24/04/2026

ദിൽന : ഭാഗം 08

രചന – നന്ദിത ദാസ്

“ആഹാ താൻ റെഡി ആയോ??.. ജസ്റ്റ്‌ 5 മിനിറ്റ് ഞാൻ ഇപ്പോൾ റെഡി ആയിട്ട് വരാം… ”

“ഒക്കെ എബി…. ”

ഞാൻ പതിയെ റൂം തുറന്നു ബാൽക്കണിയുടെ ഭാഗത്തു പോയി നിന്നു… അവിടെ നിന്നാൽ ഈ ഫ്ലാറ്റും അതിനോട് ചുറ്റപ്പെട്ടു കിടക്കുന്ന കുറച്ചു സ്ഥലങ്ങളും കാണാം… നല്ല തണുത്ത കാറ്റു വീശുന്നുണ്ട്… അവ മെല്ലെ എന്നെ തഴുകി കടന്നു പോവുന്നു…

ബാലക്കണിയോട് ചേർന്നു വരുന്ന ഭാഗത്തു ഒരു ചെറിയ ടേബിൾ… അതിന്റെ മുകളിൽ ഒരു ചെടി ചട്ടിയിലായി പനിനീർ ചെടി മൊട്ടിട്ടു നിൽക്കുന്നു… എബി വളർത്തിക്കൊണ്ടു വരുന്നതാകണം…

താഴെ ഗ്രൗണ്ടിലും പാർക്കിലും ഇപ്പോളും കുട്ടികൾ ഓടിച്ചാടി നടന്നു കളിച്ചു തിമിർക്കുന്നു… അവരുടെ ആർപ്പുവിളി ശബ്ദങ്ങൾ കുട്ടിക്കാലത്തിന്റെ ഓർമകൾ എന്നിൽ നിറച്ചു.. നിറശോഭയാർന്ന ബാല്യം… ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ… എത്ര നേരം അങ്ങനെ നിന്നുന്നു അറിയില്ല… എബിയുടെ ശബ്ദം എന്നെ ഓർമകളിൽ നിന്നും ഉണർത്തി…

“എന്താടോ ആലോചിക്കുന്നത്? അതും ഇതും ആലോചിച്ചു വെറുതെ മൂഡ് കളയല്ലേ… ”

“ഹേയ് ഇല്ല എബി… ഞാൻ വെറുതെ.. ”

കൈയിൽ ഇരുന്ന ചെറിയ ബോട്ടിലിൽ നിന്നും ആ പനിനീർ ചെടിക്കു വെള്ളം പകർന്നു കൊടുക്കുകയായിരുന്നു എബി… ചെയ്യുന്ന ഓരോ പ്രവർത്തിയിലും ഒരു കെയറിങ് ഫീൽ ചെയ്യും നമുക്ക്.. അതാണ് എബിയെ എല്ലാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്…

“ഡെയിലി ചെടിക്ക് വെള്ളം ഒഴിക്കുമോ എബി… നിറയെ മൊട്ടിട്ടുണ്ടല്ലോ.. ”

“എന്ത് ചോദ്യമാടോ… നമ്മളെ പോലെ ഇവർക്കും ദാഹമൊക്കെ ഉണ്ട്.. മൊട്ടിടുക മാത്രം അല്ല.. വിടർന്നു സൗരഭ്യം പരത്തുകയും ചെയ്യും… പിന്നെ ഇതിൽ നിന്ന് ഒരു പൂവ് എങ്കിലും ഇറുത്തെടുത്തൽ അപ്പോൾ എന്റെ വിധം മാറും… പറഞ്ഞേക്കാം ”

“ഇയ്യോ അത്രക്കൊക്കെ വേണോ… എന്തായാലും ഞാൻ പറിച്ചെടുക്കില്ല പോരെ… ”

“മ്മ് മതി.. വല്ലതും കഴിക്കണ്ടേ? തനിക്കു വിശക്കുന്നില്ലേ? ”

“വിശപ്പൊന്നും ഇല്ല.. ”

“എന്നാലേ എനിക്കു നല്ല വിശപ്പുണ്ട്.. ഫുഡ്‌ അത് എന്റെ ഒരു വീക്നെസ് ആണ്.. കഴിക്കുന്നത് കണ്ട് തെറ്റിദ്ധരിക്കല്ലേ.. ”

“അമ്മ കുറേ പലഹാരം തന്നു വിട്ടിട്ടുണ്ട്.. വാ എബിക്ക്‌ തരാം.. ”

“അതെയോ.. ആഹാ കോളടിച്ചല്ലോ ”

അമ്മ തന്നു വിട്ട പലഹാരപ്പൊതി ഞാൻ എബിയുടെ മുന്നിലേക്ക് അഴിച്ചു വെച്ചു… പുള്ളിക്കാരൻ ഒരു മടിയും കൂടാതെ അതെല്ലാം ആസ്വദിച്ചു കഴിക്കാൻ തുടങ്ങി..

