30/04/2026

ഓർമ്മകളിലൂടെ : ഭാഗം 03

രചന – മിയ അവ

ക്ലാസ്സിൽ എത്തിയതും കണ്ടു എന്റെ പൂച്ചക്കുട്ടി പേടിച്ചു ചുരുണ്ടു ഇരിക്കുന്നത്. അടുത്ത് പോയിരുന്ന്..

“പേടിച്ചോ…?..”

“എന്റെ ആമി നീ എന്തിനാ അവനെ തല്ലിയത്… ഇനി അവൻ എന്തെങ്കിലും പ്രശ്‍നം ഉണ്ടാക്കിയാലോ…”

“പിന്നെ തല്ലാതെ.. അവൻ ചെയ്ത തെമ്മാടിത്തരം കണ്ടു കൈ കെട്ടി പോരാണമായിരുന്നോ… ആമിയെ കിട്ടില്ല.. അവൻ ഇതിന്റെ പേരിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടാക്കുവാണെങ്കിൽ വരട്ടെ.. ആമിയ്ക്ക് ഒരുത്തനെയും പേടിയില്ല..”

“ഹോ.. മതി.. ഇനി ഒന്നിനും പോവണ്ട.. ആലോചിച്ചിട്ട് തന്നെ മനുഷ്യന് പേടിയാവുന്നു…”

“അച്ചോടാ.. ന്റെ പൂച്ചക്കുട്ടി ഇത്ര പേടിക്കൊടില ആയിപ്പോയല്ലോ..”

അവളുടെ കവിൾ പിടിച്ചു വലിച്ചു ഞാൻ പറഞ്ഞതും ആള് മുഖം കൂർപ്പിച്ചു ചരിഞ്ഞു ഇരുന്നു.

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എന്റെ അമ്മുക്കുട്ടി പൊളിയാ…”

“ഈഈഈ ”

അവളെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു ഞങ്ങൾ നല്ല കുട്ടികളായി ബുക്സ് എടുത്തു വെച്ചു പഠിക്കാൻ ഇരുന്നു.ആ മൂഡ്‌ ഒന്നാകെ അങ്ങ് തകർത്തു കളയും പോലെ ഒരു മിസ്സ്‌ ആയിരുന്നു കേറി വന്നത്. പേര് കോമളം.. നല്ല കോമാളി ലുക്കുണ്ട്. അതുപോലെ തനി ബോർ ക്ലാസും. ഉറങ്ങി മരിച്ചെന്നു പറയാം. അങ്ങനെ ഒരു വിധം ഉറങ്ങിയും വീണും ആ പീരിയഡ് ഒപ്പിച്ചെടുത്തു. ബെല്ലടിച്ചു മിസ്സ്‌ പോയപ്പോൾ അമ്മുവിനെയും കൊണ്ട് ചാടാൻ നോക്കിയപ്പോൾ അവൾ സമ്മതിച്ചില്ല അടുത്ത പീരിയഡ് കഴിഞ്ഞു ബ്രേക്കിന് പുറത്തു ഇറങ്ങാമെന്ന് പറഞ്ഞു പിടിച്ചിരുത്തി. അങ്ങനെ അടുത്തതായി കേറി വരുന്ന ദുരന്തം ആരാവോ നോക്കി നിൽക്കുമ്പോഴാണ് ദേ ഒരു പട തന്നെ കേറി വരുന്നു. പക്ഷെ ആ പടയിലും കണ്ണ് കുടുങ്ങി കിടന്നത് മുന്നിൽ തന്നെ നിൽക്കുന്ന അവനിലാണ്. അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കവേയാണ് തൊട്ട് അടുത്തിരുന്നു അമ്മു ആ പേര് പറഞ്ഞത്.

” മനുവേട്ടൻ ”

മുഖം തിരിച്ചു അവളെ നോക്കി. അവളുടെ മുഖത്തു അയാളെ കണ്ടപ്പോൾ നല്ല സന്തോഷം ഉള്ളത് പോലെ തോന്നി.

“നിനക്കറിയോ ഇയാളെ…”

“ഉവ്വ്.. ഞങ്ങൾ ഏറെക്കുറെ ഒരേ നാട്ടുകാരായി വരും…”

“ഓഹോ.. എവിടെയാ നിങ്ങടെ ഈ നാട്..”

