11/05/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 11

രചന – അശ്വതി അച്ചൂസ്

“ശ്രീ ”
“ഉം ”
“എന്നാലും എന്ത് പണിയാ മോളെ ചെയ്തെ. ഏട്ടനോട് എങ്കിലും പറയാമായിരുന്നില്ലേ ”
“അവൾക്ക് പേടിയായിരുന്നു ഹരി അതാ ”
വിനയന്റെ മറുപടി കേട്ട് ശ്രീ യെ വിട്ട് ഹരി തുറിച്ചു നോക്കി
“നീ മിണ്ടരുത്. അവൾ എന്റെ സഹോദരിയാണ് അവളോട് ക്ഷെമിക്കാൻ എനിക്കാകും ചിലപ്പോൾ ഒപ്പം നിൽക്കാനും കഴിയുമായിരുന്നു. പക്ഷെ, നീ നിന്നോട് ക്ഷെമിക്കാൻ എനിക്ക് അല്പം സമയം വേണം. ”
“ഞാൻ പറഞ്ഞിട്ടാ ഏട്ടാ വിനയേട്ടൻ ഒന്നും പറയാഞ്ഞത് ”
“ആകട്ടെ അത് വിട്. നിനക്ക് സുഖമാണോ മോളെ ”
“ഉം. അച്ഛനും അമ്മയും?”
“നീ പോന്നതിനുശേഷം അച്ഛൻ വീണു അപ്പോ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഓപ്പറേഷൻ കയറ്റും മുൻപ് നിന്നെ വെറുക്കുന്നു എന്നാ എന്നോട് പറഞ്ഞത് അറിയാമോ.”
ശ്രീനന്ദ വേദനയോടെ അവനെ നോക്കി
“അച്ഛന്റെ അരിശം ഒരിക്കലും മാറില്ല എന്ന് മനസിലായി. അവർ അറിഞ്ഞുകൊണ്ട് നിന്നെ തിരയാൻ പറ്റില്ലായിരുന്നു. അതാ ഇത്രയും ലേറ്റ് ആയത്. സ്റ്റോക്ക് എടുക്കാൻ ഉണ്ട് എന്ന് പറഞ്ഞാ ഞാൻ ഇറങ്ങിയത് ”
“അപ്പോ ഏട്ടൻ ഇന്ന് ഇവിടെ നിക്കോ?
“നിക്കണോ ”
“ഒരു ദിവസം നിൽക്കോ ഏട്ടാ ”
“ഉം… നിക്കാം ”
“എന്നാ ഏട്ടന് ഞാൻ ഉപ്പുമാവ് എടുത്തു കൊണ്ട് വരട്ടെ ”
“ഉം ”
അവൾ പോകുന്നത് അവൻ നോക്കി നിന്നു. വയർ അല്പം ഉന്തി നിൽക്കുന്നുണ്ട്. പ്രെഗ്നന്റ് ആണോ…
“ശ്രീ ”
“എന്താ ഏട്ടാ ”
അവൻ വയറിലേക്ക് നോക്കുന്ന കണ്ട് അവൾ വയറിൽ പതിയെ തലോടി.
“അഞ്ചു മാസം ആയി ഏട്ടാ ”
അവന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. തന്റെ അനിയത്തി അവളുടെ കുഞ്ഞ്… എന്റീശ്വരാ ഞാൻ ആരാ അപ്പൊ മാമ്മൻ സ്വന്തം മാമ്മൻ. പെൺകുട്ടി ആയിരിക്കോ അതോ… ആൺകുട്ടിയോ… ആരായാലും കുഴപ്പം ഇല്ല. അന്ന് ഞാൻ അച്ഛനും അമ്മയുടേം പിണക്കം തീർത്തു കൊണ്ട് വരും ഉറപ്പ്.