“താൻ കഴിക്കുന്നില്ലേ.. പിന്നെ കിട്ടിയില്ലെന്നു പറയരുത് ”

“വേറെ ഉണ്ട്.. താൻ കഴിച്ചോടോ ”

“എന്തായാലും അമ്മക്ക് നല്ല കൈപുണ്യമാ… തനിക്കും അത് കിട്ടിയിട്ടുണ്ടെൽ ഇവിടെ ഞാൻ കുശാലായി… ”

“ആഹ് അതിനു ഇത്തിരി പാടു പെടും… ഞാൻ വീട്ടിൽ ഒന്ന് വിളിക്കട്ടെ എബി കഴിക്കു.. ”

“മ്മ് മ്മ് ”

ഫോൺ ചെയ്തു തിരിച്ചു വന്നപ്പോളേക്കും എബി പകുതിയും കഴിച്ചു കഴിഞ്ഞിരുന്നു..

“എന്ത് പറഞ്ഞു.. റൂമിന്റെ കാര്യമൊക്കെ പറഞ്ഞോ? ”

“ഇല്ല അതൊക്കെ പറഞ്ഞാൽ ചിലപ്പോൾ സങ്കടം ആകും.. സിംഗിൾ റൂം കിട്ടിയെന്നു പറഞ്ഞു ”

“കള്ളം പറയണ്ടായിരുന്നു… ആഹ് പോട്ടെ സാരമില്ല… ഒരു പരിചയവും ഇല്ലാത്ത ചെക്കന്റെ കൂടെ ആണെന്ന് പറയുമ്പോൾ വീണ്ടും ടെൻഷൻ ആകും… എന്നാലും താൻ ഇത് എന്ത് കണ്ടിട്ടാ എന്റെ കൂടെ… അത്രക്ക് വിശ്വാസം വന്നോ ഒറ്റ ദിവസം കൊണ്ട്? ”

“വിശ്വാസം… അതൊക്കെ ചിലരോട് മാത്രം തോന്നി പോകുന്നതല്ലേ… ചിലർ അതിനെ മുതലെടുക്കും.. മറ്റു ചിലർ വാക്കിലൂടെ അല്ല പ്രവർത്തിയിലൂടെ ആ വിശ്വാസം നേടിയെടുക്കും.. എബി ഇതിൽ രണ്ടാമത് പറഞ്ഞ കൂട്ടത്തിലാണ്… ഒരു നല്ല സുഹൃത്തിനേക്കാൾ അപ്പുറം ഒരു കൂടപ്പിറപ്പിന്റെ കരുതൽ തന്നിൽ എനിക്കു കാണാൻ കഴിയുന്നു… ”

“അത് അങ്ങനെ തന്നെ ആയിരിക്കും.. എന്റെ ഭാഗത്തു നിന്നു തനിക്കു ഒരു പ്രോബ്ളവും വരില്ല.. ഞാൻ ഉറപ്പ് തരുന്നു… ”

“ഒരുപാട് ഒരുപാട് സ്നേഹം എബി… അപ്പോൾ ഇന്ന് മുതൽ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ്.. ന്താ ഒക്കെ അല്ലെ? ”

“ഡബിൾ ഒക്കെ ഡിയർ.. ”

കുറേ നേരം ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നു.. മൂടപ്പെട്ടു കിടന്ന മനസ്സിന് ഒരു ആശ്വാസം വന്നതുപോലെ… പലഹാരം തിന്നു വയറു നിറഞ്ഞതിനാൽ പുറത്തുനിന്നുള്ള കഴിപ്പ് ക്യാൻസൽ ചെയ്തു..

