24/04/2026

ഗൗരി : ഭാഗം 13

രചന – നന്ദ നന്ദിത

“ദേവൂന്റെ കല്യാണത്തിന്റെ കൂടെ നിന്റെ കല്യാണം കൂടെ നടന്നു കാണണം എന്നുണ്ട് അമ്മയ്ക്ക്… ഗൗരി പറഞ്ഞ… ആ കുട്ടി… കോളേജിലെ… മോന് ആ കുട്ട്യേ ആണു ഇഷ്ടം എങ്കിൽ നമുക്ക് അത് ആലോചിക്കാം…പിന്നെ വസുന്ദര ന്നോട് ഒരു കാര്യം പറഞ്ഞു…

ബാലന് വേറെ കുട്ട്യേ ഇഷ്ടായ സ്ഥിതിക്ക് ഗൗരിയെ അവളുടെ മരുമോളായിട്ട് തരുവോന്ന്…?? ഉണ്ണിക്ക് ആയിട്ട്…??

ആലോചിച്ചപ്പോൾ അമ്മക്ക് അത് നല്ലതായി തോന്നി… ഉണ്ണി മ്മടെ കുട്ടിയല്ലേ..??അവളെ അവൻ നന്നായി നോക്കും…!!മോൻ ന്ത്‌ പറയുന്നു…??

അംബികമ്മയുടെ സംസാരം കേട്ടതും… ബാലൻ കഴിച്ചു കൊണ്ടിരുന്നത് നിർത്തി… എഴുന്നേറ്റു.

“മോനെ… നീ ഒന്നും പറഞ്ഞില്ലാലോ…??”

“ഗൗരിയോട് ഈ കാര്യം സംസാരിച്ചുവോ…?”

“ഇല്യാ…നിന്നോട് പറഞ്ഞിട്ട് പറയാംന്ന് കരുതി…”

“മ്മ്…”

ബാലൻ പിന്നീട് ഒന്നും പറഞ്ഞില്ല… അയാൾ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി…

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ഒത്തിരി വൈകിലോ ദേവൂ… നന്നേ ഇരുട്ടി… ”

“വേഗം നടക്കാം ഏട്ടത്തി…ബാലേട്ടൻ എങ്ങാനും അറിഞ്ഞാൽ വഴക്ക് പറയും…!!

“മ്മ്…”

“ഗൗരി ഏട്ടത്തി…”

“ന്താ ദേവൂ..??”

“ബാലേട്ടൻ.. ബാലേട്ടനെ കണ്ടോ ഏട്ടത്തി…?? സംസാരിച്ചോ…??”

“ഇല്യാ… ഇന്ന് ബാലേട്ടനെ കണ്ടതെ ഇല്യ… പിന്നെ ഞാൻ വൈകിട്ട് ബസ്സിന് ഇങ്ങട് വന്നില്ലേ..??”

“ന്തിനാ ഏട്ടത്തി അങ്ങിനൊക്കെ… ബാലേട്ടന് വിഷമായിട്ടുണ്ടാവും…!!മതിട്ടോ ആ പാവത്തിനെ വേദനിപ്പിച്ചത്…”

“വേദനിപ്പിക്യെ…?എനിക്ക് അതിനു കഴിയുന്ന് തോന്നണുണ്ടോ ദേവൂ…?? ബാലേട്ടനെ ഇഷ്ടള്ള കുട്ടിടെ കാര്യം പറഞ്ഞില്ലേ ഞാൻ….അവൾക്ക് ഞാൻ ബാലേട്ടന്റെ കൂടെ പോകണതും, വരണതും ഒന്നും ഇഷ്ടില്യ…”

“അതിനു…?? അതിന് അവൾ ആരാ…?? ന്റെ ബാലേട്ടന്റെ മനസില് എന്റെയീ ഗൗരി ഏട്ടത്തി ഒള്ളൂ…അതെനിക്ക് അറിയാ.. ആരെക്കാളും…!!”

“നിക്ക് അറിയില്യ ദേവൂ… അന്ന് അവൾ അങ്ങിനെ പറഞ്ഞപ്പോ ബാലേട്ടൻ അതിനെ എതിർത്തത് പോലും ഇല്യ… ഒക്കെ കേട്ട് ചിരിച്ചു നിന്നെ ഒള്ളൂ…ന്താ ആ മനസ്സിൽ എന്നൊന്നും നിക്ക് നിശ്ചയില്യ…!!”