“എന്താ ഏട്ടാ ഇത്ര ആലോചന… ഞാൻ എത്ര നേരായി വിളിക്കുന്നു. ”
“ഞാൻ ഓരോന്ന് ആലോചിച്ചതാണ് മോളെ ”
അവൻ കഴിക്കാൻ ഇരുന്നു. ആദ്യം ടീസ്പൂൺ എടുത്ത് അവൾക്ക് കൊടുത്തു. അതിൽ നിന്ന് അൽപ്പം തന്നിരുന്നു എങ്കിൽ എന്നവൾ ആശിച്ചതെ ഉള്ളു.
“എങ്ങനെ ഉണ്ട് ഏട്ടാ ”
“നന്നായിട്ടുണ്ട്….”ഹരി പറഞ്ഞു കഴിഞ്ഞ് വിനയനെ നോക്കി.
അവൻ അല്പം അകന്ന് മാറി നിൽക്കുകയായിരുന്നു. ഒരുപക്ഷെ ചേട്ടനും അനിയത്തിയും കൂടെ ഉള്ള നിമിഷങ്ങൾ… അങ്ങനെ ഇരിക്കട്ടെ എന്ന് കരുതി കാണും.
ശ്രീയുടെ നല്ല പാതി. അവളുടെ കുഞ്ഞിന്റെ അച്ഛൻ….
“ശ്രീ കുറെ നേരായി അവൻ വായിൽ നോക്കി നിൽക്കുന്നു. അവനും കൂടെ കൊടുക്ക് ”
ശ്രീ അവനെ നോക്കി. ഏട്ടൻ ഒപ്പം കഴിക്കാൻ വിനയേട്ടനെ ക്ഷെണിച്ചിരുന്നു. അപ്പൊ പിണക്കം ഒന്നും ഇല്ലല്ലേ
“ഇപ്പോ എടുക്കാം ഏട്ടാ ”
ഹരിക്ക് ഒപ്പം ഭക്ഷണം കഴിക്കുമ്പോൾ പക്ഷെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

അന്ന് മുഴുവൻ അവൻ അവർക്കൊപ്പം ആ വീട്ടിൽ കഴിഞ്ഞു കൂടി.
രാത്രി
“ശ്രീ ”
“എന്താ ഏട്ടാ ”
“ദാ കുറച്ച് പൈസ ആണ്.”
അവൾ വിനയനെ നോക്കി
“വേണ്ട ഏട്ടാ ”
“പ്രെഗ്നന്റ് അല്ലെ എന്തേലും പെട്ടന്ന് ആവശ്യം വന്നാൽ ഉണ്ടാകില്ലല്ലോ.”
“ഏട്ടാ അത്…”
“വിനയനെ നോക്കണ്ട. ഇത് മാമ്മന്റെ ആദ്യത്തെ സമ്മാനം ആണ്. വാങ്ങിക്ക് ”
വിനയൻ കണ്ണടച്ചു സമ്മതം നൽകി. അവൾ അത് വാങ്ങുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു.
“ഏട്ടാ… എട്ടൻ എന്നാ ഇനി വരാ ”
“എന്തെ മോൾക് എന്തേലും വേണോ ”
“അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് എത്ര നാളായി ”
“കൊണ്ട് വരാം പക്ഷെ ഇവിടെ എത്തുമ്പോഴേക്കും കേടായി പോകുമോ എന്നറിയില്ല. ”
“സാരല്യ എന്നാലും ഏട്ടൻ കൊണ്ട് വരുമോ. ”
“കൊണ്ട് വരാം ”
“നാളെ എപ്പോ പോകും ഏട്ടാ ”
“നേരത്തെ പോകും നീ എണീക്കണ്ട. ഉറങ്ങിക്കോ. സ്റ്റോക് കൂടെ എടുത്തു വേണം വീട്ടിൽ പോകാൻ ”
“ഉം ”
“നീ കിടന്നോ മോളെ എന്നാലേ ചക്കര. കുട്ടി ഉഷാറായി ഇരിക്കൂ.”
അവൾ വിനയനെ നോക്കി.
