17/04/2026

നിവേദ്യ : ഭാഗം 21

രചന – രോഹിണി ആമി

വീടിന്റെ മുറ്റത്തു വന്നപ്പോഴേ കണ്ടു മുത്തശ്ശി നോക്കി നിൽക്കുന്നത്…… കയ്യിലിരുന്ന രാസ്നാദി പൊടി കയ്യിൽ വച്ചു തന്നിട്ട് നിവേദ്യയോട് ചോദിച്ചു……

എന്താ ഇത്രയും വൈകിയത്……. എത്ര നേരമായി……. ആരെയെങ്കിലും അന്വേഷിച്ചു വിടാൻ തുടങ്ങുകയായിരുന്നു ഞാൻ…….

അതെങ്ങനെ മുത്തശ്ശി……… വെള്ളം കാണാതെ കിടക്കുവല്ലായിരുന്നോ രണ്ടും……. വലിച്ചോണ്ടു വന്നതാ ഞാൻ…….. നന്ദുവിന്റെ തലയിൽ പൊടി തിരുമ്മി പറഞ്ഞു……

ആദിയുടെ തലയിൽ പൊടിയിടാൻ തുടങ്ങിയപ്പോഴേക്കും തനിയെ എടുത്തു തിരുമ്മിയിരുന്നു…….. എല്ലാവരുടെയും കൂടെ അകത്തേക്ക് നടക്കുന്നതിനിടയിൽ നിവേദ്യ പിറകിലേക്ക് നോക്കി…….. ഇല്ല….. ആരുമില്ല…..

നന്ദുവിനെ ഡ്രസ്സ്‌ എല്ലാം ഇടുവിച്ചു റെഡി ആക്കിയപ്പോഴേക്കും ആദിയും റെഡി ആയി വന്നു…….. രണ്ടും കൂടെ വെളിയിലേക്കു പോകാൻ തുടങ്ങവേ നിവേദ്യ മുന്നിലേക്ക്‌ നിന്നു ആദിയുടെ……….എന്താ ന്നുള്ള ചോദ്യത്തിൽ നിവേദ്യയുടെ മുഖത്തേക്ക് നോക്കി…….

വന്നിട്ട് കുറച്ചു നേരമായില്ലേ……… ഇങ്ങനെ എന്നോട് മിണ്ടാതെ നടക്കാൻ മാത്രം ഞാൻ എന്താ ചെയ്തേ…….. മെസ്സേജ് വിട്ടാൽ തിരിച്ചും വിടില്ല…….

ഒന്നും മിണ്ടിയില്ല ആദി…… കുറച്ചു നേരം കൂടി അങ്ങനെ നിന്നു നിവേദ്യ……. ആദി മറുപടി ഒന്നും തരില്ല എന്നറിഞ്ഞപ്പോൾ തിരിച്ചു നടന്നു…..

മുത്തശ്ശി ആദിയുടെ കയ്യിൽ പിടിച്ചു കൊണ്ടുനടന്നു ഓരോരുത്തരെയും പരിചയപ്പെടുത്തുന്നുണ്ട്……… കൂടെ വാലു പോലെ നന്ദുവും ചിക്കുവും……. നിവേദ്യ നീതുവിനരികിൽ ഇരുന്നു……..

എന്തു പറ്റി വേദൂ……… നിന്റെ മുഖമെന്താ വാടിയിരിക്കുന്നത്…….. നീതു ചോദിച്ചു…..

ഒന്നുമില്ല നീതു…….. മനസ്സിന് ഒരു സുഖമില്ലായ്‌മ തോന്നുന്നു…… നീതുവിന്റെ വയറിൽ മുഖം ചേർത്തു വെച്ചു പറഞ്ഞു……. ദേവേട്ടൻ എന്തിയെ…….

തിരക്കു പിടിച്ചു നടപ്പുണ്ട്……. ഞാനും കാണാറില്ല ഇപ്പോൾ……. നിനക്ക് കാണണമെന്നുണ്ടെങ്കിൽ രാത്രി വരണം…… നീതു പറഞ്ഞു……..

