രചന : ശ്രീനിധി
മഹി മുന്നിലേക്ക് വന്ന് അവളുടെ കൈ പിടിച്ച് മാറ്റി.
” എല്ലാവരും എന്തിനാ ഇവന്റെ മേക്കിട്ട് കയറുന്നത്, തീരുമാനം നേത്രയുടേതല്ലേ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അവളോട് ചോദിക്ക്, ഇവനെ വെറുതെ വിട് ” മഹി പറഞ്ഞു.”നേത്ര അവളുടെ തീരുമാനം പറഞ്ഞല്ലോ,ഇനി ഇതിൽ ഒരു അഭിപ്രായവും വേണ്ട.ബാക്കി കാര്യങ്ങൾ തീരുമാനിക്കാം”വേണു പറഞ്ഞു. അച്ഛൻ ഇത് എന്ത് ഉദ്ദേശിച്ചിട്ടാണ്, ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്, ഈ തീരുമാനത്തിൽ ഇവിടെ ആരും അച്ഛന്റെ കൂടെ കാണില്ല ” ആദി പറഞ്ഞു.
” വേണ്ട……. എന്റെ കൂടെ ആരും വേണ്ട, ഈ കാര്യത്തിൽ ഞാൻ എന്റെ മോൾടെ ഒപ്പമാണ് ” വേണു പറഞ്ഞു.” ഈ തീരുമാനം ഓർത്ത് അച്ഛൻ വേദനിക്കും നോക്കിക്കോ ” ആദി ഋഷിയെ അടർത്തി മാറ്റിപുറത്തേക്ക്പോയി.”ഏട്ടാ…….നിൽക്ക്……… ” ഋഷി ആദിയുടെ പുറകേ ചെന്നു.” ഏട്ടൻ എന്തിനാ ഇങ്ങനെ ദേഷ്യപെടുന്നത്, നമുക്ക് സമാധാനത്തിൽ കാര്യങ്ങൾ സംസാരിക്കാം, ചേച്ചിയുടെ ജീവിതമാണ് അതിൽ അഭിപ്രായം പറയാനും തീരുമാനം എടുക്കാനും ചേച്ചിക്ക് അവകാശമില്ലേ, നമ്മള് അത് എതിർക്കുവാണോ വേണ്ടത്” ഋഷി ചോദിച്ചു.
” നിനക്കും അച്ഛനും അവൾക്കുമൊക്കെ എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല, ഇങ്ങനെ ഒരു തീരുമാനം വേണ്ട ഋഷി, ഇത് അവളുടെ നല്ലതിനല്ല. നമ്മള് അവളെ ഓർത്ത് വേദനിക്കേണ്ടി വരും ” ഋഷിയോട് അത്രയും പറഞ്ഞിട്ട് ആദി വണ്ടി എടുത്ത് പുറത്തേക്ക് പോയി.ഋഷി അകത്തേക്ക് തിരികെ ചെന്നു.ആദി ഏട്ടനെ നമുക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം, പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തപ്പോ ഏട്ടന് അത് ഉൾകൊള്ളാൻ പറ്റാഞ്ഞിട്ടാണ്, അത് വിട്ടേക്ക് ” ഋഷി എല്ലാവരോടുമായി പറഞ്ഞു.
” നേത്രയുടെ തീരുമാനം അറിഞ്ഞസ്ഥിതിക്ക് ഇനി എങ്ങനാ കാര്യങ്ങൾ ” സുരേഷ് ചോദിച്ചു. ഇന്നലെ ഇവൻ എടുത്തുചാടി ചെയ്തതല്ലേ ആ താലികെട്ട്, നമുക്ക് അത് ഒന്നുടെ നടത്താം,എല്ലാവരുടെയും അനുഗ്രഹത്തോടെ, ദേവിയുടെ മുന്നിൽ വച്ച് തന്നെ, എല്ലാവരും എന്ത് പറയുന്നു” സേതു ചോദിച്ചു.
