19/04/2026

ദിൽന : ഭാഗം 13

രചന – നന്ദിത ദാസ്

“എന്താടോ പെട്ടെന്ന് ടെൻഷൻ ആയല്ലോ…. എന്തുപറ്റി??? ”

“ഡെല്ലയെ വിളിച്ചിട്ട് അവൾ എടുക്കുന്നില്ലല്ലോ… ”

“അവൾ ടൂറിൽ അല്ലേ… അതിന് താൻ ഇത്ര ടെൻഷൻ അടിക്കണ്ട കാര്യം എന്താ??? ”

ന്റെ മാതാവേ ഈ എബിയെ പറഞ്ഞു എങ്ങനെ മനസ്സിലാക്കും….

“ഹേയ് ഒന്നുല്ല… ഞാൻ വെറുതെ അവളെക്കുറിച്ചു അറിയാൻ വേണ്ടി… ”

“മ്മ്.. തനിക്കു നല്ല ക്ഷീണം ഉണ്ട്… റസ്റ്റ്‌ എടുത്തോളൂ… നാളെ മോർണിംഗ് നമുക്ക് നാട്ടിലേക്കു പോകാം.. ട്രെയിൻ ടിക്കറ്റ് ഞാൻ ബുക്ക്‌ ചെയ്യട്ടെ… ഈസ്റ്ററൊക്കെ ആയോണ്ട് നല്ല തിരക്കു കാണും… ”

“തിങ്കളാഴ്ച എനിക്ക് ഇങ്ങു തിരിച്ചു വന്നേ പറ്റുള്ളൂ എബി… ലീവ് ഇല്ലാലോ… എബി ഉണ്ടാകുമോ? ”

“എനിക്കും തിങ്കളാഴ്ച ജോലിക്ക് കയറണം… അപ്പോൾ റിട്ടേൺ ടിക്കറ്റും എടുത്തേക്കാം ഇല്ലേ ”

“മ്മ് ഒക്കെ എടുക്കു… ”

പിന്നെ പെട്ടെന്നായിരുന്നു പായ്ക്കിങ്ങും നാട്ടിലേക്കുള്ള യാത്രയും … ഭാഗ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റും ഒക്കെ ആയി…

ട്രെയിൻ ഇറങ്ങി… എബിയോട് യാത്ര പറഞ്ഞു വീണ്ടും എന്റെ സ്നേഹവീട്ടിലേക്കു… പപ്പയെയും അമ്മയെയും കാണാൻ എന്നേക്കാൾ വേഗത്തിൽ മനസ്സ് വെമ്പൽ കൊണ്ടു…

ഓടിച്ചെന്നു കെട്ടിപ്പിടിച്ചു രണ്ടാളെയും ഈ കൈക്കുള്ളിൽ ആക്കിയപ്പോൾ സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു…

“ഒരുപാട് മിസ് ചെയ്തു വാവേ നിന്നെ ഞങ്ങൾ… ശരിക്കും വീട് ഉറങ്ങിയ പോലെ ആയിരുന്നു… ”

“അതുകൊണ്ടല്ലേ മാത്യൂസേ ഞാൻ ഓടി ഇങ്ങു വന്നത്… ഇനി ഈസ്റ്ററൊക്കെ അടിച്ചു പൊളിക്കണ്ടേ നമ്മുക്ക്…. ”

“പോയി ഫ്രഷ് ആയി വാ മോളെ അമ്മ നല്ല പാലപ്പവും സ്പെഷ്യൽ താറാവ് സ്റ്റുവും ഉണ്ടാക്കിയിട്ടുണ്ട്… ”

“എന്റെ മാതാവേ…. ഇതെന്ത് സത്യക്രിസ്താനിയാ… ഈ വലിയ നോയമ്പ് സമയത്താണോ താറാവ് സ്റ്റു….. ”

“ഓഹ്ഹ് അപ്പോൾ എനിക്കായി കുറ്റം ഇല്ലേ… നിനക്ക് ഇഷ്ടം ഉള്ളത് ഉണ്ടാക്കി വെച്ച ഞാൻ ആരായി… ”

