രചന – ഫൗസിയ യൂസഫ്
“” രുദ്രാ.. “” അതൊരു അലർച്ചയായിരുന്നു…. സലോമിയുടെ കഴുത്തിലെ പിടിവിട്ട്, മാത്തച്ചൻ രുദ്രനടുത്തേക്ക് പാഞ്ഞു…. “” കൂടെനിന്ന് ചതിക്കുന്നോടാ നായേ “” മാത്തച്ചനിൽ രോഷം ആളിക്കത്തി… “” ചതിയും വഞ്ചനയും നിങ്ങടെ മാത്രം കുത്തകയൊന്നും അല്ലല്ലോ ഇച്ചായാ…. മറ്റൊരാൾക്ക് നേരെ അത് പ്രയോഗിക്കുമ്പോ ഓർക്കണം, ഒരിക്കലത് തനിക്കു നേരെയും തിരിഞ്ഞു കൊത്തുമെന്ന്!””” രുദ്രൻ പറഞ്ഞതും, മാത്തച്ചനയാളെ സംശയത്തോടെ നോക്കി….. “”” എന്നതാടാ ഒരു മുള്ളും മുനയും വച്ച സംസാരം… എന്നതേലും ഉണ്ടെങ്കി തെളിച്ചു പറയണം… നേരെ വാ നേരെ പോ, അതാ മാത്തച്ചന്റെ ശീലം “” അതുകേട്ടതും രുദ്രനൊന്നു ചിരിച്ചു… “” ശീലങ്ങളൊക്കെ ഒന്നു മാറ്റേണ്ടി വരുമല്ലോ അച്ചായാ…. ഇനിയുള്ള ജീവിതം അങ്ങ് സെൻട്രൽ ജയിലിലല്ലേ.. “” “”” എന്നെ ജയിലിൽ കേറ്റാൻ മാത്രം നീ വളർന്നോടാ കൊച്ചനേ… നീയല്ല, നീയെന്ന സങ്കരയിനത്തെ ഉണ്ടാക്കിയ നിന്റെ തന്ത വിചാരിച്ചാലും ഇതിനിത്തിരി പാടാ “” മാത്തച്ചൻ താടിയുഴിഞ്ഞുകൊണ്ട് പരിഹാസത്തോടെ പറഞ്ഞതും, രുദ്രന്റെ രക്തം തിളച്ചു…
“”” അതേടോ, ഞാൻ സങ്കരയിനം തന്നെയാ… പക്ഷേ,, ഉണ്ടായത് നല്ല തന്തക്ക് തന്നെയാണെന്ന വിശ്വാസമുണ്ട്….. അങ്ങനൊരു വിശ്വാസം താൻ ജന്മം കൊടുത്തവർക്കുണ്ടെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ പറ്റുവോ?? “” മാത്തച്ചന് ഉത്തരം മുട്ടി! അയാൾ ഇടക്കൊന്നു സലോമിയെ നോക്കി… അവളുടെ മുഖത്തും അയാളോടുള്ള പുച്ഛം മാത്രമായിരുന്നു…. “” അപ്പൊ എങ്ങനാ നിങ്ങടെ കാര്യങ്ങളൊക്കെ…. എന്നെ ഒറ്റയടിക്കങ്ങു കൊല്ലുവാണോ അതോ….. “” മത്തച്ചൻ ഇരുവരെയും മാറി മാറി നോക്കി… “”” കർത്താവായിട്ട് ഭൂമിയിലോട്ടയച്ചവരുടെ ജീവനെടുക്കാനുള്ള അവകാശം മനുഷ്യരായ നമുക്കില്ലല്ലോ അച്ചായാ… പിന്നെ,, അത് ചെയ്യുന്നവരുണ്ട്… പണത്തിന് വേണ്ടിയും മറ്റു പലതിന് വേണ്ടിയും! അല്ലേ അച്ചായാ…”” മാത്തച്ചൻ ഒന്നും പറഞ്ഞില്ല…. പക്ഷെ,, സലോമിയും രുദ്രനും എന്തെല്ലാമോ മനസ്സിലാക്കിയിട്ടുണ്ടെന്ന് അയാൾ തീർച്ചപ്പെടുത്തി…. “” അപ്പച്ചൻ വന്ന് കയറിയതല്ലേ ഉള്ളൂ..