പിന്നീട് ആദിയെ നോക്കാൻ പോയില്ല നിവേദ്യ…… നോക്കാൻ കിട്ടിയിട്ട് വേണ്ടേ……. എല്ലാവരും ആദിയുടെ പിറകെ ഉണ്ട്……. എന്തെങ്കിലും വേണോന്നു ചോദിച്ചു……. ആദിയാണെങ്കിൽ ദേവന്റെ കൂടെയും……..

മുറിയിൽ വന്നപ്പോൾ കേട്ടു നന്ദുവിനോട് ആദി പറയുന്നത്……… പോയി ചിക്കുവിനെ വിളിച്ചു കൊണ്ടു വരാൻ……..നന്ദു പോയപ്പോൾ ആദി നിവേദ്യക്ക് അരികിലെത്തി……

അതേ……. എനിക്ക് പിണക്കമൊന്നും ഇല്ല….. ഞാൻ ചുമ്മാ മിണ്ടാതിരുന്നതാ…..

ആണോ…… എന്നാൽ ഞാൻ പിണക്കത്തിലാ….. ഞാനും ചുമ്മാ മിണ്ടാതിരുന്നു നോക്കട്ടേ…… നിവേദ്യ അതേ സ്വരത്തിൽ തിരിച്ചു പറഞ്ഞു…….

ആദി ചിരിച്ചു കൊണ്ടു ഒരു ബോക്സ്‌ എടുത്തു നിവേദ്യയുടെ നേർക്ക് നീട്ടി…….. ഇത് ചിക്കുന് കൊടുക്കണം………. ചെറിയ ഒരു ഗിഫ്റ്റ്……..

അത് നേരിട്ട് കൊടുത്തു കൂടെ………

ഞാൻ കൊടുത്താലും താൻ കൊടുത്താലും ഒരുപോലെ അല്ലേ…….. പെട്ടെന്ന് ബന്ധങ്ങൾ എല്ലാം കൂടി ആയപ്പോൾ ശ്വാസം മുട്ടുന്നു…… ഉൾക്കൊള്ളാൻ സമയം എടുക്കും…… എങ്കിലും ഒരുപാട് ഇഷ്ടമായി ഈ വീടും വീട്ടുകാരെയും…. പിന്നെ……..

അപ്പോഴേക്കും ചിക്കുവിനെയും കൂട്ടി നന്ദു വന്നു……… എന്താ ഏട്ടാ വിളിച്ചോ……. ചിക്കു ചോദിച്ചു…….

ആദി നിവേദ്യയെ നോക്കി……. ഒന്നു തുടങ്ങി വയ്ക്കടോ…. എന്നുള്ള രീതിയിൽ…….

നിനക്ക് നിന്റെ ഏട്ടൻ ഒരു ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്……. വാങ്ങിച്ചോ…….. നിവേദ്യ പറഞ്ഞു……

ഇത് ഏട്ടന്റെ മാത്രം ഗിഫ്റ്റ് അല്ല…….. ഏട്ടന്റെയും ചേച്ചിയുടെയും മോനൂസിന്റെയും കൂടെയാണ്……… നിവേദ്യയെയും നന്ദുവിനെയും രണ്ടു കയ്യിലും ചേർത്തു പിടിച്ചു പറഞ്ഞു…… തന്നെ പിടിച്ച കയ്യിൽ നഖം വച്ചമർത്തി നിവേദ്യ……… പിടുത്തതിന്റെ ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല…….. ചിക്കു ഉള്ളതുകൊണ്ട് ഒന്നിച്ചു നിന്നു നിവേദ്യ ആദിക്കൊപ്പം ……

ചിക്കു ആ ബോക്സ്‌ തുറന്നു…….. ഒരു ഡയമണ്ട് നെക്‌ലേസ്……അവൾ അത്ഭുതത്തോടെ ആദിയെ നോക്കി……. കണ്ണു നിറച്ചു ആദിയോട് വന്നു ചേർന്നു നിന്നു……. ആദി അവളുടെ തലയിൽ തലോടി…….

