18/04/2026

പാർവതി പരിണയം : ഭാഗം 17

രചന – മൈഥിലി മിത്ര

“സീതേ, എടി സീതേ.. എവിടെപ്പോയി കിടക്കുവാ ഇവള് “… അടുക്കളയിൽ കാണാഞ്ഞിട്ട് സീതയുടെ മുറിയിൽ പോയി തപ്പി ശാരദ.. ഒടുവിൽ ഉമ്മറത്തേക്ക് വന്നു നിന്നു തൊടിയിലേക്ക് ഒന്ന് കണ്ണു പായിച്ചു.. അവിടെയുമില്ലെന്നു കണ്ടപ്പോൾ, മുറ്റത്തേക്കിറങ്ങി തൊഴുത്തിന്റെ സൈഡിലേക്ക് ചെന്നു … “എന്റെ സീതേ, നീയിവിടെ ഉണ്ടാരുന്നോ.. ഞാനങ്ങു പേടിച്ചു പോയി “… ശാരദയുടെ ഒച്ച കേട്ടാണ് സീത തിരിഞ്ഞു നോക്കിയത്…പശുക്കൾക്ക് കുടിക്കാൻ വെള്ളം കൊടുത്തോണ്ടിരിക്കുകയായിരുന്നവർ.. “എന്തേ ഏട്ടത്തി, എന്തേലും പണിയുണ്ടോ “… കൈകൾ സാരിയുടെ മുന്താണിയിൽ തുടച്ചുകൊണ്ട് അവർ ശാരദയുടെ അടുത്തേക്ക് ചെന്നു… “നിനക്കെപ്പോഴും പണി ചെയ്യണമെന്ന ഒറ്റ വിചാരേ ഉള്ളോ സീതേ.. ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല “.. ശാരദയുടെ സ്നേഹത്തോടെയുള്ള കരുതൽ… പണ്ടും ഇങ്ങനെയാണ്, തന്നെ കൊണ്ട് ഒരു പണിയും ചെയ്യിപ്പിക്കില്ലായിരുന്നു..

ഏട്ടത്തിയുടെ നിർബന്ധം മൂലമാണ്, ഇവിടെ ഒരു വീട് വെച്ചത് തന്നെ.. “കഴിഞ്ഞേട്ടത്തി, ഇനി പറ “… “നീയകത്തേക്ക് വാ പെണ്ണേയൊന്ന് “… “എന്താ ഏട്ടത്തി കാര്യം “… സംശയത്തോടെ സീതയവരെ നോക്കി… “എന്തേ, നീ കാര്യം പറഞ്ഞാലേ വരുവൊള്ളൂ “… പരിഭവത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ തന്നെ സീതക്കു ചിരി പൊട്ടി… “ദേ വരണ്, ഇനി അതിന്റെ പേരിൽ ആ മുഖം ഇങ്ങനെ വീർപ്പിച്ചു പൊട്ടിക്കേണ്ടട്ടോ “… സീതയെ ചേർത്തു പിടിച്ചു വീടിനുള്ളിലേക്ക് നടന്നവർ… അച്ചുതന്റെയും ശാരദയുടെയും മുറിയിലേക്കാണ് പോയത്…. “എന്തേ ഏട്ടത്തി “… “മിണ്ടാതെ ഇവിടെയിരിക്കെടി “… സീതയെ പിടിച്ചു കട്ടിലിലേക്ക് ഇരുത്തി.. തലയിണയുടെ അടിയിൽ സൂക്ഷിച്ചു വെച്ച താക്കൊലെടുത്തു, പോയി അലമാരി തുറന്നു… അകത്തെ ഷെൽഫിലായി വെച്ചിരിക്കുന്ന ഒരു കവർ പുറത്തെടുത്തിട്ട്, അലമാരി ഭദ്രമായിട്ട് അടച്ചുപൂട്ടി … “ദേ നോക്കിയേ നീയ് “… അതുമായി കട്ടിലിൽ സീതയുടെ അടുത്ത് വന്നിരുന്നു… കവറിൽ നിന്നെടുത്ത രണ്ടു പെട്ടികളിൽ ഒന്നു സീതയുടെ മടിയിലേക്ക് വെച്ചുകൊടുത്തു…

