രചന – അശ്വതി അച്ചൂസ്
അവൾ ജനാലക്ക് അരികിലേക്ക് ഓടി. ഹരിയുടെ കാർ ഒഴുകിയിറങ്ങുന്നത് അവൾക്ക് കാണാമായിരുന്നു. കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അത് നോക്കി നിന്നു. നിറഞ്ഞ കണ്ണുകൾ തുടച്ചു. മുഖം ഒന്ന് കഴുകി കണ്ണാടിയിലേക്ക് നോക്കി. ഒന്ന് ചിരിച്ചു. മതി… ചിരിക്കാൻ പറ്റുന്നുണ്ട്.അല്ലെങ്കിലും വേദന ഉള്ളിൽ വെച്ച് പുറത്തേക്ക് ചിരിക്കാൻ താൻ എന്നേ പഠിച്ചതാണ്.
രാത്രി ആയപ്പോൾ മുതൽ കുട്ടികൾ ചോദിക്കുന്നുണ്ട് ഹരിയെ.
“അച്ഛൻ സ്റ്റോക്ക് എടുക്കാൻ പോയതാണ് ഒരാഴ്ച കഴിഞ്ഞേ വരൂ.”
“അമ്മേ ഒരു. കഥ പറഞ്ഞു തരോ ”
നിച്ചു ചോദിച്ചു
“എനിക്കും ”
അനു കൂടെ പറഞ്ഞപ്പോൾ അവൾ കഥ പറയാൻ തയ്യാറായി.
“കഥ കഴിയുമ്പോഴേക്കും രണ്ടാളും ഉറങ്ങണം എന്നാൽ പറയാം ”
“ആ ”
അവർ രണ്ട് പേരും അവളുടെ രണ്ട് തോളിലും തല ചേർത്തു കിടന്നു.
അവൾ കഥ പറയാൻ തുടങ്ങി
“പണ്ട് പണ്ട് ഒരു വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു. അതിന് വിശന്നാൽ ആ വീട്ടിലെ വീട്ടമ്മയുടെ പിറകെ മ്യാവു മ്യാവു എന്ന് പറഞ്ഞു നടക്കും.
“ശല്യം ഈ പൂച്ചയെ കൊണ്ട് തോറ്റു. ഇങ്ങനെ പെറ്റു പെരുകി നീ എവിടെക്കാ ഇടുന്നെ. ഇവറ്റകളെ നോക്കാൻ എനിക്ക് പറ്റില്ല. നോക്കിക്കോ ഇന്ന് രാത്രി നിന്റെ കുട്ടികളെ ഞാൻ ശരിയാക്കുന്നുണ്ട്.
“എന്തിനാ അമ്മേ കളയുന്നത്. പാവം പൂച്ചാക്കുഞ്ഞുങ്ങൾ അല്ലെ ”
“ഉണ്ണികുട്ടാ നീ ഇതിൽ ഇടപെടേണ്ട. നിനക്ക് പാവം എനിക്കൊരു പാവവും ഇല്ല.”
അവൾ അന്ന് രാത്രി തന്നെ കുഞ്ഞുങ്ങളെ ചാക്കിൽ ആക്കി ദൂരെ ഒരു പറമ്പിൽ കൊണ്ട് കളഞ്ഞു. പിറ്റേന്ന് രാവിലെ മുതൽ അമ്മ പൂച്ച കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്നു. കിട്ടിയില്ല. ഉണ്ണികുട്ടന് വിഷമം ആയി.
സമയം കുറെ കഴിഞ്ഞപ്പോൾ ഉണ്ണികുട്ടനെ അമ്മ ചോറ് ഉണ്ണാൻ വിളിച്ചു. പക്ഷെ അവൻ വന്നില്ല. അവൾ എല്ലായിടത്തും നോക്കി കണ്ടില്ല. അവളുടെ നെഞ്ച് ഇടിച്ചു തുടങ്ങി. മുറ്റത്തിരുന്ന അമ്മയോട് ചോദിച്ചു അമ്മ കണ്ടില്ല. വീട്ടുമുറ്റത്തെ കിണറ്റിലും അരികെ ഉള്ള തോട്ടിലും നോക്കി കണ്ടില്ല.