“അച്ചോടാ അപ്പോളേക്കും പിണങ്ങിയോ അമ്മുസേ… കേട്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം ഇറങ്ങി… ഞാൻ ചുമ്മാ ഒന്ന് ഡയലോഗ് അടിച്ചതല്ലേ… വാവച്ചി ഇപ്പോൾ വന്നേക്കാം കേട്ടോ… ”

അമ്മയുടെ കവിളിൽ അമർത്തി ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ഫ്രഷ് ആകാൻ കയറി…

“അച്ചായാ… അവളുടെ സങ്കടം എല്ലാം മാറിയോ… അതോ നമ്മുടെ മുന്നിൽ സന്തോഷം അഭിനയിക്കുവാണോ? ”

“കുഞ്ഞുനാളിൽ മുതൽ കാണുന്നതല്ലേ അവളെ നമ്മൾ… ഉള്ളിൽ ഒന്ന് വെച്ചിട്ട് എന്റെ കുഞ്ഞു പെരുമാറില്ല… എന്നാലും എന്തോ സംഭവിച്ചിട്ടുണ്ട്… സമയം ഉണ്ടല്ലോ നമുക്ക് ചോദിക്കാം… താൻ ടെൻഷൻ ആകാതടോ ഭാര്യേ…. ”

“എന്താണ് രണ്ടാളും കൂടി ഒരു കുശുകുശുപ്പ്… പറ ഞാൻ കൂടി കേൾക്കട്ടെ… ”

“ആദ്യം കഴിക്കു എന്നിട്ടാകാം സംസാരം എന്തേ… ”

“ആയിക്കോട്ടെ സർ ഉത്തരവ്…. ”

കഴിച്ചോണ്ടിരിക്കുന്ന കൂട്ടത്തിൽ അമ്മ കല്യാണക്കാര്യം എടുത്തിട്ടു… പപ്പ എന്റെ മുഖത്തേക്ക് നോക്കി… ആ നോട്ടം എന്തിനാണെന്ന് എനിക്ക് മനസ്സിലായി…

“എന്താ പപ്പേ … പപ്പക്ക് എന്തും എന്നോട് പറയാല്ലോ… ഇപ്പോൾ എന്തിനാ അമ്മയെക്കൊണ്ട് ഒരു മുഖവുര ”

“ഒരുപാട് നല്ല ആലോചന വരുന്നുണ്ട് മോളെ… നിന്റെ അഭിപ്രായം അറിയാതെ അവരോടൊക്കെ എന്താ ഞങ്ങൾ പറയേണ്ടത്… എല്ലാ മാതാപിതാക്കളെ പോലെ ഞങ്ങൾക്കും ആഗ്രഹം ഇല്ലേ നിന്റെ വിവാഹം ഒന്ന് നടന്നു കാണാൻ ”

“അതിനെന്താ എന്റെ പപ്പേ… പപ്പക്ക്‌ ഇഷ്ടം ഉള്ള ചെക്കനെ കണ്ടു പിടിച്ചോ ഞാൻ റെഡിയാ… പപ്പ കൊണ്ടു വന്നു മുന്നിൽ നിർത്തുന്ന ആരെ ആണെങ്കിലും ഞാൻ കെട്ടിക്കോളം… ആ ഉറപ്പ് പോരെ നിങ്ങൾക്ക് ”

“ടാ… അത്.. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… എല്ലാം മറക്കാൻ എന്റെ മോളെ കൊണ്ടു കഴിഞ്ഞോ? ”

“മറക്കേണ്ടത് മറന്നല്ലേ പറ്റുള്ളൂ പപ്പേ… ഇപ്പോൾ ഞാൻ ഹാപ്പിയാ… ശെടാ എന്നെ കണ്ടിട്ട് നിങ്ങൾക്ക് അങ്ങനെ തോന്നിയില്ലേ… എന്റെ ജീവിതം എങ്ങനെ ആകണമെന്ന് തീരുമാനിക്കാനുള്ള ഫുൾ അവകാശവും ഞാൻ നിങ്ങൾക്ക് തരുവാ… അതെന്റെ കടമ അല്ലേ പപ്പേ… മകളുടെ മനസ്സറിയുന്ന നിങ്ങൾക്ക് വേണ്ടി അത്രയെങ്കിലും ഞാൻ ചെയ്തില്ലേൽ പിന്നെ ഞാൻ എന്തിനാ നിങ്ങളുടെ മകൾ ആണെന്ന് പറഞ്ഞു നടക്കുന്നത്… ”