“എന്താ ഏട്ടത്തി ഇത് “… “തുറന്നു നോക്കെടി,എന്റെ പാറൂട്ടിക്കുള്ളതാ”. അവര് പതിയെ ആ പെട്ടി തുറന്നു.. അതിനുള്ളിലേക്ക് നോക്കിയപ്പോൾ സീതയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. “എന്തിനാ ഏട്ടത്തി ഇതൊക്കെ “… പെട്ടിക്കുള്ളിലെ ആഭരണങ്ങൾ കണ്ടു സീതയുടെ കണ്ണു നിറഞ്ഞു തൂവി … “എന്റെ കൊച്ചിന് കൊടുക്കാൻ വാങ്ങിയതിനു നീയെന്തിനാ പെണ്ണേ കരയുന്നത് “… നിറഞ്ഞൊഴുകിയ സീതയുടെ കണ്ണുകൾ ശാരദയിൽ വേദന പടർത്തി.. കണ്ണു തുടച്ചു കൊടുത്തവർ… “അവള് ജനിച്ച അന്ന് തൊട്ട് വാങ്ങിക്കൂട്ടിയതാടി. എല്ലാം പഴേ ഫാഷനാ . പാറുന് പുതിയത് വേണേൽ നമ്മക്ക് വേറെ വാങ്ങിക്കാടി.. കല്യാണത്തിന് ഒരു കുറവും അവൾക്കുണ്ടാവരുത് സീതേ “… സീത അറിയുകയായിരുന്നു ശാരദക്കവളോടുള്ള വാത്സല്യം.. പാറുവിനെ പെറ്റു ആ കയ്യിലേക്ക് ഏൽപ്പിച്ചിട്ടേ ഉളളൂ താൻ.. വളർത്തിയത് മുഴുവനും ഏട്ടത്തിയാണ്. ‘പാറുവിന്റെ ഭാഗ്യം’ സീത മനസ്സിലോർത്തു… “എന്താടി ഇങ്ങനിരിക്കുന്നെ.. ഇഷ്ടായില്ലേ മാറ്റി വാങ്ങാടി “… ശാരദയുടെ കൈകൾ കൈക്കുള്ളിലാക്കി, നെറ്റിമേൽ മുട്ടിച്ചു സീത .. കൈകളിൽ നനവ് പടർന്നപ്പോഴാണ് അവള് കരയുകയാണെന്ന് അവർക്ക് മനസ്സിലായത്..

“എന്താടി, എന്തിനാ നീയിങ്ങനെ കരയുന്നെ “… കൈകൾ അവളിൽ നിന്നുമെടുത്തു സീതയെ തോളോട് ചേർത്തു പിടിച്ചു ശാരദ … “സന്തോഷം കൊണ്ടാ ഏടത്തി.. ഒരു പക്ഷെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ.. രാഘവേട്ടന്റെ കൂടെ ഞങ്ങളും…”… ശാരദയുടെ കത്തുന്ന നോട്ടം കണ്ടു സീത പകുതിക്കു വെച്ചു സംസാരം നിർത്തി… “ഞങ്ങൾ ഇപ്പോഴും നിനക്ക് അന്യയാണോ സീതേ “… ശാരദയുടെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു.. അല്ലായെന്ന അർത്ഥത്തിൽ സീത തലയാട്ടി.. പിന്നെ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു… കരഞ്ഞു തീരുന്നിടം വരെ ശാരദ അവരുടെ തോളിൽ തടവിക്കൊണ്ടേയിരുന്നു… ചില ബന്ധങ്ങളെങ്ങനെയാണ്.. രക്തബന്ധത്തേക്കായാലും മുറുക്കം കൂടിയത്.. “ഞാൻ വേദനിപ്പിച്ചുവോ ഏട്ടത്തി “… “ഇല്ലെടി പെണ്ണേ “… ഒരു പുഞ്ചിരി ശാരദയുടെ മുഖത്ത് വിടർന്നു.. കവറിനുള്ളിലെ രണ്ടാമത്തെ പെട്ടിയിലേക്ക് സീതയുടെ കണ്ണുകൾ നീണ്ടു… പിന്നീട് ശാരദയെ നോക്കി… “ന്റെ മൂത്ത മരുമോൾക്ക് വേണ്ടി വാങ്ങിച്ചു കൂട്ടിയതാടി.. കണ്ണടയുന്നതിനു മുൻപ് അവന്റെ കല്യാണം കൂടെ കാണണമെന്നുണ്ടായിരുന്നു.. ആ ഭാഗ്യം എനിക്കില്ലാതെ പോയി..

