19/04/2026

ആത്മിക : അവസാന ഭാഗം

രചന – ശിവനന്ദ

ഋതുക്കൾ പലതും മാറി വന്നു. ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കാലവും കടന്നുപോയി. അങ്ങനെ അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ഒരു പുലർക്കാലം. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും കൊണ്ടുവന്ന ചായ ടേബിളിൽ വെച്ചിട്ട് ടീന ഉറങ്ങികിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു.. നാല് വയസുകാരൻ ടിന്റു എന്ന “വിഹാൻ.ടി.ജെയിംസ്”… അവന്റെ നെറ്റിയിൽ ഒരുമ്മ നൽകി പുതപ്പ് നല്ലതുപോലെ പിടിച്ചിട്ട് അവൾ എഴുന്നേറ്റതും പിന്നിൽ നിന്നും രണ്ട് കൈകൾ അവളെ പുണർന്നിരുന്നു. “ഒന്ന് വിട് ജയ്ച്ചാ…” “എന്റെ ടീനു.. നീ വന്ന് വന്ന് ഒട്ടും റൊമാന്റിക് അല്ലാട്ടോ” “ആണോ.. എന്നിട്ട് ഇന്നലെ രാത്രിയിൽ പൊന്നുമോൻ ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞത്” ഇടുപ്പിൽ കൈകുത്തി പുരികം വളച്ചുള്ള അവളുടെ ചോദ്യത്തിന് ഒന്ന് ഇളിച്ചുകാണിച്ചുകൊണ്ട് അവൻ ചായക്കപ്പും എടുത്ത് ബെഡിൽ ഇരുന്നു.

“ഞാൻ അപ്പുറത്തേക്ക് പോകുവാ.മോൻ എഴുന്നേറ്റാൽ അവനുള്ള ചായ എടുത്ത് കൊടുത്തേക്കണേ” “മമ്മി ഇവിടില്ലേ??” “പപ്പയും മമ്മിയും പള്ളിയിൽ പോയി..” ടീന പോകാനായി തിരിഞ്ഞതും ജെയിംസ് അവളുടെ കൈയിൽ പിടിച്ച് വലിച്ചു അവന്റെ മടിയിൽ ഇരുത്തി.കപ്പ്‌ മാറ്റിവെച്ച് അവളുടെ മുടിയിഴകളിലൂടെ അവൻ വിരലോടിച്ചു..തലയ്ക്കു പിന്നിൽ കൈവെച്ച് അവളുടെ മുഖം അടുപ്പിച്ചതും കൃത്യം അവന്റെ ചുണ്ടിൽ തന്നെ അവളുടെ അധരം പതിഞ്ഞു… ചുംബനത്തിന്റെ ചൂട് അവളുടെ ശരീരത്തിലേക്ക് പടർന്നെങ്കിലും പെട്ടെന്ന് തന്നെ അവനെ തള്ളിമാറ്റി അവൾ എഴുന്നേറ്റു. “വെരി സോറി.. രാവിലെ എനിക്ക് ഒട്ടും ടൈം ഇല്ലെന്ന് അറിയാലോ” “രാവിലെയുള്ള ഈ കളരിയ്ക്കൽ വിസിറ്റ് ഇന്നുംകൂടിയല്ലേ ഉള്ളു.. നാളെ തൊട്ട് ഞാൻ ശരിയാക്കി തരാം” മീശ പിരിച്ച് അവൻ പറയുന്നത് കേട്ട് ചുണ്ട് കൊണ്ട് ഉമ്മ നൽകുന്നത് പോലെ കാണിച്ചിട്ട് അവൾ നേരെ കളരിയ്ക്കലേക്ക് പോയി.

അവിടെ അപ്പോൾ കത്രീനാമ്മ അടുക്കളയിൽ കാര്യമായ പണിയിൽ ആയിരുന്നു. “ഇവിടെ ആരും എഴുന്നേറ്റില്ലേ അമ്മച്ചി??” “ഹാ നീ വന്നോ… ആൽബി എഴുന്നേറ്റെന്ന് തോന്നുന്നു.. ഈ ചായ അവന് കൊടുത്തേക്ക്”…….. “ചിക്കുമോളോ??” “നീ ചെന്ന് വിളിക്കാതെ ആ കുറുമ്പി എഴുന്നേൽക്കില്ലല്ലോ” കത്രീനാമ്മ വീണ്ടും പാചകത്തിലേക്ക് തിരിഞ്ഞതും ആൽബിയ്ക്കുള്ള ചായയുമായി ടീന മുകളിലേക്ക് ചെന്നു.അവൾ വാതിൽ തുറന്നതും കണ്ണാടിയിൽ നോക്കി പാട്ടും പാടി മുടിയും ചീകി നില്പുണ്ട് അവൻ. 🎶ഒരു നറുപുഷ്പമായി… എന്നേർക്ക് നീളുന്ന… മിഴിമുനയാരുടേതാവാം..🎶 “ആ മിഴിമുനയുടെ ആള് ഇതുവരെ എത്തിയിട്ടില്ല മോനേ.. വന്നിട്ട് പോരേ ഈ പാട്ടൊക്കെ” മറുപടി പറയാതെ കള്ളച്ചിരിയോടെ അവളുടെ കൈയിൽ നിന്ന് ചായയും വാങ്ങി അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി.

“ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ നിന്റെ അമ്മൂട്ടിയെ??” “പിന്നല്ലാതെ.. മാസങ്ങൾ കൂടുമ്പോഴല്ലേടീ എന്റെ പെണ്ണിനെ ഞാനൊന്ന് കാണുന്നത്”…… “അതുകൊണ്ടാണല്ലോ മോൻ കഷ്ടപ്പെട്ട് അവൾക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ ശരിയാക്കിയത്..അല്ല അമ്മു എപ്പോൾ എത്തും??” “ഉച്ചക്ക് വരും..എനിക്ക് ഒരു കോൺഫറൻസ് ഉള്ളത് കൊണ്ട് ജെറി പിക്ക് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്.”…. “ജെറിയുടെ കാര്യം പറഞ്ഞപോഴാ ഓർത്തത്.. ഫ്രാൻസി അങ്കിൾ എന്നെ വിളിച്ചിരുന്നു”…….. “എന്നെ വിളിച്ച് കിട്ടാത്തത് കൊണ്ടായിരിക്കും നിന്നെ വിളിച്ചത്..കാര്യം ഒന്ന് തന്നെയല്ലേ..” “മ്മ്മ്.. ആകെയുള്ളയൊരു മോന്റെ കല്യാണം കാണണമെന്ന് അവർക്കും കാണില്ലേ ആഗ്രഹം”….. “നമുക്ക് എന്ത് ചെയ്യാൻ പറ്റും ടീനു..നിർബന്ധിച്ച് കെട്ടിക്കാൻ പറ്റില്ലല്ലോ..

രണ്ട് ദിവസം മുന്നേ ഇളയപ്പന്റെ ആവശ്യം ഞാൻ അവനോട് പറഞ്ഞു.. അവൻ നേരെ ചെന്ന് അമ്മച്ചിയോട് ചോദിക്കുവാ.. അപ്പച്ചൻ മരിച്ചിട്ട് അമ്മച്ചി എന്താ വേറെ കല്യാണം കഴിക്കാഞ്ഞതെന്ന്??”………. “അടിപൊളി..എന്നിട്ട് അമ്മച്ചി എന്ത് പറഞ്ഞു?” “ഒറ്റക്കാകുന്നവർക്കല്ലേ കൂട്ട് വേണ്ടത്.. അമ്മച്ചിക്ക് കൂട്ടിന് നമ്മൾ മക്കൾ ഉണ്ടായിരുന്നു.. പോരാത്തതിന് ഒരായുഷ്കാലം മുഴുവൻ ഓർത്തിരിക്കാനുള്ള സ്നേഹം തന്നിട്ടാ അപ്പച്ചൻ പോയതെന്ന്.. അത് കേട്ടിട്ട് ജെറി എന്നെയൊരു നോട്ടം..ആ അവനോട് ഞാനിനി എന്ത് പറയാനാ” ………”ശരിയാ..കൊച്ചുകുട്ടി അല്ലല്ലോ..ജീവിതത്തെ കുറിച്ച് തീരുമാനം എടുക്കാനുള്ള അവകാശം അവനുണ്ട്..ഞാൻ പോയി മോളെ നോക്കട്ടെ” ജെറിയുടെ മുറിയിൽ ചെല്ലുമ്പോൾ അവൻ നല്ല ഉറക്കമായിരുന്നു.. അവന്റെ നെഞ്ചിലെ ചൂടുപറ്റി കിടപ്പുണ്ട് കളരിയ്ക്കൽ വീട്ടിലെ കുട്ടികുറുമ്പി…രണ്ടര വയസുകാരി “ആഗ്നേയ ആൽബിൻ കളരിയ്ക്കൽ”..എല്ലാവരുടെയും ചിക്കു…

