രചന – നന്ദിത ദാസ്
രാവിലെ എഴുന്നേറ്റു റൂമിലും ഹാളിലുമൊക്കെ നോക്കിയിട്ടും അവളെ കാണുന്നില്ല… ഇവൾ ഇത് എവിടെ പോയി… ബാൽക്കണിയുടെ ഭാഗത്തേക്ക് വെറുതെ ഒന്ന് എത്തി നോക്കി… ഭാഗ്യം അവിടെ ഇരുപ്പുണ്ട്… ആ ഇരുപ്പ് കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല… നേരെ കിച്ചണിലേക്കു പോയി…
ശ്ശോ… ഇവൾ കോഫിയും ഉണ്ടാക്കിയില്ലേ? എന്താലോചിച്ചു ഇരിക്കുവാ അവൾ… ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു….
“രാവിലെ തന്നെ എന്താ ഇത്ര ആലോചന… കോഫി പോലും ഉണ്ടാക്കിയില്ലല്ലോ? ”
“എനിക്ക് ഇന്ന് കോഫി വേണ്ട… തനിക്കു വേണമെങ്കിൽ താൻ ഉണ്ടാക്കി കുടിക്കു… ”
“താൻ ഇവിടെ വന്ന നാളുകൾ മുതൽ അങ്ങനെ അല്ലായിരുന്നല്ലോ… എന്താ തനിക്കു പറ്റിയത്? ”
“ഒരു മാറ്റം ആവശ്യമാണെന്നു തോന്നി… കൂടുതൽ ഒന്നും പറയാനില്ല… ”
അവൾ നടന്നകലുമ്പോൾ ഞാൻ ആ കൈയിൽ പിടിച്ചു എന്റെ മുന്നിലേക്ക് വലിച്ചു നിർത്തി… ചോദ്യ ഭാവത്തിൽ അവൾ എന്നെ നോക്കി…
“എവിടെ ഓടി പോവാ താൻ… തന്റെ മനസിൽ എന്താണെന്നു എനിക്ക് അറിയില്ല… പക്ഷേ ഇന്നലെ ആ തിരക്കിനിടയിൽ ഞാൻ ഒരു കാര്യം പറയാൻ മറന്നു… ”
“എന്ത്? ”
“തന്റെ ജോലി ശരി ആയിട്ടുണ്ട്… കൂടുതൽ സാലറി ഒന്നും പ്രതീക്ഷിക്കണ്ട… ഇഷ്ടം ആണെങ്കിൽ ടു ഡേയ്‌സിനുള്ളിൽ ജോയിൻ ചെയ്യണം ”
“എവിടെയാ? ”
“എന്റെ ഓഫീസിൽ തന്നെയാണ്… ബട്ട് ഒരു റിക്വസ്റ്റ് ഉണ്ട് നമ്മൾ ഒരുമിച്ചു താമസിക്കുന്ന കാര്യം അവിടെ ആരോടും പറയരുത്… അതുപോലെ തന്നെ താൻ ഇനി മുതൽ എന്റെ കൂടെ വരണ്ട ബസിനു വന്നാൽ മതി…. ”
“ഒക്കെ ആയിക്കോട്ടെ… തന്റെ ഇഷ്ടം… ”
“ആഹ് പിന്നേ… ഒരു കാര്യം കൂടി… ജിതിൻ വിളിച്ചിരുന്നു തന്റെ ഡിസിഷൻ ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്…. ”
“മ്മ്… ഒക്കെ.. താങ്ക്സ് ”
എബി കണ്മുന്നിൽ നിന്നും മറഞ്ഞപ്പോൾ ശരിക്കും ദേഷ്യം തോന്നി… എന്തിനാ എന്നോട് അകൽച്ച കാട്ടുന്നത്… രാവിലേ മനഃപൂർവം കോഫി ഉണ്ടാക്കാഞ്ഞതാണ്… ഇഷ്ടം ആണെന്ന് ഒരു വാക്ക് എന്നോട് പറഞ്ഞു കൂടായിരുന്നോ… എബിയുടെ നാവിൽ നിന്നും തന്നെ അത് കേൾക്കാൻ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട്… ഇനി ഇതെല്ലാം എന്റെ തോന്നലുകൾ ആണോ കർത്താവേ…. ആദ്യമായിട്ടാണ് ഒരാളോട് ഇത്രക്ക് കടുപ്പത്തിൽ ഒരു ഇഷ്ടം തോന്നുന്നത്… നവീൻ പോലും വർഷങ്ങൾ പുറകെ നടന്നാണ് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത്…
എല്ലാം തുറന്നു സംസാരിച്ചത് എബിയോട് മാത്രം ആണ്… ഞാൻ കരുതുന്ന പോലെ എബിക്ക് എന്നോട് അങ്ങനെ ഒരു ഇഷ്ടം ഒന്നും കാണില്ലാരിക്കും… എനിക്ക് ഒരു നല്ല സുഹൃത്തായിരുന്നു എബി… ഇനിയും അങ്ങനെ തന്നെ ആകട്ടെ… മറ്റെന്തിനേക്കാളും വിലപ്പെട്ടതും സൗഹൃദം അല്ലേ… പപ്പയ്ക്ക് കൊടുത്ത വാക്കും പാലിക്കണമല്ലോ….
