08/05/2026

ദിൽന : ഭാഗം 18

രചന – നന്ദിത ദാസ്

“ഞാൻ പറഞ്ഞില്ലേ ജിതിനേ… മോൾ ഉറപ്പായും ഞെട്ടുമെന്നു…. ”

“അപ്പോൾ പപ്പയും അറിഞ്ഞിട്ടാണോ…??? ”

“കഴിഞ്ഞദിവസം ജിതിൻ എന്നെ വിളിച്ചിരുന്നു… ഓഫിസിൽ നടന്ന സംഭവം മുഴുവൻ പറഞ്ഞു… എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു… തെറ്റ് ആർക്കും പറ്റുമല്ലോ… അത് തെറ്റാണെന്നു മനസിലാക്കി തിരുത്താൻ ശ്രമിക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ പാടില്ലല്ലോ… പരസ്പരം സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അല്ലേ ഉള്ളു… നിങ്ങൾ മനസ്സ് തുറന്നു ഒന്ന് സംസാരിക്കു ”

എന്തറിഞ്ഞിട്ടാണോ പപ്പ ഇങ്ങനെയൊക്കെ പറയുന്നത്… ഒരിക്കലും എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല ഇയാളെ… ഒഴിവാക്കിയേ പറ്റുള്ളൂ… ഇനി അതിനുള്ള വഴിയാണ് ആലോചിക്കേണ്ടത്….

“മോളെ… നീ എന്താ ആലോചിക്കുന്നത്… രണ്ടാളും ഒന്നും സംസാരിക്കുന്നില്ലേ… ”

“എനിക്കൊന്നു സംസാരിക്കാൻ ഇല്ല പപ്പേ… ”

ഞാൻ അത് പറഞ്ഞപ്പോളേക്കും ജിതിൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു…

“എനിക്ക് തന്നോട് ഒറ്റയ്ക്ക് കുറച്ചു നേരം സംസാരിക്കണം…. പ്ലീസ് അണ്ടർസ്റ്റാൻഡ് മി… ”

“മ്മ് ”

ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി… പുറകെ അയാളും…

“എന്നോടുള്ള ദേഷ്യം മാറിയില്ലേ തനിക്ക്? ”

“എന്റെ ദേഷ്യം അങ്ങനെ പെട്ടെന്ന് ഒന്നും മാറില്ല… ഒരിക്കലും തന്നെ ഞാൻ വിശ്വസിക്കില്ല… വീണ്ടും ഒരു ചതി അതായിരിക്കും തന്റെ മനസ്സിൽ ഉള്ളത്… ”

“അങ്ങനെ എന്നെ തള്ളി കളയല്ലേ ദിൽന… ചെയ്ത പ്രവർത്തികളിൽ ഒരുപാട് ദുഃഖിക്കുന്നുണ്ട് ഞാൻ… ഇനി ഒരിക്കലും തെറ്റ് ആവർത്തിക്കില്ല… അതിനു നീ എന്റെ കൂടെ വേണം… എന്നെ തിരുത്താൻ നിനക്കല്ലാതെ വേറെ ആർക്കും കഴിയില്ല…. ”

“എങ്കിൽ താൻ പോയി സന്യസിക്കു… ചെയ്ത പാപമൊക്കെ ഏറ്റു പറഞ്ഞു നന്നായി ഒന്ന് കുമ്പസാരിച്ചോളൂ… എത്ര പെൺകുട്ടികളുടെ കണ്ണീരു വീണതാ തന്റെ ഈ കാൽച്ചുവട്ടിൽ… തനിക്കാകുമെങ്കിൽ അവരിൽ ആർക്കെങ്കിലും ഒരു ജീവിതം കൊടുക്കു… എന്റെ ഡെല്ലയെ സ്വീകരിച്ചൂടെ തനിക്കു…? ”

