19/04/2026

പാർവതി പരിണയം : ഭാഗം 38

രചന – മൈഥിലി മിത്ര

“ചേച്ചി… അത്താഴം കഴിക്കാൻ വരണില്ലേ”…. മീനൂട്ടിയെ കഴിപ്പിച്ചതിനു ശേഷം , തോളിലിട്ട് തട്ടിയുറക്കുകയായിരുന്നു രേവതി… നേരത്തെ പാറു ഉപയോഗിച്ച മുറിയിലാണ് അവളും കുഞ്ഞിപ്പെണ്ണും ഇപ്പോൾ കിടക്കുന്നത്…. മീനുവിന് ഒരു വയസ്സ് കഴിഞ്ഞേപിന്നെയുള്ള ശീലമാണിത്… ഇടയ്ക്ക് രാത്രിയിൽ കരഞ്ഞാൽ, പാലൂട്ടാൻ വേണ്ടി മാത്രം പാറുവിന്റെയടുത്തു കൊണ്ടുചെല്ലും…. രേവതിയുടെ ചൂട് പറ്റി കിടന്നുറങ്ങാൻ അവൾക്കു വല്യ ഇഷ്ടമാണ്…. “പതുക്കെ… മോളുണരും ചിപ്പി “… ഒരമ്മയുടെ കരുതലോടെ, മോളേ ചേർത്തുപിടിച്ചു താരാട്ട് പാടി ഉറക്കുന്നവളെ കണ്ടു, ചിപ്പിയുടെ ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടു… ചേച്ചിയുടെ വേറൊരു ഭാവം… മുറിയിലെ കട്ടിൽ പോയവളിരുന്നു… റൂമിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് രേവതി…

മീനൂട്ടിയാണെങ്കിൽ പകുതിയുറക്കത്തിലാണ്… വലത്തെ കയ്യുടെ തള്ളവിരൽ ഉറിഞ്ചി കുടിച്ചുകൊണ്ടാണ് കാന്താരിയുടെ ഉറക്കം തന്നെ… മീനുവിന്റെ ആ കുഞ്ഞി മുഖം കണ്ടപ്പോൾ, ചിപ്പിയുടെ കൈകൾ അറിയാതെ തന്നെ അവളുടെ വയറ്റിലമർന്നു…. ഇതുപോലൊരു കുഞ്ഞിനെ താനും ആഗ്രഹിക്കുന്നുണ്ട്… ഓരോ പ്രാവശ്യത്തെ പീരിയഡ്‌സ് വരുമ്പോഴും, അപ്പുവേട്ടന്റെ കണ്ണുകളിലെ നൊമ്പരം താനും കാണുന്നതാണ്… കല്യാണം കഴിഞ്ഞിട്ട്, രണ്ടു വർഷത്തോളം ആകാറായി… പാവം, ചേർത്തുപിടിച്ചിട്ടേയുള്ളൂ എന്നും…. ഇടയ്ക്കൊക്കെ കുശുമ്പ് വരുമ്പോൾ, പാറുവേച്ചിയുടെ കാര്യം പറഞ്ഞു വെറുതെ വഴക്കിടും… അപ്പോൾ ആളൊന്നു ചിരിക്കും.. എന്നിട്ട് പറയും, അപ്പുവിന്റെ ജീവിതവും ജീവനും നീയല്ലെടി പെണ്ണേ എന്ന്… അത് കേൾക്കുമ്പോൾ, തന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടരും…

