22/04/2026

ദിൽന : ഭാഗം 07

രചന – നന്ദിത ദാസ്

“എന്താ എബി ഒന്നും മിണ്ടാത്തത്?. കേൾക്കുന്നില്ലേ?? ”

“ആഹ് ഉണ്ട്… കേൾക്കുന്നുണ്ട്… താൻ പറഞ്ഞോളൂ… ”

“ആരാണെന്നു കരുതിയാ വിളിച്ചപ്പോൾ ദേഷ്യപ്പെട്ടതു? .. ”

“ഓഹ്ഹ് അത് മ്മടെ പെങ്ങളൂട്ടി… ചുമ്മാ വിളിച്ചു വഴക്കുണ്ടാക്കിയിട്ട് ഇപ്പോൾ വെച്ചിട്ട് പോയേ ഉള്ളു.. ഞാൻ ഓർത്തു അവളാണെന്നു…
അതൊക്കെ പോട്ടെ താൻ പറ വിശേഷങ്ങൾ.. എങ്ങനെ ഉണ്ട് ഓഫീസ്? ”

“കുഴപ്പമില്ല എബി… ഇന്ന് ജോയിൻ ചെയ്തു.. നാളെ മുതൽ വർക്ക്‌ റെഗുലർ ആയിരിക്കും… ”

“ഒക്കെ… പിന്നെ… ഫ്രണ്ട്സിനെയൊക്കെ കിട്ടിയോ? ഹാപ്പിയായോ താൻ? ”

“അധികം ആരെയും പരിചയപ്പെട്ടില്ല.. ഒരു നല്ല ഫ്രണ്ടിനെ കിട്ടി.. ഡെല്ല… ഞങ്ങളുടെ ബോസ് ജിതിൻ തമ്പാന്റെ പേഴ്‌സണൽ സെക്രട്ടറി ആണ് ആ കുട്ടി ”

“നല്ല ഫ്രണ്ട് ആണേൽ ആ ഒരാൾ തന്നെ ധാരാളം ആണല്ലോ… ”

“മ്മ് അതെ.. അതെ.. ബട്ട്‌ അക്കൊമൊഡേഷൻ പ്രോബ്ലം ആണ് എബി… ഒരു വല്ലാത്ത സ്ഥലത്താണ് പ്പെട്ടിരിക്കുന്നത്.. വല്യ സ്‌ട്രിക്ട്നെസ്സ് ഇല്ല.. അതുകൊണ്ട് തന്നെ ഫുൾ ഫ്രീഡം എൻജോയ് ചെയ്യുന്നവരാണ് റൂംമേറ്റ്സ്.. ”

“ആദ്യം ആയോണ്ട് തോന്നുന്നതാ.. എല്ലാം ശരിയായിക്കോളും.. ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്യാൻ ശ്രമിക്കണം.. ”

“അങ്ങനെ അല്ല എബി.. എന്റെ കൾച്ചർ ആയിട്ട് പൊരുത്തപ്പെടുന്ന ഒന്നല്ല കൂടെ ഉള്ളവരുടേത്.. ഡെല്ല വേറെ അക്കൊമൊഡേഷൻ കിട്ടുവോന്നു നോക്കട്ടെ ന്നു പറഞ്ഞു.. അവൾക്കും ഉറപ്പില്ല കിട്ടുമോന്നു.. സിംഗിൾ ആയിരുന്നു ബെറ്റർ ”

“കിട്ടാൻ പാടാണ്… ഞാനും മാക്സിമം ശ്രമിക്കാം.. താൻ വിഷമിക്കണ്ട.. ”

“ഒക്കെ.. താങ്ക്സ് എബി.. താൻ ഇപ്പോൾ എവിടാ.. എനിക്ക് ഇവിടെ വല്ലാതെ ബോർ ആകുന്നുണ്ട്.. ഫ്രീ ആണേൽ ഒന്ന് മീറ്റ് ചെയ്താലോ ”

“ഫ്രീ ആണ്… താൻ ലൊക്കേഷൻ സെന്റ് ചെയ്യു.. ഞാൻ എത്തിയേക്കാം.. ”