“എല്ലാം ഞാൻ സമ്മതിക്കുന്നു… പക്ഷേ എനിക്ക് നിന്നെ വേണം ദിൽന… വാശി അല്ല… മനസ്സറിഞ്ഞു നിന്നെ എനിക്ക് സ്നേഹിക്കണം… ഡെല്ല എന്നല്ല വേറെ ആരെയും നിന്റെ സ്ഥാനത്തു കാണാൻ എനിക്ക് പറ്റില്ല… ”

“വീട്ടിൽ വന്നവരെ ആട്ടി ഇറക്കുന്ന ശീലം ഞങ്ങൾക്ക് ഇല്ലാതെ പോയി… പിന്നെ പപ്പയെ ഓർത്തു മാത്രമാ ഞാൻ ക്ഷമിച്ചു നിൽക്കുന്നത്… തന്റെ കൊള്ളരുതായിമ എല്ലാം ആ മനുഷ്യൻ അറിഞ്ഞാൽ ഒരു നിമിഷം തന്നെ ഇവിടെ നിർത്തില്ല… ”

“ഞാൻ എങ്ങനെ ആടോ തന്നെ പറഞ്ഞു മനസ്സിലാക്കുന്നത്… എനിക്ക് ഒരു അവസരം തന്നു കൂടേ പ്ലീസ്… ഞാൻ കാലുപിടിക്കാം… ”

ഒട്ടും പ്രതീക്ഷിക്കാതെ അയാൾ എന്റെ കാലുകളിലേക്കു വീണു… അയാളുടെ കണ്ണുനീർ എന്റെ കാൽപാദങ്ങളെ വല്ലാതെ പൊള്ളിച്ചു…

“ഛെ… എന്താ ഇത്… എഴുന്നേൽക്കു… താൻ എന്താ ഇങ്ങനെ… പോട്ടെ എനിക്ക് ദേഷ്യം ഒന്നുല്ല… എനിക്ക് കുറച്ചു സമയം വേണം ആലോചിച്ചു ഒരു തീരുമാനം എടുക്കാൻ…. ”

“എത്ര വേണമെങ്കിലും ആലോചിച്ചോളൂ… ഞാൻ കാത്തിരിക്കാം… ഒരു പോസിറ്റീവ് മറുപടിക്കായി…. ”

റൂമിൽ നിന്നും ഇറങ്ങി പോയ അയാളെ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ എനിക്കായുള്ളു…

ഞാൻ എന്തൊക്കെയാ പറഞ്ഞത് മാതാവേ…. അയാളുടെ കണ്ണുനീരിൽ ഉരുകി പോയോ എന്റെ ദേഷ്യമെല്ലാം… എന്റെ ഡെല്ലയെ നശിപ്പിച്ചവനോട് ക്ഷമിക്കാൻ പറ്റുമോ എനിക്ക്… ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ….

അവർ പോകാൻ ഇറങ്ങിയപ്പോളും ഞാൻ റൂമിനു വെളിയിൽ ഇറങ്ങിയില്ല…

“എന്താ മോളെ… പപ്പ ചെയ്തത് ഇഷ്ടായില്ലന്നു ഉണ്ടോ കുട്ടിക്ക്…? ”

“ഒരിക്കലും ഇല്ല പപ്പേ… എനിക്ക് കുറച്ചു സമയം വേണം… പപ്പയുടെ ഇഷ്ടത്തിന് എതിരായി ഒരിക്കലും ഞാൻ നിൽക്കില്ല… വിശ്വസിക്കുമോ എന്നെ….? ”

“മോൾക്ക്‌ ഇഷ്ടം ആയില്ലെങ്കിൽ പപ്പ നിർബന്ധിക്കില്ല… പിന്നെ എന്റെ മോള് മൂലം ഒരാൾ നന്നാകാൻ സാഹചര്യം ഉണ്ടായാൽ അതിൽ പരം പുണ്യം ഒന്നും ഈ പപ്പക്കും എന്റെ മോൾക്കും കിട്ടാനില്ല…. ”

“അറിയാം പപ്പേ… എന്താന്ന് വെച്ചാൽ തീരുമാനിച്ചോളൂ… എനിക്ക് സമ്മതമാ…. ”