അറിയാം, ആ മനസ്സിലിപ്പോൾ ഞാൻ മാത്രമേ ഉളളൂവെന്ന്… എങ്കിലും അപ്പുവേട്ടന്റെ വായിൽ നിന്നും, അതു കേൾക്കാനൊരു സുഖാ… “ചിപ്പി, വാടി പോകാം “… കയ്യുടെ മുകളിൽ, അടിവീണപ്പോഴാണ് സ്വപ്നലോകത്തു നിന്നും തിരിച്ചെത്തിയത്.. നോക്കുമ്പോൾ ചേച്ചിയാണ്…. മോളെയുറക്കി കട്ടിലിൽ കിടത്തിയിട്ടുണ്ട്… താഴെ വീഴാതിരിക്കാൻ വേണ്ടി, രണ്ടു തലയിണയെടുത്ത് സൈഡിൽ തട വെച്ചിരിക്കുന്നു… “ഏത് ലോകത്തിലാടി നീയ് “…. “ഞാൻ, എന്തൊക്കെയോ ആലോചിച്ചു പോയി ചേച്ചീ പെണ്ണേ “…. “എന്തേ.. എന്ത് പറ്റി നിനക്ക് “…. അവളുടെയെടുത്തായിട്ട് കട്ടിലിലേക്ക് രേവതി ഇരുന്നു… “ഇനിപറമോളെ, എന്താ ഇത്രയാലോചിക്കാൻ നിനക്ക് “…. “അതോ… എനിക്കും ഒരു വാവേ വേണം ന്നു തോന്നുവാ ചേച്ചി… പക്ഷെ “…. സംശയത്തോടെ രേവതിയവളെ നോക്കി…

“എന്താ, ഒരു പക്ഷെ…. എന്താണേലും പറയ് മോളെ “…. ആധിയോടെ നോക്കുന്നവളെ, ചേർത്തു പിടിച്ചു ചിപ്പി… “ഒന്നൂല്യ ചേച്ചി… കല്യാണം കഴിഞ്ഞിട്ട് ഇത്രേം നാളായില്ലേ… ഒരു കുഞ്ഞിന് വേണ്ടി അപ്പുവേട്ടനും വല്ലാതെ ആഗ്രഹിക്കുന്നുണ്ട് “…. പകുതിയിൽ വാക്കുകൾ മുറിഞ്ഞു പോയി … “അതിനു വർഷങ്ങൾ ഒരുപാടൊന്നും ആയില്ലല്ലോ നിങ്ങടെ കല്യാണം കഴിഞ്ഞിട്ട്… അതൊക്കെ അതിന്റെ സമയത്തു നടക്കും… അതിനു വേണ്ടിയാണോ ഈ സങ്കടം.. ഹ്മ് “… “മ്മ് “… “സാരല്യ.. നിനക്ക് ഒത്തിരി വിഷമമാണെങ്കിൽ ഉണ്ണിയുടെ ഹോസ്പിറ്റലിൽ പോയി, ഏതെങ്കിലും ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കു ട്ടോ “…. “മ്മ് “…. “ഇനിയൊന്നു ചിരിച്ചേ.. എന്റെ ചിപ്പിക്കുട്ടി “…. അവളുടെ ഒരു ചേർത്തുപിടിക്കലിൽ ചിപ്പിയുടെ നൊമ്പരങ്ങളെല്ലാം ആവിയായിപ്പോയിരുന്നു… “ആഹാ, രണ്ടുപേരുമിവിടെ കെട്ടിപ്പിടിച്ചു കളിച്ചോണ്ടിരിക്കുവാണോ.. എനിക്ക് വയറു കത്തുവാണ്… നിങ്ങളെ നോക്കിയിരുന്ന ഞാൻ ആരായി “…. പാറുവിന്റെ വഴക്ക് കേട്ടാണ് തിരിഞ്ഞു നോക്കിയത്…..