എനിക്ക് ആദ്യമായിട്ടാ ഇത്രയും വിലപിടിപ്പുള്ള ഒരു ഗിഫ്റ്റ് ഒരാൾ തരുന്നത്……… താങ്ക്സ് ഏട്ടാ…… ഒരു ഏട്ടൻ ഇല്ലാത്ത വിഷമം ഇപ്പോൾ മാറി…….. എനിക്കും ചോദിക്കാനും പറയാനും ഒരേട്ടനുണ്ടല്ലോ ……….

നിവേദ്യ സന്തോഷത്തോടെ അവരെ നോക്കി നിന്നു……. ചിക്കു അപ്പോൾ തന്നെ കഴുത്തിൽ അതെടുത്തിട്ടു……..ആദി സൂപ്പർ എന്ന് കണ്ണു കൊണ്ടു കാണിച്ചു……… ചിക്കു നിവേദ്യയെ നോക്കി….. അവൾ ഒന്നു ചിരിച്ചു……. ചിക്കു അത് എല്ലാവരെയും കാണിക്കാനായി പോയി…..പിറകെ നന്ദുവും……… ആദിയുടെ കൈ എടുത്തു ശക്തിയിൽ മാറ്റി…… ഒന്നു സൂക്ഷിച്ചു നോക്കി…….. ആദി കണ്ണടച്ച് ഒന്ന് ചിരിച്ചു കാണിച്ചു….. എന്നിട്ട് കയ്യിൽ നഖം ഇറങ്ങിയിടത്തു ഊതി കാണിച്ചു ……..

ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ ആദി……… എന്തിനാ ഇത്രയും വിലയുള്ളത്…….

നിവേദ്യയെ മുഴുമിപ്പിക്കാതെ ആദി പറഞ്ഞു……… വേറെ ആർക്കു കൊടുക്കാനാടോ…… സമ്പാദിച്ചാൽ മാത്രം മതിയോ…… അതിനൊരു അർത്ഥം ഉണ്ടാവുന്നത് വാങ്ങാനും കൊടുക്കാനും ആളുള്ളപ്പോഴല്ലേ………..അവളിപ്പോൾ അന്യയല്ലല്ലോ……. എന്റെ അനിയത്തിക്കുട്ടിയല്ലേ……..

നിവേദ്യ പതിയെ മുറിയിൽ നിന്നിറങ്ങി നീതുവിന്റെ അടുത്തേക്ക് പോയി….. രണ്ടു പേരും എന്തോ പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു……. നിവേദ്യ ദേവനരുകിൽ പോയിരുന്നു……. തോളിലേക്ക് ചാഞ്ഞു……..

എന്താ വേദൂ……… എന്തുപറ്റി…….. ദേവൻ നിവേദ്യയോട് ചോദിച്ചു……..

ദേവേട്ടാ…… എനിക്കെന്തോ ഒരു വിഷമം തോന്നുന്നു…….. ഞാൻ കുറച്ചു നേരം ഇവിടിരുന്നോട്ടെ…..

നിന്നോട് ആരേലും പറഞ്ഞോ എണീറ്റു പോകാൻ…….. നീയിവിടെ ഇരുന്നോ……. എത്ര നേരം വേണമെങ്കിലും…… നിവേദ്യയെ ചേർത്തു പിടിച്ചു ദേവനും നീതുവും പറഞ്ഞു ……….

പണ്ടൊക്കെ വേദു എന്തെങ്കിലും ഉണ്ടെങ്കിൽ ഓടി വരുമായിരുന്നു ദേവേട്ടനരികിൽ………. അത് വിഷമം ആണെങ്കിലും സന്തോഷം ആണെങ്കിലും ആദ്യം അറിയുന്നത് ഈ ദേവേട്ടൻ ആയിരുന്നു……….. എന്നോട് പറഞ്ഞാലേ നിനക്കൊരു സമാധാനം ആകുമായിരുന്നുള്ളു…… പിന്നെന്താ ഇപ്പോൾ ഒരു മടി പറയാൻ ……..