ടീന കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി.. ഡെലിവറി കഴിഞ്ഞ് മൂന്നാം മാസം അമ്മു പാലക്കാട് സബ് കളക്ടറായി പോയപ്പോൾ മുതൽ ഒരമ്മയുടെ സ്നേഹം നൽകി താൻ വളർത്തിയതാണ് ചിക്കുവിനെ.. ടിന്റുവിനോടൊപ്പം തന്റെ മുലപ്പാൽ പങ്കിട്ടവൾ… അവളുടെ കരസ്പർശം ഏറ്റതും കുഞ്ഞിപ്പെണ്ണ് ചിണുങ്ങിക്കൊണ്ട് കണ്ണ് തുറന്നു..കൂടെ ജെറിയും. “മ്മി…” പെണ്ണിന്റെ കൊഞ്ചിയുള്ള വിളി കേട്ട് ടീന അവളെ പൊക്കിയെടുത്തു. “രാത്രിയിൽ ഉറങ്ങാൻ നേരം ഈ ചാച്ചൻ വേണം..രാവിലെ അവൾടെ മമ്മി വന്ന് വിളിച്ചാൽ അങ്ങ് ചാടിയെഴുന്നേറ്റ് പൊയ്ക്കോളും..സ്നേഹമില്ലാത്തവൾ” കുഞ്ഞിന്റെ കവിളിൽ പിച്ചികൊണ്ട് ജെറി പരാതി പറഞ്ഞതും ടീന അവന്റെ കൈയിൽ ഒരു അടികൊടുത്തു..തിരികെ ടീനയുടെ കവിളിലും പിച്ചിയിട്ട് അവൻ ഓടി ബാത്‌റൂമിൽ കയറി..

ഇങ്ങനെയൊക്കെ പറയുമെങ്കിലും അവന്റെ ജീവനാണ് ഈ കാ‍ന്താരി എന്ന് ടീനയ്ക്ക് അറിയാം… ചിക്കുവും ടിന്റുവും ഉമ്മറത്തിരുന്ന് കളിക്കുമ്പോഴാണ് മുറ്റത്ത് ജെറിയുടെ കാർ വന്ന് നിന്നത്. അമ്മു ഇറങ്ങിയതും ചിക്കു ഓടി അവളുടെ അടുത്തേക്ക് ചെന്നു. “അമ്മേടെ പൊന്നേ..” കുഞ്ഞിനെ വാരിയെടുത്ത് അവൾ ഉമ്മകൾ കൊണ്ട് മൂടി. സബ് കളക്ടർ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുന്നതിനിടയിൽ തനിക് നഷ്ടമായത് ഒരമ്മയുടെ കടമകൾ ആണ്.. ആ കുറവ് ടീനുചേച്ചി നികത്തുമെങ്കിലും തനിക് മാത്രം നൽകാൻ കഴിയുന്ന ഒന്നുണ്ട്..ഈ മാറിലെ ചൂട്… കുഞ്ഞിന്റെ ഇരുകവിളിലും മതിവരാത്തത് പോലെ അവൾ മുത്തി.. പക്ഷെ ഇതെല്ലാം കണ്ടുകൊണ്ട് ചെറുചിരിയോടെ ആൽബി ബാൽക്കണിയിൽ നിൽക്കുന്നത് അവൾ അറിഞ്ഞില്ല.

“അമ്മ ഞങ്ങൾക്കൊന്നും കൊണ്ടുവന്നില്ലേ??” അവളുടെ സാരിത്തുമ്പിൽ പിടിച്ച് ടിന്റു ചോദിച്ചതും ചിക്കുവിനെയും കൊണ്ട് അവൾ മുട്ടുകുത്തിയിരുന്ന് അവനെ ചേർത്ത് പിടിച്ചു. “എന്റെ മക്കൾക്ക് അല്ലാതെ അമ്മ വേറെ ആർക്കാ കൊണ്ട് വരുന്നത്..ടോയ്‌സും ചോക്ലേറ്റ്സും ഒക്കെ ഉണ്ട്ട്ടോ…” ………..”ഞങ്ങൾ കുറച്ചു പേരും കൂടി ഇവിടെയുണ്ടേ..” ജെയിംസ് പറയുന്നത് കേട്ട് ഒരു ചിരിയോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നു..അവളുടെ നെറ്റിയിൽ ചുംബിച്ച് അമ്മച്ചി അവളെ അകത്തേക്ക് കയറ്റി. കെട്ടിപിടിച്ച് ടീന വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങിയതും പിള്ളേർ രണ്ടും ചോക്ലേറ്റിന് വേണ്ടി ജെറിയുമായി അടിയിടാൻ തുടങ്ങി. “ഡാ ചെക്കാ.. പോത്തുപോലെ വളർന്നിട്ടും പിള്ളേരെക്കാൾ കഷ്ടമാണല്ലോ നീ” …….”അത് ഈ കുരുപ്പുകളുടെ യഥാർത്ഥ സ്വഭാവം നിനക്ക് അറിയാത്തത് കൊണ്ടാ അമ്മു.. സാരമില്ല.. ഇനി എല്ലാം അറിയാൻ പോകുവാണല്ലോ” അവന്റെ തലയിൽ ഒന്ന് കൊട്ടി അമ്മച്ചി കൊണ്ടുവന്ന ജ്യൂസും കുടിച്ച് നിൽകുമ്പോൾ അവളുടെ മിഴികൾ ആരെയോ തേടിനടന്നു..

