രചന – അശ്വതി അച്ചൂസ്
അവൾ തിരിഞ്ഞു നോക്കി.
“ഓഫിസിലെ ആണ് ”
ഹരി പറഞ്ഞു.
അവൾ അവരെ കണ്ട് എണീറ്റു .
“നമസ്കാരം മേഡം ”
അവൾ തിരികെ കൈ കൂപ്പി ഒരു പുഞ്ചിരി നൽകി.
“ഇരിക്കു. ഞാൻ… ചായ എടുക്കട്ടെ ”
“വേണ്ട മേഡം. ബുന്ധിമുട്ടില്ല എങ്കിൽ തണുത്തത് എന്തെങ്കിലും ”
അവൾ ഹരിയുടെ ബെഡ് അല്പം ഉയർത്തി വെച്ചു. സംസാരിക്കാൻ പാകത്തിന് പറ്റിയ പോലെ.
“ശരി. ഹരിയേട്ടാ ഞാൻ എടുത്തിട്ട് വരാം ”
അവൻ തലയാട്ടി
“സാർ… പുതിയ ലോഡ് എത്തിയില്ല.”
“ഓ അതെന്താ ”
“അത് ശരിയാകും മുന്നേ സാർ ഇങ്ങോട്ട് തിരിച്ചു എന്നാണ് അവിടെ നിന്ന് പറഞ്ഞത് ”
അവൻ ആലോചിച്ചു.
ശരിയാണ് നിച്ചുവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ താൻ പെട്ടന്ന് പുറപ്പെടുകയായിരുന്നു.
“ആ ശരിയാണ് ”
“സാർ ഇനി എന്നാ പോകാൻ പറ്റുക ”
“അത് സാരമില്ല. നാളെ ദിയ എടുത്ത് കൊണ്ട് വന്നോളും.
“ആ മതി ആരാ വരിക എന്ന് സാർ ഒന്ന് വിളിച്ചു പറയണേ ”
“അത് ഞാൻ പറഞ്ഞോളാം ”
ദിയ ചായയുമായി വന്നു.
“ചായ കുടിക്കൂ ”
“താങ്ക് യു മേഡം ”
“ദിയ. നാളെ താൻ സ്റ്റോക്ക് എടുക്കാൻ പോകണം കേട്ടോ ”
“ഞാൻ പോയ്കോളാം ഹരിയേട്ടാ ”
“അപ്പോ കാര്യങ്ങൾ ശരിയായല്ലോ നിങ്ങൾ പൊയ്ക്കോ ഇത് ഞാൻ വിളിച്ചു പറഞ്ഞോളാം ”
“ശരി സാർ ”
അയാൾ ഗ്ലാസ് തിരികെ നൽകി.
“ശരി മേഡം ”
അവർ പോയി കഴിഞ്ഞ് ദിയ അവനെ നോക്കി
“എങ്ങോട്ട് പോകുന്ന കാര്യം ആണ് ഹരിയേട്ടാ ”
“സ്റ്റോക്ക് എടുക്കാൻ.എല്ലാം ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട് താൻ എനിക്ക് പകരം ഒന്ന് സൈൻ ചെയ്ത് കൊണ്ട് വന്നാൽ മതി ”
“ഞാൻ… തനിച്ചോ ”
” വേണ്ട അജിയെ കൂട്ടിക്കോ”
അത് പറഞ്ഞപ്പോൾ അവൾ അവനെ തലയുയർത്തി നോക്കി
“എന്തെ ”
“ഒന്നൂല്ല ”
“മനസിലായി. അവൻ എന്താ താൻ വിളിച്ചാൽ വരില്ലേ ”
“വരും ”
“പിന്നെ എന്താ ”
“ഹരിയേട്ടൻ കാര്യമായിട്ടാണോ ഇതൊക്കെ “.
“പിന്നെ തമാശയാണോ.”
“എന്നാ ഞാൻ ഒന്ന് വിളിക്കട്ടേ ”
അവൾ ഫോണിൽ നമ്പർ ഡയൽ ചെയ്തു.