മക്കളെ പ്രസവിക്കാനല്ലേ നമ്മുക്ക് സാധിക്കൂ.. അവരുടെ ഇഷ്ടങ്ങളെ പ്രസവിക്കാൻ നമ്മുക്ക് സാധിക്കില്ലല്ലോ സീതേ.. ആ കാര്യത്തിൽ ഞാനൊരു വിഡ്ഢിയാണ് .. പമ്പര വിഡ്ഢി “.. നിറഞ്ഞ തൂവുന്ന ശാരദയുടെ കണ്ണുകൾ കണ്ടു സീത വാ പൊത്തി നിശബ്ദമായി തേങ്ങി.. ഒരു വാതിലിനപ്പുറം ഇത് കേട്ടു നിന്ന ഉണ്ണിയുടെ ചങ്ക് എന്തിനോ വേണ്ടി പിടഞ്ഞു… 💞💞💞💞💞 “ഏട്ടാ “… അനന്തൻ മുറിയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുമ്പോളാണ് ഉണ്ണി അങ്ങോട്ടേക്ക് ചെന്നത്… കസേരയിൽ ഇരുന്നിട്ട് കട്ടിലിന്റെ മുകളിലേക്ക് കാല് കയറ്റി വെച്ചിട്ടുണ്ട്.. “എന്തെടാ പറഞ്ഞോ “… മുഖമുയർത്തി നോക്കാതെ തന്നെ അനന്തൻ മറുപടി നൽകി… ഉണ്ണി വന്നു കട്ടിലിലേക്കിരുന്നു.. കുറച്ചു സമയം കഴിഞ്ഞിട്ടും ഉണ്ണിയിൽ നിന്നും ഒരു ചോദ്യവും ഉണ്ടാവാഞ്ഞിട്ട് അനന്തൻ തലയുയർത്തി നോക്കി.. എന്തോ ചോദിക്കാനുണ്ടെന്നു ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.. കൈകൾ രണ്ടും കൂട്ടീ തിരുമ്മുന്നുണ്ട്.. വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ മേശമേൽ വെച്ചിട്ട് അവന്റെ നേരെ കാലുകൾ താഴ്ത്തിയിട്ടിരുന്നു…

“എന്താന്നു വെച്ചാൽ പറയെടാ “… പിന്നെയും മൗനമായിട്ടിരിക്കുന്നവനെ ഒട്ടൊരു ആലോചനയോടെ അനന്തൻ നോക്കി.. “എന്താടാ “.. ഈ പ്രാവശ്യം കുറച്ചു ഉച്ചത്തിലായിരുന്നു ചോദ്യം.. “അത്, പിന്നെ…. കഴിഞ്ഞ ദിവസം ഏട്ടൻ പാറുവിനോട് പറഞ്ഞതൊക്കെ ഞാൻ കേട്ടു”.. അനന്തൻ നെറ്റിച്ചുളിച്ചവനെ നോക്കി… “അതേ.. ഭാമയുമായിട്ടുള്ള പ്രണയം “… എങ്ങനെ പറയേണ്ടു എന്നറിയാതെ ഉണ്ണി തപ്പിത്തടഞ്ഞു… “നീയെന്താ പറയാനുദ്ദേശിക്കുന്നത് ഉണ്ണി “… അനന്തന്റെ സംസാരത്തിൽ വേദന നിഴലിച്ചു… “ഏട്ടാ, ഏട്ടത്തി പോയിട്ടിപ്പോ വർഷം അഞ്ചു കഴിഞ്ഞില്ലേ .. ഇനിയും ആ ഓർമ്മകളിൽ ജീവിതമിങ്ങനെ തളച്ചിടണോ “… ഉണ്ണിയുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി…. “കല്യാണം കഴിക്കില്ലെന്നു പറഞ്ഞു നടന്നപ്പോൾ, താല്പര്യമില്ലാഞ്ഞിട്ടെന്ന ഞാൻ കരുതിയെ… അതിന്റെ പുറകിലിങ്ങനെയുള്ള കാരണങ്ങൾ ഉണ്ടെന്നറിഞ്ഞില്ല ഏട്ടാ.. “… അനന്തനൊരു മൂളലിൽ മറുപടിയൊതുക്കി ….

