രചന – നന്ദിത ദാസ്
“ഇതെന്താ എബി രാവിലെ തന്നെ മുണ്ടും ഷർട്ടുമെല്ലാം അയൺ ചെയ്യുന്നേ?? ”
“ഇന്ന് വിഷു അല്ലേ… ഓഫീസിൽ പ്രോഗ്രാം ഉണ്ട്… ”
“അയ്യോ അത് പറഞ്ഞപ്പോളാ ഞാനും ഓർക്കുന്നെ… ഡെല്ല വിളിച്ചിട്ടുണ്ടായിരുന്നു.. നാടൻ വേഷത്തിൽ ഓഫിസിൽ എത്തണമെന്ന് പറഞ്ഞു… ”
“തന്റെ കൈയിൽ സാരീ ഉണ്ടോ അതിന്… ”
“അതൊക്കെ ഉണ്ട്… പക്ഷെ സാരി ഉടുക്കുന്നതൊക്കെ ഒരു ചടങ്ങാ… ”
“ഒന്ന് ട്രൈ ചെയ്യടോ… വല്ലപ്പോഴും അല്ലേ ഉള്ളു… ”
“മ്മ്.. എന്നാൽ ഞാനും റെഡി ആകട്ടെ.. ”
“അയ്യോ.. ആഹ്… ”
“എന്തുപറ്റി… എബി.. ”
“കണ്ണിൽ എന്തോ വീണെന്ന് തോന്നുന്നു… നീറുന്നു.. ”
“കൈ മാറ്റിയെ.. ഞാൻ ഒന്ന് നോക്കട്ടെ… കണ്ണ് ഇങ്ങനെ ഇട്ടു തിരുമ്മാതെ എബി… നോക്കട്ടെ.. ”
അവൾ എന്റെ അടുത്തേക്ക് വന്നു മുഖം കൈയിൽ എടുത്തു… അവളുടെ ചുടു നിശ്വാസം എന്റെ മുഖത്ത് തട്ടി നിന്നു.. എന്തോ ഒരു വല്ലാത്ത ഫീൽ… ആകെ കൂടി ഒരു വെപ്രാളം പോലെ.. ഞാൻ പെട്ടെന്ന് അവളെ തള്ളി മാറ്റി…
“മതി മതി.. പോയി.. താൻ പോയി റെഡി ആയിക്കോ… ”
അവൾ അകത്തേക്ക് കയറിപ്പോയി…
ന്റെ കർത്താവെ ഇതിപ്പോൾ എന്താ എനിക്കങ്ങനെ തോന്നിയെ… ഒരു നല്ല സുഹൃത്തായിട്ട് തന്നെ എനിക്കു അവളെ കാണാൻ കഴിയണേ…
റെഡി ആകാൻ പോയവളെ ഒരു മണിക്കൂർ ആയിട്ടും കാണുന്നില്ലാലോ….
“ടോ.. താൻ അവിടെ എന്ത് എടുക്കുവാ ..പോകാൻ ടൈം ആകുന്നു കേട്ടോ… ”
“ഒരു 5 മിനിറ്റ് എബി… ഇപ്പോൾ വരാം… ”
വല്ലതും നടക്കുവോ എന്തോ… ആത്മഗതം പറഞ്ഞു ഞാൻ മുണ്ടിന്റെ കര ഒന്നുകൂടി നിവർത്തി ഇട്ടു…
ഡോർ തുറന്നു വന്ന അവളെ കണ്ടു ഞാൻ വായും പൊളിച്ചു നിന്നു പോയി…
“എങ്ങനെ ഉണ്ട് എബി.. കൊള്ളാമോ… വെറുതെ സുഖിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട.. സത്യം മാത്രം പറഞ്ഞാൽ മതി… ”
“എന്റെ പൊന്നു മോളെ.. പൊളിച്ചു… സൂപ്പർ ആയിട്ടുണ്ട്.. കിക്കിടു… തനിക്കു സാരിയാണ് നന്നായി ചേരുന്നത്… അടിപൊളി ആടോ… ”
“ശരിക്കും… ”
“മ്മ് അതേ… പക്ഷെ ചെറിയ ഒരു കുറവുണ്ട്… ഞാൻ ഇപ്പോൾ വരാം ”
കൈയിൽ ഒരു ചുവന്ന റോസാപ്പൂവുമായി എബി…
“ദാ ഇത് കൂടി ആ മുടിയിൽ ചൂടിക്കോ… ”
“കാക്ക മലർന്ന് പറക്കുവല്ലോ… പൂവ് പറിക്കരുതെന്ന് എന്നോട് പറഞ്ഞ ആളാ… ”
