24/04/2026

സ്നേഹമയി : ഭാഗം 22

രചന – ആരുണി കൃഷ്ണ

“അതെ നിന്റെ ഭാര്യ തന്നെ… മൈഥിലിയാണ് അങ്കിളിന് എതിരെ കംപ്ലയിന്റ് തന്നത്…’

ശ്രീക്ക് ഒരു നിമിഷം അനങ്ങാൻ പോലും കഴിഞ്ഞില്ല… കേട്ട് നിന്നവർ എല്ലാരും അന്ധാളിച്ചു പോയി …പക്ഷെ മിഥുവിൽ ഒരു വിജയിയുടെ ഭാവം ആയിരുന്നു… അഭിയുടെ വാഹനം ദേവരാജനെയും കൊണ്ട് വീടിന്റെ ഗേറ്റ് കടക്കുമ്പോൾ, ശ്രീകുട്ടിയും ലതയും നിർത്താതെ കരയുകയായിരുന്നു… മിഥുവിന്റെ ഉള്ളിൽ ആനന്ദം നിറഞ്ഞു… ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…പക്ഷെ പെട്ടന്ന് ആ വേദന ക്രോധത്തിലേക്ക് വഴിമാറി… എരിയുന്ന കണ്ണുകളോടെ അവൻ മിഥുവിന് അടുത്തേക്ക് പാഞ്ഞടുത്തു…

“ഈ കുടുംബത്തോട് ഇത്രയും ദ്രോഹം ചെയ്ത നീ ജീവിച്ചിരിക്കാൻ പാടില്ല ഇനി… ”

ശ്രീയുടെ കൈകൾ അവളുടെ കഴുത്തിൽ അമർന്നു…
പ്രണവും അനന്ദനും ചേർന്ന് അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു… മിഥു സർവ്വശക്തിയിലും അവനെ തള്ളി മാറ്റി…

“തൊട്ട് പോകരുത് ഇനി എന്നെ… !!!”

അവൾ ദേഷ്യത്താൽ നിന്ന് വിറച്ചു…

“ഈ കുടുംബം ഇല്ലാതെ ആക്കിയെന്നോ, അപ്പൊ എന്റെ കുടുംബം, എന്റെ അച്ഛൻ, ഞങ്ങളുടെ സന്തോഷങ്ങൾ എല്ലാം നിങ്ങൾ ഇല്ലാതാക്കിയതോ…? തന്റെ അച്ഛനും താനും ചേർന്ന് എല്ലാം നശിപ്പിച്ചു…
ദാ നോക്ക്, കയ്യിൽ ചുരുട്ടിപിടിച്ച ആ ഫോട്ടോ അവൾ നിലത്തേക്ക് എറിഞ്ഞു… എന്റെ അച്ഛന്റെ കൊലപാതകിയും നിങ്ങളും ചേർന്ന് നിൽക്കുന്നതാണ്… ഇനിയും എതിർക്കുന്നുണ്ടോ…എന്റെ അച്ഛനെ ഇല്ലാതാക്കിയിട്ട് ഒടുക്കം നിങ്ങൾക്ക് എതിരെയുള്ള തെളിവുകൾ പുറത്ത് വരാതെ ഇരിക്കാൻ ഒരു പ്രണയ നാടകവും…ഭേഷ്… ”

“മൈഥിലി, ഇനി ഒരക്ഷരം നീ മിണ്ടരുത്… ”
ശ്രീക്ക് ഹൃദയഭാരം ഏറി വന്നു… തന്റെ ദേഷ്യത്തെ അടക്കാൻ അവൻ ആവതും ശ്രമിച്ചു…

“എന്താ, നിങ്ങളുടെ ക്രൂരത എല്ലാവരും അറിയും എന്ന ഭയമാണോ… എന്നാൽ കേട്ടോളു… ദേവരാജൻ എന്ന ഇയാളുടെ അച്ഛൻ ഒരു കൊലപാതകിയാണ്… ശ്രീറാം എന്ന ഇയാൾ ഒരു ചതിയനും…. ”

അവൾ പറഞ്ഞു തീർന്നതും, ആ കവിളിൽ അടി വീണു…

“സുഭദ്ര… ”

എല്ലാവരും ഒരു നിമിഷം പകച്ചു…

“അമ്മേ… ”

അടുത്ത അടിയും മിഥുവിന്റെ കവിളിൽ വീണു…

“മിണ്ടിപ്പോകരുത്…… ഇനി ആ മനുഷ്യനെയും, അദ്ദേഹത്തിന്റെ മകനെയും കുറിച്ചു ഒരക്ഷരം പോലും നീ മിണ്ടരുത്… ആ പേര് പോലും ഉച്ചരിക്കാൻ ഉള്ള യോഗ്യത നിനക്കില്ല… ”

“അമ്മേ…? ”