“ഗുഡ് നൈറ്റ് ”
“ഗുഡ് നൈറ്റ് ഏട്ടാ ”

പുലർച്ചെ തന്നെ അവൻ എണീറ്റു പോകാൻ തയ്യാറായി. നല്ല തണുപ്പായിരുന്നു. പല്ലുകൾ കിടു കിടെ വിറച്ചു. ഒരു ചായ കിട്ടാൻ വെറുതെ അവൻ ആശിച്ചു. പക്ഷെ നല്ല ചൂടുള്ള ചായ മുന്നിൽ വന്നപ്പോൾ ഹരി തല ഉയർത്തി നോക്കി.
വിനയൻ
അവൻ ഒന്നും മിണ്ടാതെ ചായ വാങ്ങി കുടിച്ചു. കപ്പ്‌ തിരികെ കൊടുത്തു. ബാഗ് എടുത്ത് വണ്ടിയിൽ വച്ചു. കയറും മുന്നേ തിരിഞ്ഞു നോക്കിയപ്പോൾ വിനയൻ നോക്കി നിൽക്കുന്ന കണ്ടു
ഹരി തിരികെ അവന് അടുത്തേക്ക് ചെന്നു.
“ഹരി…. ഞാൻ മാപ്പ് ”
ഒരു നിമിഷം അവനെ നോക്കി നിന്ന് നെഞ്ചോടു ചേർത്തു.
“എന്റെ നമ്പർ അറിയാലോ എന്ത് ആവശ്യം വന്നാലും വിളിക്ക്. ശ്രീയെ നോക്കണേ ടാ ”
ഇരുട്ടിനെ കീറിമുറിച്ച് അവൻ പോകുന്നത് വിനയൻ നോക്കി നിന്നു.

******

സ്റ്റോക് എടുത്ത് വീട്ടിൽ എത്തിയിട്ടും അവന്റെ മുഖത്ത് ഒരു സന്തോഷം കളിയാടി നിന്നു.
“ഹരി ”
“എന്താ അമ്മേ ”
“നിനക്ക് ഇനി വല്ല പ്രേമമോ മറ്റോ ഉണ്ടോ ”
“എന്താ അമ്മേ ”
“ഉണ്ടെങ്കിൽ പറ ഒരെണ്ണത്തിന്റെ ക്ഷീണം മാറിയില്ല ഇത് വരെ ”
“അമ്മ കാട്ടി തരുന്ന ഏത് പെണ്ണിനെ വേണേലും ഞാൻ കെട്ടാം പോരേ. അത്ര ഉറപ്പേ ഇപ്പൊ തരാൻ പറ്റൂ ”
“മതി എന്നാ അമ്മ ഒരു കുട്ടിയെ നിനക്ക് കണ്ട് വെച്ചിട്ടുണ്ട്. നമുക്ക് ഒന്ന് കാണാൻ പോയാലോ ”
“അമ്പടി… അപ്പോ എല്ലാം ഒപ്പിച്ചു വെച്ചിട്ടാണ് ചോദിക്കുന്നത് ”
“പോകാം മോനെ ”
“അമ്മയുടെ ഇഷ്ടം പോലെ ”
“എന്നാ നാളെ പോയാലോ ”
“അതെന്താ നാളെ. ഞായറാഴ്ച പോയ പോരേ ”
“ഞായറാഴ്ച അയാൾ കുട്ടി നല്ല മേക്കപ്പ് ഒക്കെ ചെയ്തു നിൽക്കും. നാളെ ആകുമ്പോ അങ്ങനെ അല്ലല്ലോ ”
“ഓ എന്തൊരു ബുന്ദി. എല്ലാം അമ്മയുടെ ഇഷ്ടം. പോലെ നാളെ എങ്കിൽ നാളെ. പോരേ ”
അവർ തലയാട്ടി
സത്യത്തിൽ അത്രയെങ്കിലും വേണം
അവർ അത് ആഗ്രഹിക്കുന്നുണ്ട്
പിറ്റേന്ന് ആ വീട്ടിലേക്ക് പെണ്ണ് കാണാൻ കയറിചെല്ലുമ്പോൾ അറിയാതെ കാല് ഒന്ന് വിറച്ചു. എന്തോ ഇതാണ് താൻ അന്വേഷിച്ചു നടന്ന ആൾ എന്നൊരു തോന്നൽ. അവർ ചെല്ലുമ്പോൾ പെൺകുട്ടി വന്നിരുന്നില്ല.