“എബിക്ക് ഞങ്ങളുടെ ബോസിനെ എങ്ങനെ അറിയാം.. ആള് എങ്ങനെ ഉണ്ട്? ”

“ജെ. കെ ഗ്രൂപ്സ് ഭയങ്കര പേര് കേട്ട കമ്പനി അല്ലേ അങ്ങനെ അറിയാം.. അല്ലാതെ വേറെ ഒന്നും അറിയില്ല… ആ കമ്പനിക്കു ഒരു പ്രത്യേകത ഉണ്ട്… അവിടെ നടക്കുന്നതൊന്നും, അത് എന്ത് തന്നെയായാലും പുറത്തുനിന്നുള്ള ഒരാൾ അറിയില്ല.. അവിടുത്തെ റൂൾസ്‌ ആണ്.. ”

“അങ്ങനെ ഒരു റൂൾ എന്നോട് പറഞ്ഞില്ല.. അയാളൊരു പെൺകോന്തൻ ആണെന്ന് തോന്നുന്നു.. ”

“അതെന്താ.. തന്നോട് ഒലിപ്പീരുമായി വന്നോ? ”

“അങ്ങനെ വന്നില്ല… ബട്ട്‌ എനിക്കു തോന്നി ”

“കോടിശ്വരൻ അല്ലേ… കുറച്ചൊക്കെ കോഴിത്തരം കാണും.. അതൊക്കെ അവരുടെയൊക്കെ കൂടപ്പിറപ്പാ.. പിന്നെ അയാൾ കെട്ടിയിട്ടും ഇല്ലാന്ന് തോന്നുന്നു.. അതിന്റയൊക്കെയാ.. ”

ഡെല്ല പറഞ്ഞതൊന്നും ഞാൻ എബിയോട് പറഞ്ഞില്ല.. പറയാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി…

“ടൈം കുറേ ആയി.. താൻ കിടന്നോളു.. റൂം അകത്തുന്നു ലോക്ക് ചെയ്തെരെ.. ഞാൻ ഹാളിൽ ദിവാൻ കോട്ടിൽ കാണും.. പോത്തു പോലെ കിടന്നു ഉറങ്ങരുത്.. രാവിലെ ഓഫീസിൽ പോകാൻ ഉള്ളതാ.. അത് ഓർമ വേണം ”

“എബി റൂമിൽ കിടന്നോ.. ഞാൻ ഹാളിൽ കിടന്നോളാം… ”

“അത് വേണ്ട… എനിക്കു ബുദ്ധിമുട്ടൊന്നും ഇല്ല.. ”

“എനിക്ക് ബുദ്ധിമുട്ട് ഉണ്ട്… അല്ലെങ്കിൽ ഇന്ന് ഞാൻ റൂമിൽ.. നാളെ എബി.. ഇങ്ങനെ ടൈം ടേബിൾ ആക്കണം ”

“ആഹ് അങ്ങനെ എങ്കിൽ അങ്ങനെ.. ഇപ്പോൾ പോയി കിടന്നോ.. ഗുഡ് നൈറ്റ്‌ ”

“മ്മ് ഗുഡ് നൈറ്റ്‌.. ”

യാത്രയുടെ ക്ഷീണം മൂലം രണ്ടാളും പെട്ടെന്ന് തന്നെ ഉറങ്ങി പോയി..

അലാറം അടിക്കുന്ന സൗണ്ട് കേട്ടു നോക്കിയപ്പോൾ സമയം 6 മണി.. ഞാൻ ചാടി എഴുന്നേറ്റ്‌ ഫ്രഷായി വന്നു റൂം തുറന്നു…

എബി കമന്നു കിടന്നു ഉറങ്ങുന്നു.. നല്ല ഉറക്കം.. വിളിക്കണ്ടാന്നു തോന്നി.. കിച്ചണിൽ ചെന്നു നോക്കി.. കോഫി പൗഡറും ഷുഗറും ഉള്ളോണ്ട് അടിപൊളി ആയി കോഫി ഉണ്ടാക്കി കുടിച്ചു.. എബിക്ക് ഉള്ളത് മാറ്റി ഒരു കപ്പിൽ വെച്ചു… വീട്ടിലും ഒന്ന് വിളിച്ചു സംസാരിച്ചു..

7 മണി ആയി.. എബി എഴുനേൽക്കുന്നില്ലലോ… വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു എബിയുടെ കിടപ്പും നോക്കി ഞാൻ ആ നിൽപ്പ് തുടർന്നു…

പിന്നെ രണ്ടും കല്പിച്ചു വിളിച്ചു..