അങ്ങനെ തന്നെയാണ് വേണ്ടത്, ഏറ്റവും അടുത്ത ഒരു മൂഹൂർത്തം നോക്കി അത് അങ്ങ് നടത്താം, എന്താ വേണു, സമ്മതമല്ലേ ” പ്രഭ ചോദിച്ചു. മ്മ്…… അങ്ങനച്ചാൽ അങ്ങനെ ചെയ്യാം, ഇവിടെ സമ്മതകുറവൊന്നുമില്ല, ഒരു സമയം നോക്കിട്ട് അറിയിച്ചാൽ മതി ” വേണു പറഞ്ഞു.
“വീട്ടിൽ ചെന്നാലുടൻ ഞാൻ സമയം കുറുപ്പിച്ചിട്ട് അറിയിക്കാം ” മുരളി പറഞ്ഞു. സമയവും തിയതിയുമൊക്കെ കുറിക്കാൻ വരട്ടെ, എനിക്ക് അതിന് മുൻപ് നേത്രയോട് ഒന്ന് സംസാരിക്കണം ” അതുവരെ നിശബ്ദനായി നിന്ന അദ്രി പറഞ്ഞു.
നീ എന്ത് സംസാരിക്കാനാ, നിനക്ക് ഒന്നും സംസാരിക്കാനില്ല, ഇനി സംസാരമൊക്കെ ചടങ്ങ് കഴിഞ്ഞിട്ട് പോരെ ” ജോയൽ അവനോട് പറഞ്ഞു.
പറ്റില്ല എനിക്ക് നേത്രയോട് സംസാരിക്കണം, എന്നിട്ട് മതി ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത് ” അദ്രി പറഞ്ഞു.
” ഇവൻ ഇത് കുളമാക്കുമെന്നാണ് തോന്നുന്നത് ” ജോയൽ മഹിയുടെ ചെവിയിൽ പറഞ്ഞു. അദ്രി പറഞ്ഞത് ന്യായമായ ആവശ്യമാണ്, അത് നമ്മള് അംഗീകരിക്കണം.നേത്ര മുറിയിലുണ്ടാവും.ഋഷി…..
അദ്രിയെ മോൾടെ മുറി കാണിച്ച് കൊടുക്ക് ” വേണു പറഞ്ഞു.ഏട്ടൻ വാ……. ” ഋഷി അദ്രിയുമായി മുകളിലേക്ക് പോയി.നേത്രയുടെ മുറിയുടെ മുന്നിൽ എത്തിയതും ഋഷി തിരികെ പോന്നു.ചാരി ഇട്ടിരുന്ന വാതിൽ തുറന്നതും ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്ന നേത്രയേ അദ്രി കണ്ടു.
അവൻ വാതിൽ തട്ടിയതും നേത്ര പുറംതിരിഞ്ഞ് നോക്കി.അദ്രിയെ കണ്ടതും അവൾസംശയഭാവത്തിൽ അവനെ നോക്കി.അദ്രി മുറിയിലേക്ക് കയറി.എന്റെ പൊന്ന് കൊച്ചേ, നീ എന്ത് വിചാരിച്ചാണ് എന്നെ കെട്ടാൻ താഴെ സമ്മതം പറഞ്ഞത് ” അദ്രി അവളോട് ചോദിച്ചു.നേത്ര മറുപടി ഒന്നും പറഞ്ഞില്ല.
നീ ഒന്നുടെ ശരിക്ക് ആലോചിക്ക്, എന്നെ പോലെ ഒരുത്തന്റെ കൂടെ ജീവിക്കാൻ തീരുമാനിക്കുന്നതും ട്രെയിന് തല വെയേക്കുന്നതും ഒരുപോലെയാണ്, ആകപ്പാടെ ഒരു ജീവിതം അല്ലേ ഉള്ളൂ,അത് വെറുതെ കളയണോ.ഒന്ന് കെട്ടിയതാണെങ്കിലും,നല്ല വിദ്യാഭ്യാസവും, വിവരവും, പിന്നെ കാണാനും അത്രക്ക് മോശമൊന്നുമല്ലല്ലോ അതുകൊണ്ട് നിനക്ക് നല്ല മിടുക്കൻ ചെക്കന്മാരെ വേറെ കിട്ടും, വെറുതെ എന്തിനാ നിന്റെ ജീവിതം കളയുന്നെ ” അദ്രി പറഞ്ഞു.