അറിയില്ല…….. അറിയില്ല ദേവേട്ടാ……

നിവേദ്യ കണ്ണടച്ചു പിടിച്ചു……… കണ്ണു നിറഞ്ഞൊഴുകി……

തനിക്കൊരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞു പോയ കുറച്ചു വർഷങ്ങൾ തനിച്ചാകുമായിരുന്നോ……… ചിക്കു ഭാഗ്യം ചെയ്തവളാണ്……….. ആദിയെപ്പോലൊരു ചേട്ടനെ കിട്ടാൻ……. തിരിച്ചു ആദിയും അവളെ അനിയത്തിയായി ഏറ്റെടുത്താൽ ജീവൻ കൊടുത്തും സ്നേഹിക്കും ആദി……. നന്ദുവിനെ സ്നേഹിക്കും പോലെ………

തനിക്കു ദേവേട്ടൻ അങ്ങനെ ആയിരുന്നു……. പക്ഷേ ദേവേട്ടൻ തിരക്കിലായിരുന്നു എപ്പോഴും…….. ജോലിക്കു വേണ്ടിയുള്ള അലച്ചിലിനിടയിൽ തന്നെ മറന്നു പോയിരുന്നു…… പലപ്പോഴും……… അങ്ങനെയാണ് ശ്രീയേട്ടനോട് കൂടുതൽ അടുക്കുന്നതും……. ആ ഇഷ്ടം വേറൊരു തരത്തിലുള്ള ഇഷ്ടം ആയതും……..

ദേവന് മനസ്സിലായി നിവേദ്യ ഏങ്ങലടിക്കുന്നുണ്ടെന്ന്……… അയ്യേ……. എന്റെ വേദൂട്ടൻ കരയുവാണോ………. എന്തു പറ്റി…….. ഒന്നുകൂടി ദേവന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരുന്നു നിവേദ്യ……….

ദേവൻ നീതുവിനെ നോക്കി…….. രണ്ടാൾക്കും ഒന്നും മനസ്സിലായില്ല…….. അവളുടെ വിതുമ്പൽ നിലക്കും വരെ രണ്ടാളും കാത്തിരുന്നു…….. നീതു പതിയെ അവളുടെ കയ്യെടുത്തു തലോടിക്കൊണ്ടിരുന്നു……….

ആരാ എന്റെ വേദൂനെ വിഷമിപ്പിച്ചത്…….. ദേവേട്ടൻ ചോദിക്കാം…… ആരായാലും….. നിവേദ്യ ഒന്നും മിണ്ടിയില്ല………

ശ്രീക്കുട്ടനാണോ…….. എന്തെങ്കിലും പറഞ്ഞോ അവൻ……… ദേവന്റെ ശബ്ദം കടുത്തു…….

ഇല്ലെന്നു തലയാട്ടി നിവേദ്യ………..

പിന്നെ വേറാരാ ഇവിടെ നിന്നെ വിഷമിപ്പിക്കാൻ മാത്രം ധൈര്യമുള്ളത്……… അതും ദേവേട്ടൻ ഇവിടുള്ളപ്പോൾ……… ഇനി ആദിയെങ്ങാനും…….

നിവേദ്യ ആണെന്നു തലയാട്ടാൻ വന്നതാ…… പെട്ടെന്ന് ദേവൻ പറഞ്ഞു……

ആദിയൊരിക്കലും വേദൂനെ വിഷമിപ്പിക്കില്ല….. അത് എനിക്കു ശരിക്കുമറിയാം…….. മറ്റാരേക്കാളും………

നിവേദ്യയുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടിരുന്ന നീതുവിന് ചിരി പൊട്ടി……… നിവേദ്യ ദേഷ്യത്തിൽ നീതുവിനെ നോക്കി……… അവൾ വായും വയറും പൊത്തി ചിരിക്കുവാണ്…….. അവളുടെ ചിരി കണ്ടിട്ട് ദേവേട്ടനും ചിരിക്കുവാണ്……….

എന്റെ വേദൂട്ടാ……… നീയിപ്പോളും ആ പൊട്ടിപ്പെണ്ണ് തന്നെയാ……….ഒരു കുഞ്ഞ് ഉണ്ടായിട്ടും ആ ഒരു സ്വഭാവത്തിന് ഒരു മാറ്റവുമില്ല………. ദേവൻ പറഞ്ഞു………

കണ്ണുരണ്ടും തുടച്ചു എണീറ്റു നിവേദ്യ…….. ദേവൻ വീണ്ടും പിടിച്ചിരുത്തി………. പറഞ്ഞിട്ട് പോ……. ആരാ വേദൂനെ വിഷമിപ്പിച്ചത്…….. എന്തിനാ കരഞ്ഞത് നീ………..