എന്ത് ചെയ്യും ദൈവമേ എന്റെ മോൻ എവിടെ പോയി. എന്റീശ്വരാ അവൾ തേങ്ങി തേങ്ങി കരഞ്ഞു.
“അമ്മേ”
ഉണ്ണിക്കുട്ടൻ.
അവൾ തിരിഞ്ഞു നോക്കി അലമാരിക്ക് അകത്തു നിന്നും ഉണ്ണിക്കുട്ടൻ ഇറങ്ങി വന്നു. അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു. ഉമ്മ വെച്ചു.
“എവിടെ ആയിരുന്നു ഉണ്ണി അമ്മ എത്ര വിഷമിച്ചു. എന്തിനാ എന്റെ ഉണ്ണി അലമാരയിൽ ഒളിച്ചിരുന്നേ”
പാറു പൂച്ച കരഞ്ഞു കൊണ്ട് വീടിന് ചിറ്റും ഓടി നടക്കുന്നുണ്ടായിരുന്നു
“അവളും കുഞ്ഞുങ്ങളെ കാണാതെ വിഷമിക്കും ഇല്ലേ അമ്മേ ”
ഒരു നിമിഷം അവളുടെ തേങ്ങൽ നിന്നു. കണ്ണുകൾ തുടച്ചു . ഉണ്ണിക്കുട്ടനെ കൂട്ടി ചാക്ക് എടുത്ത് അവൾ നടന്നു.
കുട്ടികളെ കിട്ടിയപ്പോൾ പാറുവിന്റെ ഒരു സന്തോഷം കാണണം.
(കഥ… ആർക്കും കടപ്പാട് ഇല്ല. എന്റെ സ്വന്തം കഥയാണ് )
കഥ പറഞ്ഞു കഴിഞ്ഞ് അവൾ നോക്കി. രണ്ട് പേരും ഉറങ്ങി. പതിയെ രണ്ട് പേരെയും അവൾ താഴെ കിടത്തി.
ആ കഥ പോലെ തന്നെ ആണ് ഇവരും. അമ്മ വരുമ്പോൾ ഒത്തിരി സന്തോഷം ആകുമോ അതോ സങ്കടമോ. ഈശ്വരാ… എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കരുത്ത് നീ ഇവർക്ക് നൽകണേ.
അവൾ ഇപ്പോൾ രണ്ട് പേരുടെയും നടുവിൽ ആണ് കിടക്കാറ് പതിവ്. ഇല്ലെങ്കിൽ ഒരാളുടെ കൂടെ കിടന്നു എന്ന് പറഞ്ഞു വിഷമം ആകും. രണ്ട് പേർക്കും ഉമ്മ നൽകി അവൾ കിടന്നു.
******
രാമകൃഷ്ണൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു വെപ്രാളത്തോടെ വെള്ളം കുടിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി രാമകൃഷ്ണൻ ഇങ്ങനെ ആണ്. അനുവിനെ ഹരി കണ്ടെത്തിയിരിക്കുന്നു. അതിനേക്കാൾ ഭയന്നത് ഒരു കുഞ്ഞ് മരിച്ചു എന്ന് താൻ കരുതിയത് തെറ്റിപ്പോയി. അവൾ ജീവനോടെ ഇരിക്കുന്നു എന്നതാണ്. ദിയ വന്നതും കണ്ടതും എല്ലാം അറിഞ്ഞുകൊണ്ട് തന്നെ. ഞാൻ അവരെ ചതിച്ചത് പോലെ അല്ല വളരെ പ്ലാൻ ചെയ്ത്… അയാൾക്ക് മടുപ്പ് തോന്നി. താൻ തോറ്റു പോയോ. പോയോ എന്നല്ല തോറ്റു പോയി… എല്ലാത്തിനും കൂടെ നിന്ന തന്റെ മകൻ പോലും. അവന്റെ വിവാഹം കഴിഞ്ഞു എന്നത് തന്നെ തന്നെ സമ്പന്ധിച്ചു വലിയ തോൽവിയാണ്. ഇനി എന്താണ് ചെയേണ്ടത് എന്ന് അറിയുന്നും ഇല്ല. ഹരി തന്നെ തിരഞ്ഞു വരുമോ. അവൻ വന്നാൽ എന്ത് ചെയ്യും. ഇനി വിനയൻ എങ്ങാനും ജീവിച്ചിരിപ്പുണ്ടോ…. ഉണ്ടെങ്കിൽ. കണ്ട് പിടിക്കണം. എല്ലാത്തിനും പിറകിൽ അവനാകും ഹരി. ആദ്യം അവനെ തീർക്കണം.