പ്രതീക്ഷിച്ച ആളെ കാണാത്തതിന്റെ നിരാശയും ദേഷ്യവും അവളുടെ മുഖത്ത് പ്രകടമായി.. “എന്റെ അമ്മൂസേ… ഇങ്ങനെ മുഖം വീർപ്പിക്കണ്ട..നീ അന്വേഷിക്കുന്ന ആള് മുകളിൽ ഉണ്ട്.. അവന് എന്തോ വീഡിയോ കോൺഫറൻസ് ഉണ്ടായിരുന്നു” ടീനയുടെ കൈയിലൊന്ന് നുള്ളി എല്ലാവരെയും നോക്കി ഇളിച്ചുകാണിച്ചിട്ട് അവൾ മുകളിലേക്ക് കയറി.. വാതിൽ തുറന്നതും ആൽബി അവളെ അകത്തേക്ക് പിടിച്ച് വലിച്ചതും ഒരുമിച്ചായിരുന്നു… ഭിത്തിയിൽ തട്ടി അവൾ നിന്നതും ഡോർ അടച്ച് കുറ്റിയിട്ട് ആൽബി അടുത്തേക്ക് ചെന്നു.. അവൾ പോകാൻ നോക്കിയതും അവൾക്ക് ഇരുവശവും കൈകുത്തി അവൻ ലോക്ക് ചെയ്തു. അവളുടെ മിഴികളിൽ തന്നെ അവൻ ഉറ്റുനോക്കി നിന്നു..

തന്നോടുള്ള പ്രണയം മുഴുവൻ ആ കണ്ണുകളിൽ പ്രതിധ്വനിക്കുന്നത് പോലെ അമ്മുവിന് തോന്നി. “എന്തേ താഴേക്ക് വരാഞ്ഞത്??” “എടി പൊട്ടി..ഞാൻ അങ്ങോട്ട് വന്നെങ്കിൽ പിന്നെ നിന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ കുറേ കഷ്ടപ്പെടേണ്ടി വന്നേനെ.. ഇതാകുമ്പോൾ നീ എന്നെ തിരക്കി ഇങ്ങോട്ട് തന്നെ വരുമെന്ന് എനിക്ക് അറിയാലോ..”………. “ഓഓഓ എന്താ ഒരു ബുദ്ധി.. അതേ ഒന്ന് മാറാവോ.. ഞാനീ ഡ്രെസ് ഒന്ന് മാറിക്കോട്ടെ”…….. “ഞാൻ സഹായിക്കാം..” കൈ അവളുടെ ഇടുപ്പിൽ അമർന്നതും പിടഞ്ഞുകൊണ്ട് അവൾ അവനെ നോക്കി.. കരിമഷിയിട്ട അവളുടെ കണ്ണുകൾ കൊത്തിവലിക്കുന്നത് പോലെ അവൻ അവളിലേക്ക് അടുത്തു. “എന്റെ പെണ്ണിനെ ഞാൻ കൺകുളിർക്കെ ഒന്ന് കണ്ടോട്ടെ…ആകെ ക്ഷീണിച്ചല്ലോ അമ്മൂട്ടി” “എന്നും ഡ്യൂട്ടി കഴിഞ്ഞ് എത്തുമ്പോൾ വല്ലാത്തൊരു മിസ്സിംഗ്‌ ആണ്.

ഇവിടെ ആകുമ്പോൾ എല്ലാവരോടും സംസാരിച്ചും ഈ ഹൃദയതാളം കേട്ടും സ്ട്രെസ് കുറയ്ക്കാലോ.. പിന്നെ വീഡിയോ കോളിലൂടെ മോളെ കണ്ടുകഴിഞ്ഞാൽ വല്ലാത്തൊരു വീർപ്പുമുട്ടലാണ്.. അന്ന് മുതൽ ട്രാൻസ്ഫറിന് ഞാൻ കുറേ ശ്രമിക്കുന്നതല്ലേ..പക്ഷെ ആൽബിൻ ജോൺ കളരിയ്ക്കലിന്റെ അത്രയും പിടിപാട് ഈ പാവം ആത്മികയ്ക്ക് ഇല്ലല്ലോ..”……. “മോൾടെ കാര്യം ഓർത്ത് നീ ടെൻഷൻ ആകണ്ട..അവളുടെ കാര്യങ്ങൾ നോക്കാൻ അമ്മച്ചിയും ടീനുവും ഉണ്ട്.. കൊഞ്ചിച്ച് ഉറക്കാൻ ജെറി ഉണ്ട്.. കൂടെ കളിക്കാൻ ദച്ചുവും ടിന്റുവും ഉണ്ട്.. എനിക്കാണ് ആരും ഇല്ലാതായി പോയത്” “എന്നെ ഐഎഎസ് ആക്കാൻ കുറേ കഷ്ടപ്പെട്ടതല്ലേ..സഹിച്ചോ..”……… “എന്നാലേ ഇനി കുറച്ച് നേരം എന്റെ മോളൊന്ന് സഹിക്ക്” …….”എന്തെന്ന്” അവൾ ചോദിച്ച് തീരുന്നതിന് മുൻപ് തന്നെ സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ അവന്റെ വിരലുകൾ പതിഞ്ഞിരുന്നു.

