19/04/2026

സ്നേഹമയി : ഭാഗം 20

രചന – ആരുണി കൃഷ്ണ

“അതെ, നിന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ ആയിരുന്ന ലോറി ഡ്രൈവർ തന്നെ… ” *** എത്ര സന്തോഷമായാണ് ആ യാത്ര പുറപ്പെട്ടത്… മഞ്ജു മുത്തശ്ശിയുടെ കൂടെ നിന്നു… രാത്രി ഞാൻ നല്ല മയക്കത്തിൽ ആയിരുന്നു… അച്ഛനും ഡ്രൈവറും ആയിരുന്നു മുന്നിൽ… അമ്മയും ഞാനും പിന്നിലും… ഒരു ലോറി പാഞ്ഞു വന്ന് ഇടുക്കുക ആയിരുന്നു…ഞാനും അമ്മയും തെറിച്ചു പുറത്തേക്ക് വീണു… എന്റെ ബോധം അപ്പോഴേക്കും നഷ്ടമായിരുന്നു…. പക്ഷെ അമ്മ, അമ്മ എല്ലാം വ്യക്തമായി കണ്ടിരുന്നു… ആ ലോറി പിന്നെയും അച്ഛന്റെ കാറിലേക്ക് ഇടിച്ചതും, മരണം ഉറപ്പ് വരുത്താൻ നോക്കിയതും എല്ലാം… അയാളുടെ മുഖം അമ്മ വ്യക്തമായി കണ്ടു… പിന്നീട് പത്രങ്ങളിലൂടെ ഞങ്ങളും…പക്ഷെ കേസ് കോടതിയിൽ എത്തും മുന്നേ തന്നെ അയാൾ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് പിന്നീട് കേട്ടത്…. “മൈഥിലി….. ഇയാൾ ദേവൻ അങ്കിളിന്റെ ഫാക്ടറിയിലെ ലോറി ഡ്രൈവർ ആയിരുന്നു…

ഇടക്കൊക്കെ അങ്കിളിന്റെ കാർ ഡ്രൈവറും ….ആയാൾ പിന്നീട് ആത്മഹത്യ ചെയ്തു എന്നാണ് പറയപ്പെടുന്നത്, എനിക്ക് തോന്നുന്നു ചിലപ്പോ തെളിവ് നശിപ്പിക്കാൻ, നിന്റെ അച്ഛന്റെ മരണത്തിലെ അവരുടെ പങ്ക് മറച്ചുവെക്കാൻ, ദേവൻ അങ്കിൾ അയാളെ കൊന്നതും ആകാം… പിന്നെ നീ അവർ നിൽക്കുന്ന സ്ഥലം കൂടി ഒന്ന് നോക്ക്… ” മിഥു ആ പേര് വായിച്ചെടുത്തു…. അതെ ഡി എം ടീ പ്ലാന്റഷന്സ് എന്ന ബോർഡ്‌ മങ്ങിയ അക്ഷരത്തിൽ അവർക്ക് പിന്നിലായി കാണാം… “ഇനി നിനക്ക് കൂടുതൽ തെളിവുകൾ ഒന്നും വേണ്ടല്ലോ…ദേവൻ എന്ന ബിസിനസ്‌ രാക്ഷസന്റ എല്ലാ സാമ്രാജ്യവും തകർക്കാൻ നിന്റെ അച്ഛനെകൊണ്ട് കഴിയും എന്ന് മനസ്സിലാക്കിയപ്പോൾ സ്വന്തം ഡ്രൈവർ ഗുണ്ടയുടെ സഹായത്തോടെ അയാൾ നിന്റെ അച്ഛനെ വകവരുത്തി… പിന്നീട് തെളിവ് നശിപ്പിക്കാൻ ആ ഡ്രൈവറേയും…. ഒടുവിൽ നിന്റെ അച്ഛൻ ഭദ്രമായി സൂക്ഷിച്ച ആ തെളിവ് പുറം ലോകം കാണാതിരിക്കാൻ അയാളുടെ മകൻ ഒരു പ്രേമ നാടകവും ആയി നിന്റെ മുന്നിൽ എത്തി….. നിന്നെ ഭംഗിയായി ചതിച്ചു…. ” “ലക്ഷ്മി സ്റ്റോപ്പ്‌…. വെറുതെ വിടില്ല ഞാൻ അയാളെ…”