“മ്മ്… ന്തായാലും മതി ഈ പിണക്കവും ഒളിച്ചു കളിയും. രണ്ട് പേരും സംസാരിക്ക്… അപ്പൊ അറിയാലോ… ന്താ മനസ്സിൽ എന്ന്…”

അതും പറഞ്ഞു… അവർ പാടത്തൂടെ നടന്നു…
ദൂരെ നിന്നെ കണ്ടു പടിപ്പുരയിൽ നിൽക്കണ ബാലനെ…

“ന്റെ ദേവി… ബാലേട്ടൻ നിൽക്കണിണ്ട്… വഴക്ക് കേൾക്കുലോ…”

ദേവൂ സ്വയം പറഞ്ഞു കൊണ്ട് നടന്നു.

“ഈ നേരം വരെ എന്തെടുക്കുവായിരുന്നു…??”

ബാലന്റെ ചോദ്യം കേട്ട് ദേവുവും ഗൗരിയും പെട്ടന്ന് നിന്നു.

“നിന്നോട് എത്ര വട്ടം പറഞ്ഞിട്ടുണ്ട് ദേവൂ… തൃസന്ധ്യക്ക് എങ്ങിടും പോക്ക് വേണ്ടന്ന്…”

അത് കേട്ടുകൊണ്ട്.. ദേവും ഗൗരിയും ഒന്നും മിണ്ടാത്തെ തല കുമ്പിട്ടു പടിപ്പുര കടന്നു.

“ഗൗരി ഒന്ന് നിന്നെ…”

ബാലന്റെ വിളികേട്ട് രണ്ടുപേരും പെട്ടന്ന് നിന്നു.

“ദേവൂ… നീ അകത്തേക്ക് പൊക്കോ… നിന്റെയി ഗൗരിയേട്ടത്തിയോട് നിക്ക് കുറച്ചു കാര്യം ചോദിക്കാനുണ്ട്…”

അത് കേട്ടതും ദേവൂ വേഗം അകത്തേക്ക് നടന്നു.
ഗൗരി പേടിച്ചു ബാലനെ തന്നേ നോക്കി നിന്നു… ആ മുഖത്തെ ദേഷ്യം ഗൗരിക്ക് വ്യക്‌തമായി വായിച്ചെടുക്കമായിരുന്നു..

“നീ ഇങ്ങട് വാ..”
അവളുടെ കൈകൾ മുറുകെ പിടിച്ചു വലിച്ചു കൊണ്ട് കുളപ്പടവിലേക്ക് അവൻ നടന്നു..

“ബാലേട്ടാ… ഞാൻ…”

“ബാലേട്ടനോ… ആരുടേ ബാലേട്ടൻ…??”

കല്പടവിലെ മതിലേക്ക് അവളെ വലിച്ചിട്ടു കൊണ്ട് ബാലൻ ചോദിച്ചു…

ഗൗരി ഒന്നും മിണ്ടാത്തെ മതിലിലേക്ക് ചാരി നിന്നു…അവളുടെ കണ്ണുകൾ നിറഞ്ഞതും, ബാലൻ കാണാതിരിക്കാൻ വേഗം താഴേക്ക്, തല താഴ്ത്തി.

“നിന്നോട് ആര് പറഞ്ഞു… വീണ്ടും ഇവിടെ നില്ക്കാൻ…?? ന്റെ കണ്മുന്നിൽ കാണരുതെന്ന് പറഞ്ഞേല്ലേ ഞാൻ…?”

“അത്… ഞാൻ…അമ്മ… അമ്മ പറഞ്ഞിട്ട്..!!”

“നിന്നെ ഇങ്ങട് കൊണ്ടുവന്നത് അമ്മയല്ലല്ലോ …?? ഞാൻ അല്ലേ…?? അപ്പൊ അമ്മയാണോ നിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്…??

അത് അവിടെ നിൽക്കട്ടെ… നീ എന്നുമുതലാ ബ്രോക്കർ പണി തുടങ്ങ്യ..??”

ബാലന്റെ ചോദ്യം കേട്ട് ഗൗരി ഒന്നും മിണ്ടാതെ നിന്നു…

“ചോദിച്ചത് കേട്ടില്യന്നുണ്ടോ…?? നീ എന്ന് മുതലാ കല്യാണം കഴിപ്പിക്കുന്ന ജോലി തുടങ്യെന്ന്…??”

“ഞാൻ.. അതിനു… ഞൻ ഒന്നും ചെയ്തില്യ…”

“നിന്നോട് ഞൻ പറഞ്ഞോ… സാന്ദ്രേ നിക്ക് ഇഷ്ടാന്ന്…?? പറഞ്ഞോടി…??”

