ഭാഗം 1
പെട്ടികൾ എല്ലാം ഭദ്രമായി കെട്ടി ഒതുക്കി ഷോൾഡർ ബാഗിൽ എന്തൊക്കെയാണ് വേണ്ടതെന്ന് വച്ചാൽ അതും എടുത്തു വച്ചിരുന്നു വിഷ്ണു. നാളെ നാട്ടിലേക്ക് പോവുകയാണ് അതിന്റെ സന്തോഷം മനസ്സിൽ ഇങ്ങനെ തീരതല്ലുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ വിദ്യയുടെ വിവാഹമാണ്..!
അതുകൂടി കഴിഞ്ഞാൽ താൻ സ്വസ്ഥമാകും. അച്ഛൻ മരണപ്പെട്ടതിനുശേഷം കുടുംബ ഭാരം തോളിലേറ്റിയാണ് ഈ ഏഴാം കടലിന് അക്കരയിലേക്ക് എത്തുന്നത്. ഡിഗ്രി മാത്രം കൈവശമുള്ള ഒരു 22 കാരന് ഇവിടെ വന്നപ്പോൾ പ്രതിസന്ധികൾ നിരവധി ആയിരുന്നു. ആദ്യം ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് മാൻ ആയി ആണ് ജോലി ചെയ്തിരുന്നത് .
അതിനു ശമ്പളം തീരെ കുറവായിരുന്നു എങ്കിലും ആ ജോലി കളയാതെ അവിടെത്തന്നെ നിന്നുകൊണ്ടാണ് മറ്റൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്കായി ശ്രമിച്ചത് അത്യാവശ്യം തരക്കേടില്ലാത്ത ശമ്പളവും താമസവും ഒക്കെ അവിടെ കിട്ടിയതോടെ മെല്ലെ ജീവിതം കരുപിടിച്ചു തുടങ്ങി
ഓടും ഇഷ്ടികയും മാത്രം ഉണ്ടായിരുന്ന പഴയ വീടിന്റെ സ്ഥാനത്ത് സിമന്റും കോൺക്രീറ്റും നിറഞ്ഞ ഒരു ഇരുനില വീട് ഇടം പിടിച്ചു. ഇനിയും ജീവിതം എന്തെന്നറിയാതെ പകച്ചുനിന്ന ചേച്ചി ബി എഡ് കഴിഞ്ഞ് ടീച്ചറായി ജോലി വാങ്ങിച്ചു. അങ്ങേയറ്റം അന്തസായി ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിച്ചു.
ചേച്ചി വിന്ദുജ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണ്. ഭർത്താവ് ബാലു സപ്ലൈകോയിലെ ജോലിക്കാരൻ ആണ്. ചേച്ചിയുടെ വിവാഹം നടത്തിയതിന്റെ കടം എല്ലാം രണ്ടുവർഷം കൊണ്ടാണ് തീർത്തത്. വീട് വച്ചതിന്റെ കുറച്ച് കടം കൂടി മാത്രമാണ് ഇനി തീർക്കാനുള്ളത്.
അനുജത്തി വിദ്യയെ എൻജിനീയറിങ് പഠിപ്പിച്ച് അവളുടെ വിവാഹവും ഇപ്പോൾ നടക്കാൻ പോകുന്നു. അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുമായി ആണ് വിവാഹം . അവനും എൻജിനീയർ തന്നെയാണ് ദുബായിലാണ്.
10 ദിവസം കൂടി കഴിഞ്ഞാൽ വിദ്യയുടെ കല്യാണമാണ്. നാട്ടിൽ ഇപ്പോൾ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടാവും. വിവാഹത്തിനുള്ള പണവും മറ്റും സംഘടിപ്പിക്കുന്നതിനിടയിൽ തന്റെ ലീവ് കുറച്ച് നീണ്ടു പോയി. അതുകൊണ്ട് കൃത്യസമയത്ത് മാത്രമേ അവിടെക്കെ എത്താൻ സാധിക്കും. എല്ലാ കാര്യങ്ങൾക്കും ഓടി നടക്കേണ്ടവൻ ആണ് ചേച്ചിയുടെ ഭർത്താവ് ബാലേട്ടൻ ഉള്ളതാണ് ഏക ആശ്വാസം. ശരിക്കും വീട്ടിലെ ഒരു മൂത്ത മകനെ പോലെയാണ് ബാലു ചേട്ടൻ .
ഓരോ കാര്യങ്ങൾ അടുക്കി വയ്ക്കുമ്പോഴും മനസ്സിൽ നാടും നാട്ടുകാരും തന്നെയായിരുന്നു. എത്രയോ നാളായി നാട്ടിലെ ഉത്സവം കൂടിയിട്ട്. ഈ പോക്കിന് ഉത്സവം കൂടണം എന്ന ഒരു പ്രതീക്ഷയും വിഷ്ണുവിന്റെ മനസ്സിൽ ഉണ്ട്. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രവാസിയായതാണ്. പിന്നീട് സ്വന്തം വീട്ടിൽ പോലും ഒരു മാസത്തേക്ക് അതിഥിയായി.
റൂമിൽ നിന്നും കുറച്ചുപേർ സാധനങ്ങളൊക്കെ തന്നിട്ടുണ്ട്. അവരുടെ പ്രിയപ്പെട്ടവരുടെ കൈകളിലേക്ക് എത്തിക്കുവാൻ വേണ്ടി വളരെ സന്തോഷപൂർവ്വമാണ് അതൊക്കെ വാങ്ങിയത്. കാരണം ഇത് കാത്തിരിക്കുന്നവരുടെ മുഖത്ത് ഇതുകൊണ്ട് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ് പ്രവാസികൾ തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് ഇത്തരം ചെറിയ സ്നേഹ പൊതികളിലൂടെയാണല്ലോ.
