17/04/2026

ഡയാന : ഭാഗം 03

രചന – ജ്വാലാമുഖി

“മാഡം എങ്ങോട്ടാ ഇത്ര ധിറുതിയിൽ…??? ”

മറുപടി പറയാൻ എനിക്ക് തോന്നിയില്ല.. ഞാൻ അത് കേൾക്കാത്ത മട്ടിൽ ഗ്രൗണ്ട് ഫ്ലോറിലേക്കുള്ള ബട്ടൺ അമർത്തി ഡോർ ലേക്ക് നോക്കി നിന്നു…

“ഓഹ്.. മിണ്ടില്ലേ… ”

“എനിക്ക് പല കാര്യങ്ങളും കാണും അതൊന്നും തന്നോട് വിശദീകരിക്കേണ്ട കാര്യം ഇല്ല… ”

“താൻ ചൂടാവല്ലേ… ”

അപ്പോളേക്കും ലിഫ്റ്റ് താഴെ എത്തി ഞാൻ വേഗം ഇറങ്ങി നടന്നു…

“ഞാൻ ഇന്ന് നാട്ടിൽ പോകുവാ തന്റെ ആരോടെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടോ അവിടെ… ”

സ്വിച്ച് ഇട്ട പോലെ നിന്നു പോയി ഞാൻ…

എന്റെ നാട് അവിടെ തന്നെ ആണെന്ന് ഇയാൾ എങ്ങനെ അറിഞ്ഞു… ഇതുവരെ ഇല്ലാത്തൊരു ഭയം എന്നെ അലട്ടി…

വീട്ടിൽ വന്നപ്പോളേക്കും ഡ്രൈവർ ലഗേജ്‌ എല്ലാം കാറിൽ കയറ്റി വച്ചിരുന്നു…

മമ്മ എന്നെ കാത്തു സിറ്റ് ഔട്ടിൽ ഇരുപ്പുണ്ട്…

എന്നെ കണ്ടതും ആ മുഖം തെളിഞ്ഞു..

“മോളു എന്താ ലേറ്റ് ആയെ….”

“കുറച്ചു വർക്ക്‌ ഉണ്ടായിരുന്നു മമ്മ.. ”

“നമ്മൾ ഫ്ലൈറ്റ് നാണോ പോണേ… ”

“അല്ല മമ്മ… കാറിൽ.. ലോങ്ങ്‌ ഡ്രൈവ് മമ്മക്ക് വയ്യാതെ ആകുമോ.. ”

“ഏയ് ഇല്ല പപ്പി.. ആം ഓക്കേ.. ”

ഞാൻ അകത്തു പോയി ഒന്ന് കുളിച്ചു ഫ്രഷ് ആയി ഒരു ത്രീ ഫോർത്തും ടി ഷർട്ട്‌ ഉം എടുത്തു ഇട്ടു…

യാത്ര തുടങ്ങിയതും ഉള്ളിൽ വല്ലാത്തൊരു ആകാംക്ഷ ആയിരുന്നു…

ആ പഴയ പട്ടുപാവാടക്കാരി കാർത്തിക തമ്പുരാട്ടിയിൽ നിന്നും ഡയാനയിലേക്കുള്ള മാറ്റം ആർക്കും മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല…

നീണ്ടു മിടഞ്ഞിട്ട മുടികളിപ്പോ ക്രോപ് ചെയ്തു ബ്രൗൺ കളർ ആയിരിക്കുന്നു.. പാട്ടുപാവാടയിൽ നിന്നും ഇറക്കം കുറഞ്ഞ മിഡികളിലേക്കുള്ള പരിണാമം… ആർക്കും തന്നെ മനസിലാകാൻ വഴിയില്ല…

മണിക്കൂറുകൾ നീണ്ട യാത്രയിൽ പലയിടത്തും ഇറങ്ങി… റൂം എടുത്തു തങ്ങിയും ക്ഷീണം മാറ്റി സ്വന്തം നാട്ടിൽ എത്തിയപ്പോൾ പാതിരാത്രി ആയി…

ഹൈദരാബാദ് മുതൽ തൃശ്ശൂർ വരെ ഒരു നീണ്ട യാത്ര അതെന്നെ ഒരുപാട് ക്ഷീണിപ്പിച്ചു..