ബാലന്റെ ഒച്ച മുറുകിയതും ഗൗരി പേടിച്ചു ഇല്ലന്ന് തലയാട്ടി..

“പിന്നെ എന്തിനാ നീ അമ്മയോട് അവള്ടെ കാര്യം പറഞ്ഞെ…??”

“അത് ഞാൻ… സർ ന്റെ കൂടെ ക്ലാസ്സിൽ പോകാൻ പറഞ്ഞപ്പോ…!!”

ഗൗരി വിക്കി വിക്കി പറഞ്ഞത് കേട്ടുകൊണ്ട് ബാലൻ അവളുടെ അരികിലേക്ക് പതിയെ നീങ്ങി നീങ്ങി വന്നു… അവൾ പതിയെ പുറകിലേക്ക് കാലുകൾ വെച്ചു… മതിലിൽ ഒട്ടി നിന്നു… അപ്പോഴേക്കും തോളിനു മുകളിൽ ഭിത്തിയിലേക്ക് ബാലൻ കൈകൾ രണ്ടും കുത്തി അവളിലേക്ക് ചേർന്നു നിന്നു…

“പറഞ്ഞപ്പോ…??”

ബാലൻ പതിയെ പുരികമുയർത്തി…

ഗൗരി… പേടിയോടെ കണ്ണുകൾ താഴ്ത്തി…

“പറഞ്ഞപ്പോൾ… സർന്റെ കൂടെ ഞൻ വരുന്നതും പോണതും ആ കുട്ടിക്ക്…!!”

“അവൾ ആണോടി… ന്റെ കൂടെ ആര് വരണം.. വരണ്ടാന്നു തീരുമാനിക്കണേ…?? ആണോന്ന്…??”

അവൾ അല്ലെന്ന് തലയാട്ടി…

“നിന്നോട്… ഞൻ പറഞ്ഞിട്ടില്ലേ അവളെന്റെ നല്ല ശിഷ്യ മാത്രം ആന്നെന്നു… ന്നിട്ട് ന്റെ ഇഷ്ടം പോലും… ഞങ്ങടെ കല്യാണം നടത്തണം നിനക്ക്… അല്ലേ…??ന്റെ ഇഷ്ടം പോലും…അതും അവളോട്…!!

ന്റെ ഇഷ്ടം…!! ന്റെ ഇഷ്ടം ആരോടാണ് അറിയുവോടി നിനക്ക്…?? അറിയുവോന്ന്…??”

ബാലൻ പതിയെ രണ്ടു കൈകളും കൊണ്ട് ഗൗരിയുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു…അവളെ അവനോട് ചേർത്ത് നിർത്തി…

അവന്റെ ശ്വാസം അവളുടെ മുഖത്തു തട്ടിയപ്പോൾ ഗൗരി പതിയെ കണ്ണുകൾ ഇറുക്കി അടച്ചു…

“നിന്നെയാ…നീ മാത്രേ ഒള്ളൂ ന്റെ ഈ നെഞ്ചിൽ…!!അതെന്നും അങ്ങിനെ തന്നെയാവും…!!”

അത്കേട്ടതും ഗൗരി നിറഞ്ഞ കണ്ണുകൾ പതിയെ ഉയർത്തി ബാലനെ നോക്കി…

“ന്നോട് ക്ഷമിക്ക് പെണ്ണേ… നിന്നോടെ അത്രേം ഇഷ്ടായതോണ്ട് അല്ലേ… മാറ്റൊരാൾടെ താലി കണ്ടതും സഹിക്കാൻ പറ്റാതായിപ്പോയത്…?? തന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചു… നിക്ക് അറിയാം… പക്ഷെ… നിന്നോടെ ദേഷ്യം കാട്ടുമ്പോൾ അതിനിരട്ടി വേദനയായിരുന്നു എനിക്ക്…നിന്നോട് പറഞ്ഞ വാക്കുകൾക്കും, നിന്നെ വേദനിപ്പിച്ച ന്റെ പ്രവർത്തികൾക്കും… ഞൻ മാപ്പ്…!!”

“വേണ്ട… ബാലേട്ടൻ ന്നോട് മാപ്പ് പറയരുത്… നിക്ക് സഹിക്കാൻ ആവില്ലത്… തെറ്റ് ന്റെ കൂടെയ ഞൻ പറയേണ്ടതായിരുന്നു… ഒക്കെ…!!”

