രചന – മൈഥിലി മിത്ര
“അമ്മേ നാരായണ…. ദേവി നാരായണ,,,,,,, ലക്ഷ്മി നാരായണ,,,,, ഭദ്രേ നാരായണ”….. സർവഭരണ വിഭൂഷിതയായ ദേവിയെ അവൾ കൺകുളിർക്കെ കണ്ടു…. ചുവന്ന പട്ടു ചേല ചുറ്റിയ ദേവിയുടെ തിരുനടയിൽ നിൽക്കുമ്പോൾ, എന്ത് പ്രാർത്ഥിക്കണം എന്നറിയില്ലായിരുന്നു പാറുവിന്… സൗഭാഗ്യങ്ങൾ എല്ലാം കൈപ്പിടിയിലുണ്ട്… ആശിച്ചതൊക്കെയും സ്വന്തമാക്കിയിയിട്ടുണ്ട്… അച്ഛനില്ലാത്ത കുറവ് നന്ദേട്ടൻ അറിയിച്ചിട്ടില്ല… എല്ലാത്തിനുമുപരി, ഉണ്ണിയേട്ടന്റെ ജീവിതത്തിലേക്ക് എല്ലാമായിട്ട് കടന്നു ചെല്ലേണ്ട ദിവസമാണിന്ന്… സന്തോഷത്താൽ വീർപ്പുമുട്ടുമ്പോഴും, എല്ലാമെല്ലാമായ നന്ദേട്ടന്റെ പാതിവഴിയിൽ നിന്നുപോയ ജീവിതത്തെക്കുറിച്ചു ആലോചിക്കുമ്പോൾ മനസ്സിലൊരു നോവ് നിറയുന്നു… “പാറൂ, തൊഴുത് കഴിഞ്ഞുവോ നീയ് “….. ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം വെച്ചു കഴിഞ്ഞു രേവതി അവളുടെ അടുക്കലായി ചെന്നു ചോദിച്ചു…. പാറുവിന് അമ്പലത്തിൽ പോകാൻ കൂട്ട് വന്നതാനവൾ….
“കഴിഞ്ഞു ചേച്ചി…. അർച്ചന പ്രസാദം ഇനിയും കിട്ടിയിട്ടില്ല “….. ശ്രീ കോവിലിനുള്ളിലേക്ക് വീണ്ടുമൊന്നു എത്തിനോക്കിയിട്ട് രേവതിയോടായി പറഞ്ഞവൾ…… “അനന്തൻ, പൂരം “…. പറഞ്ഞുകൊണ്ട് തിരുമേനി അകത്തുനിന്നും ഇറങ്ങിവന്നു…. പാറുവിനെ കണ്ടു അവളുടെ കയ്യിലേക്ക് അർച്ചന പ്രസാദത്തിന്റെ ഇലച്ചീന്ത് ഇട്ടുകൊടുത്തു…. “കല്യാണമായി ല്ലേ “… ഒരു ചിരിയോടെ തിരുമേനി ചോദിച്ചപ്പോൾ, പാറു തലയാട്ടി പുഞ്ചിരിച്ചു… “നന്നായി വരും… അല്ലാ, ഉണ്ണിയെ കണ്ടില്ലല്ലോ ഇങ്ങോട്ട്… കല്യാണച്ചെക്കനല്ലേ “… “അറിഞ്ഞൂടാ… വരുമായിരിക്കും “…. “പോകുമ്പോൾ ഇതൂടെ കൊണ്ടുപോയ്ക്കോളൂ പാറുക്കുട്ടിയെ “…. ദേവിക്കു നേദിച്ച കടും പായസം അവൾക്കായി നീട്ടി … നിറഞ്ഞ സ്നേഹത്തോടെയവളത് കയ്യിൽ വാങ്ങി… വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ പായസത്തിന്റെ ചൂട് ഇപ്പോഴും കൈവെള്ളയിൽ അറിയാൻ പറ്റുന്നുണ്ട്… അതും വാങ്ങി ദേവിയെ ഒന്നുകൂടി തൊഴുതിട്ട്, രേവതിയുടെ കൂടെ കോവിലിനു പുറത്തേക്കു നടന്നു….