എനിക്ക് ഒരു പേരുണ്ട്, നേത്ര……അത് വിളിക്കാൻ പറ്റുമെങ്കിൽ വിളിച്ചാൽ മതി, അല്ലാതെ ഉള്ള സംബോധനകൾ വേണെന്നില്ല ” നേത്ര പറഞ്ഞു.
നേത്രയുടെ എടുത്തടിച്ചപ്പോലുള്ള മറുപടിയിൽ അദ്രി ഒന്ന് പതറി. എന്താ എന്നോട് ചോദിച്ചത്……?എന്ത് ഉദേശത്തിലാണ് സമ്മതിച്ചതെന്നോ….?ഈ വിവാഹത്തിന് സമ്മതിക്കുന്നതും ആൽമഹത്യ ചെയുന്നതും എനിക്ക് ഒരുപോലെയാണ് ” നേത്ര പറഞ്ഞു. അത് അറിയാമെങ്കിൽ പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ” അദ്രി ചോദിച്ചു.
” ആരോട് ചോദിച്ചിട്ടാ ഇന്നലെ എന്റെ കഴുത്തിൽ താലി കെട്ടിയത്,അറ്റ്ലീസ്റ്റ് എന്റെ അനുവാദം എങ്കിലും ചോദിച്ചോ ” നേത്ര ചോദിച്ചു അത് അപ്പോഴത്തെ ഒരു സിറ്റുവേഷനിൽ പറ്റി പോയതാണ്, എല്ലാവരും കൂടി ഓരോന്നൊക്കെ പറഞ്ഞപ്പോൾ, പിടി വിട്ട് പോയി, അതിന്റെ പേരിൽ നീ “നീ എന്ന് സംബോധന ചെയ്തതും നേത്ര അവനെ തുറിച്ചു നോക്കി, അത് അദ്രിക്ക് മനസ്സിലായി.”അല്ല അതിന്റെ പേരിൽ നേത്ര ഇത്ര വലിയ ഒരു തീരുമാനം എടുക്കണ്ട, താൻ എന്നെ കെട്ടില്ലെന്ന് പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല ” അദ്രി പറഞ്ഞു.
” ഞാൻ ഇപ്പോ എന്ത് ചെയ്യണമെന്നാണ് പറഞ്ഞു വരുന്നത് ” നേത്ര ചോദിച്ചു. വെറുതെ കടുത്ത തീരുമാനങ്ങൾ എടുക്കണ്ട, എന്നെ കെട്ടാൻ സമ്മതമല്ലെന്ന് പറഞ്ഞാൽ മതി ” അദ്രി പറഞ്ഞു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ, എന്റെ സമ്മതം പോലും ഇല്ലാതെ, താലി കെട്ടി കഴിഞ്ഞതല്ലേ ” നേത്ര പറഞ്ഞു.എന്റെ പൊന്ന് കൊച്ചേ, ഒരു അബദ്ധം പറ്റിപ്പോയി, അതിന് ഞാൻ മാപ്പ് പറയാം ” അദ്രി പറഞ്ഞു.