“ഇനിയെങ്കിലും അതൊക്കെയൊന്നു മറക്കാൻ ശ്രമിച്ചൂടെ ഏട്ടാ.. മരിച്ചു പോയവർക്ക് വേണ്ടിയല്ലാതെ, ഏട്ടന്റെ കല്യാണം കാണാൻ വേണ്ടി ഓരോ നിമിഷവും മരിച്ചു ജീവിക്കുന്ന ഒരമ്മയുണ്ടിവിടെ..”…. വികാരക്ഷോഭം കൊണ്ട് ഉണ്ണി വിറച്ചു.. കട്ടിലിൽ നിന്നെഴുന്നേറ്റു ജനലിനരുകിൽ പോയി അനന്തന് പുറം തിരിഞ്ഞു നിന്നവൻ.. “നീയെന്തൊക്കെയാ ഉണ്ണി പറയുന്നേ “.. അവന്റെയരികിലേക്ക് ചെന്നുനിന്ന് ,തോളിൽ പിടിച്ചു തിരിച്ചു നിർത്തി അനന്തൻ ചോദിച്ചു.. “മൂത്തമരുമോൾ വരുമ്പോ കൊടുക്കാൻ വേണ്ടി പട്ടും സ്വർണവും വാങ്ങി വെച്ചു കാത്തിരിക്കുന്ന പമ്പര വിഡ്ഢിയാണെന്ന്.. ഇത് ഞാൻ പറഞ്ഞതല്ലേട്ടാ… നമ്മടെ അമ്മ പറഞ്ഞതാ… നെഞ്ചു പൊട്ടി ആ പാവം കരയുന്നത് ഞാൻ ആദ്യായിട്ടാ കാണണേ “… പറയുമ്പോൾ വാക്കുകൾ വിറച്ചിരുന്നു ഉണ്ണിയുടെ.. നിറഞ്ഞ കണ്ണുകൾ ഇറുക്കിയടച്ചവൻ പെയ്യാൻ സമ്മതിക്കാതെ… “ഇനി പറയേട്ട, മരിച്ചു പോയവരുടെ പ്രണയത്തിന്റെ ഓർമ്മകൾക്ക് കൂട്ടിരിക്കുമ്പോ, ഒരു വാക്കുകൊണ്ട് പോലും കല്യാണത്തെ കുറിച്ചു ചോദിച്ചു ആ പാവം വേദനിപ്പിച്ചിട്ടുണ്ടോ ഇന്ന് വരെ “…

നെഞ്ചിൽ കത്തി കുത്തി കേറ്റുന്നപോലെ പോലെ തോന്നിയവന്.. തന്റെയമ്മ, തന്നെയോർത്തു ഇത്രയും വേദനിച്ചിരുന്നുവോ.. സ്വാർത്ഥ താല്പര്യത്തിന് വേണ്ടി അറിയാതെയെങ്കിലും ആ കണ്ണീരിന് താൻ കണക്കു പറയേണ്ടി വരില്ലേ.. എന്തൊരു പാപിയാണ് ഞാൻ.. ഒരുപക്ഷെ ഉണ്ണിയേക്കാൾ കൂടുതൽ തന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിലേ ഉളളൂ.. “ഏട്ടാ, വേദനിപ്പിക്കാൻ പറഞ്ഞതല്ല.. പ്രാണനെപ്പോലെ സ്നേഹിച്ചവരുടെ വേർപാട് ഉണ്ടാക്കുന്ന വേദനയെനിക്കറിയാം.. ഞാൻ നിന്ദിച്ചതല്ല.. നിന്ദിക്കുകയുമില്ല .. അമ്മയിന്നു നെഞ്ചുരുകി കരയുന്നത് കണ്ടപ്പോ സഹിച്ചില്ലേട്ടാ.. അതോണ്ട് പറഞ്ഞുപോയതാ ഞാൻ.. തെറ്റാണെൽ ക്ഷമിക്കണം ട്ടോ “… ഉണ്ണി മുറിയിൽ നിന്നിറങ്ങി പോയിട്ടും അനന്തൻ ആ നിൽപ്പ് അവിടെത്തന്നെ നിന്നു.. ഒരു തട്ടിൽ ഭാമ, മറുതട്ടിൽ തന്റെയമ്മ.. അമ്മയുടെ തട്ട് താഴ്ന്നു തന്നെയാണെങ്കിലും, താൻ “കൊലപാതകി ” ആണെന്നുള്ള ചിന്തയിൽ മരവിച്ച മനസ്സുമായി അനന്തൻ നിന്നു.. ഭാമയുടെ മരണത്തിനു കാരണമായ മാധവനെ ഇഞ്ചിഞ്ചായി വേദനിപ്പിച്ചു കൊല്ലുമ്പോൾ ആരെയും ഓർത്തില്ല.. ഇനിയൊരു പാതി തന്റെ ജീവിതത്തിലുണ്ടാവില്ലെന്നു ഉറച്ചു വിശ്വസിച്ചിരുന്നു..

