന്ന് തോന്നി വിഷയം മാറ്റി….

“” മം….പോകണം… എന്തായാലും വന്ന കാര്യം നടന്നാലോ…. ഇനി സമാധാനത്തോടെ പോകാം…. ഒരു കള്ള ചിരിയോടെ പറഞ്ഞു..

“” ബിസി അല്ലെങ്കിൽ നമുക്ക് കുറച്ച് നടക്കാം അമ്മു… “”
എന്തോ ആ നിമിഷം ആളുടെ കൂടെ ചിലവഴിക്കാനാഗ്രമുള്ളതുകൊണ്ട് തലകുലുക്കി കൂടെ നടന്നു….

വീട്ടു വിശേഷങ്ങളും നാട്ടുകാര്യങ്ങളുമൊക്കെ സംസാരിച്ച് ഞാൻ താമസിക്കുന്ന വീട്ടിനുമുൻപിൽ എത്തിയതറിഞ്ഞില്ല….. എത്ര വേഗമാണ് നിമിഷങ്ങൾ കടന്ന് പോയത്…. എപ്പോഴും ഗൗരവത്തോടെ മാത്രം നോക്കുന്ന ഹരിയേട്ടന്റെ കണ്ണുകളിൽ ഇന്ന് കുസൃതി നിറഞ്ഞിരുന്നു…. ചിരിക്കാൻ മടിച്ചിരുന്ന ആ ചുണ്ടുകളിൽ ഇന്ന് ചിരി മാഞ്ഞിരുന്നില്ല….
കുട്ടിക്കാലത്തിന് ശേഷം ഇന്നാണ് ഹരിയേട്ടൻ എന്നോട് ഇത്രയധികം സംസാരിക്കുന്നത്…. എന്തോ വല്ലാത്തൊരു സന്തോഷം വന്ന് മൂടുന്നു…..

ഗേറ്റിനഅടുത്ത് കുറച്ച് നിമിഷങ്ങൾ മൗനമായി നിന്നു… പറയാൻ വാക്കുകൾ കിട്ടാതെ കണ്ണുകളാൽ ഒരായിരം കാര്യങ്ങൾ കൈമാറി….അവസാനം ഹരിയേട്ടൻ തന്നെ മൗനം വെടിഞ്ഞു…..

“” അമ്മു ഇനി എല്ലാ വീക്കെൻഡ്സും നാട്ടിൽ വരണം…. എല്ലാവർക്കും നിന്നെ കാണണം……..എനിക്കും…. കാത്തിരിക്കും …. “”

കവിളിൽ തഴുകി കണ്ണുകൾ ചിമ്മി ആൾ യാത്ര പറഞ്ഞുപോയിട്ടും എന്റെ കാലടികൾ ഉറച്ചിരുന്നു…. അണുവിട ചലിക്കാതെ ഹരിയേട്ടൻ മറയുന്നത് വരെ ഉറ്റുനോക്കി….എന്താണ് ഹരിയേട്ടൻ പറഞ്ഞതിനർത്ഥം …. ആൾ എന്നെ കാത്തിരിക്കുന്നുണ്ടെന്നോ…. കാണാൻ കൊതിയാകുന്നുണ്ടെന്നോ….. ആ വാക്കുകൾ നൽകിയ സന്തോഷത്തിന് അതിരില്ലായിരുന്നു…..

അന്ന് മുഴുവൻ ഞാനൊരു മായാലോകത്തായിരുന്നു…. അതിൽ ഞാനും ഹരിയേട്ടനും മാത്രം…. ഒരിക്കൽ മറവിയിലേക്ക് മാഞ്ഞുപോയ രാജകുമാരൻ വീണ്ടും സ്വപ്നത്തേരിലേറി പറന്നടുക്കുന്നു….. ആ കൈകളിലേക്ക് കൈ ചേർത്ത് പറക്കാൻ ഉള്ളം വെമ്പി…… പ്രണയത്തിന്റെ കൊട്ടാരത്തിൽ ഒന്നിച്ചു രാപർക്കാൻ….. പരസ്പരം പങ്കുവെക്കാൻ…. ഒന്നായൊഴുകാൻ….. ആത്മാവിൽ കുടിയിരുത്താൻ….. ഒരായിരം കഥകൾ കൈമാറാൻ….. അങ്ങനെ അങ്ങനെ ഒരായിരം സ്വപ്നങ്ങൾ നെയ്തെടുക്കാൻ….