” ആലപ്പുഴയ്ക്ക് അടുത്ത് കുട്ടനാട് അല്ലേ.. ”

” മ്മ്…ആള് ഇത്തിരി വെടക്ക് ആണെന്ന് തോന്നുന്നു ല്ലേ… ”

“ആര്.. മനുവേട്ടനോ.. ഏയ്‌ പാവം ആണ്.. നാട്ടിലൊക്കെ എല്ലാർക്കും എന്തിഷ്ട്ട അറിയോ.. വളരെ നല്ല മനുഷ്യനാ..”

“ഉവ്വ.. എനിക്ക് അങ്ങനെ തോന്നിയില്ല..”

“അതിന് നിങ്ങൾ തമ്മിൽ പരിചയപ്പെട്ടോ..”

“പരിചയപ്പെട്ടൊന്നും ഇല്ല ചെറുതായി ഉടക്കി…”

“ഈശ്വര നീ മനുവേട്ടനോടും ഉടക്കിയോ..അതെപ്പോ ”

“ഉവ്വ്..രാവിലെ ഗ്രൗണ്ടിൽ നടന്ന വഴക്കിൽ ചെറുതായി അങ്ങേരോടും ഒന്ന് മുട്ടി…”

“ദേവി..നിനക്ക് എന്തിന്റെ കേടായിരുന്നു ആമി… വെറുതെ ഒരു കാര്യവുമില്ലാതെ..”

“പിന്നെ.. അങ്ങേര് മറ്റേ വൃത്തികെട്ടവനെ ന്യായീകരിക്കാൻ വരുമ്പോൾ ഞാൻ പിന്നെ അങ്ങേരെ പൂവിട്ട് പൂജിക്കണോ..”

“മനുവേട്ടൻ അവനെ ന്യായീകരിച്ചെന്നോ.. ഏയ്‌ അതുണ്ടാവില്ല.. നിനക്കറിയാഞ്ഞിട്ട മനുവേട്ടനെ.. പാവമാണ്…”

“വോ.. എന്തേലും ആവട്ട്.. കഴിഞ്ഞത് കഴിഞ്ഞു..”

“മ്മ് ”

ഘോര ഘോരമായി പ്രസംഗിച്ച് പിള്ളേരുടെ കയ്യടി വാങ്ങി കൂട്ടുന്ന നേതാവിനെ ഒരിക്കൽ കൂടി ഞാനൊന്ന് നോക്കി. എന്തോ ഒരു മുൻപരിചയം പോലെ ആ മുഖം എന്റെ മനസ്സിൽ തറഞ്ഞു നിന്നു. നിങ്ങളുടെ കൂടെ ഏത് ആവിശ്യത്തിനും ഞങ്ങൾ ഉണ്ടാവും ഒരു തണലായി…നിങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു എന്നൊക്കെ പറഞ്ഞു അങ്ങേര് നിർത്തിയപ്പോൾ ക്ലാസ്സ്‌ മൊത്തം കയ്യടിക്കുന്നത് കണ്ടു. അത് അത്രയ്ക്ക് അങ്ങ് ദഹിക്കാത്തത് കൊണ്ടോ എന്തോ നാവ് വെറുതെ ഇരുന്നില്ല.

“സ്റ്റുഡന്റസിനെ അപമാനിക്കാൻ കൂട്ട് നിൽക്കുന്ന പാർട്ടിയിൽ അല്ല അവരെ സംരക്ഷിക്കാൻ കളത്തിലിറങ്ങുന്ന പാർട്ടിയിലാണ് ഞങ്ങൾക്ക് വിശ്വാസം..”

ഒരു ചിരിയോടെ ക്ലാസ്സ്‌ വിട്ടു പോവാൻ തുനിഞ്ഞ ആള് തിരിഞ്ഞു നിന്ന് എന്നെയൊരു നോട്ടം നോക്കി.

“തനിക്ക് ഞാൻ ചെയ്ത ഏതേലും പ്രവൃത്തിയിൽ അമർഷം ഉണ്ടേൽ അതിന് എന്നെ വിമർശിക്കാം അതിന്റെ പേരിൽ എന്റെ പാർട്ടിയെ വിമർശിക്കാൻ നോക്കരുത്.. കേട്ടല്ലോ..”

