23/04/2026

പാർവതി പരിണയം : ഭാഗം 36

രചന – മൈഥിലി മിത്ര

“എന്റെ പൊന്നല്ലേ… ദേ ഇതൂടെ… മീനൂട്ടി വാ പൊളിച്ചേ “….

പിടി തരാതെ മുറ്റത്തൂടെ ഓടുകയാണ് മീനൂട്ടി… ഒരു ബേബിപിങ്ക് കളർ കോട്ടൺ ഫ്രോക്കാണ് ആളുടെ വേഷം… തോളറ്റം നീളമുള്ള കറുത്ത ചുരുണ്ട മുടി രണ്ടു വശത്തായിട്ടെടുത്തു, മുകളിൽ ഉരുട്ടി കെട്ടി വെച്ചിട്ടുണ്ട്… വാലിട്ടെഴുതിയ ഉണ്ടകണ്ണും, കരിയിട്ട് നീട്ടി വരച്ച പുരികവും, കൂടെ കവിളിലൊരു വട്ടത്തിലുള്ള മറുകും…

മൊത്തത്തിലൊരു മാമാട്ടികുട്ടിയമ്മ ലൂക്കാണ് ആ മൂന്നു വയസ്സുകാരിക്ക്… ചിരിക്കുമ്പോൾ തെളിയുന്ന മുഖത്തെ നുണക്കുഴിക്കു അവളോളം ഭംഗിയുണ്ടായിരുന്നു…. വെളുത്ത ഉണ്ടക്കാലിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന മുത്തുപിടിപ്പിച്ച വെള്ളികൊലുസ്സിന്റെ ചിലും ശബ്ദം, ഓടുമ്പോൾ അവിടെങ്ങും മുഴങ്ങികേട്ടു…

പുറകെ രേവതിയുമുണ്ട്… ഒരു കുഞ്ഞു പാത്രത്തിൽ പഞ്ചസാര വിതറി, കുഞ്ഞു കഷ്ണങ്ങളാക്കിയ ഇഡ്ഡലിയും പിടിച്ചുകൊണ്ടാണ് ഓട്ടം…. കഴിക്കാൻ പണ്ടേ മടിയുള്ള കൂട്ടത്തിലായാലും, രേവതി കൊടുത്താൽ മീനൂട്ടി കഴിച്ചോളും… എന്തിനും ഏതിനുമവൾക്ക് രേവുമ്മ തന്നെ വേണം… അത് നിർബന്ധമാണ്….

“വേണ്ട രേവുമ്മേ… മീനുട്ടിക്ക്
മതിയായിട്ടാ “….

കൊഞ്ചികൊണ്ട് നിന്നു കുണുങ്ങുന്നവളെ രേവതി വാത്സല്യത്തോടെ നോക്കി…

“രേവുമ്മേടെ മീനു നല്ലൂട്ടിയാണല്ലോ… ഇച്ചിരീം കൂടെ കഴിക്കു മോളേ “…

പറഞ്ഞുകൊണ്ട് ഒരു കുഞ്ഞികഷ്ണം ഇഡ്ഡലി അവൾക്കു നേരെ നീട്ടി… വായ തുറക്കാതെ മുഖം പൊത്തിപ്പിടിച്ചു നിൽക്കുകയാണ് കള്ളിപ്പെണ്ണ്…

“രേവുമ്മ കരയും ട്ടോ, മീനൂട്ടി
കഴിച്ചില്ലെങ്കിൽ “…

അവളുടെ മുന്നിലേക്കായി മുട്ടുകുത്തി രേവതിയിരുന്നു… വലത്തെ കയ്യിൽ പ്ലേറ്റ് പിടിച്ചു കൊണ്ട്, ഇടം കൈ വെച്ചു കണ്ണുകൾ മൂടിപ്പിടിച്ചവൾ…

കുഞ്ഞിപ്പെണ്ണിന്റെ ചുവന്ന ചുണ്ടുകൾ പുറത്തേക്കുന്തുന്നതും, ആ ഉണ്ടക്കവിളുകൾ വീർക്കുന്നതും വിരലിനിടയിൽക്കൂടി രേവതി ഒളിച്ചു കണ്ടു….

“കയ്യണ്ട രേവുമ്മേ.. മീനൂട്ടി തിന്നോളം “….

