രചന – നന്ദിത ദാസ്
“ചേട്ടാ.. ഈ ബസ് തൃശൂർ സ്റ്റാൻഡിൽ പോകുവോ? “”പിന്നെന്താ പോകുമല്ലോ… കുട്ടി കയറിക്കോളൂ” ബസിന്റെ വിൻഡോ സീറ്റിൽ ഇരുന്നു കഴിഞ്ഞു പോയ നിമിഷങ്ങളെ പൂർണമായും മറക്കേണ്ടതാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്ന എന്റെ കാതുകളിലേക്കു ഒരു പെൺശബ്‌ദം തുളച്ചു കയറി… ഇത്ര ഉച്ചത്തിൽ ഇതാരാണ് കണ്ടക്ടറോട് ചോദിച്ചതെന്നു നോക്കാനായി ഞാൻ പതിയെ തല വെളിയിലേക്കിട്ടു… എടുക്കാൻ പറ്റാത്തതുപോലെ ഒരു ബാഗും ചുമന്നു ഒരു പെൺകുട്ടി… കണ്ടക്ടറുടെ മറുപടി കേട്ട ഉടൻ അവൾ ചാടി ബസിനുള്ളിലേക്കു കയറി.. കണ്ണുകൾ കൊണ്ട് അവൾക്കുള്ള ഇരിപ്പിടം തിരഞ്ഞു.. പക്ഷേ നിരാശ ആരുന്നു ഫലം.. ഒടുവിൽ അവളുടെ കണ്ണുകൾ എന്റെ സീറ്റിനു നേരെ തിരിഞ്ഞു.. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഞാൻ ഒരാൾ മാത്രം വിസ്തരിച്ചു ഇരിക്കുന്നു..
അവളുടെ മുഖത്തെ നിസ്സഹായത കണ്ടിട്ടാകണം ഒരു ചേച്ചി ഞാൻ ഇരിക്കുന്ന സീറ്റിലേക്ക് വിരൽ ചൂണ്ടി “അവിടെ ഇരുന്നോളു മോളെ.. അല്ലെങ്കിൽ ഈ ബാഗെല്ലാം ചുമന്നു തൃശൂർ വരെ നിൽക്കേണ്ടി വരും ” അവൾ എന്റെ മുഖത്തേക്കും ഒഴിഞ്ഞ സീറ്റിലേക്കും മാറി മാറി നോക്കി.. ആ ചേച്ചിയുടെ നിർബന്ധം കാരണം അവൾ മനസില്ലാ മനസോടെ എന്റെ അടുത്തേക്ക് വന്നു… ഞാൻ അല്പം ഒതുങ്ങി ഇരുന്നു.. കൈയിൽ ഇരുന്ന ഒരു ഹാൻഡ് ബാഗ് എന്റേം അവളുടെം മധ്യത്തിലായി വെച്ച് ഒരു വിളറിയ ചിരിയോടെ തോളിൽ ഉണ്ടാരുന്ന വലിയ ബാഗ് അവൾ സൈഡിൽ ഒതുക്കി വെച്ചു.. വല്ലാതെ വീർപ്പു മുട്ടിയാണ് അവൾ എന്റെ അരികിൽ ഇരിക്കുന്നതെന്നു ആ മുഖത്തുനിന്നും വായിച്ചെടുക്കാം..നീണ്ട മുടിയിഴകൾ സൈഡിലേക്കൊതുക്കി ഇട്ടിരുന്നു..
ഒരു ചെറിയ നീലക്കല്ലു മൂക്കുത്തി അവളുടെ ഭംഗി ഒന്നൂടി കൂട്ടുന്നതുപോലെ മൂക്കിൽ പറ്റിപിടിച്ചു കിടക്കുന്നു.. വേറെ പറയത്തക്ക ഒരു ആർഭാടവും അവളുടെ വേഷത്തിൽ കാണാൻ ഇല്ല.. ഒരു നിഷ്കളങ്കത ഭാവം .. കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം തങ്ങി നിൽക്കുന്നു.. ബസ് അടൂർ കെ.എസ്.ആർ .ടി.സി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു.. ഇപ്പോൾ ബസിൽ നല്ല തിരക്കുണ്ട്.. ഞാൻ നോക്കിയപ്പോൾ പത്തു നാല്പത്തഞ്ചു വയസുള്ള ഒരുത്തൻ അവളുടെ ദേഹത്തേക്ക് ചാരി നിന്നു സുഖിക്കുന്നു.. അവൾ പ്രതികരിക്കുന്നുണ്ട് പക്ഷേ ബസിലെ തിരക്കു കാരണം കൂടുതൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആരുന്നു അവൾ.. അവളുടെ ബുദ്ധിമുട്ട് മനസിലാക്കി ഞാൻ പറഞ്ഞു.. “കുട്ടി ഇവിടെ ഇരുന്നോളു.. ഞാൻ അവിടെ ഇരിക്കാം ” ഞാൻ ഇരുന്ന വിൻഡോ സീറ്റ് അവൾക്കു ഒഴിഞ്ഞു കൊടുത്തിട്ട് അവൾ ഇരുന്ന സ്ഥലത്ത് ഞാൻ ഇരുന്നു.. ഇപ്പോൾ അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ട്..