മാപ്പ് പറഞ്ഞാൽ എല്ലാം പഴയതുപോലെ ആകുമോ,
അല്ലെങ്കിലും ആണുങ്ങൾക്ക് മൊത്തം ഒരു വിചാരമുണ്ട്, എന്ത് ചെയ്താലും ഒരു മാപ്പ് പറഞ്ഞാൽ അതോടെ അത് അങ്ങ് അവസാനിക്കുമെന്ന്.പക്ഷെ നിങ്ങളുടെ എടുത്തുചാട്ടകൊണ്ട് മറ്റുള്ളവർക്കുണ്ടാകുന്ന വേദനയോ, ബുദ്ധിമുട്ടുകളോ ഒന്നും നിങ്ങളെ ബാധിക്കാറില്ലല്ലോ ” നേത്ര പറഞ്ഞു.പിന്നെ ഞാൻ എന്ത് വേണം….?സംഭവിച്ചത് മായ്ച്ചു കളയാനൊന്നും എനിക്ക് കഴിവില്ല, ഇയാളുടെ വീട്ടുകാരോടും തന്നോടും ഞാൻ മാപ്പ് പറയാം, അതേ എനിക്ക് ഇപ്പോ പറ്റു, വെറുതെ അത് വിചാരിച്ച് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തണ്ട ” അദ്രി പറഞ്ഞു.
“അപ്പോ എനിക്ക് ഉണ്ടായ ചീത്തപേരോ…..അതിന് എന്ത് പരിഹാരമാണുള്ളത്, എന്താ ശരിക്കും സംഭവിച്ചതെന്ന് എല്ലാവരോടും പറഞ്ഞു നടക്കാൻ പറ്റുവോ…..?ഞാൻ ജീവിച്ചിരിക്കുന്ന വരെ ആ പഴി എന്നെ വിട്ട് പോകുവോ “നേത്ര ചോദിച്ചു. എന്തിനാ വല്ലവരും പറയുന്നത് കേൾക്കുന്നത്, നമുക്ക് അറിയാമല്ലോ നമ്മൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന്. എല്ലാവരെയും ബോധ്യപെടുത്തി ജീവിക്കാൻ ആർക്കും പറ്റില്ല, സംസാരിക്കാനും കുറ്റം പറയാനും വേറെ വിഷയം കിട്ടുമ്പോൾ എല്ലാവരും ഇത് വിടും എന്നിട്ട് അതിന്റെ പുറകേ പോകും, അതുകൊണ്ട് മണ്ടത്തരം കാണിക്കാൻ നിൽക്കണ്ട ” അദ്രി പറഞ്ഞു.
” ഞാൻ കാരണം എന്റെ കുടുംബത്തിന് ഒരു നാണക്കേട് ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല,ഇതിൽ ഇനി എന്റെ തീരുമാനത്തിന് മാറ്റമില്ല.
എന്തെങ്കിലും എതിര് അഭിപ്രായം ഉണ്ടെങ്കിൽ അത് നേരിട്ട് പറഞ്ഞോളൂ ” നേത്ര പറഞ്ഞു.ദേ മര്യാദക്ക് കാര്യം പറഞ്ഞു മനസ്സിലാകാമെന്ന് വച്ചപ്പോൾ.
നിനക്ക് എന്നെക്കുറിച്ച് എന്ത് അറിയാം,ഞാൻ ആരാണെന്നോ, എന്താണെന്നോ, എന്റെ പാസ്ററ് എന്താണെന്നോ നിനക്ക് അറിയാമോ……?
കൊലക്കുറ്റത്തിന് ജയിലിൽ കിടന്നിട്ടുള്ള ആളാ ഞാൻ ” അദ്രി പറഞ്ഞു.
” അതിന്………? ഞാൻ വിവാഹത്തിൽ നിന്ന് പിന്മാറാണോ…..?നിങ്ങൾ ആരാണെങ്കിലും, എത്ര വലിയ ക്രിമിനൽ ആണെങ്കിലും എനിക്ക് അത് ഒരു പ്രേശ്നമല്ല.നിങ്ങളെക്കുറിച്ച് കൂടുതലായിട്ട് എനിക്ക് ഒന്നും അറിയണമെന്നുമില്ല, വേറെ ഒന്നും പറയാൻ ഇല്ലെങ്കിൽ വന്നപോലെ തിരിച്ച് പോവാം ” നേത്ര അത്രയും പറഞ്ഞിട്ട് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.ഇവള് എന്തൊരു പെണ്ണാണ്……?