നാട്ടിലെത്തിയതും മൊത്തം വെളിച്ചം മൂടിയ വലിയ കൊട്ടാരം പോലുള്ള ഒരു വീടിലേക്ക് കാർ ചെന്നു നിന്നു… പപ്പ എനിക്ക് വേണ്ടി പണിതത് ഈ നാട്ടിലെ തന്നെ ഏറ്റവും വലിയ വീടാണ് എന്ന് ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി…

സാൻഫ്രാന്സിസ്കോയിൽ പപ്പയോടും മമ്മയോടും ഒപ്പം കഴിയുമ്പോൾ ഞാൻ പോലും അറിയാതെ പപ്പ എനിക്ക് വേണ്ടി ഇവിടെ ഒരു കൊട്ടാരം പണിയിപ്പിച്ചു… എന്നെങ്കിലും ഞാൻ എന്റെ നാട്ടിലേക്കു തിരിച്ചു പോകും എന്ന് പപ്പക്ക് അറിയാമായിരുന്നോ…

“മമ്മ… എഴുന്നേൽക്കു…വീടെത്തി… ”

കണ്ണു തുറന്നു മമ്മ ചുറ്റും നോക്കി…

ആ കയ്യും പിടിച്ചു ഞാൻ വീട്ടിലേക്കു കയറി…

അവിടെ എല്ലാ സഹായവും ചെയ്തു തരാൻ ഒന്ന് രണ്ടു പേരെ നിർത്തിയിരുന്നു..

ഞാൻ മമ്മയെ മുറിയിൽ കൊണ്ടു പോയി… കുളിപ്പിച്ചു… ഫുഡ് കൊടുത്തു.. മരുന്നൊക്കെ കൊടുത്തു കിടത്തി…

പ്രയർ റൂമിൽ പോയി കുറച്ചു നേരം പ്രാർത്ഥിച്ചു…

എന്റീശോയെ ഇനി അങ്ങോട്ട്‌ എങ്ങനെ ആകും എന്നെനിക്കു ഒരു രൂപവും ഇല്ല… മാതാവേ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ…

വിശ്വാസപ്രമാണം ചൊല്ലി കഴിഞ്ഞതും മമ്മ എന്നെ തിരക്കി അങ്ങോട്ട്‌ വന്നു…

“മമ്മക്കും ഒന്ന് പ്രാർത്ഥിക്കണം… ”

ഞങ്ങൾ രണ്ടു പേരും കൂടെ കുടുംബ പ്രാർത്ഥന എത്തിച്ചു എഴുന്നേറ്റു…

മമ്മ എന്നെ നഷ്ടപ്പെടും എന്ന് ഒരുപാട് ഭയക്കുന്നുണ്ട് എന്നെനിക്കു മനസിലായി…

ഞാൻ മമ്മയെ കെട്ടിപ്പിടിച്ചു കുറച്ചു നേരം ആ മടിയിൽ തല വച്ചു കിടന്നു… കുറച്ചു കഴിഞ്ഞു മമ്മക്ക് ഉറക്കം വന്നെന്നു തോന്നിയപ്പോൾ മമ്മയെ കിടത്തി… ഞാൻ സിറ്റ് ഔട്ട്‌ ൽ വന്നിരുന്നു…

ചീവീടുകളുടെ ഒച്ച കേട്ടപ്പോൾ പഴയ ഓർമ്മകൾ പിന്നെയും വന്നു…

******

രാവിലെ കണ്ണന്റെ അമ്പലത്തിൽ നിന്നും ഭക്തി ഗാനം കേട്ടു തുടങ്ങി…

എവിടെയൊക്കെയോ എന്തൊക്കെയോ ഓർമ്മകൾ എനിക്ക് ചുറ്റും വട്ടമിട്ടു പറന്നു…

ഞാൻ ടെറസ്സിലെ ഗാർഡനിലേക്കു നടന്നു…

അവിടെ നിന്നു നോക്കിയാൽ നീണ്ടൊരു പാടം കാണാം.. അതിനു അപ്പുറത്തായി തല ഉയർത്തി നിൽക്കുന്ന എന്റെ ഇല്ലം…

പപ്പ ഇത്ര കൃത്യം ആയി ഈ സ്ഥലം എങ്ങനെ വാങ്ങി എന്ന് ഞാൻ അത്ഭുതപ്പെട്ടു…

പാടത്തിനു കിഴക്കേ അറ്റത്തായി… ഒരു ഓട് മേഞ്ഞ കൊച്ചു വീടായിരുന്നു മഹിയെട്ടന്റെ…. ഇന്നവിടെ ഒരു വലിയ രണ്ടു നില വീട് വന്നിരിക്കുന്നു…

ഞാൻ അത്ഭുതത്തോടെ വീണ്ടും വീണ്ടും നോക്കി…

എന്റെ കർത്താവെ എന്തെല്ലാം ആണിവിടെ നടന്നത് എന്നൊരു പിടിയും കിട്ടനില്ലല്ലോ…

ഞാൻ അവിടന്ന് വേഗം എഴുന്നേറ്റു ഫ്രഷ് ആയി ഒരു ഷോര്ട്ട് മിഡിയും ടോപ് ഉം ഇട്ട് കൂളിംഗ് ഗ്ലാസ്സ് വച്ചു താഴേക്കു നടന്നു

