രചന – മൈഥിലി മിത്ര
“രേവതി ചേച്ചി”….. ആരുടെയൊക്കെയോ ഉറക്കെയുള്ള വിളി കേട്ടാണ് രേവതി കണ്ണു തുറന്നത്.. ബദ്ധപ്പെട്ട്, കൺപോളകൾ വലിച്ചു തുറന്നവൾ.. താനെവിടെയാണ് കിടക്കുന്നത്.. കണ്ണുകൾക്കൊണ്ട് ചുറ്റുമൊന്നുഴിഞ്ഞു.. തന്റെ മുറിയിലെ കട്ടിലിൽ തന്നെയാണ്.. അടുത്ത് പാറുവും സീതമ്മയും ഇരിപ്പുണ്ട്.. ഇവരൊക്കെ എപ്പോ വന്നു.. “ചേച്ചി, ഇപ്പോ എങ്ങനെയുണ്ട് “.. പാറുവാണ്… ആധിയോടെയുള്ള ചോദ്യം.. സീതാമ്മയുടെ മുഖത്തും ടെൻഷൻ തെളിഞ്ഞു കാണാം.. പതിയെ കൈകുത്തി എണീക്കാനൊരു ശ്രമം നടത്തിയവൾ… “വേണ്ട മോളെ എണീക്കേണ്ട.. ഇത്തിരി കൂടി കിടന്നോ “… സീതമ്മ അവളുടെ അടുത്തേക്ക് ചെന്നിരുന്നു അവളുടെ തലയിൽ ഒന്ന് തഴുകി.. പെട്ടെന്നവൾക്ക് അമ്മയെ ഓർമ വന്നു.. എന്തുകൊണ്ടോ കണ്ണുകളൊന്നു നിറഞ്ഞു… “എന്താ മോളെ കരയുന്നെ.. എന്തേലും വയ്യാഴികാ തോന്നുന്നുണ്ടോ “… “ഇല്ല സീതമ്മേ, ഇപ്പോ കുഴപ്പമൊന്നും ഇല്ല “.. “എന്ത് പറ്റിയതാ നിനക്ക്…ഞങ്ങളിവിടെ വന്നപ്പോ, നീ ഉമ്മറത്ത് ബോധമില്ലാതെ വീണു കിടക്കുന്നതാ കണ്ടത്.. പേടിച്ചുപോയി ഞാൻ “… വേദനയോടെ അവളൊന്നു ചിരിച്ചു..
അനന്തേട്ടൻ വന്നതും, ഇഷ്ടമല്ലായെന്നു പറഞ്ഞു ഇറങ്ങിപോയതും മാത്രമേ ഓർമ്മയുള്ളൂ.. പിന്നെ എന്താ പറ്റിയതെന്നു അറിയില്ല.. “അറിയില്ല സീതമ്മേ.. പെട്ടെന്ന് തല കറങ്ങിയപോലെ തോന്നി.. പിന്നെയൊന്നും ഓർമ്മയില്ല “… കിടന്നുകൊണ്ട് തന്നെ രേവതി സീതയോടു പറഞ്ഞു.. “എന്റെ ചേച്ചി ഞാൻ ടെൻഷൻ അടിച്ചു ചത്തില്ലെന്നേ ഉളളൂ.. “… പാറു രേവതിയുടെ അടുത്ത് ചെന്നിരുന്നു അവളുടെ കൈത്തണ്ടയെടുത്തു മടിയിൽ വെച്ചു.. എഴുന്നേൽക്കാൻ തുടങ്ങിയ അവളെ സീതയും പാറുവും കൂടി പിടിച്ചു കട്ടിലിന്റെ ക്രാസിയിലേക്ക് ചാരിയിരുത്തി.. തളർച്ചയോടെ രേവതി, പുറകിൽ വെച്ച തലയണയിലേക്ക് ചാരിയിരുന്നു.. “അയ്യോ നല്ല പോലെ പനിക്കുന്നുണ്ടല്ലോ മോളെ “.. സീതയവളുടെ നെറ്റിയിൽ തൊട്ടു നോക്കി, ഭയത്തോടെ പറഞ്ഞു.. “ചേച്ചി നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം.. എണീക്കു “… “സാരല്യ പാറു, ഇത് മാറിക്കോളും.. അത്രക്കൊന്നും ഇല്ലെന്നേ “… “അതൊന്നും പറഞ്ഞാ പറ്റില്ല, ചേച്ചിയിങ്ങോട്ട് എണീറ്റെ ഒന്ന് “… പറഞ്ഞുകൊണ്ടവളുടെ കൈപിടിച്ചു പാറു മുന്നോട്ട് വലിച്ചു..