“വേണ്ട, ഇങ്ങനെ ഒരു മക്കൾ ഇല്ലെന്ന് കരുതിക്കോളാം ഞാൻ… ഇത്രത്തോളം ദുഷ്ടയാകാൻ നിനക്ക് എങ്ങനെ കഴിഞ്ഞു… ആരോ പറഞ്ഞു തന്ന കള്ളകഥയും, ഒരു ഫോട്ടോയും വിശ്വസിച്ചു ഒരു കുടുംബത്തെയാണ് നീ വഞ്ചിച്ചിരിക്കുന്നത്… ”

“അമ്മ ആരെയാണ് ഈ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എന്ന് അറിയുമോ…. അയാളാണ് എന്റെ അച്ഛനെ… ”

“മിഥു….. “ആ വിളി അവിടെങ്ങും മുഴങ്ങികേട്ടു…

“നന്ദേട്ടന് നീതി കിട്ടാൻ വേണ്ടി മറച്ചു വച്ച ചില സത്യങ്ങൾ ഉണ്ട്… നിങ്ങൾ സുരക്ഷിതർ ആയിരിക്കണം എന്ന് മാത്രമേ ഞാൻ കരുതിയിട്ടുള്ളു… തീരട്ടെ എല്ലാം… എല്ലാം ഇനി എല്ലാരും അറിയണം… ”

©ആരുണി കൃഷ്ണ ❤️

സുഭദ്ര പഴയ ഓർമകളിലേക്ക് പോയി…..

“ഡ്യൂട്ടിയിൽ വളരെ സ്ട്രൈറ്റ് ഫോർവേഡ് ആയിരുന്ന നന്ദേട്ടന് ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു… അത് കൊണ്ട് തന്നെ ആരെയും വിശ്വസിക്കുന്ന പ്രകൃതക്കാരനും ആയിരുന്നില്ല… എട്ട് വർഷങ്ങൾക്ക് മുൻപ്….. ഇടുക്കിയിൽ ജോലി ചെയ്തിരുന്നപ്പോൾ, ഡിഎം പ്ലാന്റെഷൻ എന്ന സ്ഥാപനത്തിന്റെ മറവിൽ നടക്കുന്ന ഹവാല ഇടപാടുകളെയും, അനധികൃത ബിനാമി ബിസിനസ്സുകളെയും പറ്റി അദ്ദേഹത്തിന് ഒരു സൂചന ലഭിച്ചു… അദ്ദേഹത്തിന്റെ അന്വേഷണം ചെന്ന് അവസാനിച്ചത് ദേവേട്ടനിൽ ആയിരുന്നു… പക്ഷെ ഇടുക്കിയിലെ അദ്ദേഹത്തിന്റെ ഫാക്ടറിയും ബിസിനസ്‌ സ്ഥാപനങ്ങളും റെയ്ഡ് ചെയ്യാൻ ചെന്ന നന്ദേട്ടനോട് ദേവേട്ടൻ പൂർണമായും സഹകരിച്ചു… ദേവേട്ടന്റെ ബിസിനസ്സിൽ യാതൊരു വിധ ക്രമക്കേടും കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല… പക്ഷെ പിന്നീടും ദേവേട്ടനെ നിരീക്ഷിച്ച നന്ദേട്ടന് താൻ യഥാർത്ഥ ശത്രുക്കളാൽ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മനസ്സിലായി , അന്വേഷണം വീണ്ടും ശരിയായ ദിശയിൽ ആരംഭിച്ചു… ഒരിക്കൽ നന്ദേട്ടൻ തലനാരിഴക്കാണ്‌ ശത്രുക്കളിൽ നിന്ന് രക്ഷപെട്ടത്… അന്ന് മരണത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത് ദേവേട്ടൻ ആയിരുന്നു.. പിന്നീട് ദേവേട്ടനും നന്ദേട്ടനും നല്ല സുഹൃത്തുക്കൾ ആയി… കേസിനു ആസ്പദമായ പല തെളിവുകളും കണ്ടെത്താൻ ദേവേട്ടനാണ് അദ്ദേഹത്തെ സഹായിച്ചത്…. ഒടുവിൽ ഒരു പരിധിവരെ ഡിഎം പ്ലാന്റഷൻസിന്റെ മറവിലുള്ള പണം ഇടപാടുകളെ തടയാനും, അവരെ തകർക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.. പക്ഷെ ശത്രുക്കൾ പ്രബലർ ആയിരുന്നത് കൊണ്ട് തന്നെ കേസിലും ബിനാമി ഇടപാട്കാരെ മാത്രം പ്രതി സ്ഥാനത്ത് ചേർക്കാനെ നന്ദേട്ടന് കഴിഞ്ഞുള്ളു.. .. അതുകൊണ്ട് തന്നെയാണ്, അവർ തമ്മിലുള്ള ബന്ധം അതീവ രഹസ്യം ആയി സൂക്ഷിച്ചത്…. ഞങ്ങളെപോലും ആദ്യം ഒന്നും അറിയിച്ചിരുന്നില്ല.. പിന്നീട് എന്നോടും ലതയോടും പറയാൻ തുടങ്ങി…ഒരിക്കൽ ഒത്തു കൂടിയപ്പോഴാണ് ദേവട്ടനാണ് ആ സുഹൃത്ത് എന്ന് പോലും ഞാൻ അറിഞ്ഞത്…. വർഷം മുൻപ് സ്ഥലം മാറ്റം ആയി ഇവിടെ എത്തി… എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്… പക്ഷെ ഒരു ദിവസം അദ്ദേഹം പറഞ്ഞു, ആ കേസിന്റെ നിർണായകമായ തെളിവുകൾ അദ്ദേഹം കണ്ടെത്തി…. അത്രയും കാലം അതിന് പിറകെ ആയിരുന്നു എന്നു…. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് പുറത്ത് വരാതെ പോകരുത് എന്നും, പിന്നെ എല്ലാത്തിനും പിന്തുണ ആയി ദേവട്ടനും കുടുംബവും ഉണ്ടാകുമെന്നും… പക്ഷെ ആ തെളിവുകൾ എവിടെ എന്ന് എനിക്കും അറിയില്ല… അത് പറയും മുൻപേ നന്ദേട്ടൻ…”