ഞങ്ങളെ കാണാതായിട്ട് അന്വേഷിക്കാൻ വന്നതാണ് ആള്… പഴയ പാറു, ഏഴു വർഷങ്ങൾക്കു ശേഷം തിരികെയെത്തിയപോലെ… ആകപ്പാടെ സന്തോഷമാണ് ആ മുഖത്ത് …. “ദേ വരുവാ പാറുചേച്ചി…”… പറഞ്ഞുകൊണ്ട്, ചിപ്പി രേവതിയെ പിടിച്ചു വലിച്ചു .. “എല്ലാവരും.. എല്ലാവരും കഴിച്ചോ പാറു “…. മുന്നോട്ട് വെച്ച കാലുകൾ ഒരു നിമിഷം പിന്നിലേക്ക് വെച്ചുകൊണ്ട് രേവതി ചോദിച്ചു … ഇന്നലെ വരെ നടന്നതുപോലെയല്ല… ഇപ്പോൾ അനന്തേട്ടനുണ്ട്… ആൾക്ക് ഞാനിവിടെ നിൽക്കണതൊന്നും ഇഷ്ടാവാൻ വഴിയില്ല…. വന്നപ്പോൾ ഉമ്മറത്തൂണിന്റെ പിറകിൽ നിന്നും ഏന്തിവലിഞ്ഞു നോക്കി ഒരു നോക്ക് കണ്ടതാണ്… പണ്ടത്തേക്കാളും കുറച്ചുകൂടെ ഗൗരവം വന്നിട്ടുണ്ടാ മുഖത്ത്… മുടിയൊക്കെ നീണ്ടിട്ടുണ്ട്… ചീവി പുറകിലേക്ക് വെച്ചിരിക്കുന്നു..

നേരത്തത്തെപ്പോലെ തന്നെ ഉറച്ച ശരീരമാണ്… ആകപ്പാടെ മാറ്റമെന്നു പറയുന്നത്, താടി കുറച്ചൂടെ നീട്ടി വളർത്തിയതാണ്… കയറിപ്പോകുമ്പോൾ ആളിന്റെ നോട്ടം, തന്നിൽ വീണത് അറിഞ്ഞിരുന്നു… ദേഷ്യത്തോടെയാണോ… അറിഞ്ഞൂടാ… അപ്പോൾ തന്നെ ഒരു ഒളിച്ചോട്ടമായിരുന്നു അകത്തേക്ക്… വീണ്ടും കൗമാരത്തിലെത്തിയപോലെ… എന്തിനുവേണ്ടിയോ ഇടിക്കുന്ന ഹൃദയത്തെ വരുതിയിലാക്കാൻ ഒത്തിരി പാട് പെട്ടു…. പിന്നെ ഈ നിമിഷം വരെ ആളിന്റെ മുൻപിൽ ചെന്നുപെട്ടിട്ടില്ല… “നന്ദേട്ടൻ കഴിക്കേം ചെയ്തു , മുറിയിലേക്ക് പോകുകയും ചെയ്തു “….. അവളുടെ മനസ്സിലുള്ളത്, കണ്ടുപിടിച്ചതുപോലെ പാറു ചിരിച്ചുകൊണ്ട് പറഞ്ഞു… ഒരു വിളറിയ ചിരി സമ്മാനിച്ചുകൊണ്ട്, രേവതി അവരോടൊപ്പം ഡൈനിങ് റൂമിലേക്ക് ചെന്നു…. “വാ മോളെ… നിന്നെ നോക്കിയിരിക്കുകയായിരുന്നു ഇത്രേം നേരം… കാണാതായപ്പോളാ, പാറുവിനെ മുറിയിലേക്ക് വിട്ടത് “….. ഓരോത്തർക്കും പാത്രത്തിലായി ചോറും കറികളും വിളമ്പിവെക്കുകയായിരുന്നു ശാരദ… കൂടെ ഗ്ലാസുകളിൽ വെള്ളം നിറച്ചു വെക്കുന്നുണ്ടായിരുന്നു…