കുഞ്ഞുവായ പൊളിച്ചു, മുന്നിൽ നിന്നു കുണുങ്ങുന്നവളെ കണ്ട്, രേവതിക്കു ചിരി പൊട്ടി… ആ നുണക്കുഴിയിൽ ആഞ്ഞു മുത്തിയിട്ട്, ഒരു ഇഡ്ഡലി കഷ്ണം കൂടി വെച്ചു കൊടുത്തു… കൈകൊട്ടി ചിരിച്ചുകൊണ്ട് കുഞ്ഞിപ്പെണ്ണ് അവളുടെ മുകളിലേക്ക് വലിഞ്ഞു കയറി തോളിൽ തൂങ്ങികിടന്നു …

“കുഞ്ഞിപ്പെണ്ണേ, ഒന്ന് താഴെ നില്ലെടി… രേവുമ്മയിപ്പം എടുക്കാവേ “…

പറഞ്ഞിട്ടും അത് മൈൻഡ് ചെയ്യാതെ മീനൂട്ടിയവളുടെ തോളിൽ നിന്നും ഇറങ്ങാതെയിരുന്നു… ഒരു വിധം പെണ്ണിനേയും താങ്ങിപിടിച്ചുകൊണ്ടവൾ എണിറ്റു… കയ്യിലിരുന്ന മിച്ചം, മൂന്നുപ്രാവശ്യം കുഞ്ഞിന്റെ തലയ്ക്കു ചുറ്റുമുഴിഞ്ഞിട്ട്, പറമ്പിലേക്ക് നീട്ടിയെറിഞ്ഞു കളഞ്ഞു… കണ്ണുകിട്ടാതിരിക്കാനാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്… വിശ്വാസമൊന്നും ഉണ്ടായിട്ടല്ലെങ്കിലും, കുഞ്ഞിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും അവൾ തയ്യാറായിരുന്നില്ല…

പൈപ്പിൻ ചോട്ടിൽ മീനൂട്ടിയെ നിർത്തി വാ കഴികിപ്പിച്ചു… സാരിയുടെ തുമ്പു കൊണ്ടു നനഞ്ഞ മുഖം തുടച്ചുകൊടുത്തു… കൈനീട്ടികൊണ്ട് ആഞ്ഞ കുഞ്ഞിപ്പെണ്ണിനെ, എടുത്തു തോളത്തു വെച്ചുകൊണ്ട്, പാത്രവുമെടുത്തവൾ അടുക്കളയിലേക്ക് കയറി…

“അച്ഛമ്മേടെ പൊന്നു, മുഴുവനും
കഴിച്ചുവോ “….

അവളുടെ കുമ്പയിലൊന്നു മുത്തിക്കൊണ്ടാണ് ശാരദയത് ചോദിച്ചത്…. എല്ലാവർക്കും കഴിക്കാനുള്ള ഇഡ്ഡലി ടേബിളിലായിട്ട് എടുത്തു വെയ്ക്കുകയായിരുന്നവർ…

ഇക്കിളിക്കൊണ്ട് പുളയുന്ന മീനുകുട്ടിയെ അവർ വാരിയെടുത്തു കവിളിലാകെ ഉമ്മവെച്ചു….

“ഉണ്ണിയെവിടെ രേവതി.. പ്രാതല് കഴിക്കാൻ വന്നില്ലല്ലോ ഇതുവരെ… സമയം
ഒൻപതായില്ലേ”….

ഹാളിലേക്കൊന്നു എത്തി നോക്കിയവർ… ശേഷം കുഞ്ഞിപ്പെണ്ണിനെ കളിപ്പിക്കുന്നതിലേക്കു ശാരദ ശ്രദ്ധ തിരിച്ചു….

“അറിഞ്ഞൂടാ അമ്മേ… ഞാനും കണ്ടതേയില്ല രാവിലെ തൊട്ട്… എവിടെപ്പോയോ എന്തോ”…

അവളവിടെ നിന്നിറങ്ങി ഉണ്ണിയുടെ മുറിയിലേക്ക് നടന്നു… റൂമിൽ അവനെ കാണാതായപ്പോൾ, പുറത്തേക്കിറങ്ങി ഹാളിലും ഉമ്മറത്തുമായി ഒരിക്കൽ കൂടി തിരഞ്ഞു…

“എന്തേ ചേച്ചി പെണ്ണേ, ആരെയാ ഈ തപ്പണെ”..