“ആ മനുഷ്യനെയാണ് നീ… എന്തിന്റെ പേരിൽ ആയിരുന്നു… ഓ, ഈ ഫോട്ടോ ആണല്ലോ നിനക്ക് കിട്ടിയ തെളിവ്….. ”

“ഈ ഫോട്ടോ കൂടി ഒന്ന് നോക്ക് നീ… ”
ശ്രീ ഒരു ഫോട്ടോ അവൾക്ക് മുന്നിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു….

ദേവനും നന്ദനും ഒപ്പം ശ്രീയും… അതെ സ്ഥലം… ഡിഎം ടീ പ്ലാന്റഷൻ എന്ന ബോർഡ്‌…

‘നിന്റെ കയ്യിൽ ഇരുന്ന പിക് എടുത്തത് നിന്റെ അച്ഛൻ ആയിരുന്നു… ഇത് എടുത്തത് ആ ഡ്രൈവറും…
എന്റെ ഇൻസ്റ്റന്റ് ക്യാമിൽ…വേറെയും ഉണ്ട് അന്നത്തെ ഫോട്ടോസ്…. ”

ശ്രീ കുറെ ഫോട്ടോസ് നിരത്തി… തന്റെ അച്ഛൻ ആ ഫോട്ടോയിൽ എത്രത്തോളം സന്തോഷത്തോടെ നിൽക്കുന്നു എന്ന് അവൾക്ക് മനസ്സിലായി…

” എല്ലാവരും ഒന്നിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുത്തപ്പോൾ, അയാളെ വിളിച്ചു ഞങ്ങളുടെ കൂടെ നിർത്തി ഫോട്ടോ എടുത്തത് നന്ദൻ അങ്കിൾ ആയിരുന്നു…. മറ്റൊരു യാത്രക്ക് ഇടയിലാണ് ഞങ്ങൾ അവിടെ പോയത്….കൃത്യമായി ഓർമയില്ല, 7..8 വർഷം കഴിഞ്ഞില്ലേ…. നന്ദൻ അങ്കിൾ , അച്ഛന്റെ ഒരു നല്ല സുഹൃത്ത് ആണെന്ന് മാത്രമേ പരിചയപെടുത്തിയുള്ളൂ… എനിക്ക് പിക്ചർസ് സൂക്ഷിച്ചു വെച്ച് ശീലം ഉള്ളത് കൊണ്ട്, കോട്ടൂർ ഇരിക്കുന്ന നന്ദൻ അങ്കിളിന്റെ ഫോട്ടോ കണ്ടപ്പോ ഈ മുഖം ഓർമ വന്നു… അച്ഛനോട് കാര്യങ്ങൾ ചോദിച്ചപ്പോഴും ചെറിയ പരിചയം, നാട്ടിൽ വെച്ച് ഉള്ളത് കൊണ്ടാണ് അന്ന് ഇടുക്കിയിൽ വന്നപ്പോൾ കാണാൻ പോയത് എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളു… അതിൽ കവിഞ്ഞു ഒന്നും ആരും പറഞ്ഞിരുന്നില്ല….”

ശ്രീ മിഥുവിന്റെ മുഖത്ത് പോലും നോക്കാതെ പറഞ്ഞവസാനിപ്പിച്ചു….