“സത്യത്തിൽ തന്നെ ഇപ്പോൾ കണ്ടാൽ ഈ പൂവിനേക്കാളും ഭംഗിയാ… ദാ വാങ്ങു… ”
എബിയുടെ കൈയിൽ നിന്നും പൂവ് വാങ്ങി ഞാൻ മുടിയിൽ ചൂടി… റൂം പൂട്ടി ഇറങ്ങാൻ നേരം ചെന്നു പെട്ടത് സെക്യൂരിറ്റി ചേട്ടന്റെ മുന്നിൽ…
“ഞാൻ ഇത് എന്താ കാണുന്നത്… രണ്ടാളും അടിപൊളി ആയിട്ടുണ്ടല്ലോ… ”
“ഹാപ്പി വിഷു ചേട്ടാ… ”
“മ്മ് ഹാപ്പി വിഷു… എബി മോൻ ആ ഫോൺ ഇങ്ങു തന്നേ… രണ്ടാളെയും ഒരുമിച്ചു നിർത്തി ഒരു ഫോട്ടോ എടുക്കട്ടെ… നിങ്ങൾ നല്ല ജോടികൾ ആണല്ലോ…. ”
“അതൊക്കെ വേണോ ചേട്ടാ… ”
“ചേട്ടന്റെ ആഗ്രഹം അല്ലേ കൊടുക്കു എബി… ”
അങ്ങനെ ഞങ്ങൾ ഒരുമിച്ചു നിന്നുള്ള ഫോട്ടോസ് എടുത്തു… എനിക്കു ഉള്ളിൽ എന്തോ കുറ്റബോധം തോന്നി… അവളുടെ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ എന്തൊക്കെ വന്നാലും ഒരു നല്ല സുഹൃത്ത് മാത്രം ആയിരിക്കുമെന്ന് മനസിൽ ദൃഢ പ്രതിജ്ഞ എടുത്തു…
“എബി എന്ത് ആലോചിച്ചു നിൽക്കുവാ… വാ പോകാം… പിന്നെ ഫോട്ടോസ് എല്ലാം എനിക്കു സെന്റ് ചെയ്തേക്കണേ… ”
“മ്മ് ഒക്കെ… ”
“എബിക്കും ഈ പാന്റ്സും ഷർട്ടും വലിച്ചു കയറ്റി ഇടുന്നതിനേക്കാൾ നല്ലത് ഈ വേഷം തന്നെയാ… ”
“ആഹ് ഉവ്വ് ഉവ്വ്…. ”
ഓഫിസിൽ ചെന്നു കയറിയപ്പോൾ എല്ലാരും സെറ്റും മുണ്ടും യൊക്കെ ഉടുത്തു സൂപ്പർ ആയിട്ടുണ്ട്… എന്നെ കണ്ടപ്പോൾ ഡെല്ല ഓടി വന്നു
“നാടൻ വേഷത്തിൽ കലക്കിയല്ലോ മോളെ… ബോസ് ഇന്ന് തട്ടിക്കൊണ്ടു പോയില്ലെങ്കിൽ കൊള്ളാം… ”
“ഒന്ന് ചുമ്മാതിരി… ഡെല്ല…ഒന്നാമതെ അയാളെ പേടിച്ചാ ഇങ്ങോട്ട് വരുന്നത്… ”
“ഇന്ന് കൂടി പേടിച്ചാൽ മതി മോളെ… നാളെ അയാൾ ഫോറിൻ ടൂർ പോകുവാ… 10 ഡേയ്‌സ് കഴിഞ്ഞേ വരുള്ളൂ… ”
“ഹാവു ആശ്വാസമായി… ”
“പക്ഷേ എനിക്കു ആ 10 ഡേയ്‌സ് നരകത്തിൽ കിടക്കുന്ന പോലെയാ… ”
“നീ പറഞ്ഞു വരുന്നത്… ”
“അയാളുടെ കൂടെ ഞാനും പോകുന്നുണ്ട്… ഒഴിഞ്ഞു മാറാൻ ആകുന്നതും ശ്രമിച്ചു… പക്ഷെ… ”
അവളുടെ വാക്കുകൾ മുറിഞ്ഞു… എനിക്ക് എന്തോ വല്ലാത്ത ഭീതി മനസ്സു് നിറയെ… എങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ അവളോട് സംസാരിച്ചു…