“പെട്ടെന്ന് ഒന്നും വേണ്ട… മോൾ സമയം എടുത്തു ആലോചിക്കൂ… നിന്റെ ജീവിതം ആണ്… എനിക്ക് തെറ്റ് പറ്റാൻ പാടില്ലാലോ… ”

“മ്മ് ”

ഫോൺ എടുത്തപ്പോൾ കുറേ അധികം മിസ് കാൾ… എബിയും വേറെ ആരൊക്കെയോ വിളിച്ചിട്ടുണ്ട്… തിരിച്ചു വിളിക്കാൻ തുടങ്ങിയപ്പോൾ എബി കാളിംഗ്….

“ഹലോ… എന്തായി…?

“എന്താകാൻ? എല്ലാം ഉറപ്പിച്ചു… 2 മാസം കഴിഞ്ഞാൽ എന്റെ കല്യാണം… ”

എബിയോട് അങ്ങനെ പറയാൻ ആണ് തോന്നിയത്… അപ്പുറത്ത് കനത്ത നിശബ്ദത…

“എന്താ എബി… കേൾക്കുന്നില്ലേ….? ”

“ആഹ് ഉണ്ട്… അപ്പോൾ എന്റെ വക അഭിനന്ദനങ്ങൾ…. ”

“താങ്ക്സ്… ആഹ് എബി പിന്നേ ഞാൻ ഇനി അങ്ങോട്ട്‌ വരുന്നില്ല… എന്റെ സാധനകളൊക്കെ എടുക്കാൻ പപ്പ വരുന്നുണ്ട് അങ്ങോട്ട്‌… ”

“നീ എന്തൊക്കെയാ ഈ പറയുന്നത്… ഇനി വരുന്നില്ലന്നോ…. ”

എബിയുടെ വാക്കുകളിലെ പതർച്ച ഉള്ളാലെ ഞാൻ ആസ്വദിച്ചു…. ചുമ്മാ കള്ളം പറഞ്ഞതാണ്… വരുന്നില്ലെന്ന്… നാളെ രാവിലെ ചെന്ന് ഞെട്ടിക്കണം എന്ന് മനസിൽ ഓർത്തു….

“ആഹ് അതെ… പപ്പ പറഞ്ഞു ഇനി പോകണ്ടാന്നു… ”

“മ്മ് ”

വേറെ കാൾ വരുന്നുണ്ടെന്ന് പറഞ്ഞു എബി ഫോൺ കട്ടാക്കി….

എന്റെ എബി… എന്നോട് വേണോ നിന്റെ ഈ കള്ളത്തരം… എന്നെ ഇഷ്ടം ആണെന്ന് നിന്നെ കൊണ്ടുതന്നെ ഞാൻ പറയിക്കും മോനെ… ബാക്കി കളി അപ്പോൾ കാണാം….

വെളുപ്പിനെ തന്നെ തൃശ്ശൂർക്ക് ട്രെയിൻ കയറി എങ്കിലും കുറേ അധിക നേരം ട്രെയിൻ പിടിച്ചിട്ടത് കൊണ്ടു ഉച്ചകഴിഞ്ഞാണ്‌ റൂമിൽ എത്തിയത്… കൈയിൽ ഉണ്ടായിരുന്ന സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു… റൂമൊക്കെ വാരി വലിച്ചു ഇട്ടേക്കുന്നു… ഇന്നലെ ആശാൻ നല്ല ഫോമിൽ ആയിരുന്നു എന്ന് തോന്നുന്നു…

റൂം അകത്തു നിന്നും ഞാൻ പൂട്ടിട്ടു … ഇപ്പോൾ ഉള്ളിൽ ആളുണ്ടെന്ന് അറിയൂല… എല്ലാം വൃത്തി ആക്കി എടുക്കാൻ കുറേ ടൈം എടുത്തു… ഒന്ന് നടു നിവർത്താൻ ബെഡിലേക്കു കിടന്നതേ ഓർമ ഉള്ളു… ഉറങ്ങിപ്പോയി…