ഞാൻ ഇത്രയും പറഞ്ഞിട്ടും ഇവൾക്ക് യാതൊരു മാറ്റവുമില്ലല്ലോ.എല്ലാം കൂടി കേട്ടിട്ട് വട്ട് പിടിക്കുന്നു. ഏത് നേരത്താണോ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത് “അദ്രി പിറുപിറുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ ശിവയെ കണ്ട് അവൻ നിന്നു.
” എന്താ നിങ്ങളുടെ ഉദ്ദേശം,വീണ്ടും ഈ നാടകം എന്തിനുവേണ്ടിയാണ്……?അടുത്ത ലക്ഷ്യം ചേച്ചിയാണോ…..? ശിവയുടെ ചോദ്യങ്ങൾ അദ്രി ഒരു പുഞ്ചിരിയോടെ നേരിട്ടു.എന്താ ചിരിയുടെ അർത്ഥം……? നിങ്ങൾ ഉദേശിച്ചതുപോലെ കാര്യങ്ങൾ നടന്നതിന്റെ സന്തോഷമായിരിക്കും അല്ലേ…..?എങ്കിൽ നിങ്ങൾക്ക് തെറ്റി, ഒന്നും നടക്കാൻ പോണില്ല, ഞാൻ ഇവിടെ ഉള്ളപ്പോൾ ചേച്ചിയെ നിങ്ങൾക്ക് വിട്ട്തരുമെന്ന് നിങ്ങൾ കരുതണ്ട.അവര് മുഹൂർത്തം കുറിച്ചോട്ടെ,ഒന്നും നടക്കാൻ പോണില്ല” ശിവ അത്രയും പറഞ്ഞിട്ട് അവളുടെ മുറിയിലേക്ക് നടന്നു.
” നീ ഒന്ന് അവിടെ നിന്നേ ” അദ്രി ശിവയെ പുറകിൽനിന്ന് വിളിച്ചു.ശിവ നടത്തം നിർത്തി, തിരിഞ്ഞ് അവനെ നോക്കി ഇന്ന് ഈ നിമിഷം വരെ സംഭവിച്ചതൊന്നും എന്റെ അറിവോടെ അല്ല, ഞാൻ പോലും അറിയാതെ അതിൽ പെട്ട് പോകുകയായിരുന്നു.അവളുടെ കഴുത്തിൽ ഒരു താലി കെട്ടേണ്ടി വന്നു. അതും അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ചുപോയതാണ്.
ഇതൊന്നും നിന്നേ പറഞ്ഞു ബോധ്യപ്പെടുത്താൻ എനിക്ക് താല്പര്യം ഇല്ല.പക്ഷെ ഇനി അങ്ങോട്ട് ഞാനും വെറുതെ ഇരിക്കുമെന്ന് നീ കരുതണ്ട, ഇനി എന്തൊക്കെ സംഭവിച്ചാലും, ആരൊക്കെ എതിർത്താലും നേത്ര എന്റെ ഒപ്പം ഉണ്ടാവും. അവള് എന്റെ കൂടെ തന്നെ ജീവിക്കും. നിനക്ക് തടയാൻ പറ്റുമെങ്കിൽ നീ ഒന്ന് ചെയ്ത കാണിക്ക് ശിവ ” അദ്രി പറഞ്ഞു.
“എന്നെ വെല്ലുവിളിച്ചതാണോ…..” ശിവ തിരക്കി.