“മോള് ഉറങ്ങാൻ താമസിച്ചമ്മേ.. അതാ “… പറഞ്ഞുകൊണ്ട്, ടേബിളിന് അടുത്തുള്ള സിങ്കിൽ കൈകഴുകി, രേവതി അവർക്കൊപ്പം കഴിക്കാനായിട്ട് ഇരുന്നു…. ചോറിൽ വിരലിട്ടുകൊണ്ട് വെറുതെ ഇളക്കി .. ഒന്നും കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല അവൾക്കു… സങ്കടമാണോ, സന്തോഷമാണോ എന്നറിയാത്ത വികാരം… “അനന്തൻ എന്ത് വിചാരിക്കുമെന്നോർത്തു, മോളിങ്ങനെ ഒളിച്ചും പാത്തും നടക്കേണ്ട… നീയും എന്റെ മകളാണ്… അവനിവിടെയുണ്ടെന്നു കരുതി, ഈ വീട്ടിൽ നിന്നും പോണമെന്ന് നിനക്ക് വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ “…. പറയാൻ വന്നത് പകുതിയിൽ നിർത്തി ശാരദ…… കുറച്ചു മൊരു കറി കൂടെ രേവതിയുടെ പാത്രത്തിലേക്കായി ഒഴിച്ച് കൊടുത്തു….. അവൾ മൗനമായിട്ട് ഇരുന്നതേയുള്ളൂ… എന്ത് പറയാനാണ്… പക്ഷെ, പോണം… മീനുട്ടി, അവളെ വിട്ട് പോകാനും തോന്നുന്നില്ല… അത്രയ്ക്കും അവളിൽ അഡിക്ട് ആയിപ്പോയി… കുഞ്ഞിപ്പെണ്ണിന്റെ ചൂടേൽക്കാതെ തനിക്കിപ്പോൾ ഉറങ്ങാൻ പോലും പറ്റാതായിരിക്കുന്നു…..

“രേവതി, നിന്നോടാ ഞാൻ പറഞ്ഞത്”…. മറുപടി ഒന്നും കിട്ടാത്തതുകൊണ്ട് , വീണ്ടും ശാരദയതു ആവർത്തിച്ചു … അമ്മയെപ്പോലെയാണ്… അല്ല, അമ്മ തന്നെയാണ്… ഒരിക്കൽ സങ്കടങ്ങൾ സഹിക്കാൻ പറ്റാതെ ആയപ്പോൾ, അനന്തേട്ടനോടുള്ള ഇഷ്ടവും അതിനു ഏട്ടനിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയും ഒക്കെ പറഞ്ഞുപോയി… ശാരദമ്മ തന്നെ ചേർത്തുപിടിച്ചന്ന് കരഞ്ഞു.. അതിനുശേഷം, ഒരിക്കൽ പോലും എന്നെയൊറ്റക്കാക്കിയിട്ടില്ല… ഇപ്പോളമ്മയ്ക്കും അറിയാം , ഇതുവരെയും താൻ കല്യാണം കഴിക്കാത്തതിന്റെ കാരണം…. “മതിയമ്മേ “….. വീണ്ടും പ്ലേറ്റിലേക്കു കുറച്ചു ചോറ് കൂടെ ശാരദ അവൾക്ക് ഇട്ട് കൊടുത്തു… വേണ്ടാഞ്ഞിട്ടും പതിയെ അവിടിരുന്നു കഴിക്കുന്ന രേവതിയെ കണ്ട്, പാറുവും ചിപ്പിയും തല തല്ലിച്ചിരിച്ചു… അതു കണ്ടിട്ട്, അവളുടെ ചുണ്ടിലും പുഞ്ചിരി വിരിയുന്നേണ്ടായിരുന്നു…. പോയ സന്തോഷങ്ങളെല്ലാം, തിരിച്ചു വന്നതുപോലെ… നിറഞ്ഞ കണ്ണുകളോടെ ശാരദമ്മ അത് നോക്കിയിരുന്നു… സീതയുണ്ടായിരുന്നെങ്കിൽ എത്ര സന്തോഷിച്ചേനെ ഈ ദിവസം…. അതേ സമയം, പുറത്ത് മഴ പെയ്യുകയായിരുന്നു… ആത്മാക്കളുടെ ആനന്ദം പോലെ… അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു…