അവർ അവരെ കാത്തു നിന്നിരുന്നു.
“വരൂ,അകത്തേക്ക് വരൂ ”
സംഗീത ചിരിച്ചു
“മോൻ മാത്രേ ഉള്ളു ”
അവൻ അച്ഛനെ നോക്കി
“അതെ. നിങ്ങൾക്കും ഒരു മകൾ ആണ് അല്ലെ ”
“അതെ. അവൾ എത്തിയിട്ടില്ല നിങ്ങൾ ചായ ഒക്കെ കുടിച്ചു കഴിയുമ്പോഴേക്ക് അവൾ എത്തും ”
“അത് മതി ”
“എന്നാലും ഇത്രയും വലിയ സ്ഥാപനം…. അതിന്റെ ഉടമ ഞങ്ങളുമായ് ഒരു ബന്ധം ഉണ്ടാക്കും എന്ന് കരുതിയില്ല ”
“ഓ അതൊക്കെ ഇപ്പോൾ അല്ലെ ഉണ്ടായത്. ബ്രോക്കർ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചപ്പോൾ തന്നെ എനിക്ക് ഇഷ്ടായി. അന്ന് ഞാൻ ഉറപ്പിച്ചതാണ് ഇതാണ് എന്റെ മരുമകൾ എന്ന് ”
“ചായ കുടിക്കാട്ടോ ”
സീത ചായയുമായി എത്തി.
അവരുടെ വാക്കുകൾക്കായ് കാതോർക്കുമ്പോഴും ഹരി അവൾ എപ്പോൾ വരും എന്ന് ചിന്തിച്ചു
“മോൾടെ പേര് എന്താ എന്നാ പറഞ്ഞെ ”
ഹരി ആകാംഷയോടെ അവരെ നോക്കി
“ദിയ ”
“നല്ല പേര് ”
ദിയ…. എന്തോ അത് കേട്ടപ്പോൾ തന്നെ ആ പേര് മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.
ചായ കുടിച് കഴിഞ്ഞപ്പോൾ ആണ്
“ആ മോള് വരുന്നുണ്ട് ”
എന്ന് പറയുന്ന കേട്ടത്. ഹരി ആകാംക്ഷയോടെ വാതിലിലേക്ക് നോക്കി. അല്പം പരിഭ്രമത്തോടെ അകത്തേക്ക് കയറി വന്ന അവളെ അവൻ കണ്ണ് ചിമ്മാതെ നോക്കി ഇരുന്നു. ഇതാണ് താൻ അന്വേഷിച്ച ആൾ…. ഇതാണോ തന്റെ പാതി… അതെ ആ മിഴികൾ എന്റെ മിഴികളുമായ് കോർക്കുന്ന നിമിഷം അവൾ തന്റേത് ആകും. തന്റേത് മാത്രം.
ദിയ എല്ലാവർക്കും പുഞ്ചിരി നൽകി. അച്ഛൻ പറഞ്ഞപ്പോൾ അവൾ പതിയെ തലപൊക്കി ഹരിയെ നോക്കി. ആ നിമിഷം…. ഹരി ലോക്ക് ആയി കഴിഞ്ഞിരുന്നു.