അച്ഛന്റെ മാറ്റം ആദി ശ്രെദ്ധിക്കുന്നുണ്ട്. ചോദിക്കാൻ ഉള്ള ധൈര്യം ഇല്ല എന്ന് മാത്രം. എന്തൊക്കെയോ പ്ലാൻ ചെയുകയാണ്. അച്ഛന്റെ സമയം കഴിഞ്ഞു എന്ന് ഇത് വരെ മനസിലായില്ല. ഇനി അവരുടെ സമയം ആണ്. സത്യത്തിന്റെ സമയം.അവരുടെ ഭാഗത്താണ് സത്യം. ന്യായവും.
*******
പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ് അജി വന്നത്
“ദിയ കേട്ടത് സത്യമാണോ.”
“ഉം… നീ എന്താണ് കേട്ടത് ”
“ഹരി ”
“തത്കാലം മാറി നിന്നു. അതാണ് നല്ലത് ”
“നീ തനിച് എങ്ങനെ മാനേജ് ചെയ്യും ”
“ഹെല്പിന് നീ ഉണ്ടല്ലോ ”
“ഞാൻ ഉണ്ടാകും ”
“അത് മതി.”
“പിന്നെ വേറെ എന്തേലും പ്രശ്നം ഉണ്ടോ ”
“ഉം ”
“എന്തെ ഡാ പറ ”
അവൾ താഴേക്ക് നോക്കി. പിന്നെ അവനെ വിളിച്ചു ബാൽകണിയിൽ വന്നിരുന്നു.
“വിനയനും ശ്രീബാലയും. ജീവിച്ചിരിപ്പുണ്ട് അജി ”
“ആണോ സത്യം ”
അവന്റെ മുഖം പ്രകാശിച്ചു.
“ഉം ”
“എവിടെ ”
“അറിയില്ല.ഹരിയേട്ടൻ അവരെയും കൊണ്ടേ തിരികെ എത്തു. ”
“അതൊരു ഹാപ്പി ന്യൂസ് അല്ലെ. എന്തെ ഇത്ര ലേറ്റ് ആക്കി ”
“അച്ഛന് അവളോട് മതിപ്പില്ലായിരുന്നല്ലോ. ഇപ്പോൾ ആണ് ഒരു ഇഷ്ടം ഒക്കെ വന്നത് അതും കുട്ടികളെ കണ്ടപ്പോൾ രണ്ട് പേരും ഇവിടെ വലുതാകേണ്ടതായിരുന്നു എന്നൊക്ക പറഞ്ഞു കരഞ്ഞു കുറെ.”
“അത് ശരി ”
“സന്തോഷം ഉഉണ്ട് എങ്കിലും ഹരിയേട്ടൻ തിരിച്ച് വീട്ടിൽ എത്തുന്ന വരെ സമാധാനം കിട്ടില്ല.”
“ഇവരെ ഇനി എങ്ങനെ അത് പറഞ്ഞു ബോധ്യപ്പെടുത്തും ”
“അതാണ് ഒരു വിഷമം. എങ്ങനെ എന്ന് എനിക്ക് അറിഞ്ഞൂടാ.
“ഉം ”
“വരുമ്പോഴേക്കും അവരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞ് തയ്യാറാക്കാൻ ആണ് പറഞ്ഞിരിക്കുന്നത്.
