25/05/2026

ജനനി : ഭാഗം 04

രചന – രോഹിണി ആമി

മനസ്സിന്റെ സുഖക്കുറവ് കാരണം പേഷ്യൻസിനെ വേണ്ടവിധം നോക്കാൻ കൂടി സാധിക്കുന്നില്ല………. ഒന്നിലും മനസ്സുറക്കാത്തതു പോലെ…….

ബാങ്കിൽ കിടന്ന പൈസ എടുത്ത് അനിക്കുട്ടന് ജാമ്യമെടുത്തു………. ഇനി അമ്മയ്ക്ക് കിട്ടുന്ന പെൻഷനും എനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനവും കൊണ്ട് ജീവിക്കണം…………..

എന്നും ചിലവാക്കാൻ അനിക്കുട്ടൻ പൈസ ചോദിച്ചു തുടങ്ങി…………ഇല്ല എന്ന് പറയുമ്പോൾ കയ്യിൽ കിട്ടുന്നത് എടുത്തു ഉടക്കാൻ തുടങ്ങി………… ഇനി വീട്ടിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതിനാലാവണം രണ്ടു വരി എഴുതി വെച്ചിട്ട് അവൻ പോയത്……………

ഞാൻ പോകുന്നു……. നാണംകെട്ട് ജീവിക്കാൻ എന്നെക്കൊണ്ടാവില്ല………… അന്വേഷിക്കണ്ട…….

ഇനി കരയാനൊരു തുള്ളി കണ്ണീര് ബാക്കിയില്ല………… അമ്മയെ പറഞ്ഞു സമാധാനിപ്പിച്ചു……… ഞാനില്ലേ കൂടെയെന്ന് പറഞ്ഞാശ്വസിപ്പിച്ചു….. എന്നാലും ഈ വീട്ടിൽ എന്നെയും വയ്യാത്ത അമ്മയെയും തനിച്ചാക്കി പോകാൻ എങ്ങനെ തോന്നി അവന്………… ഒരു ഉപകാരം ഇല്ലെങ്കിലും ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് സമാധാനമുണ്ടായിരുന്നു ജനിക്ക് രാത്രിയിൽ……….. ഇന്നുമുതൽ മനസ്സമാധാനത്തിന്റെ കൂടെ ഉറക്കവും പോയി കിട്ടിയെന്നു മനസ്സിലായി………….

അമ്മയെ തനിച്ചാക്കി നൈറ്റ് പോകാൻ പറ്റില്ല എന്നായി……….. കണ്ണ് തെറ്റിയാൽ അമ്മ എഴുന്നേറ്റ് നടന്നു പണിയെല്ലാം ചെയ്യും …… കാലിന്റെ നീര് കൂടുതലാവും……………പകൽ സുമേച്ചി വന്നു നോക്കും എങ്കിലും രാത്രിയിൽ പ്രശ്നമായിരുന്നു…………….. അതുകൊണ്ട് ഹോസ്പിറ്റലിൽ പോക്ക് നിർത്തി………….. അവരും ഒന്നും പറഞ്ഞില്ല………. പോകുന്നെങ്കിൽ പോട്ടെ എന്ന് വിചാരിച്ചു കാണും………. അല്ലെങ്കിലും കുറച്ചു കഴിഞ്ഞാൽ അവർ തന്നെ പറഞ്ഞു വിട്ടേനെ………. അതുപോലെ ആയിരുന്നു എന്റെ ശുശ്രൂഷയും…………..