“എന്താടോ ”
“എടാ നിനക്ക് എന്റെ കൂടെ കോയബത്തൂർ വരെ ഒന്ന് വരാൻ പറ്റോ ”
“പിന്നെ എവിടെ വേണേലും വരാം പക്ഷെ ”
“പക്ഷെ ”
“ഹരിയുടെ പൂർണസമ്മതം ഉണ്ടേൽ മാത്രം ”
“എന്നാ നീ നാളെ തന്നെ രണ്ട് ദിവസം നിൽക്കാൻ ഡ്രസ്സ് ഒക്കെ എടുത്തു വാ
“ഓക്കേ. ”
“അപ്പോ നാളെ കാണാം ”
ഫോൺ കട്ട് ചെയ്ത് ഹരിയെ നോക്കി.
“ഓക്കേ അല്ലെ ഹരിയേട്ടാ ”
“അതേടോ. താൻ എനിക്ക് കുടിക്കാൻ ഒരു ചായ എടുത്ത് തന്നെ ”
“ഉം ”
അവൾ താഴേക്ക് പോയി
ഹരിയുടെ മുഖം ചുളിഞ്ഞു
എന്താണ് അജിയുടെ ഒരു ഇന്റെരെസ്റ്റ്. പോകുന്നു കാര്യം പറഞ്ഞപ്പോൾ തന്നെ ചാടി കേറി വന്നിരിക്കുന്നു. അവനിട്ടു ഒരു പണി വെച്ചിട്ടുണ്ട്. നാളെ വരട്ടെ.
“ഹരിയേട്ടാ ”
“ആ ”
“ഞാൻ പോയാൽ ഹരിയേട്ടന്റെ കാര്യം ഒക്കെ ആര് നോക്കും ”
“രണ്ട് ദിവസത്തിന് വേണേൽ ഒരു ഹോം നഴ്‌സിനെ വെയ്ക്കാം ”
അവൾ കണ്ണ് തുറുപ്പിച്ചു നോക്കി.
“അമ്മ ഉണ്ടല്ലോ. അച്ഛനെ പറഞ്ഞയച്ചാൽ ശരിയാകില്ല അതാ നിന്നോട് പോകാൻ പറഞ്ഞത്.”
“നിച്ചു മോളോ ”
“അവൾ നിന്നെ വിട്ട് രണ്ട് ദിവസം നിൽക്കട്ടെ. അതൊക്കെ പഠിക്കണ്ടേ ”
“അവൾ കൊച്ചല്ലേ ”
“ഇപ്പോഴേ ശീലിക്കുന്നത് നല്ലത് ”
“ഈ ഹരിയേട്ടൻ ചില നേരത്ത് ഒരു കൂറ സ്വഭാവം ആണ് ”
“അല്ലാത്തപ്പോഴോ ”
“അത് ഇപ്പോ പറയാൻ മനസില്ല ”
അവൻ ചിരിച്ചു.
രാത്രി
“നിച്ചു ”
“എന്താ അമ്മ ”
“അമ്മ കടയിൽ സ്റ്റോക്ക് എടുക്കാൻ പോവാണ്. രണ്ട് ദിവസം കഴിഞ്ഞേ വരൂ ”
അവളുടെ മുഖം വാടി
“പപ്പയ്ക്ക് പോകാൻ പറ്റാത്തത് കൊണ്ടല്ലേ ചക്കരെ.”.
അവൾ പെട്ടന്ന് എണീറ്റു ദിയയെ കെട്ടിപിടിച്ചു.
“എന്റെ മോള് നല്ല കുട്ടി ആയി അമ്മമ്മ പറയുന്നതൊക്കെ കേട്ട് നിൽക്കണം കേട്ടോ ”
“ഉം ”
“വരുമ്പോ എന്താ മോൾക്ക് കൊണ്ട് വരണ്ടത് ”
“ഒന്നും വേണ്ട അമ്മ വേഗം വന്നാൽ മതി.”
അവൾ ദിയയുടെ നെഞ്ചോട് ചേർന്ന് ഉറങ്ങി.