ഒന്നുമില്ല…….. ദേ…. ഇവൾക്ക് മനസ്സിലായി ആരാന്ന്…….. അത് ഇനി ദേവേട്ടനോട് പറഞ്ഞിട്ട് കാര്യവുമില്ല…….. ഞാൻ പോവാ….. അവൾ എണീറ്റു…….. നോക്കിയപ്പോൾ ആദി വാതിലിനരികിൽ കൈകെട്ടി നിൽക്കുന്നു……..

നിവേദ്യ മാറുന്നതിനനുസരിച്ചു അവളെ വെളിയിൽ വിടാതെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി കളിക്കുവാണ്………. ആദിയെ ശക്തിയിൽ തട്ടി മാറ്റി നിവേദ്യ വെളിയിലേക്കു പോയി……….. ഒന്നും മനസ്സിലാകാതെ നീതുവിനെ നോക്കിയ ദേവനോട് അവൾ പറഞ്ഞു……..

വേറാരുമല്ല വേദൂനെ വിഷമിപ്പിച്ചത്…….. ദോ നിൽക്കുന്നു…… ദേവേട്ടന്റെ വിശ്വസ്തൻ തന്നെയാ…….. പോയി ചോദിക്ക്…….. നീതു പതിയെ നിവേദ്യയുടെ പിറകെ പോയി……..

നിവേദ്യയോട് ചെയ്തതുപോലെ ആദി നീതുവിനോടും ചെയ്തു……… വെളിയിലേക്കു വിടാതെ മാറി മാറി നിന്നു……….

ദേ……. നിവേദ്യ അല്ല നീതു……. മുട്ടുകാല് കേറ്റിക്കളയും ഞാൻ…… മാറ് മര്യാദക്ക്…….

ആദി മാറിനിന്നു………. ഒരു കൂട്ടച്ചിരി കേട്ടു നീതു പിറകിൽ നിന്നും……… കൂടെ നീതുവും ചിരിച്ചു ……..

എല്ലാവരും കൂടെയിരുന്നു ഭക്ഷണം കഴിച്ചു……. മുത്തശ്ശി അടുത്തിരുന്നു ആദിയെ ഊട്ടുവാണ്……. നന്ദു ആദിയുടെ മടിയിലുമുണ്ട്……….. ശ്രീയേട്ടനെ പിന്നെ കണ്ടേയില്ല എന്നോർത്തു നിവേദ്യ……… എല്ലാവരും ഇവിടുണ്ട്……. പിന്നെ ശ്രീയേട്ടൻ മാത്രം എവിടെ പോയി………ഇനി മാറി നിൽക്കുന്നുണ്ടാവുമോ…….. നിവേദ്യ ചുറ്റിലും നോക്കി………. നീതു പതിയെ ചെവിയിൽ പറഞ്ഞു……. ശ്രീക്കുട്ടൻ ഹോസ്പിറ്റലിൽ ആണ്…… എന്തോ എമർജൻസി…….

നീതു…….. എനിക്കു ശരിക്കും പേടിയുണ്ട്……… ആദിയോടുള്ള ശ്രീയേട്ടന്റെ നോട്ടവും ഭാവവും എല്ലാം കണ്ടിട്ട്………. ആദിയെ എന്തെങ്കിലും………..കിടക്കാൻ നേരം നീതുവിനരികിൽ വന്നിരുന്നു നിവേദ്യ പറഞ്ഞു……

ഏയ്…….. ശ്രീക്കുട്ടൻ അത്രയും ദുഷ്ടനൊന്നുമല്ല……. നിനക്ക് വെറുതെ തോന്നുന്നതാണ് വേദൂ……..മാത്രമല്ല……. ദേവേട്ടൻ ഉള്ളപ്പോൾ ആദിയെ ആരും തൊടില്ല…….. ദേവേട്ടൻ സമ്മതിക്കില്ല……. പോയി കിടന്നുറങ്ങു….. സമാധാനത്തോടെ……..