ഒരു പത്തു എഴുപത് കിലോ ദേഹത്തോട്ടു വന്നു വീണത് പോലെ… എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല… ശ്വാസം മുട്ടുന്ന പോലെ…

“തനിക്കെന്താ കണ്ണ് കാണില്ലേ… ഞാൻ ഇവിടെ കിടക്കുന്നേ കാണാൻ മേലായോ? ”

“അയ്യോ… മാഡം എപ്പോൾ വന്നു… സോറി… ഞാൻ ശ്രദ്ധിച്ചില്ല… റിയലി സോറി… ”

“എബി… താൻ മദ്യപിച്ചിട്ടുണ്ടോ… എന്തൊരു നാറ്റമാ… അങ്ങോട്ട്‌ മാറുന്നുണ്ടോ? ”

“ഓഹ്ഹ്… സോറി… സോറി… എബി ഇന്നലെയും ഇന്നും കുറേ അധികം കുടിച്ചു… ഇനിയും കുടിക്കും… എന്നെ ചോദ്യം ചെയ്യുന്നേ എനിക്ക് ഇഷ്ടം അല്ല ആഹ്… ”

ബെസ്റ്റ്… ആളിന്റെ നാക്കൊക്കെ കുഴഞ്ഞു വരുന്നുണ്ട്… ഒട്ടും ബോധം ഇല്ല… നിരാശാ കാമുകന്റെ മറ്റൊരു വേർഷൻ mr. എബി… എന്തായാലും മനസ്സിലിരിപ്പ് അറിയാൻ പറ്റിയ ടൈം…

“താൻ എന്തിനാടോ കുടിച്ചത്? ഇയാളുടെ ആരേലും ചത്തോ?”

“കുടിക്കും… എബി ഇനിയും കുടിക്കും… നീ എന്നെ വിട്ടു പോവല്ലേ… പോടീ… പോ… എന്റെ സ്നേഹം കാണാതെ നീ ആരുടെ എങ്കിലും കൂടെ പൊയ്ക്കോ ”

“അതിനു തനിക്കു എന്നോട് സ്നേഹം ഉണ്ടോ…? ”

“ദാ ഈ ചങ്ക് കീറി നീ നോക്കെടി… അവിടെ നീയേ ഉള്ളു… നീ മാത്രം… പക്ഷെ നിനക്ക് അതൊന്നും മനസിലാവില്ല… വെറും സുഹൃത് ആക്കിയില്ലേ നീ എന്നെ… എന്നെ മനസിലാക്കാൻ നിനക്കെന്നല്ല ആർക്കും ആകില്ല… ”

“ആര് പറഞ്ഞു മനസ്സിലായില്ലെന്ന്… സ്നേഹം ഉള്ളിൽ ഒളിപ്പിച്ചത് താൻ അല്ലേ… എന്നിട്ടും ഞാൻ അത് കണ്ടുപിടിച്ചു… പക്ഷേ അപ്പോളും എന്റെ മനസ്സ് താൻ കാണാതെ പോയി…

എബി… എബി… എന്താ ഒന്നും മിണ്ടാത്തെ… ഹെലോ… ”

ഇത്ര പെട്ടെന്ന് ഉറങ്ങിയോ…. ഞാൻ എത്ര കുലുക്കി വിളിച്ചെങ്കിലും എബി ഉണർന്നില്ല…
ഹും എന്തായാലും മനസിലിരുപ്പ് അറിഞ്ഞല്ലോ.. അത് മാത്രം മതി… ഇനി തന്നെ ഞാൻ വട്ടം കറക്കും നോക്കിക്കോ…

രാവിലെ എഴുന്നേറ്റപ്പോൾ എന്നെ അവിടെ കണ്ട് എബി ഞെട്ടി… കണ്ണുകൾ വീണ്ടും വീണ്ടും തിരുമ്മി നോക്കി…