ഒരു കൈ അവന്റെ ഷർട്ടിലും മറുകൈ ഭിത്തിയിലും അമർത്തി അവൾ കണ്ണടച്ച് നിന്നു.. അവനാ കണ്ണിൽ മെല്ലെ ഊതി.. “ഇത്രയും വർഷമായിട്ടും ഈ നാണത്തിന് ഒരു കുറവും ഇല്ലല്ലോ പെണ്ണേ..”……… “എത്ര വലിയ കളക്ടർ ആയാലും ഞാൻ എന്നും എന്റെ ഇച്ചന്റെ അമ്മൂട്ടി തന്നെയല്ലേ” അവൾ അവന്റെ നെഞ്ചിലേക്ക് ചാരി.. അവളെ ഇറുകെ പിടിച്ച് അവൻ നെറ്റിയിൽ ചുംബിച്ചു…പിടുത്തം മുറുകുന്നതും കൈ സ്ഥാനം മാറി സഞ്ചരിക്കുന്നതും ചെറുപുഞ്ചിരിയോടെ അവൾ ആസ്വദിച്ചു.. എന്നാൽ അധികനേരം ആ പ്രണയനിമിഷം നീണ്ടുനിന്നില്ല.. അതിന് മുൻപേ വാതിലിൽ മുട്ട് കേട്ടു.. അമ്മു വാപൊത്തി ചിരിക്കാൻ തുടങ്ങിയതും ആൽബി അവളെ കൂർപ്പിച്ച് നോക്കി വാതിൽ തുറന്നു.. വളിച്ച ചിരിയോടെ നിൽക്കുന്ന ജെറിയെ പ്രതീക്ഷിച്ചത് കൊണ്ട് ആൽബിയിൽ വല്യ ഭാവമാറ്റം ഒന്നുമില്ലായിരുന്നു.

“ഇച്ചായ സോറി…അറിയാം നിങ്ങൾ വേറെ മൂഡിൽ ആയിരുന്നെന്ന്..but I’m helpless…ഉത്സവത്തിന് ചെല്ലുന്നില്ലേന്ന് ചോദിച്ച് കിച്ചൂട്ടായി വിളിച്ചു..ടീനൂച്ചിയും ജയ്ച്ചായനും റെഡി ആകാൻ പോയി.” “ചിക്കുവോ??” “അവളെ അമ്മച്ചി ഒരുക്കുന്നുണ്ട്.” “മ്മ്മ് നീയും പോയി റെഡി ആക്..ഞങ്ങൾ പെട്ടെന്ന് വരാം” കള്ളച്ചിരിയോടെ ജെറി പോയതും വാതിൽ അടച്ച് ആൽബി തിരിഞ്ഞു..അവനെ കളിയാക്കി നിൽക്കുന്നവളെ വലിച്ച് നെഞ്ചിലേക്കിട്ട് കവിളിൽ അമർത്തി ഉമ്മവെച്ചു. “ബാക്കി രാത്രിയിൽ..ഇപ്പോൾ എന്റെ അമ്മൂട്ടി പോയി കുളിച്ച് ഞാൻ വാങ്ങിവെച്ചിരിക്കുന്ന ആ ഗ്രീൻ സാരി ഉടുത്ത് ഒരുങ്ങ്..ആത്മിക ആൽബിൻ IAS ആയിട്ടില്ല.. ആത്മിക ആൽബിൻ കളരിയ്ക്കൽ ആയിട്ട്..” തിരികെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ആ പൊൻകുരിശിൽ ചുണ്ട് ചേർത്തിട്ട് അവൾ ബാത്‌റൂമിലേക്ക് പോയി.