“നീ ഒട്ടും പതറരുത്… എന്തെങ്കിലും പ്രോബ്ലം ഉണ്ടെന്ന് തോന്നിയാൽ അപ്പോൾ തന്നെ വേണ്ടപ്പെട്ട ആരോടെങ്കിലും ഷെയർ ചെയ്യണം… നമ്മുടെ സമ്മതം ഇല്ലാതെ അയാൾ ഒന്നിനും മുതിരില്ല… കുറച്ചു ദിവസം കൊണ്ട് അത് എനിക്കു മനസ്സിലായിട്ടുണ്ട്… ”
“മ്മ്.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ… നാളെ നൈറ്റ് 8. 30 ക്ക് ആണ് ഫ്ലൈറ്റ്… ”
അയാളുടെ മുന്നിൽ ചെന്ന് പെടാതെ എങ്ങനെയൊക്കെയോ ഞാൻ മുങ്ങി നടന്നു… പക്ഷെ സദ്യ കഴിക്കാൻ എല്ലാരും ഒരുമിച്ചു ഒരു ടേബിളിൽ ആയിരുന്നു… എന്റെ ലെഫ്റ്റ് സൈഡിൽ ആയി അയാളും… കഴിച്ചിട്ട് എഴുന്നേൽക്കാൻ നേരം,
“ദിൽന… താൻ ഒരു അരമണിക്കൂർ കഴിഞ്ഞു എന്നെ വന്നു കാണണം കേട്ടോ… ”
“ശ… ശരി സാർ ”
വാക്കുകൾ വിറച്ചുപോയി… അത് അയാളിൽ ഒരു ഭാവമാറ്റം ഉണ്ടാക്കി…
അരമണിക്കൂർ കഴിഞ്ഞു ഞാൻ അയാളുടെ ക്യാബിനിലേക്കു ചെന്നു…
ബോസ് സിസ്റ്റത്തിലേക്കു കണ്ണും നട്ടു ഇരിക്കുവായിരുന്നു…
“സാർ ”
“ഞാൻ 10 ഡേയ്‌സ് നാട്ടിൽ കാണില്ല… ഇവിടുത്തെ കാര്യങ്ങൾ എല്ലാം അഡ്മിനിസ്ട്രേറ്റർ സജിത്തിനെ ഏല്പിച്ചിട്ടാണ് പോകുന്നത്.. എന്തുണ്ടായാലും സജിത്തിനോട് ചോദിക്കാം… ”
“ഒക്കെ സർ ”
“താൻ ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു… ”
“താങ്ക് യൂ സർ ”
“സാരിയിൽ താൻ നല്ല ഗ്ലാമർ ആണ്… തന്റെ വയറിലെ ആ ചെറിയ മറുക് ആ ആലില വയറിന്റെ ഭംഗി ഒന്നൂടി കൂട്ടുന്നു ”
ഞാൻ ചാടി എഴുന്നേറ്റു… എത്ര വൃത്തിയായി വയറൊന്നും കാണാതെ പിൻ അഡ്ജസ്റ്റ് ചെയ്ത് കുത്തിയതാ.. എന്നിട്ടും അയാൾ കണ്ടുന്നു…
തറപ്പിച്ചൊരു നോട്ടം നോക്കി…
“തന്റെ കോഴിത്തരം എന്നോട് എടുക്കണ്ട… വന്നപ്പോൾ മുതൽ മനസ്സിലായതാ തന്റെ ഉള്ളിലെ വൃത്തികെട്ട സ്വഭാവം… ബോസ് ആയി പോയി… വേറെ വല്ലവരും ആണെങ്കിൽ എന്റെ കാലിലെ ചെരുപ്പായിരിക്കും തന്നോട് മറുപടി പറയുക… ”
ഇത്രയും പറഞ്ഞു ഡോർ വലിച്ചടച്ചു ഞാൻ പുറത്തിറങ്ങി… നാശം പിടിക്കാൻ അല്ലെങ്കിലും ഈ സാരി ഉടുത്താൽ ശരി ആകില്ല.. എത്ര നന്നായി ഉടുത്താലും ഒരു കോൺഫിഡൻസ് കിട്ടില്ല…
ഛെ ഓർക്കുമ്പോൾ തന്നെ ദേഷ്യം ഇരച്ചു കയറുന്നുണ്ട്… മുഖത്തുനോക്കി സ്വന്തം ശരീരത്തെ കുറിച്ച് വർണ്ണിച്ചാൽ എങ്ങനെ ദേഷ്യം വരാതെ ഇരിക്കും…