എന്നോടുള്ള നന്ദി അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു.. അതുവരെ ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്ന നിശബ്തതയെ തള്ളി മാറ്റി അവൾ ചോദിച്ചു.. “തൃശ്ശൂർക്ക് ആണോ? ” “അതെ… താനോ? ” “ഞാനും അവിടേക്കാ.. ആദ്യമായിട്ടാ.. ഒരു ജോബ് കിട്ടി.. ഇനി കുറേ നാളേക്ക് തൃശൂർ തന്നെ ” “അവിടെ എവിടെയാ? ഒറ്റക്ക് പോകാൻ അറിയുമോ?” “ഓഫീസിൽ നിന്നും ആള് വന്നു പിക് അപ്പ് ചെയ്‌തോളും.. സ്റ്റാൻഡിൽ ചെന്നിട്ടു വിളിച്ചാൽ മതി.. ഒരു സിംഗപ്പൂർ ബേസ്ഡ് കമ്പനിയാ.. ജെ. കെ ഗ്രൂപ്പ് ഓഫ് കമ്പനീസ്.. ” “ജിതിൻ തമ്പാൻ ആണോ നിങ്ങളുടെ സി ഇ ഒ? ” “അതെ.. അത് തന്നെ.. അറിയുമോ? ” “അറിയാം.. മൾട്ടിനാഷണൽ കമ്പനി ആണല്ലോ.. ഫോറിൻ ടൂറിനൊക്കെ പോകാല്ലോ അപ്പോൾ..ഏതാ പോസ്റ്റ്? “ഞാൻ സി.എ ആണ്.. ജോബ് ലെറ്റെറിൽ ഓഡിറ്റർ പോസ്റ്റാണ്.. പിന്നെ അക്കൗണ്ട്സും മെയിൻന്റെയിൻ ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.. ” “ഓഹ്.. ഗുഡ്.. എന്താ തന്റെ പേര്? ” “ദിൽന.. ദിൽന മാത്യൂസ് ” “ദിൽന.. നല്ല ഹൃദയമുള്ളവൾ.. അങ്ങനെ അല്ലേ പേരിന്റെ അർത്ഥം?? “ആഹാ.. ഇതൊക്കെ അറിയാമോ.. അർത്ഥം ഒന്നും വെച്ച് ഇട്ടതല്ല എനിക്ക് ഈ പേര്.. പപ്പക്ക് ഇഷ്ടപെട്ട പേരായതുകൊണ്ട് എനിക്ക് ഇട്ടു ”
“മ്മ്.. എന്റെ പേര് എബി.. എബി ജോൺ.. പത്തനാപുരം കാരനാണ്.. തൃശ്ശൂരിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ വർക്ക് ചെയ്യുന്നു.. ഫീൽഡ് സൂപ്പർവൈസർ ആയി.. ” “ആഹാ കൊള്ളാല്ലോ…എബി കുറേ നാളായോ അവിടെ? ” ഇവള് കൊള്ളാല്ലോ.. പേര് വിളിക്കുന്നോ.. ചേട്ടാന്നു വിളിച്ചു കൂടെ.. “ആഹ്.. ഒരു ആറു വർഷമായി.. ” “എബി തെറ്റിദ്ധരിക്കണ്ട ഞാൻ പേര് വിളിച്ചതിൽ.. എബിയെ കണ്ടിട്ട് ഒരുപാട് പ്രായം തോന്നുന്നില്ല.. അതാ പേര് വിളിച്ചെ.. എനിക്ക് 28 വയസ്സുണ്ട്.. ” ഇവൾക്ക് മനസ് വായിക്കാനും അറിയാമോ.. പേര് വിളിച്ചതിനെപറ്റി ഞാൻ ചിന്തിച്ചതേ ഉള്ളല്ലോ.. “28 വയസ്സോ?? ഞാൻ വിശ്വസിക്കില്ല.. കണ്ടാൽ തോന്നില്ലടോ.. അതാ ” “ചർമ്മം കണ്ടാൽ തോന്നില്ലാരിക്കാം.. പക്ഷേ എനിക്ക് അത്രയും ഉണ്ട് ” “അതെയോ… എന്നാലും തന്നേക്കാൾ രണ്ടു വയസ്സ് കൂടുതൽ എനിക്ക് തന്നെയാ.. ” “ഓഹ്ഹ് അതിന് അർത്ഥം ചേട്ടാന്നു വിളിക്കണം എന്നാണല്ലേ?? ” “അങ്ങനെ ഒന്നും ഇല്ല കുട്ടി.. താൻ എബി ന്നു തന്നെ വിളിച്ചോളൂ..” “മ്മ് ഒക്കെ ”