നല്ല ക്ഷീണം കാണും…. ഞാനെന്നതേലും കുടിക്കാനെടുക്കാം….”” മാത്തച്ചനൊരു ചിരി നൽകിയിട്ട് സലോമി അടുക്കളയിലേക്ക് പോയി…. “” അവളെയ് അച്ചായൻ കരുതുന്ന പോലെ അത്ര നിസ്സാരക്കാരിയല്ലാട്ടോ. അവള് അസ്സല് പെണ്ണാ…. നല്ല ചൊണയുള്ള പെണ്ണ്! അല്ല, അതങ്ങനല്ലേ വരൂ… അച്ചായന്റെയല്ലേ വിത്ത്…. “””” രുദ്രനൊന്നു ആക്കിച്ചിരിച്ചു…. “”” അപ്പച്ചാ, കാപ്പി “” അവളെയൊന്ന് ചൂഴ്ന്ന് നോക്കിക്കൊണ്ട് ആ കാപ്പി വാങ്ങി അയാൾ ചുണ്ടോട് ചേർത്തതും രുദ്രൻ ചോദിച്ചു…, “”” ഇതില് എന്നതേലും ചേർത്തിട്ടുണ്ടോടീ കൊച്ചേ… “”” മാത്തച്ചനറിയാതെ തന്നെ ഗ്ലാസ് കയ്യിൽ നിന്നും താഴെ വീണു…. നിലത്തുവീണ ഗ്ലാസ് ചിതറിത്തെറിച്ച് നാലുപാടും കിടന്നു…. “”” അച്ചായനിത് എന്നാ പണിയാ കാണിച്ചേ…. ഞാനാ കൊച്ചിനോട് പഞ്ചാര ചേർത്തിട്ടുണ്ടോന്നാ ചോദിച്ചേ… അച്ചായന് ഷുഗറുള്ളത് കൊച്ചിനറിയില്ലല്ലോ… “”” രുദ്രൻ പറഞ്ഞു… മാത്തച്ചൻ അവനെയൊന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി….
“” ഏതാണ്ട് നിലതെറ്റി തുടങ്ങീട്ടുണ്ട്… അതിന്റെ ആദ്യ ലക്ഷണാണ്, നിലത്ത് കിടക്കണ ഈ കാപ്പി.. “”” രുദ്രൻ പതിയെ പറഞ്ഞു… “” നില തെറ്റണം! നിലതെറ്റി അയാള് താഴെ വീഴണം… അത് ഞാനെന്റെ മമ്മയ്ക്ക് കൊടുത്ത വാക്കാ… “”” സലോമി, അമർഷത്തോടെ മറുപടി പറഞ്ഞു… “” എന്നാ കൊച്ച് ചെല്ല്… ഞാനിവിടെയൊക്കെത്തന്നെ കാണും… അങ്ങേരെ വിശ്വസിക്കാൻ കൊള്ളത്തില്ല… കൊച്ചിനെ അപായപ്പെടുത്താനും അങ്ങേര് മടിക്കില്ല! അങ്ങേർക്ക് ബന്ധങ്ങളെക്കാൾ വലുതാണ് ധനം…! “”” രുദ്രൻ തിരിഞ്ഞു നടന്നു…. സലോമി എന്തോ ആലോചനയിലങ്ങനെ നിന്നു… പെട്ടന്ന്, എന്തോ ഓർത്തെന്നപോലെ അവൾ രുദ്രനെ വിളിച്ചു… “” ഇയാളൊന്നവിടെ നിന്നേ… എനിക്കൊരു സംശയം ഇപ്പോഴും ബാക്കിയാണ്…. “” “” കൊച്ചിന്റെ സംശയം ഇനിയും തീർന്നില്ലേ? ആ ചോദിക്ക്.. “” അയാൾ ചിരിയോടെ പറഞ്ഞു.. “””കൂടെനിക്കുന്നവരെയും, തന്നെ വിശ്വസിക്കുന്നവരെയും ചതിക്കുന്ന ആളല്ല രുദ്രൻ… അതല്ല രുദ്രന്റെ ക്യാരക്റ്റർ…. എന്നിട്ടും, ഇയാളെന്നെ വിശ്വസിച്ച് മാത്തച്ചൻ മുതലാളിയെ തള്ളിപ്പറഞ്ഞു…. എന്താ അതിന്റെ അർത്ഥം?? “”” സലോമിയുടെ ചോദ്യത്തിന് രുദ്രനൊന്നു ചിരിക്കുക മാത്രം ചെയ്തു…. “”അർത്ഥം പലതും ഉണ്ടെന്ന് കൂട്ടിക്കോളൂ…. എന്നാലും, അതവിടെത്തന്നെ കിടക്കട്ടെ…. തന്റെ കയ്യിലും ഉണ്ടല്ലോ, എന്നോട് പറയാത്തതായ ചില രഹസ്യങ്ങൾ…. അപ്പോ എന്റെ കയ്യിലും വേണ്ടേ കൊച്ചേ എന്നതേലൊക്കെ…””” അവളെനോക്കി കണ്ണൊന്നു ചിമ്മിക്കാണിച്ച് രുദ്രൻ പോയി…. അയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ സലോമി അങ്ങനെതന്നെ നിന്നു….