പോര് കോഴികളെ പോലെ പരസ്പരം കത്തുന്ന മിഴികളാൽ തമ്മിൽ കോർത്ത് മനു അവിടെ നിന്നും ഇറങ്ങി പോയി. പോയ വഴിയെ നോക്കി ഞാൻ നന്നായി ഒന്ന് പുച്ഛിച്ചു കൊടുത്തു.

“അല്ല പിന്നെ നമ്മളോടാ.. ഹും..”

മനസ്സിൽ ഓർത്തു.

“ഇങ്ങേര് ഇവിടെ ഏത് ഇയർ ആടി..”

“സെക്കന്റ്‌ ഇയർ എം. ബി. എ .”

“ഹോ.. അപ്പോ ഈ ഒരു വർഷം മാത്രം അങ്ങേരുടെ ജാഡ കണ്ടാൽ മതിയല്ലേ…ഭാഗ്യം…”

“ഒന്ന് പോടീ..ഏട്ടന് ജാഡയൊന്നും ഇല്ല.. നിനക്ക് ആളെ ഇഷ്ടപ്പെടാത്തതിന്റെ അസൂയയാ ഇത്..”

“വോ.. അസൂയപ്പെടാൻ പറ്റിയ ഒരു മൊതല്..”

“ആ അതിന് മാത്രം ഉള്ള മൊതല് തന്നെയാ ഏട്ടൻ.. അത് നിനക്ക് പതിയെ മനസ്സിലായിക്കോളും..”

“ഉവ്വേ… കാണാം..”

“മ്മ് മ്മ് കാണാം..”

എന്റെ കവിളിൽ ഒരു കുത്ത് തന്ന് അമ്മു ക്ലാസ്സിൽ മുഴുകി.

മിനിറ്റുകൾ മണിക്കൂറുകളായും പിന്നീട് ദിവസങ്ങളായും പോയി മറഞ്ഞു. പലപ്പോഴായി പലയിടങ്ങളിലായി ആ മുഖത്തെ നേരിടേണ്ടി വന്നപ്പോഴും ഒന്നും സംസാരിച്ചില്ലെങ്കിലും കണ്ണുകൾ കൊണ്ട് ഞങ്ങൾ കൊമ്പ് കോർക്കുന്നുണ്ടായിരുന്നു. എങ്കിലും ഓരോ തവണ കാണുമ്പോഴും മനു.. മനു ശങ്കർ എന്ന ആ വ്യക്തി.. അയാൾ എന്നിൽ എന്തൊക്കെയോ ചലനങ്ങൾ സൃഷ്ടിക്കുന്ന പോലെ..എന്തോ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉള്ളത് പോലൊരു തോന്നൽ. എന്തോ അറിയില്ല.

അങ്ങനെയിരിക്കെ പനി പിടിച്ചു അമ്മു ലീവായ ഒരു ദിവസം ഞാൻ ഒറ്റയ്ക്കാണ് കോളേജിലേക്ക് പോയത്. നല്ല മഴയായിരുന്നു അന്ന്. ഗേറ്റ് കടന്ന് ഞങ്ങളുടെ ഡിപ്പാർട്മെന്റിലേക്ക് നടക്കാൻ തിരിഞ്ഞപ്പോഴാണ് അന്നത്തെ ഗ്രൗണ്ടിലെ പ്രശ്നത്തിലെ പെൺകുട്ടിയെ ഞാൻ അവിടെ വെച്ചു കണ്ടത്.

“ഹേയ്.. ആമികയല്ലേ…”

അവളുടെ ചോദ്യം കേട്ട് തിരിഞ്ഞെങ്കിലും പെട്ടെന്ന് എനിക്ക് ആളെ പിടി കിട്ടിയില്ലായിരുന്നു.

“അതെലോ.. അറിയോ എന്നെ..”