നീതു നിവേദ്യയെ ആശ്വസിപ്പിച്ചു വിട്ടെങ്കിലും അവൾ കാണുന്നുണ്ടായിരുന്നു ശ്രീയുടെ മാറ്റം….. നിവേദ്യയുടെ കണ്ണുകൾ ആദിയെ സംരക്ഷിക്കും പോലെ തന്നെ നീതുവും ദേവനും ആദിയെ ശ്രദ്ധിച്ചു കൊണ്ടാണ് ഇരിക്കുന്നത്……..കാരണം ശ്രീ വീട്ടിൽ ഉണ്ടാക്കിയ ബഹളം നേരിൽ കണ്ടവരാണ് തങ്ങൾ………. തനിക്കു കിട്ടാത്തത് വേറൊരാൾക്കും കിട്ടരുത്……മാത്രമല്ല ആദിയുടെ മുന്നിൽ ഒരുപാട് ചെറുതായി എന്നൊരു തോന്നൽ കൂടിയുണ്ട് ശ്രീക്കു…….. ആദിക്ക് ഒരാപത്തും വരരുത്……… നിവേദ്യ ഇനിയും വിഷമിക്കാൻ ഇടയാവരുത്……. നീതു മനസ്സിൽ ഉറപ്പിച്ചു……..

മുറിയിൽ വന്നപ്പോൾ അപ്പായും മോനും കിടന്നിരുന്നു…….. ബെഡിൽ തനിക്കുള്ള ഇടം ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു………

ടോ…….. മോനൂസ് ഒന്നും കഴിച്ചിട്ടില്ല…… അവനു ചെറിയൊരു ചൂടുണ്ട്……… പനിക്കാനാണോ…..

നിവേദ്യ നന്ദുവിന്റെ നെറ്റിയിൽ കൈ വെച്ചു നോക്കി……. ശരിയാണ്…… ചെറിയൊരു ചൂടുണ്ട്……. വെള്ളത്തിൽ പോത്തു കിടക്കും പോലെ കിടക്കുമ്പോൾ ഓർക്കണമായിരുന്നു…… നിവേദ്യ ദേഷ്യത്തിൽ രണ്ടാളോടും പറഞ്ഞു……..

ജന്മം ചെയ്താൽ സിറപ്പ് കുടിക്കില്ല നന്ദു……… മടിയാണ് അവനു……… ഇതിപ്പോൾ ആദി പറഞ്ഞപ്പോൾ മടിച്ചിട്ടാണെങ്കിലും കുടിച്ചു…….. ആദിയെ കെട്ടിപിടിച്ചു കിടന്നുറങ്ങി……..

നിവേദ്യ ഷീറ്റെടുത്തു നിലത്തു വിരിച്ചു…….. കിടക്കാൻ തുടങ്ങവേ ആദി വിളിച്ചു …….

നിവേദ്യ………

മ്മ്………

എനിക്ക് തന്നോടൊന്നു സംസാരിക്കണം……. ഇങ്ങു വാ…….. നന്ദുവിനെ മാറ്റി കിടത്തി ആദി പറഞ്ഞു……..

നിവേദ്യ ആദിക്കരുകിൽ വന്നു ടേബിളിൽ ചാരി നിന്നു……… നിവേദ്യയുടെ കൈയ്യിൽ പിടിച്ചു അടുത്തിരുത്തി………

താൻ ചോദിച്ചില്ലേ എന്താ മെസ്സേജ് വിടാഞ്ഞതെന്ന്…….. എന്താ മിണ്ടാത്തതെന്ന്….. ഇനി ഞാൻ ഒന്നു തിരിച്ചു ചോദിക്കട്ടെ……… വന്നു കുറച്ചു നേരം മിണ്ടാതിരുന്നപ്പോൾ തനിക്ക് വിഷമം തോന്നിയില്ലേ…… എന്തിനാണ് എന്നെ ഇത്രയും ദിവസം തനിച്ചാക്കിയത്………… മോനൂസിനോട് സംസാരിക്കുമ്പോൾ ഞാൻ വെറുതെയാണെങ്കിലും കൊതിച്ചിട്ടുണ്ട് താനൊരു വാക്ക് മിണ്ടിയിരുന്നെങ്കിലെന്ന്……. ഞാൻ അവിടെ തനിച്ച്……. ആരും മിണ്ടാനില്ലാതെ…….. ഇങ്ങോട്ടേക്കു ട്രാൻസ്ഫർ വാങ്ങേണ്ടിയിരുന്നില്ല എന്നു വരെ തോന്നി എനിക്ക്……..