ഇത്ര സ്നേഹം ഉള്ള ഒരു മകൾ. അപ്പൊ അവളുടെ അമ്മയും അത്രയും സ്നേഹം ഉള്ളവൾ ആയിരിക്കും. ആരാണ് അവനെ കൊന്ന് കളഞ്ഞത്. നിച്ചുവിന്റെ കൂടെപ്പിറപ്പ് എവിടെ കണ്ട് പിടിക്കാൻ എന്താണ് ഒരു വഴി. അവൾ പതിയെ എഴുന്നേറ്റു. ഷെൽഫ് തുറന്ന് ഹരി പറഞ്ഞ പെട്ടി തപ്പിയെടുത്തു.
അത് തുറന്നപ്പോൾ ഒരു താക്കോൽ കിട്ടി. ഇതായിരിക്കും ആ വീടിന്റെ താക്കോൽ. അവൾ ഹരിയെ നോക്കി. ഉറക്കമാണ്. പിന്നെ ഭദ്രമായി താൻ പാക്ക് ചെയ്ത ബാഗിൽ വെച്ചു.
*******
അജി വരുമ്പോൾ ദിയ പോകാൻ തയ്യാറാവുകയ്യായിരുന്നു.
അവൻ ഹരിക്ക് അരികിൽ ഇരുന്നു
“ഹരി ”
“ഉം?”
“ഹരി സമ്മതിച്ചോ എന്നെ കൂടെ ദിയക്ക് ഒപ്പം അയക്കാൻ ”
“എനിക്ക് പോകാൻ പറ്റില്ല. പിന്നെ അവൾക്ക് വിശ്വാസമുള്ള ഒരാളെ അവൾക്ക് ഒപ്പം അയക്കാൻ പാടുള്ളൂ. അതാ തന്ന ഏല്പിക്കുന്നത് ”
“ഓ അല്ലാതെ ഹരിക്ക് വിശ്വാസം ഉണ്ടായിട്ടല്ല അല്ലെ “”
അവൻ തല ചെരിച്ചു നോക്കി
“ദിയ എവിടെ ”
“അകത്താണ് ”
“എനിക്ക് തന്നെ വിശ്വാസം ഇല്ല പക്ഷെ എന്റെ ദിയയെ എനിക്ക് വിശ്വാസം ആണ് മനസ്സിലായോ ”
അവൻ മറുപടി പറഞ്ഞില്ല. പകരം അവനെ ഒന്ന് നോക്കി എണീറ്റു.
“നിൽക്ക് ”
“ഹരി നിന്നു
“ദിയ എല്ലാം നിന്നോട് പറഞ്ഞു എന്ന് എനിക്ക് ഉറപ്പാണ്. അവൾ അത് അന്വേഷിക്കാൻ പോകും. അതിന് കൂട്ട് വിളിക്കുന്നത് തീർച്ചയായും നിന്നെ ആയിരിക്കും. പറഞ്ഞല്ലോ അവൾക്ക് ഈ ലോകത്തു വിശ്വാസം ഉള്ളത് നിന്നെയാണ് എന്ന്. ”
ഒരു നിമിഷം അജി ഞെട്ടി.
“ഇതൊക്കെ ഹരിക്ക് എങ്ങനെ അറിയാം ”
“അവളെ കൊണ്ട് ഒരു കള്ളത്തരം ചെയ്യ്ക്കാൻ എനിക്കാവില്ല. അത് കൊണ്ട് അവൾ അന്വേഷിക്കട്ടെ. അവസരം ഞാൻ തന്നെ കൊടുക്കുന്നു. പക്ഷെ ഇതെല്ലാം എനിക്കറിയാം എന്ന് ഒരു കാരണവശാലും അവൾ അറിയരുത് ”
അവൻ തലയാട്ടി
“എന്നാ താൻ പൊയ്ക്കോ ”
അവൻ താഴേക്ക് ഇറങ്ങി.
‘ദിയ ഞാൻ താഴെ ഉണ്ട് ”
“ആ ഞാൻ ഇപ്പോ വരാം ”
അവൾ ഒരു മെറൂൺ കളർ സാരി ചുറ്റി വന്നു.
ഹരിയുടെ നെറ്റിയിൽ പതിയെ ഉമ്മ വെച്ചു
“പോയിട്ട് വരട്ടെ ”
“ഉം. എത്തീട്ട് വിളിക്കോ.”