“മതി…!! ഇനി ഒന്നും പറയണ്ട…!!മതി കരഞ്ഞത്…ഇനി ന്റെ ഗൗരിടെ കണ്ണുകൾ നിറയരുത്…!!ഒത്തിരി കരഞ്ഞതല്ലേ താൻ… ഇനി ഈ കണ്ണുനീര് നമുക്ക് വേണ്ട…!!

ബാലൻ പതിയെ അവളുടെ കണ്ണുകൾ തുടച്ചു.

പതിയെ അവളിൽ നിന്ന് അടർന്നുമാറി…

“ബാലേട്ടാ… ഞാൻ…!! ന്റെ കഴുത്തിലെ താലി…”

“വേണ്ട…എനിക്ക് എല്ലാം അറിയാം…!!
അതൊക്കെ കഴിഞ്ഞില്ലേ..?? ഇനി എല്ലാം മറക്കാം നമുക്ക്…!!”

ബാലൻ ഒരു കൈകൊണ്ടവളെ ചേർത്തുപിടിച്ചു…

കല്പടവുകൾ കയറി…

“അമ്മേടെ കൂടെ നടന്നു, ന്നെ കളിപ്പിച്ചതല്ലേ…?? വെച്ചിട്ടുണ്ട് കേട്ടോ നിനക്ക്…!!”

അത് കേട്ടതും ഗൗരി പുഞ്ചിരിച്ചു.

“ശരിക്കും മിസ്സ്‌ ചെയ്തുവോ ന്നെ…??”

“പിന്നെ ചെയ്യാതെ…!!ആ അതവിടെ നിൽക്കട്ടെ… ഈ ഉണ്ണിയും ആയുള്ള നിന്റെ കല്യാണകഥ ന്താ… ന്റെ മനസ്സറിയാൻ ആണോ…??”

ബാലന്റെ ചോദ്യം കേട്ട് ഗൗരി ഒന്ന് ഞെട്ടി…

“ന്റെയോ…?? ന്തൊക്കെയാ ബാലേട്ടാ ഈ പറയണേ…?”

“അതെ… തന്റെ തന്നേ… ഞാൻ കരുതി..താൻ കൂടെ അറിഞ്ഞിട്ട് ന്നെ കളിപ്പിക്കാൻ ആണെന്ന…”

“അല്ല… അല്ല ബാലേട്ടാ… നിക്ക് ഒന്നും അറിയില്യ…ന്താ ഇപ്പൊ ചെയ്ക..?”

“നമുക്ക് നോക്കാം…താൻ വെറുതെ ടെൻഷൻ ആവണ്ട…!!”

അതും പറഞ്ഞു ബാലനും ഗൗരിയും അകത്തേക്ക് നടന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ് മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ മാമാങ്കമേകിയ കോസലരാജകുമാരാ.. സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി…!!

കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ബാലൻ പഠിപ്പിച്ചുകൊണ്ടിരിക്കെ ക്ലാസ്സിൽ നിന്നിറങ്ങി അങ്ങോട്ട്‌ നടന്നു.

ഇവറ്റകൾക്കൊക്കെ ശബ്ദം കുറച്ച് വച്ച് പ്രാക്ടീസ് ചെയ്തൂടെ…??

“ഇതെന്താ ഇവിടെ…
ഗാനമേള നടക്കുന്നുണ്ടോ…
ഇത്ര ഉച്ചത്തിൽ പാട്ട് വച്ചാലെ ഡാൻസ് കളിക്കാൻ പറ്റുള്ളൂന്ന് ണ്ടോ…??”

ബാലൻ നല്ല ചൂടിലണ് അങ്ങോട്ടേക്ക് എത്തിയത്.

പിന്നിക്കെട്ടിയ മുടി തോളിലൂടെ മുന്നിലേക്കിട്ട്,കണ്മഷി കൊണ്ട് കാവ്യമെഴുതിയ കണ്ണുകളും…
പാട്ടിന്റെ വരികൾക്കൊപ്പം ചലിക്കുന്ന ചുണ്ടുകളും
കാലിൽ ചിലങ്കയുടെ താളവും…!!

