19/04/2026

പാർവതി പരിണയം : ഭാഗം 18

രചന – മൈഥിലി മിത്ര

വല്ലതും പറ്റിയോ മോളേ നിനക്ക് “… അനന്തൻ, ചിപ്പിയെ താങ്ങി എണീപ്പിച്ചു.. വേദന കൊണ്ടു അവളുടെ മുഖം ചുളിഞ്ഞിരുന്നു .. ഇരു കൈകൾ കൊണ്ടു വയറു പൊത്തിപ്പിടിച്ചു കരയുന്നവളോട് അവനലിവ് തോന്നി.. “വയ്യെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടു പോകാം “… കൈവിരലുകൾ പിരിച്ചും അഴിച്ചും മുഖം കുനിച്ചു നിൽക്കുന്ന രേവതിയോടായിട്ട് അപ്പു പറഞ്ഞു.. അവളുടെ ഉള്ളിലെ മാനസിക സമ്മർദ്ദം അറിയാൻ പറ്റുന്നുണ്ട്… കണ്ണുകൾ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു… നാണക്കേടോ നിസ്സഹായവസ്ഥയോ എന്തൊക്കെയോ ഭാവങ്ങൾ അവളുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു… “മോളേ, ഹോസ്പിറ്റലിൽ പോകാം “.. രേവതിയിൽ നിന്നും മറുപടി ഒന്നും കിട്ടാതായപ്പോൾ, അപ്പു ചിപ്പിയുടെ നേരെ തിരിഞ്ഞു.. “ഇപ്പോ കുഴപ്പൊന്നൂല്യ.. കുറവുണ്ട് “.. അനന്തനും അപ്പുവും കൂടെ താങ്ങിയവളെ ഉമ്മറത്തെ കസേരയിൽ കൊണ്ടിരുത്തി.. രേവതി അവർക്കു പിന്നാലെ അങ്ങോട്ടേക്ക് ചെന്നു.. ലക്ഷ്മിക്കും അവരോടെന്തു പറയണമെന്ന് അറിയില്ലായിരുന്നു..

ആരും കുറച്ചു നേരത്തേക്കൊന്നും പരസ്പരം മിണ്ടിയില്ല.. രാജൻ മാത്രം എന്തൊക്കെയോ പിറുപിറുത്തു കൊണ്ടു അവിടുത്തെ തിണ്ണയിൽ കിടന്നുരുളുന്നുണ്ട്.. ഉടുത്തിരുന്ന മുണ്ടുപോലും പകുതിയഴിഞ്ഞു നിലത്തു വീണുകിടന്നിരുന്നു… അനന്തനവരുടെയവസ്ഥ ഏകദേശം ഊഹിച്ചു.. “ടീച്ചറെ ഞങ്ങൾ ഉണ്ണിയുടെ കല്യാണം വിളിക്കാനായിട്ട് വന്നതാണ് “… ഏറെ നേരത്തെ നിശബ്ദത്തക്കൊടുവിൽ അപ്പു രേവതിയോടായിട്ട് പറഞ്ഞു.. അവളിൽ പൊടുന്നെനെയൊരു പുഞ്ചിരി വിടർന്നു.. കണ്ണുകൾ വിടർത്തിയവൾ അനന്തനെ നോക്കി… അവന്റെ നോട്ടം തന്റെ അച്ഛന്റെ നേരെയാണെന്നറിഞ്ഞപ്പോൾ, അവൾക്കെന്തുകൊണ്ടോ ഒരു ഭീതി തോന്നി… ” എന്നത്തേക്കാ മാഷേ കല്യാണം”… അനന്തനിൽ നിന്നും നോട്ടം അപ്പുവിലേക്ക് തിരിച്ചവൾ … ” അടുത്തമാസം അഞ്ചാം തീയതിയാണ്.. “… അനന്തൻ അവളുടെ നേർക്കായി ഒരു കല്യാണക്കുറി നീട്ടി.. രേവതിയത് വിറക്കുന്ന കൈകളാൽ വാങ്ങി.. അപ്പോഴാണ് മുഖത്തെ ചുവന്നു തിണുർത്ത പാട് അവന്റെ ശ്രദ്ധയിൽപ്പെട്ടത്..