പക്ഷെ ഗീതു……..അവരുടെ പ്രണയം…… അവരുടെ ജീവിതം…… വീണ്ടും അവരൊന്നിച്ചുള്ള ചിത്രം കൂടുതൽ മിഴിവോടെ രാജകുമാരൻ പിൻതള്ളി മുൻപിലേക് വന്നു….. മാസങ്ങൾക്ക് മുൻപ് കോളേജ് വരാന്തയിൽ ചേർന്ന് നിൽക്കുന്ന ഹരിയേട്ടനും ഗീതുവും….

കുറച്ച് സമയം കൊണ്ട് താൻ പടുത്തുയർത്തിയ പ്രണയകൊട്ടാരം….. അത് വെറും ചില്ലുകൊട്ടാരമായിരുന്നു…. അനേകായിരം കഷ്ണങ്ങളായി ചിതറി തെറിക്കുന്ന പളുങ്ക് കൊട്ടാരം

കണ്ണുകൾ നിറഞ്ഞു…. കൈകൾ വിറപൂണ്ടു….. ചുണ്ടുകൾ വിതുമ്പി…… അടക്കി നിർത്താനാവാത്ത ഹൃദയവും താഴിട്ടുപൂട്ടാനാവാത്ത മോഹങ്ങളും എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു….

തന്റെ സ്വപ്നവും യഥാർഥ്യവും സാമാന്തര രേഖകളാണ്…. ഒരിക്കലുംഒന്നുചേരില്ല……… അറിയാം…..എന്നാലും ഇനി ഞാൻ മറക്കാൻ ശ്രമിക്കില്ല…. അത് പരാജയപ്പെടും…. ഒരു മാത്ര കണ്ടപ്പോഴുണ്ടായ തന്റെ മാറ്റം മാത്രം മതി തന്റെ ഉള്ളിൽ ഹരിയേട്ടന്റെ ആഴം തിരിച്ചറിയാൻ…. ആരുമറിയാതെ അത് ഉള്ളിൽ കാത്തുസ്സൂക്ഷിക്കും…. ഊതി കാച്ചി ഉരുക്കി ഒരു കുഞ്ഞു സ്വർണതകിടായി ഉള്ളറയിൽ തളച്ചിടും…..

പിന്നീടുള്ള ദിവസങ്ങളൊക്കെ ഹരിയേട്ടന്റെത് ആയിരുന്നു…. ഓരോ നിമിഷവും ആ ഓർമകളിൽ ജീവിച്ചു….. പ്രണയിച്ചുകൊണ്ടേ ഇരുന്നു ….. ഓരോ നിമിഷവും കാത്തിരുന്നു…. ഞാൻപോലുമറിയാതെ എൻ ഉള്ളം …….

ഹരിയേട്ടൻ വന്നുപോയിട്ട് ഒരു മാസമായി….. കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുനെങ്കിലും ഇനി കാണരുതെന്ന് ഉള്ളം വിലക്കി …. ചിലപ്പോൾ ഇനി കണ്ടാൽ എന്റെ ഹൃദയം ഹരിയേട്ടനു മുൻപിൽ തുറന്ന് പോകും…. അത് വേണ്ട….. എന്നും എന്നുള്ളിൽ അത് ഭദ്രമായിരിക്കട്ടെ അതുകൊണ്ട് തന്നെ നാട്ടിലേക്ക് പോകാതിരുന്നു….

ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് അനുജിത്തേട്ടൻ അങ്ങോട്ട് വന്നത്…. ആള് എന്നോട് വെളിയിൽ വരാൻ പറഞ്ഞിട്ട് പുറത്തേക്ക് പോയി

ഇതുവരെ നോക്കുകയോ ഒരു വാക്കുപോലും ഉരിയാടുകയോ ചെയ്യാത്ത മനുഷ്യൻ എന്തിനാവോ വിളിച്ചത്…. പുറത്തിറങ്ങി ആളുടെ അടുത്തേക്ക് ചെന്ന് മുഖത്തേക്ക് നോക്കി..