“ഒന്ന് വേഗം നടക്കെന്റെ പാറുവേ… സമയം ആവണ് “…. തന്നേക്കാളും വേഗത്തിൽ അമ്പലത്തിന്റെ പടികളിറങ്ങുന്ന രേവതിയെ കണ്ട്, പാറു പൊട്ടിച്ചിരിച്ചു… “എന്താ പെണ്ണേയിത്ര ചിരിക്കാൻ.. ഹേ “. തിരിഞ്ഞു നിന്നു അവൾ കുറുമ്പായി ചോദിച്ചു… “ഒന്നൂല്യ എന്റെ ചേച്ചി പെണ്ണേ… വെറുതെ ചിരിച്ചതാ… നടക്ക് വേഗം “…. രേവതിയുടെ തോളിൽ കൈയ്യിട്ടുകൊണ്ട് വീട്ടിലേക്കു നടന്നവർ…… 💞💞💞💞 ഓഫീസ് റൂമിൽ എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയാണ് അർണവ്.. മുന്നിൽ മാധവൻ കൊലക്കേസിന്റെ ഫയലും ഉണ്ട്… മാധവന്റെ വീട്ടുകാരുടെയും, കോളനി നിവാസികളുടെയും മൊഴികൾ മനസ്സിലിട്ടു അയാൾ ഒന്നുംകൂടെ കൂട്ടി കിഴിച്ചു നോക്കി…. ഒരുപാട് പേരെ ചോദ്യം ചെയ്തു…. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ മാധവൻ എന്നയാൾ ഒരു തേർഡ് റേറ്റഡ് ക്രിമിനൽ ആണ്…. പക്ഷെ ആരായിരിക്കും അയാളെ കൊന്നത്…. ശത്രു പക്ഷത്തു ഒരുപാട് ആളുകൾ നിരന്നു നിൽക്കുന്നു… ഒരുപാട് പേർക്ക് അയാളോട് ശത്രുതയുണ്ട്… “സർ “…. പെട്ടെന്ന് ജിതിൻ അങ്ങോട്ടേക്ക് ചെന്നു അർണവിന്റെ മുൻപിൽ സല്യൂട്ട് ചെയ്തു നിന്നു.
“ഹാ, ജിതിൻ…. കോപ്പി എടുത്തോണ്ട് വരാൻ പറഞ്ഞ ഫയൽസിന്റെ കാര്യം എന്തായി “…. “അത് കഴിഞ്ഞു സർ… ഞാൻ കൊണ്ടു വന്നിട്ടുണ്ട് “…. കയ്യിലിരുന്ന പേപ്പർസ് ജിതിൻ ടേബിളിന്റെ മുകളിലേക്ക് വെച്ചു മാറി നിന്നു….. “മാധവൻ കൊലക്കേസിൽ ഒരാളെ കൂടെ ചോദ്യം ചെയ്യണമല്ലോ…. വൺ മിസ്റ്റർ അനന്തൻ… ഇന്ന് തന്നെ പോയാലോ “….. ടേബിളിൽ ഇരുന്ന പ്രിസം ബാൾ കറക്കികൊണ്ടാണ് ചോദ്യം… ജിതിന് പെട്ടെന്ന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു…. അവന്റെ നെഞ്ചിലൊരാളൽ ഉണ്ടായി….. “എന്താണ് ജിതിൻ… തനിക്കിന്ന് വല്ല ബുദ്ധിമുട്ടും ഉണ്ടോ വരാൻ “…. ചെയ്യുന്ന പണി അങ്ങനെതന്നെ തുടർന്നുകൊണ്ട് തലയൊന്നു ചെരിച്ചു അർണവ്, അവന്റെ മുഖത്തേക്ക് നോക്കി…. “അങ്ങനൊന്നും ഇല്ല സർ “…. “പിന്നെന്താടോ ഒരു ടെൻഷൻ പോലെ “…. “അത് പിന്നെ, സർ… ഇന്ന് അനന്തന്റെ അനിയന്റെ കല്യാണമാണ്… ഈ സമയം നമ്മളങ്ങോട്ട് ചോദ്യം ചെയ്യാനായി പോയാൽ “…. പറഞ്ഞത് മുഴുമിക്കാനാവാതെ അവൻ എസിപി യുടെ മുഖത്തേക്ക് നോക്കി…..