ചുരിദാറിന്റെ ഷാൾ അരയിൽ മുറുക്കെ കെട്ടി നൃത്തം ചെയ്യുന്ന ഗൗരിയെ കണ്ടപ്പോൾ ബാലൻ മാഷിന്റെ അരിശവും ദേഷ്യവുമൊക്കെ എങ്ങോ പോയിരുന്നു…

അവളെത്തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.
ആ കൈകൾ കൊണ്ട് കാട്ടുന്ന ഓരോ മുദ്രകളും, കണ്ണുകൾ കൊണ്ട് മെയ്യുന്ന കഥയും, ആ നോട്ടവുമെല്ലാം തന്നെ തേടി വരുന്നത് പോലെ ബാലന് തോന്നി…

തന്റെ കൈകൾ കൊണ്ടവളുടെ വിരലുകളെ ചേർത്ത് പിടിച്ചു… ആ ഉടയാടകളിലൂടെ അവളുടെ പുറം മേനിയിൽ തഴുകി… നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ച് പ്രണയർദ്രമായി തുടിക്കുന്ന നെഞ്ചിന്റെ തുടിപ്പ് അറിഞ്ഞ്, ഇമ വെട്ടാതെ കണ്ണുകളെ നോക്കി നിന്ന്…ഒടുവിൽ പ്രണയം പറഞ്ഞറിയിക്കാൻ കഴിയാതെ ആ ചുണ്ടുകളെ…!!”

“സാർ…”

“ഓ..എന്തോ…”

ഒരു സ്വപ്നലോകത്തെന്ന പോലെ ബാലൻ ഞെട്ടി വിളിക്കേട്ടു…

തിരിഞ്ഞുനോക്യപ്പോ പിന്നിൽ സാന്ദ്ര..

“സാറെന്താ സ്വപ്നം കാണുവാനോ…? ”

“എന്തെ….??”

“ഞാൻ കുറേ നേരായി നോക്കി നിക്കുവായിരുന്നു. ഇങ്ങോട്ടേക്ക് വന്നപ്പോഴുള്ള മുഖഭാവം അല്ല ഇപ്പൊ…”

“താനെന്തൊക്കെയാ പറയുന്നേ…
തനിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ…? ”

“സാർ അത്….”

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഡാൻസ് കളിക്കുന്നുണ്ടെങ്കിലും ഗൗരിയും ബാലനെ ശ്രദ്ധിച്ചിരുന്നു.

ഇടയ്ക്കുവച്ച് തന്നെത്തന്നെ മതി മറന്ന് നോക്കി നിന്ന ബാലനിപ്പോ സാന്ദ്രയോട് സംസാരിക്കുന്നത് കണ്ടപ്പോൾ നെഞ്ചിലെവിടെയോ ചെറിയ നീറ്റൽ അവൾക്ക് അനുഭവപെട്ടു…

“ന്റെ പിന്നാലെ വെറുതെ നടന്നു സമയം കളയാതെ, കിട്ട്യ സമയം കൊണ്ട് വല്ലോം പഠിച്ചൊരു കരക്കെത്താൻ നോക്ക്…!!”

ബാലൻ ദേഷ്യത്തോടെ സാന്ദ്രയോട് പറഞ്ഞുകൊണ്ട് ഓഡിറ്റോറിയത്തിൽ നിന്ന് വെളിയിലേക്കിറങ്ങി.

“സാർ… പോവല്ലേ…”

സാന്ദ്ര പിന്നിലൂടെ ഓടിച്ചെന്നു

ബാലൻ പോകുന്ന കണ്ടപ്പോൾ തന്നെ സർവ്വതും മറന്ന് ഗൗരിയും അവന്റെ അടുത്തേക്ക് ഓടി…
വാതിൽ വന്നു പുറത്തേക്ക് നോക്കിയപ്പോൾ ബാലന്റെ കയ്യിൽ ബലമിട്ട് സാന്ദ്ര പിടിക്കുന്നുണ്ടായിരുന്നു.

“ആ ആട്ടക്കാരിയെ നോക്കി മതി മറന്ന് നിന്നപ്പോ വിളിച്ചതാണോ സാറിന് ഇത്രക്ക് ദേഷ്യം വരാൻ…?
സാറിന്റെ ഒരു വാക്കിന് ഞാൻ എത്ര കാത്തിരുന്നിട്ടുണ്ട്…!!
സാറിന്റെ ഒരു നോട്ടത്തിന് വേണ്ടി ഞാൻ എത്ര കൊതിച്ചിട്ടുണ്ട്…??”

“ഈ കുട്ടി ഇതെന്താ കാട്ടുന്നെ… താൻ കയ്യെടുത്തെ…ആരെങ്കിലും കാണും…
എനിക്കൂടെ… ചീത്തപ്പേരു ഉണ്ടാക്കി വെക്കരുത് പ്ലീസ്…”

രോഷാകുലനായി ബാലൻ കൈ വലിച്ചു.