“ഈശ്വരാ, തെറ്റ് പറ്റിയല്ലോ… ” മിഥു നെഞ്ചിൽ കൈകൾ ചേർത്തുവെച്ച് പൊട്ടിക്കരഞ്ഞു…

” നന്ദൻ സാറും ആയുള്ള സൗഹൃദം പലപ്പോഴും ദേവേട്ടനും മറച്ചുവെച്ചിരുന്നു… കാരണം തിരക്കിയപ്പോൾ ആ സൗഹൃദം ഭയക്കുന്ന ശത്രുക്കൾ ഉണ്ടെന്നും, അവർ നമ്മുടെ കുടുംബത്തെ പോലും വെറുതെ വിടില്ല എന്നും നന്ദൻ സർ പറഞ്ഞിട്ടുണ്ടെന്ന് പറയുമായിരുന്നു… പിന്നെ, ആ ഡ്രൈവർ, അയാളുടെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ ദേവേട്ടൻ തന്നെ എന്നോ അയാളെ കമ്പനിയിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു…പിന്നീട് നന്ദൻ സാറിന്റെ മരണവും ആയി ബന്ധപ്പെട്ടാണ് അയാളെ കുറിച്ച് അറിയുന്നത്, പത്രങ്ങളിൽ നിന്ന്…. അത് ദേവേട്ടനെ ഒരുപാട് വേദനിപ്പിച്ചു… ” ലത പറഞ്ഞു…

“ആ കേസ് നന്ദേട്ടന്റെ ലൈഫിലേ ഏറ്റവും നിർണായകമായ ഒന്നായിരുന്നു…..ഇത് എടുത്തത് ആ കേസിന്റെ വിധി വന്ന ദിവസമാണ്… ദേവേട്ടനെ നേരിട്ട് കാണണം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് പോയി, തിരികെ എത്തിയപ്പോൾ ഇതുപോലെ ഒരു ഫോട്ടോയും ആയി ഒരുപാട് സന്തോഷത്തോടെ ആണ് വന്നത്…നമ്മുടെ നന്ദനം വീട്ടിൽ, നിന്റെ അച്ഛന്റെ ഡയറയിൽ ഇന്നും അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്… ഇനിയും നിനക്ക് വിശ്വാസം ഇല്ലെങ്കിൽ അതും, അദ്ദേഹം സ്വന്തം കൈപ്പടയിൽ ദേവേട്ടനെ കുറിച്ച് എഴുതിയതും കാണിച്ചു തരാം… ” സുഭദ്രയുടെ വാക്കുകൾ അവളിൽ തീ കോരിയിട്ടു….

എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും മിഥു തളർന്നു ഇരുന്ന് പോയി..മായ അവളെ താങ്ങാൻ ഒരുങ്ങിയതും…

“വേണ്ട, ഒരു സഹതാപവും അവൾ അർഹിക്കുന്നില്ല… ഇത്രയും ഒക്കെ ചെയ്തു കൂട്ടും മുൻപ് ഒരു വാക്കെങ്കിലും എന്നോട് ചോദിക്കാമായിരുന്നു…. ”

“അമ്മേ….” അവൾ കരഞ്ഞുകൊണ്ട് അവരുടെ കാലിൽ പിടിച്ചു…

” ഓരോ തെളിവുകൾ നിരത്തി പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു പോയി… അമ്മയോട് പറയാൻ ഒരുങ്ങിയതാണ്… പക്ഷെ ഡിഎം ആരാണെന്ന തെളിവുകൾ നശിപ്പിക്കാൻ ശത്രുക്കൾ അച്ഛനെ പോലെ അമ്മയെയും ….. എന്നോട് ക്ഷമിക്കണം അമ്മേ… ”

“ക്ഷമ ചോദിക്കേണ്ടത് എന്നോടല്ലേ, ദാ ഈ കുടുംബത്തോടാ… നീ കാരണം പഴികേട്ട ആ മനുഷ്യനോടാ… ”

മിഥു തേങ്ങി കരഞ്ഞുകൊണ്ട് ലതക്കും ശ്രീകുട്ടിക്കും അരികിൽ എത്തിയതും, ഇരുവരും മുഖം തിരിച്ചു …

“എനിക്ക് എന്റെ എല്ലാം എന്റെ അച്ഛൻ ആയിരുന്നു….17 ആം വയസ്സിൽ എന്റെ അച്ഛൻ നഷ്ടപ്പെട്ടപ്പോൾ മനസ്സ് പോലും ഒരു നിമിഷം പതറിപോയിരുന്നു… മാസങ്ങൾ എടുത്തു അച്ഛൻ ഞങ്ങളെ വിട്ട് പോയി എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പോലും…. പിന്നെ പലപ്പോഴും അച്ഛനെ കൊന്നവരെയൊക്കെ കണ്ടെത്തണം എന്ന വാശി ആയിരുന്നു… പക്ഷെ അമ്മ ആയിരുന്നു എപ്പോഴും എതിർത്ത് നിന്നത്
…എന്നെയും നഷ്ടപ്പെടുമോ എന്ന ഭയം കാരണം…. ”

“അതുകൊണ്ടാ അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ…..ആരെയും ഒന്നും അറിയിക്കാഞ്ഞത്.. ആ തെളിവുകൾ കണ്ടെത്തി എന്റെ അച്ഛനെ കൊന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക എന്നൊരു ലക്ഷ്യമേ എനിക്ക് ഉണ്ടായിരുന്നുള്ളു… ”

“അവളോ….ആര്… പറ മിഥു… ? ”
സുഭദ്ര മിഥുവിനെ പിടിച്ച് ഉലച്ചു കൊണ്ട് ചോദിച്ചു…

“ലക്ഷ്മി… ”