“ആഹാ.. എനിക്ക് തോന്നി ഇയാൾക്ക് എന്നെ മനസ്സിലായി കാണില്ലാന്ന്…”

“അയ്യോ.. സോറി.. നമ്മൾ മുന്നെ…”

“ഉവ്വ്.. നമ്മൾ മുന്നെ ചെറുതായി ഒന്ന് കണ്ടു മുട്ടിയിട്ടുണ്ട്… ഓർക്കുന്നില്ലേ അന്നത്തെ വഴക്ക്… അന്ന് എനിക്ക് വേണ്ടിയാ താൻ ആ പയ്യന്റെ കവിളിൽ അടിച്ചത്…”

“ഓ.. കൃഷ്ണ..ഈ മുഖം പെട്ടെന്ന് ഓർമ്മയിലേക്ക് വന്നില്ല ട്ടോ…അതാ..”

“ഏയ്‌.. അത് സാരല്യ.. അന്നത്തെ ബഹളത്തിൽ തന്നോടൊരു താങ്ക്സ് പോലും പറയാൻ കഴിഞ്ഞില്ല..ഏതാ ഡിപ്പാർട്മെന്റ്.. ഏത് ക്ലാസ്സ്‌ ഒന്നും അറിയില്ലായിരുന്നല്ലോ ആകെ ഒരു ബഹളം ആയിരുന്നല്ലോ അന്ന് ഒന്നും ചോദിക്കാൻ പറ്റിയില്ല.. ഒരുപാട് താങ്ക്സ് ഉണ്ട് ഡോ..അത്രയും പേര് കൂടി നിന്നിട്ടും താൻ മാത്രം ആണ് അന്ന് ഒന്ന് പ്രതികരിച്ചത്.. ഒരിക്കലും മറക്കില്ല…”

“ഏയ്‌.. താങ്ക്സ് ഒന്നും ആവിശ്യം ഇല്ല താൻ ഓക്കേ ആണല്ലോ അത് മതി..ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മൾ പേടിച്ചിരുന്നാൽ അവന്മാർക്ക് കൂടുതൽ ധൈര്യം ആവും സോ നമ്മൾ ബോൾഡ് ആയി നിന്ന് ഒന്ന് പൊട്ടിച്ചാൽ അവിടെ തീരും അവന്മാരുടെ ചൊറിച്ചിൽ…”

“മ്മ്.. ഞാൻ കുറച്ചു ഇൻട്രോവേർട്ട് ആടോ അതാണ്..”

“മ്മ് സാരോല്ല.. പതിയെ മാറാലോ.. അല്ല പിന്നെ അവന്റെ ശല്യം ഒന്നും ഉണ്ടായില്ലല്ലോ..”

“ഏയ്‌.. ഇല്ലെടോ.. ഇനി അവൻ ഒരിക്കലും ഒരു പെൺകുട്ടിയുടെ അടുത്തും അമ്മാതിരി പണിയ്ക്ക് നിൽക്കില്ല.. അതിനുള്ളത് അവന് കിട്ടിയിട്ടുണ്ട്…”

“അതെന്താ.. അവന് എന്ത് പറ്റി…”

“ഹാ..അവൻ ചെയ്തതിനുള്ള തക്കതായ കൂലി അവന് മനുവേട്ടൻ കൊടുത്തിട്ടുണ്ട് ഒപ്പം നല്ല കടുത്ത വാണിംഗും.. ഇനി ഒരിക്കലും അവൻ ഈ പണിയ്ക്ക് നടക്കില്ല..”

“മനുവേട്ടൻ..?.”

” ആ അതെന്നെ മനുവേട്ടൻ.. നമ്മുടെ യൂണിയൻ ചെയർമാൻ..ഏട്ടന് ശരിക്കും അറിയില്ലായിരുന്നു അന്ന് അവിടെ എന്താ നടന്നതെന്ന്..ഏട്ടൻ വിചാരിച്ചത് എന്തോ പാർട്ടികൾ തമ്മിലുള്ള ഇഷ്യൂ ആണെന്ന അതാ ഏട്ടൻ നിന്നോട് അങ്ങനെ റിയാക്ട് ചെയ്തത്.. അവൻ എന്നെ റാഗ് ചെയ്യാൻ ശ്രമിച്ചതാണെന്നും എന്നോട് മോശമായി പെരുമാറിയതും പിന്നീടാണ് ഏട്ടൻ അറിഞ്ഞത്.. അറിഞ്ഞ ഉടനെ അവന് നല്ലോണം പൊട്ടിച്ചു അവനെയും കൂട്ടി എന്റെ അടുത്ത് വന്നിരുന്നു.. അവനെ കൊണ്ട് എന്നോട് മാപ്പ് പറയിപ്പിച്ചു..ഇനി എന്തേലും പ്രശ്‍നം ഉണ്ടായാൽ ഏട്ടനോട് പറഞ്ഞാൽ മതിയെന്നും ഏട്ടൻ ഉണ്ടാവും കൂടെ എന്നൊക്കെ ധൈര്യം തന്നാ പോയത്… പിന്നെ ഇടയ്കിടയ്ക്ക് ക്ലാസ്സിൽ വന്നു പ്രശ്നം ഒന്നും ഇല്ലല്ലോന്ന് തിരക്കുകയും ചെയ്യും… ശരിക്കും ഒരു സഹോദരനെ കിട്ടിയ ധൈര്യം ആണ് ഇപ്പോൾ… എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഏട്ടൻ… ”