ഫോണെടുത്ത് വീട്ടിലേക്ക് ഒന്നു വിളിച്ചു.
***
തുള്ളിക്കൊരുകുടം എന്ന് പറഞ്ഞതുപോലെ മഴ പെയ്യുകയാണ്. വിദ്യയുടെ പുതിയ ഡ്രസ്സുകൾ ഒക്കെ നോക്കുന്ന തിരക്കിലാണ് ഭാമ.
വിരുന്നിനു പോകാൻ ഒന്ന് രണ്ട് സാരി കൂടി എടുക്കായിരുന്നു. ഇതു മുഴുവൻ ചുരിദാറും ജീൻസും ടോപ്പും ഒക്കെ അല്ലേ ? മുഖം ചുളിച്ചു ഭാമ പറഞ്ഞു
ഇന്നത്തെ കാലത്ത് ആരാ ഈ സാരിയൊക്കെ ഉടുത്ത് വിരുന്നിനു പോകുന്നത്…? എനിക്ക് ഇതു ഉടുക്കാനും അറിയില്ല. പിന്നെ സാരി വാങ്ങിയാലും അത് വേസ്റ്റ് ആവുകയുള്ളൂ .
എങ്കിൽ ഒരു രണ്ടുമൂന്നു സാരി എങ്കിലും ചേച്ചിക്ക് വാങ്ങായിരുന്നു. കല്യാണം കഴിഞ്ഞ് സാരി ഉടുത്തു നടക്കുന്നത് ഒരു പ്രത്യേക ഭംഗിയാ ചേച്ചി. അത് ചേച്ചിക്ക് അറിയാൻ വയ്യാഞ്ഞിട്ടാ. അവള് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയിരുന്നു വിദ്യ
വരുണിന് ഒട്ടും താല്പര്യം ഇല്ല. അതുകൊണ്ട് കൂടിയാ..
വിദ്യ പറഞ്ഞു
. ഒരു കണക്കിന് ചേച്ചി ഭാഗ്യം ചെയ്ത ആളാണ്. ഇഷ്ടപ്പെട്ട ആളുടെ കൂടെ തന്നെ വിവാഹം നടക്കുന്നില്ലേ..? അതൊരു വലിയ കാര്യം തന്നെയാണ്. ഇഷ്ടപ്പെട്ട ആളിനോട് അതൊന്ന് തുറന്നു പറയാൻ പോലും പറ്റാതെ വീർപ്പുമുട്ടി കഴിയുന്നവരുണ്ട്. സ്നേഹിച്ച ആളിനോടൊപ്പം ജീവിക്കാൻ കഴിയുക എന്ന് പറയുന്നത് ഒരു വലിയ ഭാഗ്യം തന്നെ ആണ്.
അത് നീ പറഞ്ഞത് ഞാൻ അംഗീകരിക്കുന്നുണ്ട് നമ്മള് ഒരാളെ അറേഞ്ച് മാര്യേജിലൂടെ കണ്ടുപിടിച്ച് കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നതിൽ നല്ലതാണ് നമുക്ക് ഇഷ്ടമുള്ള ഒരാളിന്റെ കൂടെ സന്തോഷപൂർവ്വം ജീവിക്കുന്നത്. അതുപോട്ടെ. ഇത്ര ആധികാരികമായിട്ട് പറയാൻ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ ..?
വിദ്യ ചോദിച്ചപ്പോൾ അരുതാത്ത എന്തോ കേട്ടതുപോലെ ഭാമ അവളെ നോക്കി
ചേച്ചി എന്തൊക്കെയാ ചോദിക്കുന്നത്.? എനിക്ക് അങ്ങനെ ഒന്നുമില്ല. ഭാമ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു
പക്ഷേ നിന്റെ വർത്തമാനത്തിൽ ഒരു പ്രണയം ഒളിഞ്ഞു കിടക്കുന്നുണ്ട്
ഒന്ന് പോ ചേച്ചി.! എനിക്ക് അതിന് മാത്രമുള്ള ധൈര്യം ഒന്നുമില്ല ഭാമ പറഞ്ഞു
നമ്മുടെ സ്നേഹം സത്യമാണെങ്കിൽ എത്ര ബുദ്ധിമുട്ടായാലും അത് നമ്മുടെ കയ്യിൽ തന്നെ കിട്ടും. അതൊരു പ്രകൃതി നിയമമാടി! അതുകൊണ്ട് അഥവാ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ നീ വിഷമിക്കേണ്ട സ്നേഹം ആത്മാർത്ഥമാണെങ്കിൽ എത്ര ബുദ്ധിമുട്ടിയാലും അത് നിന്റെ കയ്യിൽ തന്നെ വന്നുചേരും. വിദ്യ പറഞ്ഞപ്പോൾ ഭാമ നന്നായി ഒന്ന് ചിരിച്ചിരുന്നു .
വിദ്യ വിച്ചു വിളിക്കുന്നു…!
അകത്തുനിന്നും സൗദാമിനി വിളിച്ചു പറഞ്ഞപ്പോൾ വിദ്യ അതീവ സന്തോഷത്തോടെ അങ്ങോട്ട് ഓടിയിരുന്നു… അതേ നിമിഷം തന്നെ ഭാമയുടെ മിഴികളും ഒന്ന് തിളങ്ങിയിരുന്നു.!
തുടരും

by