“ഹ്മ്… അതും ശരിയാണ്…. നോക്കാം”…. ജിതിൻ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പെട്ടു.. “സർ, എങ്കിൽ ഞാൻ പൊയ്ക്കോട്ടെ “… അർണവ് തലയാട്ടി സമ്മതം കൊടുത്തപ്പോൾ, വീണ്ടുമൊരു സല്യൂട്ട് കൊടുത്തു മുറി വീട്ടിറങ്ങിപ്പോയി…. ആ സമയം എസിപി യുടെ മനസ്സിൽ ജിതിൻ ഒരു ചോദ്യച്ചിഹ്നം ആയി മാറിയിരുന്നു… 💞💞💞💞 “എടി വല്ലതും കഴിക്കു പെണ്ണേ… ഇനി ഫോട്ടോയെടുപ്പും ബഹളോം എല്ലാം കഴിഞ്ഞാലേ നിനക്ക് വല്ലതും തിന്നാൻ പറ്റു കേട്ടോ “….. രാവിലെ ഒരുങ്ങുന്നതിനു മുൻപേ, ഒരു പ്ലേറ്റിൽ അപ്പവും വെജിറ്റബിൾ കുറുമയും കൊണ്ടു പാറുവിന്റെ മുറിയിലേക്ക് വന്നതാണ് സീത…. “അവിടെ വെച്ചേക്കു… ഞാൻ കഴിച്ചോളാ അമ്മേ “…. ജനലിന് പുറത്തേക്കു നോക്കി കൊണ്ടു തിരിഞ്ഞു നിന്നു പാറു മറുപടി കൊടുത്തു…. “പിന്നത്തേനല്ല, ഇപ്പോ തന്നെ കഴിക്കണം നീയ്… ഇങ്ങോട്ട് തിരിഞ്ഞു നിന്നേ “…. അടുത്തേക്ക് ചെന്നു ബലമായി സീതയവളെ പിടിച്ചു തിരിച്ചു നിർത്തി…
“എന്താടി… എന്തിനാ കരയണേ “…. നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന പാറുവിനെ കണ്ടു, സീതക്കു പേടിയായി…. “എന്താന്ന് വെച്ച പറ മോളേ “…. പ്ലേറ്റ് അടുത്തിരുന്ന മേശമേൽ വെച്ചു, അവളോടായി വീണ്ടും ചോദിച്ചു…. “അത്, അമ്മേ… അച്ഛനുണ്ടാരുന്നേൽ “…. എങ്ങലടിച്ചുകൊണ്ട് തോളിലേക്ക് ചാഞ്ഞു കിടന്നായവളുടെ തലയിൽ അരുമയോടെയവർ തലോടി…. സീതയുടെ കണ്ണുകളും നിറഞ്ഞിരുന്നു…. “പോട്ടേടി… നീയിങ്ങനെ കരയല്ലേ മോളേ, നല്ലൊരു ദിവസമായിട്ട് “…. വീണ്ടും വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാറുവിന്റെ കണ്ണുകൾ പെയ്തു തന്നെയിരുന്നു…. “അച്ഛൻ ഇല്ലെന്ന് ആരാടി പറഞ്ഞത്… ദേ നോക്കിയേ, അച്ഛൻ നമ്മുടെ കൂടെ തന്നെയുണ്ടെടി…. എല്ലാം കാണുന്നുമുണ്ട്…. നീയിങ്ങനെ കരഞ്ഞാൽ അദ്ദേഹത്തിന് സങ്കടാവില്ലേ പെണ്ണേ… ഹ്മ് “…. അടർത്തി മാറ്റി, ആ കണ്ണുകൾ തുടച്ചു കൊടുത്തവർ…. ശേഷം ആ നെറുകയിൽ ഒന്ന് മുത്തി…. “അച്ഛന് നിന്റെ കണ്ണു നിറയുന്നത് ഇഷ്ടമല്ല പാറുവേ.”…. പറഞ്ഞുകൊണ്ടവർ അവളുടെ മുഖത്തേക്ക് നോക്കി…