വീട്ടിലിരുന്ന് അമ്മയെ കണ്ണുകൊണ്ടു നോക്കിയാൽ മാത്രം പോരല്ലോ………. വല്ലതും വയറ്റിലോട്ടും പോകണ്ടേ………… അമ്മയുടെ മരുന്ന് മുടക്കാൻ പാടില്ല………. പെൻഷൻ കാശ് അതിനെ തികയു…………

കടങ്ങൾ ഒന്നും ഉണ്ടാക്കി വയ്ക്കാത്തതിന് അച്ഛനോട് മനസ്സിൽ ഒരായിരം നന്ദി പറഞ്ഞിട്ടുണ്ട്……….. അല്ലെങ്കിൽ കടക്കാരും കേറി ഇറങ്ങിയേനെ ഇപ്പോൾ വീട്ടിൽ…………. ഭാഗ്യത്തിന് വീട് ആരുടേയും ഔദാര്യത്തിന് കെട്ടിപ്പൊക്കിയത് ആയിരുന്നില്ല…. ഇവിടെ നിന്നും ആരും ഇറക്കി വിടില്ല….. ആ ഒരു ആശ്വാസം മാത്രമുണ്ട് ……

സുമേച്ചി ആണ് പറഞ്ഞത് ഹോംനഴ്സിന്റെ കാര്യം…………….. സുമ ചേച്ചിയുടെ പരിചയത്തിൽ ടൗണിൽ ഒരു ഹോം നേഴ്സിംഗ് സർവീസസ് ഉണ്ട്………….

നിന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറയാം……. അപ്പോൾ അതിനനുസരിച്ചേ നിന്നെ എങ്ങോട്ടെങ്കിലും വിടൂ……. അതാകുമ്പോൾ നിനക്ക് രാത്രിയിൽ വീട്ടിൽ വരാം……….

ആലോചിച്ചപ്പോൾ ശരിയാണ്……. ഇനിയും അഭിമാനവും കെട്ടിപ്പിടിച്ച് ഇരിക്കാൻ പറ്റില്ല…….. അല്ലെങ്കിൽ തന്നെ ഇനിയെന്ത് മാനവും അഭിമാനവും……….. ഒരു ഹോസ്പിറ്റലിൽ പണിയെടുക്കുന്നതിനേക്കാൾ സാലറി ഉണ്ട് ഒരു ഹോംനേഴ്സിന്………….

സുമ ചേച്ചിയുടെ കൂടെ ആ ഓഫീസിൽ പോയി കാര്യങ്ങളെല്ലാം പറഞ്ഞു പേര് രജിസ്റ്റർ ചെയ്തു………….വിളിക്കാമെന്ന് പറഞ്ഞു അവർ………..

ഒരാഴ്ച വെറുതെ വീട്ടിൽ ഇരുന്നു പോയി…….. പിന്നീട് ഓഫീസിൽ നിന്നും വിളിച്ചിട്ട് അഡ്രസ്സും ഫോൺ നമ്പരും തന്നു……… കുറച്ചു ദൂരം ഉണ്ട്…… എന്നാലും സാരമില്ല…….. നാട്ടുകാർ ആരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു ഞാൻ ഹോസ്പിറ്റലിൽ പോകാത്തതും പുതിയ ജോലിക്ക് പോകുന്ന കാര്യവും………. അത് ഏതായാലും നന്നായി……… അത്രയും കുറച്ചു കേട്ടാൽ മതിയല്ലോ…………

പിറ്റേന്ന് രാവിലെ അമ്മയോട് പറഞ്ഞിട്ട് ഇറങ്ങി……….. ഒരു വലിയ വീടാണ്…….. ബെല്ലടിച്ചപ്പോൾ ഒരു സ്ത്രീയാണ് തുറന്നത്……. കാര്യം പറഞ്ഞപ്പോൾ എന്നെയുംകൊണ്ട് ഒരു റൂമിലേക്ക് പോയി………… അവിടെ ഒരു അമ്മ കിടക്കുന്നുണ്ട്…….. ആ അമ്മയുടെ കാര്യങ്ങൾ ആണ് നോക്കേണ്ടത്…….. രാധ……… രാധമ്മ…… കിടപ്പായിട്ട് കുറച്ചായി എന്ന് പറഞ്ഞു…….