ഓരോന്ന് ആലോചിച്ചു ഇരുന്നു ടൈം പോയതറിഞ്ഞില്ല… ഡെല്ലയുടെ കാൾ ആണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്….
“ഹലോ ഡെല്ലാ… പറയൂ… ഹാവ് യു ഓൾ റൈറ്റ് ”
“കുഴപ്പം ഇല്ലടാ… എന്തിനാ കുറേ അധികം ക്യാഷ് അക്കൗണ്ടിൽ ഇട്ടത്? അത് ഒന്നും വേണ്ടായിരുന്നല്ലോ… നിന്റെ സപ്പോർട്ട് മാത്രം മതി എനിക്ക് തുടർന്നു ജീവിക്കാൻ ”
“ക്യാഷ് കിട്ടിയോ… ഞാൻ പപ്പയോടു പറഞ്ഞിട്ടുണ്ടാരുന്നു നിന്റെ വീട്ടിലെ സിറ്റുവേഷൻ… അക്കൗണ്ടിൽ ക്യാഷ് ഇട്ടത് പപ്പ ആണെടാ… തത്കാലം അവിടുത്തെ ചിലവൊക്കെ നടക്കണ്ടേ… ബാക്കിയൊക്ക വഴിയേ നമുക്ക് ശരി ആക്കാം… ബി കൂൾ ഡിയർ ”
“ഈ സ്നേഹത്തിനു ഞാൻ എന്ത് പകരം തരും മോളെ…. ”
“അയ്യോ സെന്റി അടിച്ചു കുളമാക്കല്ലേ… നീ ഒന്നും ആലോചിച്ചു കൂട്ടണ്ട… റസ്റ്റ് എടുത്തോ ”
“മ്മ് ഒക്കെ… എങ്കിൽ ഞാൻ പിന്നെ വിളിക്കാം… ”
“ഒക്കെ ടാ… ബൈ ”
***************************************
ഇന്ന് ആദ്യമായി ഞാൻ എബിയുടെ ഓഫിസിൽ ജോലിക്ക് പോകുവാണ്… എബിയെക്കാൾ മുന്നേ തന്നെ ഞാൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി…
ഓഫിസിൽ ചെന്നപ്പോൾ സ്വയം ആരെയും പരിചയപ്പെടുത്തേണ്ട ആവിശ്യം വന്നില്ല… പുതിയ സ്റ്റാഫിനെ കുറിച്ച് ആവിശ്യമായ വിവരങ്ങളൊക്കെ അവർ അറിഞ്ഞിരുന്നു… ഒരു കണക്കിന് അത് നന്നായി അല്ലെങ്കിൽ ഒരു ഒറ്റപ്പെടൽ അവിടെ ഫീൽ ചെയ്തെനേം…
ഇടക്കിടക്ക് എബി വന്നു കാര്യങ്ങളൊക്കെ തിരക്കുന്നുണ്ടായിരുന്നു… ഓഫിസിലെ മറ്റു ലേഡീസ് സ്റ്റാഫ് എല്ലാം എബിയോട് അടുത്ത് ഇടപെഴുകുന്നത് കാണുമ്പോൾ അവളുമാരോടൊക്കെ ഉള്ളിൽ നല്ല ദേഷ്യം തോന്നി… പിന്നെ ഞാൻ തന്നെ ചിന്തിച്ചു… അവരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം… എബിയെ ഇഷ്ടപെടാതിരിക്കാൻ ആർക്കും ആവില്ലല്ലോ…
വൈകിട്ടു പോകാൻ നേരം ഒരുമിച്ചു പോകാമെന്നു എബി പറഞ്ഞെങ്കിലും ഞാൻ അത് കേട്ടതായി ഭാവിച്ചില്ല….