” പക്ഷെ നീ കരുതും പോലെ അത്ര എളുപ്പം അല്ല അത്… ഈ തെളിവുകൾ കൊണ്ട് കോടതിയിൽ ചെന്നാൽ അവർ പുല്ല് പോലെ ഇറങ്ങി പോരും… അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഇപ്പൊ കോടതിയിൽ നടക്കുന്ന നിന്റെ അച്ഛന്റെ കൊലപാതക കേസ് തന്നെ…. സംശയത്തിന്റെ പേരിൽ പോലും ദേവരാജൻ എന്ന വ്യക്തിയെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ…. നീ അന്വേഷിച്ചു നോക്ക്…. വി നീഡ് സ്ട്രോങ്ങ്‌ എവിഡൻസ്സ്…. ഡിഎം ആരാണെന്നു തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ… അത് നിന്റെ അമ്മയുടെ കയ്യിൽ ഉണ്ടെങ്കിൽ കണ്ടെത്തണം…. ” “ഇല്ല ലക്ഷ്മി, അമ്മക്ക് അറിയില്ല അറിയുമായിരുന്നെങ്കിൽ… അവർ ശിക്ഷിക്കപ്പെടാൻ അമ്മ മുൻകയ്യ് എടുത്തേനേ… ” “നിന്റെ അമ്മയുടെ കയ്യിൽ ഉണ്ടാകില്ല, കണ്ടിട്ടും ഉണ്ടാവില്ല… പക്ഷെ അത് എവിടെ ആണെന്ന് അമ്മക്ക് അറിയാമെങ്കിലോ…എന്റെ ഒരു സംശയം മാത്രമാണ്.. ? ” “എങ്കിൽ ഞാൻ എല്ലാം അമ്മയോട് ഇന്ന് തന്നെ തുറന്നു പറയും….ആ തെളിവുകളിലൂടെ മാത്രമേ എന്റെ അച്ഛനും ഞങ്ങൾക്കും നീതി ലഭിക്കു എങ്കിൽ അത് എത്രയും വേഗം കണ്ടെത്തണം… ”

“അരുത് മൈഥിലി, താൻ എടുത്ത് ചാടരുത്… അമ്മ ഇപ്പോൾ സത്യങ്ങൾ അറിഞ്ഞാൽ പിന്നെ ആ തെളിവുകൾ നമുക്ക് കിട്ടില്ല… ” “ലക്ഷ്മി എന്തൊക്കെയാ പറയുന്നത്… ആദ്യം പറഞ്ഞു , തെളിവുകൾ എവിടെ എന്ന് അമ്മക്ക് അറിയാം എന്ന്… ഇപ്പൊ പറയുന്നു അമ്മയെ സത്യം ഒന്നും അറിയിക്കാതെ അത് എടുക്കണം എന്ന്… എനിക്ക് മനസ്സിലാകുന്നില്ല… ” “അതെ തന്റെ അമ്മ അതിലെ സത്യങ്ങൾ അറിയും മുന്നേ താൻ ആ രേഖകൾ കണ്ടെത്തി ദേവൻ അങ്കിളിനെ നിയമത്തിന് മുന്നിൽ എത്തിക്കണം… അല്ലെങ്കിൽ തന്റെ അമ്മയെ അവർ ഇല്ലാതാകും… ” “ലക്ഷ്മി…. !!!” മിഥു ദേഷ്യം കൊണ്ട് വിറച്ചു.. “അതെഡോ, സത്യമാണ് ഞാൻ പറഞ്ഞത്… അച്ഛനെ നഷ്ടപെട്ട വേദന ഇപ്പോഴും ഇല്ലേ… ഇനി അമ്മയെക്കൂടി നഷ്ടപെടുത്തണോ…. തന്റെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് എന്നെ ഈ കർത്തവ്യം ഏൽപ്പിച്ചത്… ” “ആര്..? ” “ഇല്ല ഇപ്പൊ അദ്ദേഹം ആരെന്ന് പറയരുത് എന്നാണ് പറഞ്ഞിട്ടുള്ളത്…. താൻ ആ തെളിവുകൾ എവിടെ എന്ന് കണ്ടെത്തുമ്പോൾ ആദ്യം അദ്ദേഹത്തെ അറിയിക്കണം…. തന്നെ സഹായിക്കാൻ അദ്ദേഹം വരും…ഒരിക്കലും അത് താനായിട്ട് കൈക്കൽ ആക്കാൻ ശ്രമിക്കരുത്…. തനിക്ക് ചുറ്റും കണ്ണും കാതും കൂർപ്പിച്ച് അവർ ഉണ്ട്… ”