“ആഹാ ഇത് കലക്കി…. ഈ ഡയലോഗ് അടി ഇത് ആരിൽ നിന്നു കിട്ടി… എന്തായാലും കൂട്ടായി കിട്ടിയ ആള് പുലിയാണല്ലോ ”

“ഹും… കണ്ടു പിടിച്ചു കളഞ്ഞു അല്ലേ… ഒരു നല്ല സുഹൃത്തിനെ എനിക്ക് കിട്ടി പപ്പേ… ആളെ ഞാൻ വഴിയേ പരിചയപ്പെടുത്താം… വെറും പുലിയല്ല കേട്ടോ പുപ്പുലിയാ… ”

“അതെന്തായാലും നന്നായി… അപ്പോൾ ആ ദല്ലാൾ സാബുവിനോട് ഇങ്ങോട്ട് വരാൻ പറയട്ടെ ”

“മ്മ് പറഞ്ഞോ… ലീവ് കുറവാ… നെക്സ്റ്റ് വരവിനു മതി പെണ്ണുകാണലൊക്കെ കേട്ടോ… ഇപ്പോൾ രണ്ട് ഡേയ്‌സ് അടിച്ചു പൊളിക്കണം ”

“അത് മതി മോളെ… ”

***************************************

“അമ്മച്ചി…. ചാച്ചാ… ദാ തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിങ്ങളുടെ മോൻ ”

“വന്നു കയറുമ്പോൾ തന്നേ എന്റെ കയ്യിന്നു വല്ലതും മേടിച്ചു കൂട്ടുമല്ലോ കൊച്ചേ നീ ”

“ഓഹ്ഹ് പിന്നേ… അതിനു ഇമ്മിണി പുളിക്കും… ”

“ചിന്നു… അവൻ വന്നു കയറുമ്പോൾ തന്നെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കാതെ അകത്തോട്ടു കയറി പോയേ നീ ”

“ഓഹ്ഹ് അല്ലേലും അമ്മച്ചിക്ക് മോനെ കാണുമ്പോൾ എന്നെ വേണ്ടല്ലോ… ഞാൻ പോയേക്കാം… ”

മുഖം വീർപ്പിച്ചു ചിന്നൂട്ടി അകത്തേക്ക് കയറി…

ചാച്ചന്റെ മുഖത്തു നോക്കാൻ ഇപ്പോളും ഒരു ചമ്മൽ പോലെയാണ്… അന്നത്തെ ആ നശിച്ച ദിവസത്തിന് ശേഷം ഇന്നാണ് എല്ലാരേം ഒന്നൂടി നേർക്ക് നേർ കാണുന്നത്…

വീട്ടിൽ വന്നു കയറിയാൽ പിന്നെ ആകെ ബിസി ആണ്… തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാൻ തന്നെ ഓടണം… അതിന്റെ ഇടയിൽ കോശിച്ചായന്റെ(അമ്മച്ചിയുടെ സഹോദരൻ ) വക ഉപദേശങ്ങളും… പിന്നെ കൂട്ടത്തിൽ ആ കുരിപ്പ് ചിന്നൂട്ടിയുടെ ഓരോ തല്ല് കൊള്ളിത്തരങ്ങളും…. ചുരുക്കി പറഞ്ഞാൽ രണ്ട് ദിവസം പോയതേ അറിഞ്ഞില്ല… അതിന്റെ ഇടയിൽ എല്ലാരും കൂടി നിർബന്ധിച്ചു ഒരു പെണ്ണുകാണാനും പോയി… വീട്ടിൽ എല്ലാർക്കും ബോധിച്ച മട്ടാണ്… ഞാൻ അഭിപ്രായം ഒന്നും പറയാൻ പോയില്ല…