അവളുടെ വാക്കുകളിൽ അറിയാതെ ഞാനും ലയിച്ചു പോയി. ഇങ്ങനെയൊക്കെ ആണെങ്കിൽ അന്ന് ഞാൻ മനുവിനോട് അങ്ങനെ പ്രതികരിച്ചത് മോശമായി പോയെന്ന് തോന്നി. തെറ്റിദ്ധരിച്ചു പോയതിൽ ഉള്ളിലെവിടെയോ ഒരു കുറ്റബോധം നാമ്പെടുത്തു. അവൾക്കൊരു പുഞ്ചിരി നൽകി ഞാൻ മുന്നോട്ട് നടന്നു. കോരി ചൊരിയുന്ന മഴയത്തു കൂടെ നടക്കുമ്പോൾ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ കലങ്ങി മറിയുകയായിരുന്നു.

“ശരിക്കും ഒരു സഹോദരനെ കിട്ടിയ ധൈര്യമാണ് ഇപ്പോൾ.. എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഏട്ടൻ..”

എന്തോ ആ വാക്കുകൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി പടർത്തിയിരുന്നു.
ആ പുഞ്ചിരിയോടെ തന്നെ മഴയെ ആസ്വദിച്ചു മുന്നോട്ടു പോവുമ്പോ ദേ ഒരാൾ ഓടി വന്നു എന്റെ കുടയിലേക്ക് കയറുന്നു.ഇതിപ്പോ ആരപ്പാന്ന് നോക്കിയപ്പോൾ ദേ അങ്ങേര്…

“സോറി..എന്നെ ഒന്ന് ആ ബി ബി എ ബ്ലോക്കിന്റെ…

പറഞ്ഞു മുഴുമിപ്പിക്കും മുന്നെ എന്റെ മുഖത്തേക്ക് നോക്കിയതും പന്തം കണ്ട പെരുച്ചാഴിയെ പോലെ അങ്ങേരും അന്തം വിട്ടു നിൽക്കുന്നു.

“ഷേയ്.. നീയായിരുന്നോ…”

“പിന്നെ താൻ ആരാണെന്ന് വിചാരിച്ച ഓടി കയറിയത്…”

“വോ.. ഞാൻ കരുതി വല്ല നല്ല കുട്ടികളും ആവുമെന്ന്.. അതാ നല്ല രീതിയിൽ സംസാരിക്കാൻ വന്നത്…”

“ഡോ.. അതെന്താടോ നല്ല കുട്ടികളെന്നു എനിക്കെന്താടോ ഒരു കുഴപ്പം…”

“ഹാ.. കാഴ്ചയിൽ പ്രേത്യേകിച്ചു കുഴപ്പമൊന്നും തോന്നുന്നില്ലെങ്കിലും നിന്റെ ഈ വാ തുറന്നാൽ കുഴപ്പം മാത്രേയുള്ളു..ഹാ എന്തായാലും ഇതിനകത്ത് ഓടി കയറിപ്പോയില്ലേ.. എന്നെ ഒന്ന് ആ ബി ബി എ ബ്ലോക്കിന്റെ അവിടെക്ക് ആക്കി തന്നെ..”

“സൗകര്യല്ല.. അങ്ങനെ തന്റെ ഒപ്പം നടക്കാൻ എനിക്ക് മനസ്സില്ല..”