ശ്രീയും ശ്രീകുട്ടിയും ലതയും അടക്കം എല്ലാവരും ഒരുപോലെ ഞെട്ടി…

“ലക്ഷ്മിയോ…? ”

“അതെ…. ” മിഥു ലക്ഷ്മിയെ നേരിട്ട് കണ്ടത് മുതൽ പിന്നീട് നടന്ന ഓരോ ഫോൺ കോളിന്റെയും വിശദശാംശങ്ങൾ വെളിപ്പെടുത്തി…

“എനിക്ക് അങ്ങോട്ട് പ്രവേശനം ഉണ്ടോ…? അഭി വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു …

ശ്രീയും ശ്രീക്കുട്ടിയും ഒരുപോലെ മുഖം തിരിച്ചു…

“സർ, എന്റെ അച്ഛൻ നിരപരാധി ആണെന്ന് തെളിയിക്കാൻ എല്ലാ തെളിവുകളും ഉണ്ട്…”

ശ്രീകുട്ടി അഭിയുടെ മുഖത്ത് നോക്കാതെയാണത് പറഞ്ഞത്… എല്ലാം പ്രതീക്ഷിച്ചു എങ്കിലും, ആ സർ വിളിയും അവളുടെ പെരുമാറ്റവും അവനിൽ വേദന ഉണ്ടാക്കി..

“അതെ അനാവശ്യ കാരണങ്ങൾ പറഞ്ഞു ശത്രുക്കളെ പോലും പിടിച്ചു വയ്ക്കുന്നത് ശരിയല്ലല്ലോ ….അച്ഛനെ വെറുതെ വിടണം…”ശ്രീയുടെ സ്വരത്തിലും ദേഷ്യം ധ്വനിച്ചു ..

“അഭിയേട്ടാ കേസ് പിൻവലിക്കണം…. എല്ലാം എന്റെ തെറ്റി ധാരണ ആയിരുന്നു…. ” മിഥു വേദനയോടെ പറഞ്ഞു…

“ശരി, ഇവിടെ വെളിപ്പെടുത്തലുകളും ഏറ്റുപറച്ചിലും , മാപ്പ് അപേക്ഷയും കഴിഞ്ഞെങ്കിൽ എനിക്കും കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു… ”

“മിഥുവിന്റെ ഒരു പരാതിയുടെ പേരിൽ അല്ല ഞാൻ അങ്കിളിനെ അറസ്റ്റ് ചെയ്തത്…അത് അങ്കിൾ തന്നെ ആവശ്യപെട്ടിട്ടാണ്… ”

“ദേവേട്ടനോ… ?” ലത നടുക്കത്തോടെ ചോദിച്ചു…

“അതെ ആന്റി… ശ്രീയുടെയും മിഥുവിന്റെയും വിവാഹം കഴിഞ്ഞു രണ്ടാമത്തെ ദിവസം ദേവൻ അങ്കിൾ എന്നെ കാണാൻ വന്നിരുന്നു… മിഥു അപകടത്തിൽ ആണെന്ന് പറയാൻ… ആരോ മിഥുവിനെ തെറ്റിദ്ധരിപ്പിച്ചത് ഉൾപ്പെടെ, നന്ദൻ അങ്കിളും ആയുള്ള ബന്ധവും എല്ലാം അദ്ദേഹം എന്നോട് പറഞ്ഞു….അങ്കിൾ പറഞ്ഞത് വെച്ച് മിഥുവിന്റെ കാൾ ഡീറ്റെയിൽസ് എടുത്തു… അതിൽ ലക്ഷ്മിയുടെ നമ്പർ കണ്ടപ്പോൾ സംശയം തോന്നി… അവളുടെ കാൾ ഡീറ്റെയിൽസും എടുത്തു… മിഥുവിനെ സമർത്ഥമായി അവർ കെണിയിൽ വീഴ്ത്തി എന്ന് എനിക്ക് അവിടെ നിന്ന് മനസ്സിലായി…. പക്ഷെ എന്തിനോ വേണ്ടി അവളുടെ ഉദ്ദേശങ്ങൾ അവൾ മറച്ചു വെക്കുണ്ടായിരുന്നു, അത് അവളുടെ വായിൽ നിന്ന് തന്നെ എനിക്ക് അറിയണമായിരുന്നു…. ”

“കൂടാതെ മിഥുവിലൂടെ, ലക്ഷ്മിയും അവൾക്ക് പിന്നിൽ ഉള്ളവരും നേടി എടുക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ മനസ്സിലാക്കാൻ, അങ്കിളിൽ എനിക്ക് സംശയം ഉണ്ടെന്ന് മിഥുവിനെ ബോധ്യപ്പെടുത്തി, അവളിൽ നിന്നും പരാതി എഴുതിവാങ്ങി…ഒന്നും ആരെയും അറിയിക്കരുത്, അറിഞ്ഞാൽ ദേവൻ അങ്കിൾ രക്ഷപെടും എന്ന് പറഞ്ഞത്കൊണ്ട് ആ കാര്യം ഇവൾ ലക്ഷ്മിയോട് പറയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു… പരാതി ഒപ്പിട്ടു തന്ന നിമിഷം എങ്കിലും അവൾ എല്ലാം തുറന്നു പറയും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു… പക്ഷെ അത് ഉണ്ടായില്ല…. അത്കൊണ്ട് ഇതുപോലെ ഒരു ഡ്രാമ അറസ്റ്റ് അരങ്ങേറേണ്ടി വന്നു…”