ആൽബിയും അമ്മുവും ചിക്കുവും ജെറിയും അമ്മച്ചിയുമാണ് ആദ്യം എത്തിയത്..അവർക്ക് പിന്നാലെ കുര്യച്ചനും സിസിലിയും ടീനയും ജെയിംസും ടിന്റുവും. അവർ വരുമ്പോൾ തന്നെ കാണുന്നത് ഒരു വടിയുമായി ദച്ചുവിന് പിന്നാലെ ഓടുന്ന ഹർഷനെ ആണ്. ട്രീറ്റ്മെന്റ്സിന്റെ ഫലമായി നാല് വർഷം മുന്നേ അവൻ പൂർണ്ണാരോഗ്യം വീണ്ടെടുത്തിരുന്നു.. അപ്പോഴേക്കും അമ്മാവന്റെ ബിസിനെസ് പൊളിഞ്ഞ് അവർ തറവാട്ടിലേക്ക് തിരികെ എത്തി.. അവരുടെ കാര്യം കൂടി ഹർഷൻ നോക്കേണ്ട അവസ്ഥ വന്നപ്പോൾ പൂർണ മനസോടെ തന്നെ ദിയയെ അവന് കൊടുക്കാൻ അവർ തയാറായി.. അമ്മുവിന്റെ ട്രെയിനിങ് കഴിഞ്ഞ് മതി കല്യാണമെന്ന് രണ്ട് പേരും തീരുമാനിച്ചെങ്കിലും ഇനി ആർക്ക് വേണ്ടിയും കാത്തിരിക്കേണ്ടെന്ന് അമ്മു പറഞ്ഞതോടെ പിറ്റേമാസം തന്നെ ഹർഷൻ ദിയയെ സ്വന്തമാക്കി.

ജെറിയെ കണ്ടതും ദച്ചു ഓടി അവന്റെ പിന്നിൽ ഒളിച്ചു. “ചാച്ചാ..എന്നെയീ മാമന്റെ കൈയ്യിന്ന് രക്ഷിക്ക്”……. “രക്ഷിക്കാം..അതിന് മുൻപ് എന്തിനാ ഹർഷേട്ടൻ നിന്നെ ഓടിക്കുന്നതെന്ന് അറിയട്ടെ”….. “എടാ നമുക്ക് ഒന്ന് കൂടാൻ വേണ്ടി ഞാൻ വാങ്ങിവെച്ചിരുന്ന കുപ്പി ഈ ചെറുക്കൻ എടുത്ത് ദേവുവിന്റെ കൈയിൽ കൊണ്ട് കൊടുത്തു.അവൾ ആ കിരണിനെ കൊന്നുകൊലവിളിക്കുവാ.” ഹർഷൻ പറയുന്നത് കേട്ട് അമ്മുവും ടീനുവും പരസ്പരം ഒന്ന് നോക്കി.. പിന്നെയാ നോട്ടം ആൽബിയിലേക്കും ജെയിംസിലേക്കും നീണ്ടു..ആ ഗ്യാപ്പിൽ മുങ്ങാൻ നോക്കിയ ജെറിയുടെ ചെവിയിൽ പിടിച്ച് കുര്യച്ചൻ നിർത്തി. “ഈ ഞാൻ ഇവിടെ പച്ചക്ക് നിൽകുമ്പോൾ നീയൊക്കെ കൂടി രഹസ്യമായിട്ട് ആഘോഷിക്കാനുള്ള പരിപാടി ആയിരുന്നല്ലേ??” പറഞ്ഞ് തീർന്നപ്പോഴാണ് അമ്മുവിന്റെ കടുപ്പിച്ചുള്ള നോട്ടം കുര്യച്ചൻ ശ്രദ്ധിക്കുന്നത്.

“പപ്പാ ആ സാധനം കൈകൊണ്ട് തൊടില്ല മോളെ..ഇവന്മാരും തൊടില്ല.. അത് ഈ പപ്പാ ഏറ്റു” അമ്മുവിനോട് അങ്ങനെ പറഞ്ഞിട്ട് ആൽബിയെ നോക്കി കണ്ണിറുക്കിയതും സിസിലി അയാളുടെ കൈയിൽ ഒന്ന് നുള്ളി. “ഇതിന്റെ പേരിലാണോ ഹർഷേട്ടൻ എന്റെ കൊച്ചിനെ തല്ലാൻ പോയത്?? ഇനി എന്റെ മോനേ തൊട്ടേക്കരുത്” ദച്ചുവിനെ ചേർത്ത് നിർത്തി അമ്മു പറഞ്ഞതും ചെക്കൻ ഹർഷനെ നോക്കി കോക്രികാട്ടി.പുറത്തെ ബഹളം കേട്ട് ദേവുവും കിച്ചനും ഇറങ്ങി വന്നു.അവർക്ക് പിറകിലായി ചെറുതായി വീർത്ത വയറുമായി ദിയയും… കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാതായപ്പോൾ അത് തന്റെ പ്രശ്നം കൊണ്ടാണെന്നും പറഞ്ഞു ഹർഷൻ ഒരുപാട് സങ്കടപ്പെട്ടതാണ്.. എന്നാൽ അവസാനം ഒരു കുഞ്ഞ് തുടിപ്പായി ദിയയിൽ അവന്റെ ജീവൻ നാമ്പിട്ടു. “യാത്രയൊക്കെ സുഖമായിരുന്നോ മോളെ??” “അതേ ചേച്ചി…ചേച്ചിക്ക് എങ്ങനുണ്ട്?”……. “കുഴപ്പമില്ല..”…… “വെറുതെയാ അമ്മു… വയറ്റിൽ കിടക്കുന്ന ചെക്കൻ ചേച്ചിക്ക് നല്ല പണിയാ കൊടുക്കുന്നത്.