“”” നിന്റച്ഛൻ എന്നെയുംകൊണ്ട് ഇന്നാട്ടിലേക്ക് വന്ന് നാലഞ്ചു കൊല്ലം കഴിഞ്ഞാണ്, മാത്തച്ചൻ ഈ നാട്ടിലേക്ക് വന്നത്…. വരുമ്പോ, കയ്യില് പൂത്ത കാശായിരുന്നെന്നാ നാട്ടാര് പറയണേ.. വന്ന ഉടനെ, മേനോൻമാരടെ വിക്കാൻ വെച്ചിരുന്ന വീടും സ്ഥലോം വെലക്ക് വാങ്ങി… അന്നൊരു ഓടിട്ട വീടായിരുന്നു…. അത് പൊളിച്ചാ അങ്ങേര് ഇന്നീ കാണണ മണിമാളിക പണിതത്…. പിന്നേണ്, ചാക്കപ്പൻ മൊതലാളീടെ മോള്, മോളീനെ കെട്ടീത്… ഇങ്ങേര്ടെ കയ്യിലെ പണം കണ്ടിട്ട് തന്നേണ്, ചാക്കപ്പൻ മോളീനെ മാത്തച്ചന് കെട്ടിച്ചു കൊടുത്തത്….”” മാത്തച്ചന്റെ ഹിസ്റ്ററി ചികഞ്ഞു പോയപ്പോഴാണ് അമ്മച്ചി, ഇക്കാര്യങ്ങളെല്ലാം രുദ്രനോട് പറഞ്ഞത്…. “”” എന്നതൊക്കെ ആയാലും ആളത്ര വെടിപ്പാണെന്ന് എനിക്ക് തോന്നീട്ടില്ല…””” “”” അതെന്താ അമ്മച്ചീ, അച്ചായൻ അമ്മച്ചിയോട് എന്നതേലും കന്നംതിരിവ് കാട്ടിയോ? “” രുദ്രൻ ചോദിച്ചു…. “”” ഉണ്ണിയെ കണ്ടാലറിയാം, ഊരിലെ പഞ്ഞം! അങ്ങനൊരു ചൊല്ലുണ്ട്…. നീയത്രേം അറിഞ്ഞാ മതി “”” അമ്മച്ചി എണീറ്റു പോയപ്പോൾ, രുദ്രൻ ആലോചനയിലാണ്ടങ്ങനെ നിന്നു….