“ഒക്കെ.. ”

***************************************

“ഹെലോ.. ബോറടിച്ചു ബോറടിച്ചു എവിടെ വരെ ആയി.. ”

“ഹായ് എബി .. ഇത്ര പെട്ടെന്ന് എത്തിയോ?..താൻ എന്താ പറക്കുവാരുന്നോ? ”

“മ്മ്… പിന്നേ… പറന്നു… ഇവിടെ അടുത്താണ് ഞാൻ താമസിക്കുന്നത്.. ഇവിടെയാണ് മോളുടെ താമസം എങ്കിൽ മാറ്റിയെ പറ്റുള്ളൂ.. ഇത് പ്രശ്നം ആണ്.. അത്ര നല്ല പേരിൽ അല്ല ഇവിടം അറിയപ്പെടുന്നത്.. പോയി ബാഗ് എല്ലാം എടുത്തോണ്ട് വാ.. ഒരു നിമിഷം പോലും ഇവിടെ നിൽക്കണ്ട.. ”

“എബി.. അത്.. ഡെല്ല പിന്നെ വിളിച്ചില്ല.. ”

“നീ ഞാൻ പറഞ്ഞത് കേൾക്കു.. ഞാൻ എന്റെ ഫ്രണ്ട്സിനെ ഒന്ന് വിളിച്ചു തിരക്കട്ടെ.. നീ പോയിട്ട് വാ ”

“മ്മ് ”

“എബി ഡെല്ല വിളിക്കുന്നു.. ”

“എടുത്തു സംസാരിക്കു ”

“ഹലോ.. ആണോ.. ശോ.. മ്മ് ഒക്കെ സാരമില്ല.. ബൈ ”

“എന്താ അവൾ പറഞ്ഞത്? ”

“കിട്ടിയില്ല… ”

“ആഹ് പോട്ടെ ഞാൻ നോക്കുന്നുണ്ട്.. താൻ വാ.. ”

“മ്മ് ”

എബിടെ കൂടെ കുറേ ഹോസ്റ്റൽ ഞാൻ കയറി ഇറങ്ങി.. എങ്ങും ഒരു
വേക്കൻഡും ഇല്ല.. മൊത്തത്തിൽ മടുത്തു ഇരുന്നപ്പോൾ എബി പറയുവാ

“ഇനി ഇപ്പോൾ എന്താ ചെയ്യുക.. സമയവും ഒരുപാടായി.. തന്നെക്കൊണ്ട് ഞാൻ ഇനി നടക്കുന്നത് അത്ര ശരിയല്ല.. തിരിച്ചു പോയാലോ? ”

“എങ്ങോട്ട്?? ”

“അത്… താൻ നിന്നിടത്തു തന്നെ.. ”

“ദേ ഞാൻ നല്ല തല്ലു വെച്ചു തരും പറഞ്ഞേക്കാം.. ഒരു നിമിഷം പോലും നിൽക്കണ്ടാന്നു പറഞ്ഞു വല്യ വീമ്പടിച്ചു വിളിച്ചോണ്ട് വന്നിട്ട് ഇപ്പോൾ നടു റോഡിൽ ആക്കിയതും പോരാ ഇനി അങ്ങോട്ട് തന്നെ പോകാമെന്നു.. ”

“അയ്യോ… പൊന്നു മാഡം പറ്റിപ്പോയി.. താനും കണ്ടതല്ലേ.. ഇനി ഞാൻ എന്തു ചെയ്യാനാ ”

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്.. എനിക്കു ദേഷ്യം വരുന്നുണ്ട് എബി.. ആളുകളൊക്കെ ശ്രദ്ധിക്കുന്നു.. ഈ ബാഗ് ചുമന്നും ഞാൻ മടുത്തു..”

അടുത്തു കണ്ട ഒരു മരക്കുറ്റി ഇരിപ്പിടമാക്കി അവൾ എന്റെ നേരെ ഒരു ദയനീയ നോട്ടം നോക്കി..