“ഒഓഹ് എന്റെ കർത്താവെ 7 മണി കഴിഞ്ഞതല്ലേ ഉള്ളൂ കൊച്ചേ .. ഞാൻ 8 മണിക്ക് എഴുന്നേറ്റോളാം.. ”

ഇതും പറഞ്ഞു എബി വീണ്ടും ചുരുണ്ടു കൂടി.. പിന്നെ ഞാൻ എന്ത് പറയാനാ.. ഓഫീസിൽ എനിക്കു 9.30 ക്ക്‌ എത്തണ്ടത് കൊണ്ട് ഞാൻ റെഡി ആകാൻ തുടങ്ങി.. ഇടക്കിടക്ക് എബി എഴുനേൽക്കുന്നുണ്ടോന്നു പോയി നോക്കുന്നുണ്ടായിരുന്നു…
കുറച്ചു കഴിഞ്ഞു ചെന്ന് നോക്കിയപ്പോൾ ആളെ കാണാൻ ഇല്ല..

“നോക്കണ്ട.. ഞാൻ ഇവിടെ ഉണ്ട് ”

കൈയിൽ കോഫിയുമായി നിറഞ്ഞ പുഞ്ചിരിയോടെ എബി…

“അയ്യേ ബ്രഷ് ചെയ്യാതെ കോഫി കുടിക്കുന്നോ… ”

“പിന്നേ… ഒരു കോഫി കുടിക്കാൻ ബ്രഷ് ചെയ്യാൻ പോവല്ലേ… ന്തയാലും നല്ല കോഫി.. താങ്ക് യൂ മോളെ.. ”

“ആയിക്കോട്ടെ… നോക്കി നില്കാതെ റെഡി ആയിട്ട് വാ.. ഓഫിസിൽ പോകണ്ടേ ”

“ഓഹ്ഹ് ഉത്തരവ് റാണി… ”

9 മണി ആയപ്പോളേക്കും ഞങ്ങൾ റെഡി ആയി റൂം പൂട്ടി ഇറങ്ങി…

“ദാ ഈ കീ തന്റെ കൈയിൽ വെച്ചോളൂ.. ഞാൻ ലേറ്റ് ആയാലും കാത്തു നിന്ന് മുഷിയണ്ടല്ലോ ”

“മ്മ് ”

“ഞാൻ ഒരു ഓട്ടോ വിളിച്ചു തരാം.. ഒരുപാട് ദൂരം ഒന്നുല്ല.. നടക്കാവുന്നതേ ഉള്ളൂ തന്റെ ഓഫീസിലേക്ക്.. ആദ്യം ആയോണ്ട് നടന്നു പോകണ്ട.. ”

“എബിടെ ഓഫീസിൽ ഇവിടുന്നു ഒരുപാട് ദൂരം ഉണ്ടോ? ”

“ഹേയ് തന്റെ ഓഫിസിന്റെ കുറച്ചു മാറി തന്നെയാണ്.. ”

“എങ്കിൽ പിന്നെ എബിക്ക് എന്നെ അവിടെ ഇറക്കിയിട്ട് പൊയ്ക്കൂടേ ”

“ബൈക്കിലോ??? ”

“അതെന്താ ഈ ബൈക്കിൽ എനിക്കു കയറാൻ പറ്റില്ലേ…? ”

“തനിക്കു പ്രോബ്ലം ആണെന്ന് കരുതിയാണ് കൂടെ വിളിക്കാഞ്ഞേ.. അല്ലാതെ ബൈക്കിൽ കയറ്റുന്നതിനൊന്നും ഒന്നുല്ല ”

“ഹും… എനിക്കെന്തു പ്രോബ്ലം.. താൻ വണ്ടിയെടുക്കു… ”

“മ്മ് ”

ഓഫിസിന്റെ മുന്നിൽ ബൈക്ക് നിന്നു.. ഞാൻ ഇറങ്ങി..

“വൈകിട്ടു ഇറങ്ങുമ്പോൾ വിളിക്കു കേട്ടോ.. ”

“ഒക്കെ ബൈ എബി… സീ യൂ ”

“ഒക്കെ ”

ഓഫിസിനുള്ളിലേക്കു ഓരോ ചുവടു വെയ്ക്കുമ്പോളും ഡെല്ല പറഞ്ഞ വാക്കുകൾ എന്റെ കാതിനുള്ളിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു…..

(തുടരും )