“പക്ഷെ, ലക്ഷ്മി ഞാൻ എങ്ങനെ… അമ്മയ്ക്ക് അറിയാണെങ്കിൽ പോലും, ഒരു സത്യവും പറയാതെ എങ്ങനെ അത് ഞാൻ എവിടെ എന്ന് ചോദിച്ചറിയും…..” “അതൊക്കെ നിനക്ക് നിന്റെ വീട്ടിൽ നിന്ന് തന്നെ ലഭിക്കും… ഒന്ന് അരിച്ചുപെറുക്കി നോക്ക്… എന്തെങ്കിലും തുമ്പ് കിട്ടാതെ ഇരിക്കില്ല… ” ലക്ഷിമിയോട് സംസാരിച്ചു തിരികെ വന്ന രാത്രി തന്നെ അമ്മയുടെ മുറി കാര്യമായി പരിശോധിച്ചിരുന്നു… പക്ഷെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല… അത് ലക്ഷ്മിയെ അറിയിക്കുകയും ചെയ്തിരുന്നു….. “ചേച്ചി, ഇത് എന്ത് ആലോചിച്ചു നിക്കുവാ….? ” മിഥു പെട്ടന്ന് കയ്യിലെ ഫയൽ കബോര്ഡിലെക്ക് ഇട്ടു… ”കിടക്കാൻ നോക്ക്… പിന്നെ മറ്റന്നാൾ രാവിലെ 9 മണിക്ക് ആണുട്ടോ മുഹൂർത്തം… ആദ്യം രജിസ്റ്റർ ചെയ്തിട്ട്, പിന്നെ നമ്മുടെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് താലികെട്ട്….. ” മിഥു വെറുതെ ഒന്ന് ചിരിച്ചു… “ഞാൻ കുറച്ചു നേരമായി ശ്രദ്ധിക്കുന്നു… എന്താ എന്റെ ചേച്ചികുട്ടിക്ക് പറ്റിയത്… ഒരു സങ്കടം… ” “ഒന്നുമില്ല മോളെ… പെട്ടന്ന് ഇങ്ങനെ ഒക്കെ വന്നപ്പോൾ ഒരു ടെൻഷൻ…. ” തന്നെ നന്നായി അറിയാവുന്ന, കുഞ്ഞ് അനിയത്തിയോട് കള്ളം പറയാൻ അവൾ നന്നേ പാടുപെട്ടു…. “എന്നാൽ ഞാൻ പറയട്ടെ, പഠിത്തത്തിന്റെ കാര്യം ഓർത്തല്ലേ…എങ്കിൽ ചേച്ചി പേടിക്കണ്ടട്ടോ, ചേച്ചിയുടെ പഠിപ്പ് ഒരിക്കലും മുടക്കില്ല എന്ന് ഏട്ടൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്…. ഇനി സമാധാനം ആയി കിടന്നോളുട്ടോ.. ” “മ്മ്…. ”