വീട്ടിൽ വന്നിട്ട് ഇതുവരെ ദിൽനയെ ഒന്ന് വിളിച്ചത് പോലും ഇല്ല… അവളും വിളിച്ചില്ല… എന്നെ പോലെ തിരക്കായിരിക്കും അവൾക്കും… എന്തായാലും നാളെ ഒരുമിച്ചു പോകാൻ ഉള്ളതല്ലേ… അവളെ ഒന്ന് വിളിക്കാൻ തന്നെ തീരുമാനിച്ചു…

“ഹലോ… എവിടാടോ… നമ്മളെയൊക്കെ മറന്നോ…?? ”

“ആഹ് ബെസ്റ്റ്… ഈ ചോദ്യം ഞാൻ അങ്ങോട്ട്‌ ചോദിക്കാൻ ഇരുന്നതാ…. വിളിക്കണം വിളിക്കണം എന്ന് എപ്പോളും വിചാരിക്കും പിന്നെ അങ്ങ് തിരക്കായി പോകും എബി…. ”

“ആഹ് അതുപോലെ തന്നെയാ എനിക്കും… പിന്നെ എന്തുണ്ട് ഹാപ്പിയാണല്ലോ?”

“ഒരുപാട് ഹാപ്പി ആണ് എബി… എബിയോ? വഴക്കാളി ചിന്നൂട്ടി എവിടെ? ”

“അയ്യോ അവൾ ഇവിടെ തന്നെ ഉണ്ട്… വേറെ വിശേഷം ഒന്നുല്ലല്ലോ ഞാൻ പിന്നെ വിളിക്കാം കേട്ടോ… ”

“ഒക്കെ.. ബൈ ”

“എന്നെ കണ്ടോണ്ട് ആണോ ഫോൺ പെട്ടെന്ന് വെച്ചത്… ആരായിരുന്നു ഫോണിൽ… ”

“ആഹ് നിന്നെ കണ്ടോണ്ട് തന്നെയാ … എന്റെ കാമുകി… എന്തേ വല്ല കുഴപ്പം ഉണ്ടോ? ”

“ദേ ചേട്ടായി ഞാൻ ചാച്ചനോട് പറഞ്ഞു കൊടുക്കുവേ… ”

“ഇയ്യോ പൊന്നേ ചതിക്കല്ലേ… അത് എന്റെ ഫ്രണ്ട് ആണ്… അന്ന് ഞാൻ പറഞ്ഞില്ലേ ദിൽന…. ”

“എങ്കിൽ ആ ഫോൺ ഇങ്ങു തന്നേ… ഞാൻ നോക്കട്ടെ… ”

“അതെന്തിനാ… നിനക്ക് എന്നെ വിശ്വാസം ഇല്ലേ??? ”

“അയ്യോ അതിനല്ല… എഫ്ബിയിൽ കയറാനാ… എന്റെ നെറ്റ് തീർന്നു… ”

“മ്മ്.. ആരെങ്കിലും വിളിച്ചാൽ അപ്പോൾ ഫോൺ ഇങ്ങു കൊണ്ടുതരണം കേട്ടോ… ”

“ഒക്കെ ”

********-**-**********************-*-***

പിറ്റേന്ന് രാവിലെ തന്നെ തൃശ്ശൂർക്ക് ട്രെയിൻ കയറി… ദിൽന വലിയ സന്തോഷത്തിൽ ആയിരുന്നു…

വീട്ടിലെ വിശേഷങ്ങളൊക്കെ പറയുന്ന കൂട്ടത്തിൽ അവൾ കല്യാണം ആലോചിച്ചോളാൻ പപ്പക്ക് വാക്കു കൊടുത്തിട്ടാണ് വന്നതെന്ന് കേട്ടപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു… എങ്കിലും അത് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു…

“അതെന്തായാലും നല്ല കാര്യമാ… ”

“ആഹ് പിന്നേ അടുത്ത തവണ വരുമ്പോൾ എബി വീട്ടിൽ വരണം കേട്ടോ… പപ്പയെ പരിചയപ്പെടുത്താം… ഞാൻ പറഞ്ഞിട്ടുണ്ട്… പപ്പക്ക് കാണണം ന്നു പറഞ്ഞു ”