വീടിന്റെ പുറകിൽ നിന്നും അങ്ങോട്ടേക്ക് വന്ന പാറുവിനെ അപ്പോഴാണവൾ കണ്ടത്… ഒരു ചുവന്ന കളർ നെറ്റിയാണ് വേഷം… മുടിയൊക്കെ ചുറ്റി കെട്ടി കുടുമിയാക്കി വെച്ചിട്ടുണ്ട്… ശരിക്കും ഒരു വീട്ടമ്മ ലൂക്ക്…

ചെന്നിയിൽ കൂടിയൊഴുകുന്ന വിയർപ്പ്, തോളിലിട്ട തോർത്തു കൊണ്ട് ഒപ്പിക്കളഞ്ഞുകൊണ്ട് പാറു ഉമ്മറത്തേക്ക് കയറി ..

കൂടെ ഉണ്ണിയുമുണ്ടായിരുന്നു അവളുടെ പുറകിലായിട്ട്.. അവന്റേതും ഏകദേശം അതേ അവസ്ഥ തന്നെയാണ്.. ഒരു കാവിക്കൈലിയും, കറുത്ത ടീഷർട്ടുമിട്ട്, വിയർപ്പിൽ കുളിച്ചാണ് വരുന്നത്…..

“നിങ്ങളെവിടെപ്പോയതാ… ശാരദമ്മ ഉണ്ണിയെയവിടെ തിരക്കുന്നുണ്ട് “….

അവൻ രേവതിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പാറുവിനോടൊപ്പം ഉമ്മറത്തേക്ക് കയറി…

“വീടൊന്നു തൂത്തുവാരിയിടാൻ പോയതാ ചേച്ചി.. ഇനിയിപ്പോ ഒന്നിനും സമയമുണ്ടാകില്ലല്ലോ… ഇന്ന് തൊട്ടിനി എല്ലാരും തിരക്കിലായിരിക്കും “…

സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നവളെ രേവതി സാകൂതം നോക്കി നിന്നു… സന്തോഷം കൊണ്ടോ, സങ്കടം കൊണ്ടോ അറിയാതെ നിറയുന്ന കണ്ണുകൾ മറച്ചു പിടിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും, പാറുവത് കണ്ടുപിടിച്ചിരുന്നു..

“എന്തിനാ ചേച്ചി ഇനിയും കരയുന്നത്… ഇനി സന്തോഷിക്കല്ലേ വേണ്ടത്… എല്ലാം ശരിയാവും ന്നേ “….

കവിളിൽനിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊടുത്തു രേവതിയെ ചേർത്തുപിടിച്ചവൾ… ഒരു സഹോദരിയേപ്പോലെ.. അല്ല, സഹോദരി തന്നെയാണ്….

“അല്ല, മോളെവിടെ ചേച്ചി… ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോ.. എണീറ്റില്ലേ ഇതുവരെ “…

“എണീറ്റെടി… ഒരിഡ്ഡലി കഴിപ്പിച്ചു… ശരദാമ്മയുടെ കൂടെ അടുക്കളയിലുണ്ട് “….

കുഞ്ഞിപ്പെണ്ണിന്റെ കാര്യം പറഞ്ഞപ്പോഴേക്കും, രേവതിയുടെ മുഖം വികസിക്കുന്നത് ഉണ്ണീ സന്തോഷത്തോടെ നോക്കിനിന്നു… അത് മതിയായിരുന്നു അവനും…വിഷാദത്തിലേക്ക്‌ കൂപ്പു കുത്തുന്നവളെ, മീനൂട്ടിയാണ് ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്…
പാറൂട്ടി പ്രസവിച്ചെങ്കിലും, രേവതിയായിരുന്നു അവൾക്കെല്ലാം…

ഉണ്ണിക്കവളോട് വല്ലാത്ത വാത്സല്യം തോന്നിപ്പോയി… രേവതിയുടെ കവിളിൽ അരുമയായയൊന്നു തട്ടിക്കൊണ്ടു അവനകത്തേക്ക് കയറി… പിന്നിലായി പാറുവും…

രേവതി ആ നിൽപ്പ് കുറച്ചു നേരം കൂടി നിന്നു… സന്തോഷമല്ലേ തനിക്കു തോന്നേണ്ടത്… എല്ലാവരും ഇന്നൊരു ആഘോഷമാക്കുകയാണ്.
പക്ഷെ, വരും നാളുകൾ എന്തായിരിക്കും കാത്തുവെച്ചിരിക്കുന്നത്…

വേണ്ട, ഒന്നും വേണ്ട… ഒന്നും ഓർക്കാതെയിരിക്കുകയാണ് നല്ലത്… ആരും വേണ്ട… ഇനിയും വേദനിക്കാനെനിക്ക് മനസ്സില്ല… രേവതി ഒറ്റക്കാണ്… ഇനിയും അങ്ങനെതന്നെ ആയിരിക്കും… മനസ്സിൽ ഒരാവർത്തി കൂടി പറഞ്ഞുറപ്പിച്ചു കൊണ്ട്, കുഞ്ഞിപ്പെണ്ണിനരികിലേക്ക് നടന്നവൾ…..