“നോക്കട്ടെ എല്ലാരും അറിയട്ടെ …
എനിക്ക് വേണം സാറിനെ…
എനിക്ക് സാറിന്റെ കൂടെ ജീവിച്ചാ മതി…!!”

“നിന്നോടല്ലെടി വിടാൻ പറഞ്ഞെ…?”

സാന്ദ്രയുടെ കൈ തട്ടിമാറ്റി ബാലൻ പറഞ്ഞു.

“ഇല്ല വിടില്ല…!!”

ബാലൻ ദേഷ്യം വന്നു സകലതും മറന്നിരുന്നു. തന്റെ ശിഷ്യയാണ് മുന്നിൽ നിക്കുന്നതെന്ന് ഒരു നിമിഷം ബാലൻ സ്വയം മറന്നു.
അവളുടെ കൈ തട്ടി മാറ്റി….

ബാലന്റെ കൈ പത്തി സാന്ദ്രയുടെ വെളുത്ത കവിളിലേക്ക് പതിച്ചു.

അവളുടെ കണ്ണുകളിലൂടെ കണ്ണുനീർ തുളുമ്പി….

കരഞ്ഞുകൊണ്ടവൾ ക്ലാസിലേക്ക് ഓടി….

എല്ലാം നോക്കികൊണ്ട് ഓഡിറ്റോറിയത്തിന്റെ വാതിൽ ഗൗരി നിന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ടീ എണീക്ക്….
ഇങ്ങനെ കിടന്ന് കരയല്ലേ നീ.”

രമ്യ സാന്ദ്രയെ പിടിച്ചെഴുന്നേൽപ്പിച്ചു.

സാന്ദ്ര ഷാൾ പിടിച്ചു കണ്ണുകൾ തുടച്ചു.

“സാ… സാറെന്നെ തല്ലി…..
എനിക്ക് സഹിക്കാൻ പറ്റുന്നില്ലെടി…
വീണ്ടും കരഞ്ഞുകൊണ്ടവൾ പറഞ്ഞു.

എല്ലാത്തിനും കാരണം അവളാ അവളൊറ്റൊരുത്തി “ഗൗരി….!!”

സാറും അവളുമായി പിണങ്ങിയപ്പോഴാണ് സാർ എന്നോട് സ്നേഹം കാട്ടി അടുത്തത്.
ഒക്കെ…ഒക്കെ അഭിനയമായിരുന്നു…..
അത് വിശ്യസിച്ച ഞാൻ മണ്ടിയും….

എന്നെ മണ്ടിയാക്കാമെന്ന് ആരും വിചാരിക്കണ്ട…!!

ബാലനെ എനിക്ക് കിട്ടിയില്ലെങ്കിലും സാരമില്ല. അവർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ ഞാൻ അനുവദിക്കില്ല.

“സാന്ദ്ര ഒന്നും വേണ്ടടി…
കഴിഞ്ഞത് കഴിഞ്ഞു… നീയിനി അതിന് പ്രതികാരം ചെയ്യാനൊന്നും നടക്കേണ്ട.
രമ്യ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.

“വിട്ട് കളയെടാ..!!” രമ്യ വീണ്ടും അപേക്ഷിച്ചു.

“എന്റെ മനസ്‌ പറയുന്നുണ്ട് രമ്യ അവർ കസിൻസ് ഒന്നുമല്ല…!!”

“എല്ലാം വെറും നാടകമാണ്…!!

“ഞാനിന്നുവരെ കാണാത്ത ഒരു മുഖം ബാലൻ സാറിൽ കണ്ടു…”

“അവളെ നോക്കി മതി മറന്ന് നിക്കുന്ന സാറിനെ…!!!”

“ഇതിൽ നിന്ന് തന്നെ മനസിലാക്കിക്കൂടെ അവർ തമ്മിൽ കസിൻസ് അല്ലെന്ന്…!!

“സാന്ദ്രക്ക് ജീവനുള്ള കാലം സുഖമായി ജീവിക്കാൻ സമ്മതിക്കില്ല അവരെ…”

“ശോ…. ഈ പെണ്ണിനെ കൊണ്ട് തോറ്റു…
ഓരോ ഏടകൂടങ്ങൾ പിടിച്ചു തലേൽ വച്ചോളും..”

രമ്യ അവളെ നോക്കി പറഞ്ഞു…

“ഛീ….. നിർത്തടി…
എനിക്ക് ഒരുത്തീടേം സഹായം വേണ്ട…
ഞാൻ ഒറ്റക്ക് മതി….!!