ആണെന്ന് കൂട്ടിക്കോ………ഇത്രയും വെറുക്കാൻ മാത്രം ഞാൻ ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല, എന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ കുറ്റക്കാരനാക്കാൻ നിനക്ക് എളുപ്പം പറ്റി, നീ എങ്കിലും എന്നെ മനസ്സിലാകുമെന്ന് കരുതി. പക്ഷെ എനിക്ക് തെറ്റി.എല്ലാവരും ചുറ്റും നിന്ന് കല്ലെറിഞ്ഞിട്ട്പോലും ഞാൻ നിശബ്ദനായി നിന്നതേ ഉള്ളൂ.ഇനി അത് ഇല്ല……..നേത്ര എന്റെ കൂടെ ജീവിക്കാൻ സമ്മതം പറഞ്ഞിട്ടുണ്ടെങ്കിൽ അവള് എന്റെ കൂടെ ജീവിക്കും, നീ നിനക്ക് പറ്റുന്നത് ചെയ്യ് “അദ്രി പറഞ്ഞു.
” എന്റെ ശരീരത്തിലൂടെ ഓടുന്നതും നിങ്ങളുടെ അതേ ചോരയാണ്, അതുകൊണ്ട് നിങ്ങൾക്ക് ഉള്ള അതേ വാശി എനിക്കുമുണ്ട്, ഇനി നിങ്ങൾക്ക് കൊല്ലാൻ ഒരാളെകൂടി ഞാൻ വിട്ട് തരില്ല. ചേച്ചി നിങ്ങളുടെ ഒപ്പം ജീവിക്കില്ല” ശിവ മുറിയിലേക്ക് പോയി.ശിവ പോകുന്നതും നോക്കി അദ്രി അല്പം സമയം അങ്ങനെ തന്നെ നിന്നു.പിന്നെ കോണിപടി ഇറങ്ങി താഴേക്ക് വന്നതും, അവിടെ ജലജ നിൽക്കുന്നത് കണ്ടു.കാഴ്ച്ചയിൽ തന്നെ അവര് ന്യൂസ് പിടിക്കാൻ നിന്നതാണെന്ന് അവന് മനസ്സിലായി.
” അല്ല ആരിത് വല്യമ്മയോ…… ഇതെന്താ ഇവിടെ” അദ്രി വളരെ സ്നേഹത്തോടെ ചോദിച്ചു.
” ഞാൻ…… കുടിക്കാൻ എന്തെങ്കിലും എടുക്കണോ എന്ന് അറിയാൻ….. ” ജലജ പറഞ്ഞു. ഓ…. എനിക്ക് ഒന്നും വേണ്ട, വല്യമ്മക്ക് എങ്കിലും അങ്ങനെ ചോദിക്കാൻ തോന്നിയല്ലോ ” അദ്രി പറഞ്ഞു.വീട്ടിൽ വരുന്നവരോട് നമുക്ക് ഒരു മര്യാദ വേണ്ടേ, ഇവിടെ ആർക്കും അത് ഇല്ലെന്നെ ” ജലജ പറഞ്ഞു. വല്യമ്മക്ക് ഉണ്ടല്ലോ….. ഭാഗ്യം.
അല്ല നേരത്തെ ഹാളിൽ വച്ച് നേത്രയോട് വല്യമ്മ എന്തോ ചോദിച്ചല്ലോ……?എന്തായിരുന്നു അത്……..? അന്ന് ഞങ്ങള് തമ്മിൽ എന്തൊക്കെയോ സംഭവിച്ചു, അത് എന്താണെന്ന് അല്ലേ വല്യമ്മ സംശയം ചോദിച്ചത്…?ഞാൻ പറഞ്ഞാൽ മതി ” അദ്രി ചോദിച്ചു.