ഒരാഴ്ച മൃഗ്ഗീയമായി ഉപദ്രവിച്ചു, മാധവനെ കൊന്നു റോഡിൽ ഉപേക്ഷിക്കുമ്പോൾ, ഒട്ടും കുറ്റബോധം തോന്നിയിരുന്നില്ല.. പോലീസു കുറെ നാൾ കേസ് അന്വേഷിച്ചിരുന്നു.. പിന്നെ അതിനെപ്പറ്റി എല്ലാവരും മറന്ന സ്ഥിതിയിലായി.. ആർക്കുമറിയില്ലെങ്കിലും ഈശ്വരന്റെ മുന്നിൽ താൻ എപ്പോഴും കുറ്റക്കാരനാണ്… തല ചൂട് പിടിച്ചപ്പോൾ, ജനലഴിയിൽ കൈകൾ മുറുക്കിപ്പിടിച്ചവൻ… 💞💞💞💞💞 ഉച്ചക്ക് ഊണും കഴിഞ്ഞു ഉമ്മറത്ത് എന്തോ ആലോചിച്ചിരിക്കുകയായിരുന്നു രേവതി.. ലക്ഷ്മിയും ചിപ്പി മോളും അകത്തിരുന്നു ടീവി കാണുന്നുണ്ട്.. ലീവ് ക്യാൻസൽ ചെയ്തിട്ട് നാളെ തൊട്ട് ജോലിക്ക് കയറണം.. ഒരിക്കലും അനന്തേട്ടനെ മറക്കാനാവില്ല.. എങ്കിലും ജീവിക്കണം അമ്മയ്ക്കും ചിപ്പിമോൾക്കും വേണ്ടി.. “ഓ.. ഇവിടെ ഉണ്ടാരുന്നോ ഉദ്യോഗസ്ഥ “… നാലു കാലിൽ ആടിയാടി വരുന്ന രാജനെ കണ്ടു അവൾ കസേരയിൽ നിന്നും എഴുന്നേറ്റു നിന്നു.. “അയ്യോ.. മഹാറാണി എഴുന്നേറ്റൊന്നും നിക്കേണ്ട.. ഇത്രക്ക് ബഹുമാനം ഒന്നും വേണ്ടെന്നേ “… കുഴഞ്ഞ വർത്തമാനം.. ചിലതൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.. മുറ്റത്തു നിന്നും ഉമ്മറത്തേക്കുള്ള പടികളിൽ കയറിയപ്പോഴേക്കും അയാൾ വേച്ചു താഴേക്കു പോകാൻ തുടങ്ങി “..