💞💞💞💞💞

“രേവതി നീയും കൂടി വാ മോളേ… ഒറ്റയ്ക്കെങ്ങനാ ഇവിടെ ഇരിക്കുന്നെ “….

നോവോടെ ശാരദയവളെ നോക്കി… രേവതി കൂടെ വരില്ലെന്നറിയാമെങ്കിലും പോകാതിരിക്കാൻ ആ അമ്മമനസ്സ് അനുവദിച്ചില്ല…

“സാരല്യ അമ്മേ… പോയി വാ.. ഞാനിവിടെയിരുന്നോളാം… “….

പറഞ്ഞുകൊണ്ടവൾ ഉമ്മറത്തൂണിൽ മുഖം കുനിച്ചുകൊണ്ട് ചാരിനിന്നു… അച്യുതനും ശാരദയും സങ്കടത്തോടെ അവളെ നോക്കി…
ഉണ്ണിയും പാറുവും കാര്യമറിയാവുന്നത് കൊണ്ട് അവളെ നിർബന്ധിക്കാൻ കൂട്ടാക്കിയില്ല… അപ്പുവാണെങ്കിൽ അലിവോടെയവളിലേക്ക് നോട്ടം പായിച്ചു…

“അപ്പുവേട്ടാ, ഞാൻ ചേച്ചിയുടെ കൂടെ നിന്നോട്ടെ “….

അപ്പുവിന്റെ മനസ്സ് വായിച്ചപോലെ ചിപ്പി, അവളുടെ ചേച്ചിയുടെയടുത്തേക്ക് ചെന്നു ചേർന്നു നിന്നു..

അപ്പുവിന്റെ താലിയും സിന്ദൂരവുമണിഞ്ഞു നിൽക്കുന്ന ചിപ്പിയെ, രേവതി സാകൂതം നോക്കി… ഒരു വർഷം കഴിഞ്ഞു അവരുടെ കല്യാണം കഴിഞ്ഞിട്ട്… ചിപ്പിക്കു ചെറിയൊരു ഇഷ്ടം അപ്പുവിനോടുണ്ടായിരുന്നു, ആദ്യ കാഴ്ചയിൽ തന്നെ… കുറെ പുറകെ നടന്നിട്ടാണ് അപ്പൂവൊന്ന് സമ്മതിച്ചത് തന്നെ… ഒടുവിൽ നീണ്ട അഞ്ചാറു വർഷത്തെ കാത്തിരിപ്പിനവസാനം അപ്പു ചിപ്പിയുടെ കഴുത്തിൽ താലി ചാർത്തി…

രേവതി തടഞ്ഞെങ്കിലും അപ്പുവിന്റെ നിര്ബദ്ധപ്രകാരം ചിപ്പിയവിടെ തന്നെ നിന്നു… ബാക്കിയുള്ളവർക്കും അതൊരാശ്വാസമായിരുന്നു… രേവതിയെ തനിച്ചാക്കാൻ അവർക്കും താല്പര്യമില്ലായിരുന്നു…. ആരുമല്ലെങ്കിലും സ്വന്തമെന്നു കരുതി കൂടെക്കൂട്ടിയ ഉണ്ണിയുടെ വീട്ടുകാർ, അവൾക്കു ദൈവ തുല്യരായിരുന്നു….

“എങ്കിൽ രണ്ടു പേരുമിവിടെ നിൽക്കട്ടെ.. അല്ലേ ശാരദേ “….

അച്ചുതന്റെ സമ്മതവും കൂടിയായപ്പോൾ എതിര് പറയാൻ രേവതിക്കുമായില്ല….

അവർ കാറിൽ കയറുന്നതും, അതൊരു പൊട്ടുപോലെ ദൂരേക്ക് മായുന്നതും അവളൊരു നെടുവീർപ്പോടെ നോക്കി നിന്നു…

ചിപ്പി അവളുമായി അകത്തേക്ക് കയറി, ചേർത്തു പിടിച്ചുകൊണ്ടു തന്നെ… ഒരിക്കലും തനിച്ചാക്കില്ലായെന്ന പോലെ….

