19/04/2026

വേഴാമ്പൽ : ഭാഗം 03

രചന – അനീഷ ആകാശ്

അമ്മയോടൊപ്പം പേടിച്ചാണ് ഹാളിൽ എത്തിയത്…

അടക്കവും ഒതുക്കവും ഉണ്ടെന്ന് വന്നിരിക്കുന്നവർക്ക് തോന്നണമല്ലോ അതുകൊണ്ട് പറ്റാവുന്നത്ര വിനയം മുഖത്തുവരുത്തികൊണ്ട് ഞാൻ ചായയുമായി നടന്നു..

“കൂടുതൽ നാണത്തിന്റെ കാര്യമില്ല…. പ്രതീക്ഷിച്ച ആൾ വന്നിട്ടില്ല ”

ബ്രോക്കർ സുകുമാരന്റെ സൗണ്ട് കേട്ട് മാളു മുഖം ഉയർത്തി നോക്കി..

‘എന്റെ കൃഷ്ണ ആള് വരുന്നതിനും മുൻപ് നീ ഓടിച്ചോ…. ‘

മനസ്സിൽ ഓർത്തുകൊണ്ട് മാളു വന്നിരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു…

“ഇതാരൊക്കെയാണെന്ന് കുട്ടിക്ക് മനസ്സിലായോ ? ”

“ഇതാണ് ചെറുക്കന്റെ അച്ഛനും അമ്മയും… ഇത് ചെറുക്കന്റെ ഒരേയൊരു പെങ്ങൾ… ഇനി ഒരു അനിയനും ഉണ്ട്…. ”

ബ്രോക്കർ സുകുമാരൻ ഓരോരുത്തരെയായി പരിചയപ്പെടുത്തി

ഞാൻ അവരെയെല്ലാം നോക്കി ചെറുപുഞ്ചിരി പാസ്സാക്കി…

അമ്മയെ കാണാൻ നല്ല ഭംഗിയുണ്ട്… ശ്രീത്വം തുളുമ്പുന്ന മുഖം..
അതാണ് എന്നെ കൂടുതൽ ആകർഷിച്ചതും അത് തന്നെയാണ്…

എന്റെ കാടുകേറിയുള്ള ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് അച്ഛൻ പറഞ്ഞു

“ദേവൻ വന്നിട്ടില്ല,അവന് എന്തോ അത്യാവശ്യം ഉണ്ടായിട്ട് പോയിരിക്കുകയാണ്… അമ്മയുടെ ഇഷ്ടമാണ് അവന്റെ ഇഷ്ടം… അമ്മയുടെ മകനാണ്…. ”

ഭാര്യയയെ നോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു

ഞാനും ചിരിച്ചു…

“അവനും അനിയനും കൂടി ഒരു ദിവസം വന്നു കുട്ടിയെ കാണട്ടെ..,…
അല്ലെ ദേവകി?… ”

“അങ്ങനെയാവട്ടെ,.. എന്തായാലും എനിക്ക് മോളെ ഇഷ്ടപ്പെട്ടു ”

അമ്മയുടെ വാക്കുകൾ കേട്ട് എനിക്ക് നാണം വന്നു…

“എന്നാൽ മോള് പൊക്കോ.. ”

കേൾക്കേണ്ട താമസം ഞാൻ റൂമിലേക്ക് ഓടി…

അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… എന്താണെന്ന് വ്യക്തമല്ല…

കുറച്ചു കഴിഞ്ഞപ്പോൾ വണ്ടിയുടെ സൗണ്ടും കേട്ടു…

“മാളു അവർ പോയി,..
അവർക്കിഷ്ടപ്പെട്ടൂന്ന പറഞ്ഞത്, നല്ല ബന്ധമാണ്… വല്യ തറവാട്ടുകാരാ… നടന്നാൽ ഭാഗ്യമാണ് ”

അമ്മയുടെ വാക്കുകൾ സന്തോഷം നൽകിയെങ്കിലും ഞാൻ മറുപടിയെന്നവണ്ണം ചോദിച്ചു

“അതിന് ചെറുക്കനെ കാണാതെ എന്നെ കെട്ടിച്ചുവിടാൻ പോകുവാണോ? ”

“പിന്നെ നാളെ അങ്ങ് കല്യാണം നടത്താൻ പോകുവല്ലേ… ഒന്ന് പൊ പെണ്ണേ… ”

“അതെ നാളെ ചെറുക്കന്റെ ഒരു ഫോട്ടോ ഇവിടെത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ട്..”