“ശ്രീകുട്ടാ, സോറി… അങ്കിൾ നിന്നെപ്പോലും അറിയിക്കേണ്ട എന്ന് വാശിപിടിച്ചത് കൊണ്ടാണ് ഒന്നും പറയാതെ ഇരുന്നത്… ”

മിഥുവിന് എല്ലാം പുതിയ അറിവ് ആയിരുന്നു…. തോരാത്ത കണ്ണീരുമായി അവൾ എല്ലാം കേട്ട് നിന്നു…

“അറസ്റ്റ് ചെയ്യാൻ വരും മുൻപും അങ്കിൾ പറഞ്ഞത്, ആരുടെ മുന്നിലും നിന്നെ തെറ്റ്കാരി ആക്കരുത് എന്നാണ് മിഥു, അല്ലാതെ തന്നെ നിനക്ക് സത്യങ്ങൾ ബോധ്യപ്പെടുത്തി തരണം എന്ന്… അങ്കിളിന്റെ പ്രിയപ്പെട്ട നന്ദന്റെ മകളെ വേദനിപ്പിച്ചാൽ, അദ്ദേഹം തന്നോട് പൊറുക്കില്ലെന്നാണ് ആ മനുഷ്യൻ പറഞ്ഞത്… പിന്നെ നിന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള ആ തെളിവുകൾ ഏറ്റവും വിശ്വസ്തതയോടെ അദ്ദേഹം സൂക്ഷിക്കാൻ ഏൽപ്പിച്ചതും ദേവൻ അങ്കിളിനെ ആയിരുന്നു…അത് എന്നെ അദ്ദേഹം ഏൽപ്പിച്ചു… ”

“ഈശ്വരാ… ഇത്രയൊക്കെ ഉപകാരം ചെയ്ത, അച്ഛനെ സ്നേഹിച്ച ഒരു മനുഷ്യനെ ആണല്ലോ ഞാൻ പഴിച്ചത്….അഭിയേട്ടാ, അച്ഛൻ… അച്ഛനെവിടെ… ”

“അച്ഛനോ, ആരുടെ അച്ഛൻ… അങ്ങനെ വിളിക്കാൻ ഒരധികാരവും നിനക്ക് ഈ വീട്ടിൽ ഇല്ല…ഞങ്ങളുടെ കണ്മുന്നിൽ പോലും വരരുത് നീ…. ” ശ്രീയുടെ വാക്കുകളിൽ ദേഷ്യവും, മുഖത്ത് വേദനയും നിറഞ്ഞു…

“ശ്രീയേട്ടാ… ”

“അല്ല, ചതിയൻ… വഞ്ചകൻ… നിന്റെ ധാരണകൾ ഒന്നും മാറ്റണ്ട… ”

“ശ്രീകുട്ടാ, നീ ഇപ്പൊ സമാധാനം ആയിരിക്ക്… ”

“എല്ലാം അറിയുന്നതല്ലേ അഭി നിനക്ക്, എങ്ങനെ എനിക്ക് സമാധാനിക്കാൻ കഴിയും… നീ പറ… ഇവളെ ഞാൻ… ഇവൾ എനിക്ക് എന്റെ… ” വാക്കുകൾ പൂർത്തിയാക്കാൻ ശ്രീക്ക് കഴിഞ്ഞില്ല..

ഒരു ജീവശ്വാസം പോലെ ശ്രീ കൊണ്ട് നടന്ന മിധുവിനോടുള്ള പ്രണയം വെറും ചതിയും അഭിനയവും ആയിരുന്നു എന്ന് അവൾ തന്നെ പറഞ്ഞതിന്റെ വേദന മറ്റാരേക്കാളും നന്നായി അഭിക്ക് അറിയാമായിരുന്നു…

“എടാ, എന്റെ അച്ഛൻ എവിടെ….? “ശ്രീ ആശങ്കയോടെ ചോദിച്ചു…

അഭി ഒന്ന് ചിരിച്ചു… എന്നിട്ട് ഫോൺ ഓൺ ചെയ്തു, വാട്സാപ്പിൽ അഭിരമ്യയെ വീഡിയോ കാൾ ചെയ്തു….