എന്തോ ഒരു വേദന അവനിലുണ്ടായി… “അല്ല ടീച്ചറെ, ഞങ്ങളെ അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നില്ലേ “… അപ്പുവിന്റെ കളിയാക്കൽ കേട്ടപ്പോഴാണ് അവളാകാര്യം ഓർത്തത് തന്നെ …. നാക്ക് കടിച്ചു പിടിച്ചു ചമ്മിയ ചിരി ചിരിക്കുന്നവളെ അനന്തൻ സ്നേഹപൂർവ്വം നോക്കി.. “അമ്മേ, ഇത് അപ്പു .. എന്റെ സ്കൂളിലെ മാഷാണ് “… ലക്ഷ്മി അവനു നേരെ കൈകൾ കൂപ്പി.. “പിന്നെ.. ഇത്… അനന്തേട്ടൻ… അനന്തേട്ടന്റെ അനിയന്റെയാ കല്യാണം “… അവന്റെ മുഖത്തേക്കായി നോക്കികൊണ്ട്, ലക്ഷ്മിയോടായിട്ട് പറഞ്ഞു… അവരവനെ സാകൂതം നോക്കി.. എന്തുകൊണ്ടോ ഒരു പ്രത്യേക വാത്സല്യം തോന്നിയവനോട്… കണ്ടിട്ടില്ലെന്നേയുള്ളൂ, രേവതി പറഞ്ഞെല്ലാം അറിയാം… ‘അനന്തൻ’ തന്റെ മകളുടെ മനസ്സ് കീഴടക്കിയവൻ… അവൾക്കു ഭാഗ്യമില്ലാതായിപ്പോയല്ലോ… ലക്ഷ്മിയുടെ മനസ്സ് പല വിചാരത്താൽ കുഴഞ്ഞു മറിഞ്ഞു.. “മോള് എന്ത് പഠിക്കുന്നു “… അടുത്ത് കസേരമേൽ ചമ്രം പടഞ്ഞിരിക്കുന്ന ചിപ്പിയോട് അനന്തൻ ചോദിച്ചു… “പിജി first ഇയർ ഏട്ടാ..”… അവളുടെ ഏട്ടാ എന്നുള്ള വിളിയിൽ പാറുവിനെ ഒരു നിമിഷമോർത്തവൻ..

വാത്സല്യത്തോടെ അവളുടെ നെറുകയിലൊന്ന് തലോടി, കണ്ണു ചിമ്മി കാട്ടി… “ടീച്ചർ ഇനി സ്കൂളിലേക്കെന്നാണ് “.. “രണ്ടുദിവസം കഴിഞ്ഞേയുള്ളൂ മാഷേ”.. “മോനെ ചോറ് വിളമ്പട്ടെ.. അകത്തേക്ക് വന്നോളൂ “… പറഞ്ഞുകൊണ്ട് അകത്തേക്ക് പോകാൻ തുടങ്ങിയ ലക്ഷ്മിയെ അനന്തൻ തടഞ്ഞു… “വേണ്ടമ്മേ, ഞങ്ങൾ കഴിച്ചിട്ട വന്നത്.. ഇപ്പൊത്തന്നെ സമയം മൂന്നായില്ലേ “… അവന്റെ അമ്മേ എന്നുള്ള വിളിയിൽ അവരുടെ മനം നിറഞ്ഞിരുന്നു.. “എന്ന കുടിക്കാനെന്തെങ്കിലും എടുക്കാം.. നിങ്ങൾ സംസാരിക്ക് “… സാരിയുടെ തുമ്പോന്നെടുത്തു എളിയിൽ കുത്തി ലക്ഷ്മി അടുക്കളയിലേക്ക് നടന്നു… വീണ്ടും മടുപ്പിക്കുന്ന മൗനം അവരുടെയിടയിൽ തളം കെട്ടി നിന്നു … “ടീച്ചർ എന്തിനാ ലീവെടുത്തു വീട്ടിലിരിക്കുന്നത്”.. രേവതി ഒന്നും മിണ്ടാതെ നിലത്തേക്കും നോക്കി നിന്നു.. താനെന്താണ് പറയേണ്ടത്.. തന്റെ പ്രണയത്തെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയതുകൊണ്ടാണെന്നോ .. അതോ ആ പ്രണയത്തിനു മുന്നിൽ വെറുക്കപ്പെട്ടവളായി മാറിയത് കൊണ്ടെന്നോ … ” വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ടീച്ചറെ”… ഇല്ലയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി..