“അയ്യോ അച്ഛാ “.. കണ്ടു നിന്ന രേവതിയിൽ ഒരാന്തലുണ്ടായി.. വേഗം അയാളെ പിടിക്കാനായി അരുകിലേക്ക് ഓടിച്ചെന്നു.. അപ്പോഴേക്കും ഉമ്മറത്തെ തൂണിൽ ചാഞ്ഞു അയാൾ ബാലൻസ് ചെയ്തു നിന്നിരുന്നു… “നീയെന്നെ തൊടണ്ടെടി “#@₹%&മോളേ “.. ചീത്ത പറയുന്നവനെ വെറുപ്പോടെയവൾ നോക്കി.. വെളിയിലെ ബഹളം കേട്ടു ലക്ഷ്മിയും ചിപ്പിയും അങ്ങോട്ടേക്ക് ഇറങ്ങി ചെന്നു.. തൂണിൽ ചാരി നിക്കുന്ന ഭർത്താവിനെ കണ്ടു അവർ ദേഷ്യം കൊണ്ട് വിറച്ചു.. മദ്യത്തിന്റെ രൂക്ഷ ഗന്ധം അവിടെ പരന്നിരുന്നു.. “കെട്ടിക്കാറായ രണ്ടു പെൺകുട്ട്യോൾ ഉണ്ടെന്നുള്ള വല്ല വിചാരവും ഉണ്ടോ നിങ്ങൾക്ക്. എന്നും കുടിച്ചു കൂത്താടി നാലു കാലിൽ ഇങ്ങനെ വന്നോളും.. നാണമാവുന്നില്ലേ നിങ്ങള്ക്ക് “… നിർത്താതെ ചീത്ത പറയുന്ന ഭർത്താവിനെ അറപ്പോടെ നോക്കിയവർ.. ബഹളം കേട്ടു, അയൽപ്പക്കത്തു നിന്നു ഓരോരുത്തരും ഇങ്ങോട്ടേക്ക് തലയിട്ട് ഒന്ന് നോക്കിയിട്ട്, അവരുടെ പണികളിലേക്ക് തിരിഞ്ഞു.. കണ്ടു കണ്ടു അവർക്കും ഇതൊരു ശീലമായിരിക്കുന്നു.. ദേഷ്യം കൊണ്ടു വിറച്ച ലക്ഷ്മിയുടെ കയ്യിൽ രേവതി പിടിച്ചമർത്തി..

“വേണ്ടമ്മേ, എന്തിനാ വെറുതെ.. പറഞ്ഞിട്ടും എന്താ ഗുണം.. ഉണ്ടാരുന്നേൽ അച്ഛൻ പണ്ടേ മാറിയേനെ “… രേവതിയെ ദേഷ്യത്തോടെ നോക്കി അയാൾ.. അടുത്തേക്ക് വന്നു മുഖമടച്ചൊന്നു കൊടുത്തു.. കണ്ണിൽ നിന്നും പൊന്നീച്ച പറന്നവളുടെ.. കുറച്ചു നേരത്തേക്ക് എന്താ നടന്നതെന്നു രേവതിക്കു മനസ്സിലായില്ല.. “എന്റെ മോളേ എന്തിനാ അടിച്ചേ “.. ലക്ഷ്മി അയാളെ തള്ളി മാറ്റി.. “ഇനിം തല്ലുവെടി.. എന്റെ നേരെ വിരൽ ചൂണ്ടുന്നവളെ തല്ലുകയല്ല, കൊല്ലുവാരുന്നു വേണ്ടത് “… പിന്നെയും രേവതിയുടെ നേർക്കു കൈകൾ ഓങ്ങി കൊണ്ടു വരുന്നവനെ കണ്ടു, ചിപ്പി അയാളുടെ കാലിൽ വീണു.. “അച്ഛാ, വേണ്ടച്ഛാ.. ചേച്ചിയെ ഒന്നും ചെയ്യല്ലേ “.. കരഞ്ഞു കാലിൽ ചുട്ടിപ്പിടിച്ചവളെ ആഞ്ഞു തൊഴിച്ചയാൾ.. വയറിൽ തൊഴിയേറ്റ ചിപ്പി മുറ്റത്തേക്ക് തെറിച്ചു വീണു.. ആ വീട്ടിൽ രേവതിയുടെയും ലക്ഷ്മിയുടെയും അലർച്ച മുഴങ്ങി… ചിപ്പിയെ നോക്കാൻ വേണ്ടി മുറ്റത്തേക്ക് ഓടിയിറങ്ങിയ രേവതി, അവളെ താങ്ങിയെണീപ്പിക്കുന്ന അപ്പുവിനെയും അനന്തനെയും കണ്ടു ഞെട്ടി നിന്നു.. (തുടരും)