“കരുതികൂട്ടി ഒരു ട്രാപ് ആണല്ലേ… അതിൽ എന്റെ അമ്മയെയും എന്റെ കുടുംബത്തെയും നിങ്ങൾ സമർത്ഥമായി കുടുക്കി, പക്ഷെ ഈ മൈഥിലി നന്ദഗോപാൽ ആരാണെന്ന് നിങ്ങൾ അറിയാൻ കിടക്കുന്നതെ ഉള്ളു… എന്റെ അച്ഛനെ ഓർത്ത് ഞങ്ങൾ കരഞ്ഞതിന്റെ നൂറിരട്ടി, നിങ്ങളും കരയും mr. ശ്രീറാം… സ്നേഹം നടിച്ചു എന്നെ ചതിക്കാൻ ശ്രമിച്ചതിന്, പകരം ചോദിച്ചിരിക്കും ഞാൻ…. ©ആരുണി കൃഷ്ണ ❤️ പച്ച കരയുള്ള കസവ് സാരിയും പാലയ്ക്കാ മാലയും കയ്യിൽ പേരിന് മാത്രം കുറച്ചു വളകളും… അതായിരുന്നു മിഥുവിന്റെ വേഷം… പാരമ്പര്യമായി തറവാട്ടിലെ സ്ത്രീകൾ വിവാഹത്തിന് അണിയുന്ന ആഭരണങ്ങൾ എല്ലാം മിഥു വേണ്ടെന്ന് പറഞ്ഞു… ഒടുവിൽ ഈശ്വരിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൾ ആ പാലയ്ക്കാ മാല മാത്രം അണിഞ്ഞു… പച്ച നിറത്തിലുള്ള കുർത്തയും അതെ കരയുള്ള മുണ്ടും ആയിരുന്നു ശ്രീയുടെ വേഷം…. ഇരുവരും രജിസ്റ്റർ ഓഫീസിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്ത ശേഷം, ക്ഷേത്രത്തിലേക്ക് തിരിച്ചു…

“ഒന്ന് തൊഴുതു വന്നോളൂ രണ്ടാളും…. ” ലത പറഞ്ഞത് കേട്ട് ശ്രീ മിഥുവിന്റെ കൈകളിൽ പിടിച്ചു… അവൻ അവളെ നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു… ഉള്ളിൽ എരിയുന്ന പകയോടെ തന്നെ… അവർ വലം വെച്ചു ശ്രീകോവിലിന് മുന്നിൽ നിൽകുമ്പോൾ, തിരുമേനി പൂജിച്ച താലിയുമായി വന്നു… മിഥുവിന്റെയും ശ്രീയുടെയും വീട്ടുകാർ അല്ലാതെ അഭിയും ആമിയും മാത്രം ആയിരുന്നു പുറത്ത് നിന്ന് ഉണ്ടായിരുന്നത്… ഇരുവർക്കും ആദ്യം ഒരു ഷോക്ക് ആയിരുന്നെങ്കിലും പിന്നീട് അവർ ഒരുപാട് സന്തോഷിച്ചു… ദേവൻ എടുത്തു നൽകിയ താലി ശ്രീ മിഥുവിനെ അണിയിച്ചു… “എന്നോ ഒരിക്കൽ ഏറെ ആഗ്രഹിച്ച നിമിഷം ആയിരുന്നു ഇത്, ഇങ്ങനെ ഒരു താലി… പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന നിമിഷം… ” മിഥു ഒരു നിമിഷം ആ താലിയിലേക്ക് നോക്കി… ശ്രീറാം എന്ന പേര് ഭംഗിയായി കൊത്തിവെച്ചിരിക്കുന്നു… മിഥു തല ഉയർത്തിയപ്പോൾ അവളുടെ സീമന്ത രേഖയെ ശ്രീയുടെ കൈകൾ ചുവപ്പ് അണിയിച്ചിരുന്നു…സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…