എപ്പോഴും ക്ഷീണമാ”…….. “അത് ചെക്കൻ അല്ല ദേവു..പെങ്കൊച്ച് ആയിരിക്കും..” ……..”അതെന്താ കിച്ചു അങ്ങനെ പറഞ്ഞത്??” “ഈ കിച്ചേട്ടന് വട്ടാ ഇച്ചായ..ദിയേച്ചിക്ക് പെൺകുഞ്ഞ് ആണെങ്കിൽ ദച്ചുവിനെ കൊണ്ട് കെട്ടിക്കാമെന്ന പറയുന്നത്” “അത് നടക്കില്ല കിച്ചൂട്ടായി..ദച്ചുവിന് നമ്മുടെ ചിക്കുവിനെ ഒരു നോട്ടമുണ്ട്..വളർന്നു കഴിഞ്ഞ് പിള്ളേർക്കിടയിൽ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ വെറുതെ ഇടംകോലിടരുത്” “അപ്പോൾ ടിന്റുവോ??” “ടിന്റുവും ചിക്കുവും എന്റെ ഇച്ചായനെയും ടീനൂച്ചിയും പോലെയാ..ഒരമ്മയുടെ പാലുകുടിച്ച് വളർന്ന മക്കൾ” ജെറി അത് പറയുമ്പോൾ ഇതൊന്നും അറിയാതെ അവരുടേതായ ലോകത്ത് കളിക്കുവാണ് മൂന്ന് പേരും.. രാത്രിയിൽ എല്ലാവരും ഉത്സവപ്പറമ്പിലേക്ക് പോയി.

കണ്ണന്റെ തിടമ്പേറ്റിയ ഗജവീരനെ അമ്മു കൺകുളിർക്കേ നോക്കിനിന്നു..മനസ്സിൽ ആ പുഞ്ചിരിതൂകുന്ന കള്ളക്കണ്ണന്റെ മുഖം തെളിഞ്ഞതും അവൾ ആൽബിയുടെ കൈയിൽ പിടിച്ചു.. അവളുടെ മനസ്സ് അറിഞ്ഞത് പോലെ ആൽബി അവളെ നെഞ്ചോട് ചേർത്തു. കുട്ടിപട്ടാളത്തിനുള്ള കളിപ്പാട്ടവും ഐസ്ക്രീമും വാങ്ങി ജെറി എത്തിയതും അമ്മുവും ആൽബിയും ഒഴിച്ച് ബാക്കി എല്ലാവരും ആൽച്ചുവട്ടിൽ ഇരുന്നു..ദച്ചുവും ടിന്റുവും ജെറിക്ക് ഇരുവശവും ഇരുന്നപ്പോൾ ചിക്കു അവന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ചു..ഇടയ്ക്ക് അവന്റെ താടിയിൽ പിടിച്ച് കുഞ്ഞിപ്പെണ്ണ് മേലേക്ക് വിരൽ ചൂണ്ടും..രണ്ടുമൂന്നു വെട്ടം അത് ആവർത്തിച്ചപ്പോൾ അവനും അങ്ങോട്ട് നോക്കി.. ആലിലകൾക്കിടയിലൂടെ ആകാശത്ത് കാണുന്ന കുഞ്ഞുനക്ഷത്രം അവരെ നോക്കി കണ്ണുചിമ്മുന്നത് പോലെ അവന് തോന്നി.