“അതിനെന്താ… ഞാൻ വരാല്ലോ… തന്റെ ഐഡിയൽ ഫാദറിനെ എനിക്കും കാണണം… ഇതുപോലെ ഒരു മോളെ കിട്ടിയത് അവരുടെ ഭാഗ്യം ആണെന്നും പറയണം ”

“ആഹാ… പിന്നെ അവിടെ വീട്ടിൽ എന്തുണ്ട് വിശേഷം…? ”

“എല്ലാർക്കും സുഖം… പിന്നെ ഒരു wit ഉണ്ടായി… ഞാൻ പോയി ഒരു പെണ്ണിനെ കണ്ടു… ”

“അത് പൊളിച്ചു… എന്നിട്ട് എന്തായി… ഫിക്സ് ആയോ? ”

“ആഹ് എനിക്കൊന്നും അറിയില്ല… വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി… ”

“ഫോട്ടോ ഉണ്ടോ?.. ”

“ഇല്ല.. തനിക്കു കാണണോ… ഞാൻ ചിന്നൂട്ടിയോടു പറഞ്ഞു സെന്റ് ചെയ്തു വാങ്ങിക്കാം ”

“മ്മ് വാങ്ങിക്ക്… എബിക്ക് ഇഷ്ടായാൽ ഇത് അങ്ങ് നടത്തണം… വീട്ടുകാരെ വിഷമിപ്പിക്കണ്ട… ”

“മ്മ് ”

നിന്നോട് ഇത് പറയുന്ന ഈ നിമിഷം വരെ എനിക്കൊരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു… എന്റെ മനസിൽ തോന്നിയ പോലെ നിനക്കും എന്നോട് തോന്നിയിട്ടുണ്ടാകുമോ എന്ന്… എനിക്ക് തെറ്റ് പറ്റിപ്പോയി… ഇടക്ക് എപ്പോളോ നിന്നോടുള്ള എന്റെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി സഞ്ചരിച്ചു… പക്ഷേ ഇനി ഒരിക്കലും എബി അങ്ങനെ ചിന്തിക്കില്ല.. ഉറപ്പ്…

“എന്താ എബി ആലോചിക്കുന്നത്? ”

“ഹേയ് ഒന്നുല്ലടാ… താൻ നേരെ ഓഫീസിലോട്ടു പൊയ്ക്കോളൂ.. ബാഗ് എല്ലാം റൂമിൽ കൊണ്ട് വെച്ചിട്ടേ ഞാൻ പോകുന്നുള്ളൂ… ”

“മ്മ് ശരി ”

ഓഫീസിലേക്ക് കയറി ചെന്നപ്പോൾ റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി പറഞ്ഞു..

“മാഡം… ബോസ് വന്നിട്ടുണ്ട്… ”

“ഇനിയും 2 ഡേയ്‌സ് കൂടി ഉണ്ടാരുന്നല്ലോ ടൂർ… പെട്ടെന്ന് എന്തു പറ്റി? ”

“ഇവിടെ ഉടനെ RBI ന്നു ഇൻസ്പെഷൻ ഉണ്ടാകുമെന്നു വിവരം കിട്ടി.. അതാ ക്യാൻസൽ ആക്കി തിരികെ വന്നത് ”

ഓഹ്ഹ് ഭാഗ്യം… അപ്പോൾ ഡെല്ലക്ക്‌ ഭാഗ്യം ഉണ്ട്.. അല്ലെങ്കിൽ രണ്ട് ഡേ കൂടി അവൾ അയാളെ സഹിക്കേണ്ടി വന്നേനെ…

“ഡെല്ല എവിടെ? വന്നിട്ടില്ലേ? ”

“ഇല്ല… ഡെല്ല മാഡം ജോബ് റിസൈൻ ചെയ്തുകൊണ്ടുള്ള മെയിൽ അയച്ചിട്ടുണ്ട് ”

“വാട്ട്????? ”

നൂറായിരം ചോദ്യങ്ങൾ ഒരുനിമിഷത്തിൽ ഉള്ളിൽ കൂടി കടന്നു പോയി…

(തുടരും )