“ഉം ”
“എന്തേലും ഡൌട്ട് ഉണ്ടേൽ വിളിക്കണം ഓക്കേ ”
“ഉം ”
“എന്നാ ഇറങ്ങിക്കോ ”
അവൾ വാതിക്കൽ എത്തി തിരിഞ്ഞു നോക്കി.
ഹരിയേട്ടാ…. ഞാൻ പോകുന്നത് നിച്ചുവിന്റെ കൂടെ പിറപ്പിനെ തേടിയാണ്. ഹരിയേട്ടനിൽ നിന്ന് ആരാണ് അവളെ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്ന് അറിയുന്നില്ല പക്ഷെ തനിക്ക് അത് കണ്ട് പിടിച്ചേ പറ്റൂ.
“പോകുന്നില്ലേ ”
ഹരിയുടെ ശബ്ദം അവളെ ഉണർത്ത
അവൾ കൈ ഉയർത്തി യാത്ര പറഞ്ഞു.
ഹരിയുടെ മനസ്സിൽ ഒരു വിങ്ങൽ നിറഞ്ഞു. അവൾ പോകുന്നത് ജനലിലൂടെ അവൻ നോക്കി കിടന്നു. അവൾ പോയപ്പോൾ തന്റെ വീട് ആയിരിന്നിട്ട് കൂടി തനിക്ക് ഇത്ര ഒറ്റപ്പെടൽ ഉണ്ടെങ്കിൽ താൻ പോകുമ്പോൾ അവൾ എത്ര ഒറ്റപ്പെട്ടിരിക്കും. സാരമില്ല പോയിട്ട് വരട്ടെ.
അവൻ പതിയെ എഴുനേൽക്കാൻ ശ്രെമിച്ചു. ആദ്യം ഒന്ന് വീഴാൻ പോയി എങ്കിലും
അവൻ പതിയെ സ്റ്റിക്ക് ഉപയോഗിച്ച് നടന്നു. ഷെൽഫ് തുറന്ന് ബാഗിൽ താക്കോൽ ഉണ്ടോ എന്ന് നോക്കി. ഇല്ല എന്ന് ഉറപ്പായിരുന്നു. എന്നാലും ഒന്ന് ഉറപ്പ് വരുത്താൻ നോക്കി എന്നേ ഉള്ളൂ. ദിയ. അവളെ താൻ മനസിലാക്കിയ പോലെ മറ്റാരും മനസിലാക്കിയിട്ടില്ല. ശരിക്കും പറഞ്ഞാൽ അവൾക്ക് ഒരു അന്വേഷണത്തിന് വേണ്ട സൗകര്യം താൻ ആയി ഒരുക്കി കൊടുത്തു എന്നേ ഉള്ളൂ. നോക്കട്ടെ അവൾ എങ്ങനെയാണ് അതിലേക്ക് എത്തിച്ചേരുന്നത് എന്ന്. തനിക്ക് കടന്ന് ചെല്ലാൻ കഴിയാത്ത ഒരിടം അത് എവിടെയായിരുന്നാലും അവൾക്ക് അങ്ങോട്ട് എത്താൻ പറ്റും പറ്റണം…. നിച്ചുവിന്റെ കൂടെ വന്നവളെ കണ്ടെത്തണം.
*******
യാത്രയിൽ ഉടനീളം ദിയ നിശബ്ദയായിരുന്നു. ഒടുവിൽ വണ്ടി വന്ന് കരിയിലകളാൽ മൂടപ്പെട്ട വീടിന് മുന്നിൽ വന്ന് നിന്നപ്പോൾ അവൾ കൗതുകത്തോടെ നോക്കി. പതിയെ ഡോർ തുറന്ന് ഇറങ്ങി
“ദിയ വല്ല പാമ്പോ മറ്റോ കാണും നിൽക്കു.”
അവൾ നിന്നു. രണ്ട് പേരുടെ സ്വപ്നം കൊണ്ട് നടന്ന ഒരു വീട്. ഒടുവിൽ ആ സ്വപ്നം വിരിഞ്ഞു മണ്ണിൽ ഇറങ്ങിയപ്പോൾ നഷ്ടങ്ങൾ മാത്രം ബാക്കി. തനിക്കും….