“” അമ്മുവിനെ കാണാൻ കോളേജ് ഗേറ്റ് നു പുറത്ത് ഹരിയേട്ടൻ വന്ന് നിൽപ്പുണ്ട്… ഒന്ന് പോയി കാണണം…. തന്നോട് ഇത് പറയാൻ എന്നെ ഏല്പിച്ചതാ “‘ എന്റെ ബാഗ് കൈയിൽ തന്നുകൊണ്ടാണ് പറച്ചിൽ……

ഇയാളിതെപ്പോഴാ എന്റെ ബാഗൊക്കെ ക്ലാസ്സിൽ നിന്ന് എടുത്തത്…. ഹരിയേട്ടൻ എന്തിനാ എന്നെ കാണുന്നെ…. ഇനി കാണണമെങ്കിൽ തന്നെ എന്തിനാ ബാഗൊക്കെ എടുത്ത് പോകുന്നെ…. ശേ… ഇത് ആകെ കൺഫ്യൂഷൻ ആയല്ലോ…
എന്നെ ഒന്ന് നന്നാക്കാനും സമ്മതിക്കില്ലെ എന്റെ മുത്തപ്പാ…..

കോളേജ് ഗേറ്റ് കടന്ന് കുറച്ചുകൂടി മുന്പോട്ട് നടന്നപ്പോൾ ഒരു ചുവന്ന ഹ്യുണ്ടായ് i 10 നും ചാരി എന്നെ തന്നെ നോക്കി നിൽപ്പുണ്ട് കക്ഷി…. മുഖം കടന്നൽ കുത്തിയപോലെ വീർത്തിരിപ്പുണ്ട്….. കഴിഞ്ഞ തവണ പുഞ്ചിരി മത്സരത്തിന് വന്ന ആളാണെന്ന് കണ്ടാൽ പറയുവോ….. എജ്ജാതി വീർക്കലാ വീർപ്പിച്ചേക്കണേ….. ഇനി രണ്ടും അടിച്ച് പിരിഞ്ഞോ …. പിരിഞ്ഞാൽ മതിയായിരുന്നെന്റെ മുത്തപ്പാ…. ഞാൻ കൊടുത്തെന്നല്ലോ ഫ്രീ ആയിട്ടൊരു ജീവിതം….

നടന്ന് ആളുടെ അടുത്തെത്തി…. മുഖത്തേക്ക് നോക്കിയപ്പോൾ ഇത്ര നേരം നോക്കിയിരുന്ന മനുഷ്യനതാ ഇതുവരെ കാണാത്ത പോലെ പ്രകൃതി രാമണീയത ആസ്വദിക്കുന്നു….

ഉചിയിൽ നിന്ന് ദേഷ്യം വന്നെങ്കിലും ഒരു ചിരി വരുത്തി വിളിച്ചു…

“” ഹരിയേട്ടനെന്തിനാ കാണണം എന്ന് പറഞ്ഞേ ??…. “”

മുഖത്തേക്കൊന്ന് രൂക്ഷമായി നോക്കി ഒന്നും പറയാതെ എന്റെ കൈപിടിച്ച് കാറിന്റെ ഡോർ തുറന്ന് കൊ ഡ്രൈവിംഗ് സീറ്റിൽ പിടിച്ച് ഇരുത്തി…. തിരിച്ചിറങ്ങാൻ ആഞ്ഞ എന്നെ ഷോൾഡറിൽ പിടിച്ചമർത്തി ഇരുത്തി….

“” അമ്മു നീ ഇറങ്ങാൻ ശ്രമിച്ചാൽ ഇതുവരെ കാണാത്ത ഹരിയെ നീ കാണേണ്ടി വരും “‘ കൈ ചൂണ്ടി പറയുമ്പോൾ അതിൽ ദേഷ്യത്തെക്കാൾ വേദന മുന്നിട്ട് നിന്നിരുന്നു… പക്ഷെ എന്തിന്……???