“അപ്പോൾ ഫോട്ടോ മാത്രമേ ഉള്ളോ… ആള് നേരിൽ വരില്ലേ? ”

“ചെറുക്കനും അനിയനും വരുമെന്ന് അവർ പറഞ്ഞത് നീ കേട്ടതല്ലേ.?..
അതും ആലോചിച്ചു സമയം കളയാതെ പോയി ഡ്രസ്സ്‌ മാറിയിട്ട് പഠിക്കാൻ നോക്ക് ”

പറഞ്ഞിട്ട് അമ്മ മുറിയിൽ നിന്ന് ഇറങ്ങി പോയി..

എന്റെ കൃഷ്ണ എന്റെ പൊട്ടത്തരത്തിനാ അങ്ങനൊക്കെ പറഞ്ഞത്.. ഇപ്പോൾ ആ അമ്മയെ കണ്ടപ്പോൾ …..
എനിക്ക് അമ്മയായിട്ട് കിട്ടിയിരുന്നെങ്കിൽ ….
കമ്മീഷൻ ഞാൻ ഇരട്ടിയാക്കി തന്നേക്കാമേ….

എന്താണെന്നറിയില്ല… ആ അമ്മയെ കണ്ടപ്പോൾ മകനേയും കാണാൻ ഒരു ആഗ്രഹം…

ദിവസം മുഴുവൻ അതും ആലോചിച്ച് നടന്നതുകൊണ്ട്
എക്‌സാമിന് ഒന്നും തന്നെ പഠിച്ചില്ല….

**************************
“ദേവകി അവൻ വന്നാലുടൻ ഞാൻ തിരക്കിയെന്നു പറയണം… ”

“എന്താ ഇപ്പോൾ അവനോട് പറയാൻ ഉള്ളത്? ”

“ഇന്ന് നമ്മൾ കണ്ട കുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു.. ചുറ്റുപാടും കൊള്ളാം.. ദേവന് ചേരും… ”

“എന്താ തന്റെ അഭിപ്രായം? നമ്മുക്കത് ഉറപ്പിക്കാം അല്ലെ? ”

“എനിക്കും ഇഷ്ടമായി… നല്ല കുട്ടി…
വിദ്യയെക്കാളും മിടുക്കിയ…
ഞാൻ അവനോട് പറയാം… ”

സന്ധ്യ ആയപ്പോൾ ദേവൻ വന്നു…

“ദേവ അച്ഛന് നിന്നോടെന്തോ പറയാൻ ഉണ്ട്..
നീ മുറിയിലേക്ക് ചെല്ല്… ”

അമ്മയുടെ വക്കിൽ നിന്ന് തന്നെ ഇന്ന് പെണ്ണുകാണാൻ പോയതിന്റെ ബാക്കിയാകുമെന്ന് അവനുറപ്പുണ്ടായിരുന്നു…

അവൻ അച്ഛന്റെ മുറിയിലേക്ക് ചെന്നു..