“ആ എന്താ ഏട്ടാ വീഡിയോ കാൾ ഒക്കെ… ”

“രമ്യ മോളെ, ദേവൻ അങ്കിൾ എവിടെ…? ”

“ദാ ഇരുന്ന് അച്ഛനോട് കത്തി വെക്കുന്നു… കാണിച്ചു തരാം… ”

അത് പറഞ്ഞവൾ ബാക്ക് കാം ഓൺ ചെയ്തു…

ദേവൻ, വാസുദേവനോടൊപ്പം സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ ശ്രീക്കും ശ്രീകുട്ടിക്കും ലതക്കും ആശ്വാസം ആയി…

ശ്രീകുട്ടി ഫോൺ പിടിച്ചു വാങ്ങി…

“രമ്യമോളെ, ഫോൺ അച്ഛന് കൊടുത്തേ… ”

“അച്ഛാ…. ” ശ്രീക്കുട്ടി കരയാൻ തുടങ്ങി…

“എന്റെ മോളെന്തിനാ കരയുന്നെ, നമ്മുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേറെ വഴി ഇല്ലായിരുന്നു… എന്നെ ആരും അറസ്റ്റ് ഒന്നും ചെയ്തിട്ടില്ല… അച്ഛൻ ദാ ഇവിടെ അഭിമോന്റെ വീട്ടിൽ ഉണ്ട്…”

“അച്ഛൻ ഇങ്ങ് വാ വെച്ചിട്ടുണ്ട്… ഞങ്ങളെ ഒക്കെ ടെൻഷൻ അടിപ്പിച്ചിട്ട്… അവിടെ ഇരുന്ന് കത്തി വെക്കുവാ അല്ലെ…..”

“ഹഹ… മോളെ മിഥു എവിടെ… ”

ആ ചോദ്യം കേട്ട് ഓടി അടുക്കാൻ മിഥു തുനിഞ്ഞെങ്കിലും, ശ്രീയുടെ കണ്ണിലെ തീഷ്ണമായ നോട്ടം അവളെ പിടിച്ചു നിർത്തി…

ശ്രീകുട്ടി, ഫോൺ മിഥുവിന് നേരെ നീട്ടി… അവൾ വിറക്കുന്ന കൈകളോടെ ആ ഫോൺ വാങ്ങി… ദേവനെ കണ്ടതും അവൾ നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞു…

“മോളെ, കരയല്ലേ… ”

“അച്ഛാ, എന്നോട് ക്ഷമിക്കണം… ”

ഒരുപാട് നാളിന് ശേഷം മനസ്സറിഞ്ഞു, ആ വിളി അവളിൽ നിന്ന് കേട്ടപ്പോൾ ദേവനും കണ്ണ് നിറഞ്ഞു…

“അതിന് അച്ഛന് മോളോട് ഒരു ദേഷ്യവും ഇല്ല… ആ തെളിവുകൾ നേരുത്തേ എത്തേണ്ടിടത്ത് എത്തിയിരുന്നെങ്കിൽ, മോൾക്ക്‌ ഇങ്ങനെ ഒരു തെറ്റിധാരണ ഉണ്ടാവില്ലായിരുന്നു.. പക്ഷെ നന്ദനെ പോലെ അച്ഛനും അതിന് കഴിഞ്ഞില്ല… ആരെയും വിശ്വാസം ഇല്ലായിരുന്നു എനിക്ക്….അഭി എല്ലാത്തിനും ഒരു നിയോഗം ആയി… ”

അപ്പോഴേക്കും ശ്രീ അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി…

“അച്ഛൻ വരുന്നില്ലേ…? ”

“ഞാൻ വരാം കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ടെന്ന് അഭി പറഞ്ഞു… അത് കഴിഞ്ഞു അങ്ങോട്ട് വരാം… ”

ശ്രീ ഫോൺ കട്ട്‌ ചെയ്തു അഭിക്ക് നേരെ നീട്ടി… അഭി ശ്രീയെ ചേർത്ത് പിടിച്ചു…

“ശ്രീപ്പി… ” അഭി വിളിച്ചതും അവൾ മുഖം കറുപ്പിച്ചു…

“എന്താ…? ”

“നിന്റെ പിണക്കം മാറിയില്ലേ…. ആ സർ വിളി കുറച്ചു കൂടി പോയി കേട്ടോ… ”

“ആണോ, കണക്കായിപോയി… ”

“ഓ ഗൗരവം ആണെങ്കിൽ ഡയറി മിൽക്ക് വേണ്ടല്ലോ. ”

“ആര് പറഞ്ഞു… ഇവിടെ താ ഐ പി എസ്സേ… “അവൾ അഭിയുടെ കയ്യിൽ നിന്നും ചോക്ലേറ്റ് തട്ടിപ്പറിച്ചു…

അഭിയുടെയും ശ്രീക്കുട്ടിയുടെയും ആ കളിചിരികൾ മറ്റുള്ളവരുടെ മനസ്സിലേക്ക് സന്തോഷം നിറച്ചു…

മിഥു മെല്ലെ ശ്രീയുടെ അടുത്തേക്ക് ചെന്നതും അവൻ ദേഷ്യത്തോടെ മുറിയിൽ കയറി വാതിൽ വലിച്ചടച്ചു…
അവൾ വേദനയോടെ ശ്രീനിലയത്തിന്റെ പടികൾ ഇറങ്ങാൻ തുനിയവേ ….