“വേണ്ട പാറു, കുഞ്ഞൊരു പനിയാണ്.. അതങ്ങു മാറിക്കോളും ന്നേ “… വീണ്ടും രേവതി കട്ടിലിൽ ചാരി കിടക്കാനായിട്ട് തുടങ്ങി.. “ചെറിയ പനിയൊന്നും അല്ല.. നീ എണീറ്റെ മോളെ.. ഞാൻ ഉണ്ണിയെയോ അനന്തനെയോ ഒന്ന് വിളിക്കട്ടെ “… കയ്യിലിരുന്ന ഫോണെടുത്തു സീത ആദ്യം അനന്തനെ വിളിച്ചു.. ഫോൺ സ്വിച്ച് ഓഫ് എന്ന് മറുപടി കേട്ടയുടനെ അവർ ഉണ്ണിയെ കാൾ ചെയ്തു.. “എന്താ സീതമ്മായി “.. രണ്ട് മൂന്നു പ്രാവശ്യം ബെൽ അടിച്ചു കഴിഞ്ഞാണ് ഉണ്ണീ കാൾ എടുത്തത് തന്നെ .. “മോനെ ഉണ്ണീ, നീയെവിടെയാണ് “.. “ഞാനിവിടെ വീട്ടിലുണ്ട് അമ്മായി “.. “ഉണ്ണി, രേവതിക്കൊട്ടും വയ്യ.. ഞാനിവിടെ കല്യാണക്കുറി കൊടുക്കാൻ വന്നതാ.. അപ്പൊ മോള് ബോധമില്ലാതെ നിലത്തു കിടക്കുന്നതാ കണ്ടേ… ഇപ്പോ നല്ല പനിയുമുണ്ട്.. നീയൊന്നിങ്ങോട്ട് വായോ “… “സീതമ്മ ടെൻഷൻ ആവേണ്ട.. ദേ ഞാനങ്ങോട്ട് വരുവാ “… ഉണ്ണീ ഫോൺ കട്ട് ചെയ്തു വീട്ടിൽ നിന്നിറങ്ങി.. കാറുമെടുത്തു നേരെ ഫർമസിയിലേക്ക് ചെന്നു, പനിക്കുള്ള ഇൻജെക്ഷനും വാങ്ങിയാണ് അങ്ങോട്ടെക്കു പോയത്.. ചുക്ക് കാപ്പി ഊതിക്കുടിച്ചു കൊണ്ടിരിക്കുന്ന രേവതിയെയാണ് ഉണ്ണീ വീട്ടിൽ ചെന്നപ്പോൾ കണ്ടത്… “പെട്ടെന്ന് എന്ത് പറ്റിയെടോ തനിക്കു.. ഇന്നലെ വരെ കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ “.. ചിരിച്ചുകൊണ്ടവൻ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കി..