“സീതാന്റി ബ്യൂട്ടീഷൻ വന്നിട്ടുണ്ട് കെട്ടോ… മുറിയിലേക്ക് വരാൻ പറയട്ടെ “…. ചോദിച്ചു കൊണ്ട് രേവതി മുറിയിലേക്ക് കയറി വന്നു…. കരഞ്ഞു വീർത്ത മുഖവുമായി നിൽക്കുന്ന പാറുവിനെ കണ്ടു, അവൾ നെറ്റി ചുളിച്ചുകൊണ്ട് അരികിലേക്ക് ചെന്നു…. “ഒന്നൂല്യ എന്റെ ചേച്ചിപ്പെണ്ണേ… ഇട്ടിട്ടുപോയ എന്റെ അച്ഛൻ തമ്പുരാനെ ഒന്നോർത്തുപോയതാ ഞാൻ “…. ചോദിക്കാതെ തന്നെ കരഞ്ഞതിന്റെ കാരണം ഒരു തമാശ രൂപത്തിൽ പറയുന്ന പാറുവിനെ കണ്ടു രേവതി സീതയെ വേദനയോടെ നോക്കി.. “ഇനിയിതിന്റെ പേരിൽ ചോദ്യം ചെയ്യൽ വേണ്ട… ഒരഞ്ചു മിനിറ്റ്, ഞാനിതൊന്നു കഴിച്ചോട്ടെ… എന്നിട്ട് ഒരുങ്ങാം “…. പ്ലേറ്റ് കയ്യിലെടുത്തു കഴിക്കുന്ന പാറുവിനെ ഒന്ന് നോക്കി കൊണ്ടു സീത മുറിയ്ക്കു പുറത്തേക്കിറങ്ങി….
മറൂൺ നിറമുള്ള ഗോൾഡൻ യെല്ലോ ബോർഡർ കസവുള്ള കാഞ്ചിപുരം സാരിയിൽ പാറു അതീവ സുന്ദരിയായിരുന്നു…. കൂടെ പഴമയുടെ ആഭരണങ്ങളും കൂടി ആയപ്പോൾ ഒരു ദേവതയെപ്പോലെ തോന്നിയവൾ…. മുടി മുഴുവനും ബൺ ചെയ്തു വെച്ചു, നിറയെ മുല്ലപ്പൂക്കൾ ചൂടിയിരുന്നു… വളരെ ലളിതമായിട്ടൊരുങ്ങി, കാറിൽ നിന്നും പുറത്തേക്കിറങ്ങിയ പാറുവിനെ കണ്ട്, അവിടെ നിന്ന അനന്തന്റെ കണ്ണുകളിൽ നനവൂറി…. വേഗം അവളുടെ അടുത്തേക്ക് ചെന്നു ചേർത്തു പിടിച്ചവൻ… “പാറൂട്ടിയെ… സുന്ദരിയായിട്ടുണ്ടല്ലോ “…. നെറുകയിലൊന്നു മുകർന്നിട്ടായിരുന്നു പറച്ചിൽ.. അവൾ ചിരിച്ചുകൊണ്ട് തലയാട്ടി… കാറിന്റെ അപ്പുറത്തെ ഡോർ തുറന്നിറങ്ങി വന്ന രേവതിയെ കണ്ടു തിരിഞ്ഞു നിൽക്കാൻ തുടങ്ങിയെങ്കിലും, ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചവളെ കണ്ട് അനന്തൻ അമ്പരന്നു…