“ഒന്ന് നിന്നെ… എങ്ങോട്ടാ മിഥു… ”
ലത ഗൗരവത്തിൽ ആയിരുന്നു…

“ഞാൻ പോകുവാ അമ്മേ… ഈ വീട്ടിൽ നില്ക്കാനുള്ള യോഗ്യത എനിക്കില്ല… ശ്രീയേട്ടന് എന്നെ ഇനി ഭാര്യയായി അംഗീകരിക്കാനും കഴിയില്ല… പൊറുക്കാൻ കഴിയാത്ത തെറ്റാണ് ഞാൻ ചെയ്തത്… എന്റെ കണ്ണുകൾക്കും മനസ്സിലും അന്ധത ബാധിച്ചു… ഇപ്പൊ ആ മറ നീങ്ങി… പക്ഷെ ഞാൻ ചെയ്ത തെറ്റ്… ”

“മതി മോളെ… നിന്റെ എന്നെ മകൻ താലികെട്ടി കൊണ്ട് വന്നതാണെങ്കിൽ നീ ഈ വീട്ടിൽ തന്നെ ജീവിക്കും, അവസാനം വരെ… എന്റെ ശ്രീകുട്ടന്റെ പെണ്ണായി.. ”

“അമ്മേ… “അവൾ അവരുടെ കാലിൽ വീഴാൻ ഒരുങ്ങിയതും അവർ അവളെ വാരിപുണർന്നു…

“മോള് അകത്തേക്ക് പൊക്കോ… അവന് ദേഷ്യം കുറച്ചു കൂടുതലാ… എല്ലാം പതുക്കെ ശരിയാകും…”

അവൾ കണ്ണുകൾ തുടച്ച് അകത്തേക്ക് പോകാൻ ഒരുങ്ങിയതും….അഭി പിന്നിൽ നിന്ന് വിളിച്ചു..

“മിഥു, ഇനിയാണ് എനിക്ക് നിന്റെ സഹായം വേണ്ടത്. ”
അഭി പറഞ്ഞത് കേട്ട് സംശയത്തോടെ മിഥു നിന്നു…

“ലക്ഷ്മിയെയും, പിന്നെ തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരൻ ആയ ഡിഎം എന്ന ആളെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണം… അതിനുള്ള തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്… ആ വ്യക്തി ആരാണെന്നും എനിക്ക് അറിയാം…. പക്ഷെ പഴുതുകൾ ഇല്ലാതെ അയാളെ കുരുക്കണം… അതിന് തന്റെ സഹായം എനിക്ക് വേണം.. ”

“ഞാൻ കൂടെ നിൽക്കാം അഭിയേട്ടാ… ”

“ലക്ഷ്മിയെ വിളിച്ചു താൻ പറയണം, ദേവൻ അങ്കിളിനെ പോലീസ് അറസ്റ്റ് ചെയ്തെന്നും… തെളിവുകൾ ഉള്ള ഫയൽസ്‌ നിങ്ങളുടെ നന്ദനം എന്ന വീട്ടിൽ ഉണ്ടെന്നും… പിന്നെ മറ്റൊന്ന് കൂടി, ആ തെളിവുകൾ എടുക്കാൻ താൻ അങ്ങോട്ട്‌ പോകുക ആണെന്നും…. ”

“അഭി, മോനെ അവർ എന്റെ കുഞ്ഞിനെ അപായപ്പെടുത്തും… “സുഭദ്ര വേവലാതിയോടെ പറഞ്ഞു…

“ഇല്ല ആന്റി, മിഥുവിന് ഒന്നും സംഭവിക്കില്ല… ”

“അഭി ശ്രീകുട്ടനോട് ചോദിച്ചിട്ട് മതി… ”

“എനിക്ക് ഒരു എതിർപ്പും ഇല്ല…. സോ, ചോദ്യവും പറച്ചിലും ഒന്നും ഇനി ആവശ്യമില്ല.. അവൾ പോകണം…ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആകണം… ” ശ്രീ പടികൾ ഇറങ്ങി വന്നു…

ഒരുനിമിഷം ശ്രീ ഒന്ന് എതിർത്തെങ്കിൽ, തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നോർത്ത് ആശങ്കപ്പെട്ടെങ്കിൽ എന്ന് മിഥു ആഗ്രഹിച്ചു പോയി…

“അമ്മേ, അമ്മയുടെ മകൾക്ക് ഒരു പോറൽ പോലും ഏൽക്കില്ല എന്ന എന്റെ വാക്ക് ഞാൻ പാലിക്കും… ”
ശ്രീ സുഭദ്രക്ക് വാക്ക് നൽകി…

പെട്ടന്ന് മിഥുവിന്റെ ഫോൺ റിങ് ചെയ്തു…

“ലക്ഷ്മി കാളിങ്…!!”

തുടരും…….