ഇങ്ങോട്ടും ആവാമായിരുന്നല്ലോ………നന്ദൂനോട് പറഞ്ഞു കൂടായിരുന്നോ അമ്മുന്റെ കയ്യിൽ കൊടുക്കാൻ……… ഞാൻ സംസാരിക്കില്ലെന്ന് കരുതിയോ…….. ആ പഴയ ബന്ധം ഇപ്പോഴുമുണ്ട് ആദിയോട് എനിക്ക്……… സുഹൃത്ബന്ധം………

ഞാൻ ഇവിടുന്ന് പോകുമ്പോൾ താൻ വരുമോ കൂടെ…….. ഞാൻ ശല്യമൊന്നും ചെയ്യില്ല……. ഭാര്യയാണെന്നുള്ള അവകാശം എടുക്കില്ല………. അധികാരം കാണിക്കില്ല……. പക്ഷേ നിങ്ങൾ കൂടെ വേണമെന്നു തോന്നുന്നു……… ഇപ്പോൾ തനിച്ചിരിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല നിവേദ്യാ……. എന്തോ പോലെ………

നിവേദ്യ ഒന്നും പറയാതെ ഇരിക്കുകയാണ്……… ആദിയെ ഇങ്ങനെ വിഷമിപ്പിക്കുന്നതിൽ ഒരുപാട് സങ്കടം ഉണ്ട് തനിക്ക്……. ആദിയെ ഇഷ്ടമാണ്…….. പക്ഷേ എന്തോ ഒന്ന് പിറകിലേക്ക് വലിക്കും………. അത് എന്താണെന്നു തനിക്കും അറിയില്ല……….. ചിലപ്പോൾ പഴയ അനുഭവങ്ങൾ ആവും…………

ഞാൻ ഇവിടെ വന്നപ്പോൾ ……… തന്നെ കണ്ടു ആദ്യം നോക്കിയത് ആ താലിയും സിന്ദൂരവും അവിടുണ്ടോന്നാണ്………. സിന്ദൂരം ഇല്ലെങ്കിലും ആ താലി കണ്ടപ്പോൾ ഒരു സമാധാനം തോന്നി…… എന്നെ മറന്നില്ലല്ലോ……….. ദേഷ്യമില്ലല്ലോ…………

നിലത്തു കിടക്കേണ്ട താൻ……… ആ പഴയ വിശ്വാസം എന്നോട് ഇപ്പോഴുമുണ്ടെങ്കിൽ ഇവിടെ കിടന്നുകൂടെ…….. നിർബന്ധിക്കില്ല…………. തന്റെയിഷ്ടം……….

ആദി നിവേദ്യയുടെ മുഖത്തു നോക്കാതെ നന്ദുവിനെ ചേർത്ത് പിടിച്ചു കിടന്നു……… കുറച്ചു കഴിഞ്ഞപ്പോൾ ആദി അറിഞ്ഞു നിവേദ്യ തങ്ങൾക്കൊപ്പം ഉണ്ടെന്ന്………….

രാവിലെ എഴുന്നേറ്റപ്പോൾ ആദിക്ക് തല പൊക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല………… നെറ്റിയിൽ നല്ല തണുപ്പും………. എഴുന്നേൽക്കാൻ ശ്രമിച്ചു……..

കിടക്ക് അവിടെ……….. രണ്ടും കൂടി ഓരോന്ന് ഉണ്ടാക്കി വച്ചോളും……… ഒരാളുടെ പനി കുറയുമ്പോൾ അടുത്ത ആൾക്ക് കൂടും……. ഇതിലും അപ്പാക്കും മോനും നല്ല ഒത്തൊരുമ ആണ്……….. നീതുവാണ്‌………..