ശരിയാണ്, നല്ല പൊള്ളുന്ന പനിയുണ്ട്.. കണ്ണുകളിൽ നല്ല വിളർച്ചയും കാണുന്നുണ്ട്.. “എന്തേ, ഇന്ന് ഫുഡ് ഒന്നും കഴിച്ചില്ലേ “… ഉണ്ണിയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവൾ മൗനമായിട്ടിരുന്നു.. “അപ്പൊ കഴിച്ചില്ലെന്നു സാരം.. ഉച്ചയായിട്ടും ഒന്നും കഴിച്ചില്ലെങ്കിൽ തല കറങ്ങി വീഴാതിരിക്കോ ആരേലും.. “… പറഞ്ഞുകൊണ്ട് ഇൻജെക്ഷൻ ലോഡ് ചെയ്തു, രേവതിയോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞു.. അവൾക്കെന്തോ വല്ലാത്ത ജാള്യത തോന്നി.. “എന്റെ പൊന്നു രേവതി, ഞാനൊരു ഡോക്ടർ ആണ്.. അങ്ങനെ കണ്ടാൽ മതിയിപ്പോ എന്നെ “…. പാറു അതുകേട്ടു പൊട്ടിച്ചിരിച്ചു.. ഉണ്ണിയുടെ ഒരു കണ്ണുരുട്ടലിൽ പെണ്ണ് സൈലന്റ് ആയി… രേവതിക്കു ഇൻജെക്ഷൻ എടുത്തിട്ട്, ഹോസ്പിറ്റലിൽ പോകാൻ റെഡിയാവാൻ പറഞ്ഞു, അവൻ ഉമ്മറത്തേക്കിറങ്ങി നിന്നു.. ഒട്ടും താല്പര്യമില്ലെങ്കിലും സീതയുടെയും ഉണ്ണിയുടെയും നിർബന്ധം കൊണ്ടവൾ പോകാൻ റെഡിയായി.. ഉണ്ണീയും സീതയും പാറുവും കൂടെയാണ് അവളെ അടുത്തുള്ളയൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയത്..
അവിടെ ചെന്നപ്പോൾ ഡ്രിപ് ഇട്ട് കിടക്കേണ്ടി വന്നു രേവതിക്കു.. ബിപിഡൗൺ ആയതായിരുന്നു പ്രശ്നം.. ഡ്രിപ് തീരാതെ ഡിസ്ചാർജ് തരില്ലെന്നു ഡോക്ടറും കട്ടായം പറഞ്ഞതുകൊണ്ട് അവൾക്കൊന്നും മറുത്തു പറയാൻ പറ്റിയില്ല.. “സീതമ്മേ, എല്ലാരും കൂടെ എന്തിനായിവിടെ.. വീട്ടിൽ പൊയ്ക്കോളൂ.. ഇത് തീരുമ്പോഴേക്കും വൈകുന്നേരമാവുമായിരിക്കും “… താൻ അവർക്കൊരു ബുദ്ധിമുട്ട് ആകരുതെന്നു രേവതിക്കു നല്ല ചിന്തയുണ്ടായിരുന്നു… “സാരല്യ മോളെ, എല്ലാം കഴിഞ്ഞിട്ട് നമ്മുക്ക് ഒരുമിച്ചു പോകാം ട്ടോ “… എത്ര നിർബന്ധിച്ചിട്ടും അവർ മൂന്നു പേരും പോകാൻ കൂട്ടാക്കിയില്ല.. അതുകൊണ്ട്, രേവതി പിന്നീടൊന്നും പറയാനും പോയില്ല… അവൾക്ക് അവരോടു വല്ലാത്ത സ്നേഹം തോന്നിപ്പോയി.. ആരുമില്ലാത്ത തനിക്കു വേണ്ടിയും ഇവരെല്ലാവരുമിങ്ങനെ കാത്തിരിക്കുന്നുവല്ലോ.. ഒരിറ്റ് കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്നും തുളുമ്പി താഴെ വീണു.. വൈകുന്നേരം ഡിസ്ചാർജായ രേവതിയേം കൊണ്ടു അവർ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു.. കാർ അവളുടെ വീട്ടിലേക്കുള്ള വഴിയിൽ നിന്നും മുന്നോട്ട് നീങ്ങിയപ്പോൾ ആണ് രേവതിയും ശ്രദ്ധിച്ചത്.. അവൾ സംശയത്തോടെ സീതയെ ഒന്നുനോക്കി…