“ഓഹ്.. ആണോ.. എന്നാ നീ എന്റെ ഒപ്പം നടക്കേണ്ട തനിയെ പൊയ്ക്കോ.. പക്ഷെ ഈ കുട ഞാൻ ഇങ്ങ് എടുത്തു…”

അതും പറഞ്ഞു എന്റെ കുടയും പിടിച്ചു വാങ്ങി അങ്ങേര് ദേ പോവുന്നു. അവിടെ കിടന്നു അങ്ങേരുടെ അച്ഛനപ്പൂപ്പന്മാരെ വരെ തെറി വിളിച്ചെങ്കിലും ആ കനത്ത മഴയത്ത് അതൊന്നും അങ്ങേരുടെ ഏഴയലത്ത് കൂടി പോയില്ലെന്ന് മനസ്സിലായി. പിന്നെ സ്വയം തലക്കിട്ടു ഒരു കുത്തും നൽകി ഞാൻ മഴയത്തു ഓടി പിടിച്ചു ക്ലാസ്സിൽ കയറി. ക്ലാസ്സിൽ എത്തിയതും മൊത്തത്തിൽ നനഞ്ഞിരുന്നു. പിള്ളേരുടെ ചിരി കൂടി ആയപ്പോൾ അങ്ങേരെ ഞാൻ മനസ്സിലിട്ട് ചവിട്ടിയരച്ചു. ഒരു നിമിഷത്തേക്ക് എങ്കിലും അങ്ങേരെ തെറ്റിദ്ധരിച്ചതിൽ കുറ്റബോധം തോന്നിയല്ലോ ഓർത്തു എന്നോട് തന്നെ പുച്ഛം തോന്നിപ്പോയി. ”
കാലനാ..തനി കാലൻ..ഹും.. ”

ഇന്ന് അമ്മു ഇല്ലാത്തത് കൊണ്ട് എന്തോ ഒരു വിടവ് തോന്നിയിരുന്നു മനസ്സിൽ. രണ്ടു പീരിയഡ് ക്ലാസ്സിൽ ചടച്ചു കൂടിയിരുന്നു. ബ്രേക്ക്‌ ടൈമിൽ പോലും പുറത്തു പോവാൻ തോന്നാതെ ക്ലാസ്സിൽ ഒതുങ്ങി കൂടിയിരുന്നപ്പോളാണ് ഗായത്രി എന്റെ കുടയുമായി വന്നത്.

“ആമി.. ദേ ഈ കുട നിനക്ക് തരാൻ പറഞ്ഞു മനുവേട്ടൻ,..”

“ഓ.. കുട തട്ടി പറിച്ചു കൊണ്ട് പോയതും പോരാ അതൊന്ന് നേരിട്ട് കൊണ്ട് വന്നു തരാനുള്ള മാന്നേഴ്സ് പോലും ഇല്ല.. അലവലാതി… ഇങ്ങേര് ആണോ ഇത്ര വലിയ മാന്യൻ.. ഹും.. ഒരു മനുവേട്ടൻ..”

പറഞ്ഞത് മനസ്സിൽ ആണെങ്കിലും അങ്ങേരോടുള്ള ദേഷ്യം മുഴുവനും ആ കുടയിൽ പിടിച്ചു ഞാൻ അമർത്തുന്നുണ്ടായിരുന്നു.

“യ്യോ.. ന്റെ കുട… വാങ്ങിയിട്ട് ഒരു മാസം കൂടി ആയില്ല…”

പെട്ടെന്ന് തന്നെ കുട എടുത്തു ബാഗിൽ വെച്ചു. എങ്ങനെയൊക്കെയോ പീരിയഡുകൾ തള്ളി നീക്കി വൈകുന്നേരം വരെ ഒപ്പിച്ചു. ബെൽ അടിച്ചതും ബാഗും എടുത്തു ഞാൻ ഹോസ്റ്റലിൽ പോവാനായി ഓടി… പോവുന്നതിനിടയിൽ പല തവണ ആരോ തന്നെ ഫോളോ ചെയ്യുന്നതായി തോന്നി തിരിഞ്ഞു നോകിയെങ്കിലും ആരെയും കണ്ടില്ല.