“അപ്പോൾ തന്റെ ഫാമിലി? ഹസ്ബൻഡ്? എല്ലാരും?” “ഞാൻ വിവാഹം കഴിച്ചിട്ടില്ല.. വീട്ടിൽ പപ്പാ അമ്മ.. ഒരു സിസ്റ്റർ ഉണ്ട് മാരീഡ് ആണ് ” “ഓഹ് സോറി.. ” വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.. എന്നിൽ വിശ്വാസം വന്നതുകൊണ്ടായിരിക്കാം ഒരു കള്ള ചിരിയോടെ എന്റേം അവളുടെയും മധ്യത്തിലായി വെച്ച ആ ഹാൻഡ് ബാഗ് അവൾ എടുത്തു മാറ്റി.. പലതിനെക്കുറിച്ചും അവൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി.. ഇടക്കൊക്കെ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു.. അവളുടെ സംസാരം കേട്ടിരിക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന സങ്കടത്തിനൊക്കെ ഒരു അറുതി വന്നതുപോലെ.. ചുരുങ്ങിയ സമയംകൊണ്ട് എനിക്കവളെ നന്നായി പഠിക്കാൻ പറ്റി.. “താൻ എന്താ പിന്നെ മാരേജ് നോക്കാതിരുന്നേ? അതോ ഇനി ആർക്കെങ്കിലും വേണ്ടിയുള്ള കാത്തിരിപ്പാണോ? ” എന്റെ ചോദ്യം അവളിൽ പെട്ടെന്നൊരു ഭാവമാറ്റം ഉണ്ടാക്കി.. ആ നീണ്ട മിഴികളിൽ നനവ് പടർന്നു..
“കാത്തിരുന്നിരുന്നു ഒരാളെ… ആറു വർഷമായി ആത്മാർത്ഥമായി സ്നേഹിച്ചു.. പക്ഷെ..? ” “പിന്നെ എന്താ പറ്റിയേ?” “ഇനി കാത്തിരുന്നിട്ടും കാര്യമില്ല എബി.. ഇന്നലെ അയാളുടെ വിവാഹം ആരുന്നു ” അത് പറഞ്ഞപ്പോൾ മിഴികളിൽ ഉരുണ്ടു കൂടിയ നീർമുത്തുകൾ അവളുടെ കവിളോരം ചേർന്നു താഴേക്കു ഉതിർന്നു വീണു.. ആ ചുണ്ടുകൾ വല്ലാതെ വിറക്കുന്നുണ്ടാരുന്നു.. ഈ ചോദ്യം ചോദിക്കേണ്ടി ഇരുന്നില്ലാന്നു തോന്നി.. വെറുതെ അവളെ വിഷമിപ്പിച്ചു. എന്തു പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കുക അവളെ.. ഇതേ ദുഃഖം പേറി നടക്കുന്നവനല്ലേ ഞാനും.. ഒരു ആശ്വാസവാക്കും ഒന്നിനും പകരമാവില്ല.. “എടോ.. ഞാൻ.. സോറി ” “ഹേയ് സാരമില്ല എബി.. സങ്കടപെടരുതെന്നു എത്ര പറഞ്ഞു കൊടുത്താലും ചില സമയം മനസ്സ് കൈ വിട്ടു പോകും അതാ.. ഞാൻ ഒക്കെ ആണ്.. എല്ലാം ഞാൻ പറയാം.. ” അവളുടെ പ്രണയ കഥ കേൾക്കാനായി ഞാൻ കാതോർത്തു… (തുടരും )

by