“അതാണോ ചാച്ചാ നമ്മുടെ ചിക്കുമ്മായി??? ” ദച്ചുവിന്റെ ചോദ്യം എല്ലാവരെയും നിശ്ശബ്ദരാക്കി.ചിരിയോടെ അവന്റെ തലയിൽ തഴുകി ജെറി വീണ്ടുമാ നക്ഷത്രത്തെ നോക്കി. “ഹ്മ്മ്മ്..അത് ചിക്കുമ്മായിയാ…നമ്മളെ എല്ലാവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാ ആ പെണ്ണ്” അവൻ പറഞ്ഞ് തീർന്നതും ചിക്കു ആ നക്ഷത്രത്തിന് കൈകൊണ്ട് ഉമ്മ നൽകാൻ തുടങ്ങി..ജെറി കുഞ്ഞിനെ നെഞ്ചോട് അടക്കിപിടിച്ചു…ഇതെല്ലാം കണ്ടിരുന്ന കിച്ചൻ കണ്ണ് തുടച്ചുകൊണ്ട് എഴുന്നേറ്റു… ആരും പറയാതെ തന്നെ ഇപ്പോൾ അവന് അറിയാം..തന്റെ കുഞ്ഞിപ്പെങ്ങളെ മറ്റാരേക്കാളും കൂടുതൽ ജെറി സ്നേഹിച്ചിരുന്നു എന്ന്… അല്ല..സ്‌നേഹിക്കുന്നുണ്ടെന്ന്… “കിച്ചേട്ടൻ ഇത് എങ്ങോട്ടാ??” “ചുമ്മാ ഇവിടെ ഇരിക്കാതെ നമുക്കാ വയലിന്റെ അടുത്ത് പോയിട്ട് വരാം” “അങ്ങോട്ട് ഇപ്പോൾ ആരും പോകണ്ട” ജെറി പറഞ്ഞതും എല്ലാവരും സംശയത്തോടെ അവനെ നോക്കി. “ഇച്ചായനും അമ്മുവും അവിടെ ഉണ്ട്..അവര് മനസ്സ് തുറന്നൊന്നു പ്രണയിച്ചോട്ടെ..

വെറുതെ കട്ടുറുമ്പ് ആകാതെ ഇവിടെ എങ്ങാനും ഇരിക്ക് കിച്ചൂട്ടായി” “അവര്‌ അവിടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ അറിയാം..നിന്നോട് പറഞ്ഞിട്ടാണോ പോയത്?” “പറയാതെ തന്നെ അവരുടെ മനസ്സ് എനിക്ക് അറിയാം ഹർഷേട്ടാ..” അതേ സമയം അമ്പലത്തിന് പിന്നിലുള്ള വയൽവരമ്പിൽ ആൽബിയുടെ തോളിൽ ചാരിയിരിക്കുവായിരുന്നു അമ്മു..ഷർട്ടിൽ നനവ് പറ്റിയതും ആൽബി അവളുടെ മുഖം പിടിച്ചുയർത്തി. “എന്താടി പെണ്ണേ?? എന്തിനാ ഇപ്പൊ ഈ കണ്ണ് നിറച്ച??” “പണ്ട് ഇതുപോലൊരു ഉത്സവനാളിൽ അച്ഛനെയും അമ്മയും നഷ്ടപെട്ട ആ അഞ്ച് വയസുകാരിയെ ഓർത്തുപോയി.. പിന്നീട് ഇങ്ങോട്ടുള്ള ആ പെണ്ണിന്റെ ജീവിതം.. ഇപ്പോൾ ഈ ഇടനെഞ്ചിലെ തുടിപ്പിന്റെ അവകാശിയായി ഇരിക്കുമ്പോൾ എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ” അവൾ പറഞ്ഞുതീർന്നതും ആൽബി അവളുടെ മടിയിലേക്ക് കിടന്നു.

“ഇതൊന്നും സ്വപ്നമല്ല അമ്മു..ഇതാണ് നമ്മുടെ ജീവിതം… വേണ്ടപെട്ടവരോടൊപ്പമുള്ള നമ്മുടെ സ്വർഗ്ഗതുല്യമായ ജീവിതം..നമ്മളെ വിട്ടുപോയവർ ദേ ആകാശത്ത് നക്ഷത്രമായി തിളങ്ങി നിൽക്കുന്നത് കണ്ടില്ലേ..അതിൽ അച്ഛനും അമ്മയും അപ്പച്ചനും ചിക്കുവും അമ്മാവനും ഒക്കെ ഉണ്ട്..നമ്മുടെ സന്തോഷം കണ്ട് അവരും സന്തോഷിക്കുന്നുണ്ട്..അനുഗ്രഹിക്കുന്നുണ്ട്…” അവന്റെ വാക്കുകൾ അവളിൽ ഒരു പുഞ്ചിരി നിറച്ചു..ആകാശത്തേക്ക് അവൾ നോക്കിയതും പെട്ടെന്ന് തന്നെ ആൽബി അവളുടെ കഴുത്തിൽ പിടിച്ച് മുഖം അവന്റെ നേർക്ക് കുനിച്ചു..മെല്ലെ അവളുടെ തേൻകണം നുകരുമ്പോൾ കണ്ണന്റെ അനുഗ്രഹം എന്നോണം ക്ഷേത്രത്തിലെ മണികൾ ഒരുപോലെ മുഴങ്ങി… പുൽനാമ്പിൽ മഞ്ഞുതുള്ളി അലിഞ്ഞുചേരും പോലെ അവരുടെ പ്രണയവും ആ നിലാവിൽ അലിഞ്ഞു…. ❣️❣️അവസാനിച്ചു❣️❣️