“നിനക്ക് വയ്യാത്തതല്ലേ മോളെ, ഒറ്റയ്ക്ക് വീട്ടിൽ നിൽക്കേണ്ട.. ഒരു സഹായത്തിനാണെങ്കിൽ അവിടെയാരുണ്ട് നിനക്ക്.. വീട്ടിലേക്കു കൊണ്ടു ചെല്ലാൻ ഏട്ടത്തി പ്രത്യേകം എന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട് “.. സീതയുടെ വാക്കുകളിൽ അവൾ തറഞ്ഞിരുന്നു… അവിടെ ചെന്നാൽ അനന്തേട്ടനെ കാണേണ്ടി വരും.. തന്നെകൊണ്ട് ഇനിയും ഏട്ടനെ ഫേസ് ചെയ്യാൻ പറ്റില്ല.. എന്ത് ചെയ്യണെമെന്നറിയാതെ അവളുഴറി… “അത് സാരല്യ സീതമ്മേ, ഞാൻ ഇവിടെ ഇറങ്ങിക്കോളാം “.. രേവതിയുടെ പറച്ചിൽ കേട്ട്, ഉണ്ണിയവളെ കണ്ണുകൾ കുറുക്കി നോക്കി.. “നീയെങ്ങോട്ടും പോണില്ല.. ഞങ്ങളുടെ കൂടെ തന്നെ വീട്ടിലേക്കു വരും.. ഇനിയിതിൽ ഒരു മാറ്റോം ഇല്ല “.. അവസാന വാക്കെന്നവണ്ണം പറഞ്ഞു, വീട് ലക്ഷ്യമാക്കി ഉണ്ണീ കാറോടിച്ചു… 💞💞💞💞💞 വൈകിട്ട് മുറ്റം തൂത്തുകൊണ്ടിരിക്കുകയായിരുന്നു രമണി… വാല് പോലെ അവരുടെ കൊച്ചു മകളും ഉണ്ട്.. “കുഞ്ഞിപെണ്ണേ, പോയി അമ്മയുടെ അടുത്തിരിക്കു.. അവളവിടെ ഒറ്റക്കല്ലേ “… പറഞ്ഞിട്ടും കേൾക്കാത്ത ഭാവത്തിൽ, കുഞ്ഞിപ്പെണ്ണ് കളിച്ചു കൊണ്ട് മുറ്റത്തൂടെ നടന്നു..
“ഈ പെണ്ണിന്റെയൊരു കാര്യം “… ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് രമണി മുറ്റം തൂക്കൽ തുടർന്നു.. “എന്ത് കാര്യാ അമ്മൂമ്മേ “.. കൊഞ്ചി കൊണ്ടു ചോദിക്കുന്നവളെ കണ്ടു ചിരി വന്നെങ്കിലും, രമണി ഒന്നും മറുപടി പറഞ്ഞില്ല.. “അമ്മൂമ്മേ, ഞാൻ ചോയിച്ചത് കെട്ടില്ലേ “.. പെണ്ണ് വിടാനുള്ള ഭാവമില്ല… “ഒന്നുമില്ല എന്റെ കുഞ്ഞിയെ “… പറഞ്ഞുകൊണ്ടവർ ചപ്പെല്ലാം വാരി തെങ്ങിൻ തടത്തിലേക്കിട്ടു.. പിന്നീട് കയ്യും കാലും മുഖവും കഴുകി മുറ്റത്തു നിന്നും ഉള്ളിലേക്ക് കടക്കാൻ തുടങ്ങിട്ടപ്പോഴാണ്, ഗേറ്റ് തുറക്കുന്നതിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്.. ചെറുപ്പക്കാരായ രണ്ടു പേര്.. പരിചയമുള്ള ആരുമല്ല… സംശയത്തോടെയവർ മുൻ വാതിലിന്റെ പടിയിൽ തന്നെ അവരെ നോക്കി നിന്നു… “ആരാ, എന്ത് വേണം “… നെറ്റി ചുളിച്ചു കൊണ്ട് രമണി അവരോടു ചോദിച്ചു… “മരിച്ച മാധവന്റെ വീടല്ലേ ഇത് “… മറുചോദ്യം അവരിൽ നിന്നുമുണ്ടായി… “അതേ… നിങ്ങൾ ആരാണ് “… “ACP. അർണവ് നാഥ് “… രമണിയുടെ ചോദ്യം കേട്ടു, വന്നവരിൽ ഒരാൾ ചിരിച്ചു കൊണ്ടു ഉത്തരം പറഞ്ഞു… (തുടരും )

by