“അച്ഛന് എന്താ എന്നോട് പറയാൻ ഉള്ളത്…? ”

“താൻ ഇന്ന് എവിടെക്കാ രാവിലെ പോയത്? ”

“ഇന്ന് ടൗണിൽ സാധനങ്ങൾ കൊടുക്കാൻ ഉണ്ടായിരുന്നു… പച്ചക്കറിയൊക്കെ ഫ്രഷായിട്ട് കൊടുത്തില്ലേൽ കൃഷി ചെയ്യുന്നതിന് പ്രേയോജനം ഇല്ലാതെ പോകില്ലേ?… ”

“തനിക്ക് ഈ കൃഷിയിൽ തന്നെ തുടരാനാണോ താല്പര്യം?..
കൃഷി മോശമാണെന്നല്ല… നല്ലത് തന്നെയാ.. എന്നാലും താൻ ഇത്രയും പഠിച്ചതല്ലേ?
നല്ലൊരു ജോലിയും കിട്ടി . അതൊക്കെ വേണ്ടാന്ന് വെച്ചിട്ട് കൃഷി ചെയ്യണോ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ… ”

ദേവൻ ഒന്നും മിണ്ടാതെ നിന്നു…

“ശെരി തന്റെ താല്പര്യം അതാണെങ്കിൽ അതു ചെയ്‌തോളൂ… ഇവിടെ ആരും തടസ്സം പറയില്ല…
പക്ഷെ തന്റെ കല്യാണം… അതിൽ ഇനി ഒരു താമസം പാടില്ല..
ഞങ്ങൾ ഇന്ന് പോയി കണ്ട കുട്ടി കൊള്ളാം… ഞങ്ങൾ അതുറപ്പിക്കാൻ പോകുകയാ.. നിന്റെ അഭിപ്രായം എന്താ? ”

“അച്ഛനും അമ്മയും തീരുമാനിക്കുന്നപോലെ ”

മറുപടി പറഞ്ഞ ഉടൻ ദേവൻ മുറിയിൽ നിന്ന് പോയി…

“ഏട്ടാ ഏട്ടന്റെ പെണ്ണ് ഒരു സുന്ദരി കുട്ടിയാ കേട്ടോ….
എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.. ”

സന്തോഷത്തോടെ ഏട്ടനെ കെട്ടി പിടിച്ചുകൊണ്ട് ദയ പറഞ്ഞു….

ഒരു മറുപടിയും കൊടുക്കാതെ ദേവൻ അവളുടെ കൈ മാറ്റിക്കൊണ്ട് പടികൾ കയറി മുകളിലേക്ക് പോയി…

എല്ലാവരുടെയും സന്തോഷം തന്നെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണല്ലോ …
ഒരു പറിച്ചു നടീൽ തനിക്ക് സാധ്യമാകുമെന്ന് തോന്നുന്നില്ല…..

ദേവൻ വിഷമത്തോടെ ജനലിന്റെ അരികിൽ ഇരുന്നു… പലപ്പോഴും ഈ തണുത്ത കാറ്റാണ് തന്റെ ഹൃദയത്തിലെ നീറ്റൽ ശമിപ്പിക്കുന്നത്…. അവിടെ എത്ര നേരം ഇരുന്നാലും മതിയാകില്ല…

**************************
“ഏട്ടാ എന്നെ ഒന്ന് കോളേജിൽ വിടുമോ?… ”

ധ്യാൻ ബാഗുമായി ഓടി വന്ന് ചോദിച്ചു

“നിന്റെ ബൈക്ക് എന്തിയെ? ”

നീരസത്തോടെ ദേവൻ ചോദിച്ചു…

“അത് വർക്ഷോപ്പിൽ നന്നാക്കാൻ കൊടുത്തു ഇന്നലെ… ഇന്ന് ഈവെനിംഗ് കിട്ടും… ”

“എങ്കിൽ വാ ഞാൻ ഇറക്കാം…. ”

“താങ്ക്സ് ഏട്ടാ…. ”

“അതെ ഏട്ടാ ആ കൂളിംഗ്ലാസ് ഒന്ന് മാറ്റുമോ,? ”

“അതെന്തിനാ? ”

“അത് വെക്കുമ്പോൾ ഏട്ടന് മുടിഞ്ഞ ലൂക്കാ… എന്റെ ഫാൻസിന്റെ എണ്ണം കുറയും…”

“നീ പോടാ… കണ്ണിൽ പൊടി വീഴാതിരിക്കാനാ… ”

പോകുന്നവഴിയിൽ ധ്യാൻ വാതോരാതെ കോളേജ് വിശേഷം പറഞ്ഞുകൊണ്ടിരുന്നു….