അമ്മയുമായി പെട്ടെന്ന് കൂട്ടായി………. മരുന്നിന്റെ പുറത്ത് ജീവിക്കുന്ന ഒരു അമ്മ……… അമ്മയ്ക്ക് ഒരു മകനേയുള്ളൂ……… പകൽ അയാൾക്ക് നിൽക്കാൻ പറ്റില്ല…….. കുറച്ചു ദൂരെയാണ് ജോലി…….. അടുത്തേക്ക് ട്രാൻസ്ഫർന് ശ്രമിക്കുന്നുണ്ട്…….. അതുവരെ അമ്മയുടെ കാര്യങ്ങളെല്ലാം നോക്കണം…….. വൈകുന്നേരം വീട്ടിൽ പോകാം…., രാത്രിയിൽ അയാൾ ഉണ്ടാവും അമ്മയുടെ കൂടെ………

ഒരു ഹോം നേഴ്സ് എന്നതിലുപരി ഒരു മകളായി തന്നെ അമ്മയെ നോക്കി……….. സമയാസമയത്ത് മരുന്ന് കൊടുക്കണം……..ഭക്ഷണം കൊടുക്കണം……. ആ അമ്മയുടെ കാര്യങ്ങളെല്ലാം നോക്കണം……… കൂടെ ജോലിക്കാരും ഉണ്ട് ഒരു സഹായത്തിന്…………. സംസാരപ്രിയ ആണ്….. അമ്മയുടെ സംസാരം കേൾക്കാൻ ആർക്കും സമയമില്ല……….ആരുമില്ലായിരുന്നു………… അതാണ് കൂടുതലും അസുഖത്തിന് കാര്യം………

എന്നോട് സംസാരിച്ചിരിക്കും…………. ലോക കാര്യങ്ങളും വീട്ടുകാര്യങ്ങളും………. കൂടെ എന്നോടും ചോദിച്ചറിഞ്ഞു എല്ലാം……… ഒരു മറയുമില്ലാതെ പറഞ്ഞുതീർത്തു………. അഭിയുടെ കാര്യം പറഞ്ഞപ്പോൾ തൊണ്ടയിടറി…….. കണ്ണുനിറഞ്ഞു………

ആ പയ്യന് നിന്നെ വിധിച്ചിട്ടില്ല……… അവൻ ഭാഗ്യം ചെയ്തവനല്ല……..വേറെ ആർക്കോ ആണ് ഈ പുണ്യം…….. അതായിരുന്നു അമ്മയുടെ മറുപടി………

വയ്യാത്ത സ്വന്തം അമ്മയെ വീട്ടിൽ തനിച്ചാക്കി….. നിലനിൽപ്പിനു പൈസക്ക് വേണ്ടി വേറൊരാളുടെ അമ്മയെ നോക്കാൻ വന്ന ജനിയെ രാധമ്മയ്ക്ക് ജീവൻ ആകാൻ അധികം താമസമുണ്ടായില്ല………… പിന്നീട് എന്നും രാവിലെ ജനിക്ക് വേണ്ടി അമ്മ കാത്തിരിക്കാൻ തുടങ്ങി………. പോകെപ്പോകെ അമ്മയ്ക്ക് മുൻപത്തെ ഉന്മേഷം കിട്ടിത്തുടങ്ങി………..

മൂന്നുമാസത്തേക്ക് എന്നാണ് ഓഫീസിൽ നിന്നും പറഞ്ഞിരുന്നത്………… അമ്മയുടെ മകൻ ആദ്യത്തെ മാസാവസാനം അക്കൗണ്ടിലേക്ക് പൈസ ഇട്ടു തന്നു………….. പറഞ്ഞുറപ്പിച്ചതിലും കൂടുതൽ ഉണ്ടായിരുന്നു അത്……….. രാധമ്മയുടെ പണി ആണെന്ന് ജനിക്ക് മനസ്സിലായി………

ഒരു വൈകുന്നേരം വീട്ടിലേക്ക് പോകുംവഴി അഭി വന്നു മുന്നിൽ നിന്നു ……. ഒരു കാർഡ് എടുത്ത് കയ്യിൽ തന്നു…….. തുറന്നു നോക്കി അഭിയുടെ കല്യാണമാണ്……….. നല്ലൊരു പെൺകുട്ടിയുടെ കൂടെ നിൽക്കുന്ന അഭിയുടെ ഫോട്ടോയും ഉണ്ടായിരുന്നു അതിൽ……..