സാന്ദ്ര എഴുന്നേറ്റു മുഖം കഴുകാൻ വെളിയിലേക്കിറങ്ങി….

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വേണ്ടായിരുന്നു…
അവളെ തല്ലണ്ടായിരുന്നു..
അതെങ്ങനെയാ ചോദിച്ചു വാങ്ങാൻ നിക്കുവല്ലേ…
ബാലൻ അവന്റെ കയ്യിലേക്ക് നോക്കിയിരുന്നു.

സാറെന്തേ..ക്ലാസ് എടുക്കാനൊന്നും പോകുന്നില്ലേ..?
സോഫി ടീച്ചർ ചോദിച്ചു…

“ഏയ്…നിക്ക് ഭയങ്കര തലവേദന…
മാത്രല്ല ക്ലാസ്സിലൊന്നും പിള്ളേരൊന്നുല്ലല്ലോ…
എല്ലാരും പ്രാക്ടീസിലല്ലേ…?”

ബാലൻ സോഫി ടീച്ചറോട് പറഞ്ഞു…

“സാർ ഓഡിറ്റോറിയത്തിലേക്ക് ചെല്ല്.
അവിടെ അറ്റാൻഡ് ചെയ്യാൻ മേഘ ടീച്ചർ മാത്രേ ഉള്ളു…”

“ആണോ…?
എങ്കിൽ ഞാൻ അങ്ങോട്ട് ചെല്ലാം…”

“അപ്പൊ തലവേദന എടുക്കുന്നെന്ന് പറഞ്ഞതോ….?? ”

സോഫിടീച്ചർ പറയുന്ന കേട്ട് ബാലൻ ചിരിച്ചു.

“നമ്മുടെ കുട്ട്യോൾടെ കാര്യത്തിൽ എന്ത് തലവേദനയ ടീച്ചറെ…?”

ബാലൻ ചിരിച്ചുകൊണ്ടെഴുന്നേറ്റു ഓഡിറ്റോറിയത്തിലേക്ക് നടന്നു.

മനസ്സിൽ സന്തോഷത്തിന്റെ കൊടുമുടിയിലാവാൻ ബാലന് അധികം സമയം വേണ്ടി വന്നില്ല.

“ഇനിയിപ്പോ ഗൗരിടെ നൃത്തം കണ്ട് അവിടെ ഇരിക്കാലോ..

സ്വയം പറഞ്ഞുകൊണ്ട് ബാലൻ നടന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ആ…ബാലൻ സാർ വന്നോ…??
എത്ര നേരായിട്ട് നോക്കി ഇരിക്കുവാരുന്നു.
എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ ഒറ്റ ആളില്ലിവിടെ…”

മേഘ ടീച്ചർ കയ്യിലെ പേപ്പേഴ്സ് ബാലൻ സാറിന്റെ കയ്യിലേക്ക് കൊടുത്തു..

“സാറേ ഇവരുടെയൊക്കെ പേരും പ്രോഗ്രാം ഒക്കെ എഴുതി വെക്കുട്ടൊ… ഞാൻ ദാ വരുന്നേ…”

” ടീച്ചർ പോയിട്ട് വാ…”

ബാലൻ മേഘ ടീച്ചറോട് പറഞ്ഞുകൊണ്ട് ഗൗരിയെ തിരഞ്ഞു….

കുറേ നടന്നെങ്കിലും അവിടെങ്ങും തന്റെ ക്ലാസ്സിലെ കുട്ടികളെയും ഗൗരിയേയും കാണാൻ കഴിഞ്ഞില്ല…

മറ്റ് കുട്ടികളോട് കാര്യം തിരക്കിയപ്പോ അവരൊക്കെ ക്ലാസ്സിലേക്ക് പോയെന്ന് അറിഞ്ഞു.

ബാലൻ സാറിന് പോയ തലവേദനയൊക്കെ അതിലും വേഗം തിരിച്ചെത്തി….

ഒടുവിൽ പ്രാക്ടീസ് കഴിയുന്ന വരെ അവിടുന്ന് ഊരി വരാൻ കഴിയാത്ത അവസ്ഥയിൽ ഇരുന്നു…

“ശോ..തലവേദന ആണെന്ന് പറഞ്ഞവിടേലും ഇരുന്ന മതിയാരുന്നു….
ഈ ബഹളത്തിനിടക്ക് എന്നെ കൊണ്ടിട്ടല്ലോ…”

ബാലൻ സ്വയം പറഞ്ഞു കൊണ്ടു തലക്ക് കയ്കൊടുത്തു ഇരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞതും ഗൗരി ബാലനെ നോക്കി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു…

അവൾ ചെല്ലുമ്പോൾ… ടീച്ചേർസ് എല്ലാരും എന്തോ മീറ്റിംഗിൽ ആയിരുന്നു… അത് കണ്ടു കൊണ്ട് അവൾ പുറത്ത് തൂണിൽ ചാരി നിന്നു.