ജലജ വല്ലാത്തയൊരു ഭാവത്തോടെ അവനെ നോക്കി. അല്ലെങ്കിൽ പറഞ്ഞാൽ തന്നാൽ അത്ര അങ്ങ് മനസ്സിലാവില്ല, ഞാൻ വേണേൽ ഡയറക്റ്റ് കാണിച്ച് തരാം, എന്താ അത് മതിയാകില്ലേ ” അദ്രി ചോദിച്ചു.അയ്യേ….. ഞാൻ അത്……” ജലജ പറഞ്ഞു തുടങ്ങിയതും അദ്രി കൈ ഉയർത്തി അവരെ തടഞ്ഞു.ഇനി മേലാൽ ആരെങ്കിലും പറ്റി അനാവശ്യം പറഞ്ഞാൽ, ഈ അദ്രി ആരാണെന്ന് നിങ്ങള് അറിയും.നിങ്ങൾക്ക് നാവിൽ വരുന്നതൊക്കെ പറഞ്ഞു തീർക്കാൻ ഉള്ളതല്ല നേത്ര. എന്നെ പറ്റി ശരിക്ക് അറിയില്ലെങ്കിൽ ഒന്ന് അന്വേഷിച്ചാൽ മതി.
ഒരു കൊലപാതകുറ്റത്തിന് അകത്ത് കിടന്നതുകൊണ്ട് എനിക്ക് എല്ലാം ശീലമാണ്, അത് ഓർത്തോണം ” അദ്രി പറഞ്ഞു.
അവന്റെ രൗദ്ര ഭാവം കണ്ട് ജലജ ശരിക്കും പേടിച്ചു പോയിരുന്നു.ഒരിക്കൽ കൂടി അവരെ ഒന്ന് നോക്കി ദഹിപ്പിച്ച് അദ്രി ഹാളിലേക്ക് നടന്നു.അടുക്കള പടിയുടെ പുറകിൽ നിന്ന് ശ്രീജ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.അവരുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.എവിടെയൊക്കെയോ അദ്രിയോട് അവർക്ക് ഒരു ഇഷ്ടം തോന്നി തുടങ്ങി. തന്റെ മകള് വേദനിച്ചാൽ അവൻ അത് ചോദ്യം ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടല്ലോ എന്നത് അവരുടെ മനസ്സിലെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകിരുന്നു.
“എന്നാ പിന്നെ നമുക്ക് കാര്യങ്ങൾ തീരുമാനിച്ചതുപോലെ ചെയ്യാം, ചെന്നിട്ട് സമയം നോക്കിട്ട് അറിയിക്കാം ” പ്രഭ പറഞ്ഞു. ശരി അങ്ങനെയാട്ടെ……. ” വേണു പറഞ്ഞു.മിഥിലാപുരിയുള്ളവർ യാത്ര പറഞ്ഞ് ഇറങ്ങി.മുരളി നേത്രയുടെ അടുത്ത് ചെന്ന് അവളോട് പറഞ്ഞ ശേഷമാണ് കാറിൽ കയറിയത്.
മകന്റെ ജീവിതം നന്നാക്കിയെടുക്കാൻ ആ അച്ഛന് കിട്ടാവുന്ന നല്ല അവസരം കൃത്യമായി വിനോഗിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു മുരളി.
അവര് ഇറങ്ങിയതിനോടൊപ്പം തന്നെ അദ്രിയും കൂട്ടരും ഇറങ്ങിയിരുന്നു.ഋഷി അവരെ അനുഗമിച്ചു.
” അദ്രിയേട്ടാ…….ആദിയേട്ടന്റെ സ്വഭാവം അങ്ങനെയാണ്, എടുത്തുചാട്ടം കൂടുതലാണ് ” ഋഷി പറഞ്ഞു.എനിക്ക് അറിയാം ഋഷി……..എനിക്ക് അതിൽ വിരോധമില്ല, ഞാൻ അത് നോക്കിക്കോളാം, ഋഷി വിഷമിക്കണ്ട ” അദ്രി അവന്റെ തോളിൽ തട്ടി.
മറുപടിയായി ഋഷി ഒന്ന് ചിരിച്ചു. ഇതാണല്ലേ അദ്രിയേട്ടന്റെ മഹി…… ” ഋഷി മഹിയെ നോക്കി ചോദിച്ചു. അതേ…… ” അദ്രി പറഞ്ഞു.