ഇപ്പോൾ വേറെ എവിടെയോ ആണ് ജോലി എന്നൊക്കെ അറിഞ്ഞു………. അനിയത്തിയുടെ കല്യാണവും…….. പിന്നെ പെണ്ണുകാണാൻ ഉള്ള പോക്കും……… എല്ലാം ആയപ്പോൾ അന്വേഷിക്കാൻ സമയം കിട്ടിയില്ല………. അമ്മയ്ക്ക് നിർബന്ധം……. ഞാൻ പെട്ടെന്ന് കെട്ടി കാണണമെന്ന്………. എന്നാൽ പിന്നെ അങ്ങനെ ആവട്ടെ എന്ന് വിചാരിച്ചു………… ആദ്യത്തെ കുറി നിനക്ക് തന്നെ തരണമെന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു………… തന്തയെ കാണാൻ പോകുമ്പോൾ ഇതും കൂടി പറഞ്ഞേക്കണം………… പിന്നെ കുറച്ചുനാൾ ഞാൻ ഇവിടെ കാണില്ല……… കല്യാണം……. ഹണിമൂൺ…….. വിരുന്ന്……. അങ്ങനെ തിരക്കായിരിക്കും………. അതുകൊണ്ട് നീ കുറച്ചു റസ്റ്റ് എടുത്തോ………. സന്തോഷമായില്ലേ……. കുറി തന്നു എന്നേയുള്ളൂ………… ആ പരിസരത്ത് കണ്ടുപോകരുത്…….. ആട്ടി ഇറക്കും ഞാൻ…… അഭി പറഞ്ഞു…….

ജെനി ആ കുറിയിൽ നിന്നും തലയുയർത്തി നോക്കി …….. അഭി പോയിട്ട് കുറെ നേരമായിരിക്കുന്നു………. താനിപ്പോഴും റോഡരികിൽ തന്നെ നിൽക്കുവാണ്……….

അവൾ കൈയെടുത്ത് കവിളിൽ തൊട്ടുനോക്കി……… ഇല്ല…… വറ്റിയിരിക്കുന്നു കണ്ണുനീർ…….. വീണ്ടും ആ കുറിയിലേക്ക് നോക്കാൻ മനസ്സനുവദിച്ചില്ല……….

ഏതെങ്കിലും പെണ്ണിനെ അഭിയേട്ടൻ ഒന്ന് നോക്കിയാൽ പോലും ബഹളമുണ്ടാക്കിയിരുന്ന ജനിയാണ്… …….. ഇപ്പോൾ അഭിയുടെ കൂടെ ഒരു പെണ്ണ്………. അതും ഭാര്യയാകാൻ പോകുന്ന പെണ്ണ്…….

തന്നെ കുത്തി വേദനിപ്പിക്കാൻ….. വേണമെങ്കിൽ എന്നെ അറിയിക്കാതെ ഇരിക്കാമായിരുന്നു……….. മനപ്പൂർവം പറഞ്ഞതാണ് ഇതൊക്കെ എന്ന് ജനിക്ക് മനസ്സിലായി………..

നന്നായിട്ട് കത്തി ചങ്കിൽ തന്നെ കുത്തി ഇറക്കി അഭിയേട്ടാ നിങ്ങൾ……. നന്നായിട്ട് നൊന്തു…….. വളരെ നന്നായിട്ട് ……. ഒരുപാട് ആഴത്തിൽ…..ജെനി മനസ്സിൽ പറഞ്ഞു……..

പതിയെ വീട്ടിലേക്കു നടന്നു……. സ്വന്തം കട്ടിൽ കാണുന്നവരെയെങ്കിലും കാലിനു ബലം കൊടുക്കണമെന്നേ അപ്പോൾ പ്രാർത്ഥിച്ചുള്ളൂ അവൾ ………….