പുറകിലേക്ക് സംസാരിക്കാൻ പോയപ്പോൾ സത്യത്തിൽ എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു. ഒരു മൂഡ് കിട്ടാൻ വേണ്ടിയാണ് പുകച്ചത് തന്നെ. അവളെ നോക്കുമ്പോൾ ഒക്കെ തന്റെതാണ് എന്ന് തോന്നി കഴിഞ്ഞിരുന്നു.
അന്ന് രാത്രി അവനുറങ്ങാൻ കഴിഞ്ഞില്ല. മനസ്സിൽ നിറയെ ദിയ നിറഞ്ഞു നിന്നു. ആദ്യമായ് താൻ മറ്റൊരാളെ സ്നേഹിക്കാൻ തുടങ്ങുന്നു എന്ന് തോന്നി. അപ്പോ അച്ഛനേം അമ്മേം ശ്രീയെ ഒന്നും സ്നേഹിച്ചിട്ടില്ലേ…. ഉണ്ട് പക്ഷെ അത് പോലെ അല്ല. തന്റെ … തന്റെ മാത്രമായ് ഈ ലോകത്തു ഒരാൾ. അയാളിലേക്ക് തന്റെ ലോകം ചുരുങ്ങിപ്പോയി എന്ന് തോന്നി. കാണണം എന്ന് തോന്നിയപ്പോൾ അവളെ കോളേജിൽ പോയി കാണാനും മറന്നില്ല. ഹരി ശരിക്കും മറ്റൊരു ലോകത്തായിരുന്നു.
“അച്ഛാ കല്യാണത്തിന് ശ്രീകുട്ട്യേ വിളിക്കണ്ടേ ”
“നിനക്കറിയാമോ അവർ എവിടെ ആണെന്ന് ”
“ഇല്ല ”
“എന്നാ അന്വേഷിക്കണ്ട. അവളുടെ മുഖം പോലും എനിക്ക് കാണണ്ട ”
അവൻ മറുത്തൊന്നും പറഞ്ഞില്ല. അച്ഛൻ അവളെ എത്ര മാത്രം വെറുക്കുന്നു എന്ന് വ്യക്തമായി.

******

“ബാല ”
“ഉം ”
“ഉറങ്ങിയില്ലേ ”
“ഏയ്‌ ”
“ഇവിടെ ഒരു കട തുടങ്ങിയാലോ എന്ന് ഒരു ആലോചന ”
“പക്ഷെ ”
“ഒരു പാർട്ണർ ഉണ്ട് ”
“അതാരാ ”
“പുതിയതായ് പരിചയപ്പെട്ടതാണ് ”
“പക്ഷെ പൈസ വേണ്ടേ ”
“ഹരി വിളിക്കാൻ പറഞ്ഞിരുന്നു. വിളിച്ചാലോ ”
“അപ്പോ നിങ്ങൾ തമ്മിൽ പിണക്കം ഒക്കെ മാറിയോ ”
“അത് പിണക്കം ഒന്നും അല്ല…. അത്രയെങ്കിലും അവൻ എന്നോട് കാണിക്കണ്ടേ ”
“വിളിച്ചു നോക്കാം ”
“നീ വിളിക്കണ്ട ഞാൻ വിളിക്കാം ”
“ആ പക്ഷെ വരുമ്പോൾ പൊതിച്ചോർ കൊണ്ട് വരാൻ മറക്കല്ലേ എന്ന് പറയണേ ”
“പറയാം ”
അവൻ ഫോൺ എടുത്ത് പുറത്തേക് നടന്നു.
ഫോൺ വരുമ്പോൾ അവൻ കിടന്നിരുന്നു.
“എന്താടാ ഈ നേരത്ത് ”
“ഏയ്‌ നീ ഇപ്പോൾ അല്ലേ ഫ്രീ ആകാറുള്ളത് അതാ ഇപ്പൊ വിളിച്ചത് ”
“പേടിച്ചു പോയി. അവൾ എവിടെ ”
“കിടന്നു ”
“ആ അധികം ഉറക്കം ഒഴിക്കണ്ട. നീ എന്താ വിളിച്ചേ ”
“ഞാൻ ഇവിടെ ഒരു കട തുറന്നലോ എന്നാലോചിച്ചു.”