“ശരി ഞാൻ ഇറങ്ങട്ടെ എന്നാ ”
“ഉം ”
“എന്തേലും ഹെല്പ് വേണേൽ പറയാണെ ഡാ ”
“ഉം. അജി ഇത് തത്കാലം വേറെ ആരും അറിയണ്ട ”
“ഉം ”
“പിന്നെ നീ അമ്മുവിനെ കണ്ടില്ലേ ”
“ഉം വീട്ടിൽ പോയി കണ്ടു. കാര്യം പറഞ്ഞു. അടുത്ത തവണ അച്ഛനേം അമ്മേം കൂട്ടി വരാം എന്നാ പറഞ്ഞിരിക്കുന്നത്.”
“ആദിദേവ് അറിഞ്ഞില്ലേ ”
“അറിയില്ല. നോക്കാം ”
“ഉം ശരി എന്നാ ”
“ഓക്കേ. സീ യു ”
അവൻ പോയപ്പോൾ വീണ്ടും തനിച്ചായപോലെ തോന്നിപോയി അവൾക്ക്.
******
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. കഥകേൾക്കാൻ വന്ന് കിടന്ന സമയം ദിയ രണ്ട് പേരെയും നോക്കി.
“അമ്മ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ കേൾക്കോ “.
“എന്താണ് അമ്മേ ”
അവൾ ബാഗിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് തിരികെ വന്നിരുന്നുണ്.
“ഇതാരാ അമ്മ ”
“ഇത് അച്ഛന്റെ അനിയത്തി ഇത് അവരുടെ ഹസ്ബെന്റ്.”
“ആണോ. നല്ല. ഭംഗിയുണ്ട് ചേച്ചിയെ.”. “ആ മാമ്മനും നല്ല ഭംഗിയുണ്ട്.”
“അത് ശരി ഇനി അതും പറഞ്ഞു അടി ആയ്കോ രണ്ടും ”
“ഇവരൊക്കെ എവിടെ എമ്മേ.
“ഇപ്പൊ എവിടാണെന്ന് അമ്മയ്ക്ക് അറിയില്ല. പക്ഷെ പപ്പാ വരുമ്പോൾ ഇവരെയും കൊണ്ട് വരും.”
“ഇവരെ കൊണ്ട് വരാൻ ആണോ പപ്പാ പോയത് ”
“ആ അനു കുട്ടി ”
“അവർക്ക് തനിച്ചു വന്നൂടെ ”
“വരാം പക്ഷെ അച്ചാച്ചന് പണ്ട് ഇവരെ ഇഷ്ടം അല്ലായിരുന്നു “.
“അതെന്താ ”
“ആ ചേച്ചി കല്യാണത്തിന്റെ തലേ ദിവസം വേറെ ഒരാളുടെ കൂടെ പോയി. അത് കൊണ്ട് അച്ചാച്ചന് അവരോട് ദേഷ്യം ആയിരുന്നു ‘
“എന്നിട്ട് ഇപ്പോ ദേഷ്യം മാറിയോ അമ്മേ ”
“ഉം മാറി ”
“അതെങ്ങനെ ”
“അവരുടെ കുട്ടികളെ കണ്ടപ്പോൾ അച്ചാച്ചന് വിഷമം ആയി. അപ്പൊ അച്ചാച്ചന് അവരെ ഇഷ്ടം ആയി ”
“ആണോ അപ്പോ ആ കുട്ടികൾ എവിടെ ”
ദിയ ഫോട്ടോ മാറ്റി വെച്ചു. രണ്ട് പേരുടെയും മുഖത്തേക്ക് നോക്കി.
“ആ കുട്ടികൾ നിങ്ങൾ രണ്ട് പേരുമാണ്. അത് നിങ്ങളുടെ അച്ഛനും അമ്മയും ആണ് ”
“അച്ഛനും അമ്മയുമോ അപ്പോ… ഇതല്ലേ ഞങ്ങടെ അമ്മ ”
അവൾ ദിയയെ തൊട്ട് പറഞ്ഞു.