ഞാൻ ചുറ്റും നോക്കി.. അവൾ പറഞ്ഞത് ശരിയാണ്.. ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.. ഞാൻ അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങി..

“എന്നാൽ വാ.. ഒരു സ്ഥലം ഉണ്ട്.. ”

അതുകേട്ടതും അവൾ ചാടി എഴുന്നേറ്റു

“എവിടെ?? ”

“വേറെ എങ്ങും അല്ല എന്റെ ഫ്ലാറ്റ് തന്നെ.. വിശ്വാസം ഉണ്ടേൽ കൂടെ വരാം.. ”

“അയ്യോ.. ഇങ്ങനെ ഒരു ഫ്ലാറ്റ് ഒഴിഞ്ഞു കിടന്നിട്ടാണോ ഈ പാവം എന്നെ ഹോസ്റ്റലായ ഹോസ്റ്റലൊക്കെ കയറ്റി ഇറക്കിയത്.. ദുഷ്ടാ ”

“പിന്നേ.. ഗതി കെട്ടിട്ടാണ് ഇപ്പോൾ ഞാൻ എന്റെ ഫ്ലാറ്റിലോട്ട് നിന്നെ കൊണ്ടുപോകുന്നത്.. ”

“അപ്പോൾ ഞാൻ എബിക്ക് ഒരു ഭാരം ആയോ? ”

“അതിന് ഞാൻ നിന്നെ ചുമന്നല്ലല്ലോ നടക്കുന്നത് നിന്റെ ബാഗ് ചുമന്നല്ലേ.. കൂടുതൽ സെന്റി അടിക്കാതെ വാ കൊച്ചേ.. ഒരു ഭാരക്കാരി വന്നേക്കുന്നു ”

പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.. എബിടെ പുറകെ വെച്ചു പിടിച്ചു..

“എബി.. എബി.. ”

“മ്മ് എന്താ ”

“സത്യത്തിൽ ഇന്ന് എബിയെ പരിചയപ്പെട്ടത് കാര്യമായി അല്ലേ.. ന്റെ മാതാവായിട്ടു കൊണ്ട് വന്നതാ.. അല്ലേൽ ഞാൻ തെണ്ടിപ്പോയേനേം.. ഓഹ് ഓർക്കാൻ കൂടി വയ്യ… താങ്ക് യൂ ജീസസ്… ”

“മ്മ് മ്മ്… അവസാനം വരെ ഇതു പറയണം കേട്ടോ.. ”

“ആയിക്കോട്ടെ.. പറയാല്ലോ… ”

***************************************

“ദാ ഇതാണ് ഫ്ലാറ്റ്.. ഇവിടെ ഫുൾ ഫാമിലി ആണ്… ഒരു കുഴപ്പവും ഇല്ല.. താൻ ഇവിടെ നില്ക്കു.. ഞാൻ സെക്യൂരിറ്റി ചേട്ടനോടു ഒന്നുപോയി സംസാരിച്ചിട്ട് വരാം.. ”

“മ്മ്, ”

കുറച്ചു കഴിഞ്ഞപ്പോൾ എബിടെ കൂടെ അയാളും വന്നു..

“എബി മോന്റെ നാട്ടുകാരി ആണല്ലോ.. മോൻ എല്ലാം പറഞ്ഞു.. കുഞ്ഞൊരു കാര്യം പറഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല.. ഒക്കെ ആണ്.. പുതിയതു ശരിയാകുന്നതുവരെ മോൾ ഇവിടെ നിന്നോളൂ കേട്ടോ.. ”

“താങ്ക്സ് ചേട്ടാ… ”

ഞാൻ അവിടമാകെ ഒന്ന് കണ്ണോടിച്ചു.. നല്ല അന്തരീക്ഷം… ഒരു സൈഡിലായി മാറി ചെറിയ ഒരു പാർക്ക്‌… കുറേ കുട്ടികൾ ഓടിച്ചാടി കളിക്കുന്നു… ഇവിടെ എന്തായാലും എനിക്കു ബോർ അടിക്കില്ലന്നു മനസ്സിലായി..