ഹോസ്റ്റലിൽ എത്തിയപ്പോൾ അമ്മു നല്ല ഉറക്കമായിരുന്നു. മെല്ലെ ചെന്ന് നെറ്റിയിൽ കൈ വെച്ചു നോക്കിയപ്പോൾ പനി കുറഞ്ഞിട്ടുണ്ട്. ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ ഒരു ഒരുമ്മയും കൊടുത്തു ഞാൻ കുളിക്കാൻ പോയി. കുളിച്ചു വന്നപ്പോൾ അമ്മുവിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. എടുത്തു നോക്കിയപ്പോൾ മനുവേട്ടൻ കാളിങ് എന്ന് കണ്ടതും ആ മുഖം മനസ്സിലേക്ക് ഓടിയെത്തി. എടുക്കണ്ടെന്ന് കരുതിയെങ്കിലും അറിയാതെ കോൾ ബട്ടണിൽ വിരലമർന്നു.

“ഹലോ.. ആരാ എന്ത് വേണം…”

“നിന്നോടാരാടി അമ്മുവിന്റെ ഫോൺ എടുക്കാൻ പറഞ്ഞത്…”

“ആഹാ.. എന്റെ ഫ്രണ്ടിന്റെ ഫോൺ ഞാൻ എടുക്കോ കട്ട്‌ ആക്കുകയോ ചെയ്യും.. അത് ചോദിക്കാൻ താൻ ആരാടോ..”

“ഞാൻ നിന്റെ കാലൻ…”

“ങേ.. ഞാൻ കാലത്ത് ഇങ്ങേരെ കാലനെന്ന് വിളിച്ചത് മനസ്സിലല്ലേ.. പിന്നെ എങ്ങനെ അത് ഇയാൾ അറിഞ്ഞു.. ഇനി വല്ല ദിവ്യ ദൃഷ്ടിയും ഉണ്ടാവോ ഇങ്ങേർക്ക്…”

“എന്താടി.. നീയൊന്നും മിണ്ടാതെ..”

ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അങ്ങേരുടെ ഒണക്ക സൗണ്ട് വീണ്ടും ചെവിയിൽ തട്ടിയത്.

“ഓഹോ.. എന്നാ കാലൻ ചേട്ടൻ വിളിച്ച കാര്യം പറയ്യ്…”

“അത് നിന്നോട്‌ പറയാൻ സൗകര്യമില്ല.. അമ്മുന് ഫോൺ കൊടുത്തേ…”

“അവൾ നല്ല ഉറക്കം ആണ്.. ഇപ്പോ കൊടുക്കാൻ കഴിയില്ല…”

“ഓഹ്.. ഓക്കേ ഞാൻ വിളിച്ചിരുന്നു പറഞ്ഞാൽ മതി…”

“മ്മ്..”

“ഹും.. രാവിലെ കുടയും തട്ടി പറിച്ചു പോയിട്ട് എന്നോട് എന്തെങ്കിലും ഒന്ന് ചോദിച്ചൂടെ.. അറ്റ്ലീസ്റ്റ് കുട കിട്ടിയോന്നെങ്കിലും.. എവിടുന്ന്.. കാലൻ.. ”

സ്വയം ഇരുന്നു പിറുപിറുത്ത് ഫോൺ ടേബിളിലേക്ക് വെച്ചു. അല്പം കഴിഞ്ഞു അമ്മു എഴുന്നേറ്റപ്പോൾ അവൾക്കുള്ള ഫുഡ് ഞാൻ തന്നെ മെസ്സിൽ പോയി എടുത്തു കൊണ്ട് വന്നു അവളെ കൊണ്ടു കഴിപ്പിച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്. അതോണ്ട് ഇന്ന് എടുത്ത നോട്സ് ഒക്കെ ഞാൻ തന്നെ അവളുടെ നോട്ടിലേക്ക് പകർത്തി എഴുതി. 9 മണി ആയാൽ മെസ്സ് അടയ്ക്കും ഉള്ളോണ്ട് താഴെ ചെന്നു ഫുഡ് കഴിച്ചു അമ്മുവിനുള്ള മരുന്നും എടുത്തു കൊടുത്തു ഞാൻ ഉറങ്ങാൻ കിടന്നു.

(തുടരും )