ഇരുവരും പരസ്പരം മോതിരവും വരണമാല്യവും ചാർത്തി… അനന്ദൻ മിഥുവിന്റെ കൈ ശ്രീയുടെതിനോട് ചേർത്ത് വെച്ചു…… ശ്രീയും മിഥുവും എല്ലാവരുടെയും അനുഗ്രഹം വാങ്ങി… അവർ ആദ്യം പോയത് ശ്രീയുടെ അമ്മയുടെ തറവാട്ടിലേക്ക് ആയിരുന്നു… വയ്യാതെ കിടക്കുന്ന മുത്തശ്ശിയെ കാണാൻ… അത് കഴിഞ്ഞു നേരെ ശ്രീ നിലയത്തിൽ എത്തി… ശ്രീക്കുട്ടി ഇരുവരെയും ചേർത്ത് നിർത്തി ആരതി ഉഴിഞ്ഞു… ലത അവൾക്ക് വിളക്ക് നൽകി… മിഥു വിളക്കുമായി വലതുകാൽ വെച്ച് ആ വീടിന്റെ പടികൾ ചവിട്ടി…. ശ്രീയുടെ പെണ്ണായ്… “മോളെ, വിളക്ക് പൂജാമുറിയിൽ വെച്ച് നന്നായി പ്രാർത്ഥിച്ചോളു…. ” ലത പറഞ്ഞതും അവൾ വിളക്കുമായി പൂജാമുറിയിലേക്ക് നടന്നു.. ഒപ്പം ശ്രീയും… കൃഷ്ണവിഗ്രഹത്തിന് മുന്നിൽ നിന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുമ്പോൾ, മനസ്സിൽ തന്റെ അച്ഛന്റെ മുഖം ഒരു നിമിഷം അവൾ ഓർത്തു….. “എന്റെ വിവാഹം…അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം സന്തോഷിക്കുമായിരുന്നു…ഇങ്ങനെ ഒന്നും ഒരിക്കലും ഉണ്ടാവില്ലായിരുന്നു… ” ” എല്ലാം എനിക്ക് നഷ്ടപ്പെട്ടു… അല്ല നഷ്ടപ്പെടുത്തി… ഭഗവാനെ എന്റെ അച്ഛനെ ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ എന്നെ അനുഗ്രഹിക്കണേ…. ” പ്രാർത്ഥിച്ചു കണ്ണ് തുറന്നപ്പോൾ അവളെ തന്നെ നോക്കി നിൽക്കുന്ന ശ്രീയെ ആണവൾ കണ്ടത്….

അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു… “മിഥു, ഇനി കണ്ണുകൾ ഒന്നുകൊണ്ടും നിറയാൻ പാടില്ല… തന്റെ അമ്മക്ക് ഞാൻ കൊടുത്ത വാക്കണത്…ഒന്ന് ചിരിക്കഡോ… ” അവളുടെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് അവൻ പറഞ്ഞു…. അവൾ ഒന്ന് ചിരിച്ചു…. “ആ ഇത് തന്നെ… ” ശ്രീ മിഥുവിന്റെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് നിർത്തി… അവന്റെ സാമിപ്യം പോലും അവളിൽ അസഹിഷ്ണുത ഉളവാക്കി… “ഇയാക്ക് എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നു… ഈ നല്ല വാക്കുകൾകൊണ്ട് മറ്റുള്ളവരെ പറ്റിക്കാം, പക്ഷെ എന്നെ….നിന്റെ സന്തോഷങ്ങൾ ഓരോന്നായി ഞാൻ ഇല്ലാതെ ആക്കും…. ” വിവാഹം കഴിഞ്ഞ കാര്യം അറിഞ്ഞു ശ്രീനിലയത്തിലേക്ക് പലരും എത്തിയിരുന്നു… എല്ലാവർക്കും അതിശയം ആയിരുന്നു പെട്ടന്ന് ഉള്ള ഈ വിവാഹം… പല നുണകളും പറഞ്ഞു ദേവനും ലതയും പിടിച്ചു നിന്നു…. ലക്ഷ്മിയുടെ വാട്സാപ്പിലേക്ക് വന്ന മിഥുവിന്റെയും ശ്രീയുടെയും വിവാഹചിത്രം കണ്ട് അവളുടെ സമനില തെറ്റി…