അവൾ അല്ല എന്ന് തലവെട്ടിച്ചു.
“അമ്മ പറ്റിക്കുന്നതാ അനു ഇത് തന്നെ നമ്മുടെ അമ്മ ”
അനു പക്ഷെ അത് അങ്ങനെ ആണെന്ന് തോന്നിയില്ല.
അനു അല്ല എന്ന് തലയാട്ടി.
“അതെ… അമ്മ അല്ലെ നമ്മളെ കുളിപ്പിക്കുന്നെ ഭക്ഷണം തരുന്നേ പഠിപ്പിക്കുന്നെ കളിപ്പിക്കുന്നെ അമ്മ അല്ലെ നമ്മൾ കെട്ടിപിടിച്ചു കിടന്നു ഉറങ്ങാറുള്ളത്. അപ്പൊ ഇത് തന്നെ നമ്മുടെ അമ്മ.”
ദിയയുടെ കണ്ണുകൾ നിറഞ്ഞു.
അനു ആ കണ്ണുകൾ തുടച്ചു
“അമ്മ എന്തിനാ കരയുന്നെ ”
അവൾ ഒന്നുമില്ലെന്ന് തല വെട്ടിച്ചു.
“എനിക്ക് മനസിലായി…. ഈ ഫോട്ടോയിൽ ഉള്ളതാണ് ശരിക്കും അമ്മ അല്ലെ അമ്മേ ”
“ഉം ”
നിച്ചുവിന്റെ മുഖം വാടി
“അപ്പോ ആ അമ്മ വന്നാൽ ഞങ്ങളെ അമ്മേടെ അടുത്ത് നിന്ന് കൊണ്ടുപോകോ ”
“ഇല്ല ”
“ഞാൻ പോകില്ല ”
എന്ന് പറഞ്ഞു നിച്ചു അവളെ കെട്ടിപിടിച്ചു.
“ഞാനും പോകില്ല ”
എന്ന് പറഞ്ഞു അനുവും വട്ടം പിടിച്ചു.
ദിയ നിറഞ്ഞ കണ്ണുകൾ തുടക്കാൻ ആകാതെ രണ്ട് പേരെയും ചേർത്ത് പിടിച്ചു. ഈശ്വരാ ഈ കുട്ടികൾ ഇത്ര അധികം എന്നേ സ്നേഹിക്കുന്നുണ്ട് എങ്കിൽ അവരുടെ അമ്മയേയും ഇതിൽ കൂടുതൽ സ്നേഹിക്കാൻ കഴിയും… കഴിയണേ.
*********
ആദി പതിയെ അച്ഛനെ നോക്കി.
“അച്ഛാ ഞാൻ രണ്ട് ദിവസം കഴിഞ്ഞേ വരൂ ”
“എങ്ങോട്ടാ ”
“എറണാകുളത്തേക്ക് ”
“ഉം ”
സമ്മതം കിട്ടിയപ്പോൾ അവൻ പുറപ്പെട്ടു.
ഞാൻ അറിയാതെ ഒരു കുടുമ്പം ഉണ്ടായി അവന് എന്ന്. ഒരു ഭാര്യയുണ്ട് എന്ന് കുഞ്ഞ് ഉണ്ടായി എന്ന്. താൻ അപ്പോൾ ആരായി . ഹും വേസ്റ്റ്…. വെറും വേസ്റ്റ്.
അയാൾ അകത്തേക്ക് നോക്കി. സരയു നിൽക്കുന്ന കണ്ടു. അയാൾ അകത്തേക്ക് ചെന്നു.
“പണി കഴിഞ്ഞെങ്കിൽ മുകളിലേക്ക് വാടി ”
അവൾ തലയാട്ടി.
ആദി സ്റ്റോക്ക് എടുക്കാൻ പോകുന്ന ദിവസങ്ങളിൽ മുൻപ് തന്നെ ഇത്പോലെ വിളിച്ചു പരിചയം ഉള്ളത് കൊണ്ട് അവൾ അല്പം ഭയത്തോടെ പടികൾ കയറി.

by