അജി താക്കോൽ എടുത്തു വാതിൽ തുറന്നു. ആകെ മുഷിഞ്ഞ മണമായിരുന്നു അതിനുള്ളിൽ. മാറാല പിടിച്ച്… പൊടി നിറഞ്ഞ ഒരു വീട്. അവൾ പതിയെ അകത്തേക്ക് നടന്നു
“ദിയ സെന്റി അടിക്കാൻ സമയം ഇല്ല. എന്നോർമ്മ വേണം ”
“വരുന്നു ”
“എന്താ നോക്കേണ്ടത്”
“വാ അവർ തുടങ്ങിയ സ്ഥാപനത്തിന്റെ എന്തെങ്കിലും ഇവിടെ ഇരിപ്പുണ്ടാകും നോക്കാം ”
“ഓക്കെ ”
അലമാരയും മറ്റും തുറന്ന് അവർ പരിശോധന തുടങ്ങി. പലപ്പോഴും ദിയ തിരച്ചിൽ മറന്ന് നോക്കി നിന്നു. ആ അലമാരയിൽ അവരുടെ ഫോട്ടോ ഉണ്ടായിരുന്നു. ഗർഭിണി ആയിരിക്കുമ്പോൾ എടുത്ത ഒരു ഫോട്ടോ. ഇതാണ് അനിയത്തി…
അവരുടെ ഭർത്താവും.അവരുടെ സ്വപ്നങ്ങളും.
“അജി ”
“ഉം ”
അവൾ ഫോട്ടോ കാണിച്ചു
“ഹരിയേട്ടന്റെ അനിയത്തി… അവരുടെ ഭർത്താവും ”
അവൻ ആ ഫോട്ടോ വാങ്ങി നോക്കി തിരികെ നൽകി. ദിയ അത് തന്റെ ബാഗിൽ വെച്ചു.
“ദിയ ”
അവൾ തിരിഞ്ഞു നോക്കി
അവൻ ഒരു ചുവന്ന നിറമുള്ള ഫയൽ പൊക്കി കാണിച്ചു
അവൾ പതിയെ അത് തുറന്ന് നോക്കി
ടു ടിൻസിന്റെ എഗ്രിമെന്റ് ഫയൽ.
അത് പ്രകാരം വിനയന്റെ കാലശേഷം അവരുടെ കുട്ടികൾക്കാണ് കൈവശം വക്കാൻ അവകാശം. അല്ലെങ്കിൽ പാർട്ണർക്ക് മുഴുവൻ സ്വന്തമാകും.
അങ്ങനെയെങ്കിൽ ആരാണ് പാർട്ണർ.
അവൾ അടുത്ത പേജ് നോക്കി.
ഒരു ആദിദേവ്. അഡ്രസ് താഴെ തന്നെ ഉണ്ട്. ആരാണ് അത്. അച്ഛന്റെ പേര് രാമകൃഷ്ണൻ. ആ പേര് എവിടെയോ കേട്ടിട്ടുണ്ട്. ഒരു പക്ഷെ ഹരിയേട്ടൻ പറഞ്ഞ കഥയിലെ രാമകൃഷ്ണൻ തന്നെ ആണോ ഇയാളും. ഒരുപക്ഷെ ഹരിയേട്ടന് ഇയാളെക്കുറിച്ച് അറിയില്ലായിരിക്കും. ഇങ്ങനെ ഒരു പാർട്ണറുടെ പേര് പറയുന്നത് ഓർമയിൽ ഇല്ല. മതി ബാക്കി പിന്നെ നോക്കാം. വീട്ടിൽ ചെന്നിട്ട് നോക്കാൻ സമയം ഉണ്ട്. ഇവിടെ ചെയ്തു തീർക്കാൻ ആണ് സമയം ഇല്ലാത്തത്.
“അജി പോകാം ”
“വന്നത് കിട്ടിയോ ”
“ഉം മതി. വാ.”
അവൾ എല്ലാം എടുത്ത് നടന്നു.

by