അലറിവിളിച്ചുകൊണ്ട് അവൾ തന്റെ മുറിയിലെ വസ്തുക്കൾ എറിഞ്ഞുടച്ചു… “ഡിഎം കാളിങ്… ” “കൊല്ലണം, അവളെ കൊല്ലണം… റാം എന്റെയാണ്… ” “ഈ യുദ്ധത്തിൽ ആര് ഇടയിൽ വരരുത് എന്ന് ഞാൻ ആഗ്രഹിച്ചോ, അവർ ഇപ്പൊ എതിരാളികൾക്ക് തുണയായി മുന്നിൽ ഉണ്ട്… അവളെ നിന്റെ കൂടെ നിർത്തണം…. തെളിവുകൾ അവളിലൂടെ തന്നെ കണ്ടെത്തുന്നതാണ് ഉചിതം… കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിക്കണം… എല്ലാം കണ്ടെത്തും വരെ മാത്രമേ അവളുടെ ആവശ്യം ഉള്ളു, അവൾ സത്യം മനസ്സിലാക്കും മുന്നേ തെളിവ് എന്റെ പക്കൽ എത്തണം… ശേഷം അവളുടെ മരണം… ശ്രീറാം നിനക്ക് സ്വന്തം… പിന്നെ പറഞ്ഞത് മനസ്സിലായല്ലോ… ” ഫോൺ കട്ട്‌ ചെയ്ത ശേഷം ലക്ഷ്മി മിഥുവിനെ വിളിച്ചു…. “ഹലോ… ” “കൺഗ്രാറ്റ്സ് mrs. മൈഥിലി ശ്രീറാം… ” ആ വിളി അവളിൽ ദേഷ്യം ഉണ്ടാക്കി… “ലക്ഷ്മി…. പരിഹാസം ആയാൽ പോലും ഞാൻ ഏറ്റവും വെറുക്കുന്നു ഈ ഭാര്യാ പദവിയെ… ” ലക്ഷ്മിയിൽ നേരിയൊരു ആശ്വാസം അലതല്ലി… “എന്നിട്ടാണല്ലേ, സ്വന്തം അച്ഛനെ കൊന്നവന്റെ വീട്ടിൽ, ഒരു ചതിയന്റെ ഭാര്യയായി… ഛെ…. ” “മതി നിർത്തു…. അതെ എന്റെ അച്ഛനെ ഇല്ലാതാക്കിയവരെ തകർക്കാൻ എന്റെ ജീവിതം എനിക്ക് വിട്ട് കൊടുക്കേണ്ടി വന്നു…

പക്ഷെ ഈ പക അത് ഞാൻ വീട്ടുക തന്നെ ചെയ്യും…. പ്രണയം നടിച്ചു വഞ്ചിക്കാൻ ആണ് ഉദേശിച്ചത്‌, ആ പ്രണയത്തിലൂടെ ശ്രീറാമിന്റെയും അയാളുടെ അച്ഛന്റെയും കള്ളി ഞാൻ വെളിച്ചത്ത് കൊണ്ട് വരും…എന്റെ അച്ഛനെ കൊന്നതിന് എണ്ണിയെണ്ണി ഞാൻ ചോദിക്കും… ” മിഥു ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു മുറിയിലേക്ക് പോയി… പക്ഷെ അവൾക്ക് പിന്നിൽ എല്ലാം കേട്ട് നിറ കണ്ണുകളോടെ നിന്ന ആ വ്യക്തിയെ മാത്രം അവൾ കണ്ടില്ല…. “അപ്പൊ അവൾ ഞാൻ പറഞ്ഞ കാര്യങ്ങളിൽ പൂർണമായി വിശ്വസിച്ചിരിക്കുകയാണ് ഇപ്പോഴും … ഒന്നും തിരിച്ചറിയാൻ കഴിയാതെ, ഞാൻ ഒരുക്കിയ ചതിയിൽ വീണവൾ…. പ്രതികാരം ചെയ്തു മടങ്ങി വരുന്ന നീ ഈ ഭൂമിയിൽ പിന്നെ ഉണ്ടാവില്ല … പതിയെ ശ്രീ എന്റേതാവും….” ലക്ഷ്മി ഭ്രാന്തമായി ചിരിച്ചു…. തുടരും……