തിരികെ റൂമിൽ എത്തിയപ്പോളും ഫ്രഷ് ആയപ്പോളും ഞാൻ ചിന്തിക്കുകയായിരുന്നു ഒരു പ്രണയം എത്ര പെട്ടെന്നാണ് സൗഹൃദത്തെ തകർക്കുന്നതെന്ന്… പഴയപോലെ ആയിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ കൊതിച്ചു…
“തനിക്കു ഫ്രഷ് ആകാൻ ഇത്രയും നേരം വേണോ… കുറേ നേരം കൊണ്ടു തന്റെ പപ്പ ഫോണിൽ കിടന്നു വിളിക്കുന്നുണ്ട്… പെട്ടെന്ന് തിരിച്ചു വിളിച്ചോ… അല്ലെങ്കിൽ അവർ വെറുതെ ടെൻഷനടിക്കും ”
ഫോൺ എടുത്തു പപ്പയെ തിരികെ വിളിച്ചു…
“എന്താ പപ്പേ… ഞാൻ ഫ്രഷ് ആകുവായിരുന്നു… കുറേ മിസ് കാൾ കിടക്കുന്നല്ലോ? ”
“മോളെ… നാട്ടിൽവരെ ഒന്ന് വന്നിട്ട് പോകുവോ…. അത്യാവശ്യം ആണ് ”
“എന്താ പപ്പേ… കാര്യം പറ… അമ്മയ്ക്കു എന്തെങ്കിലും…? ”
“അങ്ങനെ ഒന്നുല്ല മോളെ… ഒരു നല്ല ആലോചന വന്നിട്ടുണ്ട്…അവർക്ക് മോളുടെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു… പക്ഷേ ചെക്കന്റെ അമ്മക്ക് മോളെ നേരിട്ടൊന്നു കാണണം എന്ന് പറഞ്ഞു… ”
“ഓഹ് ഞാൻ വല്ലാതെ പേടിച്ചു പോയല്ലോ… പപ്പക്ക് ഇഷ്ടം ആയോ ചെറുക്കനെ… ഇഷ്ടം ആയെങ്കിൽ മാത്രം ലീവ് എടുത്തു വന്നാൽ പോരെ…. ”
“ഇഷ്ടായി മോളെ… അതല്ലേ പപ്പ വിളിച്ചത്… നാളെ തന്നെ തിരിക്കാൻ നോക്കണേ… പപ്പ വരണോ കൂട്ടികൊണ്ടു വരാൻ? ”
“വേണ്ട പപ്പേ… ഞാൻ വന്നോളാം… ലീവ് കിട്ടുമോന്ന് നോക്കട്ടെ … എന്നിട്ട് ഞാൻ അങ്ങോട്ട് വിളിക്കാം… ”
“ഒക്കെ മോളെ… ”
“എന്താടോ… ലീവിന്റെ കാര്യമൊക്കെ പറയുന്നത് കേട്ടല്ലോ… ”
“എബി എനിക്ക് ഉടൻ വീട്ടിൽ വരെ ഒന്ന് പോകണം… 2 ഡേയ്‌സ് ലീവ് കിട്ടുമോ? ”
“എന്താ ഇത്ര അത്യാവിശം… എനി പ്രോബ്ലം? ”
“അറിയില്ല… ഉടൻ ചെല്ലാൻ പറഞ്ഞു… വല്ല കല്യാണകാര്യവും ആകും ”
“എങ്കിൽ നാളെ മോണിംഗ് തന്നെ ട്രെയിൻ കയറിക്കോ… ഓഫിസിൽ ഞാൻ പറഞ്ഞോളാം… ”
“മ്മ് താങ്ക്സ് എബി… ”
മോണിംഗ് തന്നെ വീട്ടിലേക്കു തിരിച്ചു… ആദ്യമായാണ് ഒറ്റക്കൊരു യാത്ര… ഇതുവരെ എബി ഉണ്ടായിരുന്നു ഓരോ യാത്രയിലും… കണ്ണ് അകലുമ്പോൾ മനസ്സ് അകലും എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വെറുതെ ആണെന്ന് തോന്നിപ്പോയി… അതുപോലെ മിസ് ചെയ്യുന്നുണ്ട് എബിയെ…