ആദി ചുറ്റിലും നോക്കി…….. അടുത്ത് നന്ദു കിടന്നുറങ്ങുന്നുണ്ട്……… നിവേദ്യ എവിടെ…….. നീതുവിനോട് ചോദിച്ചു……..

പാവം……… ഇന്നലെ അവൾ ഉറങ്ങിയിട്ടില്ല…….. അപ്പായും മോനും കൂടി പിച്ചും പേയും പറഞ്ഞു കളിക്കുവായിരുന്നു……. മോൻ അപ്പായെന്നു വിളിക്കും………. അപ്പാ മോനൂസെന്ന് വിളിക്കും…….. കൂടെ കൂടെ അമ്മൂസെന്നും…….. അവളാകെ പേടിച്ചു പോയി……..എന്നെ കാവൽ ഇരുത്തി ഇപ്പോൾ പോയതേ ഉള്ളൂ ഇവിടെ നിന്നും………. നീതു പറയുന്നതു കേട്ടിട്ട് ആദി ചിരിച്ചു……..

നിവേദ്യ റൂമിലേക്ക്‌ വന്നു……..കയ്യിലിരുന്ന ഗ്ലാസ്സ് ടേബിളിൽ വെച്ചു………

വാ എഴുന്നേൽക്ക്……… ആദിയോട് പറഞ്ഞു കൈ നീട്ടി………..ആ കയ്യിൽ പിടിച്ചു പതിയെ എഴുന്നേറ്റു ആദി………. ബെഡിൽ ചാരിയിരുത്തി…….. ചുക്കുകാപ്പി കൊടുത്തു….. നിവേദ്യ ആദിയുടെ മുടി ഒതുക്കി വെച്ചു…….. കാപ്പി ഊതിയൂതി കുടിക്കുന്ന ആദിയോട് നിവേദ്യ ചോദിച്ചു……… കുറച്ചു നേരം കൂടി കുളത്തിൽ പോയിക്കിടന്നാലോ……..

ഒന്നു ദേഷ്യത്തിൽ നോക്കി ആദി……. എന്നിട്ട് നന്ദുവിനെ നോക്കി……… അവന്റെ മുടിയിൽ കയ്യോടിച്ചു…….. നല്ല വിഷമം ഉണ്ട് ആദിയുടെ മുഖത്ത്………

നന്ദൂന് നല്ല പനിയുണ്ട്…….കുറയുന്നില്ല…… ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോകുകയാണ്…….. ആദിക്ക് ഡോക്ടർ മുത്തശ്ശി എന്തോ കഷായം ഉണ്ടാക്കുന്നുണ്ട്…… അലോപ്പതി കഴിക്കണ്ടാന്നു പറഞ്ഞു…….

ഞാനും വരാം…….. ആദി എഴുന്നേൽക്കാൻ നോക്കി…….

വേണ്ടാ ആദി…..കിടക്കവിടെ……… ഞാൻ പൊയ്ക്കോളാം……. ദേവേട്ടനെ നോക്കട്ടേ…… തിരക്കില്ലെങ്കിൽ കൂട്ടിക്കോളാം……….

പെട്ടെന്നാണ് ശ്രീ റൂമിലേക്ക്‌ വന്നത്…… നന്ദുവിനെ തൊട്ടു നോക്കി…….. അവനെ വാരിയെടുത്തു തോളിൽ കിടത്തി ……….

ഇത്രയും പനി ഉണ്ടായിട്ടും നീയെന്താ എന്നെയൊന്നു അറിയിക്കാഞ്ഞത്…….. ഹോസ്പിറ്റലിൽ എങ്കിലും കൊണ്ടുപോയിക്കൂടെ മോനെ ……… ഞാൻ കൊണ്ടുപോകുകയാണ്……..ഇനിയും താമസിപ്പിച്ചാൽ ശരിയാവില്ല……….. വരുന്നവർക്ക് വരാം…….. നിവേദ്യയെ നോക്കി പറഞ്ഞിട്ട് വെളിയിലേക്ക് പോയി……….

ആദി ചാടി എഴുന്നേൽക്കാൻ നോക്കി……. പറ്റുന്നില്ല……… നിവേദ്യയും നീതുവും ഞെട്ടി നിൽക്കുവാണ്…………..