പഴയ രേവതിയെ അവളിൽ അനന്തന് കാണാനായില്ല…. ചിരിച്ചുകൊണ്ട് അവൾ പാറുവിന്റെയരികിലായിട്ട് വന്നു നിന്നു…. “ഞങ്ങളകത്തേക്ക് പൊയ്ക്കോട്ടെ അനന്തേട്ട “… വീണ്ടും പുഞ്ചിരി നൽകി ചോദിക്കുന്നവൾ അവനൊരു അത്ഭുതമായിരുന്നു… തലയാട്ടി സമ്മതമറിയിച്ചു ഒരു ചെറു ചിരി അവൾക്കായി സമ്മാനിച്ചവൻ…. രേവതി പാറുവുമായി അമ്പലഓഡിറ്ററിയത്തിന്റെ റെസ്റ് റൂമിലേക്ക് പോകുന്നത് നിറഞ്ഞ മനസ്സോടെ അനന്തൻ നോക്കിനിന്നു….. താലപ്പൊലിയുടെ നടുവിൽ ദീപവുമെന്തി അവൾ നടന്നു…. വാദ്യമേളങ്ങളുടെ അകമ്പടിയോടെ, പഞ്ചഭൂതങ്ങളുടെ നിറഞ്ഞ അനുഗ്രഹത്തോടെ കതിർ മണ്ഡപത്തിന് മൂന്നു പ്രാവശ്യം വലം വെച്ചു…. ശേഷം, കോവിലിനു നേർക്കു കണ്ണുകൾ അടച്ചു നിന്നു, ദേവിയെ തൊഴുത് വണങ്ങി…. ദക്ഷിണ കൊടുത്തു മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങി….
ഉണ്ണിയുടെ വാമഭാഗത്തായിട്ടിരിക്കുമ്പോൾ, ഒരു വിറയലുണ്ടായി പെണ്ണിന്… മന്ത്രോചാരണങ്ങളുടെ നടുവിൽ, പ്രാണനായവന്റെയരുകിൽ, ഒരിറ്റു സിന്ദൂരത്തിനായി…. ‘കെട്ടിമേളം’….. ആരോ വിളിച്ചു പറയുന്നു…. വാദ്യമേളങ്ങൾ ഒന്നുകൂടെ ഉച്ചത്തിലായി…. മഞ്ഞൾ നൂലിൽ കൊരുത്തിട്ട താലി നെഞ്ചിലേക്ക് ചേരുന്നതും, കഴുത്തിടുക്കിൽ ഉണ്ണിയേട്ടന്റെ നിശ്വാസം പതിയുന്നതും അവളറിഞ്ഞു…. കൈകൂപ്പി അത് സ്വീകരിക്കുമ്പോൾ, ജൻമം ധന്യമായതു പോലെ തോന്നിയവൾക്ക്…. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അവളെറിയാതെ തന്നെ ഇറ്റ് വീണു…. സിന്ദൂരത്തിന്റെ ചുവപ്പ്, സീമന്തരേഖയിൽ പടരുമ്പോൾ കണ്ണുകളുയർത്തി അവളുണ്ണിയെ ഒന്ന് നോക്കി…. പൊടുന്നനെ, അവനേകിയെ ചുംബനത്തിന്റെ മധുരത്തിൽ ആ കവിളുകളിൽ നാണത്തിന് കുങ്കുമശോണിമ പടർന്നുവോ…. സന്തോഷത്തിൽ നിറഞ്ഞ സുന്ദര മുഹൂർത്തങ്ങൾ….
മണ്ഡപത്തിൽ നിരന്നു നിന്ന അച്യുതനും ശാരദയും സീതയും രേവതിയും ഒക്കെ നിറഞ്ഞ സന്തോഷത്തിലാണ്… അതിനു സാക്ഷിയായ അനന്തന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ നനവ് പടർന്നിരുന്നു…. അത് മനസ്സിലേക്ക് ആവാഹിച്ചു കണ്ണുകൾ ഇറുക്കിയടച്ചവൻ… ‘മതി, ഇത് മതി തന്റെയിനിയുള്ള ജീവിതത്തിന് ‘ മനസ്സിൽ പലപ്രാവശ്യം ഉരുവിട്ടവൻ…. അതേ സമയം, അപ്പുവിന്റെ കണ്ണുകളിൽ അനന്തൻ കണ്ടു, നഷ്ടപ്രണയത്തിന്റെ ഒരു കുഞ്ഞു നൊമ്പരം…… (തുടരും )

by