ഈ ദേഷ്യമൊക്കെ ഞാൻ എത്ര കണ്ടതാ മോളെ… ടൂർ കഴിഞ്ഞു വന്നാൽ പിന്നെ നിന്റെ ഊഴമാ… ഇപ്പോൾ കൈയിൽ മറ്റൊരു മാണിക്യം ഇരിപ്പുണ്ടല്ലോ… അതോർത്തു അയാൾ ഊറി ഊറി ചിരിച്ചു…
പിന്നെ എനിക്കു തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം ആയിരുന്നു… എബിയോട് പോലും വരാൻ വൈകി എന്ന് പറഞ്ഞു ചുമ്മാ വഴക്കിട്ടു… സാധാ ബൈക്കിൽ പോകുമ്പോൾ വാ തോരാതെ സംസാരിക്കുന്നതാ ഞങ്ങൾ… സംഗതി സീരിയസ് ആണെന്ന് എബിക്ക് മനസിലായി… ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി…
“മുഖം വീർപ്പിച്ചിരിക്കാതെ കാര്യം പറ പെണ്ണേ… ”
“ഒന്നുല്ലന്നു പറഞ്ഞില്ലേ… ”
“അത്രക്കു വാശി ഒന്നും വേണ്ട… പറഞ്ഞിട്ടേ ഇനി ബൈക്ക് മുന്നോട്ടു എടുക്കുള്ളു… ”
“ആഹ് എനിക്ക് ഒരു നിർബന്ധവും ഇല്ല ഉടനെ പോകണമെന്ന് ”
“ഓഹോ.. ഒക്കെ ശരി ”
ബൈക്കിൽ നിന്നും കീ ഊരി എബി അടുത്തു കണ്ട ഒരു റെസ്റ്റോറന്റിലേക്കു കയറി… കുറേനേരം ഞാൻ അവിടെ തന്നെ നിന്നു… പിന്നെ ഞാനും അങ്ങോട്ട് ചെന്നു… എന്നെ കണ്ടപ്പോൾ എബി ദേഷ്യം അഭിനയിച്ചു മുഖം തിരിച്ചു… അതു കണ്ടപ്പോൾ എനിക്ക് ചിരി വന്നു… ഞാൻ ചിരിച്ചപ്പോൾ എബിയും ചിരിച്ചു…
“ആഹ് അപ്പോൾ ഇനി മോള് പറ എന്താ ഈ ദേഷ്യത്തിന് ഉറവിടം എന്ന് ”
ബോസ് എന്നോട് പറഞ്ഞതൊക്കെ ഞാൻ എബിയോട് പറഞ്ഞു…
ഇതെല്ലാം കേട്ടപ്പോൾ എബി ദേഷ്യം കൊണ്ട് ചാടി എഴുന്നേറ്റു…
“രണ്ടെണ്ണം പൊട്ടിച്ചിട്ട് വരാൻ വയ്യാരുന്നോടി… അവന്റെ അനക്കം ഇന്നത്തോടെ ഞാൻ തീർത്തു കൊടുക്കാം.. നീ വന്നേ… ”
ഒടുവിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു സമാധാനപ്പെടുത്തി.. ഇപ്പോൾ ആള് കുറച്ചൊന്നു അയഞ്ഞു…
“ചൂടൊക്കെ അല്ലേ എബി നമുക്കൊരു ഷാർജ ഷേക്ക് കുടിച്ചാലോ? ”
“ഊതിയതു ആണെന്ന് മനസിലായി… എങ്കിലും കുടിച്ചേക്കാം… തന്റെം ചൂട് കുറച്ചു കുറയട്ടെ ”
ഓരോന്ന് സംസാരിച്ചുകൊണ്ട് ഇരിക്കുന്നിതിനിടയിൽ അവളുടെ അനക്കം ഒന്നും കേൾക്കുന്നില്ല… ഞാൻ പതിയെ മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി ഇപ്പോൾ പൊട്ടുമെന്ന അവസ്ഥയിൽ അവൾ
“ഡോ… എന്താടോ എന്തുപറ്റി…. ”
അവൾ വിരൽ ചൂണ്ടിയിടത്തേക്കു ഞാൻ നോക്കി… ഒപ്പം അവളുടെ പതറിയ ശബ്‌ദവും..
“ന… നവീൻ… ”
(തുടരും )

by