“അതേ കാഴ്ചകളൊക്കെ പിന്നെ ആയാലും കാണാം.. ആ കുട്ടികളൊക്കെ ഇവിടെ ഉള്ളത് തന്നെയാ.. താൻ വാ ”

“മ്മ് ”

ഒരു റൂമിന്റെ വാതിലിൽ എത്തിയപ്പോൾ എബി നിന്നു..

“ദാ ഇതാണ് എന്റെ റൂം.. റൂം നമ്പർ 143.. ഇവിടെ റൂമുകൾ എല്ലാം കാഴ്ചയിൽ ഒരേ പോലെയാ.. സോ റൂം നമ്പർ ഓർത്തു വെച്ചോളൂ.. ഒരു സ്പെയർ കീ തന്റെ കയ്യിലും തരാം.. ”

എബി റൂം തുറന്നു തന്നു… ഞാൻ അകത്തേക്ക് കയറി.. ഹാളും ഒരു ബെഡ്‌റൂമും ചെറിയ ഒരു കിച്ചണും..

“ബാത്റൂം അറ്റാച്ചിഡ് ആണ്… പിന്നെ കിച്ചണിൽ ഞാൻ ഫുഡ്‌ ഒന്നും ഉണ്ടാക്കാറില്ല.. വല്ലപ്പോഴും കോഫി മാത്രം ഉണ്ടാക്കും.. പുറത്തുന്നായിരിക്കും കഴിക്കുന്നത്… തനിക്കു കുക്കിംഗ്‌ അറിയാമെങ്കിൽ യൂസ് ചെയ്യാം..അതിന് ആവിശ്യമായതൊക്കെ അവിടെ ഉണ്ട്.. പച്ചക്കറിയോ അരിയോ അങ്ങനെ ഉള്ളതൊക്കെ വാങ്ങിക്കാം.. എന്തേ? ”

“പുറത്തുന്നു ഡെയിലി കഴിക്കാൻ ഒന്നും ഞാൻ ഇല്ല.. കുക്കിംഗ്‌ അത്ര പിടി ഒന്നുല്ല.. പക്ഷെ എബി കൂടെ ഹെല്പ് ചെയ്താൽ ഞാൻ ഒക്കെ ”

“ആഹ് നോക്കട്ടെ.. ജോലി കഴിഞ്ഞു വരുന്ന മൂഡ് പോലെ ഇരിക്കും.. എന്തായാലും ഇന്ന് പുറത്തുന്നു കഴിക്കാതെ പറ്റില്ല.. താൻ ഫ്രഷ് ആയിക്കോളു.. ബാത്റൂം അകത്തുണ്ട്.. ”

“മ്മ് ”

സാധാ ബോയ്സിന്റെ റൂം പോലെ അത്ര അലമ്പല്ല നല്ല വൃത്തി ഉണ്ട്… ഓരോന്നും നല്ല അടുക്കും ചിട്ടയോടെയും ക്രമീകരിച്ചിരിക്കുന്നു.. ഹാളിനു അത്ര വലിപ്പം പോരാ എങ്കിലും ചെറിയ ഒരു ടിവി ഉം ദിവാൻ കോട്ടും ഒന്ന് രണ്ട് കസേരകളും ഒതുക്കി ഇട്ടിരിക്കുന്നു.. ബെഡ്‌റൂമിൽ ചെറിയ ഒരു സിംഗിൾ ബെഡ്.. ഒരു ഗ്ലാസ്‌ ടേബിൾ അതിനോട് ചേർന്ന് ഒരു കസേര.. ടേബിളിന്റെ പുറത്ത് കുറേ ബുക്സ് അടുക്കി വെച്ചിരിക്കുന്നു.. പിന്നെ റൂമിൽ കുറച്ചു കബോർഡ്‌സും.. ഞാൻ പെട്ടെന്ന് തന്നെ ഫ്രഷായി വന്നു..

എബി റൂമിനു പുറത്തു ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നു.. എന്നെ കണ്ടപ്പോൾ പെട്ടെന്ന് ഫോൺ വെച്ച് അകത്തേക്ക് വന്നു..
(തുടരും )