“കൂടുതൽ തിരുമ്മണ്ട… ഞാൻ ഇന്നലെ എത്തി… താൻ നല്ല ഫോമിൽ ആയോണ്ട് ഒന്നും സംസാരിക്കാഞ്ഞതാ ”

“അത്… അത് ഇന്നലെ ഒരു പാർട്ടി ഉണ്ടായിരുന്നു… എല്ലാരും നിർബന്ധിച്ചപ്പോൾ ഞാനും കുറച്ചു… ”

“മ്മ് മ്മ്… കൂടുതൽ ഉരുളണ്ട… എന്റെ മാര്യേജിനു ഇനി 2 മാസം ഉണ്ടല്ലോ… അതുവരെ ജോലി ചെയ്തേക്കാമെന്നു വിചാരിച്ചു… അതാ തിരിച്ചു വന്നത്… ”

“ഓഹ്… ചെറുക്കൻ എങ്ങനെ ഉണ്ട്… എന്താ ജോലി?”

“ഭയങ്കര കോടിശ്വരനാ…. പറഞ്ഞാൽ എബി അറിയും… ജിതിൻ തമ്പാൻ… ”

“അവനോ??? ആ തെണ്ടിയെ ആണോ നീ കെട്ടാൻ പോകുന്നത്? നാണം ഇല്ലേ നിനക്കു… അതോ തമാശ പറയുവാണോ? ”

“സീരിയസ്…. സത്യത്തിൽ അയാൾ തന്നെ അല്ലേ എന്നെ കെട്ടണ്ടത്… അല്പം ക്ഷമിച്ചില്ലെങ്കിൽ നമ്മളൊക്കെ എന്ത്‌ മനുഷ്യരാണ്… പപ്പക്ക് ഇഷ്ടാണ്… ഇപ്പോൾ എനിക്കും… ”

“എന്താന്ന് വെച്ചാൽ നിന്റെ ഇഷ്ടം പോലെ ചെയ്യൂ… ഞാൻ ഒന്നും പറയുന്നില്ല… ”

“ഓഹ്ഹ്… ആയിക്കോട്ടെ… ”

“എന്താടോ ഭയങ്കര പുച്ഛം… ആക്കി സംസാരിക്കുന്ന പോലെ ”

“അയ്യോ.. അങ്ങനെ തോന്നിയോ… സത്യമായിട്ടും ആക്കിയതല്ല… ജിതിന്റെ നമ്പർ തന്റെ കൈയിൽ ഇല്ലേ വിളിച്ചു ചോദിക്കു… ”

“എനിക്കതിന്റെ ആവിശ്യം ഇല്ല… നിന്റെ ലൈഫ് നിനക്ക് തിരഞ്ഞെടുക്കാം ”

അതും പറഞ്ഞു എബി പുറത്തേക്കു പോയി… ആളുടെ മുഖത്തെ വെപ്രാളം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്…

ദിവസങ്ങൾ ഒരുപാട് കഴിഞ്ഞു പോയി… എബി ഇപ്പോൾ വല്യ മൈൻഡ് ഒന്നുല്ല… ഇടക്കിടക്ക് ഞാൻ ഓരോന്ന് പറഞ്ഞു ആളിനെ വട്ടാക്കും… ഇടക്ക് ജിതിൻ എന്റെ തീരുമാനം അറിയാൻ വിളിക്കും… ഇതുവരെ ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല… പപ്പയോടു മാത്രം എന്ത്‌ മറുപടി കൊടുക്കുമെന്നുള്ളതായിരുന്നു ആകെ സങ്കടം….

“ഹെലോ… അതെ ദിൽന ആണ്… എന്താ???? എപ്പോൾ? എങ്ങനെ?… ഏത് ഹോസ്പിറ്റൽ? ഞാൻ… ഞാൻ ഉടനെ എത്തിക്കോളാം… ”

മറുതലക്കലിൽ നിന്നും കേട്ട വാർത്ത അത്ര ശുഭകരം ആയിരുന്നില്ല…

(തുടരും )