ഉച്ചക്ക് മുൻപേ വീട്ടിൽ എത്തി… പപ്പ നല്ല സന്തോഷത്തിൽ ആയിരുന്നു… അവരുടെ സന്തോഷം ഞാൻ ആയിട്ട് കളയണോ?…. ഒരിക്കൽ എല്ലാത്തിനും കൂടെ നിന്നതാ… ഇനി ഒരു തവണ കൂടി അവരെ സങ്കടപ്പെടുത്തണോ?… ഒരു ഭാഗത്തു എബി… മറു ഭാഗത്തു പപ്പക്ക് കൊടുത്ത വാക്കു… ഹൃദയത്തിൽ ഒരു കയർ ഇട്ടു മുറുക്കി അങ്ങോട്ടും ഇങ്ങോട്ടും വലിക്കുന്നപോലെ ഒരു നൊമ്പരം..ഒരു വേദന…
“വന്നപ്പോൾ മുതൽ പപ്പ മോളെ ശ്രദ്ധിക്കുന്നുണ്ട്… എന്താ മുഖത്തൊരു സങ്കടം… എന്താടാ പറ്റിയെ? ”
“ഒന്നുല്ല പപ്പേ… യാത്ര ചെയ്ത ക്ഷീണം ആയിരിക്കും… അവർ എപ്പോൾ ആണ് വരുന്നത്? ഒരുപാട്പേർ കാണുമോ? ”
“ചെറുക്കനും അപ്പനും അമ്മയും അമ്മാച്ചനും കാണുമെന്നാ പറഞ്ഞത്…3 മണി ആകുമ്പോളേക്കും എത്തും ”
“മ്മ്… ഞാൻ എങ്കിൽ കുറച്ചു നേരം മയങ്ങട്ടെ… അമ്മയോട് പറ കുറച്ചു കഴിഞ്ഞു വന്നു വിളിക്കാൻ ”
“ശരി മോളെ… ”
നല്ല ക്ഷീണം ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങി പോയി… അമ്മ വന്നു ഒരുപാട് തവണ വിളിച്ചു കഴിഞ്ഞാണ് ഉണർന്നത്…
“അവരൊക്കെ എത്തി മോളെ… പെട്ടെന്ന് റെഡി ആയി വാ… ”
“മ്മ് ”
മനസ്സില്ല മനസ്സോടെ എങ്ങനെയൊക്കെയോ റെഡി ആയി ചെന്നു…. ചായ കൊണ്ടുക്കൊടുക്കാൻ അമ്മ തന്നെ പോയാൽ മതിന്നു പറഞ്ഞു.. ചെറുക്കന്റെ അമ്മ എന്നെ ചോദിക്കുന്നത് കേട്ടപ്പോൾ പപ്പ എന്നെ അങ്ങോട്ടേക്ക് വിളിച്ചു … ആദ്യത്തെ പെണ്ണുകാണൽ… ചമ്മലൊന്നും തോന്നിയില്ല… മനസു മുഴുവൻ സങ്കടം ആയിരുന്നു… ഞാൻ അവിടേക്കു ചെന്നു നിന്നു…
“മോൾ എന്താ അവിടെ നില്ക്കുന്നേ… ഇങ്ങു അടുത്തുവാ… ”
അവർ എന്നെ അടുത്തേക്ക് വിളിച്ചു… ഒട്ടും മടിക്കാതെ ഞാൻ ആ അമ്മയുടെ അരികിൽ പോയിരുന്നു… എന്റെ നെറുകയിൽ തലോടി അവർ പറഞ്ഞു…
“ഫോട്ടോയിൽ കാണുന്നതിൽ സുന്ദരി ആണല്ലോ എന്റെ മോള്… ചുമ്മാതല്ല എന്റെ മോന് നിന്നെ തന്നെ മതീന്ന് വാശി പിടിച്ചത്… ”
അവർ അത് പറഞ്ഞപ്പോൾ എല്ലാരും കൂടി ചേർന്നൊരു പൊട്ടിച്ചിരി… അതിനിടയിൽ എന്നെ കാണാൻ വന്ന ചെക്കനെ ഞാൻ തല ഉയർത്തി ഒന്ന് നോക്കി…
ന്റെ മാതാവേ… ഇങ്ങേരു ഇത് എന്തു ഭാവിച്ചാ…. ജിതിൻ തമ്പാൻ… എന്റെ മുഖത്തെ ഞെട്ടൽ കണ്ടപ്പോൾ വീണ്ടും അവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി….
(തുടരും )

by