“” അപ്പച്ചന് ഇഷ്ടമുള്ള ബീഫും കപ്പയുമാ… ഞാനെന്റെ കൈകൊണ്ട് വച്ചുണ്ടാക്കീത്… കഴിച്ചിട്ട് പറ, എങ്ങനുണ്ടെന്ന് “”” കപ്പയും ബീഫും ടേബിളിൽ നിരത്തിക്കൊണ്ട് സലോമി പറഞ്ഞു… മാത്തച്ചൻ ഒന്നും മിണ്ടിയില്ല! “” എന്നതായാലും, മോളിയമ്മച്ചി വച്ചുണ്ടാക്കുന്നേലും നന്നായിരിക്കും ഞാനുണ്ടാക്കീത്… ആ അമ്മച്ചിക്ക് ഒരു കൈപ്പുണ്യോം ഇല്ല… അല്ലേ അപ്പച്ചാ? “”” സലോമി, വിളമ്പുന്നതിനിടയിൽ മാത്തച്ചനെ ഇടങ്കണ്ണിട്ടു നോക്കി… “” പ്ഫ %&%&#₹& മോളേ…. അവടെയൊരു സൽക്കാരം… എന്നെയങ്ങ് സുഖിപ്പിച്ചു സുഖിപ്പിച്ച് വശത്താക്കാമെന്ന് കരുതിയോടി നീ… അധികം വെളഞ്ഞാ, നിന്റെ തള്ളയെ പറഞ്ഞയച്ച കൂട്ട് നിന്നെയും ഞാൻ പറഞ്ഞയക്കും അങ്ങ് സ്വർഗത്തിലോട്ട്… “” വിളിമ്പിയ പാത്രം തട്ടിത്തെറിപ്പിച്ചു കൊണ്ട് മാത്തച്ചൻ ചാടിയെണീറ്റു…. “”” എന്നതാ, എന്നതാ അപ്പച്ചനിപ്പോ പറഞ്ഞേ… എന്റമ്മച്ചിയെ എന്നാ ചെയ്തെന്നാ പറഞ്ഞേ?? “”” സലോമി മാത്തച്ചനിരികിലേക്ക് ചെന്നു…. “” കൊന്ന് തള്ളീതാടീ ഞാൻ നിന്റെ തള്ളയെ…. പക്ഷേ,, ആരും അറിഞ്ഞില്ല! എല്ലാരും വിശ്വസിച്ചു അതൊരു ആക്സിഡന്റാണെന്ന്… എന്തിന്…,, നിന്റെ തള്ളപോലും അറിഞ്ഞിട്ടില്ല അവളെ ഞാൻ കൊല്ലാൻ നോക്കീതാണെന്ന് “” മാത്തച്ചൻ ഉറക്കെ ചിരിച്ചു…
സലോമിയുടെ കണ്ണുകൾ കുറുകി…. ദേഷ്യത്താൽ അവൾ അടിമുടി വിറച്ചു… “” ഇത് നിങ്ങടെ നാവീന്നു തന്നെ കേൾക്കാനാ ഞാൻ കാത്തിരുന്നേ…. ഇനി ഒന്നിനുവേണ്ടിയും ഈ സലോമി കാത്തിരിക്കില്ല!””” അവൾ, മുന്നോട്ടാഞ്ഞതും, അരയിൽ തിരുകിയ പിസ്റ്റലെടുത്തു മാത്തച്ചൻ അവൾക്കു നേരെ നീട്ടിപ്പിടിച്ചു…. “”” എന്റെ പൊന്നുമോള് അധികം വെളയല്ലേ…. ദാ, ഇതുകണ്ടോ… എന്റെ മോള് ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ ഈ സാധനം? ഇതാണ് തോക്ക്… ഈ കാഞ്ചിയൊന്നു വലിച്ചാ മതി, അതോടെ തീരും നിന്റെയീ ജന്മം… തള്ളയെ തീർത്തപോലെ ആക്സിഡന്റ്റൊന്നും വേണ്ട നിന്നെ തീർക്കാൻ.. “”” മാത്തച്ചൻ അട്ടഹസിച്ചു…. സലോമിക്ക് ഒരു കുലുക്കവുമുണ്ടായില്ല! കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി അവളെങ്ങനെ നിന്നു….. ആ ധൈര്യം, മാത്തച്ചനെ അത്ഭുതപ്പെടുത്താതിരുന്നില്ല! “”” എന്നതാ അപ്പച്ചാ, കൈ വിറക്കുന്നുണ്ടോ? “” അവൾ സധൈര്യം ചോദിച്ചു… “”” ഷൂട്ട് മി… ഇനിയെന്തിനാ വൈകിക്കുന്നെ… അതങ്ങ് നടക്കട്ടെ “” യാതൊരു കൂസലുമില്ലാതെയുള്ള അവളുടെ നിൽപ്പ് അയാളിലെ അരിശത്തെ ഇരട്ടിപ്പിച്ചു…. രണ്ടും കല്പിച്ച് അയാൾ, സലോമിക്കുനേരെ തോക്കിന്റെ കാഞ്ചി വലിച്ചു…. കാത്തിരിക്കണേ ❤

by