വീടിന്റെ പിറകിലൂടെ നടന്നാൽ നീണ്ടു കിടക്കുന്ന പാടം ആണ്… ഞാൻ പാടത്തൂടെ ഒന്ന് നടന്നു.. ഇല്ലത്തിന്റെ പടിപ്പുര കണ്ടതും എന്റെ കാലൊന്നു വിറച്ചു…

“ആരാ… ”

“ഞാൻ ഇച്ചിരി ദൂരെന്ന… ”

ചെത്തുകാരൻ വാസു ചേട്ടൻ ആണ്.. പുള്ളിക്ക് എന്നെ മനസിലായിട്ടില്ല…

“ആ ഇല്ലത്തു ഇപ്പൊ ആരും താമസം ഇല്ലേ… ”

“ഉണ്ട്… വല്ല്യ തിരുമേനി കിടപ്പിലാ… പിന്നെ ആത്തോൽ ഉണ്ട്… അതിനും വയ്യ… ഒരു മോളുള്ളത് പുറപ്പെട്ടു പോയി… താഴെ ഒരു ചെക്കൻ ഉള്ളത് കൂട്ട് കൂടി നശിച്ചു വല്ലപോലും ഇല്ലത്തു വന്നാൽ ആയി… ”

എന്റെ കണ്ണുകൾ നിറയുന്നത് അയാൾ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു…

“മോള് ആരെ അന്നെഷിച്ചു വന്നതാ… ”

“അവിടുത്തെ കാർത്തിക തമ്പുരാട്ടി എന്റെ കൂട്ടുകാരി ആയിരുന്നു… ”

“ആണോ.. കൊച്ചു തമ്പുരാട്ടി നല്ല സുന്ദരി മോളായിരുന്നു…എന്ത് ചെയ്യാം വിധി… ”

“അവൾക്കു എന്താ പറ്റിയെ… ”

“ഇല്ലത്തെ പണിക്കാരീടെ മോന്റെ കൂടെ ഇറങ്ങി പോയതാ… കണ്ണും കയ്യും കാണിച്ചു ആ ചെക്കൻ മയക്കി എടുത്തതാ.. വല്ല്യ തിരുമേനി അറിഞ്ഞപ്പോൾ തമ്പുരാട്ടിക്കുഞ്ഞിനെ ഒരുപാട് തല്ലി… അന്ന് രാത്രി ആ ചെക്കന്റെ കൂടെ ഇറങ്ങി പോയി ആ കുഞ്ഞ്… അന്ന് വീണതാ വല്ല്യ തിരുമേനി… പക്ഷെ രണ്ടു ദിവസം കഴിഞ്ഞു ആ ചെക്കൻ നാട്ടിൽ തിരിച്ചു എത്തി… ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞു വല്ല്യ നിലയിൽ ജീവിക്കുന്നു.. പക്ഷെ ഇല്ലം നശിച്ചു… ”

ഉള്ളിലെ നടുക്കം മറച്ചു വച്ചു ഞാൻ മറുപടി പറഞ്ഞു…

“അയ്യോ ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.. ഞാൻ അവളെ ഒന്ന് കാണാൻ വന്നതായിരുന്നു.. ”

“വന്നതല്ലേ… ഇല്ലത്തു കേറി എല്ലാരേം കണ്ടിട്ട് പൊക്കൊളു.. ”

“ഉം.. ”

വാസു ചേട്ടൻ കയ്യിലെ കള്ളും കുടം വീശി നടന്നുപോയി…

കേട്ടതൊക്ക വീണ്ടും വീണ്ടും എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു…

പടിപ്പുര കടന്നതും എന്റെ കാലിന്റെ ശക്തി കുറഞ്ഞു വന്നു…

എന്റെയും അപ്പൂന്റേം കളിചിരികൾ നിറഞ്ഞു നിന്ന ആ ഇല്ലം ഇപ്പൊ ആൾതാമസം ഇല്ലാത്ത പ്രേതാലയം പോലെ ആയിരിക്കുന്നു…

ഉമ്മറത്തെ മറഞ്ഞു വീണു കിടക്കുന്ന കിണ്ടി
….കതിർ നുള്ളാതെ ഉണങ്ങി നിൽക്കുന്ന തുളസി… ചുറ്റും ഞാൻ നട്ടുപിടിപ്പിച്ച എന്റെ ചെടികൾ ഒന്നും ഇന്നില്ല…

ഉമ്മറത്തു തൂക്കി ഇട്ടിരിക്കുന്ന മണിയിലേക്ക് എന്റെ കൈ നീണ്ടതും അകത്തു നിന്നൊരു ശബ്‌ദം…

“ആരാ… ”

നര കേറി വാടി തളർന്നൊരു സ്ത്രീ രൂപം….

എന്റെ അമ്മ…. !!!!!

ഈശോയെ…. എന്റെ കാലുകൾക്കു ശക്തി തരണേ… ചലനമറ്റു ആ മുഖത്തേക്ക് നോക്കി നിന്നുപോയി ഞാൻ….

തുടരും….