“എന്നിട്ട് ”
“ഒരു പാർട്ണറേ കിട്ടിയിട്ടുണ്ട് ”
“ഉം ”
“പക്ഷെ പൈസ ”
“അതിനല്ലേ ഞാൻ ഉള്ളത്. ഞാൻ തരം എത്ര സ്റ്റാർട്ടിങ് ”
“പത്ത് ”
“ഓക്കേ ഞാൻ ഒരാഴ്ച കഴിയും വരാൻ.”
“കുഴപ്പം ഇല്ല അപ്പോഴേക്കും ഞാൻ എല്ലാം ഒക്കെ ആക്കി വെക്കാം ”
“ഓക്കേ എന്നാ നീ ഉറങ്ങിക്കോ ”
“ശരി ”
ഹരി ഫോൺ ഓഫ് ചെയ്തു. കിടന്നു.
വിനയൻ സമാധാനത്തോടെ അകത്തേക്ക് നടന്നു
“വിളിച്ചോ ”
“ഉം ”
“എന്ത് പറഞ്ഞു ”
“അടുത്ത ആഴ്ച വരാം എന്ന് ”
“പൊതിച്ചോറിന്റെ കാര്യം പറഞ്ഞോ ”
“അയ്യോ മറന്നു ”
“സാരല്ല്യ നിങ്ങൾ മറന്നാലും എന്റെട്ടൻ മറക്കില്ല ”
“അമ്പടി ഏട്ടനെ കിട്ടിയപ്പോ ഞാൻ പുറത്തായോ ”
“ചുമ്മാ പറഞ്ഞതല്ലേ നിങ്ങൾ രണ്ടാളും പഴയ പോലെ നടക്കണം എന്നാ എന്റെ ആഗ്രഹം ”
“അതൊക്കെ പ്രേമിക്കും മുന്നേ ആലോചിക്കണമായിരുന്നു ”
അവൾ മുഖം വീർപ്പിച്ചു
“ഏയ്‌ ശ്രീ. ആരും ഇല്ലാതിരുന്ന നമുക്ക് ആഗ്രഹിച്ച ആളെ തന്നെ കിട്ടിയില്ലേ. നമുക്ക് ഒപ്പം എന്നും ഹരി ഉണ്ടാകും എന്ന് എനിക്കറിയാം അത് പോരേ. അതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കാൻ പാടില്ല പ്രത്യേകിച്ച് ഞാൻ ”
അവൾ പിണക്കം മാറ്റി അവന്റെ നെഞ്ചിൽ ചാഞ്ഞു.

പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്
“അമ്മേ ”
“ഉം ”
“നാളെ ഞാൻ സ്റ്റോക് നോക്കാൻ പോയി വരാം. അമ്മ എനിക്ക് ഒരു പൊതി ചോറ് കെട്ടി തരോ ”
“അതെന്താ പുതിയ ഒരു തോന്നൽ ”
“താ അമ്മേ ”
“പെണ്ണ് കാണാൻ പോയി വന്നാൽ ശേഷം നീ ആകെ മാറിപ്പോയി കേട്ടോ. അടുത്ത മാസം എൻഗേജ്‌മെന്റ് ആണ് അത് കഴിഞ്ഞാ നീ ഭൂമിയിലോ ആകാശത്തോ ”
“എവിടേം ഇല്ല ദാ അമ്മയുടെ അടുത്ത് തന്നെ കാണും ”
“കള്ളാ.. നാളെ എപ്പോ പോകും ”
“ഒരു ഏഴ് മണി ”
“ഭക്ഷണം കഴിക്കാൻ അധികം വൈകരുത് ”
“ഇല്ലന്നെ ”
“ശരി ”
ഹരി സമാധാനത്തോടെ ഉറങ്ങാൻ പോയി.

(തുടരും )