“ആരോടും പറയാതെ ലീവെടുത്ത് വീട്ടിലിരിക്കേണ്ട കാരണം എന്താന്നാണ് ഞാൻ ചോദിച്ചത് .. പാറുവിനോട് പോലും പറഞ്ഞില്ലല്ലോ”… അവളിൽ കുറ്റബോധം നിഴലിച്ചു.. ശരിയാണ്, പാറുവിനോട് പോലും പറഞ്ഞില്ല.. അപ്പോഴങ്ങനെയായിരുന്നു തന്റെ അവസ്ഥ.. ഒരുപാട് ദുഃഖങ്ങൾ കുമിഞ്ഞു കൂടുമ്പോൾ അമ്മയുടെ മടിയിൽ തല വച്ച് കിടക്കാൻ തോന്നും..അതുകൊണ്ടോടിയിങ്ങെത്തിയതാണ് വേറൊന്നുമപ്പോൾ ആലോചിച്ചില്ല… “അതു പിന്നെ മാഷേ.. ഞാൻ.. എനിക്ക് “… അനന്തനവളെ നോക്കിക്കാണുകയായിരുന്നു… ഒരുപാട് പ്രാരാബ്ദങ്ങൾക്ക് നടുവിൽ കിടന്നുലയുന്ന പെൺകുട്ടി.. അവളെ താനും ഒരുപാട് സങ്കടപ്പെടുത്തി.. അവളിലെ പ്രണയത്തെ ഒരിക്കലും തനിക്ക് സ്വീകരിക്കാനാവില്ല.. അകറ്റി നിർത്താനായിട്ട് താൻ പലതും ചെയ്തു.. “വരികയാണെങ്കിൽ ഞങ്ങളുടെ കൂടെ പോന്നോളൂ..”.. പൊടുന്നനെയുള്ള അനന്തന്റെ പറച്ചിലിൽ, രേവതി പകച്ചു നിന്നു.. അടുത്തിരുന്ന അപ്പു സംശയത്തോടെയവനെ നോക്കി.. ” രണ്ടുദിവസം കഴിഞ്ഞിട്ട് വന്നോളാം “… വിറച്ചുകൊണ്ട് നേർത്ത സ്വരത്തിൽ അനന്തനോടായിട്ട് പറഞ്ഞൊപ്പിച്ചു…

ആദ്യമായിട്ടാണ് അനന്തേട്ടൻ തന്നോടിങ്ങനെ സംസാരിക്കുന്നത്.. അപ്പോൾ, വെറുപ്പില്ലന്നല്ലേ അതിനർത്ഥം… ഇഷ്ടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല വെറുക്കാതിരുന്നാൽ മതി.. അതുവരെ മനസ്സിൽ ഇരുണ്ടുകിടന്ന കാർമേഘങ്ങൾ ഓടി മറയുന്നതുപോലെ തോന്നിയവൾക്ക്.. “ദാ മോനെ ചായ കുടിക്കു “… ലക്ഷ്മി അവരുടെ നേർക്കായിട്ട് ചായ നീട്ടി.. ഒരു പ്ലേറ്റിൽ കായ വറുത്തതും ഉണ്ണിയപ്പവും കൂടി കൊണ്ടു വെച്ചു.. “കഴിക്കു മക്കളെ “… വാൽസ്യലത്തോടെ പറയുന്നവരെ നോക്കി, അവരുടെ മനസ്സ് നിറഞ്ഞിരുന്നു.. കുറച്ചു നേരം കൂടി അവരോടു വർത്താനം പറഞ്ഞിരുന്നിട്ട്, അവറെഴുന്നേറ്റു.. “അപ്പൊ, കല്യാണത്തിന് നേരത്തെ തന്നെ എല്ലാരും എത്തിയിരിക്കണം കേട്ടോ “… പറഞ്ഞു കൊണ്ടു അവിടെയിരുന്ന ചിപ്പിയുടെ തലയിൽ അരുമയായി തലോടി.. അവൾ സമ്മതപൂർവ്വം തലയാട്ടി… “എന്നാ, ഞങ്ങളിറങ്ങട്ടെ അമ്മേ”… അനുവാദത്തിനായിട്ട്, ലക്ഷ്മിയെ അനന്തൻ നോക്കി.. “ശരി മക്കളെ.. സൂക്ഷിച്ചു പോണം കെട്ടോ “… ചുമലൊന്നു ചലിപ്പിച്ചു ഉമ്മറത്ത് നിന്നു മുറ്റത്തേക്കിറങ്ങുമ്പോൾ, കത്തുന്ന കണ്ണുകളോടെ അനന്തൻ രാജനെ നോക്കി.. വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒന്നുമറിയാതെ, മദ്യത്തിന്റെ ആലസ്യത്തിൽ കിടന്നുറങ്ങുന്ന അയാളെ കണ്ടു ദേഷ്യത്താലവൻ മുഷ്ടി ചുരുട്ടി പിടിച്ചു..