“എന്താണ് ഭാര്യേ ഭയങ്കര സന്തോഷം “….. ബെഡ് ഷീറ്റ്, കുടഞ്ഞു വിരിക്കുന്നതിനിടയിലാണ് ഉണ്ണിയവളെ പുറകിൽ നിന്നും ചേർത്തുപിടിച്ചത്… “ഒന്ന് വിട്ടേ ഉണ്ണ്യേട്ടാ… ഞാനിതൊന്നു വിരിച്ചോട്ടെ “….. അവന്റെ കൈകളില്ക്കിടന്നു കുതറിക്കൊണ്ടാണ് പാറുവത് പറഞ്ഞത്…. “വിടാം… അതിനുമുൻപ് ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറ “….. അവളുടെ ചെവിക്കുപുറകിലായി ചുണ്ടുകൾ ചേർത്തവൻ… ഒരു തരിപ്പവളിൽ കൂടി പടർന്നു.. “അടങ്ങിയിരിക്ക് ഏട്ടാ”…. ഇടുപ്പിലിഴയുന്ന കൈകളിൽ ഒരു കുഞ്ഞു അടിവെച്ചുകൊടുത്തവൾ… “ഓഹ്… അല്ലേലും നിന്റെ നന്ദേട്ടൻ വന്നുകഴിഞ്ഞാൽ പിന്നെ, നമ്മളെയൊന്നും ആർക്കും വേണ്ടല്ലോ “…. വിരിച്ചിട്ട കട്ടിലിൽ കയറി, കമഴ്ന്നു കിടന്നവൻ.. പാറുവിന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി മൊട്ടിട്ടു….. സത്യമാണ്, നന്ദേട്ടൻ വന്നു കഴിഞ്ഞതിൽ പിന്നെ താൻ നിലത്തും താഴെയുമല്ല… കുറെ വർഷങ്ങൾക്കു ശേഷം, ഇന്നാണ് മനസ്സുതുറന്നൊന്നു ചിരിച്ചത് തന്നെ…

കുഞ്ഞിപ്പെണ്ണിനെ പ്രസവിച്ചപ്പോൾ പോലും ഇത്രേം സന്തോഷം എന്നിലുണ്ടായിരുന്നോ… നന്ദേട്ടനില്ലാത്ത ഏഴു വർഷങ്ങൾ, എങ്ങനെ ജീവിച്ചെന്നു പോലുമറിയില്ല… “ഉണ്ണിയേട്ടാ “…. കമഴ്ന്നു കിടക്കുന്ന അവന്റെ പുറത്തേക്കു മുഖം ചേർത്തു വെച്ചവൾ… “പിണക്കാണോ ഏട്ടാ “…. അവന്റെ ചുമലിൽ ‘പാറു’ എന്ന് വിരലുകളാൽ എഴുതിയും മായ്ച്ചും അങ്ങനെ തന്നെ കിടന്നു… “ദേ എനിക്കുറക്കം വരുന്നു.. ഹും.. ഞാൻ പോണ് “…. തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി പുച്ഛം വാരി വിതറിയിട്ട്, പാറു തിരിഞ്ഞു കിടന്നു. പെട്ടെന്ന് ആ കൈകൾ വന്നു കോരിയെടുത്തു , നെഞ്ചിലേക്ക് ചേർത്തു കിടത്തി പൊതിഞ്ഞു പിടിച്ചു…… “സ്നേഹം ഇല്ല “…. ചെവിയോരം അവന്റെ ചുണ്ടുകളുടെ നനവ് അവളറിഞ്ഞു…. “ആര് പറഞ്ഞു “… തിരിഞ്ഞു കിടന്നുകൊണ്ട്, ആ മൂക്കിൻ തുമ്പിൽ ആഞ്ഞൊരു നുള്ളു കൊടുത്തു പെണ്ണ്…. “ആവൂ,.. നോവിക്കാതെടി പാറൂ “…. അവന്റെ കൈകൾക്കുള്ളിൽ ആ നെഞ്ചോരം ആഞ്ഞു പുണർന്നു കിടന്നു… “മോളുറങ്ങിയോടി “…. “അവളുറങ്ങി ഏട്ടാ “…. “നിനക്ക് സങ്കടം ഉണ്ടോടി, നമ്മുടെ കുഞ്ഞിപ്പെണ് അവിടെ കിടക്കുന്നതിൽ “… മറുപടിയായി ഉണ്ണിയുടെ നേർക്കു ദേഷ്യത്താൽ നോട്ടമെറിഞ്ഞവൾ…