ഹരിയേട്ടൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് കാർ മുൻപോട്ടേക്കെടുത്തു….. സിറ്റിയിൽ നിന്ന് നാട്ടുവഴിയിലേക്കു കാർ കടന്നു…. നിമിഷങ്ങൾ കഴിഞ്ഞിട്ടും ആൾ എന്നെ നോക്കുകയോ ഒരക്ഷരം മിണ്ടുകയോ ചെയ്തിട്ടില്ല….. ആരോടോ ഉള്ള ദേഷ്യം തീർക്കുന്ന പോലെയാണ് ഡ്രൈവിംഗ് പോലും… സഹികെട്ട് ഞാൻ വിളിച്ചു….

“” ഹരിയേട്ടാ…. ഇതെങ്ങോട്ടാ പോകുന്നെ?? എന്തിനാ കാണണമെന്ന് പറഞ്ഞേ… “‘ ആളുടെ ഇടത്തെ കൈയിൽ കുലുക്കി വിളിച്ചിട്ടും ഉത്തരം ഇല്ല….

പിന്നെയും പിന്നെയും ചോദിച്ചു…. ആൾക്ക് ഒരു കുലുക്കവുമില്ല….. റോഡിൽ പെറ്റ്കിടക്കുവാ കണ്ണ്…. സങ്കടം വന്ന് തുടങ്ങിയിരുന്നു എനിക്ക്…

“” ഡോ കുറെ നേരമായി തന്നോട് ഞാൻ ചോദിക്കുന്നു…. ഇനി ഉത്തരം പറഞ്ഞില്ലേൽ ഞാൻ ഈ ഡോർ തുറന്ന് പുറത്തേക് ചാടും… “‘

എവിടെ…. പറഞ്ഞ് എന്റെ നാവിലെ വെള്ളം വറ്റിയതല്ലാതെ ആൾ നോക്കുന്നു പോലുമില്ല….. സമയം പിന്നെയും കടന്ന് പോയി.കുറെ ദൂരം പിന്നിട്ടിരിക്കുന്നു…. ആളുകൾ അധികം ഇല്ലാത്ത വഴി…. പെരുവണ്ണാമൊഴി ഡാം 10 കെഎം ahead…. പോകുന്ന വഴിയിൽ ബോർഡ്‌ കണ്ടു…. ഇത് ഏതു സ്ഥലമാണോ എന്തോ….

സങ്കടം ഭയത്തിലേക്കും അതിൽ നിന്ന് ദേഷ്യത്തിലേക്കും വഴിമാറികൊണ്ടിരുന്നു …..

“” നിങ്ങളുടെ ഉദ്ദേശമെന്താ…. കുറെ നേരമായി ഞാൻ ചോദിക്കുന്നു…. പരിചയമുള്ള ആളല്ലേ എന്ന് കരുതി കൂടെ വന്നപ്പോൾ മുതലെടുക്കാമെന്ന് കരുതിയോ…. നിങ്ങളിതുവരെ കണ്ട പോലത്തെ പെണ്ണ് അല്ല ഞാൻ… നിന്റെ ഉദ്ദേശം നടക്കാൻ വേറെ ആളെ നോക്കണം …. കണ്ട മറ്റേ പെണ്ണുങ്ങളെ കാണുമ്പോലെ എന്നെ കണ്ടാലുണ്ടല്ലോ….””

പറഞ്ഞു തീരുമുന്പേ മുൻപോട്ട് കുതിച്ചുപോയി അമ്മു … തല ഫ്രണ്ട് ഗ്ലാസിൽ തട്ടി നിന്നു….

ബ്രേക്ക്‌ ഇട്ട് നിർത്തിയപാടെ അമ്മുവിന്റെ കൈയിൽ പിടിച്ച് അടുത്തേക് വലിച്ച് നിർത്തി ചുണ്ടിൽ ആഴത്തിൽ ചുംബിച്ചു ഹരി ……

വേദനകളാൽ തീർത്ത വേദനയേറിയ ചുംബനം….

തുടരും……

Leave a Reply