കാറിൽ അപ്പുവായിരുന്നു ഡ്രൈവിംഗ് സീറ്റിൽ.. അനന്തൻ എന്തോ ആലോചിച്ചുകൊണ്ട് പുറത്തേക്കും നോക്കികൊണ്ടിരുന്നു.. “അനന്തേട്ട “.. അപ്പുവിന്റെ വിളിയിലവൻ, മുഖം ചെരിച്ചു നോക്കി… “എന്തേ അപ്പു “… രേവതിയുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ,അവൻതന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതായിട്ട് അനന്തന് തോന്നിയിരുന്നു.. “എന്താണേലും പറയെടാ “.. “ഏട്ടാ, അതു പിന്നെ… രേവതി ടീച്ചർക്കു “… “എന്നോട് പ്രേമമാണല്ലേ “… ബാക്കി പറയാനാവാതെ പരുങ്ങി കളിക്കുന്നവനോട് അനന്തൻ പൊട്ടി ചിരിച്ചു കൊണ്ടു ചോദിച്ചു … അപ്പുവിന്റെ കാലുകൾ ബ്രക്കിലമർന്നു… “ഏട്ടന്.. ഏട്ടനെങ്ങനെയറിയാം “… ഒട്ടൊരു ഭീതിയോടെ അപ്പു ചോദിച്ചു.. “അവള് പറഞ്ഞറിഞ്ഞു “.. തീർത്തും നിസ്സാരമായിട്ടാണ് അനന്തന്നതിന് ഉത്തരം നൽകിയത്.. “ഏട്ടനവളോട് “.. ചോദിക്കാതിരിക്കാനായില്ല അപ്പുവിന്.. കാരണം രേവതിക്കു അനന്തനോടുള്ള കത്തുന്ന പ്രണയത്തിന്റെ ദൃക്‌സാക്ഷിയാണവൻ…

“നിസ്സഹായയായ ഒരു പെൺകുട്ടിയോട് തോന്നുന്ന സഹതാപം മാത്രം “… അനന്തന്റെ ആ വാക്കുകളിൽ അപ്പുവിന്റെ മനസ്സ് കുരുങ്ങിക്കിടന്നു.. ആദ്യമായിട്ടു രേവതിയോടവന് സഹതാപം തോന്നി.. ഒരിക്കലും സ്വന്തമാക്കാനാവില്ലെന്നറിഞ്ഞിട്ടും നിസ്വാർത്ഥമായിട്ട് പ്രണയിക്കുന്ന ഒരു പാവം പെണ്ണ്.. ഒന്നാലോചിച്ചാൽ താനും അങ്ങനെയല്ലേ… ആദ്യമായിട്ട് രേവതിയോട്, ഒരിഷ്ടം തോന്നി അപ്പുവിന്.. കാർ മുന്നോട്ടേക്കെടുത്തു വീട് ലക്ഷ്യമാക്കിയോടിച്ചു. ആ സമയം, ഉണ്ണിയുടെ വീടിനു മുന്നിൽ, ഒരു കാർ വന്നു നിന്നു… അതിൽ നിന്നും ഒത്ത പൊക്കവും, അതിനനുസരിച്ച ശരീരവും ഉള്ള ഒരു ചെറുപ്പക്കാരൻ ഡോർ തുറന്നിറങ്ങി.. ഏകദേശം മുപ്പത് മുപ്പത്തഞ്ചു വയസ്സ് പ്രായം വരും… കണ്ണിനു മുകളിലെ റേ ബാൻ ഗ്ലാസ് ഊരി, ഷർട്ടിലെ ബട്ടനിൽ തൂക്കിയിട്ടു.. കാളിങ് ബെൽ അടിച്ചപ്പോൾ, ഉണ്ണിയാണ് വന്നു വാതിൽ തുറന്നത്.. സംശയത്തോടെ നോക്കിയ ഉണ്ണിയെ നോക്കിയയാളൊന്ന് പുഞ്ചിരിച്ചു… “ജിതിൻ.. ജിതിൻ ജോസഫ് പാലക്കൽ “…. പറഞ്ഞുകൊണ്ട് ആ വീടിനുള്ളിലേക്ക് കടന്നയാൾ… (തുടരും)