“ഇതിന്റെ മറുപടി പറഞ്ഞു ഞാൻ മടുത്തു ട്ടോ ഉണ്ണിയേട്ടാ “…. “അറിയാടി… എന്നാലും വെറുതെ ചോദിച്ചതാ “… ഉണ്ണിയവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു… അത്രയും സ്നേഹത്തോടെ…. “ആദ്യൊക്കെ ഇത്തിരി സങ്കടോണ്ടായിരുന്നു… നമ്മടെ ടീച്ചറിന് വേണ്ടിയല്ലേ ഏട്ടാ… പാവം എന്തോരം വിഷമിച്ചു… ഏട്ടൻ ജയിലിൽ പോയി… അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല…. ചിപ്പിയെ ആശ്വസിപ്പിക്കാൻ അപ്പുവേട്ടനെങ്കിലുമുണ്ട്… ചേച്ചിക്ക് ആരൂല്യ… എനിക്ക് ആദ്യമൊക്കെ കാണുമ്പോൾ പേടിയായിരുന്നു… ചേച്ചീ, ആരോടുമൊന്നും മിണ്ടാതെ, തനിച്ചു, എങ്ങോട്ടേക്കൊ നോക്കിയിരുന്നു, എപ്പോഴും എന്തൊക്കെയോ ചിന്തിച്ചോണ്ടിരിക്കുന്നത് കാണുമ്പോൾ, നെഞ്ചു പിടഞ്ഞിട്ടുണ്ടെനിക്ക്… മീനുട്ടി വന്നതിൽ പിന്നെയല്ലേ ആ പാവമൊന്നു ചിരിച്ചു കാണുന്നത് “…. ഒരേങ്ങൽ അവളിൽ നിന്നുയർന്നു… അതിന്റെ ഫലമായി ഉണ്ണിയുടെ ഷർട്ട്‌ നനഞ്ഞു….

“അയ്യേ, എന്റെ കൊച്ചു കരയുവാണോ.. പോട്ടേ, അതൊക്കെ കഴിഞ്ഞില്ലേ… ഇന്ന് സന്തോഷിക്കണ്ട ദിവസമല്ലേ… ഹ്മ് “…. പറഞ്ഞുകൊണ്ടവൻ പാറുവിന്റെ മുഖം, കയ്യിലെടുത്തു… ആ കവിളുകളിൽ പരന്ന കണ്ണീരിനെ, വലം കയ്യിലെ തള്ള വിരലാൽ ഒപ്പിയെടുത്തു… “ഇനി കരയോ നീയ് “… “ഊഹും “… “ഗുഡ് ഗേൾ “…. ആ കവിളുകളിൽ ആഞ്ഞു മുത്തിയവൻ… കണ്ണുകളടച്ചു പിടിച്ചു അവളത് സ്വീകരിച്ചു…. “അതേ, കുഞ്ഞിപ്പെണ്ണിന് മൂന്നു വയസ്സായി “… “അതിനു “…. “അതിനോ… എന്ത് വാർത്താനമാടി നീയീ പറയുന്നത് “…. “എന്ത് പറഞ്ഞു “…. “കുന്തം…. എന്റെ മീനൂട്ടിക്ക്, എന്നും ഒറ്റയ്ക്ക് കളിച്ചു നടക്കാനാ വിധി… ആരോട് പറയാൻ… ആര് കേൾക്കാൻ “…. മീശ പിരിച്ചുകൊണ്ട്, കള്ളക്കണ്ണിട്ട് പരാതി പറയുന്ന, ഉണ്ണിയുടെ നോട്ടം താങ്ങാനാവാതെ പാറു കണ്ണുകൾ ഇറുക്കിയടച്ചു… പുറത്ത് മഴ പെയ്യുന്നതും, ഭൂമിയാകെ നാണത്തിൽ നനഞ്ഞു കുളിരുന്നതും അവരറിഞ്ഞില്ല… പ്രണയമഴയിൽ നനയുകയായിരുന്നു അപ്പോഴവർ…… തുടരും….