കാലുകൾ അനന്തന്റെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോഴേക്കും, അറിയാതെ തന്നെ നിശ്ചലമായി.. വേദനയോടെ ചിപ്പിയുടെ മുഖത്തേക്കവൾ നോക്കി… ഒരു കണ്ണൊന്നു ചിമ്മിക്കാട്ടിയവൾ.. ശേഷം രേവതിയെയവിടെ വീട്ടിട്ട്, അകത്തെ റൂമിലേക്ക് പോയി….

വാതിൽ തുറന്നു രേവതി അകത്തേക്ക് കയറി… കണ്ണുകളാൽ റൂം മൊത്തമൊന്നുഴിഞ്ഞു … എന്റെ അനന്തേട്ടന്റെ മുറി… മനസ്സിൽ പറഞ്ഞവൾ…

ആ മുറിയിലുള്ള ഓരോന്നും ആർത്തിയോടെ വീണ്ടും വീണ്ടും മനസ്സിലേക്ക് നിറച്ചു വെച്ചു….
കഴിഞ്ഞ ഏഴു വർഷങ്ങൾ, തന്റെ സങ്കടങ്ങൾക്ക് സാക്ഷിയായ സ്ഥലം…

ഇവിടെയിരിക്കുമ്പോൾ അനന്തേട്ടന്റെ മണമാണ്… കൂടെയുണ്ടെന്നുള്ളൊരു തോന്നൽ.. ഇന്നുതൊട്ട് അതില്ലാതാവാൻ പോകുന്നു … കണ്ണുകൾ പെയ്തു തുടങ്ങിയിരുന്നു രേവതിയുടെ… എത്രയൊക്കെ മറവിയുടെ ചവറ്റുകുറ്റയിലെറിഞ്ഞാലും, വീണ്ടും വീണ്ടും കീറി മുറിക്കുന്ന വിരഹത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവ്…

ചിലപ്പോഴൊക്കെ തനിക്കു ചിരി വരാറുണ്ട്… ഞാൻ മാത്രം എന്താണിങ്ങനെ… ഹൃദയത്തിൽ സ്ഥാനമില്ലെന്നു മുഖത്ത് നോക്കി പറഞ്ഞ ആളെ തന്നെ പ്രണയിക്കുക… വർഷങ്ങൾ കൊഴിഞ്ഞുപോയിട്ടും, മറക്കാനാവാതെ പ്രണയചൂളയിൽ ഉരുകുക… വേറൊരു ജീവിതം തിരഞ്ഞെടുക്കനാവാതെ, മറ്റൊരാളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാനാവാതെ, അയാളുടെ ഓർമ്മകളിൽ ജീവിക്കുക… എന്താണ് ശരിക്കും തനിക്കു പറ്റിയത്….

ഓരോന്നാലോചിച്ചു കൊണ്ട്, മേശയുടെ അടുത്തായിട്ട് കിടന്ന കസേരയിൽ അമർന്നിരുന്നു… നഷ്ടമാകാൻ പോകുന്ന കളിപ്പാട്ടത്തെ ഊർന്നുപോകാനാനുവദിക്കാത്ത
ഒരു കുട്ടിയുടെ മനസ്സായിരുന്നവൾക്കപ്പോൾ…

മേശയുടെ ആരുകിലായിരുന്ന, അനന്തന്റെ ഡയറി കയ്യിലെടുത്തു… അരുമയായി അതിലൊന്നു തലോടി… ഏഴു വർഷം ഒരു നിധി പോലെ സൂക്ഷിച്ചെങ്കിലും, ഒരിക്കൽ പോലും അത് തുറന്നുനോക്കിയിട്ടില്ല… അറിയാം, അതിൽ നിറയെ ഭാമയാണെന്ന്…. അത് അവിടെത്തന്നെ തിരികെ വെച്ചു….

ഓരോന്നും ചിന്തിച്ചുകൊണ്ട്, ആ മേശമേലായിട്ട് തല ചേർത്തു വെച്ചു കിടന്നു… ഇനിയും കരയാൻ ആവാതില്ലാതെ, കണ്ണുകൾ ഇറുക്കിയടച്ചു….

അപ്പോഴും ഏഴു വർഷങ്ങൾക്കു മുൻപ്, കോടതി വരാന്തയിൽ വെച്ചു അനന്തൻ തന്റെ ചെവിയിൽ പറഞ്ഞ വാക്കുകളായിരുന്നു അവളുടെ തലച്ചോറിൽ മുഴങ്ങി നിന്നത്……

ആ ദിവസങ്ങളിലെ ഓർമകളിലേക്ക് അവളുടെ മനസ്സ് ഊളിയിട്ടു….

തുടരും……