” പരിചയപ്പെട്ടതിൽ സന്തോഷം, കണ്ടിട്ടിലെന്നേ ഉള്ളൂ, എനിക്ക് അറിയാം മഹിയേട്ടനെ ” ഋഷി അവന് നേരെ കൈ നീട്ടി.മഹി ഒരു ചിരിയോടെ അവന് കൈ കൊടുത്തു.”എന്ന ഞങ്ങള് ഇറങ്ങട്ടെ ” അദ്രി പറഞ്ഞു.എന്നാ ശരി……… പോയി വാ ” ഋഷി അവരെ യാത്രയാക്കി.ആ പയ്യൻ കൊള്ളാം അല്ലേ ” തിരികെയുള്ളക് യാത്രയിൽ വണ്ടിയൊടിക്കുന്നതിനിടയിൽ ജോ പറഞ്ഞു.”മ്മ്……. ഋഷി മിടുക്കാനാണ്, നല്ല പയ്യനാണ്, അത് മാത്രാണ് ശിവയുടെ കാര്യത്തിൽ എനിക്ക് ആകെയുള്ള ആശ്വാസം ” അദ്രി പറഞ്ഞു.
” അല്ല നീ ആ കൊച്ചിനെ പോയി കണ്ടത് എന്തിനാ, എന്താ അവളോട് സംസാരിച്ചത് ” മഹി തിരക്കി.ഓ അതൊന്നും പറയണ്ട, അവളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പോയതാ, പക്ഷെ അവളോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് എനിക്ക് മനസ്സിലായി.കണ്ടാൽ തോന്നും ഒരു പാവമാണെന്ന്, പക്ഷെ അവള് അത്ര പാവമൊന്നുമല്ല, പാവത്തെപോലെ ഇരിക്കുന്ന അവളുടെ നാക്ക് ശരിയല്ല, അഹങ്കാരി, അവള് സമ്മതിച്ചതുകൊണ്ടാണ് ഇപ്പോ ഇതൊക്കെ ഇങ്ങനെയായത്, അല്ലെങ്കിൽ എല്ലാവരും കൂടെ ഇത് വേണ്ടെന്ന് വച്ചേനെ” അദ്രി പറഞ്ഞു.
“സാരില്ല മോനെ……..തത്കാലം മൂത്തവര് പറയുന്നത് നമുക്ക് അങ്ങ് അനുസരിക്കാം, ഇങ്ങനെയെങ്കിലും നീ ഒന്ന് മര്യാദക്ക് ജീവിക്കുന്നത് ഞങ്ങൾക്ക് കാണാല്ലോ ” മഹി പറഞ്ഞു.അതിന് വച്ച വെള്ളം മക്കള് അങ്ങ് വാങ്ങിവെച്ചേക്ക്,എന്നെ അവൾക്ക് ശരിക്ക് അറിയില്ല,അവള് എന്ത് വിശ്വാസത്തിലാണ്, എന്നെ കെട്ടാൻ സമ്മതിച്ചത്, എത്ര ആലോചിച്ചിട്ടും അത് അങ്ങ് മനസ്സിലാവുന്നില്ല ” അദ്രി പറഞ്ഞു. നിന്റെ ഹീറോയിസം കണ്ട് അവൾക്ക് നിന്നോട് പ്രേമം തോന്നതായിരിക്കും ” ജോയൽ പറഞ്ഞു.
” ദേ ജോ……മിണ്ടാതെ ഇരുന്നോണം…….
അവൾക്ക് വേറെ എന്തോ ഉദ്ദേശമുണ്ട് അത് എന്താണെന്ന് മനസ്സിലാകുന്നില്ല ” അദ്രി പറഞ്ഞു.
പെട്ടെന്ന് ജോയൽ വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി.മുന്നിൽ മുണ്ട് മടക്കി കുത്തി നിൽക്കുന്ന ആദിയെ കണ്ടപ്പോ ജോയൽ അദ്രിയുടെ മുഖത്തേക്ക് നോക്കി.
തുടരും

by