അല്പ നേരത്തിനു ശേഷം… ബാലൻ പുറത്തേക്ക് വന്നു…

അവളെ കണ്ടതും അവൻ ചിരിച്ചു.

“ഇന്ന് ന്താ മേഡം… ബസ് നു പോണില്യേ…?”

അവന്റെ കളിയാക്കിയുള്ള ചോദ്യം കേട്ട്… ഗൗരിക്ക് ദേഷ്യം വന്നു…

“ഹും…!!ന്തേ ഞാൻ ബസിനു പോയിട്ട് വേറെ ആരേലും കൊണ്ടുപോകാൻ ഉണ്ടോ…??”

“ഡീ…ഡീ…ഡീ…”

ബാലൻ ചിരിച്ചു കൊണ്ട് കയ്യൊങ്ങി…

അത് കണ്ട് ഗൗരി ചിരിച്ചു കൊണ്ട് നടന്നു..

“അതെ…എന്തായിരുന്നു ഉച്ചക്കവിടെ സാന്ദ്രയുമായിട്ട്…?”

ഗൗരി ബാലനെ നോക്കി ചോദിച്ചു.

“ഏയ് ഒന്നുല്യ…സാന്ദ്രക്ക് ചെറിയൊരു ഡൌട്ട്…”

ബാലൻ ചിരിയോടെ അവളെ നോക്കി….

“അടിച്ചാണോ ഡൌട്ട് തീർക്കണേ…? ”

“ആഹാ..അപ്പൊ താനെല്ലാം കണ്ടു ലെ…?”

“ഏതെങ്കിലും പെൺപിള്ളേർ പിറകെ വരുമ്പോ നോക്കാതിരിക്കാൻ നിക്ക് പറ്റില്ലല്ലോ…അതോണ്ട് വന്നു നോക്ക്യേ…
ആ ന്നിട്ട് doubt തീർന്നോ.. അവൾടെ..??”

“തീർന്നുകാണണം…”

“ദേ… അങ്ങോട്ട് നോക്യേ.. ബാലേട്ടാ…”

“ന്താടോ…”

“സർന്റെ പ്രിയ ശിഷ്യ… സാർനെ തന്നെ നോക്കി നിൽക്കുന്നുണ്ട്…!!”

ഗൗരി പറഞ്ഞ സ്ഥലത്തേക്ക് നോക്കിയപ്പോ കണ്ടു അവരെ രണ്ടുപേരെയും നോക്കി നിൽക്കുന്ന സാന്ദ്രയെ…

“അവൾ അവിടെ നിൽക്കും… താൻ ഇങ്ങട് കേറിയേ…”

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു കൊണ്ട്… ബാലൻ ഗൗരിയെ വിളിച്ചു…

ഗൗരി വേഗം വണ്ടിയിലേക്ക് കയറി, ബാലനോട് ഒട്ടി ഇരുന്നു… കൈകൊണ്ട് വയറിൽ ചുറ്റി പിടിച്ചു…

“വിട് പെണ്ണേ…എല്ലാരും നോക്കുന്നുണ്ട്ട്ടോ…”

ബാലൻ പതിയെ മിററിലൂടെ നോക്കി പറഞ്ഞു..

“ല്ലാരും കാണട്ടെന്നെ… അതിനിപ്പോ ന്താ…??”

“ഒന്നുല്ലേ…”

ചിരിച്ചു കൊണ്ട് ബാലൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും…
ഫോൺ റിങ് ചെയ്തു.

ബാലൻ വേഗം ഫോൺ എടുത്തു നോക്കി…

“S I സാജൻ ”

എന്നാ പേര് സ്‌ക്രീനിൽ തെളിഞ്ഞു വന്നു…

ബാലൻ കാൾ അറ്റൻഡ് ചെയ്തു… അല്പനേരത്തെ സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം ബാലന്റെ മുഖത്തെ ചിരി മാഞ്ഞു തുടങ്ങിയത് ഗൗരി മിററിലൂടെ കണ്ടു.

(തുടരും)