ചിരിച്ചു കളിച്ചു പോകുന്നതിനിടയിലാണ് പെട്ടന്നൊരു പെൺകുട്ടി വട്ടം ചാടിയത്… ദേവൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു……..

“തനിക്കെന്താടോ കണ്ണ് കാണാൻ മേലെ…? ഒരു കണ്ണാടിയും വെച്ച് രാവിലെ ഇറങ്ങിയേക്കുവാ…. കുരുടൻ … ”

“ടീ പെണ്ണേ…. നീയല്ലേ വന്ന് വട്ടം ചാടിയത്?
വഴിയിൽ കൂടി വായിനോക്കി നടന്നിട്ട് ഇപ്പോൾ എന്റെ മെക്കിട്ടു കേറുന്നോ….? ”

“വായിനോക്കി നടന്നത് ആരാടോ? ”

“ആരാണെന്ന് ഇപ്പോൾ പടമാകുമ്പോൾ അറിഞ്ഞേനെ….,”

ദേവനും ഒട്ടും വിട്ട് കൊടുത്തില്ല

“എന്നെ ഇടിച്ചിട്ടതും പോരാ….. ”

” നീ വരുന്നുണ്ടോ?
ഫസ്റ്റ് പീരീഡ് എക്‌സാമ… അപ്പോഴാ വഴക്കുണ്ടാക്കാൻ നിൽക്കുന്നത്… ”

കൂടെ നിന്നൊരു പെൺകുട്ടി അവളെയും വലിച്ചു കൊണ്ട് നടന്നു….

നടന്നുപോകുമ്പോഴും അവൾ തിരിഞ്ഞു ദേവനെ നോക്കുന്നുണ്ടായിരുന്നു…..

“ഇത്‌ എന്ത് സാധനമാടാ…. കണ്ടാൽ പൂച്ചയെ പോലെ ഇരുന്നിട്ട് വാ തുറന്നപ്പോഴോ….?
ഇതുപോലാണോ ഇവിടുത്തെ എല്ലാം… ഇവളെയൊക്കെ കെട്ടുന്നവന്റെ കൈക്ക് റെസ്റ്റ് കിട്ടില്ല… ”

ദേവൻ അവളെ നോക്കികൊണ്ട് പറഞ്ഞു…

“എല്ലാ പെൺപിള്ളേരും ഇതുപോലെ അല്ല…. ഇതൊക്കെ റെയർ കേസ് ആണ്…. ”

ധ്യാൻ ചിരിച്ചുകൊണ്ട് പറഞ്ഞു….

“എന്തായാലും ഏട്ടൻ പേടിക്കേണ്ട… ഏട്ടന്റെ പെൺകുട്ടി ഒരു പാവമാണെന്ന ദയ പറഞ്ഞത്.. അപ്പോൾ ചേട്ടന്റെ കൈക്ക് റെസ്റ് കിട്ടുമേ … ”

ചിരിച്ചുകൊണ്ട് ധ്യാൻ കൂട്ടി ചേർത്തു…

“ശെരി ഞാൻ പോകുവാ…. ബൈക്ക് കിട്ടിയില്ലേൽ ഈവെനിംഗ് വിളിക്ക്..
ഫ്രീ ആണേൽ ഞാൻ വരാം…. ”

“ശെരി ഏട്ടാ….
ആ ഗ്ലാസ്‌ മാറ്റിയേക്ക്…
അല്ലേൽ ഇനിയും ആരേലും കുരുടനെന്ന് വിളിക്കും…. ”

ചിരിച്ചു കൊണ്ട് ദേവൻ കൂളിംഗ്ലാസ്സ് എടുത്ത് പോക്കറ്റിൽ ഇട്ടു…. വണ്ടി സ്റ്റാർട്ടാക്കി പോന്നു…

തുടരും